'ഡിംപിൾ കപാഡിയ തള്ളിക്കളഞ്ഞ കമൽഹാസൻ'

കേരളത്തിന്റെ മലയോരഗ്രാമത്തിൽ വളർന്ന കുട്ടിയെ ബാധിച്ച സിനിമാഭ്രാന്തിന്റെ കഥ. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അറിയപ്പെടുന്ന സിനിമാനടൻ കൂടിയായ ഷാജി ചെന്നൈയുടെ ഓർമകുറിപ്പുകൾ തുടരുന്നു...

ആയിടയ്ക്ക് ഒരിക്കൽ ആലപ്പുഴ ശാന്തിയിൽ സാഗർ എന്ന ഹിന്ദി സിനിമ കാണാൻ ചെന്നു. ആളുകൾ കുറവാണ്. എനിക്കടുത്ത ഇരിപ്പിടങ്ങളിൽ അഞ്ചു പേരടങ്ങുന്ന ഒരു കുടുംബം വന്നിരുന്നു. വാതിലിനു തൊട്ടടുത്ത് അച്ഛൻ, അടുത്തതിൽ അമ്മ, അതിനടുത്തതിൽ മൂത്ത പെൺകുട്ടി, അതിനിപ്പുറത്ത് പതിനേഴ് വയസ്സ് തോന്നിച്ച അതിസുന്ദരിയായ ഇളയ പെൺകുട്ടി. എനിക്ക് തൊട്ടുള്ള ഇരിപ്പിടത്തിൽ എട്ടൊമ്പത് വയസ്സുള്ള പയ്യൻ. 

ഋഷി കപൂർ, ഡിംപിൾ കപാഡിയ, കമൽഹാസൻ എന്നിവർ അഭിനയിക്കുന്ന തീവ്രമായ ത്രികോണ പ്രേമകഥയാണ് സാഗർ. നിറനിലാവുള്ള രാത്രിയിൽ കടൽത്തീരത്ത് തനിയെ കുളിക്കാനെത്തുന്ന ഡിംപിളിനെ ഋഷി കാണുന്നു. മുക്കാലും നഗ്നയായ ഡിംപിൾ ഋഷിയെ കണ്ടതും നാണിച്ചു ചൂളുന്നു. അവർ കടുത്ത പ്രണയത്തിൽ വീഴുന്നു. ആർ.ഡി. ബർമന്റെ മനോഹരമായ പാട്ടുകൾ. ‘സാഗർ ജൈസേ ആംഖോംവാലി യേ തോ ബതാ തേരാ നാം ഹേ ക്യാ?’ കടൽനീലക്കണ്ണുള്ളവളേ നിന്റെ പേരെന്താണ്? ‘ജാനേ ദോ നാ പാസ് ആവോ നാ’ എന്ന പാട്ടിൽ പ്രണയവും രതിയും ചൂടേറ്റിയ രണ്ടുപേരും വല്ലാതെ ഇഴുകിച്ചേരുകയാണ്. നെഞ്ചിൽ രോമാഞ്ചവുമായി സിനിമയിൽ മുങ്ങി ഞാനങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്ന് എന്റെ വലതു കൈമേൽ എന്തോ ഇഴയുന്നതുപോലെ. 

ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോൾ ആ സുന്ദരിപ്പെൺകുട്ടിയുടെ ഇടതുകൈവിരലുകൾ എന്റെ കൈമേൽ തൊട്ടുഴിയുന്നു. പയ്യന്റെ ഇരിപ്പിടത്തിന് മേലേക്കൂടി കൈനീട്ടി കൈത്താങ്ങിയിൽ വച്ചിരുന്ന എന്റെ കൈ തഴുകുകയാണവൾ. ഒരു പെൺകുട്ടി എന്നെ തൊടുന്നത് അതാദ്യമാണ്. ഹോ.. മറ്റെല്ലാം മറന്ന് ഞാനും അവളുടെ കൈത്തണ്ടയിൽ തിരികെ തഴുകി. എന്റെ വിരലുകളിൽ അവൾ വിരലുകൾ കോർത്തു. വികാരവിവശയായ ഡിംപിൾ ഋഷിയെ നോക്കുന്നതുപോലെ ഇടയ്ക്കിടെ അവൾ എന്റെ നേരെ മോഹിപ്പിക്കുന്ന നോട്ടങ്ങളെറിഞ്ഞു. ഹൃദയം പിടയ്ക്കുന്നു. പുറത്തിറങ്ങി ഒരു കടലാസും പേനയും സംഘടിപ്പിച്ച് വിലാസം എഴുതി കയ്യിൽ വച്ചു കൊടുത്താലോ? വേണ്ട. അത്രയും നേരം കൈ വിടണമല്ലോ! പ്രണയാർത്തരായ ഋഷി കപൂറിനെയും ഡിംപിൾ കപാഡിയയെയും പോലെ പരസ്പരം കൈകൾ തഴുകിക്കൊണ്ട് ഞങ്ങളങ്ങനെ ഇരിക്കുമ്പോൾ അവളുടെ കൈ അറിയാതെ പയ്യന്റെ പുറത്ത് തട്ടി. 

പയ്യൻ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് ഏതോ ഒരുത്തൻ അവന്റെ ചേച്ചിയുടെ കൈയിൽ ഇറുക്കിപ്പിടിച്ചിരിക്കുന്നതാണ്‌. പെൺകുട്ടി കൈ വലിച്ചു. പയ്യൻ അവളോടെന്തോ ചോദിച്ചു. അതിന് അവൾ കൊടുത്ത മറുപടി മാത്രം ഞാൻ വ്യക്തമായിക്കേട്ടു.‘ആ ഇരിക്കുന്നവൻ കൊറേ നേരമായി ചേച്ചിയെ തോണ്ടുന്നു. നമുക്ക് അച്ഛനോട് പറഞ്ഞുകൊടുക്കാം. സിനിമ കഴിയട്ടെ.’ ഞാൻ അന്ധാളിച്ചുപോയി. ഭയംകൊണ്ട് എന്റെ കാലുകൾ വിറച്ചു. സിനിമ കഴിയാൻ നിന്നാൽ പിന്നെ ഞാൻ മിച്ചമുണ്ടാവില്ല. മറുവശത്തുള്ള ഇരിപ്പിടങ്ങൾക്കിടയിലൂടെ ബദ്ധപ്പെട്ടു നടന്ന് മറ്റൊരു വാതിൽ വഴി സംഭവസ്ഥലത്തുനിന്ന് ഞാൻ രക്ഷപ്പെട്ടു. പ്രേമപ്പൂഞ്ചോലയിൽ നഞ്ച് കലക്കിയ വഞ്ചകി! നിമിഷനേരംകൊണ്ട് അവളെന്നെ ഋഷി കപൂറിൽനിന്ന് കമൽഹാസനാക്കിക്കളഞ്ഞു. ഡിംപിൾ കപാഡിയ നിഷ്കരുണം തള്ളിക്കളഞ്ഞ കമൽഹാസൻ.

മാസികകൾ വിൽക്കാനുള്ള യാത്രകൾക്കിടയിൽ ഒരു ദിവസം കൊല്ലത്തേക്കു പോകുന്ന സർക്കാർ ബസ്സിലെ യാത്രക്കാരോട് സോവ്യറ്റ് മാസികകളുടെ മേന്മകൾ വർണിക്കുകയാണ്. ‘ഒന്നുവില്ലേൽ പള്ളിക്കൂടം തൊറക്കുന്ന സമേത്ത് പിള്ളാരടെ പൊസ്തകം പൊതിയാവല്ലോ. നല്ല ഒന്നാന്തരം പേപ്പറല്ലേ!’ അപ്പോഴാണ് തൊട്ടുമുമ്പിൽ നിൽക്കുന്ന ആളെ ശ്രദ്ധിക്കുന്നത്. കണ്ടക്ടറുടെ കൈയിൽ നിന്ന് എന്തോ കടലാസുകൾ വാങ്ങി പരിശോധിക്കുകയാണ് അദ്ദേഹം. നല്ല പരിചയമുള്ള മുഖം. അയ്യോ.. ഇത് ഒരു സിനിമാ നടനല്ലേ! മുക്കുവനെ സ്നേഹിച്ച ഭൂതം, ചൂള, സായൂജ്യം, ചന്ദ്രഹാസം മുതൽ അടുത്തിടെ വന്ന സ്വന്തമെവിടെ ബന്ധമെവിടെ വരെയുള്ള സിനിമകളിൽ കണ്ടിട്ടുള്ള നടൻ! ഞാൻ ചാടിയെഴുന്നേറ്റു. ‘സാറേ, സാറ് സിനിമാനടനല്ലേ?’ ‘അതേ, ഞാൻ കൊല്ലം ജി. കെ. പിള്ള’. അദ്ദേഹം എനിക്ക് കൈ തന്നു. സിനിമകളിൽ മണ്ടന്റെയും ഒളിഞ്ഞുനോട്ടക്കാരന്റെയും ഒക്കെ വേഷങ്ങൾ ചെയ്യുന്ന അദ്ദേഹം ഗൗരവമായി സംസാരിക്കുന്നു. ‘സാറീ ബസ്സില്?’. ‘ഞാനൊരു കെഎസ്ആർടിസി ജീവനക്കാരനാ. സിനിമയില്ലെങ്കിലും ജീവിക്കണ്ടേ അനിയാ’. ചിരിച്ചുകൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയി. അങ്ങനെ ആദ്യമായി ഒരു സിനിമാനടനു കൈകൊടുത്ത് സംസാരിച്ചതിന്റെ ജാടയിൽ ഞാൻ തലപൊക്കി ഇരുന്നു. 

ഏറ്റുമാനൂരിൽനിന്ന് നീണ്ടൂരേക്ക് പോകുന്ന ബസ്സിൽ സോവ്യറ്റ് നാടിന് വരിക്കാരെത്തേടി പോകുകയായിരുന്നു. അതാ രണ്ടുമൂന്ന് പേരുടെ അകമ്പടിയോടെ വന്നു കയറുന്നു വി.ഡി. രാജപ്പൻ. വെള്ള ജുബ്ബയുടെ മേലെ മുണ്ട് മടക്കിക്കുത്തിയിരിക്കുന്നു. നിറഞ്ഞ ചിരിയോടെ കൂടെയുള്ളവരോട് സംസാരിക്കുകയാണ്‌. ആരോ എഴുന്നേറ്റ് ഇരിപ്പിടം കൊടുക്കാൻ തുനിഞ്ഞപ്പോൾ ‘അയ്യോ. ചേട്ടനവിടിരിക്ക്. ഞാൻ തേ അപ്പറത്തെറങ്ങും’ എന്നു പറഞ്ഞു. ഞാൻ എഴുന്നേറ്റ് കൈ കൊടുത്തു. ‘സാറ് ഞങ്ങടെ നാട്ടി വന്ന് കത പറഞ്ഞിട്ടൊണ്ട്. പൊത്തു പുത്രി’. ‘ആണോ? ഏതാ നാട്?’ ‘കട്ടപ്പന. സാറിന്റെ ആദ്യത്തെ സിനിമാ കക്ക മൊതല് കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, പഞ്ചവടിപ്പാലം എല്ലാം ഞാൻ കണ്ടിട്ടൊണ്ട്.’‘ആണോ? ഞാമ്പോലും എല്ലാവൊന്നും കണ്ടിട്ടില്ല. സിനിമാ കാണല് തന്നെയാ പണി! അല്ലേ? എന്റെ ദൈവമേ..!’ വി. ഡി. രാജപ്പൻ ഉറക്കെച്ചിരിച്ചു.

(തുടരും...) 

Books In Malayalam LiteratureMalayalam LiteratureNewsമലയാളസാഹിത്യം