'ട്രെയിൻ യാത്രക്കിടെ ദുരനുഭവം'; രക്ഷിച്ച പെൺകുട്ടിയുമായി അടുപ്പത്തിലായി, അവളുടെ അപ്രതീക്ഷിത മരണം...
വാതിലടച്ച് സാക്ഷയിട്ട് എന്റെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ട് ഹരി പറഞ്ഞു. "ഇനി ഇവിടെ നിന്നാൽ എനിക്കും കുഞ്ഞുങ്ങൾക്കും നിന്നെ നഷ്ടമാകും. അതു കൊണ്ട്..." ഹരിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു, എന്തിനെയോ ഭയക്കുന്നതു പോലെ.. ഞാൻ മനസ്സില്ലാമനസ്സോടെ കുഞ്ഞുങ്ങളെയും ഒരുക്കി ഇറങ്ങി.
വാതിലടച്ച് സാക്ഷയിട്ട് എന്റെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ട് ഹരി പറഞ്ഞു. "ഇനി ഇവിടെ നിന്നാൽ എനിക്കും കുഞ്ഞുങ്ങൾക്കും നിന്നെ നഷ്ടമാകും. അതു കൊണ്ട്..." ഹരിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു, എന്തിനെയോ ഭയക്കുന്നതു പോലെ.. ഞാൻ മനസ്സില്ലാമനസ്സോടെ കുഞ്ഞുങ്ങളെയും ഒരുക്കി ഇറങ്ങി.
വാതിലടച്ച് സാക്ഷയിട്ട് എന്റെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ട് ഹരി പറഞ്ഞു. "ഇനി ഇവിടെ നിന്നാൽ എനിക്കും കുഞ്ഞുങ്ങൾക്കും നിന്നെ നഷ്ടമാകും. അതു കൊണ്ട്..." ഹരിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു, എന്തിനെയോ ഭയക്കുന്നതു പോലെ.. ഞാൻ മനസ്സില്ലാമനസ്സോടെ കുഞ്ഞുങ്ങളെയും ഒരുക്കി ഇറങ്ങി.
മയിലാടുംപാറയിൽ നിന്നും കുറച്ചു ദൂരം മുന്നോട്ടു പോയി വലത്തോട്ട് തിരിഞ്ഞ് ഒരു ഏലത്തോട്ടത്തിനുള്ളിലൂടെ സഞ്ചരിച്ച് കാർ വലിയൊരു ബംഗ്ലാവിനു മുൻപിൽ ചെന്ന് നിന്നപ്പോൾ നേരം സന്ധ്യ മയങ്ങിയിരുന്നു. വിശാലമായ പൂന്തോട്ടത്തിനുള്ളിൽ അങ്ങിങ്ങായി സ്ഥാപിച്ചിരുന്ന വിളക്കുകാലുകളിൽ തെളിഞ്ഞു നിന്ന വൈദ്യുത ദീപങ്ങളുടെ പ്രഭയിൽ ആ പഴയ ബംഗ്ലാവ് ഡിസ്നി കഥകളിലെ മാന്ത്രികക്കൊട്ടാരം പോലെ തോന്നിച്ചു. പൂത്തുലഞ്ഞ കുറ്റിമുല്ലകൾ കാവൽ നിൽക്കുന്ന ഒരു വള്ളിക്കുടിലിനരികിൽ നിന്നും പച്ച സാരിയുടുത്ത വെളുത്തു കുറുകിയ ആന്റി ഓടി വന്ന് ഗേറ്റ് തുറന്നു തന്നിട്ട് ഞങ്ങൾക്ക് മുൻപേ മുറ്റത്തേക്കോടി. കാർ നിർത്തിയപ്പോഴേക്കും എനിക്കു വാതിൽ തുറന്നു തന്ന്, കൈയ്യിൽ പിടിച്ചിറക്കി ചേർത്ത് പിടിച്ച് കുറേ നേരം കരഞ്ഞു. പിന്നെ സിറ്റ് ഔട്ടിലേക്കു വിരൽ ചൂണ്ടി പറഞ്ഞു. "മോളെ... പപ്പ" സിറ്റ് ഔട്ടിൽ വീൽ ചെയറിൽ ഇരുന്ന, ചുവന്ന കമ്പിളി തൊപ്പി വച്ച ഒരു വലിയ മനുഷ്യൻ എന്നെ നോക്കി നിറഞ്ഞ ചിരിയോടെ കൈ വീശി കാണിച്ചു. അപ്പോഴേക്കും ഹരി, മോളെ ബേബി സീറ്റോടെ വെളിയിലെടുത്തിരുന്നു. ആന്റി ഓടി ചെന്ന് മോളെ വാങ്ങി. ഉറങ്ങുകയായിരുന്ന മോനെ വിളിച്ചുണർത്തി. ഞെട്ടിയുണർന്ന മൂന്നു വയസുകാരൻ ഒന്നും മനസ്സിലാകാതെ ചുറ്റും മിഴിച്ചു നോക്കി.
ഉറക്കെകരയുന്ന മോനെ ഒക്കത്തെടുത്ത് എന്നെ ചേർത്തു പിടിച്ച്, മറുകൈയ്യിൽ മോളെയും കൊണ്ട് ആന്റി തിടുക്കത്തിൽ ആ മനുഷ്യന്റെ അടുത്തെത്തി വിതുമ്പിക്കൊണ്ട് പറഞ്ഞു. "നമ്മടെ മോള്... അവടെ ഭർത്താവിനേം കുഞ്ഞുങ്ങളേം കൊണ്ട് നമ്മളെ കാണാൻ വന്നിരിക്കുന്നു". നിറഞ്ഞ കണ്ണുകൾ ഇടം കൈകൊണ്ടു തുടച്ച് വിറയ്ക്കുന്ന വലം കൈ കൊണ്ട് അദ്ദേഹം എന്റെ കൈ പിടിച്ചമർത്തി. ആ കൈയ്യിലൂടെ ഒരു സ്നേഹ പ്രവാഹം എന്നിലേക്ക് പ്രവേശിക്കുന്നത് ഞാനറിഞ്ഞു. എല്ലാവരും അകത്തേക്കു പോയിട്ടും ഞാൻ അവിടെത്തന്നെ നിന്നു. ചുറ്റും ഇരുട്ടു പരന്നിരുന്നു. അലറിക്കരയുന്ന ചീവീടുകളുടെ കർണ്ണ കഠോരമായ ശബ്ദം ഇരുട്ടിനെ കൂടുതൽ ഭയാനകമാക്കി. നക്ഷത്രങ്ങളില്ലാത്ത ആകാശത്തു നിന്നും നേർത്ത അമ്പിളിക്കല കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് എന്നെ എത്തിനോക്കി. സിറ്റ് ഔട്ടിനോട് ചേർന്ന് പണിത ചെറിയ മാർബിൾ കൂടാരത്തിൽ ഒരു നിലവിളക്ക് കത്തിനിന്നിരുന്നു. വലിയ വെള്ള പൂക്കളുള്ള പേരറിയാത്ത ഒരു വള്ളിച്ചെടി കൂടാരത്തിനു മുകളിൽ പടർന്നു പന്തലിച്ചു കിടന്നു. ആ പൂക്കളുടെയാവണം ഒരു വശ്യ ഗന്ധം അവിടെയെങ്ങും നിറഞ്ഞു നിന്നു.
രാത്രിയിലെപ്പോഴോ ഞെട്ടിയുണർന്ന ഞാൻ ഹരിയേയും കുട്ടികളെയും ഉണർത്താതെ മെല്ലെയെഴുന്നേറ്റ് ജനാലക്കരികെ ചെന്നു നിന്നു. നിലവിളക്ക് അപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ആ പൂക്കളുടെ സുഗന്ധം മത്തു പിടിപ്പിക്കുന്നതു പോലെ.. ആരോ എന്നെ പേരു ചൊല്ലി വിളിക്കുന്നതു പോലെ.. വാതിൽ തുറന്നു വെളിയിലിറങ്ങി ഞാൻ ആ മാർബിൾ കൂടാരത്തിനരികിലേക്കു നടന്നു. മുറ്റത്തരികിൽ ഇരുമ്പുകൂട്ടിനുള്ളിൽ കിടന്ന രണ്ടു വലിയ ഡോബർമാനുകൾ എന്നെ നോക്കി ചിരപരിചിതരെപ്പോലെ വാലാട്ടി. ഞാൻ കൂടാരത്തിനുള്ളിൽ കയറി ഒറ്റത്തിരി മാത്രം കത്തി നിന്ന ആ നിലവിളക്കിന്റെ മറ്റു തിരികളും തെളിയിച്ചു. ആളിക്കത്തിയ ആ പ്രഭയിൽ പൂക്കൾ വിരിച്ച ഒരു മാർബിൾ ഫലകം തിളങ്ങി. അതിൽ ഇങ്ങനെ എഴുതിയിരുന്നു. "Aleesha Sleeps here"
2
"മണ്ടി, ട്രെയിൻ യാത്രക്കു ചേർന്ന വേഷമാണോ ഇത്? കാണുമ്പോഴേ അറിയാം പേടിത്തൊണ്ടിയാണെന്ന്" ഒരു ട്രെയിൻ യാത്രയിൽ എന്നോട് മോശമായി സംസാരിച്ച ഒരു മധ്യവയസ്കനെ ചീത്ത പറഞ്ഞ് ഓടിച്ച ശേഷം മുകളിലത്തെ ബർത്തിൽ നിന്നും ചാടിയിറങ്ങി എന്റെ തലക്കിട്ടു കൊട്ടിക്കൊണ്ട് അവളതു പറയുമ്പോഴും ഞാൻ സ്തംഭിച്ചു നിൽക്കുകയായിരുന്നു. എന്നെ ചൂഴ്ന്നു നോക്കിക്കൊണ്ട് അവൾ ചോദിച്ചു. "നിനക്കെത്ര വയസായി?" "ഇരുപത്" ഞാൻ പറഞ്ഞു. "ഇരുപതു വയസായ നിനക്ക് അയാളുടെ സംസാരത്തിന്റെ രീതി മാറുന്നതും കണ്ണിൽ കാമം ഉണരുന്നതും മനസ്സിലായില്ലേ?" അവളെ അത്ഭുതത്തോടെ നോക്കികൊണ്ട് ഞാൻ ഇല്ലെന്ന് ചുമലനക്കി. "വളർത്തു ദോഷം അല്ലാതെന്ത്? അറിയേണ്ടതൊന്നും അറിയില്ല... അതെങ്ങനെ അടക്കമൊതുക്കമുള്ള പെൺകുട്ടി എന്ന ലേബൽ നെറ്റിയിലൊട്ടിച്ചു വച്ചേക്കുവല്ലേ?" ഇടം കണ്ണിനെ മറഞ്ഞു കിടക്കുന്ന മുറിച്ചിട്ട കോലൻ മുടി മാടി ഒതുക്കിക്കൊണ്ട് അവൾ തുടർന്നു "നോക്ക്, ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഇങ്ങനെ വേണം വസ്ത്രം ധരിക്കാൻ... കാണുമ്പോൾ തന്റേടിയെന്നൊരു തോന്നലുണ്ടാവും. ആരും അടുക്കാൻ ധൈര്യപ്പെടില്ല." അവൾ കണ്ണിറുക്കി.
കൈയ്യിലും കഴുത്തിലും കറുത്ത ബോർഡർ ഉള്ള അയഞ്ഞ ചുവന്ന ടോപ്പും കറുത്ത ജീൻസുമായിരുന്നു അവളുടെ വേഷം. ഉയർത്തി കെട്ടിവച്ച മുടിയും ഉച്ചിയിലുയർത്തി വച്ച കൂളിംഗ് ഗ്ലാസും പഴയ കാല സിനിമകളിലെ നദിയ മൊയ്തുവിനെ ഓർമ്മിപ്പിച്ചു. നിർത്താതെ സംസാരിച്ചുകൊണ്ട് അവൾ ബാഗിൽ നിന്നും രണ്ടു പൊതിയെടുത്ത് ഒന്ന് എന്റെ നേരെ നീട്ടി. "മമ്മി തന്നു വിട്ടതാ, കഴിച്ചോ... തിന്നതെല്ലാം ദഹിച്ചിട്ടുണ്ടാവില്ലേ?" വാഴയിലയിൽ പൊതിഞ്ഞ നാരങ്ങാച്ചോറിന്റെയും ചമ്മന്തിപ്പൊടിയുടെയും ഏതോ അച്ചാറിന്റെയും ഗന്ധം എന്റെ നാസാരന്ധ്രങ്ങളിലടിച്ച് നാവിൽ വെള്ളമായൂറി. ഹൃദ്യമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ഹൈദരാബാദിലെ ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബി ടെക് നാലാംവർഷ വിദ്യാർഥിനി ആയിരുന്നു അവൾ. ഞാൻ അവിടെയുള്ള ഒരു നഴ്സിംഗ് കോളജിലെ നാലാംവർഷ വിദ്യാർഥിനിയും.
സ്വഭാവത്തിലുള്ള അന്തരം ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചതേയില്ല. ലോകം ചുറ്റിക്കാണുക, പാരച്യൂട്ടിൽ പറക്കുക, മുങ്ങാങ്കുഴിയിടാൻ പഠിച്ച് കടലിന്റെ അടിയിൽ പോയി പവിഴപ്പുറ്റു പറിക്കുക, വിവാഹം കഴിക്കാതെ കുഞ്ഞുങ്ങളെ വളർത്തുക എന്നിങ്ങനെയുള്ള അവളുടെ വിചിത്രങ്ങളായ ആഗ്രഹങ്ങൾ കേട്ട് മുത്തശ്ശി വളർത്തിയ, തനി നാട്ടിൻപുറത്തുകാരിയായ ഞാൻ ആശ്ചര്യപ്പെടുകയും ഹുസ്സൈൻ സാഗറിന്റെ തീരത്ത് ഒരു പ്രഭാതവും പ്രദോഷവും തനിച്ചിരിക്കണം എന്ന എന്റെ ഏറ്റവും വലിയ ആഗ്രഹം കേട്ട് അവൾ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഒറ്റപ്പുത്രിയായ അവൾക്ക് ഞാൻ സഹോദരിയോ, കൂട്ടുകാരിയോ മറ്റെന്തൊക്കെയോ ആയിത്തീർന്നു. സ്നേഹത്തിന്റെ അദൃശ്യ നൂലിഴകൾ ഞങ്ങളെ ചേർത്തു നിർത്തി. ക്ലാസ് കഴിഞ്ഞപ്പോൾ അവൾ നാട്ടിലേക്ക് തിരിച്ചു പോയി. ഞാൻ ഇന്റേൺഷിപ് തുടർന്നു. ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ എം ടെക് നു ചേരുകയാണെന്നു പറഞ്ഞു വിളിച്ച അവൾ പിന്നെ ഒരിക്കലും വിളിച്ചില്ല. ഇ മെയിലുകൾക്കു മറുപടി തന്നില്ല. ഈ കൊച്ചു ഭൂമിയിൽ ഇടം പോരാഞ്ഞ് കൂടുതൽ വിശാലമായ ഒരു ലോകത്തേക്ക് അവൾ പറന്നകന്നെന്ന് പിന്നീടെപ്പോഴോ ഞാനറിഞ്ഞു.
3
രാവിലെ ഹരി എന്നെ വിളിച്ചുണർത്തിയപ്പോൾ ഞാൻ അലീഷയുടെ മുറിയിൽ അവളുടെ ബെഡിലായിരുന്നു. ഹരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. തീഷ്ണമായ ആ കണ്ണുകളിൽ നോക്കാൻ ഞാൻ ഭയപ്പെട്ടു. മുഖം കഴുകി അടുക്കളയിലേക്കു ചെന്ന ഞാൻ പുറം തിരിഞ്ഞു നിന്നു കാപ്പി എടുക്കുകയായിരുന്ന മമ്മിയെ കെട്ടിപ്പിടിച്ച് ആ തോളിൽ തല ചായ്ച്ചു നിന്നു. കൈകളിലേക്ക് ചുടുകണ്ണീർ ഇറ്റു വീണപ്പോൾ പുറകിലാരോ തേങ്ങിക്കരയുന്നതു കേട്ടു. ഞാൻ മമ്മിയെ കൂടുതൽ ചേർത്തു പിടിച്ചു. ഒരു കപ്പു കാപ്പിയുമെടുത്ത് വളരെ ഉത്സാഹത്തോടെ ഞാൻ പപ്പയുടെ മുറിയിലേക്കു പോയി. കുലുക്കി വിളിച്ചുണർത്തി, കട്ടിലിൽ പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി കപ്പ് കൈയ്യിൽ കൊടുത്തു. കട്ടിലിന്റെ അരികിൽ ഇരുന്ന് വാതോരാതെ സംസാരിച്ചു. ആ മുഖത്തു വാത്സല്യം നിറയുന്നതും നനഞ്ഞ കണ്ണുകൾ തുടയ്ക്കുന്നതും ഒളി കണ്ണാൽ കണ്ടു. കെട്ടിപ്പിടിച്ചൊന്നു ചുംബിക്കാനും ആ മടിയിൽ കിടക്കാനും മനസ്സ് കൊതിച്ചു. ഉള്ളിൽ ആരോ വിതുമ്പുന്നത് ഞാനറിഞ്ഞു.
"റെഡിയാക്, പോകാം" ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞതേ ഹരി പറഞ്ഞു. "എങ്ങോട്ട്? രണ്ടു ദിവസം നിൽക്കാമെന്നു പറഞ്ഞല്ലേ വന്നത്?" ഞാൻ ഹരിയെ തുറിച്ചു നോക്കി. "മൂന്നാറിൽ എന്റെയൊരു സുഹൃത്ത് ഉണ്ട്. അവനു കുഞ്ഞുണ്ടായി, പോയി കാണണം" ഹരി പറഞ്ഞു. "എന്നാൽ ഞാനും കുട്ടികളും ഇവിടെ നിൽക്കാം, ഹരി പോയിട്ട് വരൂ" ഞാൻ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു. "അതു പറ്റില്ല, നീയും കുട്ടികളും കൂടെയുണ്ടാവും എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്" ഹരി കനത്ത ചുവടുകളോടെ മുറിയിലേക്കു പോയി. വിഷമത്തോടെയിരിക്കുന്ന പപ്പയെയും മമ്മിയെയും ദയനീയമായി നോക്കിയിട്ട് ഞാൻ പിന്നാലെ ചെന്ന് ദേഷ്യത്തോടെ ചോദിച്ചു. "ഇപ്പോഴെന്താ സ്വന്തമായി ഒരു തീരുമാനം? ഇങ്ങോട്ടു പോരുമ്പോൾ ഇങ്ങനെയൊന്നും പറഞ്ഞിരുന്നില്ലല്ലോ?" വാതിലടച്ച് സാക്ഷയിട്ട് എന്റെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ട് ഹരി പറഞ്ഞു. "ഇനി ഇവിടെ നിന്നാൽ എനിക്കും കുഞ്ഞുങ്ങൾക്കും നിന്നെ നഷ്ടമാകും. അതു കൊണ്ട്..." ഹരിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു, എന്തിനെയോ ഭയക്കുന്നതു പോലെ.. ഞാൻ മനസ്സില്ലാമനസ്സോടെ കുഞ്ഞുങ്ങളെയും ഒരുക്കി ഇറങ്ങി. കാർ അകന്നു പോകുമ്പോൾ പപ്പയും മമ്മിയും കണ്ണു തുടയ്ക്കുന്നത് റിയർ വ്യു മിററിലൂടെ കണ്ടു. എന്റെ ഉള്ളിലൊരു കുഞ്ഞ് നിസ്സഹായതയോടെ തേങ്ങിക്കരഞ്ഞു.
4
ഞങ്ങൾ മൂന്നാറിൽ നിന്നും തിരിച്ചപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. രാത്രിയിൽ യാത്ര ചെയ്യേണ്ടെന്നും പപ്പയുടെയും മമ്മിയുടെയും കൂടെ തങ്ങി രാവിലെ പോകാമെന്നും ഞാൻ കെഞ്ചി പറഞ്ഞെങ്കിലും ഹരി എന്നെ ശ്രദ്ധിച്ചതേയില്ല. കാലവർഷമല്ലാതിരുന്നിട്ടും മഴ കനത്തു പെയ്തു കൊണ്ടിരുന്നു. കാറിന്റെ വൈപ്പർ ദ്രുത ഗതിയിൽ ചലിച്ചിട്ടും ശക്തമായി പതിക്കുന്ന വെള്ളത്തുള്ളികൾ കാഴ്ച മറച്ചു. പലയിടങ്ങളിലും വഴിയിലേക്ക് മരക്കൊമ്പുകൾ ഒടിഞ്ഞു കിടന്ന് വഴിമുടക്കി. ഹരി ഇറങ്ങി അവ എടുത്തു മാറ്റേണ്ടി വന്നു യാത്ര തുടരാൻ. ബംഗ്ലാവിലേക്കു തിരിയുന്ന വഴി അടുത്തപ്പോൾ ഞാൻ ഹരിയുടെ കൈയ്യിൽ പിടിച്ച് അപേക്ഷയോടെ ആ കണ്ണുകളിലേക്കു നോക്കി. പക്ഷെ ഹരി എന്റെ കണ്ണുകളെ നേരിടാതെ നോട്ടം മാറ്റിക്കളഞ്ഞു. എന്റെ ഉള്ളിൽ ഒരു നിലവിളി ഉയർന്നു. ഇടയ്ക്കിടെ വരാറുള്ള അതിഭയങ്കരമായ തലവേദന നെറ്റിയുടെ ഒരു വശത്തു നിന്നും വീണ്ടും കൊത്തിപ്പറിച്ചു തുടങ്ങി. ഞാൻ ഇരു കരങ്ങളാലും തല പൊത്തിപ്പിടിച്ചു കൊണ്ട് കുനിഞ്ഞിരുന്നു. ബംഗ്ലാവിലേക്കുള്ള വഴി കടന്ന് ഏതാനും അടി മുൻപോട്ടു പോയ കാർ ഒരു കുതിപ്പോടെ നിന്നു. ഞാൻ സന്തോഷത്തോടെ തലയുയർത്തി ഹരിയെ നോക്കി. പക്ഷെ എന്നെ നോക്കിയ ആ കണ്ണുകളിൽ ഭീതി നിഴലിച്ചിരുന്നു. ഹരി വീണ്ടും വീണ്ടും താക്കോൽ തിരിച്ചെങ്കിലും കാർ സ്റ്റാർട്ട് ആയതേയില്ല.
കോരിച്ചൊരിയുന്ന ആ മഴയത്ത് വെളിയിലിറങ്ങി ബോണറ്റ് പരിശോധിക്കാൻ തുടങ്ങിയ ഹരിയെ ഞാൻ തടഞ്ഞു. പിന്നെ ദൂരേക്ക് കൈചൂണ്ടി. ബംഗ്ലാവിന്റെ വഴിയിലൂടെ ഒരു മങ്ങിയ വെളിച്ചം അടുത്തടുത്തു വരുന്നുണ്ടായിരുന്നു. ഒരു കൈയ്യിൽ കുട പിടിച്ച് മറ്റേ കൈകൊണ്ട് വീൽചെയർ തള്ളി മമ്മി അടുത്തു വന്നു. പപ്പയുടെ കൈയ്യിൽ ഒരു ടോർച്ച് തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു. ഞാൻ മഴയെ വകവയ്ക്കാതെ ഇറങ്ങി ഓടി ചെന്ന് പപ്പയുടെ മടിയിലേക്കു വീണു. എന്നെ പിടിച്ചെഴുന്നേൽപിച്ച് തലയിൽ തഴുകിക്കൊണ്ട് ഇടറിയ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. "നീ വന്നപ്പോൾ കുറച്ചു സമയത്തേക്ക് ഞങ്ങളും ഒരു മായികലോകത്തിലായിപ്പോയി എന്നതു സത്യമാണ്, പക്ഷേ..." "പപ്പാ...." ഞാൻ ഉറക്കെ കരഞ്ഞു. അദ്ദേഹം തുടർന്നു. "നീ ഹരിയുടെയും കുഞ്ഞുങ്ങളുടെയും കൂടെ തിരിച്ചു പോകണം. അവധിക്കു വരുമ്പോഴൊക്കെ ഇനിയും ഇവിടെ വരണം. അലീഷയായല്ല... അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി" അദ്ദേഹം എന്റെ തലയിൽ നിന്നും കൈയ്യെടുത്ത് വീൽചെയറിന്റെ ഹാൻഡിലിൽ പിടിച്ചിരുന്ന ആന്റിയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "ഇവൾ പോയി വരട്ടെ, നമുക്ക് അലീഷയുടെ അടുത്തേക്കു പോകാം. അവളവിടെ തനിച്ചല്ലേ?" അകന്നകന്നു പോകുന്ന ആ വെളിച്ചത്തെ നോക്കി നിർന്നിമേഷയായി ഞാൻ കുറേ നേരം നിന്നു. പിന്നെ കാറിനുള്ളിൽ കടന്നിരുന്ന് ഹരിയോട് പറഞ്ഞു "പോകാം...കാർ സ്റ്റാർട്ട് ചെയ്തോളൂ..."
Content Summary: Malayalam Short Story ' Aleeshayude Veedu ' Written by Lincy Varkey