വെള്ളിയാഴ്ച ഓഫിസിൽ നിന്ന് മടങ്ങി വരുമ്പോൾ മലയാളി കടയിൽ നിന്ന് വാങ്ങിയ പൊറോട്ടയ്‌ക്കും പോത്തു വരട്ടിയതിനും  മേമ്പൊടിയായി  ബിയർ ഗ്ലാസ്സുകൾ പതിയെ നുരയാൻ തുടങ്ങുമ്പോഴാണ് കോളിങ്ബെൽ മുഴങ്ങിയത്. രസച്ചരട് പൊട്ടിയ നീരസത്തോടെ  വാതിൽ തുറന്നതും അൽപമൊന്നു പകച്ചു. മുന്നിൽ മൂന്നു നാല് പൊലീസുകാർ!

വെള്ളിയാഴ്ച ഓഫിസിൽ നിന്ന് മടങ്ങി വരുമ്പോൾ മലയാളി കടയിൽ നിന്ന് വാങ്ങിയ പൊറോട്ടയ്‌ക്കും പോത്തു വരട്ടിയതിനും  മേമ്പൊടിയായി  ബിയർ ഗ്ലാസ്സുകൾ പതിയെ നുരയാൻ തുടങ്ങുമ്പോഴാണ് കോളിങ്ബെൽ മുഴങ്ങിയത്. രസച്ചരട് പൊട്ടിയ നീരസത്തോടെ  വാതിൽ തുറന്നതും അൽപമൊന്നു പകച്ചു. മുന്നിൽ മൂന്നു നാല് പൊലീസുകാർ!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാഴ്ച ഓഫിസിൽ നിന്ന് മടങ്ങി വരുമ്പോൾ മലയാളി കടയിൽ നിന്ന് വാങ്ങിയ പൊറോട്ടയ്‌ക്കും പോത്തു വരട്ടിയതിനും  മേമ്പൊടിയായി  ബിയർ ഗ്ലാസ്സുകൾ പതിയെ നുരയാൻ തുടങ്ങുമ്പോഴാണ് കോളിങ്ബെൽ മുഴങ്ങിയത്. രസച്ചരട് പൊട്ടിയ നീരസത്തോടെ  വാതിൽ തുറന്നതും അൽപമൊന്നു പകച്ചു. മുന്നിൽ മൂന്നു നാല് പൊലീസുകാർ!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകിട്ട് ജിമ്മിൽ നിന്നിറങ്ങിയപ്പോൾ ഫോണിലെ നോട്ടിഫിക്കേഷൻസ് നോക്കി. അലക്സിന്റെ വോയിസ് നോട്ട് വാട്സാപ്പിൽ വന്നു കിടപ്പുണ്ട്. തുറന്ന് കേട്ടു. “ഇന്നലെ നെറ്റ്ഫ്ലിക്സിൽ ഒരു സിനിമ കണ്ടു, ‘ഡിയർ ഫ്രണ്ട്’. ഡു  വാച്ച് ഇറ്റ്. ദെയ്ർ ഈസ് എ സർപ്രൈസ് ഫോർ യു. ഇൻഡീഡ് എ ഷോക്കിങ് വൺ!” എന്താണാവോ കാര്യം? എന്തായാലും ഒരു തംപ്സ് അപ്പ് ഇമോജി അയച്ചു. ഓഫിസിലെ ജോലിത്തിരക്ക് കാരണം, കാഴ്ച നടന്നില്ല. ഒരാഴ്ച കഴിഞ്ഞു കാണും. സുമിത്തിന്റെ മെസ്സേജ് “ഡാ നീ ഡിയർ ഫ്രണ്ട് സിനിമ കണ്ടോ? കണ്ടില്ലേൽ കാണണം. കണ്ടിട്ട് നമുക്കെല്ലാവർക്കും കൂടി കോൺഫറൻസ് കോളിൽ സംസാരിക്കാം” എനിക്ക് ആകാംഷയായി, എന്താണീ സർപ്രൈസ്? എന്തായാലും ശനിയാഴ്ച രാത്രി കണ്ടുകളയാം. ഭാര്യ വല്യ താൽപര്യം പ്രകടിപ്പിക്കാഞ്ഞതിനാൽ  ഞാനൊറ്റക്കിരുന്നാണ് കണ്ടത്. പടം തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി എന്തിനാണ് കൂട്ടുകാർ മുൻപൊരിക്കലും ഇല്ലാത്തവണ്ണം ഒരു സിനിമ കാണാൻ നിർബന്ധിച്ചതെന്ന്. പടം കണ്ടു തീർത്തപ്പോൾ, മനസ്സ്  വല്ലാതെ അസ്വസ്ഥമായി. കുഴികുത്തി മൂടിയ പലതും കുഴി മാന്തി പുറത്തെടുത്തപോലെ ഉറക്കം കിട്ടാനായി തലയിണയിൽ മുഖമമർത്തി കിടക്കുമ്പോൾ. ഓർമ്മകൾ എട്ടു വർഷം മുൻപേക്കു സഞ്ചരിച്ചു. 

ക്യാംപസിൽ നിന്ന് ചെന്നൈ മഹാ നഗരത്തിലേക്ക് ചേക്കേറിയിട്ടു ഏതാണ്ട് നാല് വർഷത്തോളമായിരുന്നു. സഹമുറിയന്മാരെല്ലാം ഓഫിസിൽ കൂടെ ജോലി ചെയ്യുന്ന മലയാളികൾ. തിരുവല്ലാക്കാരൻ സുമിത്, അലക്‌സിന്റെ സ്വദേശം കണ്ണൂരാണ്, പിന്നെയുള്ളത് ബാലുശ്ശേരിക്കാരൻ കിരൺ, ഒടുവിലായി തിരുവനന്തപുരത്തുകാരനായ പ്രവീണെന്ന ഞാനും. സുമിത്തും ഞാനും എൻജിനീയറിങ് തൊട്ടേ ഒരുമിച്ചാണ്. എംബിഎയ്ക്കു കൂടെ കൂടിയതാണ് അലക്സ്. കിരണിനെ ആദ്യമായ് കാണുന്നത് ഓഫിസിൽ വച്ചാണ്. സുമിത് ആളൊരു സംസാരപ്രിയനാണ്. ആരെയും പെട്ടെന്നു വിശ്വസിക്കുന്ന പ്രകൃതം. വീടും നാടുമാണ് പ്രധാന ബലഹീനത. അതുകൊണ്ടുതന്നെ മാസത്തിൽ ഒരിക്കലെങ്കിലും തിരുവല്ലയ്ക്കു ട്രെയിൻ കയറിയില്ലെങ്കിൽ അവനു ഇരിക്കപ്പൊറുതി കിട്ടില്ല. കിരൺ ആളൊരു ശുദ്ധ നാട്ടിൻപുറത്തുകാരനാണ്. ആരോടും പെട്ടെന്ന് ഇണങ്ങും. എന്നാൽ പിണങ്ങിയാൽ ആൾ അൽപം പിശകാണ് താനും. അലക്സ് പത്താം ക്ലാസ്സു വരെ അബുദാബിയിലാണ് പഠിച്ചതും വളർന്നതും. അധികം സംസാരിക്കാത്ത പ്രകൃതം. എല്ലാത്തിനോടും ഒരു തരം  നിർമമത. ഞാനാവട്ടെ തിരുവനന്തപുരം നഗരത്തിന്റെ ഉൽപ്പന്നമാണ്. ചെറുപ്പം മുതലേ അൽപം വായനയും സംഗീതവുമൊക്കെയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരങ്ങളിലാണ് ഓഫിസിലെ തിരക്കുകളൊക്കെ ഒതുക്കി ഒന്നുഷാറാവുക. ശനിയും ഞായറും അവധിയാണ്. വെള്ളിയാഴ്ച രാത്രികളിൽ ബിയറാണ് താരമെങ്കിൽ ശനിയാഴ്ചകളിൽ അത് റമ്മോ വിസ്കിയോ ആവും. 

ADVERTISEMENT

നഗരം ആലസ്യത്തിലാണ്ടു കിടക്കുന്നൊരു ഞായറാഴ്ച ദിവസം, പകുതി തുറന്ന ജനൽ പാളികൾക്കിടയിലൂടെ വെളിച്ചം ബോധത്തിലേക്ക് ചൂഴ്ന്നിറങ്ങിയ ഏതോ ഒരു നിമിഷത്തിൽ കണ്ണ് തുറന്നു. തലേന്ന് ചെലുത്തിയ റമ്മിന്റെ കെട്ടുപാടുകൾ ഇനിയും വിട്ടിട്ടില്ല. തലയ്ക്കു വല്ലാത്ത ഭാരം തോന്നി. ലഹരിയുടെ വേലിയേറ്റത്തിലെപ്പോഴോ തിട്ടയിടിഞ്ഞു ബോധം വാർന്നു പോയ തലയ്ക്കുള്ളിലെ ഒഴിമുറികളിലേക്കു സ്ഥലകാലങ്ങൾ തിരികെയെത്താൻ അൽപനേരമെടുത്തു. കണ്ണ്  മിഴിച്ചു സാവധാനം ചുറ്റും നോക്കി, ഇന്നലത്തെ പങ്കു പറ്റിയവരെല്ലാം അവിടവിടയായ് ഗാഢനിദ്രയിലാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒരു ദുസ്വപ്നത്തിലെന്ന വണ്ണം   അരങ്ങേറിയ സംഭവങ്ങൾ എല്ലാവരെയും അത്രകണ്ട്  ഉലച്ചിരിക്കണം. നാളിതുവരെ ഒരു പൊലീസ് സ്റ്റേഷനിൽ പോലും കയറേണ്ടി വന്നിട്ടില്ലാത്ത നാല് പേർ, ഒരു രാത്രിയും പകലും നിരന്തരമായി പൊലീസുകാരുടെ ചോദ്യം ചെയ്യലിന് വിധേയരാവേണ്ടി വരിക. അതും നടുക്കുന്ന രണ്ടു കൊലപാതക കേസുകളുമായി ബന്ധപ്പെട്ട്! മൊബൈൽ ഫോണെടുത്തു സമയം നോക്കി, പതിനൊന്നു മണി ആവാറായിരിക്കുന്നു. ഉറക്കച്ചടവോടെ അടുക്കളയിൽ കയറി ഫിൽറ്ററിൽ നിന്നും കുറെയേറെ വെള്ളം ആർത്തിയോടെ കുടിച്ചിട്ട് കട്ടൻ കാപ്പി തിളപ്പിക്കാൻ വച്ചു. കാപ്പി പാത്രത്തിൽ കുമിളകൾ നാമ്പിടുന്നതും കാത്തു നിൽക്കുമ്പോൾ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ കൊള്ളിയാൻ കണക്കെ മനസ്സിലൂടെ പാഞ്ഞു.

വെള്ളിയാഴ്ച ഓഫിസിൽ നിന്ന് മടങ്ങി വരുമ്പോൾ മലയാളി കടയിൽ നിന്ന് വാങ്ങിയ പൊറോട്ടയ്‌ക്കും പോത്തു വരട്ടിയതിനും  മേമ്പൊടിയായി  ബിയർ ഗ്ലാസ്സുകൾ പതിയെ നുരയാൻ തുടങ്ങുമ്പോഴാണ് കോളിങ്ബെൽ മുഴങ്ങിയത്. രസച്ചരട് പൊട്ടിയ നീരസത്തോടെ  വാതിൽ തുറന്നതും അൽപമൊന്നു പകച്ചു. മുന്നിൽ മൂന്നു നാല് പൊലീസുകാർ! നുരയുന്ന ബിയർ ഗ്ലാസ്സുകളെയും തുറക്കാത്ത ഭക്ഷണ പൊതികളേയും സാക്ഷിയാക്കി വീട് പൂട്ടി അവർക്കൊപ്പം  ഇറങ്ങുമ്പോൾ സമയം എട്ടരയോട് അടുത്തിരുന്നു. രാത്രി ഏതാണ്ട് പതിനൊന്നുമണിക്കു തുടങ്ങിയ ചോദ്യം ചെയ്യൽ പല റൗണ്ടുകൾക്കൊടുവിൽ സ്റ്റേഷൻ പരിധി വിട്ടു പോവരുതെന്ന താക്കീതോടെ   പിറ്റേ ദിവസം വൈകിട്ട് അഞ്ചു മണിയോടടുപ്പിച്ചാണ് അവസാനിച്ചത്. നഗരത്തിലെ ശനിയാഴ്ച തിരക്കിലൂടെ  വീട്ടിലേക്കു തിരികെ വണ്ടിയോടിക്കുമ്പോൾ പൊലീസുകാർ ചോദ്യ ശരങ്ങൾ കൊണ്ട് തലങ്ങും വിലങ്ങും വരഞ്ഞ മനസ്സുകൾ  നല്ലവണ്ണം നീറുന്നുണ്ടായിരുന്നു. ആത്മാഭിമാനത്തിനും ആത്മനിന്ദയ്ക്കുമിടയിൽ വീട്ടിൽ നിന്നും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കുള്ള ദൂരമേ ഉള്ളുവെന്ന് തോന്നി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ കാരണം ഒരു ഫോട്ടോ ആയിരുന്നു! മനുവിന്റെ കൂടെ ഞങ്ങൾ നാലുപേരും ചേർന്ന് നിൽക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ!

നഗരം കത്തിരി ചൂടിൽ തിളച്ചു മറിയുന്ന രണ്ടായിരത്തി പതിനാലിലെ ഒരു ഞായറാഴ്ച, ഞാനും സുമിത്തും  ഉച്ചയ്ക്കുള്ള സ്പെഷ്യൽ ചിക്കൻ ബിരിയാണി ചിൽഡ് ബിയറിന്റെ അകമ്പടിയോടെ  തയാറാക്കുന്നതിനിടയിൽ ഓഫിസിലെ അറ്റൻഡർ മാരിയപ്പന്റെ ചില വിചിത്ര സ്വഭാവങ്ങളെ പറ്റി തുടങ്ങിയ ചർച്ച നാട്ടിലും സ്കൂളിലുമൊക്കെ കണ്ടു മറഞ്ഞ പല രസികൻ കഥാപത്രങ്ങളിലേക്കും കാടുകയറുന്നതിനിടയിലാണ്, കഴിഞ്ഞ തവണ താൻ വീട്ടിൽ പോയ് തിരികെ വന്നപ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ച് പരിചയപ്പെട്ട ഒരു പയ്യനെ പറ്റി സുമിത്  പറയുന്നത്. “കേട്ടോടാ, ഞാനും കസിനും കൂടി ട്രെയിൻ വരുന്നതും നോക്കി ഒരു ബെഞ്ചിൽ  ഇരിക്കുമ്പോഴുണ്ട് ഏതോ ഒരു വണ്ടി അപ്പുറത്തെ പ്ലാറ്റ്ഫോമിൽ കൂടി നിർത്താതെ മിസൈല് പോലെ പോകുന്നു. ഇതേതാടാ ഈ ട്രെയിനെന്ന് അവനോട് ചോദിച്ചപ്പോ അവനറിയത്തില്ല. അപ്പഴാ ഞങ്ങക്ക് പുറം തിരിഞ്ഞിരുന്ന ഒരു ചെറുക്കൻ പെട്ടെന്ന് ഞങ്ങടെ നേർക്ക് തിരിഞ്ഞിരുന്നോണ്ടു വർത്താനം തുടങ്ങിയത്, ആ പോയ ട്രെയിനേപ്പറ്റി  മാത്രമല്ല,  ആ തിരുവല്ലാ സ്റ്റേഷനിൽ കൂടി പോവുന്ന ഏതാണ്ടെല്ലാ ട്രെയിനുകളെ കുറിച്ചും അവൻ നമ്പർ സഹിതം പറയാൻ തുടങ്ങി! ഞാൻ ചെന്നൈയിലാണെന്നു പറഞ്ഞപ്പോ അവന് കുറേക്കൂടി ഉത്സാഹം കേറി, പിന്നെ നിർത്താതെ ഇങ്ങനെ ഓരോന്ന് ചോദിച്ചോണ്ടും പറഞ്ഞോണ്ടും ഇരുന്നു. പുറമേന്നു നോക്കുന്ന ആരേലും കണ്ടാൽ ചെറുപ്പം തൊട്ടേ പരിചയം ഉള്ള മൂന്നു പേര് ഇരുന്നു വർത്തമാനം പറയുന്നപോലേ തോന്നാത്തൊള്ളാരുന്നു!” 

ഒരു തമാശ പറഞ്ഞ മട്ടിൽ മന്ദഹസിച്ചുകൊണ്ടു സുമിത് തുടർന്നു, “ആൾ  എം ബി ബി എസ്സിന് മണിപ്പാലിൽ പഠിക്കുവാണത്രെ. നമ്മുടെ ചെന്നൈ ലൈഫിനെ പറ്റീം നിങ്ങള് കൂട്ടുകാരേം കുറിച്ചൊക്കെ  ചോദിച്ചു. ട്രെയിനിൽ കേറുന്നതിനു മുന്നേ ഞാൻ ചുമ്മാ ഒരു ഫോർമാലിറ്റിക്ക് പറഞ്ഞു, ചെന്നൈയിൽ വരുവാണേൽ വീട്ടിലോട്ടു വാ എന്ന്. അപ്പൊ എന്റെ കൈ രണ്ടും മുറുക്കെ ചേർത്ത് പിടിച്ചിട്ടു അവൻ പറയുവാ ഒറപ്പായിട്ടും വരും ചേട്ടാ എന്ന്”. പറഞ്ഞു നിർത്തി സുമിത് വിശാലമായൊന്നു ചിരിച്ചു “ഇങ്ങോട്ടു വരാൻ ഇവിടത്തെ അഡ്രസ് അവനു അറിയാമോ?” ഞാൻ  ചോദിച്ചു? “ഓ അത് ഞാൻ ചുമ്മാ ഒന്ന് പറഞ്ഞാരുന്നു” അവൻ  അൽപം നിസ്സംഗതയോടെ പറഞ്ഞു. “നീ എന്തിനാ സുമിതേ ഈ വഴിയിൽ കണ്ടവരോടൊക്കെ, നമ്മുടെ കാര്യങ്ങളൊക്കെ വിളമ്പാൻ നിൽക്കുന്നത്? ഇവനൊക്കെ എങ്ങനുള്ളവന്മാരാണെന്നു ആർക്കറിയാം?” ഞാൻ അൽപം ഈർഷ്യയോടെ പറഞ്ഞു. എനിക്ക് സംഗതി അത്ര പിടിച്ചില്ലെന്ന് മനസ്സിലായപ്പോ, രംഗം ഒന്ന് തണുപ്പിക്കാനായി അവൻ പറഞ്ഞു. “ഓ തൊടങ്ങി അവന്റെ ഓവർ തിങ്കിങ്ങ്, നീ പേടിക്കാതെ. ആ ചെറുക്കൻ ഇങ്ങോട്ടു തപ്പി പിടിച്ചു വരാനൊന്നും പോണില്ല. നീ ഫ്രിഡ്‌ജീന്നു ഒരു ബിയറും കൂടെ എടുത്തു അടിച്ചു സമാധാനപ്പെട്” “ഓവർത്തിങ്ക് ചെയ്തതൊന്നും അല്ല, വേലിയേൽ ഇരിക്കുന്ന പാമ്പിനെ ഒന്നും വീട്ടിലോട്ടു വിളിച്ചു കയറ്റണ്ടന്നേ ഉദ്ദേശിച്ചുള്ളു”. ഞാൻ പറഞ്ഞു. അങ്ങനെ പറഞ്ഞെങ്കിലും സംഭവം ശരിയാണ് എനിക്ക് പണ്ടേ ഉള്ള സ്വഭാവമാണ് എന്തും അല്പം കടന്നു ചിന്തിക്കുന്നത്. അപ്പോഴേക്കും ബിരിയാണി തയാറായി കഴിഞ്ഞിരുന്നത് കൊണ്ട്. പിന്നെ രണ്ടാളും അതിനെ പറ്റി കൂടുതൽ സംസാരിച്ചില്ല.

ADVERTISEMENT

പിറ്റേ ഞായറാഴ്ച ആരോ കോളിങ് ബെൽ തുടരെ അടിക്കുന്നത് കേട്ടാണ് രാവിലെ ഉറക്കമുണർന്നത്. ആരും തന്നെ എഴുന്നേൽക്കാനുള്ള മട്ട്  കാണാത്തതു കൊണ്ട് വിശാല മനസ്കനായ സുമിത് വാതിൽ തുറക്കാനായി പോയി. ഉറക്കം കൺപോളകളെ നിർദാക്ഷിണ്യം കീഴ്‌പ്പെടുത്തിക്കളഞ്ഞതിനാൽ ഞാൻ വീണ്ടും പുതപ്പിനുള്ളിലേക്കു ചുരുങ്ങി. വീണ്ടും കണ്ണ് തുറന്നപ്പോൾ ഡൈനിങ്ങ് റൂമിൽ പരിചയമില്ലാത്ത ആരുടെയോ സംസാരം  കേൾക്കുന്നുണ്ടായിരുന്നു. ഉറക്കച്ചടവോടെ മുറിക്കു വെളിയിൽ വന്നപ്പോൾ വെളുത്ത്‌ അൽപം തടിച്ചു, കണ്ണാടി വച്ച ഒരു പയ്യൻ കസേരയിൽ ഇരുന്നു കാപ്പി കുടിക്കുന്നു. അവൻ എന്നെ നോക്കി വിശാലമായൊന്നു ചിരിച്ചു. തിരിച്ചൊന്ന് ചിരിച്ചെന്നു വരുത്തിയെങ്കിലും എനിക്കാളെ പിടികിട്ടിയിട്ടില്ല എന്ന് എന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം സുമിത് ഒട്ടൊരു സങ്കോചത്തോടെ ആളെ പരിചയപ്പെടുത്തി. “എടാ ഇത് മനു. ഞാനന്ന് പറഞ്ഞില്ലേ?” പയ്യൻ എന്നെ നോക്കി പരിചയഭാവത്തിൽ ഒരു ചിരി കൂടി പാസ്സാക്കി. ആളെ പിടികിട്ടാതെ മിഴിച്ചു നിന്ന എന്നെ ഓർമിപ്പിക്കാനെന്നോണം അവൻ വീണ്ടും പറഞ്ഞു. “ഞാൻ ഇന്നാള് പറഞ്ഞില്ലാരുന്നോ നാട്ടിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് പരിചയപ്പെട്ട..” ഓ അത് ശരി! അപ്പൊ വേലിയിൽ കിടന്ന പാമ്പ്, വെളുപ്പാൻ കാലത്തു വീട്ടിലേക്കു  ഓട്ടോറിക്ഷ വിളിച്ചു വന്നിരിക്കുകയാണ്! ആളെ പിടികിട്ടിയ മട്ടിൽ ഞാൻ സുമിത്തിനെ കടുപ്പിച്ചു നോക്കി. എന്റെ നോട്ടത്തിലെ കടുപ്പവും പരിഹാസവും  നേരിടാനാവാതെ അവൻ നോട്ടം മാറ്റി കളഞ്ഞു.

എങ്കിൽ ഞാനൊന്നു കുളിച്ചിട്ടു വരട്ടെയെന്നു പറഞ്ഞു മനു കുളിമുറിയിൽ കയറിയ തക്കത്തിന് ഞാൻ സുമിത്തിനെ വട്ടം പിടിച്ചു “ഞാൻ ഓവർ തിങ്ക് ചെയ്യുവാണ് അല്ലേടാ?” എന്നെ ദയനീയമായി നോക്കി അവൻ പറഞ്ഞു “അളിയാ ക്ഷമിക്ക്  ഞാനോർത്തോ ഈ ചെറുക്കനിങ്ങനെ പണി പറ്റിക്കുമെന്നു; രാവിലെ കാളിങ് ബെൽ  അടിക്കുന്ന കേട്ട് ഡോർ തുറന്നപ്പോ, ചേട്ടായീന്നും വിളിച്ചു ഒരു ബാഗും തൂക്കി ഇവൻ മുന്നിൽ നിക്കുന്നു. ഇറങ്ങി പോവാൻ പറയാൻ ഒക്കുവോ, മോശമല്ലേ?” “എന്താണാവോ അവതാര ഉദ്ദേശം? ഞാൻ അരിശത്തോടെ ചോദിച്ചു. “ആഹ് അതല്ലേ രസം. കുറച്ചു ജൂനിയർ പിള്ളേരെ റാഗ് ചെയ്തതിനു അവനേം വേറെ രണ്ടു മൂന്നു പേരേം രണ്ടു  മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. വീട്ടിൽ പറയാൻ പറ്റാത്തതു കൊണ്ട് ഇങ്ങനെ ഫ്രണ്ട്സിന്റെ വീടുകളിലൊക്കെ മാറി മാറി താമസിക്കുവാണ്. ഇവിടെ ചെന്നൈയിലുള്ള ഏതോ ഒരു ഫ്രണ്ടിനെ കാണാൻ വന്നപ്പോ അവനവിടില്ലത്രെ. അപ്പഴാ ഞാനിവിടുള്ള കാര്യം ഓർമ വന്നതും ഇങ്ങോട്ടു വരുന്നതും.” ഒറ്റ വീർപ്പിനു സുമിത് പറഞ്ഞു നിർത്തി. “ആ ഇങ്ങോട്ടു തന്നെ വരണമല്ലോ, നിങ്ങൾ ഒരു പായേൽ  കിടന്നു വളർന്ന ചേട്ടാനിയന്മാരല്ലേ, എത്ര കൊല്ലത്തെ ബന്ധമാണെന്നു വച്ചാ” ഞാൻ നിർദ്ദയം പരിഹസിച്ചു. “അപ്പൊ ചേട്ടായീടെ കുഞ്ഞുമോൻ എന്നാണാവോ ഇവിടുന്നു എറങ്ങുന്നത്? അതോ അങ്ങനെ വല്ല ഉദ്ദേശവുമുണ്ടോ?” “ഓ കൂടിപ്പോയാൽ ഒരു ഒന്നോ രണ്ടോ ദിവസം, അതിനുള്ളിൽ അവൻ പോകുമെന്നാണ് പറഞ്ഞത്, അത് വരെ നീയൊന്നു അഡ്ജസ്റ്റ് ചെയ്യ്’. പ്ലീസ്” സുമിത് യാചിക്കുന്ന മട്ടിൽ പറഞ്ഞു.

അങ്ങനെ രണ്ടു ദിവസത്തേക്ക് കയറിക്കൂടിയ ആ വേലിപ്പാമ്പ് ഒടുവിൽ വീട്ടിൽ നിന്നിറങ്ങിയപ്പോൾ ദിവസങ്ങൾ ഇരുപത്തി ഒന്ന് കഴിഞ്ഞിരുന്നു! ദുരൂഹമായ എന്തോ ഒന്ന് മനുവിനെ ചൂഴ്ന്നു നിൽക്കുന്നുണ്ടെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. അതിനു കാരണവുമുണ്ട്. ഒന്നാമത്, റെയിൽവേ സ്റ്റേഷനിൽ വച്ച് പരിചയപ്പെട്ട മുൻപരിചയമില്ലാത്ത ഒരാളുടെ വീട്ടിലേക്കു ഒരു സുപ്രഭാതത്തിൽ കയറി വരുന്നു; പിന്നെ ഒരു ചിരപരിചിത സുഹൃത്തിനെ പോലെ അവിടെ തമ്പടിക്കുന്നു. തന്നെയുമല്ല, കോളജിൽ നിന്ന് പുറത്താക്കാനുണ്ടായ കാരണം വിവരിക്കുന്നത് കേട്ടപ്പോൾ ഇവന് യാതൊരു മനസാക്ഷിയുമില്ലേ എന്നാണ് തോന്നിയത്. “നിസ്സാര കുറ്റത്തിനാ ചേട്ടാ അവന്മാര് ഞങ്ങളെ സസ്‌പെൻഡ് ചെയ്യുകേം ഫൈനിടുകേമൊക്കെ ചെയ്തത്. ഒരു ദിവസം രാത്രി മെസ്സിൽ ബാക്കി വന്ന കുറെ സാമ്പാറെടുത്തു ടോയ്‌ലെറ്റിൽ കമത്തിയേച്ചു ഫസ്റ്റ് ഇയറിലെ കുറച്ചു ജൂനിയർ പയ്യന്മാരോട് നാക്ക് വച്ച് ക്ലീൻ ചെയ്യാൻ പറഞ്ഞു, അറച്ചു നിന്നവന്മാരെ എല്ലാം കുനിച്ചു നിർത്തി മൂന്നു നാല് ഇടി കൊടുത്തു; മെഡിക്കൽ കോളജിൽ ഇതൊക്കെ വല്യ ഒരു കുറ്റമാണോ, നിങ്ങള് പറ”, അവൻ ചോദിച്ചത് തികച്ചും നിർവികാരനായിട്ടാണ്. പരിചയം സ്ഥാപിച്ചു വീട്ടിൽ നുഴഞ്ഞു കയറി വിലപിടിപ്പുള്ള എന്തെങ്കിലുമൊക്കെ മോഷ്ടിച്ച് മുങ്ങാനാവും എന്നാണ് ഞാൻ ആദ്യം സംശയിച്ചത്. പക്ഷെ അടവുകൾ പലതും പയറ്റി നോക്കിയിട്ടും കഥാനായകൻ എന്തെങ്കിലും തരത്തിൽ കള്ളത്തരം ഉള്ള ആളാണെന്നു മറ്റുള്ളവരുടെ മുൻപിൽ തെളിയിക്കാൻ എനിക്ക് കഴിഞ്ഞില്ല. തന്നെയുമല്ല, പലപ്പോഴും ഒരുമിച്ചു പുറത്തു നിന്നും ഭക്ഷണം കഴിച്ചപ്പോഴും സിനിമ കണ്ടപ്പോഴും ഒക്കെ പണം കൊടുത്തത് അവനായിരുന്നു. കൂടാതെ ഞങ്ങൾ ഓഫിസിൽ പോയാൽ എല്ലാവരുടെയും തുണിയൊക്കെ ടെറസ്സിൽ കൊണ്ടുപോയി കഴുകി വിരിക്കുക, വീടൊക്കെ അടിച്ചു വൃത്തിയാക്കി വയ്ക്കുക, മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങി വരിക തുടങ്ങിയവയൊക്കെ ആയിരുന്നു ടിയാന്റെ ഒഴിവു സമയത്തെ വിനോദങ്ങൾ. ഇടയ്ക്കു കിരൺ പനി പിടിച്ചു കിടന്നപ്പോ മരുന്നുകളെ പറ്റിയൊക്കെ ആധികാരികമായ് സംസാരിക്കുകയും അടുത്തിരുന്നു ശുശ്രൂഷിക്കുക വരെ ചെയ്തു.

ഒന്ന് രണ്ടു തവണ എന്നിലെ ഷെർലക് ഹോംസ് സട കുടഞ്ഞെഴുന്നേറ്റതാണെങ്കിലും പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല. മെഡിസിന് പഠിക്കുന്നു എന്ന് പറയുന്ന അവന്റെ ഐഡി കാർഡ് ഒന്ന് കാണിക്കാൻ ഒരിക്കൽ തഞ്ചത്തിൽ ഒന്ന് ചോദിച്ചപ്പോൾ, “ഓ അത് സസ്‌പെൻഡ് ചെയ്തപ്പോ കോളജിൽ മേടിച്ചു വച്ചിരിക്കുവാ പ്രവീൺ ചേട്ടാ, ഇനി വരുമ്പോ കാണിക്കാം” എന്ന് നിസ്സാര മട്ടിൽ പറഞ്ഞൊഴിഞ്ഞുകളഞ്ഞു. എങ്കിലും സ്ഥിരോത്സാഹിയായിരുന്ന ഞാൻ തോറ്റു പിന്മാറാൻ ഒരുക്കമായിരുന്നില്ല. മറ്റൊരിക്കൽ, മണിപ്പാലിൽ നാല് വർഷത്തോളമായി പഠിക്കുന്നെന്നു പറയുന്ന കഥാനായകന് കന്നഡ മനസ്സിലാവുമോ എന്ന് പരിശോധിക്കാൻ തീരുമാനിച്ചു. കന്നഡ നന്നായി പറയാൻ പറ്റണമെന്നില്ലെങ്കിൽ കൂടി അൽപ സ്വൽപം മനസ്സിലാക്കാനെങ്കിലും പറ്റിയില്ലെങ്കിൽ അതിന്റെ അർഥം ഇവൻ മണിപ്പാൽ കണ്ടിട്ട് കൂടെ ഇല്ലെന്നല്ലേ? സഹമുറിയൻമാരുമായ് ആശയം പങ്കുവച്ചെങ്കിലും ആരും കാര്യമായ ആവേശം കാണിച്ചില്ല. ആവശ്യത്തിങ്കലേക്കായി കൂടെ ജോലി ചെയ്യുന്ന ജോൺസണെ സമീപിച്ചു. തെലുങ്കനാണെങ്കിലും അവൻ ജനിച്ചതും വളർന്നതുമൊക്കെ ബാംഗ്ലൂരിൽ ആണ്. ഒരു ശനിയാഴ്ചത്തെ പതിവ് മദ്യപാന സദസ്സിലേക്ക് ജോൺസൺ വന്നു. നേരത്തെ തയാറാക്കിയ തിരക്കഥ പ്രകാരം ഞാൻ മനുവിനെ പരിചയപ്പെടുത്തി എന്നിട്ട് ബിയർ ഒരു കവിൾ കുടിച്ചിറക്കിയിട്ടു വളരെ സാധാരണ മട്ടിൽ ജോൺസണെ നോക്കി  കഴിയുന്നത്ര സ്വാഭാവികമായി പറഞ്ഞു. “യു നോ വാട്ട്? വൈ ഡോണ്ട് യു ഗയ്‌സ് ടോക്ക് ഇൻ കന്നഡ’? ഇറ്റ് വിൽ ബി ഫൺ” “യാ ദാറ്റ്സ് ട്രൂ? ഡു യു സ്പീക്ക് കന്നഡ?” ജോൺസൺ ഒന്നും അറിയാത്തതു പോലെ മനുവിനെ നോക്കി ചോദിച്ചു. അവൻ  ഒന്നും മിണ്ടാതെ, അറിയാം എന്ന മട്ടിൽ തലയാട്ടി ചെറുതായ് ഒന്ന് ചിരിച്ചു. 

ADVERTISEMENT

ജോൺസന്റെ ഇംഗ്ലിഷ് പതിയെ കന്നടയിലേക്ക് രൂപാന്തരം പ്രാപിച്ചു. ഞങ്ങളെല്ലാവരും ആകാംഷയോടെ മനുവിനെ നോക്കി. “എടാ കാട്ടു കള്ളാ നിന്റെ ചീട്ടു കൊട്ടാരം  ദേ പൊളിഞ്ഞു വീഴാൻ പോണു” ഞാൻ മനസ്സിൽ പറഞ്ഞു. എന്നാൽ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് മനു പതിഞ്ഞ താളത്തിൽ കന്നടയിൽ സംസാരിച്ചു തുടങ്ങി, എന്ന് മാത്രമല്ല, സംസാരം പുരോഗമിച്ചപ്പോൾ ജോൺസന്റെ കന്നഡ നൂൽവണ്ണത്തിലേക്ക് ചുരുങ്ങി തിരികെ ഇംഗ്ലിഷായി രൂപാന്തരം പ്രാപിച്ചു! എനിക്ക് കടുത്ത ഇച്ഛാഭംഗം വന്നു. എന്റെ ഗൂഢോദ്ദേശം അറിയുന്ന മറ്റു മൂന്നു പേരുമാവട്ടെ എന്നെ നോക്കി അർഥം വച്ച് ചിരിച്ചു. എല്ലാത്തിനും പുറമെ സംശയാസ്പദമായ മറ്റൊന്ന് കൂടി ഞാൻ ശ്രദ്ധിച്ചിരുന്നു. അവന് നമ്പർ ലോക്കുള്ള ഒരു പഴയ സൂട്കേസ് ഉണ്ടായിരുന്നു. അനാകർഷകമായ ആ പെട്ടി ഒരിക്കലും ഞങ്ങളാരും തുറന്നു കണ്ടിരുന്നില്ല. ഒരിക്കലും കൂട്ടുചേരാത്ത നാലക്കങ്ങളുടെ ഉറപ്പിൽ അതങ്ങനെ കട്ടിലിനടിയിൽ വിശ്രമിച്ചു. ഒരിക്കൽ അതിലെന്താണെന്നു ചോദിച്ചപ്പോൾ “ഓ ഈ പ്രവീൺ ചേട്ടന് എപ്പഴും സംശയമാണല്ലോ, അതിൽ എന്റെ പഠിക്കാനുള്ള കുറച്ചു പുസ്തകോം, ഒരു ജാക്കറ്റുമെ ഉള്ളു. ഇവിടെ പിന്നെ രണ്ടും ആവശ്യമില്ലല്ലോ, അതുകൊണ്ടാ തുറക്കാത്തെ” അവൻ എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു. പിന്നെ അതിനെപ്പറ്റി ഞാനുൾപ്പടെ ആരും ഒന്നും ചോദിച്ചതേ ഇല്ല. മറ്റൊരിക്കൽ വൈകിട്ട് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഒന്ന് രണ്ടു  ചെറിയ ആൽബങ്ങളും ഫിലിം ലോഡ് ചെയ്യുന്ന ഒരു പഴയ യാഷിക ക്യാമറയും മനു ഞങ്ങളെ കാണിച്ചു. ആൽബങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ രണ്ടുപേരുടെ അസാന്നിധ്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒന്ന് അവന്റെ അമ്മയുടെയും മറ്റൊന്ന് അവന്റെ തന്നെയും. അത് ഞാൻ എടുത്തു ചോദിക്കുകയും ചെയ്തു. 

“അമ്മ ചെറുപ്പത്തിലേ മരിച്ചു പോയ്, അത് കൊണ്ട് ഫോട്ടോ കുറവാണു, ഉണ്ട്, ഇല്ലെന്നല്ല, പക്ഷെ അതൊക്കെ മറ്റൊരാൽബത്തിലാണ്”. അത് പറയുമ്പോൾ ആ ശബ്ദം അൽപം താണു. ചോദിക്കേണ്ടിയിരുന്നില്ലെന്നു എനിക്കും തോന്നി. പെട്ടെന്ന് തന്നെ ഉത്സാഹം വീണ്ടെടുത്തു മനു തുടർന്നു “പിന്നെ എന്റെ കാര്യം, എനിക്ക് ഫോട്ടോ എടുക്കാനാ ക്രേസ്, പോസു ചെയ്യാൻ വല്യ മടിയാണ്. ഫോട്ടോ എന്ന് പറഞ്ഞാൽ ഫിലിമാണ്, അല്ലാതെ ഈ ഡിജിറ്റലൊക്കെ ചുമ്മാതല്ലേ, ഫിലിം ലോഡ് ചെയ്തു, റൂൾ ഓഫ് തേർഡ്‌സ് ഒക്കെ നോക്കി നല്ല കിടിലൻ  പത്തു മുപ്പതു ഫോട്ടോ എടുത്ത്‌, അതിങ്ങനെ ഡാർക്ക് റൂമിൽ പോയ് ഡെവലപ്പ് ചെയ്ത്, ആൽബത്തിൽ  ചേർത്തിങ്ങനെ വെയ്ക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ. അതൊരു ഡിജിറ്റൽ ക്യാമറയിലും കിട്ടത്തില്ല” അത് പറയുമ്പോൾ വല്ലാത്തൊരു നിർവൃതിയുടെ വേലിയേറ്റത്തിൽ ആ മുഖം അല്‍പം വലിഞ്ഞു മുറുകിയിരുന്നു. ഉത്തരം എനിക്കത്ര ദഹിച്ചില്ലെങ്കിലും കൂടുതലൊന്നും പിന്നെ  ചോദിക്കാൻ മുതിർന്നില്ല. ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ, മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങൾ, ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, പാശ്ചാത്യ സംഗീതം തുടങ്ങിയ വിഷയങ്ങളിലെ  മനുവിന്റെ ആഴത്തിലുള്ള അറിവ് കൂട്ടത്തിലെ അംഗീകൃത ബുദ്ധി ജീവിയും പാശ്ചാത്യ സംഗീതത്തിന്റെ കടുത്ത ആരാധകനുമായ എനിക്ക് പോലും അദ്‌ഭുതമായിരുന്നു. ചിലപ്പോഴൊക്കെ തെല്ലൊരു അസൂയയും തോന്നാതിരുന്നില്ല. ഞങ്ങളുടെ കൂട്ടത്തിൽ കിരണുമായിട്ടായിരുന്നു അവന് ഏറ്റവും അടുപ്പം. ഒടുവിൽ  അവർക്കിടയിലുണ്ടായ ഒരു പ്രശ്നത്തെ ചൊല്ലിയാണ് അവനെ കാണാതാവുന്നതും. അതിലേക്ക് നയിച്ചത് ഒരു പോണ്ടിച്ചേരി യാത്രയാണ്.

ഒരു വാരാന്ത്യത്തിൽ എല്ലാവരും കൂടെ പോണ്ടിക്ക് ബസ് കയറാൻ തീരുമാനിക്കുന്നു. രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങളും ബാഗിലാക്കി ശനിയാഴ്ച വെളുപ്പിന് പുറപ്പെടുന്നതിനു മുൻപ് ഞങ്ങളെ നാല് പേരെയും ചേർത്ത് നിർത്തി അപ്പാർട്മെന്റിന്റെ മുന്നിൽ വച്ച് മനു ഒരു ഫോട്ടോ എടുക്കാൻ ക്യാമറ കൈയ്യിൽ എടുത്തതാണ്. ഫോട്ടോയിൽ എല്ലാവരും വേണമെന്ന കിരണിന്റെ കടുത്ത നിർബന്ധത്തിനു വഴങ്ങി, ഏതു നേരവും ഉറക്കം തൂങ്ങിയിരിക്കുന്ന വയസ്സൻ സെക്യൂരിറ്റിയുടെ കൈയ്യിൽ ക്യാമറ ഏൽപ്പിച്ചു ആളും ഞങ്ങൾക്കൊപ്പം നിന്നു. ഞങ്ങളൊരുമിച്ചുള്ള ആദ്യത്തെയും അവസാനത്തെയും ഫോട്ടോഗ്രാഫ്. കടലിനു അഭിമുഖമായുള്ള പോണ്ടിച്ചേരിയിലെ റിസോർട്ടിൽ ആഘോഷ തിമിർപ്പായിരുന്നു. വാങ്ങിയ കുപ്പികളെല്ലാം കാലിയാവുന്നതു വരെ എല്ലാവരും മദ്യപിച്ചു; മനു ഒഴികെ. അവൻ മദ്യപിക്കുകയോ പുക വലിക്കുകയോ ഇല്ല! മദ്യപിക്കുന്ന ഞങ്ങളുടെ ഇടയിൽ ചെറിയൊരു ബ്രീസറുമായ് ഒരു പൊങ്ങു തടിയെപ്പോലെ ഒഴുകി നടക്കും. രാവേറെ ചെന്ന മദ്യ സദസ്സിനൊടുവിൽ അലക്സും, സുമിത്തും, ഞാനും ഒരു മുറിയിൽ കിടന്നു. അടുത്ത മുറിയിൽ കിരണും, മനുവും. കിടക്കേണ്ട താമസം ബോധം കെട്ടമാതിരി ഉറങ്ങാൻ തുടങ്ങി. വെളുപ്പിനെപ്പോഴോ ആരോ തുടരെ കതകിൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് കണ്ണ് തുറന്നത്. “പ്രവീണേ, സുമിത്തെ കതകു തുറന്നെ” കിരണിന്റെ ശബ്ദമാണ്. ഞാൻ പതിയെ എഴുന്നേറ്റ് കതകു തുറന്നപ്പോഴേക്കും, സുമിത്തും ഉറക്കമുണർന്നു. അലക്സ് ഒന്ന് തല പൊക്കി നോക്കിയിട്ടു വീണ്ടും ചുരുണ്ടു കൂടി കിടപ്പായി.

വാതിൽ പാതി തുറന്നതേ കിരൺ തള്ളിക്കയറി ഉള്ളിലേക്ക് വന്നു. “എന്ത് പറ്റിയെടാ?” ഞാൻ ചോദിച്ചു. അവൻ  ഒന്നും മിണ്ടാതെ കട്ടിലിൽ ഇരുന്നു. “എടാ എന്നാ പറ്റിയെന്നു? നീയെന്താ ആകെ വല്ലതിരിക്കുന്നെ? മനുവെന്തിയെ?” സുമിത് ഉത്കണ്ഠയോടെ ചോദിച്ചു. തെല്ലിട കഴിഞ്ഞപ്പോൾ കിരൺ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ടു പറഞ്ഞു. “അവൻ ആ മനു!” വീണ്ടും നിശബ്ദത. “നീ എന്നാ കാര്യമെന്ന് തെളിച്ചു പറയുന്നുണ്ടേൽ പറ. ഇല്ലേൽ ഞാൻ കെടന്നൊറങ്ങാൻ പോവാ” സുമിത് അക്ഷമ കാണിച്ചു. “ഞങ്ങൾ രണ്ടു പേരും കൂടെയല്ലേ കിടന്നത്. നല്ലോണം ഫിറ്റായത് കാരണം ഞാൻ അപ്പഴേ ഉറങ്ങി പോയി”. കിരൺ പറഞ്ഞു തുടങ്ങി “രാത്രി എപ്പഴോ എന്റെ മുഖത്തെന്തോ ഇഴയുന്ന പോലെ തോന്നി ഞാൻ കണ്ണ് തുറന്നപ്പോഴുണ്ട്, ഇവൻ എന്നെ പിടിച്ചു ഉമ്മ വക്കുന്നു! ആദ്യം ഞാൻ കരുതി ഉറക്കത്തിൽ ചെയ്യുകയാണെന്ന്. മാറി കിടക്കാൻ പറഞ്ഞപ്പോഴുണ്ട് അവൻ കുറേക്കൂടെ ശക്തിയായ് ഏതാണ്ടൊക്കെ ചെയ്യാൻ തുടങ്ങി” കിരൺ ഒന്ന് നിർത്തി. അപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് ഏതാണ്ട് ഞങ്ങൾക്കു പിടികിട്ടുന്നത്. “എന്നിട്ട്?” ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കപ്പുറം ഞാൻ ചോദിച്ചു. “എന്നിട്ടെന്താ, ഞാനവനെ ചീത്ത വിളിച്ചു, അപ്പൊ അവൻ എന്നെ കെട്ടിപ്പിടിച്ചിട്ടു പറയുകയാണ്‌, ഒരുപാട് ഇഷ്ടമാണെന്നു!” എല്ലാം കൂടെ കേട്ടപ്പോ എനിക്ക് ഭ്രാന്തെടുത്തിട്ടു ഒറ്റ ചവിട്ടു വച്ച് കൊടുത്തു. അവൻ കട്ടിലേന്നു ഉരുണ്ടു താഴെ വീണു. ഞാൻ എണീറ്റ് ഇങ്ങോട്ടു പോരാൻ നേരത്തു എന്റെ കാലിൽ കെട്ടിപ്പിടിച്ചു പോവല്ലേന്നും പറഞ്ഞു കിടന്നു കരയുന്നു! അതുകൂടെ കണ്ടപ്പോ എനിക്ക് ഭ്രാന്തെടുത്തിട്ടു, നിലത്തിട്ടു കുറേ ചവിട്ടൂടെ കൊടുത്തിട്ടു ഇങ്ങോട്ട്  പോന്നു.”

കിരൺ പറഞ്ഞു നിർത്തി. അവൻ ചെറുതായ്  കിതയ്ക്കുന്നുണ്ടായിരുന്നു. “ചെറ്റ! അവനിത്ര ഫ്രോഡായിരുന്നോ? പ്രവീണന്നേ പറഞ്ഞതാ” സുമിത് കോപത്തോടെ പറഞ്ഞു. “എടാ ഗേ ആണെന്ന് വിചാരിച്ചല്ല ഞാനവനെ സംശയിച്ചത്” ഞാൻ ഉടൻ തന്നെ ഇടപെട്ടു. “എനിക്ക് മറ്റു ചില സംശയങ്ങളാണ് ഉണ്ടായിരുന്നത്. അതിപ്പോഴും ഉണ്ട് താനും”. പിന്നെ കിരണിനോടായ് ചോദിച്ചു “നീയെന്തിനാണ് അവനെ ഉപദ്രവിച്ചത്?” “പിന്നെ, ചവിട്ടാണ്ട്? അമ്മാതിരി വൃത്തികേടല്ലേ അവൻ കാണിച്ചത്?” അവൻ ചീറുന്ന മട്ടിൽ പറഞ്ഞു. “എടാ, ഹി ഈസ് എ ഗേ, അതിപ്പോ മനസ്സിലായി കാണുമല്ലോ. പിന്നെ നിങ്ങള് അടേം ചക്കരേം പോലെ ആയിരുന്നില്ലേ. അവനു നിന്നോട് പ്രണയം തോന്നിയത് പോലെ നിനക്ക് തിരിച്ചുമുണ്ടെന്നു അവനു തോന്നിക്കാണും; നീ ഗേ അല്ലെന്നു വളരെ കൂൾ ആയി അവനോട് പറഞ്ഞാൽ മതിയായിരുന്നു, ഇതിന്റെ പേരിൽ ഉപദ്രവിക്കേണ്ടിയിരുന്നില്ല”. ഞാൻ സാവധാനം പറഞ്ഞു നിർത്തി. എന്നിൽ നിന്നും തീരെ പ്രതീക്ഷിക്കാതെയുള്ള മറുപടി കേട്ടപ്പോൾ രണ്ടുപേരും ഒട്ടൊന്നു നിശബ്ദരായി.. “എന്തായാലും നീ പോയി കിടക്ക്, നമ്മക്ക് നാളെ അവനോടു ചോദിക്കാം” ഞാൻ കിരണിനെ നോക്കി പറഞ്ഞു. “എനിക്കൊന്നും വയ്യ അവന്റെ കൂടെ പോയി കിടക്കാൻ, വല്യ ഫിലോസഫി ഒക്കെ പറയുന്ന ആളല്ലേ, വേണേൽ നീ പോയി കൂടെ കിടക്ക്” അവൻ പരിഹാസ സ്വരത്തിൽ പറഞ്ഞു. “എന്നാൽ അങ്ങനെ ആയിക്കോട്ടെ, എന്നാൽ നീ ഇവിടെ കിടന്നോ” ഞാൻ ഒട്ടൊരു ലാഘവത്തോടെ പറഞ്ഞു.

പുറകിൽ വാതിൽ അടഞ്ഞപ്പോഴാണ് വെളിയിൽ ചുമരും ചാരി ഞങ്ങൾ പറയുന്നതെല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന മനുവിനെ ഞാൻ കണ്ടത്. അവന്റെ കവിളിൽ ചവിട്ടേറ്റതിന്റെ പാട് തിണർത്തു കിടന്നു. “നീയെന്താടാ, ഇവിടെ വന്നു ഒളിച്ചു നിൽക്കുന്നത്? നിനക്ക് വല്ലതും പറ്റിയോ? വാ റൂമിലേക്ക് പോവാം” ഞാനവനെ വിളിച്ചു. “പ്രവീൺ ചേട്ടന് എന്റെ കൂടെ കിടക്കാൻ പേടിയില്ലേ?” മനു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. എന്തുകൊണ്ടോ ആദ്യമായ് എനിക്കവനോട് അൽപം അനുകമ്പ തോന്നി. “ഇല്ല” അവന്റെ തോളിൽ കൈ ഇട്ടുകൊണ്ട് മുറിയിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. മുറിയിൽ ചെന്ന് ലൈറ്റ് തെളിച്ചതും എന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് മനു പറഞ്ഞു. “ചേട്ടാ, സോറി” ഞാൻ അവന്റെ കൈ സാവധാനം വിടുവിച്ചു, എന്നിട്ടു പറഞ്ഞു. “എടാ നീ ഗേ ആണെന്നതിനു ഒറ്റ അർഥമേ ഉള്ളു, ദാറ്റ് യൂ ആർ എ ഗേ! നമ്മൾ എയർപോർട്ടിൽ നമ്മുടെ ഏതെങ്കിലും വാലിഡ്‌ ഐഡണ്ടിറ്റി കാർഡ് കാണിച്ചാൽ പിന്നെ അതിന്റെ പുറത്തു ഒരുപാട് ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാവാറില്ലലോ അല്ലെ, അപ്പോൾ അത് പോലെ ഉള്ളു ഇതും, നിന്റെ ചോയ്‌സ് നിന്റെ ഐഡന്റിറ്റി ആണ്, അതിന്  ആരോടും സോറി ഒന്നും പറയണ്ട. പിന്നെ കൺസെന്റ്, അത് മറക്കണ്ട. മനസ്സിലായോ” അവൻ ആയി എന്ന മട്ടിൽ പതിയെ തല കുലുക്കി. “അപ്പൊ ശരി ഗുഡ് നൈറ്റ്, ലൈറ്റ് അണച്ച് കൊണ്ട് ഞാൻ പറഞ്ഞു.”

പോണ്ടിച്ചേരിയിൽ നിന്ന് തിരികെ വന്ന ഉടൻ മനുവിനെ  പടിയടച്ചു പിണ്ഡം വയ്ക്കണമെന്ന കടുത്ത വാശിയിലായിരുന്നു പിറ്റേന്ന് രാവിലെ കിരണും, സുമിത്തും. പറഞ്ഞു വിടാം പക്ഷെ അത് ഈ പ്രശ്നത്തിന്റെ പേരിലാവരുതെന്നു ഞാൻ വാശി പിടിച്ചതിനാലും, അലക്സ് എന്നെ പിന്താങ്ങിയത് കൊണ്ടുമാണ്  രണ്ടാളും തെല്ലൊന്ന് അടങ്ങിയത്. പക്ഷെ, ഒന്നും വേണ്ടി വന്നില്ല, തിരികെ എത്തി തൊട്ടടുത്ത ദിവസം ഞങ്ങൾ ഉറക്കം ഉണർന്നപ്പോൾ തന്നെ അവൻ എങ്ങോട്ടോ പോയിക്കഴിഞ്ഞിരുന്നു, കൂടെ അവന്റെ ഒരിക്കലും തുറക്കാത്ത ആ പെട്ടിയും! പതിയെ പതിയെ, മനുവെന്ന ഓർമയുടെ അടരുകൾക്കു മേൽ പായൽ മൂടി തുടങ്ങി. വളരെ വിരളമായി, ഏതെങ്കിലും സുഹൃദ് സദസ്സുകളിൽ പൊട്ടിച്ചിരി പടർത്തുന്ന ഒരു കോമാളി മാത്രമായി അവൻ ചുരുങ്ങി. ബിസിനസ് ടാർഗെറ്റുകളുടെ നിലയില്ലാ കയത്തിൽ മുങ്ങിയും പൊങ്ങിയും, നാട്ടിൽ പോവുമ്പോൾ വീട്ടുകാരുടെ നിർബന്ധത്തിൽ പെണ്ണ് കണ്ടുമൊക്കെ മുന്നോട്ടു പോവുന്നതിനിടയിലാണ് നിനച്ചിരിക്കാതെ വെട്ടിയ ഒരു വെള്ളിടി പോലെ മനു ഒരിക്കൽ കൂടി ഞങ്ങൾക്കിടയിലേക്കു കടന്നു വരുന്നത്. അതും ഏതാണ്ട് ഒരു വർഷത്തിന് ശേഷം! 2015 ഫെബ്രുവരിയിൽ നഗരത്തിൽ നിന്ന് മാറി ചെങ്കൽപെട്ടിൽ ഒരു മലയാളി സ്ത്രീയും അവരുടെ പുരുഷ സുഹൃത്തും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടെന്ന വാർത്ത പത്രത്തിൽ വായിച്ചപ്പോൾ അതേ കേസുമായി ബന്ധപ്പെട്ടു പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വരുമെന്ന് ആരറിഞ്ഞു? ആ കൊലപതകവുമായി തിരഞ്ഞു കൊണ്ടിരിക്കുന്നതോ സാക്ഷാൽ മനുവിനെയും! 

പൊലീസ് ഒരിക്കൽ അവന്റെ ഒളിയിടത്തിൽ എത്തിയതാണ് അപ്പോഴേക്കും എങ്ങനെയോ രക്ഷപ്പെട്ടു കളഞ്ഞു. അവിടെ നിന്ന് ലഭിച്ച നിരവധി ആൽബങ്ങളിലൊന്നിൽ നിന്നാണ് മനു ഞങ്ങൾക്കൊപ്പം നിൽക്കുന്ന ആ ഫോട്ടോ പൊലീസിന് കിട്ടുന്നത്. അപ്പാർട്മെന്റിന്റെ പേര് നല്ല വൃത്തിക്ക് പുറകിൽ തെളിഞ്ഞു കാണാമായിരുന്നത്  കൊണ്ട് അവർക്കു ഞങ്ങളിലേക്കെത്താൻ അധികം വിയർക്കേണ്ടി വന്നില്ല. ഇവനാണോ ആ കൊലയാളി? ആണെങ്കിൽ എന്തിനായിരിക്കും കൊന്നിട്ടുണ്ടാവുക? അതും രണ്ടു പേരെ! ആ സ്ത്രീയുടെ ഉടൽ വേർപെട്ട തല നാലഞ്ചു കിലോമീറ്റർ മാറിയുള്ള ഒരു പള്ളി സെമിത്തേരിയിൽ നിന്നാണത്രെ കണ്ടെത്തിയത്! കൊല്ലപ്പെട്ടത്  ചങ്ങനാശ്ശേരി സ്വദേശികളായ ലീല സാമുവൽ (45 വയസ്സ്), ജോഷി മാത്യു (34 വയസ്സ്) എന്നിവരാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. ഇതൊക്കെ ചെയ്യാൻ അവനെ കൊണ്ട് പറ്റുമോ? ഈ ഉദ്ദേശവുമായാണോ അവൻ ഈ നഗരത്തിലേക്ക് വന്നതും ഞങ്ങൾക്കിടയിൽ താമസിച്ചതും? ഇവിടെ നിന്ന് പോയ് കഴിഞ്ഞും മനു ചെന്നൈയിൽ തന്നെ ഉണ്ടായിരുന്നോ? അപ്പോൾ മണിപ്പാലിൽ എം ബി ബി എസിനു പഠിക്കുകയാണെന്നു പറഞ്ഞതോ? എന്തായിരിക്കും അവന്റെയാ ഒരിക്കലും തുറക്കാത്ത  പെട്ടിക്കുള്ളിൽ? ആലോചിക്കുമ്പോൾ തല പെരുക്കുന്നത് പോലെ തോന്നി. പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞു. ഇടയ്ക്കു ഒന്ന് രണ്ടു വട്ടം അപാർട്മെന്റിന്റെ വെളിയിൽ മഫ്ടിയിൽ പൊലീസിനെ കണ്ടെന്നു കിരൺ പറഞ്ഞിരുന്നു. ചിലപ്പോ അവനു വെറുതെ തോന്നിയതുമാവാം. മറ്റു വാർത്തകളുടെ കുത്തൊഴുക്കിൽ ചെങ്കൽപ്പെട്ടു കൊലക്കേസ് പതിയെ വിസ്‌മൃതിയിലായി. അന്നത്തെ ഷോക്കിൽ നിന്നും ഞങ്ങളെല്ലാവരും ഏറെക്കുറെ പുറത്തു വന്നിരുന്നു. വീണ്ടും ഓഫിസും തിരക്കുമായ് ജീവിതം പഴയ മസിൽ മെമ്മറിയിലേക്കു തിരികെയെത്തി തുടങ്ങി.

ഒരു ശനിയാഴ്ച വൈകിട്ട് ഉറക്കം എഴുന്നേറ്റപ്പോൾ എല്ലാവരും എങ്ങോട്ടോ പോവാൻ തകൃതിയായി ഒരുങ്ങുന്നു. “അല്ല എല്ലാരും കൂടെ എങ്ങോട്ടാ?” ഞാൻ ഉറക്കച്ചടവോടെ ചോദിച്ചു. ‘അപ്പൊ നീ അനിൽ സാറിന്റെ വീട്ടിലെ ബർത്ത് ഡേ പാർട്ടിക്ക് വരുന്നില്ലേ? അലക്സ് ചോദിച്ചു. അപ്പോഴാണ് അതിനെപ്പറ്റി ഓർത്തത്. മകളുടെ പിറന്നാളാഘോഷത്തിനു അനിൽ സാർ ക്ഷണിച്ചിരുന്നതാണ്. എനിക്ക് പുറത്തേക്കു പോവാൻ തോന്നിയില്ല. ചെറുതല്ലാത്ത തലവേദനയും ഉണ്ടായിരുന്നു. “നല്ല സുഖം തോന്നുന്നില്ല, നിങ്ങൾ പോയിട്ട് വാ” ഞാൻ മറ്റു മൂന്നുപേരോടുമായ് പറഞ്ഞു. അവർ പോയ് കഴിഞ്ഞു കുറെ നേരം കസേരയിൽ വെറുതെ ഇരുന്നു. ഒരു പെഗ്ഗുമായി കസേരയിൽ ഇരിക്കാൻ തുടങ്ങുമ്പോഴുണ്ട് പതിവില്ലാതെ ഇടിയുടെ അകമ്പടിയോടെ നല്ല രസികൻ മഴ പുറത്തു തകർത്തു പെയ്യാൻ തുടങ്ങുന്നു. നന്നായി, അന്തരീക്ഷം ഒക്കെ ഒന്ന് തണുക്കട്ടെ. ഞാൻ മനസ്സിൽ കരുതി. മൊബൈലിൽ ഇളയ രാജയുടെ പാട്ടുകൾ കേട്ട് കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും കറന്റ് പോയി. അതും പതിവില്ലാത്തതാണ്. അപ്പാർട്മെന്റിലെ ജനറേറ്റർ കേടാണെന്ന് തോന്നുന്നു. ചുറ്റും കൂരിരുട്ട്. അടുക്കളയിൽ ചെന്ന് ഒരു മെഴുകുതിരി തപ്പി എടുത്തു കൊണ്ട് വന്നു കത്തിച്ചു. പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും നല്ല ഉഷ്ണം. ബാൽക്കണിയിലെയും, മുൻവശത്തേയും കതകുകൾ  തുറന്നിട്ടപ്പോൾ അൽപം ആശ്വാസം കിട്ടി. ഒന്നിന് പുറകെ ഒന്നായ് പാട്ടുകൾ കേട്ട് അകമ്പടിയായ് അൽപം റമ്മും മോന്തി ഉറങ്ങി പോയി. ഒരു തണുത്ത കര സ്പർശം കൈകളിൽ പതിഞ്ഞപ്പോഴാണ് ഞെട്ടി ഉണർന്നത്. വെളിച്ചം ഇനിയും വന്നിട്ടില്ല, മെഴുകു തിരി ഉരുകി ഒലിച്ചു വാർദ്ധക്യാവസ്ഥയിലാണ്. സ്ഥല ജല വിഭ്രമം ഒഴിയാൻ  ഒന്ന് രണ്ടു നിമിഷം എടുത്തു. മുൻപിൽ ആകെ നനഞ്ഞൊട്ടി ഒരു രൂപം നിൽക്കുന്നു, കൈയ്യിൽ ഒരു പെട്ടിയുമുണ്ട്. കണ്ണ് തിരുമ്മി ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. 

ഇരുണ്ട വെളിച്ചത്തിൽ ഒരു മുഖം. മനു! എന്റെ തൊണ്ടയിൽ നിന്നും നേർത്ത ഒരു ഞരക്കം പുറത്തേക്കു വന്നു. ഹൃദയത്തിലേക്ക് ഒരു തണുപ്പ് അരിച്ചിറങ്ങുന്നതു പോലെ തോന്നി. എന്റെ ഭയപ്പാട് കണ്ടു അവൻ പറഞ്ഞു “പേടിക്കണ്ട ചേട്ടാ. ഒന്നും ചെയ്യാൻ വന്നതല്ല. ഞാൻ ഇന്ന് രാത്രി ഇവിടം വിടുകയാണ്, കുറേ ദൂരത്തേക്ക് പോകുവാ” മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ടവൻ തുടർന്നു. എനിക്കറിയാം ചേട്ടന് കുറേ ചോദ്യങ്ങളുണ്ടെന്നു. പക്ഷെ സമയമില്ല. ഈ പെട്ടി ചേട്ടൻ കൈയ്യിൽ വയ്ക്കണം. എന്നെങ്കിലും ഞാൻ തിരിച്ചു വരുവാണെങ്കിൽ മേടിച്ചുകൊള്ളാം’. മനു പറഞ്ഞു നിർത്തി. എന്നെ നോക്കി ഒരു വട്ടം കൂടി ചിരിച്ചു. പിന്നെ പുറത്തേക്കു നടന്നു. വാതിലിനടുത്തെത്തിയപ്പോൾ പെട്ടെന്ന് നിശ്ചലനായി തിരിഞ്ഞു നോക്കി പറഞ്ഞു. “യു ആർ എ ഗുഡ് ഹ്യൂമൻ ബീയിങ്. ആ പെട്ടിതുറന്നു കാണാൻ കുറെ ആഗ്രഹിച്ചതല്ലേ. അതിന്റെ പാറ്റേൺ 1324. അതിനുള്ളിലൊരു ആൽബമുണ്ട്, അതിലെന്റെ പടമുണ്ട്, പിന്നെ എന്റെ അമ്മേടേം. ഒരു നിമിഷം നിർത്തിയിട്ടു “പിന്നെ ഇതാരോടും പറയണ്ട. തുറന്നു നോക്കീട്ടു അത് പോലെ തന്നെ അടച്ചു വച്ചേക്കണം.” അത് പറയുമ്പോൾ ആ മുഖത്ത് മിന്നി മറഞ്ഞ ക്രൗര്യ ഭാവം ആ അരണ്ട മെഴുകുതിരി വെട്ടത്തിലും ഞാൻ തെളിഞ്ഞു കണ്ടു. ഒന്ന് കൂടി എന്നെ നോക്കി ചിരിച്ചിട്ട്, പുറത്തെ നനഞ്ഞു കുതിർന്ന ഇരുളിലേക്കു അവൻ ഊളിയിട്ടു. എല്ലാം കൂടെ ഒരഞ്ചു മിനിറ്റ് എടുത്തിട്ടുണ്ടാവണം. എന്തിനാണ് എന്നെ ഈ പെട്ടി ഏൽപ്പിക്കുന്നത്? നീയാണോ ആ കൊലപാതകങ്ങൾ ചെയ്തത്? ഇത്ര നാളും എവിടെയാണ് ഒളിവിൽ കഴിഞ്ഞത്? ഇപ്പൊ എങ്ങോട്ടാണ് പോവുന്നത് തുടങ്ങി കുറെയേറെ ചോദ്യങ്ങൾ ചോദിക്കാൻ തികട്ടി വന്നെങ്കിലും, ഭയം കാരണം തൊണ്ടക്കുഴിയിൽ തടഞ്ഞു. 

സമനില വീണ്ടെടുത്തപ്പോൾ, ആദ്യം തന്നെ ഒറ്റക്കുതിപ്പിന് പോയി കതക് അടച്ചു കുറ്റിയിട്ടു. പിന്നെ മൊബൈലിന്റെ വെട്ടത്തിൽ അടുക്കളയിൽ ചെന്ന് കുറെയധികം വെള്ളം ഒറ്റ വീർപ്പിനു കുടിച്ചു. വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോൾ കറണ്ട് വന്നു, ഭാഗ്യം. ആ പെട്ടി ഞാനെടുത്തു ഡൈനിങ്ങ് ടേബിളിന്റെ പുറത്തു വച്ചു. വിറയ്ക്കുന്ന കൈകൾ കൊണ്ട് നമ്പർ പാറ്റേൺ 1324 എന്നാക്കി മുകൾഭാഗം പതിയെ തുറന്നു. ഒരു പഴയ മണം മൂക്കിലേക്ക് അരിച്ചു കയറി. ആദ്യം കണ്ണിൽ പെട്ടത് ഒന്ന് രണ്ടു ചെറിയ ആൽബങ്ങളും പിന്നെ വലിയ ഒരു ആൽബവുമാണ്. കൂടാതെ കുറച്ചു മ്യൂസിക് സിഡികൾ, പഴയ കുറേ കളിപ്പാട്ടങ്ങൾ, ഒന്ന് രണ്ടു പാവകൾ. തീർന്നു. എന്തോ കനപ്പെട്ടതു പ്രതീക്ഷിച്ച എനിക്ക് ഇച്ഛാഭംഗമായി. ഒട്ടൊരു നിരാശയോടെ ആ തടിയൻ ആൽബം എടുത്തു മറിച്ചു നോക്കാൻ തുടങ്ങി. മനുവിന്റെ കുടുംബ ഫോട്ടോകൾ. ഗംഭീരമായ ഒരു പഴയ തറവാടിന്റെ പശ്ചാത്തലത്തിൽ അവന്റെ അച്ഛനമ്മമാരുടെ പഴയ ഫോട്ടോകൾ, കല്യാണം കഴിഞ്ഞ ഇടയ്ക്കു എടുത്തതാവണം. രണ്ടു പേരും നന്നേ ചെറുപ്പം. ആദ്യമായാണ് ഞാനവന്റെ അമ്മയെ കാണുന്നത്. അതി സുന്ദരിയായ ഒരു സ്ത്രീ. സത്യം പറഞ്ഞാൽ അവർ തമ്മിൽ യാതൊരു ചേർച്ചയും ഉണ്ടായിരുന്നില്ല. മനുവിന് അച്ഛന്റെ ഛായ ആണെന്നു തോന്നി. ഒന്ന് രണ്ടു താളുകൾക്കപ്പുറം കുട്ടി മനുവിനെ കണ്ടു, പിന്നെ അവന്റെ വളർച്ചയുടെ പല പല ഘട്ടങ്ങളിലൂടെയുള്ള ഫോട്ടോകൾ. സഹോദരങ്ങളെ ആരും കണ്ടില്ല. താനൊറ്റപ്പുത്രനായത് കൊണ്ട് പപ്പാ ലാളിച്ചു വഷളാക്കിയെന്നു പണ്ടെപ്പോഴോ അവൻ പറഞ്ഞതോർത്തു. അവന്റെ കൗമാര പ്രായം കഴിഞ്ഞുള്ള ഫോട്ടോകൾക്ക് ശേഷം പൊടുന്നനെ ആൽബം ശൂന്യമായി. ഉദ്വേഗത്തോടെ ഞാൻ വേഗത്തിൽ മുന്നോട്ടു താളുകൾ മറിച്ചു.

കുറച്ചപ്പുറം ഒരു ഫോട്ടോ കണ്ടു. ഒരു കല്ലറയുടെ ചിത്രം. ജോൺ സാമുവൽ, മാളികയിൽ വീട്, ജനനം 1955 മരണം 2010. വീണ്ടും ശൂന്യമായ താളുകൾ, ആൽബം തീർന്നെന്നു കരുതി മടക്കാൻ പോവുമ്പോൾ അവസാനത്തെ താളിൽ ഒരു ഫോട്ടോയും അതിനെ മറച്ചു നടുവേ  മടക്കിയ കടലാസും കണ്ടു. ആ കടലാസു കഷ്ണം എടുത്തപ്പോൾ അതിനു താഴെ ഇരുന്ന അധികം പഴക്കമില്ലാത്ത ഫോട്ടോ കണ്ടു, ഒന്നേ നോക്കിയുള്ളൂ. നിലവിളിച്ചു കൊണ്ട് ഞാൻ പിന്നോക്കം മറിഞ്ഞു വീണു. എന്റെ കൈയ്യിൽ നിന്ന് ആൽബം തെറിച്ചു നിലത്തു വീണു. അതൊരു സ്ത്രീയുടെ ഉടലില്ലാത്ത തലയുടെ ചിത്രമായിരുന്നു. എനിക്കോക്കാനം വന്നു. എന്റെ ഹൃദയം അതിവേഗം മിടിച്ചു കൊണ്ടിരുന്നു. നെറ്റിത്തടങ്ങൾ വിയർപ്പിൽ മുങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ധൈര്യം സംഭരിച്ചു പതിയെ മുട്ടിൽ നിരങ്ങി ചെന്ന് വിറയ്ക്കുന്ന കൈകളോടെ ആ ഫോട്ടോ ഒരിക്കൽ കൂടി നോക്കി. ഇരുളിൽ ഒരു കുരിശടിയുടെ താഴെ ചാരി വച്ച നിലയിൽ ഉടൽ വേർപെട്ട ഒരു ശിരസ്സ്. അല്‍പം അവ്യക്തമായ ആ ഫോട്ടോ ഞാൻ കുറച്ചു കൂടെ അടുത്ത് പിടിച്ചു നോക്കി. ഇത്തവണ ആളെ മനസ്സിലായി. അത് അവരായിരുന്നു. അവന്റെ അമ്മ!  എന്റെ തല ചുറ്റുന്നത് പോലെ തോന്നി. ഞാൻ ആൽബത്തിൽ നിന്നും തെറിച്ചു വീണ കടലാസു കഷ്ണം പതിയെ നിവർത്തി. അതിൽ ‘ഹേ ജോ’ എന്ന് തുടങ്ങുന്ന ജിമ്മി ഹെൻഡ്രിക്സിന്റെ ഒരു പാട്ടിന്റെ ഏതാനും വരികൾ കുത്തി കുറിച്ചിട്ടിരുന്നു.

Hey Joe, where you goin' with that gun of your hand?

Hey Joe, I said, where you goin' with that gun in your hand?

I'm goin' down to shoot my old lady

You know I caught her messin' 'round with another man

I'm goin' down to shoot my old lady

You know I caught her messin' 'round with another man

Huh, and that ain't too cool.

ആ വരികളിൽ നിന്ന് വിട്ട് ഏറ്റവും ഒടുവിലായി ‘മിസ് യു പപ്പാ’ എന്നും എഴുതിയിരുന്നു. ഇടയ്ക്കൊന്നു തോർന്ന മഴ വീണ്ടും ഉഗ്ര രൂപം പൂണ്ടു. പുറത്തു നിന്നും വീശിയടിച്ചൊരു തണുത്ത കാറ്റ് ബാൽക്കണിയിലെ തുറന്നിട്ട വാതിലിലൂടെ ഉള്ളിൽ കടന്ന് എന്റെ മുന്നിൽ നിലത്തു നിവർത്തി വച്ചിരുന്ന കടലാസ് കഷ്ണത്തെ എങ്ങോട്ടോ പറപ്പിച്ചു.

എട്ടു വർഷങ്ങൾക്കിപ്പുറം, പുറത്ത്‌ മഴ തിമിർക്കുന്ന ഒരു ശനിയാഴ്ച രാത്രിയിൽ കാലത്തിന്റെ റീലുകൾ ഓടിത്തീർന്ന് എന്റെ ഓർമയുടെ ചെരാത് പതിയെ അണഞ്ഞു. ഞാൻ കിടക്കുന്ന കട്ടിലിനു താഴെ, ഒരിക്കലും കൂട്ടുചേരാത്ത നാലക്കങ്ങളുടെ  ഉറപ്പിൽ ഒരു പഴയ പെട്ടി പാതിയിൽ മുറിഞ്ഞ അതിന്റെ യാത്ര തുടരുന്നതും കാത്ത് ഇരുളിലും മിഴി ചിമ്മാതെ ഇരിക്കുന്നുണ്ടായിരുന്നു.

Content Summary: Malayalam Short Story ' Ormathalukal ' Written by Anand