നെഞ്ചി‌ടിപ്പിനു വേഗത കൂടും; നിഗൂഢതകളുടെ ചുവന്ന മനുഷ്യന് പുനർജന്മം

റയാൻ പുഷ്പനാഥ് മുത്തച്ഛൻ കോട്ടയം പുഷ്പനാഥിനൊപ്പം.

ഒരു തലമുറയെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുനടത്തിയതിൽ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ പങ്ക് ചെറുതല്ല. നിഗൂഢതയുടെ ചുരുളഴിക്കാൻ അദ്ദേഹം സൃഷ്ടിച്ച ഡിറ്റക്ടീവ് മാർക്സിനും ഡിറ്റക്ടീവ് പുഷ്പരാജിനുമൊപ്പം വായനക്കാർ ചങ്കിടിപ്പോടെ നടന്നു. മലയാള ഡിറ്റക്ടീവ് സാഹിത്യത്തിന്റെ ചക്രവർത്തിയായി പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന കോട്ടയം പുഷ്പനാഥ് എഴുതിയത് മുന്നൂറ്റൻപതിലേറെ നോവലുകൾ. 

സാധാരണക്കാരുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെന്ന ആ കഥാപാത്രങ്ങളെ മലയാളത്തിന് എങ്ങനെ മറക്കാൻ കഴിയും? ഡിറ്റക്ടീവ് മാർക്സിനും ഡിറ്റക്ടീവ് പുഷ്പരാജും വീണ്ടും എത്തുകയാണ് വായനക്കാരെ തേടി. കോട്ടയം പുഷ്പനാഥിന്റെ നോവലുകളെല്ലാം വീണ്ടും പ്രസിദ്ധീകരിക്കുവാനൊരുങ്ങുകയാണ് കോട്ടയം പുഷ്പനാഥിന്റെ കൊച്ചുമകൻ റയാൻ പുഷ്പനാഥ്. മലയാളം നെഞ്ചേറ്റിയ കഥയുടെയും കഥാപാത്രങ്ങളുടെയും ഇന്നത്തെ അവകാശി റയാൻ ആണ്.

ഒരുകാലത്ത് ആരാധകരുടെ നെഞ്ചിടിപ്പായിരുന്ന പുസ്തകങ്ങളുടെ ഉടമസ്ഥാവകശം തന്നെ ഏൽപ്പിച്ച് മുത്തച്ഛൻ മടങ്ങിയപ്പോൾ, പഴയകാലത്തിന്റെ ഓർമകളായി ആ കഥാപാത്രങ്ങളെ പിന്നിൽ ഉപേക്ഷിച്ചുകളയാൻ റയാന് ആകുമായിരുന്നില്ല. അങ്ങനെയാണ് ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ച് റയാൻ നാട്ടിലേയ്ക്ക് തിരിച്ചത്. കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനിലൂടെ മുത്തച്ഛന്റെ പുസ്തകങ്ങൾക്ക് വീണ്ടും ജീവനേകാൻ ഒരുങ്ങുകയാണ് റയാൻ. കോട്ടയം പ്രസ്‌ക്ലബ്ബില്‍ വെച്ച് നവംബര്‍ 24 നാണ് ആദ്യപ്രകാശനം. പുഷ്പനാഥിന്റെ ആദ്യനോവലായ 'ചുവന്ന മനുഷ്യനാണ്' ഇപ്പോള്‍ പ്രകാശനത്തിനൊരുങ്ങുന്നത്. മറ്റു പുസ്തകങ്ങൾ പിന്നാലെ എത്തും.

കോട്ടയം പുഷ്പനാഥിന്റെ എഴുത്തിന്റെ അൻപതാം വാർഷികത്തിലാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം വീണ്ടും വായനക്കാരെ തേടി എത്തുന്നത്. 1968ല്‍ ആണ് മലയാളികളുടെ സങ്കൽപങ്ങളെയും, വായനാനുഭവങ്ങളെയും പുതിയൊരു ലോകത്തേയ്ക്ക് ക്ഷണിച്ചുകൊണ്ട്  'ചുവന്ന മനുഷ്യൻ' പ്രസിദ്ധീകരിച്ചു തുടങ്ങിയത്. കോട്ടയം പുഷ്പനാഥിന്റെ എല്ലാ പുസ്തകങ്ങളും കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനിലൂടെ വീണ്ടും വായനക്കാരുടെ കയ്യിൽ എത്തുമെന്ന് ഉറപ്പു തരുന്നു റയാൻ പുഷ്പനാഥ്.