വരുന്നു, ആനന്ദ് നീലകണ്ഠന്റെ ‘വാനര– ദ് ലെജൻഡ് ഒാഫ് ബാലി, സുഗ്രീവ ആൻഡ് താര’

മലയാളിയായ ഇംഗ്ലിഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുതിയ പുസ്തകം ‘വാനര– ദ് ലെജൻഡ് ഒാഫ് ബാലി, സുഗ്രീവ ആൻഡ് താര’ ദീപാവലിക്ക് പുറത്തിറങ്ങുന്നു. വാനര സഹോദരൻമാരായ ബാലിയുടെയും സുഗ്രീവന്റെയും കിഷ്കിന്ദയിലെ രാജകുമാരി താരയുടെയും കഥയെ ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ ബുക്കിങ് ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപെടെയുള്ള ഒാൺലൈൻ സൈറ്റുകൾ ആരംഭിച്ചു. പുരാണങ്ങൾ, ഇതിഹാസങ്ങൾ, ചരിത്രസംഭവങ്ങള്‍ എന്നിവ േകന്ദ്രീകരിച്ച് ഇംഗ്ലിഷിൽ രചന നടത്തുന്ന ആനന്ദ് നീലകണ്ഠന്റെ അഞ്ചാമത്തെ പുസ്തകമാണിത്. പെൻഗ്വിൻ പ്രസിദ്ധീകരിക്കുന്ന പുസ്തകം നവംബർ 13ന് പുറത്തിറങ്ങും. 

വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളുടെ ഗണത്തിലാണ് ആമസോൺ ആനന്ദിന്റെ ആദ്യ പുസ്തകമായ ‘അസുര’ ഉൾപെടുത്തിയിരിക്കുന്നത്. 2012ൽ ഏറ്റവും വിൽപന നേടിയ പുസ്തകങ്ങളുടെ ഗണത്തിൽ അത് ഇടം പിടിച്ചിരുന്നു. ‘അസുര’ വായിച്ച് ബാഹുബലി സിനിമയുടെ സംവിധായകൻ രാജമൗലി ആ സിനിമയുടെ പൂർവകഥ ഭാവനയിൽ കണ്ട് മൂന്നു പുസ്തകങ്ങൾ എഴുതാൻ ആനന്ദിനെ സമീപിച്ച് അഭ്യർഥിച്ചിരുന്നു. ഇതുപ്രകാരമുള്ള ‘ബാഹുബലി’ പുസ്തക പരമ്പരയിലെ ആദ്യപുസ്തകം ‘ദ് റൈസ് ഒാഫ് ശിവഗാമി’ കഴിഞ്ഞ വർഷം പുറത്തിറങ്ങി. രണ്ടാമത്തേതിന്റെ രചന പുരോഗമിക്കുകയാണ്. 

പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു ബാഹുബലി സിനിമകൾക്കു തുല്യമായ മൂന്നു വെബ് സീരീസിന് ഇൗ രംഗത്തെ ആഗോളഭീമനായ നെറ്റ്ഫ്ലിക്സുമായി അടുത്തിടെ കരാറായിരുന്നു. അഞ്ഞൂറു കോടിയോളം രൂപ മുടക്കിയാണ് വെബ്സീരിസുകൾ ചിത്രീകരിക്കുന്നതെന്ന് ആനന്ദ് നീലകണ്ഠൻ പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശിയായ ആനന്ദ്  മുംബൈയിൽ സാൻപാഡയിലാണു താമസം. സ്റ്റാർ പ്ലസ്, സോണി, കളേഴ്സ് ഉൾപെടെയുള്ള ചാനലുകളിൽ പുരാണ സീരിയിലുകൾക്ക് കഥയും തിരക്കഥയും ഒരുക്കുന്ന ഇദ്ദേഹം സീരിയൽ നിർമാണരംഗത്തും സജീവമാണ്.