ഇരുപത് വർഷമായി 'പറയാതിരുന്ന പ്രണയം' കളിക്കൂട്ടുകാരിയോട് വെളിപ്പെടുത്തുവാൻ തീരുമാനിച്ച് യുവാവ്, പക്ഷേ...
ഞാൻ നാണത്തോടെ അൽപം പുഞ്ചിരിയും ചേർത്ത് ആ ലെറ്റർ അവൾക്ക് നീട്ടി. എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടും, നിരാശപ്പെടുത്തിക്കൊണ്ടും ആ ലെറ്റർ ഒരു കുമ്പിൾ പോലെയാക്കി തന്റെ ബാഗിൽ നിന്നും ഒരു വാര പിസ്ത കൈകൊണ്ട് വാരിയെടുത്ത് കുമ്പിളിൽ നിറച്ചു, ശേഷം എന്‍റെ കൈയ്യിലേക്ക് നീട്ടി.
ഞാൻ നാണത്തോടെ അൽപം പുഞ്ചിരിയും ചേർത്ത് ആ ലെറ്റർ അവൾക്ക് നീട്ടി. എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടും, നിരാശപ്പെടുത്തിക്കൊണ്ടും ആ ലെറ്റർ ഒരു കുമ്പിൾ പോലെയാക്കി തന്റെ ബാഗിൽ നിന്നും ഒരു വാര പിസ്ത കൈകൊണ്ട് വാരിയെടുത്ത് കുമ്പിളിൽ നിറച്ചു, ശേഷം എന്‍റെ കൈയ്യിലേക്ക് നീട്ടി.
ഞാൻ നാണത്തോടെ അൽപം പുഞ്ചിരിയും ചേർത്ത് ആ ലെറ്റർ അവൾക്ക് നീട്ടി. എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടും, നിരാശപ്പെടുത്തിക്കൊണ്ടും ആ ലെറ്റർ ഒരു കുമ്പിൾ പോലെയാക്കി തന്റെ ബാഗിൽ നിന്നും ഒരു വാര പിസ്ത കൈകൊണ്ട് വാരിയെടുത്ത് കുമ്പിളിൽ നിറച്ചു, ശേഷം എന്‍റെ കൈയ്യിലേക്ക് നീട്ടി.
മഴതോർന്ന വാനവും, നനഞ്ഞ മൺതരികളും, ഊഞ്ഞാലാടുന്ന മാവിൻചുവടും, തത്തിപ്പറക്കുന്ന പൊന്നോലത്തുമ്പികളും, ഓടിട്ട മേൽക്കൂരയിൽ നിന്നിറ്റിറ്റ് വീഴുന്ന മഴത്തുള്ളികളുമെല്ലാം കൊണ്ട് അലംകൃതമായ എന്‍റെ വിദ്യാലയത്തിലെ ഒരു ദിവസം. ബെല്ലടിയുടെ ശബ്ദം അവിടമാകെ മുഖരിതമായപ്പോൾ അഞ്ചാം ക്ലാസിലെ അവസാന ബെഞ്ചിൽ നിന്നും ആർപ്പുവിളികോലാഹലങ്ങളോടെ പുറത്തേക്കോടിയ ഞങ്ങൾക്ക് ശകുനം മുടക്കിയെന്നോണം മഴവീണ്ടും ചാറിത്തുടങ്ങിയിരുന്നു. വരാന്തയിൽ കളിപറഞ്ഞും, മേൽക്കൂരയിൽ നിന്നും ഇറ്റുവീഴുന്ന മഴത്തുള്ളികളെ കൈക്കുമ്പിളിൽ ചേർത്തും, തട്ടിത്തെറിപ്പിച്ചും, മറക്കാനാകാത്ത നിമിഷങ്ങൾ ഞങ്ങൾ നെയ്തെടുക്കുമ്പോൾ വലിയൊരു മഴക്കോള് പോലെ അവന്‍റെ മുഖം മേഘാവൃതമായി കണ്ടു.
"എന്തെടാ ജോ..എന്തേലും പ്രശ്നുണ്ടോ…" ഞാൻ തിരക്കി. "മഴനിക്കണില്ലടാ.. ട്യൂഷനുണ്ട്.." എന്നവൻ പരിഭവിച്ചു. "ഓഹ്… അതാണോ.. എനിക്കും തുടങ്ങീടാ ട്യൂഷൻ… ഇപ്പൊ കളിക്കാൻ പോലും സമയം കിട്ട്‌ണില്ല…" ഞാനും എന്‍റെ പരിഭവം പറഞ്ഞു. എന്തോ, ജോയൊന്നും മിണ്ടിയില്ല. അവന്‍റെ മുഖത്തെ വിഷാദഭാവം തെല്ലൊട്ടും കുറഞ്ഞിട്ടുമില്ല. മഴ തോർന്നെങ്കിലും മുറ്റത്ത് മഴവെള്ളം കൊണ്ട് കുനുകുനാ തുരുത്തുകൾ രൂപപ്പെട്ടിരുന്നു. ആ തുരുത്തുകളിലൂടെ ഉറുമ്പുകളെപ്പോലെ ഞങ്ങൾ വരിവരിയായി നടന്നു. അവന്‍റെ മനസ്സിലെ വിഷാദഭാവം അടക്കിനിർത്താൻ അവനു കഴിയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം വഴിയരികിലെ അരമതിലിലേക്ക് അവനെന്നെ പിടിച്ചു വലിച്ചു. "ടാ അമലേ.. ഒരു കാര്യുണ്ട്… അവള് ഒരാഴ്ച്ചായിട്ട് ട്യൂഷന് വരണുണ്ട്.." "ആര്… മറിയമോ… സത്യായിട്ടും…" അവിടമാകെ നനുത്ത കുളിർക്കാറ്റു വീശി. തളിരിട്ട ഇലകളിൽ നിന്നും പിടിവിട്ട മഴത്തുള്ളികൾ താഴേക്ക് പതിച്ചു. "അതേന്നെ... ഞാനും അവളും മാത്രുള്ളൂ ക്ലാസ്സില്.." "എന്നിട്ട്... എന്നിട്ട് നീ അവളോട് പറഞ്ഞാ.." പളുങ്ക് ജലകണങ്ങൾ അരമതിലിൽ തട്ടിത്തെറിക്കുന്ന ശബ്ദം എന്‍റെ കാതിൽ പതിഞ്ഞു. അവന്‍റെ ചുണ്ടുകൾക്ക് കാതോർത്ത് ഞാനിരുന്നു. "ഇല്ലാ… ടാ ഒരു പ്രശ്‌നോണ്ട്.." ആ ചുണ്ടുകൾ വിറങ്ങലിച്ചിരുന്നു.
സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒരു കാലിച്ചായയും കുടിച്ച് ഞാൻ നേരെ ട്യൂഷന് പോകും. അച്ഛന്‍റെ സുഹൃത്തും പഴയ സഹപാഠിയുമൊക്കെയായിരുന്ന ഫിലിപ്പോസ് അങ്കിളാണ് എന്‍റെ കണക്കുമാഷ്. ഒരു വലിയ കറുത്ത കണ്ണടയും, ചെവിയിൽ അങ്ങിങ്ങായി കിളിർത്ത പൂടയും, കട്ടി മീശയും, കണ്ടാൽ ഒരു മൊരടനെപ്പോലെ തോന്നുമാറ് പ്രകൃതം. ദേഷ്യം വന്നാൽ വലിയ കണ്ണടക്കുള്ളിലൂടെ നമ്മളെത്തന്നെ നോക്കിക്കൊണ്ടേയിരിക്കും, അടഞ്ഞ ചുണ്ടുകൾക്കിടയിലെ പല്ലുകൾ തമ്മിലുരസുന്ന ശബ്ദം നമുക്ക് കേൾക്കാനാകും. സന്ധ്യ പൂക്കുന്നനേരം ഞങ്ങളെയും കാത്ത് മുകളിലത്തെ ബാൽക്കണിയിൽ അങ്കിൾ ഇരിപ്പുണ്ടാകും. ഞാനും മറിയമും ടേബിളിന്‍റെ രണ്ടു വശത്തുമായി വന്നിരിക്കും. കസേരയിൽ ഇരുന്ന ശേഷം ഇളംകാറ്റിൽ പാറിയകലുന്ന അവളുടെ കൂന്തൽ ചുമലിൽ നിന്നും കൈകൾകൊണ്ട് ഒതുക്കിവെച്ച് കണ്ണുകളുയർത്തി എന്നെയൊന്നു നോക്കും. അവളുടെ തവിട്ടുനിറമുള്ള, വെള്ളാരം കല്ലുകൾ പോലുള്ള മിഴികൾ എന്‍റെ കണ്ണുകളെ അസ്വസ്ഥമാക്കും. തൂമഞ്ഞുപോലുള്ള കവിൾത്തടം ചുവപ്പാൽ തുടുക്കും. അവളുടെ മയക്കുന്ന അധരങ്ങള്‍ എന്‍റെ ഹൃദയതാളമാകെ നിശ്ചലമാക്കും. എന്‍റെ തൊണ്ടയിടറും, ഉത്തരം പറയാനാകാതെ ഞാൻ കുഴയും. പല്ലുകൾ ഞെരിക്കുന്ന ശബ്ദം കേട്ട് ഞാൻ അവിടേക്ക് നോക്കും. കണ്ണടക്കുള്ളിലൂടെ മുഴുത്ത രണ്ടുകണ്ണുകൾ എന്നെത്തന്നെ നോക്കിയിരിപ്പുണ്ടാകും.
ചില്ലുജലകണങ്ങൾ അരമതിലിൽ തട്ടിപ്പൊട്ടുന്ന ശബ്ദം കൂടിക്കൂടി വന്നു. ജോയിപ്പോഴും താഴോട്ട് നോക്കിയിരിപ്പാണ്. അമലിന് അരിശം വന്നു. "ടാ.. മഴ വീണ്ടും പെയ്താ പണിയാകും.. എന്താ പ്രശ്നെന്ന് പറാ.." "ടാ നീ പിസ്ത തിന്നിട്ട്‌ണ്ടാ... നല്ല കൃസ്പ്പിയായ, ഉപ്പിന്റെ തരിതരിയൊക്കെയുള്ളെ.. നീ തിന്നിട്ട്‌ണ്ടാ…". ജോ അമലിനെ നോക്കി. "ടാ കൊതിയാക്കല്ലേ…" "എന്തേ.. ഇപ്പൊ നിന്റെ വായിൽ ഒരു കപ്പലോടിക്കാനുള്ളത്ര വെള്ള്ല്ലെ..." എന്താണെന്നറിയാനുള്ള വ്യഗ്രതയിൽ അമൽ തന്‍റെ വായിലെ നീരുറവ താഴേക്കൊഴുക്കി. അവളുടെ ഇടയ്ക്കിടെയുള്ള നോട്ടം എന്‍റെ ദൃഷ്ടിയിൽ പതിയുമ്പോൾ എന്‍റെ ചങ്കിടിപ്പ് കൂടിക്കൂടിക്കൊണ്ടേയിരിക്കും. എന്‍റെ കൈകാലുകൾ വിറയ്ക്കും. രോമങ്ങൾ എഴുന്നേറ്റ് നിന്ന് എന്നെയും അവളെയും മാറിമാറി നോക്കും. "ഇന്നെങ്കിലും അവളോട് പറഞ്ഞേ പറ്റൂ, ക്ലാസ്സൊന്ന് കഴിഞ്ഞോട്ടെ" എന്ന് കരുതി കറുത്ത കണ്ണടക്കുള്ളിലെ ഉണ്ടക്കണ്ണുകളിലേക്ക് ശ്രദ്ധിച്ചിരിക്കും. സന്ധ്യമായുന്നേരം അങ്കിൾ ക്ലാസ്സ് നിർത്തി താഴേക്ക് പോകും. അവളുടെ അലസമായ മിഴികൾ എന്‍റെ ദൃഷ്ടിയിൽ വീണ്ടും പതിയും. എന്‍റെ കൈകാലുമുട്ടുകൾ താളം വെച്ചു തുടങ്ങിയിട്ടുണ്ടാകും. "ഒന്നു പെട്ടെന്ന് പറയൂ" എന്നാ മിഴികൾ എന്നോട് കെഞ്ചും. സർവ ധൈര്യവും ആവാഹിച്ച് ഒരു നിശ്വാസത്തോടെ ഞാനാ മിഴികളിലേക്ക് ആഴ്ന്നിറങ്ങും. എന്‍റെ അന്നനാളത്തിൽ നിന്നും ആ പ്രേമധ്വനികൾ വായുവിലേക്കെത്തുന്നതിന് അരനിമിഷം മുൻപേ ആയിരിക്കും എല്ലാ മുന്നൊരുക്കങ്ങളെയും തകിടം മറിച്ചുകൊണ്ട് മേരി ആന്റി, അതായത് ഫിലിപ്പോസങ്കിളിന്‍റെ ഭാര്യ അവിടേക്ക് വരിക. ഒരു പാത്രത്തിൽ കൊതിയൂറുന്ന പിസ്ത ഞങ്ങളുടെ മുൻപിൽ കൊണ്ടുവെക്കും. "ഇതു കഴിച്ചിട്ട് പോയാമതി.." എന്ന സ്നേഹമൊഴിയോടെ ആന്റി താഴേക്ക് പോകും. അപ്പോഴേക്കും എന്‍റെ വായിൽ ഒരു പടയോട്ടത്തിനുള്ള കപ്പലോടിത്തുടങ്ങിയിട്ടുണ്ടാകും. ആർത്തിയോടെ ഞാനത് കഴിക്കുന്നത് കാണുമ്പോൾ നേർത്ത പരിഭവത്തോടെ അവളും കൂടെക്കൂടും.
ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമലിനൊരു പൂതി. "എല്ലാ ദിവസോം പിസ്ത കിട്ടുവാണേ ഞാനും അവിടെ ട്യൂഷന് വന്നാലോ…" "ആ പൂതി മനസ്സിലിരിക്കട്ടെ" എന്ന മട്ടിൽ ഞാനവനെയൊന്ന് നോക്കി. "അപ്പൊ നേരിട്ട് പറയാനുള്ള ധൈര്യം നിനക്കില്ല.. അത്രേല്ലുള്ളൂ പ്രശ്നം.. നീ എഴുതിക്കൊട്ക്ക്…" "ലെറ്റെറോ…" "അതെ.. അതാകുമ്പോ മുട്ടിടിക്ക്ണ പ്രശ്നം ഇല്ലാലോ…" അത് കൊള്ളാവുന്നൊരു ആശയമല്ലേ എന്നെനിക്കും തോന്നി. അങ്ങനെ അതൊരു പരിഹാരമാക്കി ഞങ്ങൾ വീട്ടിലേക്ക് നടന്നു. മഴപെയ്തുതോർന്ന ഇടവഴികളിൽ പച്ചവിരിച്ച പുൽനാമ്പുകൾ കൂടുതൽ മനോഹരമായതായി എനിക്ക് തോന്നി. ആ ഇടവഴിയുടെ അവസാനത്തിലാണ് അങ്കിളിന്‍റെ വീട്. ഇടവഴിയുടെ രണ്ടുഭാഗത്തും ചീമക്കൊന്നകൾക്കൊണ്ടുള്ള വേലികൾ തീർത്തിട്ടുണ്ട്. ഒരു വലിയ ആൽമരം പാതി വേലിക്കകത്തും പുറത്തുമായി നിൽക്കുന്നു. ആ ആൽമരത്തിൽ ഞാന്നുകിടക്കുന്ന വള്ളികൾ ഇണകളെപ്പോലെ കെട്ടുപിണഞ്ഞു കിടക്കുന്നത് എന്നെ കൗതുകപ്പെടുത്താറുണ്ട്. നാലായി മടക്കി പോക്കറ്റിൽ സൂക്ഷിച്ച ലെറ്ററിൽ മുറുക്കിപ്പിടിച്ച് ഞാൻ ട്യൂഷൻ ക്ലാസ്സിലേക്ക് കടന്നു. ഉമ്മറത്ത് ചായ കുടിച്ചുകൊണ്ടിരുന്ന മേരി ആന്റി എന്തോ പന്തികേടു തോന്നിയിട്ടാകാം സംശയത്തോടെ എന്നെ നോക്കി. "എന്തെടാ ജോ.. എന്താണൊരു കള്ളലക്ഷണം.." അതൊരു പരിഹാസമാണെങ്കിലും ആ ചോദ്യത്തിൽ സ്നേഹമുണ്ട്, വാത്സല്യവുമുണ്ട്. ആന്റി അങ്ങനെയാണ്. അറിയുന്നവരോടെല്ലാം സ്നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറാൻ മാത്രമേ ആന്റിക്കറിയൂ. പ്രത്യേകിച്ച് ഞങ്ങളോട്. അങ്കിളിന്‍റെ രണ്ടു പ്രിയസുഹൃത്തുക്കളുടെ മക്കളാണല്ലോ ഞങ്ങൾ. "ഇല്ലാന്റീ.. ആന്റിക്ക് തോന്നിയതാകും.."
ഞാനതിൽ നിന്നും കൈയ്യൂരി. ആന്റിയത് മനസ്സിലാക്കിയത് കൊണ്ടാകാം ഒന്ന് മൂളിയതിന് ശേഷം വീണ്ടും ചായകുടി തുടർന്നു. ഇടിത്തീ വീണതുപോലെ പെട്ടെന്നാണെനിക്കൊരു ബുദ്ധി തോന്നിയത്. "ആന്റീ… ഇന്ന് പിസ്ത വേണ്ടട്ടാ.." "എന്താ നിനക്ക് പിസ്ത്തിഷ്ട്ടെല്ലേ.." "ഇഷ്ട്ടൊക്കെയാണ്… എല്ലാ ദിവസസോം കഴിക്ക്ണ്ടാന്നു വെച്ചിട്ടാ…" "അത് സാരില്ല… ഇവിടെ വേണ്ടാണ്ട് കുറേ കെട്ടിക്കിടക്ക്‌ണുണ്ട്… മക്കള് കഴിച്ചോ…" നേർത്തൊരു പരിഹാസത്തോടെ ആന്റിയത് പറഞ്ഞ് ചായകുടി തുടർന്നു. ആ ഐഡിയയും ഫലവത്താകാത്ത നിരാശയിൽ ഗോവണിപ്പടിയിലൂടെ ഞാൻ മുകളിലേക്ക് നടന്നു. സന്ധ്യക്ക് പതിവിലും കൂടുതൽ ചുവപ്പു നിറമുള്ളതായി എനിക്ക് തോന്നി. സൂര്യന്‍റെ ചുവന്ന രശ്മികൾ അവളുടെ നേർത്ത മുടിയിഴയിലടിക്കുമ്പോൾ അവള് മാലാഖയെക്കാൾ സുന്ദരിയായി എനിക്ക് തോന്നി. ഞാൻ കസേരയിലിരുന്നയുടനെത്തന്നെ തന്‍റെ ചുണ്ടുകൾ എന്‍റെ കാതിലേക്ക് കൂർപ്പിച്ചുകൊണ്ട് അവളൊരു സ്വകാര്യം പറഞ്ഞു. "പോകുമ്പോ ആലിന്റവ്‌ടെ കാത്ത്നിക്ക്ണം". അവളുടെ നനുത്ത മുടിയിഴകൾ എന്‍റെ കൺപ്പീലികളെ തഴുകിയകലവെ അതുവരെ ഞാൻ കാത്തുവെച്ച എന്‍റെ ആത്മവിശ്വാസമെല്ലാം ചോർന്നുപോയി. എന്‍റെ കൈകാലുകൾക്ക് തളർച്ചയനുഭവപ്പെട്ടു. അവളുടെ കണ്ണിഴകൾ ഇമവെട്ടാതെ എന്നെ നോക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ഫിലിപ്പോസ് അങ്കിൾ വന്നു ക്ലാസ്സ് തുടങ്ങിയതും, സന്ധ്യ മാഞ്ഞുപോയതും, ആന്റി പിസ്തയുമായി കയറിവന്നതും, ഒന്നും എന്‍റെ ഓർമ്മയിലില്ല.
ആലിന്‍റെ ചുവട്ടിൽ ഇരുൾ വീണു തുടങ്ങിയിരുന്നു. എന്തിനാകും നേരമില്ലാത്ത ഈ നേരത്ത് ഇവിടെ കാത്തുനിൽക്കാൻ അവൾ ആവശ്യപ്പെട്ടത്... "നിന്നെ എനിക്കിഷ്ട്ടമാണ്" എന്ന് പറയാൻ എനിക്കില്ലാത്ത ചങ്കൂറ്റം അവൾക്കുണ്ടാകുമോ? ഒരുപക്ഷേ എന്നെ ഇഷ്ടമില്ല എന്നു പറയാനാകുമോ?. ഒരു നൂറു ചോദ്യങ്ങൾ എന്‍റെ മനസ്സിൽ ആവർത്തിച്ചു. എന്തായാലും കീശയിലിരുന്ന ലെറ്റർ കൈയ്യിലെടുത്ത് കൈവെള്ളയിൽ മുറുക്കിപ്പിടിച്ച് ഞാനും തയാറെടുത്തു. ഓടുന്ന അതേ വേഗത്തിൽ കാലടികൾ വെച്ചാണ് അവളെന്‍റെ മുന്നിൽ വന്നത്. വന്നപാടെ എന്‍റെ കൈയ്യിലേക്കാണ് അവളുടെ നോട്ടം പോയത്. പോകാൻ ദൃതിയുള്ളത് കൊണ്ടാകാം കൈയ്യിലെ കടലാസ് വേഗം തരുവാൻ അവൾ ആവശ്യപ്പെട്ടു. ഞാൻ നാണത്തോടെ അൽപം പുഞ്ചിരിയും ചേർത്ത് ആ ലെറ്റർ അവൾക്ക് നീട്ടി. എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടും, നിരാശപ്പെടുത്തിക്കൊണ്ടും ആ ലെറ്റർ ഒരു കുമ്പിൾ പോലെയാക്കി തന്റെ ബാഗിൽ നിന്നും ഒരു വാര പിസ്ത കൈകൊണ്ട് വാരിയെടുത്ത് കുമ്പിളിൽ നിറച്ചു, ശേഷം എന്‍റെ കൈയ്യിലേക്ക് നീട്ടി. അരികിലെ വേലി എന്നിൽ നിന്നും അകന്നു പോയിക്കൊണ്ടിരുന്നു. മുകളിലെ ആൽമരച്ചില്ലകൾ എന്‍റെ മുൻപിൽ മൂന്നുതവണ കറങ്ങി. അവസാന കറക്കവും കഴിഞ്ഞ് ഒരു ദീർഘശ്വാസവുമെടുത്ത് ഞാനത് വാങ്ങി. "വീട്ടിൽ പോയിട്ട് തിന്നോട്ടാ… ആരേം കാണിക്ക്ണ്ടാ…" എന്ന മധുരമൊഴികളോടെ അവൾ നടന്നകന്നു. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാനുള്ള സമയം എനിക്കില്ലാത്തത് കൊണ്ട് ഇരുൾ വീണുതുടങ്ങിയ വഴിയിലൂടെ ഞാൻ വീട്ടിലേക്ക് നടന്നു. ഒരുപക്ഷേ അവൾക്ക് തോന്നിക്കാണുമോ, ഞാൻ അവളെക്കാൾ കൂടുതൽ പ്രണയിച്ചത് പിസ്തയെയാണെന്ന്!.
പിന്നിൽ നിന്നും ശ്‌ശൂ ശ്‌ശൂ വിളികൾ കേട്ടപ്പോൾ ആത് അമലായിരിക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു. കാരണം, "പ്രതിസന്ധിഘട്ടങ്ങളിൽ എന്നെ സഹായിക്കാനെത്തുന്ന ഉത്തമ സുഹൃത്തായിരുന്നു അവൻ" വന്നപാടെ പിസ്തയിലേക്കാണ് അവൻ കൈ നീട്ടിയത്. "ഇതെന്‍റെ പ്രിയതമ തന്നതാണ്" എന്നവനോട് ഞാൻ കൽപ്പിച്ചു. പാവം, വായിൽ വെള്ളമൂറുന്നുണ്ടാകാം.. പക്ഷേ എന്തു ചെയ്യാനാവും!.. എനിക്കിത് കൊടുക്കാനാവില്ലല്ലോ?. "എന്ന്‌ട്ട്, ലെറ്റർ നീ കൊട്ത്തോ…?". അവൻ ഉത്കണ്ഠാകുലനായി. ഞാനൊന്നും മിണ്ടിയില്ല. പേപ്പറിലെ പിസ്ത ബാഗിനുള്ളിലേക്കിട്ടിട്ട് ലെറ്റർ അവനു നീട്ടി. പൊട്ടിച്ചിരിയോടെയാണ് അവനത് വാങ്ങിയത്. പേപ്പറിന്റെ ചുളിവുകൾ നിവർത്തി നേരിയ വഴിവക്കിന്‍റെ വെളിച്ചത്തിൽ അവനത് വായിക്കാൻ തുടങ്ങി. "പ്രിയ മറിയെ, നീ ചിരിക്ക്മ്പോ, സൂര്യനെന്ത്‌രു ചേലാണ്. നിന്‍റെ മിഴിക്കുള്ളില് സൂര്യനെന്ത്‌രു ചന്താണ്… നിന്‍റെ മുടിയിലടിക്ക്മ്പോ സൂര്യനെന്ത്‌രു നിറാണ്.. എനിക്ക് സൂര്യനെ ഭയങ്കരിഷ്ട്ടാണ്... നിന്നേം… എന്ന് നിന്‍റെ ജോ.." "നല്ല ചളിയായ്‌ട്ട്‌ണ്ട്…" വായിച്ചു കഴിഞ്ഞ് ലെറ്റർ നാലായി മടക്കി അവനെന്റെ കൈയ്യിൽ വെച്ചു തന്നു. "എന്തായാലും കളയണ്ട.. നാളെ കൊട്ക്കാം…". അവൻ പറഞ്ഞു. "ടാ സത്യം പറ.. അത്രക്ക് ചളിയാണോ..". എനിക്കാകെ പരവേശമായി. "ടാ ഈ പ്രേമം തന്നെ ഒരു കട്ടച്ചളിയാണ്.. അതോണ്ട് കുഴപ്പൊന്നൂല്ല…". അവൻ സമാശ്വസിപ്പിച്ചു. ആ ചീമക്കൊന്ന വേലിയുടെ അറ്റത്ത് രണ്ടുവഴികളുണ്ട്. ഒന്നു ഇടത്തോട്ടും മറ്റൊന്ന് വലത്തോട്ടും. ഞാൻ ഇടത്തോട്ട് നടന്നു, അവൻ വലത്തോട്ടും. രാത്രിയിൽ തന്‍റെ വായനാമുറിയിലെ ടേബിളിൽ പുസ്തകത്തിനിടയിൽ വെച്ച് പിസ്ത കഴിക്കുമ്പോൾ എന്‍റെ മുൻപിൽ ചിരിക്കുന്ന മൊഴികളുമായി, തിളങ്ങുന്ന മിഴികളുമായി അവൾ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി. അവൾ എന്നെ പ്രണയിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ!.. "ഇനി വൈകിക്കാനാവില്ല, നാളെയെങ്കിലും അവളോട് പറഞ്ഞേ പറ്റൂ.." ഞാൻ ഓർത്തു. "ഇന്നെത്തെ രാത്രിയുടെ പ്രതീക്ഷ നാളത്തെ പകലുകളല്ലെ!".
അങ്ങനെ പ്രതീക്ഷയുടെ പകലുകൾ പലകുറി വന്നുപോയി. ഞങ്ങൾ നടന്ന കാൽപ്പാടുകൾ വലുതായി വലുതായി വന്നു. വഴിയരികിലെ ചീമക്കൊന്ന വേലികൾക്ക് പകരം കോൺക്രീറ്റ് മതിലുകൾ വന്നു. ഞങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായ ആ വലിയ ആൽമരം മുറിച്ച് മാറ്റപ്പെട്ടു. പക്ഷേ!, ആ ട്യൂഷൻ ക്ലാസ്സും, നടവഴിയിലെ മൺതരികളും ഇന്നും ഞങ്ങളുടേതാണ്. ഇന്നെന്റെ ബൈക്കിന്റെ പിന്നിലിരുന്നവൾ ട്യൂഷന് പോകുമ്പോഴും ഞാൻ പറഞ്ഞിട്ടില്ല, "എനിക്ക് നിന്നെ ഇഷ്ടമാണ്" എന്ന്. പക്ഷേ, അവൾ എന്നെ പ്രണയിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്. "ഇനി വൈകിക്കാനാവില്ല, ഇന്നെങ്കിലും അവളോട് പറഞ്ഞേ പറ്റൂ.." അതിനു ഞാൻ കണ്ടെത്തിയ പോംവഴിയാണ് മേരി ആന്റി. പതിവിന് വിപരീതമായി ആകാശത്ത് കറുത്ത മേഘങ്ങൾ തടിച്ചു കൂടിയിരുന്നു. അതുകൊണ്ട് തന്നെ ക്ലാസ്സ് വേഗത്തിൽ അവസാനിപ്പിച്ച് ഞങ്ങളോട് പോയ്ക്കോളാൻ അങ്കിൾ ആവശ്യപ്പെട്ടു. താഴേക്കുള്ള പടികളിറങ്ങുമ്പോൾ ഒരു കള്ളച്ചിരിയുമായി മേരി ആന്റി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മധുരമേറുന്ന മൊഴികളുമായി ആന്റി ഞങ്ങളെ ചായ കുടിക്കാൻ ക്ഷണിച്ചു. കൂടെ സ്നേഹം നിറച്ച കുറച്ച് പിസ്തയും. ആന്റിക്ക് ഞങ്ങളോട് സ്നേഹം മാത്രമേയുള്ളൂ എന്നു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "നിന്‍റെ പിസ്തക്കൊതി ഇതുവരെ തീർന്നില്ലെടാ ജോ…" പ്ലേറ്റിൽ നിന്നും കൊതിയോടെ പിസ്ത വാരിക്കഴിച്ചുകൊണ്ടിരുന്ന എന്നെ കളിയാക്കിക്കൊണ്ടാണ് ആന്റി തുടങ്ങിയത്. "ഞങ്ങൾ തരുന്ന ഫീസിനേക്കാൾ കൂടുതൽ പൈസ ആന്റി പിസ്ത വാങ്ങാൻ ചെലവാക്കീട്ട്‌ണ്ടാകും.." എന്നു പറഞ്ഞുകൊണ്ട് അവളും ആന്റിയുടെ കൂടെക്കൂടി. ഞാൻ പിസ്ത തീറ്റ തുടർന്നുകൊണ്ടേയിരുന്നു...
"നിങ്ങളെ ഞാൻ ചെറുപ്പം മുതലേ കാണാൻ തുടങ്ങിയതാ.. ഇത്ര നാളായിട്ടും നിങ്ങടെ സ്നേഹത്തിനോ ബന്ധത്തിനോ ഒരു കോട്ടോം സംഭവിച്ചിട്ടില്ല. ഇപ്പൊ പത്തിരുപത് വയസ്സായില്ലേ.. നിങ്ങൾക്ക് ഇത് തുടർന്നും ആയാലെന്താ.. ഞാൻ വീട്ടുകാരോട് സംസാരിക്കാം…!". ആന്റി വാചാലമായി. അവൾ എന്നെ നോക്കി. ഒന്നും അറിയാത്തത് പോലെ ഞാൻ തീറ്റ തുടർന്നുകൊണ്ടേയിരുന്നു. "ആന്റി.. ഇവനെനിക്ക് ഭയങ്കരിഷ്ട്ടാണ്.. ഇവനെനിക്ക് നല്ലൊരു ബ്രദറാണ്, നല്ല സുഹൃത്താണ്.. ഈ ബന്ധമൊന്നും എനിക്ക് വേറെ എവിടെന്നും കിട്ടൂല.. മറ്റൊരർഥത്തിൽ ഇവനെനിക്ക് കാണാൻ പറ്റില്ലാന്റീ.." ആകാശത്ത് കാർമേഘം കറുത്തിരുണ്ടുകൂടി വന്നു. ആന്റി ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല അത്. കണ്ണ് നിറഞ്ഞു കൊണ്ട് ആന്റി എന്നോട് സഹതപിച്ചു. എന്‍റെ കണ്ണിലെ മേഘങ്ങൾ എപ്പോഴോ ഇരുണ്ടുകൂടിക്കഴിഞ്ഞിരുന്നു. യാത്ര പറഞ്ഞുകൊണ്ട് ബൈക്കിൽ കയറിപ്പോകുന്ന ഞങ്ങളെയും നോക്കി നിറകണ്ണുകളോടെ ആന്റി നോക്കി നിന്നു. കഴിഞ്ഞ ഇരുപത് വർഷത്തോളം ഞാൻ സ്നേഹിച്ചതും അനുഗമിച്ചതും ഇവളെ മാത്രമാണ്. അവളെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എന്‍റെ ബൈക്കിന്‍റെ പിറകിലാണവൾ ഇരിക്കുന്നതെങ്കിലും ഞങ്ങൾ തമ്മിൽ വളരെ അകലമുള്ളതുപോലെ എനിക്ക് തോന്നി. എന്‍റെ സങ്കടത്തിൽ കൂടെ ചേരുന്നത് പോലെ മഴമേഘങ്ങൾ അങ്ങിങ്ങായി കണ്ണുനീർതുള്ളികൾ പൊഴിച്ചു. എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവളെന്‍റെ അരികത്തേക്ക് ചേർന്നിരുന്നു. എന്നെ വട്ടം പിടിച്ചുകൊണ്ട്, എന്‍റെ തോളിൽ തലചായ്ച്ചുകൊണ്ട്, എന്‍റെ കവിളിൽ ഉമ്മ തന്നുകൊണ്ട്, കണ്ണുകൾ നിറഞ്ഞുകൊണ്ട് അവളെന്‍റെ കാതിൽ ആ സ്വകാര്യം മൊഴിഞ്ഞു. "ജോ... നീ ചിരിക്കുമ്പോ, സൂര്യനെന്തൊരു ചേലാണ്. നിന്‍റെ മിഴിക്കുള്ളിലെ, സൂര്യനെന്തോരു ഭംഗിയാണ്.. നിന്‍റെ മുടിയിലടിക്കുമ്പോ, സൂര്യനെന്തോരു ചന്താണ്... എനിക്ക് സൂര്യനെ ഭയങ്കരിഷ്ട്ടമാണ്... നിന്നെയും…" എന്‍റെ മനസ്സിൽ ആഹ്ലാദത്തിന്‍റെ പെരുമഴ പെയ്തിറങ്ങി. ആ കോരിച്ചൊരിയുന്ന മഴയിലും ഞങ്ങൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഞാൻ പറഞ്ഞില്ലേ!. "പ്രതിസന്ധിഘട്ടങ്ങളിൽ എന്നെ സഹായിക്കാനെത്തുന്ന ഒരു ഉത്തമ സുഹൃത്തുണ്ടെനിക്കെന്ന്..".
Content Summary: Malayalam Short Story ' Oru Pistha Pranayam ' Written by Shabeer