മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ ഓര്‍മ്മകളും അനുഭവക്കുറിപ്പുകളുമടങ്ങിയ പുസ്തകം 'ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' പുറത്തിറങ്ങി. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ റൊമാന്റിക് ഹീറോ ആയി മാറിയ ടൊവിനോയുടെ ആദ്യ പുസ്തകമാണ് വിപണിയിലെത്തിയിരിക്കുന്നത്.
വിദ്യാഭ്യാസം, വായന, യാത്രകള്‍, പ്രണയം, നവ മാധ്യമങ്ങള്‍, ഫാന്‍സ്, സിനിമയിലെ അദൃശ്യ മനുഷ്യര്‍, ധനുഷ്, മാധവിക്കുട്ടി, മതം, രാഷ്ട്രീയം, മനുഷ്യത്വം...തുടങ്ങി നിരവധി വിഷയങ്ങളാണ് തന്റെ ആദ്യ പുസ്തകത്തില്‍ ടൊവിനോ കുറിപ്പുകളായി അവതരിപ്പിക്കുന്നത്.
കാര്‍, ഫോണ്‍ തുടങ്ങിയ എല്ലാ സംഗതികളും എല്ലാ മാസവും അപ്-ഡേറ്റ് ചെയ്യപ്പെടുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസം മാത്രമെന്താണ് കാലഘട്ടിനനുസരിച്ച് അപ്‌ഡേറ്റ് ആവാത്തതെന്ന് 'ചില വിദ്യാഭ്യാസ ചിന്തകള്‍' എന്ന കുറിപ്പിലൂടെ ടൊവിനോ ഇതില്‍ ചോദിക്കുന്നുണ്ട്.
തന്നെ ഇഷ്ടപ്പെടുന്നവര്‍ താനില്ലാത്ത മറ്റു സിനിമകളും പ്രോല്‍സാഹിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ആരാധകരോടായി ടൊവിനോ തന്റെ പുസ്തകത്തില്‍ കുറിക്കുന്നത്.
മുപ്പത് അധ്യായങ്ങളുള്ള പുസ്തകത്തില്‍ ഒരു പ്രേക്ഷകനെന്ന നിലയിലുള്ള തന്റെ ആദ്യ കാലം തൊട്ട് ചലച്ചിത്ര നടനാകുന്നതു വരെയുള്ള നിരവധി ഓര്‍മ്മകള്‍ ടൊവിനോ പങ്കു വെക്കുന്നുണ്ട്.
ജാതി-മത-രാഷട്രീയ ഭേദമന്യേ കേരളീയര്‍ അങ്ങോട്ടുമിങ്ങോട്ടും സ്നേഹിച്ചത് അടുത്തിടെയുണ്ടായ പ്രളയ കാലത്താണെന്നാണ് ടൊവിനോ 'പ്രളയ പാഠങ്ങള്‍' എന്ന കുറിപ്പില്‍ എഴുതുന്നത്.
'ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' കോഴിക്കോടുള്ള ഇന്‍സൈറ്റ് പബ്ലിക്ക എന്ന പ്രസാധകരാണ് പുറത്തിറക്കുന്നത്. പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ മധുപാലിന്റേതാണ് അവതാരിക.
ഇങ്ങനെയൊരു പുസ്തകത്തിലൂടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കു വയ്ക്കാന്‍ തന്നെ പ്രാപ്തനാക്കിയ പരിചിതരും അപരിചിതരുമായ മനുഷ്യര്‍ക്കാണ് ടൊവിനോ തന്റെ ആദ്യ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. പുസ്തകം ഉടൻ വിപണിയിലെത്തും.