രവിവർമ തമ്പുരാന്റെ കഥാസമാഹാരത്തിന്റെ പ്രകാശനവും കഥാചർച്ചയും കോട്ടയത്തു നടന്നു. 'കഥകൾ രവിവർമ തമ്പുരാൻ' എന്ന പുസ്തകത്തിന്റെ ആദ്യപ്രതി കഥാകൃത്ത് അയ്മനം ജോൺ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആർ. ഇന്ദുഗോപന് കൈമാറി. എഴുത്തുകാരൻ കെ.ബി. പ്രസന്നകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സമകാലിക മലയാള കഥ - ദേശവും ഭാഷയും എന്ന വിഷയത്തിൽ മനോജ് കുറൂർ മുഖ്യപ്രഭാഷണം നടത്തി. നിരൂപക മായ എം. നായർ, അനിൽ വേഗ എന്നിവർ യോഗത്തിൽ സംസാരിച്ചു. ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
സാഹിത്യവും കലയും വളരെ ജാഗ്രതയോടുകൂടി കൈകാര്യം ചെയ്യേണ്ട കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽ കെ.ബി. പ്രസന്നകുമാർ ഓർമിപ്പിച്ചു. പുതിയകാല കഥകൾ ആത്മാവിഷ്കാരം എന്നതിൽ ഉപരിയായി നിർമിതി എന്ന തലത്തിലേയ്ക്ക് മാറിയിരിക്കുന്നുവെന്ന് അയ്മനം ജോൺ അഭിപ്രായപ്പെട്ടു.
എഴുത്തുകാരൻ എഴുത്ത് എന്ന പ്രക്രിയയിൽ ഉടനീളം അനുഭവിക്കേണ്ടി വരുന്ന ആത്മസംഘർഷങ്ങളും വേദനകളും കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ വേദിയിൽ പങ്കുവെച്ചു.
നമ്മുടെ ചുറ്റുപാടും കാണുന്ന ജീവിതം, നമ്മുടെ തന്നെ അന്തരിക ജീവിതം, ഭാവനയിലൂടെ നമ്മൾ സൃഷ്ടിച്ചെടുക്കുന്ന ജീവിതം ഇവയെല്ലാം ചേരുന്ന ജീവിതത്തെ എങ്ങനെ ഭാഷയിലേയ്ക്കു മാറ്റാം, എങ്ങനെ ഒരു സാഹിത്യ രൂപത്തിലേക്കു മാറ്റാം എന്നുള്ള അന്വേഷണത്തിൽ നിന്നാണ് ഒരു സാഹിത്യ സൃഷ്ടി പിറക്കുന്നതെന്ന് മനോജ് കുറൂർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
രവിവർമ തമ്പുരാന്റെ എഴുത്തിലെ ലാളിത്യവും നന്മയും വേദിയിൽ ചർച്ചയായി.