' ഉറപ്പിച്ച വിവാഹം എന്തിനാ വേണ്ടന്നു വെച്ചത്; അവൾ പറഞ്ഞ കഥകൾ കേട്ടപ്പോൾ അവളുടെ തീരുമാനത്തോടു ബഹുമാനം തോന്നി..'
നിരത്തിനറ്റത്ത് വീടിനുമുന്നിലെ ‘തണൽ’ ഓഫീസിനു മുന്നിലായി വാകമരച്ചോട്ടിൽ ജയന്റെ നിഴൽ ദൂരെനിന്നേ ഗൗരി കണ്ടു. നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. ഗൗരി അടുത്തെത്തിയതും വേരുറപ്പില്ലാത്ത പാഴ്‌മരംപോലെ ജയൻ ഗൗരിക്കരികിലേക്കു ചാഞ്ഞു. “ഗൗരീ, നിന്നെക്കണ്ടു സംസാരിക്കാനും ഒരിക്കൽക്കൂടി മാപ്പപേക്ഷിക്കാനുമായിട്ടാണ് ഞാൻ വന്നത്… നീയെന്നോട് പൊറുക്കണം…
നിരത്തിനറ്റത്ത് വീടിനുമുന്നിലെ ‘തണൽ’ ഓഫീസിനു മുന്നിലായി വാകമരച്ചോട്ടിൽ ജയന്റെ നിഴൽ ദൂരെനിന്നേ ഗൗരി കണ്ടു. നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. ഗൗരി അടുത്തെത്തിയതും വേരുറപ്പില്ലാത്ത പാഴ്‌മരംപോലെ ജയൻ ഗൗരിക്കരികിലേക്കു ചാഞ്ഞു. “ഗൗരീ, നിന്നെക്കണ്ടു സംസാരിക്കാനും ഒരിക്കൽക്കൂടി മാപ്പപേക്ഷിക്കാനുമായിട്ടാണ് ഞാൻ വന്നത്… നീയെന്നോട് പൊറുക്കണം…
നിരത്തിനറ്റത്ത് വീടിനുമുന്നിലെ ‘തണൽ’ ഓഫീസിനു മുന്നിലായി വാകമരച്ചോട്ടിൽ ജയന്റെ നിഴൽ ദൂരെനിന്നേ ഗൗരി കണ്ടു. നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. ഗൗരി അടുത്തെത്തിയതും വേരുറപ്പില്ലാത്ത പാഴ്‌മരംപോലെ ജയൻ ഗൗരിക്കരികിലേക്കു ചാഞ്ഞു. “ഗൗരീ, നിന്നെക്കണ്ടു സംസാരിക്കാനും ഒരിക്കൽക്കൂടി മാപ്പപേക്ഷിക്കാനുമായിട്ടാണ് ഞാൻ വന്നത്… നീയെന്നോട് പൊറുക്കണം…
വെളിച്ചപ്പൊട്ടുകൾ (കഥ)
ഗ്രാമമോ നഗരമോയെന്ന് വേർതിരിക്കാൻ കഴിയാത്ത സവിശേഷതകളുള്ള സ്വന്തം നാട്ടിലേക്ക് വിദേശത്തുനിന്നുള്ള ഗൗരിയുടെ തിരിച്ചുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഐഐടി പഠനകാലം മുതൽക്കേ താൻ അഭിലഷിച്ചിരുന്ന കരിയർ എറിഞ്ഞുടച്ചുള്ള ആ വരവിനു നേർക്ക് പല ചോദ്യമുനകളും നീണ്ടുനിന്നു. താൻ വിദേശത്തായിരിക്കെ വേണ്ടത്ര ശുശ്രൂഷ ലഭിക്കാതെ മരിച്ച തന്റെ അച്ഛനുമമ്മയുമാണ് തന്റെയീ മടങ്ങിവരവിനും ‘തണൽ’ പാലിയേറ്റിവ് കെയറിന്റെ തുടക്കത്തിനും മൂലകാരണമായതെന്ന് തണലിന്റെ ഉദ്ഘാടനവേളയിൽ ഗൗരി അശ്വതിയോട് സ്വകാര്യമായി പറഞ്ഞതാണ്. അപ്പഴേക്കും അശ്വതിയെന്ന വ്യക്തി ഗൗരിയുടെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരുന്നു. അവർ തമ്മിൽ ഒത്തുചേർന്നത് തീർത്തും യാദൃശ്ചികമാണെന്നു പറയാൻ കഴിയില്ല. അനിവാര്യമായ ഒരു കൂടിക്കാഴ്ചയുടെ നേർചിത്രമായ അവരുടെ ജീവിതം സംഭവങ്ങളോ ദിവസങ്ങളോ ചൂണ്ടിക്കാണിച്ച് കടലാസിൽ പകർത്താവുന്ന ഒന്നല്ല. രണ്ടു നദികൾ ഒഴുകിവന്ന് അപ്രതീക്ഷിതമായി കൂടിക്കലർന്ന് വീണ്ടുമൊഴുകുന്നതുപോലെയുള്ള ആ ബന്ധം വിശദീകരണങ്ങൾക്കും വായ്ത്താരികൾക്കും അപ്പുറമുള്ള ഒരു ഒത്തുചേരലായിരുന്നു. പരസ്പരം കൊണ്ടും കൊടുത്തും പങ്കുവച്ചും മുന്നേറുമ്പോൾ അവരുടെ ജീവിതത്തിന് ആഴവും പരപ്പും ഏറിക്കൊണ്ടിരുന്നു. എന്നും അതിരാവിലെത്തന്നെ രണ്ടുപേരും തമ്മിൽ കണ്ടുമുട്ടും. അടുക്കളയ്ക്കകത്ത് ഗൗരിയും പുറത്തെ പണികളോട് അശ്വതിയും എന്നും ഒരേസമയത്താണ് ഗുസ്തി തുടങ്ങാറ്. വരുന്നപാടെ റോഡിലേക്ക് മുഖം തിരിഞ്ഞുനിൽക്കുന്ന ‘തണൽ’ ഓഫീസിന്റെ മുൻവശം അശ്വതി തൂത്തുവാരും. പിന്നെ, കരിയിലകൾ മടിയിലെടുത്ത് തളർന്നുകിടക്കുന്ന വീട്ടുമുറ്റം, അതുംകഴിഞ്ഞ് പശൂനെ കറക്കൽ, പാത്രം കഴുകൽ, വീടിനകം തുടയ്ക്കൽ ഇത്യാദി പണികൾ. ഇത്രയുമാവുമ്പഴേക്കും ഗൗരി ചായയുണ്ടാക്കും; രാവിലത്തെക്കും ഉച്ചത്തെക്കുമുള്ള ഭക്ഷണമൊരുക്കും; അമ്മൂട്ടിയെ സ്‌കൂളിൽ പോകാൻ തയാറാക്കും. ഇരുവരുടെയും പണികളുടെ സന്തുലനത്തിലേക്ക് കൃത്യം എട്ടുമണിക്ക് വേവലാതി നിറഞ്ഞ കൂവലോടെ സ്‌കൂൾബസെത്തും. അമ്മൂട്ടിയെ ബസിൽ കയറ്റിവിട്ട് ചുവപ്പും മഞ്ഞയും ഇടകലർന്ന ആനവണ്ടിയിൽ അശ്വതി തന്റെ കോളേജിലേക്കും പോകും..
സുബഹിവാങ്കിന്റെ വിളികേട്ട് ഗൗരി എഴുന്നേറ്റപ്പഴേക്കും അശ്വതിയുടെ നിഴൽ മുറ്റത്തെത്തിയിരുന്നു. വാങ്കുവിളിയുടെ മുഴക്കം എന്നും രാവിലെ സെയ്തുമുസല്യാരെ ഓർമ്മിപ്പിക്കും. മുഴുക്കയ്യൻ കുപ്പായവും വെളുത്തുനീണ്ട താടിയുമുള്ള രൂപം അപ്പോഴൊക്കെ ഗൗരിക്കുമുന്നിൽ വന്നുനിൽക്കും. തന്റെ ആദർശങ്ങളെ ബലികൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭ്രാന്തനെന്ന പേരുവീണ അദ്ദേഹം ഗൗരിക്ക് എന്നുമൊരു മാതൃകാപുരുഷനായിരുന്നു, എന്തു കാരണത്തിന്റെ പിൻബലത്തിലാണെങ്കിലും അദ്ദേഹത്തെ കൊന്നവരെ സമൂഹത്തിൽ ചിലർ ന്യായീകരിക്കുന്നത് കാണുമ്പോൾ ഗൗരിക്കു സഹിക്കില്ല. സമൂഹമെന്നത് ശരി എന്നതിന്റെ പര്യായമൊന്നുമല്ലല്ലോയെന്ന് സ്വയം ആശ്വസിച്ചപ്പഴേക്കും പുറത്തുനിന്ന് അശ്വതിയുടെ വിളിയും മുറ്റമടിച്ചു തുടങ്ങുന്നതിന്റെ ഒച്ചയും കേട്ടു. ഗ്ലാസ്സിൽ ചായ പകർന്ന് ഗൗരി ഇറയത്തെത്തിയപ്പോൾ അശ്വതി കിഴക്കിന്റെ വെളിച്ചക്കീറിലേക്കു നോക്കി നിൽക്കുകയായിരുന്നു. “എന്താ മോളേ ഒരാലോചന…?” ഗൗരി അശ്വതിയെ നോക്കി. “നമ്മുടെ സിസ്റ്റം എന്തുമാത്രം പഴുതുകൾ നിറഞ്ഞതാണെന്ന് ഓർത്തുപോയതാണ് ചേച്ചീ. ഇന്നലെത്തന്നെ പൊലീസുകാരുടെയും നാട്ടുകാരുടെയും ആത്മാർഥത ഒരുവശത്ത്. വൈദ്യരുടെ മരുമകനെയും അയാളെ സഹായിക്കുന്ന മാഫിയകളെയും സംരക്ഷിക്കുന്ന കുറേപ്പേർ മറുവശത്ത്… തീർത്തും നിരാശാജനകം..!” “അങ്ങനെ നോക്കിയാൽ എപ്പോഴും നിരാശപ്പെടാനല്ലേ നമുക്ക് നേരമുണ്ടാവൂ?” “ചേച്ചി പറയൂ, പലരും ചേർന്നല്ലേ അയാളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്…?” “ഉം… തീർച്ചയായും…” പരാജയപ്പെട്ട തിരച്ചിൽ ദൗത്യത്തിന്റെ ഓർമ്മയിൽ അവർക്കിടയിൽ മൗനം ഉറഞ്ഞുകിടന്നു. ചായ ഊതിക്കുടിച്ചശേഷം ഗ്ലാസ്സ് തിരികെയേൽപ്പിച്ച് പിന്നാമ്പുറത്തേക്ക് നടക്കുന്ന അശ്വതിയുടെ മുഖത്ത് പറയാതെ ബാക്കിനിന്ന വാക്കുകൾ ധ്വനിച്ചു. അവൾ മുമ്പിൽനിന്നു പോയിട്ടും പുലരിയുടെ പാലപ്പൂഗന്ധം ചുറ്റും തങ്ങിനിന്നു. മുറ്റത്തിനരികിലെ തൈമാവിൽനിന്ന് കരഞ്ഞുതുടങ്ങിയ രാപ്പക്ഷി വേദനയാൽ പുളഞ്ഞിട്ടെന്നപോലെ ചിറകടിച്ചു പറന്നപ്പോൾ ഇരുട്ടും മഞ്ഞും കൂടിക്കുഴഞ്ഞ് ഗൗരിയുടെ കണ്മുന്നിൽ ഏതാനും മനുഷ്യബിംബങ്ങൾ തെളിഞ്ഞുവന്നു.
വൈദ്യരുടെ മരുമകനെ പിടികൂടാനുള്ള പൊലീസിന്റെ ഇന്നലത്തെ ദൗത്യത്തിൽ തന്നോടും അശ്വതിയോടും കൂടെനിന്ന നാട്ടിലെ പെൺപട്ടാളം..! അവരെല്ലാംചേർന്ന് തന്നെ അഭിവാദ്യം ചെയ്യുമ്പോലെ ഗൗരിക്കു തോന്നി. ശാരീരികബന്ധം നിഷേധിക്കുമ്പോൾ ഒരു ഭർത്താവിനെങ്ങനെ ഭാര്യയെ ആക്രമിക്കാനാവും? ഇക്കാലത്തും പെണ്ണിനെ ഒരു ഉപഭോഗച്ചരക്കായി കാണുന്നതിന്റെ വലിയ ദൃഷ്ടാന്തമല്ലേ അത്? ഭാര്യയുടെ സ്വാതന്ത്ര്യത്തിന്മേൽ ഭർത്താവിന്റെ അവകാശം സ്ഥാപിക്കാനുള്ള അപലപനീയമായ ശ്രമം ദുരന്തത്തിൽ കലാശിച്ചപ്പോൾ അയാളുൾപ്പെട്ട മയക്കുമരുന്നു മാഫിയയെ പുറംലോകം തിരിച്ചറിയുകയും അയാൾ അഴികൾക്കുള്ളിലാവുകയും ചെയ്തു. പരോളിലിറങ്ങി അപ്രത്യക്ഷനായ അയാൾ രണ്ടാഴ്ചയോളമായി ഒളിവിലാണ്. നിരാശ ബാക്കിയായ ഇന്നലത്തെ പകലിനൊടുവിൽ ഗൗരിക്കുള്ളിൽ സടകുടഞ്ഞെഴുന്നേറ്റ പോരുമൃഗത്തിന്റെ കണ്ണുകൾ കത്തുകയും മുഖത്ത് ചോര കിനിയുകയും ചെയ്തു. ചിലപ്പോഴൊക്കെ ആ മൃഗം പോരടിച്ച് എതിരാളിക്കുമേൽ ആധിപത്യം സ്ഥാപിക്കുന്ന ജെല്ലിക്കെട്ടിലെ പോരുകാളയെപ്പോലെയാകും. അല്ലെങ്കിൽ ശാന്തതയോടെ പ്രതിസന്ധികളെ ശക്തികൊണ്ടു നേരിടുന്ന കണ്ടാമൃഗത്തിന്റെ രൂപത്തിലാകും. അതുമല്ലെങ്കിൽ പ്രതികൂല സാഹചര്യങ്ങളെ ബുദ്ധിയും ശക്തിയുമുപയോഗിച്ചു തകർക്കുന്ന കരടിയെപ്പോലെയാകും. പടർന്നുപിടിച്ച ചിന്തകളെ വെട്ടിയൊതുക്കിയപ്പോൾ ഗൗരിക്കുള്ളിൽ പോരുകാള ശാന്തനായി. പുറത്തെ ഇരുട്ട് പൂർണ്ണമായും മാഞ്ഞുകഴിഞ്ഞിരുന്നു. സാമ്പാറിനുള്ള കഷണങ്ങളൊരുക്കി തേങ്ങ ചിരവി ദോശ ചുടാനാരംഭിച്ചപ്പഴേക്കും അശ്വതി പശുവിനെ കറന്ന് പാലുമായി വന്നു, പിന്നാലെ അകത്തുനിന്ന് അശ്വതിയുടെ ശകാരവും അമ്മൂട്ടിയുടെ ചിണുങ്ങലും ഒരുമിച്ചുയർന്നു. കുറച്ചുനേരം കഴിഞ്ഞപ്പഴേക്കും യൂണിഫോമിൽ ഒരു പൂമ്പാറ്റയെപ്പോലെ അമ്മൂട്ടി ഓടിവന്നു. റോഡിൽനിന്ന് സ്‌കൂൾബസ് കൂവിവിളിച്ചപ്പോൾ ഒരു ചുംബനത്തിന്റെ നനവ് ഗൗരിയുടെ കവിളിലൊട്ടിച്ചുവച്ച് അമ്മൂട്ടി ഓടി. ‘സമയത്തു ഞാനെത്തും ചേച്ചീ’യെന്നുപറഞ്ഞ് അശ്വതിയും ഒപ്പമിറങ്ങി. നടന്നുപോകുന്ന അവരെ നോക്കി നിൽക്കവെ ഗൗരിയുടെ മുഖത്ത് അഭിമാനത്തിന്റെ പ്രവാഹമുണ്ടായി. നല്ല ചങ്കുറപ്പുള്ള പെണ്ണാണ് അശ്വതി. അവൾക്കുള്ളിലും ഒരു പോരുമൃഗം ഗർജ്ജിക്കാൻ തുടങ്ങിയിട്ടുണ്ട്. വീട്ടുകാരായിട്ട് ഉറപ്പിച്ചുവച്ച വിനോദുമായുള്ള വിവാഹം അവളായിട്ടെന്തേ വേണ്ടെന്ന് വച്ചതെന്ന് കുറേനാൾ മുമ്പ് ഗൗരി ചോദിച്ചതാണ്. അവനു വേണ്ടതു കൊടുക്കാൻ എനിക്കെന്നല്ല, പെണ്ണായിപ്പിറന്ന ആർക്കും പറ്റുമെന്ന അശ്വതിയുടെ അന്നേരത്തെ ഉത്തരത്തിൽ എല്ലാമുണ്ടായിരുന്നു. ഒന്നിലധികം തവണ അശ്വതിയുടെ മുറിയുടെ വാതിലിൽ അവൻ തഞ്ചത്തിൽച്ചെന്നു മുട്ടിയിട്ടുണ്ടെന്ന് കേട്ടപ്പോൾ ഗൗരി ശരിക്കും ഞെട്ടിപ്പോയി. അന്നുമുതൽ പറമ്പിലെ പണിക്കുപോലും ഗൗരി അവനെ വിളിക്കാതെയായി.
അമ്പിളിയെ ഓഫീസിലിരുത്തിയാണ് ഗൗരി പുറത്തിറങ്ങിയത്. ചുറ്റുവട്ടത്തുള്ള ആറേഴു കിടപ്പുരോഗികൾക്ക് ഏറെനാളായിട്ട് ഗൗരിയുടെ താങ്ങും തണലുമുണ്ട്. ഓരോരുത്തരുടെയും വീടുകളിൽ ചെന്നാണ് ശുശ്രൂഷ ചെയ്യുന്നത്. അക്കൂട്ടത്തിൽ ഇന്നലെകളിലെ ചില പ്രമുഖരും ഉൾപ്പെടും. സൈന്യത്തിൽനിന്നു വിരമിച്ച മേജർ സഹദേവൻ, സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സായിരുന്ന സൈനബടീച്ചർ, തളർന്നുകിടക്കുന്ന നീലിമ… അങ്ങനെ പോകുന്നു പേരുകൾ. കോവിഡുകാലത്ത് ഗൗരിയുടെ ആതുരസേവനം ഇവർ മൂവരിലേക്കുമായി ചുരുങ്ങി. അതിനുമുമ്പ് അമ്മൂട്ടിയെ സ്‌കൂളിലയച്ചു കഴിഞ്ഞാൽ രാവിലെത്തന്നെ ഗൗരിയുമിറങ്ങുമായിരുന്നു. കൃത്യനിഷ്ഠയുള്ള പോസ്റ്റുമാനെപ്പോലെ സ്‌കൂട്ടറിൽ ഓരോരോ വീടുകളായി കയറിയിറങ്ങി... മനസ്സെത്ര തത്രപ്പെട്ടിട്ടും പഴയ സമയക്രമത്തിലേക്കു തിരിച്ചുപോകാൻ ഇതുവരെ ഗൗരിക്കായിട്ടില്ല. ആദ്യം സഹദേവനങ്കിളിന്റെ വീട്ടിലേക്ക്... സത്യത്തിൽ, എല്ലാം നേടിയെന്നു പറയുമ്പോഴും മനസ്സു തുറന്നൊന്നു ചിരിക്കാൻ കഴിയാത്തയാളാണ് അയാളെന്ന് ഗൗരിക്കു തോന്നാറുണ്ട്. വലിയ മൂന്നുനില ബംഗ്ലാവിന്റെ താഴത്തെ നിലയിലാണ് അയാളെ കിടത്തിയിട്ടുള്ളത്. നന്നായി ഫർണിഷ് ചെയ്ത മുറി. ചുവരുകളിൽ പതിച്ച മനോഹരമായ പെയിന്റിംഗുകൾ. സിംഹാസനത്തിലിരിക്കുന്ന ദരിദ്രനായ ഒരു രാജാവിനെപ്പോലെയാണ് മോടിപിടിപ്പിച്ച കട്ടിലിൽ അയാളുടെ കിടപ്പ്. മുകളിലത്തെ നിലകളിൽ മക്കളും അവരുടെ കുടുംബങ്ങളും തിരക്കുകളെ കെട്ടിപ്പിടിച്ചു കഴിയുന്നു. സ്‌കൂട്ടർ മുറ്റത്ത് നിറുത്തി അകത്തേക്ക് കയറുമ്പോൾ ഗൗരി ഓർക്കുകയായിരുന്നു: പണ്ടൊക്കെ ഇയാൾ പട്ടാളത്തിൽനിന്ന് ലീവിനു വരുമ്പോൾ എന്തൊരു ഗമയായിരുന്നു. തല പൊന്തിച്ച് നെഞ്ചു വിരിച്ച് പാടവരമ്പിലൂടെ നടക്കും. എന്തുചോദിച്ചാലും ആറ്റിക്കുറുക്കിയായിരിക്കും സംസാരം. അയാളെപ്പറ്റി എന്തൊക്കെ വീരസാഹസകഥകൾ കേട്ടിരിക്കുന്നു. തീവ്രവാദികളെ വെടിവച്ചിട്ടതും ബങ്കറുകളിൽ ഒറ്റയ്ക്ക് ദിവസങ്ങളോളം കഴിഞ്ഞതും വിദേശത്ത് സൈനിക നടപടിക്ക് പോയതുമെല്ലാം.. ആ കഥകളിലെ നായകനായ പുരുഷകേസരിയാണല്ലോ ഇയാളെന്നോർക്കുമ്പോൾ മാത്രം വിഷമം തോന്നും..
“നീ വന്നോ.. കൃത്യസമയം..!”, കുഴഞ്ഞ ശബ്ദത്തിൽ അയാളുടെ ആശ്ചര്യം പുറത്തുവന്നു. മക്കൾക്കുപോലും അയാളുടെ ഭാഷ പിടികിട്ടില്ല. ഒരുതരം അവിയലുപരുവത്തിലാണ് സംസാരം. എന്നാൽ ഗൗരിക്കതൊന്നും പ്രശ്‌നമല്ല. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി മുജ്ജന്മ സുഹൃത്തുക്കളെപ്പോലെ അവർ തമ്മിൽ സംസാരിക്കും. ഇടയ്ക്കൊക്കെ നിശ്ശബ്ദനായി അയാൾ കണ്ണടച്ചുകിടക്കും. ചോദിച്ചാൽ പറയും ഏതോ അതിർത്തിഗ്രാമങ്ങളിലെ പൂക്കളെ ഓർക്കുകയാണെന്ന്.. പതിവുപരിപാടികളൊന്നും തെറ്റിച്ചില്ലല്ലോയെന്ന ആമുഖത്തോടെ ഏപ്രൺ ധരിച്ച് കൈ ശുചിയാക്കി ഗ്ലൗസിട്ട് ഗൗരി പണികളാരംഭിച്ചു. മലമൂത്ര വിസർജ്ജ്യം കഴുകി വൃത്തിയാക്കലാണ് ആദ്യത്തെ കർമ്മം. താഴെ വിരിച്ചിട്ടുള്ള പ്ലാസ്റ്റിക് വിരിപ്പ് തെന്നിമാറിക്കിടപ്പുണ്ടാകും. കെട്ടിവച്ചിട്ടുള്ള ഡയപ്പറാണെങ്കിൽ അയാൾത്തന്നെ ഊരിക്കളയും. ശരീരം തുടച്ച് ഡ്രസ്സ് മാറ്റി പുറത്തെ തൊലിപൊട്ടിയ വ്രണം മരുന്നൊഴിച്ച് തുടയ്ക്കുമ്പോൾ കുറച്ചുകൂടെ പരന്നിട്ടുണ്ടെന്നു ഗൗരി ആരോടെന്നില്ലാതെ പറഞ്ഞു. സ്പോഞ്ചുപോലത്തെ മെത്തമേൽ ആ തടിച്ച ശരീരം തിരിച്ചുകിടത്താനും വസ്ത്രമിടീപ്പിക്കുവാനും വല്ലാത്ത പ്രയാസമായിരുന്നു. വേദന സഹിക്കാണ്ടാകുമ്പോൾ മാതൃഭാഷക്കു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും അയാൾ പുളിച്ച തെറി വിളിക്കും. അതൊന്നും ഗൗനിക്കാതെ തന്റെ പണി ചെയ്തു തീർക്കാമെന്നുവച്ചാലും അയാളുടെ നല്ലകാലത്തെ ചെയ്തികളോർത്താൽ ഗൗരിക്കുള്ളിൽ വെറുപ്പ് ഇരച്ചുകയറും. വെറുതെയല്ല ഇയാളിങ്ങനെ കിടക്കുന്നതെന്ന് തോന്നും. രണ്ടുമൂന്ന് നോർത്തിന്ത്യൻ സുന്ദരിമാരെ പാട്ടിലാക്കിയതിന്റെ പേരിൽ സ്വന്തം കുടുംബം കുട്ടിച്ചോറാക്കിയതാണ് അയാൾ. ആ ഓർമ്മകൾ കടന്നുവരുമ്പോഴൊക്കെ ഗൗരിക്കുള്ളിലെ പോരുമൃഗങ്ങളിലൊന്ന് ഉണരും. “എടീ പെങ്കൊച്ചേ, നിന്റെ ഡിവോഴ്‌സെന്തായി?” ഇതേ ചോദ്യം ഇടയ്ക്കിടെ ഇയാൾ ചോദിക്കുന്നതാണ്. ‘അതൊക്കെ അതിന്റേതായ വഴിക്ക് നടക്കു’മെന്ന് പറഞ്ഞപ്പോഴും നിങ്ങൾക്കൊന്നും വേറെ പണിയില്ലേയെന്ന വാക്കുകളെ പറയാതെ ഗൗരി ചവച്ചരച്ചു. “ഞാൻ സഞ്ചരിച്ചിരുന്ന അതേ വഴിയിലാണ് ജയനിപ്പോ.. ഒരു പെണ്ണിലേക്കൊതുങ്ങാൻ അവനിനി പറ്റില്ല..” അയാളുടെ കഴുത്തുഞെരിച്ച് കൊല്ലാൻ വെമ്പി ഗൗരിയിലെ കണ്ടാമൃഗം കുതിച്ചുചാടി. “എന്നാലും ചോദിക്കാതെ വയ്യ.. നിനക്ക് യൂറോപ്പിലോട്ട് തിരിച്ചുപൊയ്ക്കൂടേ..?” ഗൗരി മൗനം ചുണ്ടുകൾക്കിടയിൽ തിരുകിയതോടെ അയാളുടെ മുഖത്തെ ഭാവങ്ങളും മരിച്ചു.
തിരിച്ചുള്ള വഴിനീളെ അയാളുടെ വാക്കുകൾ ഗൗരിയുടെ ചെവിക്കകത്ത് മുഴങ്ങിക്കൊണ്ടിരുന്നു. രണ്ടു വർഷങ്ങൾക്കുമുമ്പ് ജയൻ വെനിസയുടെ കൈപിടിച്ചുവന്ന വൈകുന്നേരം ഗൗരിക്കോർമ്മവന്നു. കനത്ത മഴയുള്ള ദിവസമായിരുന്നു അത്. ബുദ്ധിജീവിക്കൂട്ടത്തിലെ സുഹൃത്തുക്കളിലൊരാളെന്നാണ് പരിചയപ്പെടുത്തിയത്. ഗൗരി ഉറങ്ങാൻ പോകുമ്പോൾ ഒരു ബിയർ ബോട്ടിലും മുമ്പിൽവച്ച് രണ്ടുപേരും ഗഹനമായ ചർച്ചയിലായിരുന്നു. പാതിരായ്ക്കെപ്പഴോ വലിയൊരിടി വെട്ടി. ഉറക്കമുണർന്നപ്പോൾ വീടിനകത്തും പുറത്തും കുറ്റാക്കൂരിരുട്ട്. കറുപ്പിന്റെ കണ്ണിലൂടെ കൈ തുഴഞ്ഞുവരവേ, ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ പൊട്ടിവീഴുന്നതിനിടെ, മിന്നലിൽ പുറത്തെ പ്രകൃതിയുടെ പകപ്പിനൊപ്പം ഗസ്റ്റ്റൂമിൽനിന്ന് ചിരിയുടെ ചില്ലുകൾ ചിതറി. വെളിച്ചത്തിന്റെ തെന്നലിൽ നഗ്നമായ മേനികൾ തെളിഞ്ഞു. ഉറങ്ങിക്കൊണ്ടിരുന്ന അമ്മൂട്ടിയെ കൈയിലെടുത്ത് അടുത്ത മിന്നലിനൊപ്പം ഗൗരി മഴയിലേക്കിറങ്ങി. കണ്ണീരിലും മഴയിലും നനഞ്ഞുകുതിർന്ന് വെളുപ്പാൻകാലത്ത് ഗൗരി തന്റെ വീട്ടിലെത്തി. ഡിവോഴ്‌സ് പെറ്റിഷൻ ഫയൽ ചെയ്യാൻ തീരുമാനിച്ചിട്ടും മുസല്യാരായിരുന്നു പ്രധാന പ്രതിബന്ധം. മൊഴി ചൊല്ലൽ എന്ന ആചാരത്തോടുള്ള ശക്തമായ എതിർപ്പ് അദ്ദേഹത്തിന് വിവാഹമോചനത്തോടുമുണ്ടായിരുന്നു. തെറ്റുകൾ തിരുത്തി ജയൻ തിരിച്ചുവരുമെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം അങ്ങനെത്തന്നെ ഗൗരിയെയും വിശ്വസിപ്പിക്കാൻ ആവതു ശ്രമിച്ചു. എന്നിട്ടും ഗൗരി മുന്നോട്ടുതന്നെ നടന്നു. ഇന്നലെയിലേക്ക് മറിഞ്ഞ ഓർമ്മത്താളുകൾ നനച്ച കണ്ണുകളുമായാണ് സൈനബടീച്ചറുടെ വീട്ടിലേക്ക് ഗൗരി കയറിയത്. കുറച്ചുനാളത്തേക്ക് മക്കളും പേരമക്കളുമെല്ലാം അമേരിക്കയിൽനിന്നു വരുമെന്നു പ്രതീക്ഷിച്ചിരുന്നത് വെറുതെയായ കാര്യം ടീച്ചർ പറഞ്ഞറിഞ്ഞിരുന്നു. വീടിനുള്ളിൽ പുകയുന്ന മൗനത്തിന് കൂടുതൽ ആഴം വന്നിട്ടുള്ളതുപോലെ ഗൗരിക്കു തോന്നി. തുറന്നിട്ട ജാലകത്തിലൂടെ ഒരുവശം ചെരിഞ്ഞായിരുന്നു ടീച്ചറുടെ കിടപ്പ്. പകൽവെളിച്ചത്തിൽ മറഞ്ഞ് ഇരുളിൽ കണ്ണുതുറക്കുന്ന നക്ഷത്രങ്ങളോട് സംസാരിച്ച് ഇന്നലെകളെ ഓർത്തെടുത്ത് കിടന്ന ടീച്ചറുടെ മുഖം മങ്ങിയിരുന്നു. മകൾ കൊടുത്തയച്ച വിലയേറിയ പുതുവസ്ത്രത്തിന്റെ തിളക്കത്തിലേക്ക് ടീച്ചർ ചിരിച്ചു. "തീരെ വയ്യാണ്ടായിരിക്കുന്നു. വർത്തമാനം ഒട്ടുംതന്നെ ഇല്ലാണ്ടായി…", സഹായത്തിനു നിർത്തിയിട്ടുള്ള ജാനുച്ചേച്ചി സങ്കടത്തോടെ പറഞ്ഞു. മസ്തിഷ്‌ക്കാഘാതം വെട്ടിവീഴ്ത്തിയ ശരീരം അതിവേഗം തീരമണയുകയാണെന്ന് ഗൗരിക്കു തോന്നി.
ശരീരത്തിന്റെ പുറംഭാഗത്ത് തിണർത്തുകിടക്കുന്ന വ്രണങ്ങൾ ഗൗരി തുടച്ചു. "ജയൻ വരില്ലേ…?",. ശബ്ദത്തിൽനിന്നേ അറിയാം ടീച്ചറുടെ മനസ്സിന്റെ ക്ഷീണം. "ഇല്ല…", നിശ്ചയദാർഢ്യത്തിന്റെ വാക്കുകൾ കേട്ട് ടീച്ചർ നിശ്ശബ്ദയായി. “ടീച്ചർ മനസ്സ് വിഷമിപ്പിക്കരുത്…” മരുന്നുകൾ ഓരോന്നായി എടുത്തുവച്ചു ഗൗരി. തനിച്ചായിരിക്കുന്നതാണ് ടീച്ചറിനിപ്പോൾ കൂടുതലിഷ്ടം, അല്ലേ…?” “അല്ല, നീ വരുന്നതാണെനിക്ക് സന്തോഷം…” ടീച്ചർ ജനാലയിലൂടെ പുറത്തേക്ക് നോട്ടം മാറ്റി. നേരെ എതിർവശത്തെ മേശമേൽ മക്കളുടെയും കൊച്ചുമക്കളുടേയും ചിത്രങ്ങൾ ഫ്രെയിം ചെയ്ത് നിരത്തിവച്ചിരിക്കുന്നു. “എന്താ പറയാ… എല്ലാവർക്കും തിരക്കുതന്നെ… വരുന്നതും തങ്ങുന്നതുമൊക്കെ പോട്ടെ. നമുക്ക് മനസ്സിലാക്കാം… ഫോണിലൂടെ മിണ്ടാൻപോലും സമയമില്ലെന്നു വച്ചാൽ…!”, ജാനുച്ചേച്ചി നെടുവീർപ്പിട്ടു. ടീച്ചറിനോട് എന്തൊക്കെയോ ചോദിക്കണമെന്നും പറയണമെന്നുമുണ്ടായിരുന്നു ഗൗരിക്ക്. പക്ഷേ ആ കിടപ്പും മൂകതയും മുഖത്തെ നിർവികാരതയും കണ്ടപ്പോൾ ഒന്നിനും കഴിഞ്ഞില്ല. എന്തൊരു തിക്കും തിരക്കുമുണ്ടായിരുന്ന വീടാണിത്. ഇപ്പോൾ നിശ്ശബ്ദത കൂടാരമടിച്ചിരിക്കുന്നു. ജയന്റെ നാട്ടുകാരിയായ ടീച്ചർ ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് മകൾക്കും കുടുംബത്തിനും ഒരു കൂട്ടായി ഇന്നാട്ടിലേക്ക് വന്നത്. എന്നിരുന്നാലും ഒറ്റപ്പെടലിന്റെയും അവഗണനയുടെയും തീച്ചൂളയിൽ ഉരുകുമ്പോഴും ടീച്ചർക്കു പരാതികളില്ല. സ്വന്തം ദൃഷ്ടിയിൽ ആരുംതന്നെ തെറ്റുകാരാകാത്തിടത്തോളം കുറ്റപ്പെടുത്തലുകൾക്ക് എന്തു പ്രാധാന്യം…? തിരിച്ചു സ്‌കൂട്ടറോടിക്കുമ്പോൾ ഓർമ്മകൾ വീണ്ടും കുന്നുകയറി വന്നു. ഒരുകാലത്ത് പ്രിയപ്പെട്ട വിദ്യാർഥിയായിരുന്ന ജയനെക്കുറിച്ച് ടീച്ചറെപ്പോഴും മതിപ്പോടുകൂടി സംസാരിക്കുമായിരുന്നു. വിദേശത്തു പഠിക്കണമെന്ന് ചെറുപ്പം മുതൽക്കേയുണ്ടായിരുന്ന ലക്‌ഷ്യം ഐഐടിവരെയേ എത്തിയുള്ളുവെങ്കിലും മാതൃകാവിദ്യാർഥിയായിരുന്ന, അന്നാട്ടിലെ ആദ്യത്തെ ഐഐടി ബിരുദധാരിയായ ജയൻ ഏവർക്കും സുപരിചിതനായിരുന്നു. ഐഐടി നാളുകളിൽ ഒരു കോൺഫറൻസിൽ വച്ചായിരുന്നു ജയനെ ഗൗരി കണ്ടുമുട്ടിയത്. പിന്നെ പഠനകാലത്തുതന്നെ വിവാഹം. ഒരുവർഷത്തിനുള്ളിൽ അമ്മൂട്ടിയുടെ ജനനം. ആംസ്റ്റർഡാമിലായിരുന്നു ഗൗരിയുടെ ആദ്യത്തെ പ്ലേസ്മെന്റ്. പുറംലോകത്തെ ജീവിതം കണ്ടനുഭവിച്ചപ്പോൾ സ്വന്തം മണ്ണിൽ തനിക്കുള്ള ദൗത്യത്തെപ്പറ്റി തിരിച്ചറിവുണ്ടായതുകൊണ്ടുകൂടിയാണ് ഗൗരി ജോലിയവസാനിപ്പിച്ച് തിരിച്ചുവന്നത്. പിഎച്ച്ഡിയിലേക്ക് പഠനം പറിച്ചുനട്ട ജയൻ ഗൗരിയുടെ തീരുമാനത്തോട് തുടക്കത്തിൽ വിയോജിച്ചെങ്കിലും ജയനെ പറഞ്ഞുമനസ്സിലാക്കുന്നതിൽ ഗൗരി പിന്നീട് വിജയിച്ചു.
അശ്വതിയും അമ്മൂട്ടിയുമൊത്ത് ഉച്ചഭക്ഷണം കഴിച്ചശേഷം ഗൗരി പുറത്തിറങ്ങുമ്പഴേക്കും പോക്കുവെയിൽ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങിയിരുന്നു. ഓഫിസിൽനിന്ന് അമ്പിളിയും കൂടെയിറങ്ങി. സമൂഹമാധ്യമങ്ങളിൽ അശ്വതി പങ്കിട്ട സന്ദേശങ്ങളും ചിത്രങ്ങളും, കരയിലും കടലിലും ആകാശത്തും സഞ്ചരിക്കുകയും സ്ഥലകാലത്തിനതീതമായി ലോകത്തെ ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. നടക്കുന്ന വഴിനീളെ ഗൗരിയോട് വർത്തമാനം പറയാൻ ആളുകളുണ്ടായിരുന്നു– ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും ഗൗരിയിൽനിന്ന് പഠിച്ച അയൽക്കൂട്ടത്തിലെ അമ്മമാർ; ഉപരിപഠനത്തിനായി ഗൗരി വഴികാട്ടിക്കൊടുത്ത യുവാക്കൾ; സാമ്പത്തികവും അല്ലാത്തതുമായ കാര്യങ്ങളിൽ ഗൗരിയുടെ തണൽ ലഭിച്ച പാവപ്പെട്ടവർ; ഇതിലൊന്നും പെടാത്ത പരിചയക്കാർ…. പള്ളിക്കു മുമ്പിലെത്തിയതും മുസല്യാരുടെ ഓർമ്മകളെ ചുമലിലേറ്റിയ കാറ്റുവീശി. മൊഴിചൊല്ലലിനെതിരെ ഉയർത്തിവിട്ട കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴും സ്വന്തം ജീവനു നേരെയുയർന്ന ഭീഷണി വകവയ്ക്കാതെ നെഞ്ചുവിരിച്ചുനിന്ന് സ്ത്രീപുരുഷസമത്വത്തിനുവേണ്ടി അദ്ദേഹം ഘോരം വാദിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ കാട്ടുതീപോലെ പടർന്നതും പിന്തുണക്കുന്നവരുടെ എണ്ണത്തിലെ ക്രമാനുഗതമായ വർധനയും പലരുടെയും ഉറക്കം കെടുത്തി. അതിന്റെ തുടർച്ചയായിരുന്നു മുസല്യാരുടെ കൊലപാതകം. തെളിവുകളൊന്നും വെളിച്ചത്തുവരാതെ ആസൂത്രിതമായ ഒരു തുടച്ചുനീക്കൽ…! നടന്നുനടന്ന് വൈദ്യശാലയെത്തി. വീടിന്റെ മുമ്പിലായുള്ള പീടികമുറിയിലാണ് വൈദ്യശാല. അടുത്ത വീട്ടിലെ ശാന്തമ്മായിയുടെ കൈ പൊന്തിച്ചും താഴ്ത്തിയും വൈദ്യര് അകത്തിരിപ്പുണ്ട്. ശാന്തമ്മായിയുടെ മുഖം അരിമില്ലിൽ കറങ്ങുന്ന ബെൽറ്റുപോലെ വലിഞ്ഞുമുറുകിയിരുന്നു. “ആമവാതം അല്ലെങ്കിൽ എല്ലിന്റെ തേയ്‌മാനം… അതിലൊന്നുതന്നെ…! പേടിക്കാനൊന്നുമില്ല.…”, വൈദ്യരുടെ ഉറക്കെയുള്ള ശബ്ദം. “പേടിച്ചിട്ടെന്തു കാര്യം, വിളിച്ചാൽ പോകാണ്ടിരിക്കാൻ പറ്റുമോ..?”, ശാന്തമ്മായിയുടെ ഉറക്കെയുള്ള ചോദ്യം കേട്ട് അമ്പിളിക്കൊപ്പം ഗൗരിയും ചിരിച്ചു. അകത്തെ ഹാളും കടന്ന് ഇടതുഭാഗത്തുള്ള മുറിയിലാണ് നീലിമ കിടക്കുന്നത്. ഹാളിൽ ഊനുറഞ്ഞുപടർന്ന ഇരുട്ട്. പാതിതുറന്ന വാതിലിലൂടെ തോലു പൊളിച്ച കാഞ്ഞിരംപോലെ തെളിഞ്ഞ നീലിമയുടെ കണങ്കാലുകൾ. ഭർത്താവിൽനിന്ന് നട്ടെല്ലിനേറ്റ ചവിട്ടിൽ കാലിന്റെ എല്ലുപൊട്ടുകയും തുടയിലെ പേശികൾ ചതയുകയും ചെയ്തിരുന്നു. ആ സംഭവമേൽപ്പിച്ച ആഘാതം ചോരയായൊഴുകിയ നീലിമയുടെ ഗർഭത്തിന്റെ ഓർമ്മയായി ഇന്നും പലരുടെയും മനസ്സിൽ അവശേഷിക്കുന്നു.
“ഭക്ഷണം കഴിച്ചോ…?” “ഉം, കഞ്ഞി…”, ഊർജ്ജം നഷ്ടപ്പെട്ട സ്വരം. വാടിയ അരളിപ്പൂപോലെ വിളറിയ ചിരി. ഈയടുത്ത നാളിലാണ് സന്ധികൾക്കും നാഡീഞരമ്പുകൾക്കും അനക്കം വച്ചത്. അതുവരെ അബോധത്തിന്റെ ആഴങ്ങളിലായിരുന്നു കിടപ്പ്. ജീവന്റെ തെളിവായി കണ്ണുകൾ മാത്രം ഉരുണ്ടുകളിച്ചിരുന്നു. ഭാഷയില്ല, വികാരങ്ങളില്ല… ഇപ്പോൾ പതിയെയെങ്കിലും ജീവിതം തിരിച്ചുവരികയാണ്. അലമാര തുറന്ന് മാറ്റാനുള്ള ഡ്രസ്സ് പുറത്തേക്കെടുത്തു. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട് വസ്ത്രത്തിന്റെ കുടുക്കുകൾ തുറന്നതും എന്നത്തെയുംപോലെ നീലിമയുടെ കണ്ണുകൾ മറിഞ്ഞുതുടങ്ങി. ദയനീയമായ നോട്ടം. പ്ലാസ്റ്ററുള്ള കാൽ ഒരു മരത്തുണ്ടുപോലെ കിടന്നു. ശരീരം തുടച്ച് ലോഷൻ പുരട്ടിയപ്പഴേക്കും അമ്പിളി മരുന്നുകൾ ഓരോന്നായി എടുത്തുകൊടുത്തു. വസ്ത്രം മേലോട്ടു കയറുമ്പോൾ കണ്ണുകൾ വീണ്ടും പിടഞ്ഞു. “ചേച്ചീ… ഇടയ്ക്ക് തോന്നും, മരിച്ചാൽ മതിയെന്ന്…”, നീലിമയുടെ മൃദുശബ്ദത്തിനൊപ്പം മുറിയിലേക്ക് കയറിയ ഇളംകാറ്റിന് മരുന്നിന്റെ ഗന്ധം. “വെളിച്ചത്തിനല്ലേ നമ്മെ മുന്നോട്ടു നയിക്കാൻ പറ്റൂ… അപ്പോൾ ജീവിതമാണ് മുന്നിലുണ്ടാകേണ്ടത്, മരണമല്ല…!”, നീലിമയുടെ നെറ്റിയിൽ പതിയെ വിരലോടിക്കവെ ജനാലച്ചില്ലിൽ തട്ടി അസ്തമിക്കുന്ന പടിഞ്ഞാറൻ വെയിൽ ഗൗരിയുടെ മുഖത്തേക്കു വീണു. മയക്കത്തിൽനിന്ന് നീലിമ ഉറക്കത്തിലേക്കു വീഴുന്നതുകണ്ട് പുറത്തേക്കിറങ്ങുമ്പോൾ അമ്പിളി പറഞ്ഞു: “എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും ഇരുളിന്റെ ഇത്തരം വകഭേദങ്ങൾ…” “അതെ, ശരിതന്നെ. പക്ഷേ ഇരുൾ പരത്തുന്നതും മനുഷ്യർ തന്നെയല്ലേ…?”, ഗൗരിയുടെ വാക്കുകളിൽ അസ്വസ്ഥത നുരഞ്ഞു. നീലിമയുടെ ഈയവസ്ഥക്കു കാരണമായവന്റെ മുഖം മനസ്സിൽ തെളിഞ്ഞതും ഗൗരിക്കുള്ളിലെ കരടി മുരണ്ടുകൊണ്ടുണർന്നു. നിശ്ശബ്ദതയുടെ ഏതാനും നിമിഷങ്ങൾ അവർക്കിടയിൽ കടന്നുപോയി. നടപ്പിനിടെ അമ്പിളി സ്വന്തം വീട്ടിലേക്കുള്ള വഴിതിരിഞ്ഞുപോയി. അതോടെ ഗൗരിയും ഉള്ളിലെ കരടിയും മുഖത്തോടുമുഖം നോക്കി നടക്കാൻ തുടങ്ങി. സായംസന്ധ്യ ഇരുട്ടിന് വഴിമാറിയപ്പോൾ വഴിവിളക്കുകൾ പനിച്ചുവിറച്ചു കത്തി. വഴിയിലെ കുഴികൾക്ക് ആഴവും പരപ്പുമേറി വരുന്നതുപോലെ ഗൗരിക്കു തോന്നി. ഇന്നത്തെ ദിവസത്തിന്റെ ആകെത്തുകയെന്നമട്ടിൽ ഓരോ കാലടിക്കുമൊപ്പം ഓർമ്മകൾ കൂട്ടിന്നുവന്നു. ആദർശങ്ങൾക്ക് സ്വന്തം ജീവനെക്കാൾ വിലയിട്ട മുസല്യാർ… ആസക്തികളുടെ സ്വപ്നഭൂമിയിലൂടെ സഞ്ചരിക്കുന്ന സ്ത്രീലമ്പടനായ സഹദേവനങ്കിൾ… മക്കളുടെ അവഗണനയുടെ തീച്ചൂടിൽ പൊള്ളി മൗനത്തിന്റെ ആഴങ്ങളിലൂടെയൊഴുകുന്ന സൈനബടീച്ചർ... ജീവിതത്തിനും മരണത്തിനുമിടയിലെ ഗർത്തത്തിൽ വികാരങ്ങൾ മരവിച്ചുപോയ നീലിമ.. പിന്നെ, പുതിയ മേച്ചിൽപ്പുറത്തിന്റെ ശീതളിമയിലും പഴയ വടവൃക്ഷത്തിലേക്കു ചേക്കേറാൻ പാടുപെടുന്ന ജയൻ.. അവരെല്ലാം തന്നോടൊപ്പം തോളോടുതോൾചേർന്നു നടക്കുന്നതായും തനിക്കുമാത്രം കേൾക്കാവുന്ന സ്വരത്തിൽ സംസാരിക്കുന്നതായും ഗൗരിക്കു തോന്നി.
നിരത്തിനറ്റത്ത് വീടിനുമുന്നിലെ ‘തണൽ’ ഓഫീസിനു മുന്നിലായി വാകമരച്ചോട്ടിൽ ജയന്റെ നിഴൽ ദൂരെനിന്നേ ഗൗരി കണ്ടു. നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. ഗൗരി അടുത്തെത്തിയതും വേരുറപ്പില്ലാത്ത പാഴ്‌മരംപോലെ ജയൻ ഗൗരിക്കരികിലേക്കു ചാഞ്ഞു. “ഗൗരീ, നിന്നെക്കണ്ടു സംസാരിക്കാനും ഒരിക്കൽക്കൂടി മാപ്പപേക്ഷിക്കാനുമായിട്ടാണ് ഞാൻ വന്നത്… നീയെന്നോട് പൊറുക്കണം… കഴിഞ്ഞ കാലത്തെ തെറ്റുകൾ മറന്ന് നമുക്കൊരുമിച്ച് ഒരു പുതുജീവിതം തുടങ്ങണം…” ഗൗരി നാവിനു കടിഞ്ഞാണിട്ടു നിന്നു. മനസ്സിൽ പോരുകാള പതിയെ മുരണ്ടു. “നിനക്കെന്നോട് ദേഷ്യമുണ്ടെന്നറിയാം… എല്ലാം പറഞ്ഞുതീർക്കാനാണ് ഞാൻ വന്നത്… എനിക്കിനി നിന്റെയും നമ്മുടെ കുഞ്ഞിന്റെയുംകൂടെ ജീവിക്കണം…” “ഗൗരീ, പ്ലീസ്… നീ കേസു പിൻവലിക്കണം… എന്നെ നിന്റെ ജീവിതത്തിലേക്ക് സ്വീകരിക്കണം…” ഗൗരിയുടെ മുഖം കനച്ചു. പോരുകാള പിടഞ്ഞെണീറ്റതും നാവിന്റെ കെട്ടുകളഴിഞ്ഞു: “പൊറുക്കാനാകാത്ത തെറ്റു ചെയ്തിട്ട് ഒരു സോറിയിൽ തീർത്ത് പുതുബന്ധങ്ങളാരംഭിക്കുന്നതുകൊണ്ട് തലമുറകളോളം അനുഭവിക്കേണ്ട പെണ്ണിന്റെ ദുരിതങ്ങൾ അവസാനിക്കുമോ…?” ജയൻ കുനിഞ്ഞ ശിരസ്സോടെ നിന്നു. വാക്കുകൾ പെറുക്കിയെടുക്കാനുള്ള അവസാന ശ്രമമാണെന്നു തോന്നി. പെട്ടെന്ന് ദൂരെനിന്ന് വലിയ ആരവമുയർന്നു. അതു താളാത്മകമായി അടുത്തുവന്നുകൊണ്ടിരുന്നു. “നീ പറയുന്ന എന്തു പ്രായശ്ചിത്തവും ഞാൻ ചെയ്യാം…” “ഇല്ല, എന്റെ തീരുമാനം മാറില്ല… പ്രായശ്ചിത്തത്തിന് ഇനിയൊന്നും ചെയ്യാനില്ല…”, ഗൗരി ദൃഢസ്വരത്തിൽ പറഞ്ഞു. ആരവം കടലിരമ്പം കണക്കെ നിരത്തിനറ്റത്ത് തലകാട്ടി. ഒരു ഘോഷയാത്രയുടെ മുഖവുമായി അതടുത്തടുത്തുവന്നു. നിഴലുകൾക്ക് ജീവൻ വച്ചപ്പോൾ ഏറ്റവും മുന്നിൽ അശ്വതിയാണെന്നു ഗൗരിക്ക് മനസ്സിലായി. ഒപ്പം ചേർന്നുനിൽക്കുന്ന അമ്മൂട്ടി. കൂടെയുള്ളതെല്ലാം പരിചിതമുഖങ്ങൾ. ഗൗരിയെക്കണ്ടതും പലരുടെയും ആവേശം ഇരട്ടിച്ചു. അതോടെ മുദ്രാവാക്യങ്ങൾക്കു ശക്തിയേറി. ആ ശബ്ദഘോഷത്തിൽനിന്നു ഗൗരിക്ക് പിടികിട്ടി, വൈദ്യരുടെ മരുമകനെ ഒളിത്താവളത്തിൽനിന്ന് പിടികൂടിയിരിക്കുന്നു. ജയനെ കണ്ടമാത്രയിൽ അശ്വതി ആശ്ചര്യത്തോടെ ഗൗരിയോടു ചോദിച്ചു: “ജയേട്ടൻ എന്തിനാണു വന്നത്…?” അതിനുള്ള മറുപടിയെന്നവണ്ണം ഗൗരി പറഞ്ഞു: “ഒരിക്കലും സാധ്യതയില്ലാത്ത ഒത്തുതീർപ്പിനുള്ള പാഴ്ശ്രമം…”, അശ്വതീയെന്നു വിളിച്ചുകൊണ്ട് ഗൗരി ദൃഢസ്വരത്തിൽ മുഴുമിപ്പിച്ചു: “നമ്മൾ കൂടുതൽ ആവേശത്തോടെ മുന്നോട്ടുപോകും…” വീശിയടിച്ച ഇളംകാറ്റിന്റെ ചിറകുകൾ ഗൗരിക്കുചുറ്റും വലംവക്കവേ ആകാശത്തുദിച്ച അനേകം പുതുനക്ഷത്രങ്ങൾ താഴോട്ടു നോക്കി പുഞ്ചിരിച്ചു.
Content Summary: Malayalam Short Story ' Velichappottukal ' written by Joshy Martin