'തമ്മിലടിക്കുന്ന മൂന്നു ഭാര്യമാര്', സഹികെട്ട് അയാൾ നാടുവിട്ടു - കഥ
ഇത് നിങ്ങളുടെ ഭാര്യയാണോ? കൂടെയുള്ള എന്റെ ഭാര്യയെ നോക്കി അയാൾ ചോദിച്ചു. അതെയെന്ന് അഭിമാനപൂർവ്വം മന്ദഹസിച്ച് ഞാൻ പറഞ്ഞു. നിങ്ങളുടെ ഒരേയൊരു ഭാര്യ? അയാൾ തുടർന്നു. ഒന്നു പകച്ചു പോയെങ്കിലും ഞാൻ ഉറച്ചു പറഞ്ഞു. അതെ, ഒരേയൊരു ഭാര്യ. അപ്പോൾ നിങ്ങൾക്ക് ഒരു ഭാര്യ മാത്രമേയുള്ളൂ? സംശയം മാറുന്നില്ല.
ഇത് നിങ്ങളുടെ ഭാര്യയാണോ? കൂടെയുള്ള എന്റെ ഭാര്യയെ നോക്കി അയാൾ ചോദിച്ചു. അതെയെന്ന് അഭിമാനപൂർവ്വം മന്ദഹസിച്ച് ഞാൻ പറഞ്ഞു. നിങ്ങളുടെ ഒരേയൊരു ഭാര്യ? അയാൾ തുടർന്നു. ഒന്നു പകച്ചു പോയെങ്കിലും ഞാൻ ഉറച്ചു പറഞ്ഞു. അതെ, ഒരേയൊരു ഭാര്യ. അപ്പോൾ നിങ്ങൾക്ക് ഒരു ഭാര്യ മാത്രമേയുള്ളൂ? സംശയം മാറുന്നില്ല.
ഇത് നിങ്ങളുടെ ഭാര്യയാണോ? കൂടെയുള്ള എന്റെ ഭാര്യയെ നോക്കി അയാൾ ചോദിച്ചു. അതെയെന്ന് അഭിമാനപൂർവ്വം മന്ദഹസിച്ച് ഞാൻ പറഞ്ഞു. നിങ്ങളുടെ ഒരേയൊരു ഭാര്യ? അയാൾ തുടർന്നു. ഒന്നു പകച്ചു പോയെങ്കിലും ഞാൻ ഉറച്ചു പറഞ്ഞു. അതെ, ഒരേയൊരു ഭാര്യ. അപ്പോൾ നിങ്ങൾക്ക് ഒരു ഭാര്യ മാത്രമേയുള്ളൂ? സംശയം മാറുന്നില്ല.
ദുബായ് ഗ്ലോബൽ വില്ലേജിലൂടെ ചുറ്റി നടക്കുന്നതിനിടയിലാണ് സിറിയയുടെ പവിലിയൻ ശ്രദ്ധയിൽ പെട്ടത്. സിറിയയിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും, അന്ത്യോഖ്യയിലെ പാത്രിയർക്കീസും, തലസ്ഥാനമായ ഡമാസ്കസുമെല്ലാം ഓർമ്മയിൽ നിറഞ്ഞു. ലോകത്തിന്റെ ചെറു പതിപ്പാണ് ദുബായ് ഗ്ലോബൽ വില്ലേജ്. പ്രധാനപ്പെട്ട ലോകരാഷ്ട്രങ്ങളുടെയെല്ലാം പവിലിയനുകൾ ഗ്ലോബൽ വില്ലേജിൽ കലാപരമായി ഒരുക്കിയിരിക്കുന്നു. ഓരോ രാഷ്ട്രങ്ങളിലെയും ഉൽപന്നങ്ങളും, കരകൗശല വസ്തുക്കളും, തെരുവു ഭക്ഷണവും ഇവിടെ ലഭ്യമാണ്. തങ്ങളുടെ സംസ്കാരത്തനിമ വിളിച്ചു പറയുന്ന ചെറു രാജ്യങ്ങളാണ് ഓരോയിടവും. ഉയരം കുറഞ്ഞ വിയറ്റ്നാമീസുകാരൻ മുതൽ ആജാനബാഹുവായ ആഫ്രിക്കക്കാരൻ വരെ വർണ്ണവൈവിധ്യമായി ഇവിടെയുണ്ട്.
ഒരു സിറിയൻ സുന്ദരി കാതരമായ ശബ്ദത്തിൽ സ്വാഗതം പറഞ്ഞപ്പോൾ നേരെ സിറിയയിലേക്ക് കടന്നു. അവിടുത്തെ കാഴ്ചകളിലേക്ക് ഊളിയിട്ട് നടന്നപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി വന്നത്. സുഗന്ധലേപനങ്ങൾക്കു നടുവിൽ നിന്നും ഒരു സിറിയൻ സുന്ദരൻ മാടി വിളിക്കുകയാണ്. ഊദ് കലർന്ന സുഗന്ധലേപനം ഒരു പേപ്പർ സ്ട്രിപ്പിൽ ഇറ്റിച്ച് എന്റെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. "ശ്വസിക്കൂ സഹോദരാ" ഹൃദ്യമായ സുഗന്ധം മനസ്സിൽ വസന്തം വിടർത്തി. ആ സുഖത്തിൽ മനം മയങ്ങി നിൽക്കവേ സിറിയയിൽ നിന്നും അടുത്ത ചോദ്യം. നിങ്ങളുടെ പേരെന്താണ്. പേര് പറഞ്ഞു. ഏതു രാജ്യക്കാരനാണ്? ഇന്ത്യ. നോക്കൂ ടോം, ഇത് ഞങ്ങളുടെ രാജ്യത്തെ വളരെ പ്രശസ്തമായ സുഗന്ധലേപനമാണ്. നമ്മൾ തമ്മിൽ സംസാരിച്ച നിലയിൽ ഞാൻ താങ്കൾക്ക് ഈ സുഗന്ധലേപനം നൽകുവാൻ ഉദ്ദേശിക്കുന്നു. ഇത് അണിയുമ്പോഴൊക്കെ നിങ്ങൾ എന്നെയും എന്റെ രാജ്യത്തെയും സ്മരിക്കും. അത് ഞങ്ങൾക്ക് അഭിമാനമാണ്. അയാൾ വളരെ മിടുക്കനായ ഒരു കച്ചവടക്കാരനാണെന്ന് എനിക്ക് മനസ്സിലായി. തൻകാര്യസാധ്യത്തിനായി ദേശീയത ഇപ്പോഴെല്ലാവരുമെടുത്തു പയറ്റുന്ന ഒന്നാണല്ലോ. സംഗതി കച്ചവട ഉദ്ദേശ്യമാണെങ്കിലും ഈ സിറിയക്കാരനുമായി അൽപ സമയം സാംസ്ക്കാരിക വിനിമയം നടത്താമെന്ന് ഞാൻ തീരുമാനിച്ചു. ഇതിന്റെ വിലയെന്താണ്? നേരെ വിലയിലേക്ക് കടക്കാതെ അയാൾ വീണ്ടും സുഗന്ധദ്രവ്യത്തിന്റെ മഹത്വത്തിലേക്ക് കടന്നു. ഊദിനെ കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ സംസ്കരണ രീതിയെപ്പറ്റിയും വാചാലനായി. ഞാൻ വീണ്ടും വില ചോദിച്ചു. നോക്കൂ ടോം, ഇതിന്റെ മൂല്യമനുസരിച്ച് കുറഞ്ഞത് മുന്നൂറു ദിർഹംസ് എങ്കിലും ലഭിക്കേണ്ടതാണ്, സിറിയക്കാരൻ തന്റെ മനസ്സിലിരുപ്പ് വെളിപ്പെടുത്തി. താങ്കളുടെ മഹത്തായ ഉൽപന്നത്തിന് മുന്നൂറ് ദിർഹംസ് ഒട്ടും കൂടുതലല്ല. പക്ഷെ അത്രയും തുക താങ്കൾക്ക് നൽകുവാനായി എന്റെ കൈവശമില്ല. ക്ഷമിക്കണം, ഞാൻ മുന്നോട്ടു നീങ്ങുന്നതിനിടയിൽ പറഞ്ഞു.
ഒരു നിമിഷം നിൽക്കൂ. ഇത് നിങ്ങളുടെ ഭാര്യയാണോ? കൂടെയുള്ള എന്റെ ഭാര്യയെ നോക്കി അയാൾ ചോദിച്ചു. അതെയെന്ന് അഭിമാനപൂർവ്വം മന്ദഹസിച്ച് ഞാൻ പറഞ്ഞു. നിങ്ങളുടെ ഒരേയൊരു ഭാര്യ? അയാൾ തുടർന്നു. ഒന്നു പകച്ചു പോയെങ്കിലും ഞാൻ ഉറച്ചു പറഞ്ഞു. അതെ, ഒരേയൊരു ഭാര്യ. അപ്പോൾ നിങ്ങൾക്ക് ഒരു ഭാര്യ മാത്രമേയുള്ളൂ? സംശയം മാറുന്നില്ല. അതെ, എനിക്ക് ഒരു ഭാര്യ മാത്രമേയുള്ളൂ. ഇതെല്ലാം കേട്ട് പരിഭ്രമിച്ചു നിൽക്കുന്ന എന്റെ ഒരേയൊരു ഭാര്യയെ നോക്കി ഞാൻ തീർത്തു പറഞ്ഞു. അവളുടെ കണ്ണുകൾ ആകാംക്ഷാഭരിതമായിരുന്നു. കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നറിയാതെ ഞാൻ പകച്ചു നിന്നു. നോക്കൂ സഹോദരാ, എനിക്ക് മൂന്നു ഭാര്യമാരുണ്ട്. ഒരു നിമിഷം ഞാനാ ഭാഗ്യവാനെ അസൂയയോടെ നോക്കി. എന്നിട്ട് ഞാൻ ഭാര്യയെ നോക്കി. എന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയിട്ടെന്ന പോലെ അവളെന്നെ നോക്കി തലയാട്ടി ചിരിച്ചു. ഉള്ളിലിരുപ്പ് വെളിവായി കൈയ്യോടെ പിടിക്കപ്പെട്ട അവസ്ഥയിലായ ഞാൻ സിറിയക്കാരനെ ദയനീയമായി നോക്കി. സിറിയക്കാരൻ ഇതെല്ലാം കണ്ടാസ്വദിച്ചു നിന്നു. എന്നിട്ട് പറഞ്ഞു. മൂന്നു ഭാര്യമാരും തമ്മിൽ പൊരിഞ്ഞ അടിയാണ്. എനിക്കൊരു സമാധാനവുമില്ല. അതാണ് ഞാനിങ്ങോട്ട് വന്നത്. നിങ്ങൾ ഭാഗ്യവാനാണ്. മനസ്സമാധാനമായിട്ട് ജീവിക്കാമല്ലോ. സിറിയക്കാരൻ പറഞ്ഞു നിറുത്തി. ഇത്തവണ ഭാര്യ എന്നെ നോക്കി എങ്ങനെയുണ്ട് എന്ന മട്ടിൽ പുഞ്ചിരിച്ചു. നോക്കൂ സഹോദരാ, രണ്ടു പെർഫ്യൂം ബോട്ടിലുകൾ ചേർത്തു വച്ചു കൊണ്ട് അയാൾ തുടർന്നു, നമ്മൾ പരിചയക്കാരും സുഹൃത്തുക്കളുമായി. നിങ്ങളുടെ ഭാര്യയെയും ഞാൻ പരിചയപ്പെട്ടു. അതിനാൽ ഈ രണ്ടു പെർഫ്യൂമുകൾക്കും കൂടി നിങ്ങൾ 250 ദിർഹംസ് തന്നാൽ മതി. ഒരെണ്ണം നിങ്ങളുടെ ഭാര്യയ്ക്കുള്ള എന്റെ ഗിഫ്റ്റാണ്. അയാൾ പുതിയ ഓഫർ മുന്നോട്ടുവച്ചു.
പെർഫ്യൂം വാങ്ങാൻ ഉദ്ദേശ്യമില്ലാത്തതിനാൽ ഞാൻ ഓഫർ നിരസിച്ച് പറഞ്ഞു. നോക്കൂ സഹോദരാ, നിങ്ങൾ പറഞ്ഞ വില തരുവാനും എനിക്ക് നിർവ്വാഹമില്ല എന്നു പറഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി. ബ്രദർ നിൽക്കൂ. ഇത് നിങ്ങളുടെ മകളാണോ? കൂടെയുള്ള ഭാര്യയുടെ അനുജത്തിയെ നോക്കി സിറിയക്കാരൻ ചോദിച്ചു. ചങ്കിൽ തറയ്ക്കുന്ന ചോദ്യമായിരുന്നത്. എവർഗ്രീനായ എന്നെ നോക്കി അയാൾക്ക് എങ്ങനെ ഈ ചോദ്യം ചോദിക്കുവാൻ തോന്നിയെന്ന് ഞാൻ അദ്ഭുതം കൊണ്ടു. ഭാര്യയും അനുജത്തിയും തല തല്ലി ചിരിക്കുകയാണ്. ആ ഫ്ലോ പോകാതെ ഒഴുക്കോടെ ഞാൻ പറഞ്ഞു. അതെ മകളാണ്. അവൾ വളരെ സുന്ദരിയും മിടുക്കിയുമാണ്. ഇത് അവൾക്ക് ഞാൻ തരുന്ന ഗിഫ്റ്റാണ്. ഇതും പറഞ്ഞ് രണ്ടു ബോഡി സ്പ്രേയും കൂടി അയാൾ പാക്കേജിലേക്ക് ആഡ്ഓൺ ചെയ്തു. ഇതിലും ഞാൻ വീഴുന്ന മട്ടില്ല എന്ന് മനസ്സിലാക്കിയ സിറിയക്കാരൻ വീണ്ടും ഓഫർ പുതുക്കി. സുഹൃത്തുക്കളായ നമ്മൾ ഇത്രയും സമയം സംസാരിച്ചു. ഇന്ത്യ മഹത്തായ ഒരു രാജ്യമാണ്. സിറിയയും സാംസ്കാരികമായി വളരെ ഉയർന്ന ഇടമാണ്. നിർഭാഗ്യവശാൽ യുദ്ധം ഞങ്ങളെ തകർത്തു കളഞ്ഞു. അതുകൊണ്ട് ജീവിതം സിറിയയിൽ വളരെ വൈഷമ്യം പിടിച്ചതാണ്. നിങ്ങൾ ഇതു വാങ്ങിയാൽ അത് ഞങ്ങൾക്ക് സഹായകരമാകും. നോക്കൂ ബ്രദർ, മൂന്നു ഭാര്യമാരെ എനിക്ക് പോറ്റണം. പിന്നെ അതിലുള്ള മക്കളെയും. അതിന്റെ ബുദ്ധിമുട്ട് ഒരു ഭാര്യയും ഒരു മകളും മാത്രമുള്ള നിങ്ങൾക്ക് മനസ്സിലാകില്ല. അയാൾ പറഞ്ഞു നിറുത്തി.
ഇയാൾ ഗംഭീരനായ ഒരു സെയിൽസ്മാനാണെന്ന് എനിക്ക് മനസ്സിലായി. ഇയാളെ ഒഴിവാക്കിയാൽ ആ ബ്രദർ വിളി ജീവിതകാലം മുഴുവൻ എന്നെ പിന്തുടരും. ഞാൻ ചിന്താക്കുഴപ്പത്തിലായെന്ന് മനസ്സിലാക്കിയ അയാൾ തുടർന്നു. നമ്മൾ കുടുംബ സുഹൃത്തുക്കളായ സ്ഥിതിക്ക് ഇതെല്ലാം കൂടി 150 ദിർഹംസിന് ബ്രദറിന് നൽകുകയാണ് എന്നു പറഞ്ഞ് അയാൾ അതെല്ലാം പായ്ക്ക് ചെയ്തെന്നെ ഏൽപ്പിച്ചു. 150 ദിർഹംസ് അങ്ങനെ എന്റെ പോക്കറ്റിൽ നിന്നും അയാളുടെ പോക്കറ്റിലേക്ക് കളം മാറി. നന്ദി ബ്രദർ. എന്റെ കുടുംബ സഹായനിധിയിലേക്ക് ഇതിൽ നിന്നുമൊരു തുക ഞാൻ മാറ്റിവയ്ക്കും. താങ്കൾക്കും ഭാര്യയ്ക്കും മകൾക്കും എല്ലാ സൗഭാഗ്യങ്ങളുമുണ്ടാകട്ടെ. സിറിയക്കാരൻ ആശംസിച്ചു. അങ്ങനെ, ഞാൻ വാങ്ങുവാൻ ആലോചിക്കാത്ത ഒരു വസ്തു അയാൾ എന്നെ കൊണ്ട് ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങ് വഴി വാങ്ങിപ്പിച്ചു. ദുർബല ഹൃദയനായ ഞാൻ അതിൽ വീണു പോയി. തമ്മിലടിക്കുന്ന മൂന്നു ഭാര്യമാരെയോർത്ത് പരിഭ്രാന്തിയോടെ എന്റെ ഏകഭാര്യയുടെ കരം ഗ്രഹിച്ച് ദേവദാരുക്കളുടെ നാടായ ലെബനനിലേക്ക്, ലെബനീസ് സുന്ദരികളുടെയും സുന്ദരന്മാരുടെയുമിടയിലേക്ക് അടുത്തതായി ഞങ്ങൾ പ്രവേശിച്ചു.