Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം ബാധിച്ച വായനശാലകള്‍ക്ക് ഡിസി ബുക്‌സ് പുസ്തകങ്ങൾ നൽകും

x-default

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിലെ വായനശാലകള്‍ പുനരുദ്ധരിക്കാന്‍ ഡി.സി ബുക്‌സും ഡി.സി കിഴക്കെമുറി ഫൗണ്ടേഷനും സംയുക്തമായി സഹായഹസ്തമൊരുക്കുന്നു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ വായനശാലകള്‍ക്കായി ഡി.സി ബുക്‌സ് സൗജന്യമായി നല്‍കും. മലയാളത്തിലെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ ഈ സംരംഭത്തിന്റെ ഭാഗമായി നല്‍കുന്നാണ്. 

കേരള ഗ്രന്ഥശാലാ സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ വായനശാലകള്‍ക്കാണ് ഡി.സി ബുക്‌സ് ഈ സൗകര്യമൊരുക്കുന്നത്. ഗ്രന്ഥശാലാ സംഘത്തിന്റെ താലൂക്ക് തല സെക്രട്ടറിയുടെയോ പ്രസിഡന്റിന്റെയോ സാക്ഷ്യപത്രമാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്. ഒപ്പം വില്ലേജ് ഓഫീസര്‍ ഒപ്പുവെച്ച വായനശാലയുടെ വിവരങ്ങളടങ്ങിയ  സാക്ഷ്യപത്രവും ഉള്‍പ്പെടുത്തണം. വായനശാലകള്‍ക്കായുള്ള  പുസ്തകങ്ങള്‍ 2018 സെപ്റ്റംബര്‍ 30 മുതല്‍ വിതരണം ചെയ്തു തുടങ്ങും.

വിശദവിവരങ്ങളടങ്ങിയ അപേക്ഷയും ലിസ്റ്റും സെപ്റ്റംബര്‍ 15നു മുമ്പായി പബ്ലിക്കേഷന്‍ മാനേജര്‍, ഡി.സി ബുക്‌സ്, ഡി.സി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം 01 എന്ന മേല്‍വിലാസത്തിലോ info@dcbooks.com എന്ന ഇ മെയിലിലോ അയക്കേണ്ടതാണ്.