കാത്തിരിപ്പ് വെറുതെയായില്ല, ഇതും ഉള്ളുപൊള്ളിക്കുന്ന അനുഭവക്കുറിപ്പുകൾ!

ബി. ജയമോഹൻ

ഒരു എഴുത്തുകാരൻ എഴുതുന്നതിനുവേണ്ടി കാത്തിരിക്കുക !

മലയാളത്തിലും അങ്ങനെയൊരു കാലം ഉണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിനുശേഷം ഒ.വി.വിജയൻ എന്തെഴുതിയാലും ചാടിവീഴുമായിരുന്നു വായനക്കാർ. മയ്യഴിപ്പുഴയ്ക്കു ശേഷം എം.മുകുന്ദനുവേണ്ടി. നാലുകെട്ടിനുശേഷം എംടിക്കു വേണ്ടി. എന്റെ കഥയ്ക്കുശേഷം മാധവിക്കുട്ടിക്കുവേണ്ടി. ഉഷ്ണമേഖലയ്ക്കുശേഷം കാക്കനാടനുവേണ്ടി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനുഭവക്കുറിപ്പുകൾക്കും കവിതകൾക്കും വേണ്ടി. കാൽപനികതയുടെ ഒരു പരിവേഷമുണ്ട് എന്നും എല്ലായിടത്തും കാത്തിരിപ്പുകൾക്ക്. ഏകാന്തതയൂടെ നൂറു വർഷങ്ങളിലൂടെ സാഹിത്യസ്വാദനത്തിന്റെ മാന്ത്രികത അനുഭവിപ്പിച്ച മാർക്കേസ് കോളറക്കാലത്തെ പ്രണയത്തിലൂടെ കാത്തിരുന്നവർക്കു സമ്മാനിച്ചതു പ്രണയത്തിന്റെ ഒരായിരം ജൻമങ്ങളുടെ നിർവൃതി. അജ്ഞാതയായി ഇറ്റലിയിൽ എവിടെയോ ഇരുന്ന് മാസ്റ്റർപീസുകൾ എഴുതുന്ന എലേന ഫെറാന്റേ സമീപകാലത്തു കാത്തിരുപ്പുകൾക്കു സാഫല്യം നൽകിയ അത്ഭുതമാണ്. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം മലയാളത്തിൽ വീണ്ടുമൊരു കാത്തിരിപ്പിന്റെ കാൽപനിക കാലം സൃഷ്ടിക്കുകയാണ് തമിഴ്–മലയാളം എഴുത്തുകാരനും പ്രശസ്ത തിരക്കഥാകൃത്തുമായ ജയമോഹൻ. 

മലയാളം ജയമോഹനെ ആദ്യം പരിചയപ്പെടുന്നത് ഉള്ളുപൊള്ളിക്കുന്ന അനുഭവക്കുറിപ്പുകളിലൂടെ. നാഞ്ചിനാടിന്റെ നാട്യമില്ലാത്ത ലോകം പുതിയൊരു സാഹിത്യ ഭൂമികയായി മലയാളത്തിൽ പ്രതിഷ്ഠ നേടുകയായിരുന്നു. അനുഭവങ്ങളുടെ തീവ്രതയ്ക്കൊപ്പം അന്നേ ശ്രദ്ധിക്കപ്പെട്ടു ജയമോഹന്റെ ഭാഷ. കേരളത്തിൽ സ്ഥിരമായി താമസിക്കാത്ത, ആശയവിനിമയത്തിനു മലയാളത്തെ മാത്രം ആശ്രയിക്കാത്ത, എന്നാൽ മലയാളത്തിന്റെ അയൽക്കാരനുമായ ഒരാളുടെ ചെടിപ്പിക്കാത്ത ഭാഷയുടെ മൗലികത. 

മൂന്നുവർഷം മുമ്പ് നോവലിന്റെ വിശാലതയിലേക്കും ജയമോഹൻ പ്രവേശിച്ചു; നൂറു സിംഹാസനങ്ങളിലൂടെ. അടുത്തകാലത്തൊന്നും സംഭവിക്കാത്ത അക്ഷരവിസ്ഫോടനമായിരുന്നു ധർമപാലൻ ഐഎഎസ് എന്ന നാടോടി ഗോത്രത്തിൽപെട്ട ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ നൂറു സിംഹാസനങ്ങൾ പറഞ്ഞത്. നൂറല്ല, ആയിരം സിംഹാസനങ്ങളിൽ വർഷങ്ങളോളം ഇരുന്നാലും തൂത്തുമാറ്റാനാവാത്ത ജാതിയുടെ ഉച്ചനീചത്വമായിരുന്നു ആ നോവലിന്റെ കാതൽ. ജീവിച്ചിരിക്കുന്നവരെ നായകരാക്കി യാഥാർഥ്യത്തെ ഭാവനയുടെ മൂശയിലിട്ടുരുക്കിയെടുത്ത ആനഡോക്ടർ എന്ന നോവലുമായി ഇക്കഴിഞ്ഞവർഷം എത്തിയ ജയമോഹൻ ഇത്തവണ ആസ്വാദനത്തിന്റെ പുതിയൊരു തലം സമ്മാനിക്കുന്നു – മിണ്ടാച്ചെന്നായ് എന്ന നോവലിലൂടെ. നൂറു സിംഹാസനങ്ങളുടെ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ആനഡോക്ടർക്കു കഴിഞ്ഞുവെങ്കിൽ ജയമോഹനുവേണ്ടി കാത്തിരുന്നവരെ പൂർണമായി തൃപ്തിപ്പെടുത്തും പുതിയ നോവലായ മിണ്ടാച്ചെന്നായ്. ജീവിച്ചിരിക്കുന്നവരാണ് ആദ്യരണ്ടുനോവലുകളിലെയും കഥാപാത്രങ്ങളെങ്കിൽ കൃത്യമായൊരു പൂർവമാതൃക പരാമർശിക്കാതെതന്നെ യാഥാർഥ്യത്തിന്റെ വിശ്വസനീയമായ ഒരു മാതൃക സൃഷ്ടിക്കാൻ കഴിയുന്നുണ്ട് പുതിയ നോവലിലും എഴുത്തുകാരന്. 

ജൻമനാട്ടിൽനിന്നകലെ, തന്റെ പൂർവികർ കീഴടക്കി അടിമകളാക്കിയവരുടെ മണ്ണിൽ നായാട്ടിനെത്തിയ സായിപ്പും അയാളെ സഹായിക്കാൻ കൂടെക്കൂടിയ നാട്ടുകാരനുമാണ് പുതിയ നോവലിലെ കഥാപാത്രങ്ങൾ. നായാട്ടുപട്ടികൾ ഒച്ചയുണ്ടാക്കാറില്ല. നായാടുന്ന ഒരു മൃഗവും ഒച്ചയുണ്ടാക്കാറില്ല. കാത്തിരിക്കാൻ ശീലിക്കുന്നതാണ് നായാട്ടിന്റെ ആദ്യത്തെ വിദ്യ. സായിപ്പു പറയുന്ന ഇംഗ്ലിഷു പോലും മനസ്സിലാകുമെങ്കിലും ഒരു വാക്കും പറയാറില്ല മിണ്ടാച്ചെന്നായ്. മ് എന്നോ ത്തൂ എന്നു നീട്ടിത്തുപ്പുകയോ ചെയ്യുന്നതാണവന്റെ രീതി. പിന്നെ വാ തുറക്കുന്നതു വിശക്കുമ്പോൾ. കാടിന്റെ കാമുകനായ ഒരു ഒറ്റയാനെ നായാടിപ്പിടിച്ചു കീഴ്പ്പെടുത്തി കൊമ്പെടുക്കാൻ പോകുന്നതിന്റെ തലേന്നത്തെ സംഭവങ്ങളും ഒരുക്കങ്ങളും പിന്നെ നായാട്ടുമാണ് മിണ്ടാച്ചെന്നായിലെ സംഭവങ്ങൾ. 

വിൽസൻ എന്ന സായിപ്പിന്റെ ജീവിതം അതിന്റെ എല്ലാ അനുഷ്ഠാനങ്ങളോടെയും ചിട്ടകളോടെയും സവിശേഷതകളോടെയും ഇതൾവിരിയുന്നു ആദ്യഅധ്യായങ്ങളിൽ. ഒപ്പം 30 വർഷമായി നായാട്ടു സഹായിയായി സായിപ്പിനൊപ്പം നിൽക്കുന്ന മിണ്ടാച്ചെന്നായയുടെയും. അരിവെപ്പുകാരൻ തോമായും സായിപ്പിനു കൂട്ടുകിടക്കാൻ കാട്ടിൽനിന്നു പിടിച്ചുകൊണ്ടുവരുന്ന ചോതി എന്ന പെണ്ണുമാണ് മറ്റു മനുഷ്യകഥാപാത്രങ്ങൾ. കാടിന്റെ കഥയിൽ സ്വാഭാവികമായും വന്നുപോകുന്നുണ്ട് പാമ്പും മൂർഖനും മാനും ആനയും ചെന്നായയും സർവോപരി കാടും. താഴ്‍വരയിലെ കാട് പച്ചനിറമുള്ള വെള്ളം പോലെ കാറ്റിൽ തിരയിളക്കി. അതിനപ്പുറത്ത് മഞ്ചമലയിലെ കാട് തിരശ്ശീലപോലെ തൂങ്ങിക്കിടന്നു. മലമടക്കുകളിൽ പൊഴിഞ്ഞ മേഘങ്ങൾ കിടന്നു. വളരെ അകലെയെവിടെയോ കാട്ടുമാട് അമറി. കുറ്റിക്കാടുകളുടെ ഉള്ളിൽനിന്നു ചെമ്പോത്തുകളുടെ ശബ്ദം കേട്ടു. ഇളംവെയിൽമാറി ചൂട് പരന്നുതുടങ്ങി. 

ഒരൊറ്റ വെടിയാൽ കാട്ടിലെ ഒറ്റയാന്റെ മസ്തകം പിളർത്താൻ ശേഷിയുള്ള ആനത്തോക്ക് കൈവശമുള്ള സായിപ്പ് പലതവണ കൂടെയുള്ള മിണ്ടാച്ചെന്നായെ ഭീഷണിപ്പെടുത്തുന്നുണ്ട്: കൊല്ലുമെന്ന്. അപ്പോഴും ഒന്നും പറയാറില്ല മിണ്ടാച്ചെന്നായ്. വിധേയന്റെ വേഷം വള്ളിപുള്ളി പിഴയ്ക്കാതെ, കുറ്റങ്ങളോ കുറവുകളോ ഇല്ലാതെ അണിയുന്നുണ്ട് മിണ്ടാച്ചെന്നായ്. എന്നാൽ കാടൊരുക്കിയ കെണിയിൽ അന്തിമവിജയത്തിന്റെ അലസനിമിഷത്തിൽ മരണത്തെ മുഖാമുഖം കാണുന്നു സായിപ്പ്. അയാൾക്കു രക്ഷകനാകുന്നതു മിണ്ടാച്ചെന്നായ്. അതോടെ അവർക്കു പരസ്പരം മാറി അണിയേണ്ടിവരുന്നു വേട്ടക്കാരന്റെയും ഇരയുടെയും വേഷങ്ങളും ഉടയാടകളും. താൻ വലിച്ച ചുരുട്ടിന്റെ ബാക്കി വലിക്കുകയും താൻ കടിച്ചീമ്പിയ എല്ലിലെ ബാക്കി മാംസം കൊണ്ടു വിശപ്പടക്കുകയും താൻ കാമം തീർക്കുന്ന പെണ്ണിൽ പ്രണയം തേടുകയും ചെയ്യുന്ന മിണ്ടാച്ചെന്നായുമായി സാഹോദര്യത്തിന്റെ പാലം തീർക്കുകയാണ് സായിപ്പ്. ഒരു മരത്തിന്റെ മുകളിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഏറുമാടത്തിലെ അവസാനനിമിഷങ്ങളിൽ. അവിടെവച്ചു സായിപ്പ് യാചകനാകുന്നു. എന്തും ചോദിക്കാം. എന്തും. ജീവനുൾപ്പെടെ എന്തും. എല്ലാ മനസ്സിലായിട്ടും മിണ്ടുന്നില്ല മിണ്ടാച്ചെന്നായ്. സ്വന്തം നാട്ടിൽ മനുഷ്യരായി പരിഗണന കിട്ടാത്ത, അടിമയായി ജീവിക്കേണ്ടിവന്ന നായാട്ടുകാരന്റെ സങ്കടം സായിപ്പിന്റെ വാക്കുകളിൽനിന്നു കോരിക്കുടിക്കുകയാണ് മിണ്ടാച്ചെന്നായ്. പൂർവജൻമ ബന്ധത്താലല്ല, ജീവിതത്തിലെയും പ്രവൃത്തികളിലെയും സമാനതയാൽ കാടിന്റെ ഇരുട്ടിൽ അവർ സാഹോദര്യത്തിന്റെ തീ കൊളുത്തുന്നു. പക്ഷേ, ആ തീയിലേക്ക്  ആകർഷിക്കപ്പെട്ടുവരുന്നു യഥാർഥ ചെന്നായ്ക്കൾ. ഒന്നും രണ്ടുമല്ല ഒരുകൂട്ടം. 

കാറ്റ് കടന്നുപോയി. ഒരു മരക്കൊമ്പ് ആന അമറുന്നതുപോലെ ഒച്ചയുണ്ടാക്കി മറ്റൊരു മരക്കൊമ്പിൽ ഉരസി. നീ ഒന്നു മനസ്സിലാക്കണം എന്ന് അയാൾ പിന്നെയും പറഞ്ഞുതുടങ്ങിയപ്പോൾ അത് വേറെ ആരുടെയോ ശബ്ദം പോലെ തോന്നിയിരുന്നു. നീ ഒന്നു മനസ്സിലാക്കണം. ഞാൻ ചീത്ത മനുഷ്യൻ അല്ല. അഹങ്കാരമുണ്ട്. ജാതിഭ്രാന്ത് ഉണ്ട്. പക്ഷേ, ഞാൻ ഉള്ളിൽ ചീത്ത അല്ല....

Books In Malayalam LiteratureMalayalam LiteratureNewsമലയാളസാഹിത്യം