Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യുവിന്റെ പ്രിയപ്പെട്ടവർക്ക് നെഞ്ചോട്ചേർക്കാൻ ഇതു മാത്രം

abhimanyu-home

നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും? കേരളത്തെ മുഴുവൻ കണ്ണീരിലാക്കി അഭിമന്യു എന്ന വിദ്യാർഥി കടന്നു പോയി. മരിക്കുന്നതിനു മുന്‍പ് അവന്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തതാകട്ടെ റോബിന്‍ ശര്‍മയുടെ ‘നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും?’ എന്ന പുസ്തകവും. ചെഗുവേരയുടെ 'ബൊളീവിയൻ ഡയറി' ആണ് അഭിമന്യുവിന്റെ ശേഖരത്തിലെ മറ്റൊരു പുസ്തകം. നന്നായി കവിത ചൊല്ലുന്ന, പുസ്തകങ്ങളെയും അക്ഷരങ്ങളെയും പ്രണയിച്ചിരുന്ന, സൗമ്യശീലനായ വിദ്യാർഥിയായിരുന്നു അഭിമന്യു. 

വട്ടവടയിലെ ഒറ്റമുറി വീട്ടില്‍ നിന്നും മഹാരാജാസിലേക്ക് അവനെ കൂട്ടികൊണ്ടുപോയ അച്ഛന് കൃത്യം ഒരു വര്‍ഷത്തിനിപ്പുറം ചുവന്ന തുണിയില്‍ പൊതിഞ്ഞ അവന്റെ ചേതനയറ്റ ശരീരവുമായിട്ടാണ് മടങ്ങേണ്ടിവന്നത്. അഭിമന്യുവിന്റെ കുടുംബത്തിന് ഇന്ന് കൂട്ടായുള്ളത് അവന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും കുറേയേറെ ഓർമകളും മാത്രം.

abhimanyu-book

ചോരയുണങ്ങി പറ്റിപ്പിടിച്ചിരിക്കുന്ന മൊബൈൽ ഫോൺ, അവൻ വായിച്ചു തീർത്ത വിപ്ലവ ഇതിഹാസം ചെഗുവേരയുടെ 'ബൊളീവിയൻ ഡയറി', കുട്ടിക്കാലത്തെ അവന്റെ ചിത്രങ്ങൾ, തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്റെ ചിത്രം വെട്ടിയൊട്ടിച്ച ആൽബം തുടങ്ങി ആ വീട് നിറയെ അവന്റെ ഓർമകളാണ്. വീട്ടിലെത്തിയ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമാണ് അവന്‍റെ ശേഷിപ്പുകളുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

ഹോസ്റ്റലടച്ചിട്ട സമയത്ത് ലേഡീസ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണമെടുത്തുകൊടുത്ത കൂട്ടുകാരിയുടെ ചോറ്റുപാത്രം തിരിച്ചു കൊടുത്തപ്പോൾ അഭിമന്യു അതിൽ വച്ച കുറിപ്പും ചിലര്‍ കണ്ണീരോടെ പങ്കുവയ്ക്കുന്നു. ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം... ഏതായാലും വയറ് നിറച്ച് ഭക്ഷണം കഴിച്ചു.. വയറ് നിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി...’

ആ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് അവനെ മറ്റെന്തിനെക്കാളും പ്രിയപ്പെട്ടവനാക്കുന്നു. 1967 ഒക്ടോബര്‍ 8ന് തനിക്ക് നേരെ തോക്കുചൂണ്ടിയ പട്ടാളക്കാരനോട് ചെഗുവേര പറഞ്ഞ വാചകം ചിലര്‍ പങ്കുവയ്ക്കുന്നു. ‘വെടിവയ്ക്കരുത്, ചെഗുവേരയാണ്. ഞാന്‍ മരിക്കുന്നതല്ല ജീവിച്ചിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്...’ അതെ ആ വാചകം ഇൗ ലോകത്തോട് പറയാതെ പറയുന്നു. അഭിമന്യു.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം