കഴുകിത്തുടച്ച തൂശനിലയുടെ മുന്നിൽ കൈ കഴുകിയിരിക്കും പോലെയാണ് ‘ആവി പാറുന്ന പാത്രം’ എന്ന പുസ്തകം തുറക്കുമ്പോൾ. രുചിയുള്ള ചൂടൻ വിഭവങ്ങളാണ് ഓരോ താളിലും. കവിതയിലെ വിഭവങ്ങൾ കൂടിയാവുമ്പോൾ വായിച്ചു തീർന്നാലും കൈ മണക്കാൻ തോന്നും. മലയാള മനോരമ ചീഫ് സബ് എഡിറ്റർ എം.പി. സതീശൻ എഴുതിയ ‘ആവി പാറുന്ന പാത്രം’ എന്ന ലേഖന സമാഹാരം ആഹാരപ്രിയർക്കും കവിതാപ്രേമികൾക്കും ഒരുപോലെ ആസ്വാദ്യമാവുന്നു
കാഞ്ഞ വയറും വറ്റില്ലാത്ത ദിവസങ്ങളിലെ വിശപ്പും നിറവുള്ള അടുക്കളയും കൈപ്പുണ്യവും രുചിയും കയ്പ്പുമെല്ലാമാണു ലേഖനങ്ങളിലെ മുഖ്യ വിഭവങ്ങൾ. ആഹാരവും ആഹാര സന്ദർഭങ്ങളും പ്രമേയമായ കവിതകളിൽനിന്നു കടഞ്ഞെടുത്തതാണെല്ലാം. ഒപ്പം ആഹാര സംബന്ധിയായ ജീവിത ദർശനങ്ങളും തൊടുകറിയായി കൂട്ടിനെത്തുന്നു.
മെട്രോ മനോരമയിൽ പ്രസിദ്ധീകരിച്ച ‘കാവ്യരസം’ എന്ന പ്രതിവാര പംക്തിയുടെ പുസ്തകരൂപമാണിത്. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു പുസ്തകം പ്രകാശനം ചെയ്തു. എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് ആദ്യ പ്രതി സ്വീകരിച്ചു. മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, അസോഷ്യേറ്റ് എഡിറ്റർ പി.ജെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.