Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രെഹം ഖാന്റെ വിവാദ ആത്മകഥ; ഷാരൂഖ് ഖാനെക്കുറിച്ച് പരാമർശം

reham-khan

ഷാരൂഖ് ഖാനെ പുകഴ്ത്തി രെഹം ഖാന്റെ ആത്മകഥ. പുസ്തകത്തിലുടനീളം മുൻ ഭർത്താവും മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെതിരെ ആരോപണ ശരങ്ങളുയർത്തിയ രെഹം ഖാൻ ഷാരൂഖിന്റെ വ്യക്തിത്വത്തെ പുകഴ്ത്തുന്നതിൽ ഒട്ടും പിശുക്ക് കാണിച്ചില്ല. 445 പേജുകളുള്ള ആത്മകഥയിൽ എഴുത്തുകാരിയുടെ പ്രശംസപി‌ടിച്ചുപറ്റിയ ഏക മനുഷ്യനും ഷാരൂഖ് ഖാനാണ്. 

തന്റ‌െ പത്രപ്രവർത്തന കാലഘട്ടത്തിൽ ഷാരൂഖിനെ കണ്ടുമുട്ടിയതിന്റെ ഓർമകൾ ആത്മകഥയിൽ പങ്കുവയ്ക്കുന്നുണ്ട് രെഹം ഖാൻ. തൊഴിലിൽ അദ്ദേഹം കാണിക്കുന്ന ആത്മാർഥതയും അഹങ്കാരം ലവലേശമില്ലാത്ത ഇടപെടലും അദ്ദേഹത്തോട് മതിപ്പുണ്ടാകാനുള്ള കാരണമാണെന്ന് എഴുത്തുകാരി വ്യക്തമാക്കുന്നു. വിദ്യാഭ്യാസവും, ഒരു ഇടത്തരം കുടുംബത്തിൽ സാഹോദര്യവും മര്യാദയും ശീലിച്ച് വളർന്നു വന്ന സാഹചര്യങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സ്വാദീനിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.

രെഹം ഖാൻ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ആമസോൺ വഴിയാണ് പ്രസാധനത്തിനെത്തിയത്. ഷാരൂഖാനെ ആവോളം പുകഴ്ത്തുന്നുണ്ടെങ്കിലും മുൻ ഭർത്താവ് ഇമ്രാൻ ഖാനെതിരെ അതി ശക്തമായ ആരോപണങ്ങളാണ് രെഹം ഖാൻ ഉന്നയിച്ചിരിക്കുന്നത്.

ഇമ്രാന്റെ ഭക്ഷണ ശീലങ്ങൾ മുതൽ ലൈംഗികത വരെ പൊളിച്ചെഴുതുകയാണ് പുസ്തകത്തിൽ രെഹം ഖാൻ. ഇമ്രാന് പല സ്ത്രീകളുമായി ലൈംഗികബന്ധം ഉണ്ടായിരുന്നു എന്നും അതുവഴി അഞ്ചു മക്കൾ ഉണ്ടായിട്ടുണ്ട് എന്നുമായിരുന്നു ഒരു വെളിപ്പെടുത്തൽ. വിവാഹിതനായ ഒരു പുരുഷസുഹൃത്തുമായി ഇമ്രാന് സ്വവർഗപ്രണയമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ഇമ്രാന് ഖുർആൻ വായിക്കാനറിയില്ല, ദുർമന്ത്രവാദത്തിലും ആഭിചാരത്തിലും താൽപര്യമുണ്ട് തുടങ്ങിയ ആരോപണങ്ങളും രെഹം പുസ്തകത്തിലൂടെ ഉയർത്തുന്നു. 1970 കളിലെ ഒരു ബോളിവുഡ്‌ സൂപ്പർനായികയുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ഇമ്രാൻ വെളിപ്പെടുത്തിയിരുന്നു എന്നും രെഹം പുസ്തകത്തിൽ തുറന്നെഴുതുന്നു.

തെഹ്‌രീക് ഇ ഇൻസാഫ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ചെയർമാനാണ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിലേക്ക് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് വിവാദപുസ്തകം പുറത്തിറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. പുസ്തകം മൂലം പാക്കിസ്ഥാനിൽ ഉയർന്നിരിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റ് പ്രധാനമന്ത്രി കസേര മോഹിച്ചിരിക്കുന്ന ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം