Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിഥി

guest

രാവിലെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നതു കേട്ട് ആരെയൊക്കെയോ ശപിച്ചാണ് എണീറ്റത്. ഒരു ഒഴിവു ദിവസം ആയിട്ടും ഒന്നു ശരിക്കും ഉറങ്ങാൻ സമ്മതിക്കാതെ ശല്യം ചെയ്യുന്നത് ആരെന്നു മനസ്സിൽ ഓർത്തു. ഫോണെടുത്തപ്പോൾ അപ്പുറത്തുനിന്നും അവന്റെ ശബ്ദം. "ഓർമ്മയുണ്ടോ എന്നെ?" അതോടെ മുഖത്തെ ബാക്കിയുണ്ടായിരുന്ന ചിരിയും മാഞ്ഞു. പഴയൊരു സുഹൃത്താണ്. എന്തൊക്കെയോ സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടവന്. കൂടുതൽ അന്വേഷിച്ചറിയാൻ നിന്നിരുന്നില്ല ഒരിക്കലും. സ്വന്തം പ്രശ്നങ്ങളെക്കാൾ വലുതല്ലല്ലോ മറ്റൊന്നും. മാത്രവുമല്ല കൂടുതൽ അറിയാൻ നിന്നാൽ ചിലപ്പോൾ സഹായിക്കേണ്ടി വന്നെങ്കിലോ? മാത്രവുമല്ല അവൻ മറ്റു പല സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയതായി ഞാൻ അറിഞ്ഞിരുന്നു. അതൊന്നും തിരിച്ചു കൊടുക്കാൻ ഒരിക്കലും അവനാവില്ലെന്നും. ഫോൺ താഴെ വെച്ചപ്പോൾ അവൾ ചോദിച്ചു ആരാണെന്ന്. അതു പറഞ്ഞപ്പോൾ ഉച്ചയ്ക്ക് ഊണിന് ഉണ്ടാകുമോ എന്നായി അടുത്ത ചോദ്യം. ഞാൻ ഒന്നു മൂളി. അതു മനസിലായിട്ടോ എന്തോ അവൾ പിന്നെ ഒന്നും ചോദിച്ചില്ല. 

മോൻ താഴെ ഇരുന്നു കളിപ്പാട്ടങ്ങൾ നിരത്തി വെച്ച് കളിക്കുന്നു. ഇടയ്ക്ക് ഒരു ചായ കുടിച്ച് ഞാനും അവനോടൊപ്പം ചേർന്നു. താഴെ തറയിൽ ഇരുന്നും ചിലപ്പോൾ അവനെപ്പോലെ തറയിൽ കിടന്നും. ഇരുന്നു തന്നെ ഞാനും അവനും കുറച്ചു ബ്രഡ് കഷ്ണങ്ങൾ അകത്താക്കി. താഴെ വീണു പോയ കഷ്ണങ്ങൾ ഞങ്ങൾ മത്സരിച്ചു എടുത്തു കഴിച്ചു. ഇടയ്ക്ക് അടുക്കളയിൽ നിന്നും എത്തി നോക്കി അവൾ ശകാരവർഷങ്ങൾ ചൊരിഞ്ഞു. 

കുറെ കഴിഞ്ഞപ്പോൾ കോളിങ് ബെൽ ശബ്ദിച്ചു. വാതിൽ തുറന്നപ്പോൾ അതവൻ തന്നെ. ഞങ്ങൾ മനോഹരമായി പുഞ്ചിരിക്കാൻ മറന്നില്ല. മോൻ ഇതൊന്നും ശ്രദ്ധിക്കാതെ തറയിൽ ഇരുന്നു അവന്റെ കളിപ്പാട്ടങ്ങളിൽ മുഴുകി. ഇടയ്ക്ക് ഓരോ ഗ്ലാസ് നാരങ്ങവെള്ളവും കഴിച്ചു ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞു. അവനാണ് കൂടുതൽ സംസാരിച്ചത്. അവന്റെ ആസ്മയെകുറിച്ച്, ജോലി നഷ്ട്ടപ്പെട്ടതിനെക്കുറിച്ച്, പണി തീരാതെ കിടക്കുന്ന വീടിനെക്കുറിച്ച്, അവസാനം മോളുടെ അജ്ഞാതമായ അസുഖത്തെകുറിച്ച്, ആശുപത്രിചെലവുകളെക്കുറിച്ച്. എല്ലാം ഞാൻ വെറുതെ കേട്ടിരുന്നു. അവൻ പണം ഒന്നും ചോദിക്കുകയുണ്ടായില്ലല്ലോ എന്നു ഞാൻ ചിന്തിക്കാതിരുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാരാബ്ദങ്ങളെക്കുറിച്ച് അവനോടു പറഞ്ഞു. അവനും കേട്ടിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല. 

ഇടയ്ക്ക് അവൻ മോനെ അടുത്ത് വിളിച്ച് ചേർത്ത് പിടിച്ച് എന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ചു. "മോന് ഒന്നും വാങ്ങിയില്ല, മറന്നു പോയി ഞാൻ" അവൻ എന്നോട് പറഞ്ഞു. സാരമില്ലെന്നു പറഞ്ഞു ഞാൻ. 

ഭക്ഷണം കഴിക്കുമ്പോൾ ഞാൻ എന്റെ കൈകളെ നല്ല താളത്തോടെ ചലിപ്പിച്ച് നല്ലൊരു ആഥിതേയനായി. ഇടയ്ക്ക് താഴെ വീണ ഭക്ഷണം മോൻ എടുത്തു കഴിക്കാൻ ശ്രമിച്ചപ്പോൾ ഞാനവനോട് ദേഷ്യപ്പെടുകയും അതൊരു നല്ല ശീലമല്ലെന്നു പറയുകയും ചെയ്തു. ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങൾ കൂടുതൽ സംസാരിച്ചില്ല. സുഹൃത്ത് പേരിനു മാത്രം കഴിച്ചെന്നു വരുത്തി എണീക്കാൻ ശ്രമിച്ചപ്പോൾ മാത്രം ഞാനയാളെ കൂടുതൽ കഴിക്കാൻ നിർബന്ധിച്ചു. അയാൾ വരുന്നത് പ്രമാണിച്ച് ഭാര്യ പ്രത്യേകം തയ്യാറാക്കിയ മീൻകറി ആണെന്ന് വെറുതെ പറഞ്ഞു. വിശപ്പ് മാറിയെന്നും വയർ നിറഞ്ഞെന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു. കുറച്ചു നേരം മാത്രം അവിടെ ചിലവഴിച്ചു അയാൾ ഞങ്ങളോട് യാത്ര പറഞ്ഞു. അപ്പോഴും മനോഹരമായി പുഞ്ചിരിക്കാൻ ഞങ്ങൾ മറന്നില്ല. മോൻ അപ്പോഴും കളിപ്പാട്ടങ്ങളുമായി തിരക്കിലായിരുന്നു. 

അയാൾ പോയപ്പോൾ ഒന്നു നെടുവീർപ്പിട്ട് ഞാൻ പറഞ്ഞു "വൈകുന്നേരം ആകുമ്പോഴേക്കും നീയും മോനും റെഡിയായി നിൽക്കു, നമുക്ക് ഒരു ഷോപ്പിങ്ങിനു പോകാം, എനിക്ക് പുതിയൊരു മൊബൈലും വാങ്ങണം, ഇത്തിരി വില കൊടുത്താലും വേണ്ടില്ല, ഓഫീസിൽ എല്ലാവരും വാങ്ങി"

ഇടയ്ക്ക് വീണ്ടും കോളിങ് ബെൽ...! വീണ്ടും ഇതാരെന്ന് ഓർത്ത് വാതിൽ തുറന്നപ്പോൾ വീണ്ടും അവൻ! വിയർപ്പിൽ കുളിച്ച്, മുഖത്ത് ഒരു പുഞ്ചിരിയുമായി!! ഒരു ചെറിയ പാക്കറ്റ് എന്റെ കയ്യിൽ തന്ന് അവൻ പറഞ്ഞു. "ഇത്തിരി ചോക്ലേറ്റ് ആണ്, മോന്....ഇങ്ങോട്ട് പോരുമ്പോൾ വാങ്ങിക്കാൻ വിട്ടുപോയതാണ്, മനസ് വിചാരിക്കുന്നിടത്ത് നിൽക്കുന്നില്ല... പോട്ടെ ഞാൻ? ഇനിയെപ്പോഴെങ്കിലും കാണാം... നേരം വൈകി... വേഗം നടന്നില്ലേൽ ബസ് കിട്ടില്ല" ഇത്തവണ പുഞ്ചിരികളില്ലാതെ ഞാനും അവളും അയാളെ യാത്രയാക്കി... ഞങ്ങൾ പരസ്പരം നോക്കി. അപ്പോഴും മോൻ കളിപ്പാട്ടങ്ങളുടെ ലോകത്തായിരുന്നു.

Malayalam Short StoriesMalayalam literature interviews,Malayalam Poems         

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.