Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പൂ നിറമുള്ള പകലുകളുടെ പരിഭാഷ തയാറാക്കിയത് വല്ലനയുടെ ചെറുമകൾ

jasmine-days

ആദ്യ മൊഴിമാറ്റ പുസ്തകം തന്നെ രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പുരസ്‌കാരം നേടുക! ബെന്യാമിന് ജെസിബി പുരസ്‌കാരം ലഭിച്ച മുല്ലപ്പൂ നിറമുള്ള പകലുകളുടെ ഇംഗ്ലിഷ് പരിഭാഷ ജാസ്മിൻ ഡേയ്‌സ് എന്ന പേരിൽ മൊഴിമാറ്റിയ ഷഹനാസ് ഹബീബ് നേടിയത് സ്വപ്‌നതുല്യമായ നേട്ടം. കഥാകാരന്റെ അയൽനാട്ടിൽ തന്നെയാണ് പരിഭാഷകയുടെ കുടുംബവേരുകൾ എങ്കിലും ഇതുവരെ പരസ്പരം കണ്ടിട്ടില്ല. 

ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ ഷഹനാസ് ഹബീബ് ആഗോള സാഹിത്യ മാഗസിനുകളിലെ സ്വതന്ത്ര എഴുത്തുകാരിയാണെങ്കിലും പുസ്തകം വിവർത്തനം ചെയ്യുന്നത് ആദ്യമാണ്. പ്രസാധകരായ ജഗ്ഗർനോട്ടിലെ എഡിറ്റർ വഴിയാണ് മൊഴിമാറ്റാനുള്ള നിയോഗം ലഭിച്ചത്. നോവൽ ദ്വയത്തിലെ ‘അൽഅറേബ്യൻ നോവൽ ഫാക്ടറി’ വിവർത്തനം ചെയ്യുന്ന തിരക്കിലാണിപ്പോൾ. ഇതിനിടയിലാണ് അവാർഡ് തേടിയെത്തിയത്. വിവർത്തക എന്ന നിലയിൽ 5 ലക്ഷം രൂപയുടെ അവാർഡ് ഷഹനാസിനുമുണ്ട്. 

ബെന്യാമിന്റെ നാടായ കുളനടയിൽ നിന്ന് 4 കിലോമീറ്റർ മാത്രം അകലെയുള്ള വല്ലനയിൽ നിന്ന് വർഷങ്ങൾക്കു മുൻപ് എറണാകുളം കലൂരിലേക്ക് താമസം മാറിയ കുടുംബത്തിലെ അംഗമാണ് ഷഹനാസ്. പിതാവ് ഹബീബ് മുഹമ്മദ് ഫെഡറൽ ബാങ്ക് മാനേജരും പിന്നീട് ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അതോറിറ്റി ചീഫ് എസ്റ്റേറ്റ് ഓഫിസറുമായിരുന്നു. 

കഴിഞ്ഞ തവണ ഷഹനാസ് നാട്ടിൽ വന്നപ്പോൾ ബെന്യാമിനെ കാണാൻ ശ്രമം നടത്തിയെങ്കിലും പ്രളയം കാരണം സാധിച്ചില്ല. ബെന്യാമിനാകട്ടെ പ്രളയത്തിൽപ്പെട്ട സ്വന്തം വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടിയും വന്നിരുന്നു. അടുത്ത അവധിക്ക് നാട്ടിലെത്തുമ്പോൾ തമ്മിൽ കാണണമെന്നാണ് ആഗ്രഹം. 

എറണാകുളം സെന്റ് തെരേസാസ് ചെയർപഴ്‌സൻ‌ ആയിരുന്ന ഷഹനാസ് ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ഒന്നാം റാങ്കോടെ ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

ഫോർഡ് ഫൗണ്ടേഷന്റെ ഫെലോഷിപ് നേടി ന്യൂയോർക്ക് ന്യൂസ് സ്‌കൂൾ യൂണിവേഴ്‌സിറ്റിയിൽ മീഡിയ ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. ന്യൂയോർക്കർ മാഗസിനിലടക്കം ജോലി ചെയ്തിട്ടുണ്ട്. സുഹൃത്തുക്കൾ ചേർന്ന ലോൺട്രി ലിറ്റററി മാഗസിൻ എന്ന ഓൺലൈൻ സംരംഭവും നടത്തി. ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്. 

ഭർത്താവ് അമേരിക്കക്കാരനാണ്. 7 വയസ്സുള്ള മകളുമുണ്ട്.