കയ്യിൽ കാശ് വരുമ്പോഴൊക്കെ ബ്ലിറ്റ്സ്, ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി, ഫ്രണ്ട് ലൈൻ എന്നിവ വാങ്ങി വായിക്കാൻ ശ്രമിച്ചു. ഒന്നും മനസ്സിലായില്ല. പിന്നെ വെട്ടം മാണി എഴുതിയ ഒരു ഇംഗ്ലിഷ് മലയാളം നിഘണ്ടു വാങ്ങി അർഥം നോക്കി വായനയായി. ‘വെട്ടം മാണീടെ നിഘണ്ടുവൊന്നും വെട്ടത്തു കാണിക്കാൻ കൊള്ളത്തില്ല. ഭാഷ പഠിക്കാൻ നല്ലത് ഇംഗ്ലിഷ്-ഇംഗ്ലിഷ് നിഘണ്ടുവാ’ എന്നു പറഞ്ഞ ശിവൻകുട്ടി സാർ എടുത്താൽ പൊങ്ങാത്ത ഒരു റാൻഡം ഹൗസ് ഡിക്‌ഷണറി കുറേനാളത്തേക്ക് എന്റെ കൈയിൽ തന്നു. മെല്ലെ മെല്ലെ ഇംഗ്ലിഷ് വായന എനിക്ക് വഴങ്ങിത്തുടങ്ങി. പക്ഷേ, ഇംഗ്ലിഷ് സിനിമകൾ നാട്ടിൽ ഒരിടത്തും വരുമായിരുന്നില്ല. എങ്ങനെയെങ്കിലും ഒരു ഇംഗ്ലിഷ് സിനിമ കാണണം എന്ന ആഗ്രഹം കലശലായി. ഒരു ദിവസം പത്രത്തിലെ ‘ഇന്നത്തെ സിനിമ’ പരസ്യങ്ങളിൽ കോതമംഗലം മാതാ തിയേറ്ററിൽ എക്സോർസിസ്റ്റ് ഓടുന്നു എന്ന് കണ്ടു.
നൂറോളം നാഴിക ദൂരെ എറണാകുളം ജില്ലയിലാണ് കോതമംഗലം. ആ ഭാഗത്തേക്കൊന്നും പോയിട്ടില്ല. പോയാൽ സിനിമയും കാണാം സ്ഥലങ്ങളും കാണാം. പോകുകതന്നെ. നാലുമുക്കൻ ജോസിനെയും കൂടെ കൂട്ടാം. പക്ഷേ, പണം? ഒരു തിരക്കഥ മെനഞ്ഞുണ്ടാക്കി വീട്ടിൽ അവതരിപ്പിച്ചു.‘കോളജിൽ ഫീസ് ചോയിക്കുന്നു. നാളെത്തന്നെ കൊടുത്തില്ലേൽ എറക്കിവിടും’. അമ്മ കുറേ കാപ്പിക്കുരു എടുത്തുതന്നു. കാപ്പിക്കുരു വിറ്റ കാശുമായി ഞാനും നാലുമുക്കനും കോതമംഗലത്തിന് ‘ഒളിച്ചു’ പോകുകയാണ്. പെരിയാറിന്റെ കരയിലെ തണുത്ത കാടുകൾ താണ്ടി ആ യാത്ര പോയ വഴികൾ എനിക്ക് വളരെ ഇഷ്ടമായി. പക്ഷേ കോതമംഗലത്ത് ചെന്നിറങ്ങുമ്പോൾ അവിടെ സഹിക്കാൻ വയ്യാത്ത ചൂട്.
മാതാക്കൊട്ടക തേടിപ്പിടിച്ച് മാറ്റിനിക്ക് കയറി. ആ സിനിമ നാലുമുക്കനും എനിക്കും ഒട്ടും ഇഷ്ടമായില്ല. വെള്ളക്കാരന്റെ ഇംഗ്ലിഷ് മനസ്സിലാകാത്തത് ഒരു പ്രശ്നം. പക്ഷേ, അത് മാത്രമായിരുന്നില്ല. ഒരന്തവും കുന്തവുമില്ലാത്ത സിനിമ. പ്രേതഭൂത പിശാചുക്കളുടെ കഥയാണ്. നമ്മളെ പേടിപ്പിക്കാൻ ഉദ്ദേശിച്ചെടുത്ത അതിലെ കാഴ്ചകൾ കണ്ടപ്പോൾ ചിരി വന്നു. ഇതിലും എത്രയോ ഭേദമായിരുന്നു മലയാളത്തിലെ ലിസ. സിനിമ തീരുന്നതിനു മുമ്പേ ഞങ്ങൾ കൊട്ടക വിട്ട് പുറത്തിറങ്ങി. ‘ഒന്നിനും കൊള്ളത്തില്ലല്ലോടാ, ഇതു കാണാനാണോ ഇത്രേം ദൂരം വന്നെ?’ നാലുമുക്കൻ ദേഷ്യത്തിലാണ്. എനിക്കും വിഷമമായി. ഈ ചവറിനെയാണോ ഭയങ്കര സിനിമയെന്ന് ശിവൻകുട്ടി സാർ പുകഴ്ത്തിയത്? ഞാൻ ഒന്നുകൂടി ആ സിനിമയുടെ ചുവർ പരസ്യത്തിലേക്ക് ശ്രദ്ധിച്ച് നോക്കി. ‘എക്സോർസിസ്റ്റ് -2 ദ ഹെറിറ്റിക്’ എന്ന് എഴുതി വെച്ചിരിക്കുന്നു. അപ്പോൾ ഇതു ശരിക്കുള്ള എക്സോർസിസ്റ്റ് അല്ല! ഇരുട്ടത്തു കിട്ടിയ അടി വെട്ടത്തു മിണ്ടാൻ വയ്യാതെ ഞാൻ നിന്നു.
വെയിൽ മങ്ങി സന്ധ്യ ഇറങ്ങിത്തുടങ്ങിയിരുന്നു. എങ്ങോട്ട് പോകും? എന്തായാലും വീട്ടിലേക്ക് തിരികെപ്പോകാൻ പറ്റില്ല. കൊല്ലും. കുറച്ച് അടുത്തുള്ള ചെമ്പൻകുഴി എന്ന സ്ഥലത്ത് അകന്ന ബന്ധത്തിലുള്ള ഒരു കുടുംബം താമസിക്കുന്ന കാര്യം ഓർമ വന്നു. അങ്ങോട്ട് പോയാലോ? ‘ഞാനെങ്ങും വരുന്നില്ല. എനിക്ക് തിരിച്ചു പോണം. സൊസൈറ്റീ പാലുകൊടുക്കാനൊള്ളതാ’. നാലുമുക്കൻ ഉടക്കിലാണ്. ‘എന്നാ നീ പൊക്കോ’. ‘കാശ് താടാ.. എന്റേൽ ഒരു പൈസാ പോലുവില്ല’. ‘നീ എതിലേയേലും പോയി തൊലയ്’ എന്നു പറഞ്ഞ് കുറച്ച് കാശ് അവന് കൊടുത്തിട്ട് ഞാൻ ചെമ്പൻകുഴിയിലേക്കു വണ്ടി കയറി. പെരിയാറിന്റെ കരയിലെ ആ വീട്ടിൽ കൂടി. ദൂരെയെവിടെയോ നിന്ന് കേട്ട ‘തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ’ പോലെയുള്ള പാട്ടുകളുടെ ഈണത്തിൽ ‘പെരിയാറിൽ മീൻ പിടിയ്ക്കും പൊന്മാ’നേയും പുഴപ്പക്ഷികളെയും നോക്കി ആറ്റിലിറങ്ങി നീന്തൽ പഠിച്ചു. നാലഞ്ചു ദിവസം കഴിഞ്ഞ് എന്റെ വീട്ടിലെ കാതടപ്പിക്കുന്ന ചീത്ത വിളികളിലേക്ക് ഞാൻ തിരിച്ചുപോയി.
ഒരു സിനിമാനടന്റെ ഉടയും നടയുമുള്ള താഴ്‌വരക്കുളം ജയപ്രസാദ് എന്നൊരധ്യാപകൻ ഞങ്ങളെ മലയാളം പഠിപ്പിക്കാനെത്തി. കവിയാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. കുട്ട കമഴ്ത്തിയതുപോലെ കുടവയർ ഉണ്ടായിരുന്നതുകൊണ്ട് നാട്ടുകാരിൽ ചിലർ അദ്ദേഹത്തെ കവി കുട്ടമത്തൻ എന്ന് വിളിച്ചു. അദ്ദേഹത്തിന്റെ ക്ലാസ്സുകൾ രസകരമായിരുന്നു. കുറച്ച് പഠിപ്പിക്കൽ, കൂടുതൽ സംസാരം. കാമച്ചുവയുള്ള കഥകളൊക്കെ ധാരാളം. സിനിമാരംഗത്തെ കിംവദന്തികൾ അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങളായിരുന്നു. നടീനടന്മാരെക്കുറിച്ച് മറ്റാർക്കുമറിയാത്ത ഒത്തിരിക്കഥകൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞു.‘ഇതൊക്കെ സാറിന് എങ്ങനെ അറിയാം?’ എന്ന ചോദ്യത്തിന് ‘അതൊരു വലിയ രഹസ്യമാണ്. ഒരിക്കൽ ഞാനത് നിങ്ങളോട് പറയും’ എന്നു പറഞ്ഞു. വൈകാതെ അടുത്തുള്ള സർക്കാർ പള്ളിക്കൂടത്തിൽ പഠിപ്പിക്കുന്ന ഒരധ്യാപികയുമായി അദ്ദേഹത്തിന് അവിഹിതമുണ്ടെന്ന് നാട്ടിൽ സംസാരമായി. താഴ്‌വരക്കുളത്തെ കോളജിൽനിന്നു പുറത്താക്കി. യാത്ര പറയാൻ വന്ന അദ്ദേഹം ഞങ്ങളോട് ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു. ‘ചെയ്യാത്ത കുറ്റത്തിന് എന്നെ പറഞ്ഞുവിടുകയാണ്. ഇനി എനിക്കൊന്നും മറയ്ക്കാനില്ല. മലയാള സിനിമാ കണ്ട ഒരു മഹാനടന് എന്റെ അമ്മയുമായി അവിഹിതബന്ധം ഉണ്ടായിരുന്നു. അതിൽ ഉണ്ടായ മകനാണ് ഞാൻ’.
ഞാൻ വല്ലാതെ വഷളാകുകയാണ് എന്ന് അച്ചാന് ഉറപ്പായിരുന്നു. അച്ചാനുമായുള്ള എന്റെ അഭിപ്രായവ്യത്യാസങ്ങൾ വല്ലാതെ കൂടി. എല്ലാത്തരത്തിലുള്ള നിയന്ത്രണങ്ങളും എന്റെ മേൽ അടിച്ചേൽപ്പിക്കുക, അതു നടക്കാതെ വരുമ്പോൾ തല്ലുക, ഞാൻ യാതൊരു വിലയും കൊടുക്കാത്ത ആളുകളെക്കൊണ്ട് എന്നെ ഉപദേശിപ്പിക്കുക എന്നിങ്ങനെ അച്ചാൻ ചെയ്ത എല്ലാക്കാര്യങ്ങളും ഞങ്ങൾക്കിടയിൽ വലിയ അകൽച്ചയുണ്ടാക്കി. അക്കാലത്തെ മലയാള സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യവനികയിൽ അശോകൻ അഭിനയിച്ച കൗമാരം കഴിയാത്ത വിഷ്ണു ഞാൻ തന്നെയാണെന്ന് എനിക്കു തോന്നി. സ്വന്തം അച്ഛനെക്കൊണ്ട് സഹികെട്ട് അയാളോടുള്ള കടുത്ത വിരോധത്തിൽ, അമർഷത്തിൽ മെലിഞ്ഞുണങ്ങി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ.
ഒരാഴ്ചയിൽ കൂടുതൽ ഒരു പടവും ഓടാത്ത ഇരട്ടയാർ നിർമലയിൽ മൂന്നാഴ്ച ഓടിയ യവനിക മൂന്നു തവണ ഞാൻ കണ്ടു. അങ്ങനെയൊരു സിനിമ അതുവരെക്കണ്ടിരുന്നില്ല. നാറുന്ന സ്വഭാവമുള്ള തബലക്കാരൻ അയ്യപ്പനായി ഗോപി എന്ന നടൻ ഞെട്ടിച്ചപ്പോൾ നെടുമുടിയും തിലകനും വേണു നാഗവള്ളിയും ജഗതിയും മമ്മൂട്ടിയുമൊക്കെ കഥാപാത്രങ്ങളായിത്തന്നെ നിൽക്കുകയായിരുന്നു. ജലജ അഭിനയിച്ച വലിയ ദുഃഖങ്ങളുള്ള കഥാപാത്രത്തിന്റെ സങ്കടം എന്നെ വിഷമിപ്പിച്ചു. ആൺമക്കളില്ലാത്ത പാവപ്പെട്ട വീടുകളിൽ നിന്ന് അന്നം തേടിയിറങ്ങുന്ന പെൺകുട്ടികളുടെ അവസ്ഥ ഞാൻ കണ്ടിട്ടുള്ളതാണ്. കടുത്ത ദാരിദ്ര്യവും കുടുംബം പുലർത്തേണ്ട ബാധ്യതയും ചേർന്ന് രോഹിണി എന്നു പേരുള്ള ആ പെൺകുട്ടിയുടെ ജീവിതം താറുമാറാക്കുകയാണ്. വേദന വിങ്ങിച്ചിലമ്പിച്ച ജലജയുടെ ശബ്ദമായിരുന്നു കുറേനാൾ എന്റെ മനസ്സിൽ.
ആ വർഷം വലിയതോവാള പള്ളിപ്പെരുന്നാളിന് മൂവാറ്റുപുഴക്കാരുടെ ഗാനമേളയായിരുന്നു. ‘കായലൊന്നു ചിരിച്ചാൽ കരയാകെ നീർമുത്ത് ഓമലൊന്നു ചിരിച്ചാൽ പൊട്ടിച്ചിതറും പൊന്മുത്ത്’ എന്ന പുതിയ പാട്ട് എല്ലാവർക്കും ഇഷ്ടമായി. കക്ക എന്ന ചിത്രത്തിനുവേണ്ടി തമിഴ് സംഗീത സംവിധായകനായ കെ.വി. മഹാദേവൻ ഈണമിട്ട പാട്ടാണത്. പാട്ടുകളോട് തോന്നിയ ഇഷ്ടംകൊണ്ട് കക്ക കാണാൻ മോഹമായി. ജയന്റെ മരണത്തിനിടയാക്കിയ കോളിളക്കത്തിന്റെ നിർമാതാവും സംവിധായകനും എടുത്ത സിനിമയായിരുന്നു. പക്ഷേ, ഇത് സാഹസ സിനിമയൊന്നും ആയിരുന്നില്ല. കായൽ കക്ക വാരി ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതകഥ. കോട്ടയം പട്ടണത്തിൽ ഒരു ചുമട്ടുകാരനായിരുന്നു എന്ന് കേട്ടിട്ടുള്ള അച്ചൻകുഞ്ഞിന്റെ മികച്ച അഭിനയം. മുമ്പൊരിക്കൽ ഞങ്ങളുടെ നാട്ടിലെ അടയാളക്കല്ല് അമ്പലത്തിൽ കഥാപ്രസംഗം നടത്തിയ വി.ഡി. രാജപ്പനും ആ സിനിമയിലുണ്ടായിരുന്നു. കക്ക രവി എന്ന് പിന്നീട് അറിയപ്പെട്ട നിഴൽകൾ രവി, രഘുവരൻ എന്നീ പുതുമുഖ നടന്മാർക്ക് നല്ല വേഷങ്ങളായിരുന്നു. പക്ഷേ, എല്ലാവരെയുംകാൾ കക്കയിലെ നായികയായ രോഹിണിയാണ് എന്റെ മനസ്സ് കവർന്നത്.
കായലോളങ്ങളിൽ ഇളകുന്ന ഒരു കുഞ്ഞുവള്ളത്തിന്റെ അങ്ങേപ്പുറത്ത് വെള്ളത്തിൽനിന്ന് പൊങ്ങിവരികയാണ് ആ കറുത്ത സുന്ദരി. കടും നിറമുള്ള കൈലിയും ബ്ലൗസും വേഷം. പൊട്ടിച്ചിതറും മുത്തുപോലെയുള്ള ചിരി. തിളക്കമുള്ള കണ്ണുകൾ. ഭംഗിയുള്ള വലിയ മൂക്ക്. ഞാൻ ആഗ്രഹിക്കുന്ന രൂപഭാവങ്ങൾ ഉള്ള പെൺകുട്ടി. പ്രായംകൊണ്ടും എനിക്ക് ചേരും! സിനിമയിൽ കണ്ട ഒരു നടിയോട് ആദ്യമായി എനിക്ക് കടുത്ത പ്രണയം തോന്നി. ധീര, കുയിലിനെത്തേടി എന്നീ സിനിമകൾകൂടി കണ്ടതോടെ രോഹിണിയോടുള്ള പ്രണയം കലശലായി. കുയിലിനെത്തേടിയിൽ രോഹിണിയെ പ്രേമിക്കുന്ന മാസ്റ്റർ രഘു ഞാനാണെന്ന് ഞാൻ സങ്കൽപ്പിച്ചു. രോഹിണി ഉണ്ട് എന്ന ഒറ്റക്കാരണംകൊണ്ട് അവരഭിനയിച്ച ഉപ്പുചപ്പില്ലാത്ത പല സിനിമകൾ ഞാൻ കണ്ടു. ആരോരുമറിയാതെ, ഇവിടെത്തുടങ്ങുന്നു എന്നീ സിനിമകളിലെ പ്രേമരംഗങ്ങളിൽ രോഹിണി വല്ലാതെ ഇഴുകിയഭിനയിച്ചത് എനിക്ക് വിഷമമായി. കക്കയിൽ രോഹിണിയെ ആത്മാർഥമായി സ്നേഹിക്കുന്നത് രവിയാണ്. അവൾ തന്നെയും സ്നേഹിക്കുന്നു എന്നാണയാളുടെ വിശ്വാസം. പക്ഷേ, രോഹിണിക്ക് രഘുവരനെയാണിഷ്ടം. രഘുവരന്റെയും രോഹിണിയുടെയും പ്രേമ സല്ലാപം കാണാനിടയായ രവിയുടെ ഹൃദയം തകരുന്നു. രോഹിണി ആ പാവത്തിനെ ഒഴിവാക്കുകയാണ്. സിനിമയിൽ കണ്ട നടിയെ പ്രണയിച്ചുപോയ വിവരക്കേടിൽനിന്ന് ഞാനും വൈകാതെ ഒഴിവായി.
ഇരട്ടയാർ നിർമലയിൽ ഇടയ്ക്കിടെ വളരെപ്പഴയ ചില മലയാള സിനിമകൾ വരും. അത് കാണാൻ പോകുന്നവരോട് ‘ഓ.. ഒത്തിരി പഴേ പടമൊക്കെ എന്നാ കാണാനാ?’ എന്ന് ഞാൻ ചോദിക്കുമായിരുന്നു. ഒരിക്കൽ യാദൃച്ഛികമായി ഉമ്മിണിത്തങ്ക എന്ന ഇരുപത്തിമൂന്ന് വർഷം പഴയ സിനിമ കാണാനിടയായി. ആ സിനിമയും അതിലെ കൊട്ടാരക്കരയുടെ അഭിനയവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കൊട്ടാരക്കരയുള്ള സിനിമകൾ എവിടെ വന്നാലും ഞാൻ കാണാൻ തുടങ്ങി. വേലുത്തമ്പി ദളവ, പഴശ്ശിരാജാ തുടങ്ങിയ ചരിത്ര സിനിമകൾ, അരനാഴിക നേരം, തൊമ്മന്റെ മക്കൾ പോലെയുള്ള സാമൂഹിക സിനിമകൾ ഒക്കെ കണ്ടു. യുദ്ധം നടത്താനുള്ള വേലുത്തമ്പി ദളവയുടെ ആഹ്വാനം, അരനാഴിക നേരത്തിലെ കുഞ്ഞേനാച്ചന്റെ വയസ്സുകാലത്തെ സ്വപ്നങ്ങൾ, ചെമ്മീനിലെ ചെമ്പൻകുഞ്ഞിന്റെ തീപിടിച്ച ആർത്തി.. കൊട്ടാരക്കരയുടെ അഭിനയം ഒരത്ഭുതം തന്നെയായിരുന്നു.
പഴയ പല സിനിമകളിൽ സുകുമാരിയെ കണ്ടു. ആശ്ചര്യപ്പെടുത്തിയ നടിയായിരുന്നു അവരും. തമാശയും കണ്ണീരും നൃത്തവും ദുഷ്‍ടത്തരവുമെല്ലാം ഒരേപോലെ അവർക്ക് വഴങ്ങുമായിരുന്നു. ആഭിജാത്യത്തിലൂടെ ഞാൻ പരിചയപ്പെട്ട മധുവിനെയും വളരെപ്പഴയ ചില സിനിമകളിൽ കണ്ടു. ആദ്യകാലത്ത് കൊലുന്നനെയുള്ള പ്രണയ നായകനായിരുന്ന അദ്ദേഹം നല്ല തടിവച്ച് അതിലും തടിയുള്ള നടിമാരോടൊപ്പം പ്രണയനായകനായിത്തന്നെ പുതിയ കാലത്തും തുടരുകയായിരുന്നു. ശ്രീവിദ്യയായിരുന്നു സ്ഥിരം നായിക. തടിയൽപം കൂടുതലായിരുന്നെങ്കിലും ഇരുണ്ട നിറത്തിൽ നല്ല ഭംഗിയുള്ള മുഖമായിരുന്നു അവരുടേത്. തിളക്കമുള്ള കണ്ണുകളും ചിരിയും. മുമ്പൊന്നും അവർക്ക് ഇത്ര തടിയുണ്ടായിരുന്നില്ല. തമിഴ് സിനിമകളിൽ കണ്ടിട്ടുള്ളതാണല്ലൊ.
(തുടരും..)
Books In Malayalam Literature, Malayalam LiteratureNews, മലയാളസാഹിത്യം