ആഗ്രഹങ്ങള്‍ നയിച്ച വഴിയിലൂടെ മാത്രം നടന്ന നയ്പാൾ

പാട്രിക് ഫ്രഞ്ച് ഒരു നിബന്ധനയേ മുന്നോട്ടുവച്ചുള്ളൂ. ഒന്നും മറച്ചുവയ്ക്കാന്‍ പാടില്ല. ഒരു രഹസ്യവും പാടില്ല. താന്‍ കണ്ടെത്തുന്ന സത്യം എഴുതുന്നതില്‍നിന്ന് തന്നെ തടയുകയുമരുത്. ഒരു വിസമ്മതവും പറഞ്ഞില്ല നയ്പാള്‍. ഒരുപക്ഷേ, അദ്ദേഹവും അതാഗ്രഹിച്ചിരിക്കും. വൈകിയവേളയില്‍ ഒരു തുറന്നുപറച്ചില്‍. എഴുപത്തഞ്ചുകാരനായ നയ്ളിപാനോടു സംസാരിച്ചും അദ്ദേഹം പോലും വായിച്ചിട്ടില്ലാത്ത ഭാര്യ പട്രീഷയുടെ ഡയറിക്കുറിപ്പുകള്‍ വായിച്ചും നിരന്തര ഗവേഷണം നടത്തിയും പാട്രിക് ഫ്രഞ്ച് പുറത്തിറക്കിയ പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ദ് വേള്‍ഡ് ഇസ് വാട്ട് ഇറ്റ് ഇസ്. നയ്പോളിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍പോലും ആ പുസ്തകം വാങ്ങിവായിച്ചു. കാരണം അതു നയ്പോള്‍ എഴുതിയതായിരുന്നില്ല. പകരം നയ്പാളിനെക്കുറിച്ച് എഴുതിയതായിരുന്നു. ജീവചരിത്രം. എഴുത്തുകാരന്‍ തന്നെ വായിച്ച് അംഗീകരിച്ചത്. വിവാദങ്ങളുണ്ടാക്കാന്‍ ഒരു മടിയും കാണിച്ചിട്ടില്ലാത്ത, കുടെനിന്നവരെ മുറിവേല്‍പിച്ച് ആഹ്ളാദിച്ച ഒരു മനുഷ്യന്റെ സ്വകാര്യജീവിതത്തിന്റെ പരസ്യചിത്രീകരണം. 

വി.എസ്. നയ്പാള്‍ എന്ന ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ജന്‍മനാടായ ട്രിനിഡാഡില്‍നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയായിരുന്നു. ബ്രിട്ടനിലെ ഓക്സ്ഫഡിലുള്ള, യൂണിവേഴ്സിറ്റി കോളജില്‍ സ്കോളര്‍ഷിപ്പോടെ ഇംഗ്ലിഷ് പഠനം. അക്കാലത്താണ് പട്രീഷയെ നയ്പാള്‍ കാണുന്നത്. അവര്‍ പിന്നീടു വിവാഹിതരുമായി. വിവാഹം കഴിച്ചെങ്കിലും നയ്പാള്‍ തനിക്കിഷ്ടമുള്ളപോലെ, സ്വതന്ത്രനായി, കടിഞ്ഞാണില്ലാത്ത കുതിരയായി മേഞ്ഞുനടന്നു. പട്രീഷയാകട്ടെ ഏറ്റവും അസംതൃപ്തി നിറഞ്ഞ ഒരു വിവാഹജീവിതത്തിന്റെ ഇരയായി മരണത്തിലേക്കു നടന്നുകൊണ്ടിരുന്നു. അവരുടെ ഡയറിക്കുറിപ്പുകളില്‍ അവരനുഭവിച്ച വേദനകളുണ്ട്. വിരഹമുണ്ട്. അപമാനവും തിരസ്കാരവും ഉണ്ട്. ഒരു സ്കൂള്‍ അധ്യാപികയുടെ ജോലി സ്വീകരിച്ച്, നയ്പാളിന്റെ എല്ലാ കൃതികളുടെയും ആദ്യവായനക്കാരിയായി, ഒരു ഗുമസ്ന്റെ ഭാര്യയെപ്പോലെ ജീവിച്ചു. 

നയ്പാള്‍ പട്രീഷയെ വിവാഹം കഴിക്കുന്നത് 1955-ല്‍. നാലുപതിറ്റാണ്ട് അവര്‍ ഒന്നിച്ചുകഴിഞ്ഞു. ഭാര്യ ജീവിച്ചിരിക്കെത്തന്നെ നയ്പാള്‍ അര്‍ജന്റീനക്കാരി മാര്‍ഗരിറ്റ് വുഡിങ്ങുമായി അടുപ്പം പുലര്‍ത്തി. അവര്‍ ഒരുമിച്ചായിരുന്നു യാത്രകള്‍. 24 വര്‍ഷം ആ ബന്ധം നീണ്ടുനിന്നു. പട്രീഷയോടു നയ്പാള്‍ തന്നെ പറഞ്ഞിട്ടുണ്ട് വുഡിങ്ങിനെക്കുറിച്ച്. എന്തുമാത്രം വുഡിങ്ങിനെ പ്രണയിക്കുന്നുണ്ടെന്ന്. പക്ഷേ, വിവാഹം കഴിഞ്ഞു മാസങ്ങള്‍ക്കകം താന്‍ ലണ്ടനില്‍ അഭിസാരികകളെ തേടിപ്പോയി എന്നു നയ്പാള്‍ 1994-ല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല പട്രീഷയ്ക്ക്. ഒരു വിവാഹമോതിരം പോലും വാങ്ങിത്തന്നിട്ടില്ലെങ്കിലും ക്രൂരതയോടെ പെരുമാറിയെങ്കിലും വിശ്വസ്തയായി, അച്ചടക്കമുള്ള ഭാര്യയായി അവര്‍ എന്നും നയ്പാളിനെ കാത്തിരുന്നു. പക്ഷേ, ഭര്‍ത്താവിന്റെ പരിധിയില്ലാത്ത പരസ്ത്രീബന്ധങ്ങളെക്കുറിച്ച് അറിഞ്ഞതോടെ അവര്‍ പൂര്‍ണമായും തകര്‍ന്നു. പിന്നീടു രണ്ടുവര്‍ഷം കൂടി മാത്രമേ അവര്‍‍ ജീവിച്ചിരുന്നുള്ളൂ. കാന്‍സര്‍ബാധിതയായി പട്രീഷ. അപ്പോഴും സഹതാപം പ്രകടിപ്പിക്കാനോ അനുകമ്പ കാണിക്കാനോ സാന്ത്വനിപ്പിക്കാനോ തയാറായില്ല നയ്പാള്‍. ആശുപത്രിയുടെ ഇടനാഴിയില്‍  ഏകാകിയായി പട്രീഷ ഊഴം കാത്തിരുന്നപ്പോള്‍ പുതിയൊരു പ്രണയത്തിന്റെ ലഹരിയില്‍ നയ്പാള്‍ സ്വയം സമര്‍പ്പിച്ചു. ഭാര്യ മരിക്കാന്‍പോകുന്നു എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഒടുവില്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ നയ്പാള്‍ തുറന്നുസമ്മതിച്ചു– ആ മരണത്തിനു പിന്നില്‍ ഞാനാണ്. ഞാനൊരു കൊലപാതകിയാണ്. എന്റെ ഭാര്യയെ കൊന്നതു ഞാനാണ്. 

പട്രീഷയുടെ മരണം നയ്പാളിനെ വേദനിപ്പിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ സാഹസികതകള്‍ക്ക് അദ്ദേഹത്തെ ശക്തനാക്കുകയായിരുന്നു. പട്രീഷ മരിച്ച് ആറാം ദിവസം നയ്പാള്‍ പാക്കിസ്ഥാനിലേക്കു യാത്രതിരിച്ചു- കാമുകി നാദിറയെ കാണാന്‍. സന്തതസഹചാരി മാര്‍ഗരറ്റ് വുഡിങ്ങിനു പ്രായമായതോടെയാണ് നയ്പാള്‍ ആ ബന്ധം അവസാനിപ്പിച്ചത്. പാക്കിസ്ഥാനില്‍ ദ് നേഷന്‍ ദിനപത്രത്തില്‍  പത്രപ്രവര്‍ത്തകയായിരുന്നു നാദിറ. പട്രീഷ മരിച്ചു രണ്ടുമാസം കഴിഞ്ഞപ്പോള്‍ നയ്പാള്‍ നാദിറയെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഒരു മകളുമുണ്ട് ജീവിതത്തില്‍ എന്നും സ്ത്രീകളെക്കുറിച്ചു പുച്ഛത്തോടെ മാത്രം സംസാരിച്ചിട്ടുള്ള നയ്പാളിന്. 

സ്വകാര്യജീവിതത്തില്‍ സ്വന്തം സുഖത്തിനുവേണ്ടി സ്ത്രീകളെ ഉപയോഗിച്ച നയ്പാളിന് എഴുത്തുകാരികളായ സ്ത്രീകളെയും പുച്ഛമായിരുന്നു. തനിക്കൊപ്പം നില്‍ക്കാന്‍ കഴിവുള്ള ഒരു എഴുത്തുകാരിയും ലോകത്തില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രൈഡ് ആന്‍ഡ് പ്രിജുഡിസ് ഉള്‍പ്പെടെയുള്ള നോവലുകളിലൂടെ ലോകത്തിന്റെ പ്രിയം നേടിയ ജെയ്ന്‍ ഓസ്റ്റിനെപ്പോലും അംഗീകരിച്ചില്ല നയ്പാള്‍. 

പാട്രിക് ഫ്രഞ്ച് എഴുതിയ  ജീവചരിത്രം വ്യക്തിയെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും നയ്പാളിനെ വെളിപ്പെടുത്തുകയായിരുന്നു. ദ് വേള്‍ഡ് ഇസ് വാട്ട്  ഇറ്റ്  ഇസ്. ലോകത്തെ മാറ്റാനോ മറിക്കാനോ വ്യാഖ്യാനിക്കാനോ അല്ല നയ്പാള്‍ ശ്രമിച്ചത്. ലോകം എന്താണോ അതായിത്തന്നെ അദ്ദേഹം ചിത്രീകരിച്ചു. ആഗ്രഹങ്ങള്‍ ഏതുവഴിയാണോ നയിച്ചത് ആ വഴിയിലൂടെ ജീവിച്ചു. ആദര്‍ശങ്ങളെ പിന്തുടര്‍ന്നില്ല. സദാചാര സംഹിതകളെ ഏഴയലത്തുപോലും അടുപ്പിച്ചില്ല. ഒടുവില്‍ താന്‍ എന്താണോ, ആരാണോ അതു തുറന്നുപറയുകയും ചെയ്തു. തിരശ്ശീല വീണിരിക്കുന്നത് വെറുമൊരു ജീവിതത്തിനല്ല; ഇരുണ്ട ഓര്‍മകള്‍ക്കും മുറിവേറ്റ ഒരു സംസ്കാരത്തിനും കൂടിയാണ്. 

Read More  Articles on Malayalam Literature & Books to Read in Malayalam