വിദ്യാരംഭം - ഡോ. അജയ് നാരായണൻ എഴുതിയ കവിത
മടവാളൊന്നു പൂഴിമണലിൽ തേച്ചുകൂർപ്പിച്ചരയിലൊതുക്കി നെഞ്ചുവിരിച്ചു തലനീർത്തി വരുന്നുണ്ടവൾ, പഞ്ചമിപ്പെണ്ണൊറ്റയടി- പ്പാതയിലൂടെയൊറ്റയ്ക്ക്, വഴിമാറുന്നു കാർമേഘക്കീറുകൾ. മിന്നുന്നുണ്ടെളിയിൽ തീർച്ചകൾ മൂർച്ചകൾ, മുറുകുന്നുണ്ട്

മടവാളൊന്നു പൂഴിമണലിൽ
തേച്ചുകൂർപ്പിച്ചരയിലൊതുക്കി
നെഞ്ചുവിരിച്ചു തലനീർത്തി
വരുന്നുണ്ടവൾ,
പഞ്ചമിപ്പെണ്ണൊറ്റയടി-
പ്പാതയിലൂടെയൊറ്റയ്ക്ക്,
വഴിമാറുന്നു കാർമേഘക്കീറുകൾ.
മിന്നുന്നുണ്ടെളിയിൽ
തീർച്ചകൾ മൂർച്ചകൾ,
മുറുകുന്നുണ്ട് തൊണ്ടയിൽ
തീപാറുമാത്മവിശ്വാസത്തിൻ
നാളങ്ങൾ,
രൂപപ്പെടുന്നുണ്ടക്ഷരങ്ങളായ്
സ്വരങ്ങൾ, കനലുകൾ നെഞ്ചിൽ!
വെട്ടം തന്നവൻ മേലുപൊള്ളിച്ചവൻ,
നാമം ചൊല്ലി നീരൂറ്റിയവൻ
പ്രളയത്തിരയിലൊഴുക്കിയവൻ,
കൈകോർത്തു മണ്ണിൽ നടക്കാൻ
പഠിപ്പിച്ചവൻ
ഗർത്തത്തിൽ തള്ളിയിട്ടവൻ,
കൈവിരൽത്തുമ്പിലക്ഷരങ്ങളെക്കോർത്തു
വിണ്ണിലെത്താരകളെ കാട്ടിത്തന്നവൻ
കണ്ണിലെയിത്തിരി വെട്ടവും
തല്ലിക്കെടുത്തിയവൻ,
കാപാലികരെത്രയോ പേർ
കാലത്തിരശ്ശീലയ്ക്കു പിന്നിൽ
മറഞ്ഞു…
നീട്ടിത്തുപ്പിയവൾ…
ചുട്ടുപൊള്ളും വെട്ടമിനി വേണ്ട
ഉരുളായൊഴുകും
നിന്റെയറിവിൻ ചേറും വേണ്ട
ഇരുളിൽ
കൊടുങ്കാറ്റിൽ കടപുഴകാനൊരു
മരമില്ലയിവിടെ,
വറ്റിമറയാനൊരു പുഴയില്ലിവിടെ.
മണ്ണിലറിവിൻ ഖനി തുരന്നു
സ്വയമക്ഷരങ്ങളെച്ചികഞ്ഞു
നിരത്തുവാൻ
വിതയ്ക്കുവാൻ
കള പറിക്കുവാൻ
കാലംതികഞ്ഞു കൊയ്യുവാൻ
അമ്മ തന്നോരരിവാളുണ്ടരയിൽ
കള്ളിമുണ്ടിൻ നിറവിൽ
ചിരിക്കുന്നു
കുതിക്കുന്നു.
പകലോന്റെ പട്ടടയ്ക്കു
തീ കൊളുത്തിയന്തിമാനം
ചുവക്കുന്നു
വിരിയുന്നു
നവാക്ഷരങ്ങൾ ചുറ്റിലും പടരുന്നു,
രോമകൂപങ്ങളിൽ വേർപ്പിന്നുപ്പ്
കുറുകുന്നു.
പെണ്ണൊരുത്തിയവളൊരുങ്ങുന്നു,
സരസ്വതീമന്ത്രം ജപിക്കട്ടെ
പുതുവിദ്യാരംഭരാവിൽ
പഞ്ചമിത്തിങ്കളായ് വിടരട്ടെ
സഖിമാർ താരകൾക്കൊപ്പം
പച്ചകുത്തട്ടെ ഞാനും നെഞ്ചിൽ,
“ഹരി ശ്രീഗണപതയേ നമ:”
മാറ്റത്തിൻ വാക്യങ്ങൾ
തലച്ചോറിൽ കുറിക്കുമ്പോൾ
വെളുക്കെച്ചിരിക്കുന്നു
വെണ്മാനംമുട്ടെയൊരു മടവാൾ…