മനുഷ്യൻ നിർമ്മിക്കുന്ന വ്യവസ്ഥകളെയെല്ലാം തകർക്കുന്ന ആന്തരിക ശക്തിയാണ് കവിതയെന്ന് കവി വി.ടി. ജയദേവൻ അഭിപ്രായപ്പെട്ടു. ഏതു മഹാ നിർമ്മിതിക്കുള്ളിലും അതിനെ തകർക്കാനുള്ള ഒരു പഴുത് ഒളിച്ചു വെച്ചിട്ടുണ്ടാകും. ഇരുണ്ട ആകാശത്തിലെ ഒറ്റ നക്ഷത്രം പോലെ കവിതയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു വാക്കുമതി വഴി കാട്ടാൻ. കവി രാഘവൻ ബെള്ളിപ്പാടിയുടെ തുറിച്ചു നോക്കുന്ന വാക്കുകൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കാസർകോട് പബ്ലിക് സർവ്വന്റ്സ് ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരൻ പദ്മനാഭൻ ബ്ലാത്തൂർ പുസ്തകം ഏറ്റുവാങ്ങി. കവി നാലപ്പാടം പദ്മനാഭൻ പുസ്തക പരിചയം നടത്തി. കന്നട കവി രാധാകൃഷ്ണ ഉളിയത്തടുക്ക, കവയിത്രി രാധാബേഡകം, ടി.കെ. രാജശേഖരൻ, അഷ്‌റഫ് അലി ചേരംകൈ, എസ്.എം. മഞ്ജിമ, മേഘ മൽഹാർ, അഖിലേഷ് നഗുമുഖം എന്നിവർ ആശംസകൾ നേർന്നു. ഗഡിനാടു സാഹിത്യ സംസ്കൃതി അക്കാദമി ചെയർമാൻ പ്രഭാകര കല്ലൂരായ മുഖ്യാതിഥിയായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗം വി.വി. പ്രഭാകരൻ അധ്യക്ഷനായിരുന്നു. രാഘവൻ ബെള്ളിപ്പാടി മറുപടി പ്രസംഗം നടത്തി. കെ രാഘവൻ മാസ്റ്റർ സ്വാഗതവും രവീന്ദ്രൻ പെരുമ്പള നന്ദിയും പറഞ്ഞു.