Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലനെയ്യുന്നവർ

teacher

രാത്രി ഉറക്കത്തിനിടെ അവൾ ഞെട്ടിയുണർന്നു. ദുസ്വപ്നത്തിൽ അവശേഷിച്ച ഒരു തുള്ളി വെളിച്ചത്തിന്റെ ഇതൾ പിടിച്ച്, ദിവസങ്ങൾക്ക് മുൻപുള്ള ഒരു പകലിനെ ഓർത്തെടുക്കാൻ മേരി ഏറെ ശ്രമപ്പെട്ടുകൊണ്ടിരുന്നു. മുറിക്കുള്ളിൽ ഉലാത്തിയും പഴയ പുസ്തക താളുകൾക്കിടയിൽ പരതിയും അവൾ ഒരോർമ്മയെ ആ രാത്രി മുഴുവൻ അന്വേഷിച്ച് നടന്നു. ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന അവളുടെ ഓർമ്മയ്ക്കും അപ്പുറമായിരുന്നു തലയണക്കടിയിൽ അവൾ തന്നെ ഒളിപ്പിച്ച് വച്ച ഇളംപച്ച പുറം ചട്ടയുള്ള ഡയറിയുടെ സ്ഥാനം. അതിൽ ഒരു കഥപോലെ ആ പകലിലേക്കുള്ള വഴി എഴുതിച്ചേർത്തിട്ടുണ്ടായിരുന്നു.

__________________________________

(29/1/2000)

മാധവൻ മാഷ് നന്നായി ചിത്രം വരയ്ക്കും. പക്ഷേ നല്ല ഒന്നാന്തരം മടിയനുമാണ്. ചേലേരി സ്കൂളിലെ 7–ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കണക്കിലെ പാഠഭാഗങ്ങൾ മാഷ്‌ സസൂക്ഷ്മം പറഞ്ഞുകൊടുക്കുന്നതിനിടയിൽ, എന്റെ വിഷയമായ ഇംഗ്ലീഷ് ക്ലാസിലേക്ക് പോകും വഴി പലതവണ ഞാനയാളെ അയാളറിയാതെ വീക്ഷിച്ചുകൊണ്ടിരുന്നു.

മലയാളാധ്യാപകനായ മാധവൻ എല്ലാവിഷയങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നത് ഒരു അത്ഭുതത്തോടും കൂടി ഞാൻ നോക്കിനിന്നു. സാമാന്യം തടിച്ചതും കറുത്തതുമായ ശരീരപ്രകൃതിയോടും കൂടിയ ഒരു പുരുഷൻ. നര മടിച്ച് മടിച്ച് കേറിത്തുടങ്ങിയ താടി. അലക്ഷ്യമായി വെട്ടിയൊതുക്കാതെ വച്ച മുടി, ചിലപ്പോൾ ദിവസങ്ങളോളം ഒരേ വസ്ത്രം തന്നെ ധരിച്ച് സ്‌കൂളിലേക്ക് വരുന്ന മാധവൻ മാഷിന് മുപ്പത് മുപ്പത്തിഅഞ്ച് വയസ്സ് പ്രായം തോന്നിക്കും.

ക്ലാസിൽ ഉറക്കെയും വ്യക്തമായും സംസാരിക്കുന്നയാൾ, അതിനുപുറത്ത് മുനിയായി. അശ്രദ്ധയോടും കൂടി വേഗത്തിലുള്ള നടത്തം പലപ്പോഴും മറ്റുള്ളവരെ അലോസരപ്പെടുത്തി. പക്ഷേ, വായനയിലും ക്ലാസിലും അയാളുടെ അത്രയും ശ്രദ്ധ ആ സ്കൂളിൽ മറ്റാർക്കും തന്നെ ഉണ്ടായിരുന്നില്ല. 

(5/3/2000)

സ്റ്റാഫ് റൂമിൽ മറ്റാരും ഇല്ലാത്തൊരു ഉച്ചസമയം, ബുക്ക്ഷെൽഫിൽ പുസ്തകങ്ങൾ തിരഞ്ഞുംകൊണ്ടിരുന്ന മാധവൻ മാഷോട് പരിഹാസരൂപേണ, ഞാൻ മുൻപിലെ മേശയ്ക്കു മുകളിൽ തുറന്നുവച്ച ഇംഗ്ളീഷ് ഗൈഡിന്റെ പേജുകൾ പതിയെമറിച്ചും കൊണ്ട് ചോദിച്ചു:

"ഈ സൗന്ദര്യമില്ലായ്മയിലും ഒരു സൗന്ദര്യം ഉണ്ടല്ലേ മാഷേ..?"

ചോദ്യത്തിലെ ഹാസ്യം മനസ്സിലാവാതെ, അതേ ഗൗരവത്തോടെ അയാൾ എന്നെ തിരിഞ്ഞുനോക്കി ഒരു നിമിഷം എന്തോ ആലോചനയിൽ ചെന്ന് വീണുപോയതുപോലെ നിന്നു. പെട്ടെന്ന് മനസ്സിന്റെ ഒരു കോണിൽ പോറൽ വീഴ്ത്തിയ അപ്രതീക്ഷിതമായൊരു ഉത്തരം അയാളെ പിരിമുറക്കത്തിലാക്കിയതായി എനിക്ക് തോന്നി.

"എന്താ മാഷേ.." അയാളിലെ ഭാവമാറ്റം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉള്ളിൽ മൊട്ടിട്ട ഒരു ഭയം പുറത്ത് കാട്ടാതെ ഞാൻ ചോദിച്ചു.

"ഏയ്..." മാധവൻ മാഷ്‌ ഒളിപ്പിച്ചുവച്ച ഭയത്തോടെ പുസ്തകക്കൂട്ടങ്ങൾക്കിടയിലേക്ക് തന്നെ തിരിഞ്ഞു.

(6/3/2000)

ഇന്ന് വൈകിട്ട് സ്കൂൾവിട്ട് പോകാൻ നേരം...ഞാൻ എന്റെ പുസ്തകങ്ങളും മറ്റും ബാഗിൽ തിരക്കിട്ട് തിരുകികയറ്റുന്നതിനിടയിൽ സ്റ്റാഫ് റൂമിലേക്ക് വേഗത്തിന്റെ കയറിവന്ന മാധവൻ മാഷ് എന്നോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു:

"താൻ ഇന്നലെ എന്നോട് എന്തായിരുന്നു ചോദിച്ചത്..?"

"അത്, അതുപിന്നെ മാഷേ.."

അത്ഭുതവും ഭയവും സംശയവും കലർന്ന ഇടറുന്ന ശബ്‌ദത്തോടെ ഞാൻ പറഞ്ഞു:

"മാഷേ അത് ഞാനൊരു തമാശ പറഞ്ഞതായിരുന്നു. മാഷിപ്പോഴും..?"

"മേരി, എന്റെ ജീവിതത്തിൽ തമാശകളൊന്നും ഉണ്ടാകാറില്ല, സൗന്ദര്യമില്ലായ്മ അത് എനിക്ക് എപ്പോഴും സൗന്ദര്യമില്ലായ്മ തന്നെയാണ്."

"അത് മാഷിന് വെറുതെ തോന്നുന്നതാണ്."

"അല്ല മേരി.."

"ആണെന്നേ.." അതും പറഞ്ഞുകൊണ്ട് വേഗത്തിൽ ബാഗെടുത്ത് ഞാൻ ഇറങ്ങാൻ തുനിഞ്ഞു. അപ്പോൾ എന്റെ കയ്യിൽ കയറിപ്പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു:

"താൻ ഒരു പകൽ എന്റെ കൂടെ കഴിയുമോ..?"

അയാളുടെ ചുണ്ടുകൾ വിറച്ചു. അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ അല്പസമയം നിശ്ചലമാക്കി.

കഴിഞ്ഞ ദിവസം എന്റെ പരിഹാസം കലർന്ന ചോദ്യം നേരിട്ടപ്പോൾ അയാളുടെ മുഖത്ത് പരന്ന അതേ ഭയം അതിന്റെ പതിന്മടങ്ങായി അപ്പോഴാ മുഖത്ത് നിന്നും വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു എനിക്ക്.

_________________________________

ജനാല വഴി ഇരുട്ടിലേക്ക് നോക്കിനിൽക്കുകയായിരുന്ന മേരി

അകലെ പാതിയും തകർന്ന പഴയൊരു കെട്ടിടത്തിന്റെ അവശേഷിപ്പിൽ നിന്നും മറന്നുപോയ ഡയറിയുടെ ഓർമ്മയിൽ കൊളുത്തി തെന്നിവീണു. അവളത് തലയണക്കടിയിൽ നിന്നും വീണ്ടെടുത്ത് പലവട്ടം വായിച്ചു.

'മാഷെന്തിനായിരിക്കും തന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ടാവുക.' അവൾ സംശയിച്ചു. പലവട്ടം തന്നോട് തന്നെയായി ചോദിച്ചുകൊണ്ടിരുന്ന ആ ചോദ്യത്തിനൊടുവിൽ ഉത്തരമില്ലാതെ അവൾ അടുത്ത അവധിദിനം തന്നെ സ്‌കൂളിനോട് ചേർന്നുള്ള മാധവൻ മാഷിന്റെ വാടകവീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.

____________________________

ഞായറവധിയുടെ അലസതയും വിരസതയും കൂടിച്ചുചേർന്നു വിയർത്തുതുടങ്ങിയ പകൽ ചൂടിന്റെ കൂടെ മേരി മാധവന്റെ വീട്ടിലേക്ക് നടന്നു. ചെറിയ വാടക വീടിന്റെ മുറ്റത്തെത്തിയപ്പോൾ അവളുടെ വരവ് മുൻകൂട്ടിയറിഞ്ഞത് പോലെ അയാൾ അവളെ ഒരു പുഞ്ചിരിയോടെ അകത്തെക്ക് ക്ഷണിച്ചു.

"ഇരിക്കൂ.." അടുത്തുള്ള സോഫാസെറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടു മാധവൻ പറഞ്ഞു.

മേരി തന്റെ ബാഗ് മാറോട് ചേർത്തു പിടിച്ചുകൊണ്ട് ഇരുന്നപാടെ ഇല്ലാത്ത നാണഭാവം മുഖത്ത് വരുത്തിക്കൊണ്ട് ചോദിച്ചു:

"മാഷേ.. മാഷിന് എന്നോട് പ്രണയമാണോ..?"

"ഈ വയസ്സാംകാലത്ത് പ്രണയമോ..!"

"പിന്നെയെന്തിനാ മാഷേ എന്നെ ഇങ്ങോട്ട് ക്ഷണിച്ചത്..?"

"അത്.. എന്തോ വെറുതെ സംസാരിച്ചിരിക്കണം എന്ന് തോന്നി.. ഇത് വരെ ആരോടും തോന്നിയിട്ടില്ലാത്ത ഒന്ന്.."

"അതെന്താണ് മാഷേ.."

മാധവൻ ഒന്നും മിണ്ടിയില്ല.

"ഉം, എന്നാ പിന്നെ ഞാൻ തന്നെ തുടങ്ങാം അല്ലേ.. വാ മാഷിവിടെയിരി."

മേരി ഒന്ന് ഇളകിയിരുന്നു.

"മാഷേ സത്യം പറ എന്നോട് എന്തോ ഒരു ഇഷ്ടമില്ലേ മാഷിന്.. എന്റെ കണ്ണുകളിലേക്ക്‌ നോക്കൂ മാഷേ, എനിക്കത്ര പ്രായൊന്നും ആയിട്ടില്ല. വേണേൽ ഒന്ന് പ്രണയിച്ച് നോക്കിക്കോളൂ.."

അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. അത് മാധവനെ അലോസരപ്പെടുത്തി. നെറ്റിചുളിച്ച് അയാൾ ഉപദേശസ്വരത്തോടെ പറഞ്ഞു:

"താനെന്തിനാ ഇങ്ങനെ ഉറക്കെ ചിരിക്കുന്നത്. സ്ത്രീകൾ അധികം ഒച്ചവയ്ക്കരുത് മേരി."

"ഹ ഹ അങ്ങനെയൊക്കെ ഉണ്ടോ മാഷേ.."

അവൾ ശ്രമപ്പെട്ട് ചിരിയടക്കാൻ ശ്രമിച്ചുംകൊണ്ട് തുടർന്നു:

"സാരമില്ല, ഞാനിങ്ങനെയൊക്കെ തന്നാ.."

"പിന്നേ, മാഷ് ക്ലാസിൽ വരച്ച, ആ ചിലന്തീടേ ചിത്രം ഞാനും കണ്ടു. അത് മായിച്ചുകളയേണ്ടതില്ലായിരുന്നു മാഷേ.."

അത് കേട്ടതും അയാളുടെ മുഖത്ത്, പാതിതുറന്ന ജനാല വഴി പുറത്തെ ചൂട് പടർന്നു. പിന്നെയത് ഇരുട്ട് നിറഞ്ഞ വിഷാദമായിമാറി.

മാധവൻ അതേ ഇരിപ്പിൽ കുനിഞ്ഞ് പഴക്കംവന്ന സോഫാസെറ്റിന്റെ അടിയിൽ കൈയിട്ട് കാലിയായ അനേകം മദ്യക്കുപ്പികൾക്കിടയിൽ നിന്നും, ഒരു പുത്തൻ വോഡ്കാ കുപ്പി പുറത്തെടുത്തു. അത് തുറന്ന്, ചിത്രപ്പണികളുള്ള രണ്ടുഗ്ലാസുകളിലായി പകർന്ന്, ഒന്ന് മേരിക്ക് നീട്ടി.

"അയ്യേ, ഞാനിതൊന്നും കുടിക്കില്ല. മാഷ്‌ നല്ല കള്ളുകുടിയനാണല്ലേ, ഇനീം കുറേ ഉണ്ടോ ഇതിന്റടീൽ.."

അവൾ ആ സോഫയ്ക്കടിയിലേക്ക്,  കുനിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു. അയാളത് ശ്രദ്ധിച്ചില്ല.

"മേരി, അതൊരു ഭ്രാന്തൻ ചിലന്തിയാണ്‌.

എത്രയോ, രാത്രികളിൽ എന്റെ നിദ്രകളിൽ അവൻ കയറി വന്നിരിക്കുന്നു. ഞാൻ ഉണർന്നാൽ അപ്പോൾ ഓടിക്കളയും, ചിലപ്പോൾ കുളിമുറിച്ചുമരിലെ മാറാല പിടിച്ച ജനാലക്കമ്പികൾക്കിടയിൽ ചത്തുപോയവനെപ്പോലെ കിടക്കും. മറ്റുചിലപ്പോൾ പഴയ പത്രത്താളുകൾക്കിടയിലോ, പുസ്തകക്കൂനകൾക്കടിയിലോ പ്രത്യക്ഷപ്പെടും. ഒരിക്കൽ എന്റെ ഈ ഷർട്ടിന്റെ പോക്കറ്റിൽവരെ കയറി ഒളിച്ചിരുന്നു. എന്നെങ്കിലും വല്ലതും വരക്കാൻ തോന്നിയാൽ ആദ്യമധ്യാന്തം വരച്ചുകൂട്ടുന്നതും ഈ ഭ്രാന്തനെ തന്നെ."

അത് പറഞ്ഞു തീർന്നതും, മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും അനാവശ്യഭാരമെന്തോ അഴിച്ചുകളഞ്ഞവനെ പോലെ, അയാൾ തന്റെ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു.

"എന്താ മാഷേ വെറുമൊരു ചിലന്തിയെ മാധവനെന്ന വീരപുരുഷന് പേടിയോ.."

കടുംറോസ് ലിപ്സ്റ്റിക് തേച്ച് ഭംഗിവരുത്താൻ ശ്രമിച്ച് വികൃതമാക്കപ്പെട്ട തന്റെ തടിച്ചുകറുത്തചുണ്ടുകൾ കോട്ടി മേരി പുച്ഛഭാവത്തോടെ ജാനലവഴി പുറത്തെ ആളൊഴിഞ്ഞ റോഡിലേക്ക് നോക്കിയിരുന്നു.

"ഞാൻ പറഞ്ഞില്ലേ മേരി, അത് വെറുമൊരു ചിലന്തിയല്ല. അവനെ അറിയാൻ ശ്രമിക്കുംതോറും ഞാനാ വലക്കുള്ളിൽ കൂടുതൽ കൂടുതൽ കുരുങ്ങിപ്പോവുകയാണ്. ആ കുരുക്ക് അഴിക്കാൻ കഴിയാത്തവിധം ഓരോ ദിനവും മുറുക്കം വന്നുകൊണ്ടിരിക്കുന്നു. ചുറ്റുമുള്ള ചുമർ തുരന്നോ, മുകളിൽ നിന്നും ഊർന്നിറങ്ങിയോ എപ്പോൾ വേണമെങ്കിലും അതെന്നെ കീഴ്പ്പെടുത്താം. അതെ മേരി ഞാൻ ഭയപ്പെടുന്നു. പക്ഷേ അത് മരണത്തെ അല്ല. ജീവിതത്തെ തന്നെയാണ്. ഇതുവരെ പ്രണയിക്കപ്പെടാതെ പോയ ഒരു മനുഷ്യൻ, അതിന്റെ വലക്കകത്ത് കുരുങ്ങിപ്പോകുമോ എന്ന ഭയം!

ഒരു സാധാരണ മനുഷ്യന്റെ ജീവിത ക്രമങ്ങളിലൂടെയൊക്കെയും കടന്നുപോയിരുന്നു ഈ ഞാനും. എന്നിട്ടീ മധ്യവയസ്സിൽ ഒരു വിഡ്ഢിയെപ്പോലെ, നഷ്ടപ്പെട്ടതോ ഇക്കാലമത്രയും മറന്നുപോയതോ ആയ ഒന്നിനെ, ഒരു ചിലന്തിയെപോലെ ഇരപിടിക്കാൻ വലയും വിരിച്ച് കാത്തിരിക്കുന്നത് ഓർക്കുമ്പോൾ, മേരീ ഈ എനിക്കുതന്നെ എന്തെന്നില്ലാത്ത ചിരിവരുന്നു.."

"നിങ്ങൾക്ക് ഭ്രാന്താണ്.. ഒരു നിമിഷമെങ്കിലും ശ്രദ്ധയോടെ ഈ മുറിക്കകം ഒന്ന് വീക്ഷിക്ക്. മാഷെത്രയായി ഈ പൊളിഞ്ഞു വീഴാറായ പഴഞ്ചൻ വാടക വീട്ടിൽ. എന്നിട്ടും അടിയോ തുടയോ ഒന്നുംതന്നെയില്ല. ഈ സോഫാസെറ്റ് വരെ ആകെപ്പാടെ പൊടിപിടിച്ചിരിക്കുന്നത് കണ്ടോ.. ആ ജനാലക്കതകിലെ മാറാല കണ്ടാൽത്തന്നെ അറിയാം, അത് കുറ്റിയിടാതെ തുറന്നുതന്നെ വച്ചിട്ട് കാലം കുറേ ആയെന്ന്!"

ശബ്ദത്തിൽ അധികാരത്തിന്റെ ഗാഢത വരുത്തി മേരി പറഞ്ഞു. 

മറുപടിയായി മാധവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. മേരിയുടെ പങ്ക് വോഡ്കയും അകത്താക്കിയ ശേഷം അയാൾ പറഞ്ഞു:

"മേരി, താൻ ആവശ്യപ്പെട്ടാൽ ഞാനാ ഭ്രാന്തനെ ഇപ്പൊ വരച്ചു കൈയ്യിൽ തരാം.. പക്ഷേ താനത് ആവശ്യപ്പെടില്ലെന്ന് എനിക്കുനന്നായറിയാം. കാരണം, ഈ നിമിഷം മുതൽ നീയും ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു! അല്ലേ..!!"

"എന്റെ മാഷേ, പട്ടാപ്പകലാണെങ്കിലും ഇമ്മാതിരി കഥയൊക്കെ പറഞ്ഞാ ആർക്കാ പേടീയാവാതിരിക്കുക."

മേരി പൊട്ടിച്ചിരിച്ചു. പെട്ടെന്ന് മാധവൻ മാഷിന്റെ ഉപദേശമോർത്ത് തുറന്നിരിക്കുന്ന വായ ഒരുകൈകളും കൊണ്ട് അമർത്തി അടച്ചുപിടിച്ചു.

ആ കാഴ്ച്ചകണ്ട് ഇത്തവണ പൊട്ടിച്ചിരിച്ചത് മാധവനായിരുന്നു. ആ ചിരിയിൽ അയാളുടെ ചെറിയ കണ്ണുകൾ നീളൻ മൂക്കിനിരുവശത്തും രൂപപ്പെട്ട കുഴികളിലേക്ക് ഇറങ്ങി ചെന്നു. കറപിടിച്ച പല്ലുകൾ ചുണ്ടുകൾക്ക് പുറത്തേക്ക് ആദ്യമായെന്ന പോലെ എത്തിനോക്കി, വായ്നാറ്റത്തിനപ്പുറമുള്ള ലോകത്തെ ആർത്തിയോടെ വീക്ഷിച്ചു.

"മാഷേ ഇതെന്തൊരു ചിരിയാ, ആണുങ്ങൾ ഇങ്ങനെ ചിരിക്കാൻ പാടില്ലാട്ടാ.." 

അവളും കൂടെ ചിരിച്ചു.

മാധവൻ പകുതിയോളം വോഡ്ക അകത്താക്കി കഴിഞ്ഞിരുന്നു. അതേസമയം മേരി അവളുടെ സ്വപ്നലോകത്തേക്ക് പതിയെ കയറിച്ചെല്ലുകയായിരുന്നു.

"മാഷ്, എന്റെ കണ്ണുകളെക്കുറിച്ചൊന്നും പറഞ്ഞില്ലാ, ആകാശച്ചുമരിൽ കൊത്തിവച്ച കറുത്ത തിങ്കൾ പോലെ അവ രണ്ടും തിളങ്ങുന്നില്ലേ.."

കഴിഞ്ഞുപോയ രാത്രി ബാക്കിവച്ച പാതി ഉറക്കം തൂങ്ങിയ കണ്ണുകൾ വിടർത്തി മേരി ചോദിച്ചു.

"തന്റെ സൗന്ദര്യം വാക്കുകളിലാണ് മേരി.

പക്ഷേ, അത് തന്റെ ഗാംഭീര ശബ്ദത്തിലൂടെ പുറത്ത് വരുമ്പോൾ എന്റെ തൊട്ടടുത്ത് പതുങ്ങിയിരിക്കുന്ന ഭ്രാന്തൻ ചിലന്തിയുടെ ഓർമ്മ വീണ്ടും വീണ്ടും ഉളവാകുന്നു. വേണ്ട, ഞാൻ അകപ്പെട്ടുപോകാതിരിക്കാൻ ഇനി താനൊന്നും സംസാരിക്കരുത്."

ഒരു ദയനീയസ്വരത്തിൽ അയാളത് ആവർത്തിച്ചു: 

"മേരി ദയവുചെയ്ത് അരുത്!"

Read more on Your Creatives

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.