നിഗൂഡതയുടെ പേരാണു സബ്രിന. പെട്ടെന്നൊരുനാൾ എവിടേയ്ക്കോ പോയ്മറഞ്ഞ യുവതി. സബ്രിനയുടെ തിരോധാനം സഹോദരി സാന്ദ്രയിലും കാമുകൻ ടെഡ്ഡിയിലും സൃഷ്ടിക്കുന്ന ആഘാതത്തിന്റെയും നഷ്ടപ്പെട്ട യുവതിക്കുവേണ്ടിയുള്ള അന്വേഷണത്തിന്റെയും കഥ. സബ്രിന ഒരു നോവലാണ്; എന്നാൽ നോവലുമല്ല. വായനാനുഭവത്തേക്കാൾ ദൃശ്യാനുഭവത്തിനു മുൻതൂക്കം കൊടുക്കുന്ന ഗ്രാഫിക് നോവൽ. ഒരു ചലച്ചിത്രകാഴ്ചയുടെ അതേ അനുഭൂതി. നിക്ക് ഡ്രനേസോയുടെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കപ്പെട്ട, ഇക്കഴിഞ്ഞമാസം പുറത്തിറങ്ങിയ സബ്രിന മാൻ ബുക്കർ സമ്മാനത്തിന്റെ ലോങ് ലിസ്റ്റിലും ഇടംപിടിച്ചിരിക്കുന്നു. ഇതാദ്യമായാണ് ലോകപ്രശസ്തമായ ബുക്കർ പട്ടികയിൽ ആരാധ്യ എഴുത്തുകാരുടെ കൃതികൾക്കൊപ്പം പുതിയ കാലത്തിന്റെ ഉൽപന്നമായ ഗ്രാഫിക് നോവലും ഇടംപിടിച്ചിരിക്കുന്നത്. കീഴ്‍വഴക്കങ്ങൾ ലംഘിച്ച് പുതിയ ചരിത്രം.
തിരോധാനങ്ങൾക്ക് എന്നും വായനക്കാരുണ്ട്. താൽപര്യമുള്ള അന്വേഷകരുടെ പടയുമുണ്ടാകും ഒരോ തിരോധാനങ്ങളുമായും ചുറ്റിപ്പറ്റി. എന്നാൽ മാധ്യമ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന, പ്രശസ്തമായ ഒരു കൊലപാതകത്തിലെ ഇര നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണെങ്കിലോ? ഈ ചോദ്യത്തിന്റെ ഉത്തരം തേടുകയാണു സബ്രിനയിലൂടെ നിക്ക് ഡ്രനേസോ.
അമേരിക്കയിൽ ഷിക്കാഗോ സ്വദേശിയായ 30 വയസ്സു പോലുമെത്തിയിട്ടില്ലാത്ത യുവാവാണു നിക്ക് ഡ്രനേസോ. രണ്ടാമത്തെ നോവലാണു സബ്രീന. ഇന്നത്തെ കാലത്തിന്റെ കഥയെന്നതിനേക്കാൾ ഭാവിയുടെ കഥയാണു സബ്രിന. നാളെകളിൽ നടന്നേക്കാവുന്നത്.
കാമുകിയുടെ തിരോധാനം സൃഷ്ടിച്ച ആഘാതത്തിൽ ടെഡ്ഡി തന്റെയൊരു കുട്ടിക്കാല സുഹൃത്തിന്റെ അടുത്തേക്കു പോകുന്നു. ഒരർഥത്തിൽ അഭയം തേടിയും ആശ്വാസം തേടിയുമാണ് ആ യാത്ര. പലായനം. കാൽവിൽ റോബൽ എന്നാണു സുഹൃത്തിന്റെ പേര്. അയാൾ ഭാര്യയുമായും കുട്ടിയുമായും വേർപിരിഞ്ഞു താമിസിക്കുകയാണ്. ടെഡ്ഡിയുടെ അതേ അവസ്ഥ. സുഹൃത്തിന്റെ ഏകാന്തമായ മുറിയിൽ വിഷാദത്തിനടിമയായി നാളുകൾ കഴിക്കുന്നു ടെഡ്ഡി. സുഹൃത്തുക്കൾ രണ്ടുപേരും ഒരുമിച്ചുള്ളപ്പോൾ പോലും അവർക്കു സംസാരിക്കാനൊന്നുമില്ല. സംസാരിക്കാനാവുന്നുമില്ല. ജോലി കഴിഞ്ഞു തിരിച്ചെത്തിയാൽ റോബൽ ലാപ് ടോപിൽ സമൂഹമാധ്യമങ്ങളിലൂടെ സഞ്ചരിക്കുന്നു. ടെഡ്ഡി റേഡിയോയ്ക്കു ചെവി ചേർത്തിരിക്കുന്നു. ഭീകരാക്രമണങ്ങൾ അമേരിക്കൻ ജനതയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നു പറയുന്ന ഒരു അവതാരകന്റെ വാക്കുകൾക്കു ചെവിയോർക്കുകയാണയാൾ.
ഇന്നു സമൂഹം നേരിടുന്ന ഭീഷണികളിലൊന്നായ വ്യാജ വാർത്തയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നുണ്ട് നിക്ക് ഡ്രനേസോ. ഡിജിറ്റൽ കാലത്തെ ഒറ്റപ്പെടൽ, ഏകാന്തത, ഗുഡാലോചന സിദ്ധാന്തങ്ങൾ എന്നിവയും സബ്രിയുടെ വിഷയങ്ങളാണ്.
തിയറ്ററിലെ ഇരുട്ടിൽ ഇരുന്ന് ഒരു സിനിമ കാണുന്ന അതേ അനുഭൂതിയാണ് സബ്രിന എന്ന നോവലും സമ്മാനിക്കുന്നതെന്നാണ് കലാനിരൂപകരുടെ അഭിപ്രായം. പരീക്ഷണങ്ങളും പുതുമകളുമാണ് കലയുടെ കരുത്ത്; സ്വാഭാവികമായും സാഹിത്യത്തിന്റേതും. അടിസ്ഥാനപരമായി ആശയങ്ങൾ അക്ഷരങ്ങളിലൂടെ ആവിഷ്കാരം നടത്തുമ്പോഴും പുതിയ ശൈലികൾക്കും വ്യത്യസ്തമായ ആവിഷ്കാരരീതികൾക്കും വേണ്ടിയുള്ള നിരന്തരമായ അന്വേഷണം കൂടിയാണ് സാഹിത്യചരിത്രം. പുതിയ ഭാവുകത്വത്തിനുവേണ്ടിയുള്ള ആഗ്രഹം. വ്യത്യസ്ത ആശയങ്ങളെ ആവിഷ്ക്കരിക്കാനുള്ള ധൈര്യം. ആന്തരിക ചൈതന്യത്താലും പരീക്ഷണങ്ങളാലും എന്നും പുതുമ നിലനിർത്തുന്ന സാഹിത്യലോകത്തിനു കൗതുകമായിരിക്കുകയാണ് സബ്രിന.
കവിതയിൽ എഴുതിയ ഒരു നോവലും ഇത്തവണത്തെ ബുക്കർ ലോങ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. റോബിൻ റോബർട്സണിന്റെ ദ് ലോങ് ടേക്ക്.
ബുക്കർ പ്രൈസ് ലോങ്ങ് ലിസ്റ്റിലെ മറ്റു പുസ്തകങ്ങൾ:
റേച്ചൽ കുഷ്നറുടെ ദ് മാർസ് റൂം.
സാലി റൂനിയുടെ നോർമൽ പീപ്പിൾ.
മെക്കിൾ ഒണ്ടാച്ചിയുടെ വാർ ലൈറ്റ്.
ബെലിന്ദ ബോവറുടെ സ്നാപ്.
അന്ന ബേൺസിന്റെ മിൽക്മാൻ.
എസി എഡ്യുഗ്യാനിന്റെ വാഷിങ്ടൺ ബ്ളാക്ക്.
ഗുണരത്നേയുടെ ഇൻ അവർ മാഡ് ആൻഡ് ഫ്യൂരിയസ് സിറ്റി.
ഡെയ്സി ജോൺസണിന്റ എവരിതിങ് അണ്ടർ.
സോഫി മക്കിന്റോഷിന്റെ ദ് വാട്ടർ ക്യുർ
റിച്ചാർഡ് പവേഴ്സിന്റെ ദ് ഓവർസ്റ്റോറി.
ഡോണൽ റ്യാനിന്റെ ഫ്രം എ ലോ ആൻഡ് ക്വയറ്റ് സീ.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം