'നിന്നെ തല്ലിക്കൊല്ലുന്നത് കാണാന്‍ എനിക്ക് വയ്യ', എവിടെയെങ്കിലും പോയി രക്ഷപ്പെടുവാൻ ഉപദേശിച്ച് അമ്മ
ഉമ്മ എന്റെ അടുത്ത് വന്നിരുന്നു. എന്റെ കൈകള്‍ മെല്ലെ തലോടി നിങ്ങള്‍ മൂന്നുപേരും എന്റെ വയറ്റില്‍ പിറന്നവരാണ്. നിന്നെ തല്ലിക്കൊല്ലുന്നത് കാണാന്‍ ഇനി എനിക്ക് വയ്യ. ഇനി നീ എവിടെയേലും പൊക്കോ. നേരത്തെ തന്നെ തയാറാക്കി വെച്ച ബാഗ് എന്റെ മുമ്പിലേക്ക് നീട്ടി.
ഉമ്മ എന്റെ അടുത്ത് വന്നിരുന്നു. എന്റെ കൈകള്‍ മെല്ലെ തലോടി നിങ്ങള്‍ മൂന്നുപേരും എന്റെ വയറ്റില്‍ പിറന്നവരാണ്. നിന്നെ തല്ലിക്കൊല്ലുന്നത് കാണാന്‍ ഇനി എനിക്ക് വയ്യ. ഇനി നീ എവിടെയേലും പൊക്കോ. നേരത്തെ തന്നെ തയാറാക്കി വെച്ച ബാഗ് എന്റെ മുമ്പിലേക്ക് നീട്ടി.
ഉമ്മ എന്റെ അടുത്ത് വന്നിരുന്നു. എന്റെ കൈകള്‍ മെല്ലെ തലോടി നിങ്ങള്‍ മൂന്നുപേരും എന്റെ വയറ്റില്‍ പിറന്നവരാണ്. നിന്നെ തല്ലിക്കൊല്ലുന്നത് കാണാന്‍ ഇനി എനിക്ക് വയ്യ. ഇനി നീ എവിടെയേലും പൊക്കോ. നേരത്തെ തന്നെ തയാറാക്കി വെച്ച ബാഗ് എന്റെ മുമ്പിലേക്ക് നീട്ടി.
ഓടി കിതച്ചാണ് കോഴിക്കോട്ടെക്കുള്ള ബസ് കയറുന്നത്. കയറി സീറ്റില്‍ ഇരുന്നതും എന്റെ കിതപ്പ് മാറ്റാന്‍ ഞാന്‍ നന്നായി പാടുപെട്ടിരുന്നു. സീറ്റിൽ ഇരുന്ന് ഒന്ന് ശാന്തനായി. ഞാന്‍ എന്തോ ചിന്തയില്‍ ആയിരുന്നു അൽപം കുലംകഷമായ ചിന്തയില്‍. എപ്പോഴോ ക്ഷീണം കാരണം ഞാന്‍ ഉറങ്ങി പോയിരുന്നു. "ഞാനൊന്ന് പോയിക്കോട്ടെ..." ഉറങ്ങുന്ന എന്നെ തട്ടി വിളിച്ച് അയാള്‍ സീറ്റിൽ നിന്ന് എണീറ്റു ബസ്സിലെ കമ്പിയില്‍ തൂങ്ങി പിടിച്ചു നിന്നു. എന്റെ ഉറക്കം കളഞ്ഞതിലുള്ള ദേഷ്യം തെല്ലൊന്നുമായിരുന്നില്ല എനിക്ക് ഉണ്ടായത്. തിരക്കേറിയ ബസ്സില്‍ കിട്ടിയ സീറ്റ് വേണ്ടെന്ന് വെച്ച് എന്തിനാണ് അയാള്‍ എണീറ്റു നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഞാന്‍ അടുത്ത് വന്നിരിക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചു. സ്ത്രീയല്ല പുരുഷനായിരുന്നു. കറുത്ത കോട്ടണ്‍ പാന്റും ക്രീം കളര്‍ കുര്‍ത്തയുമായിരുന്നു അയാള്‍ ധരിച്ചിരുന്നത്. അയാള്‍ക്ക് ആ വേഷം നന്നായി ചേരുന്നുണ്ടെന്നു എനിക്ക് തോന്നി. ചുണ്ടില്‍ അൽപം ചായം പൂശിട്ടുണ്ട്. മുടി പുറകോട്ട് ഇട്ട് അൽപം കോതിയിട്ടിട്ടുണ്ട്. ഞാന്‍ അവളെ അടിമുടി നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്ന് അവളുടെ കൈയ്യില്‍ ഉള്ള അക്വ ഗോള്‍ഡ് മിനറല്‍ വാട്ടറിന്റെ ഒരു ബോട്ടില്‍ നിലത്തു വീണു. അൽപം വെള്ളം എന്റെ വസ്ത്രത്തില്‍ തെറിച്ചു. ഒരു ഗൗരവമേറിയ ശബ്ദത്തില്‍ സോറി എന്ന് അവള്‍ എറിഞ്ഞു വെച്ച പോലെ എനിക്ക് തോന്നി. ഹേയ്.. അതിന്റെ ആവശ്യമൊന്നുമില്ല. ഒരു വിരിഞ്ഞ ചിരി ആ മുഖത്തെ പ്രസന്നമാക്കിയിരുന്നു. അവള്‍ പതിഞ്ഞ സ്വരത്തില്‍ എന്നോട് പറഞ്ഞു.. ഞാന്‍ നിന്നെ പോലെ വെള്ള ഉടുപ്പിട്ട് പള്ളി ദര്‍സില്‍ പോയിട്ടുണ്ട്. അതെയോ... എന്ന അമിട്ട് പോലത്തെ ചോദ്യം പുറത്തറിയിക്കാതെ ആ ആശ്ചര്യം ഞാന്‍ ഉള്ളില്‍ ഒതുക്കി. എവിടെയായിരുന്നു... ഞാന്‍ കഴിയുന്ന അത്രയും പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. വയനാട്ടില്‍ അബ്ദുല്ല മുസ്ലിയാരുടെ പക്കല്‍. അവളോട് ആയി പലതരത്തിലുള്ള ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ മിന്നി മറയുന്നുണ്ടായിരുന്നു. ഞാനൊന്നും ചോദിച്ചില്ല എന്തോ എന്റെ മനസ്സാക്ഷി എന്നെ അതിനു സമ്മതിച്ചില്ല. എവിടേക്കാണ്.. ഞാന്‍ അതി വിനയത്തോടെ ചോദിച്ചു. ഞങ്ങളെപ്പോലുള്ളവര്‍ എവിടെ പോകാന്‍ എന്ന ലാഘവത്തോടെയുള്ള മറുപടി എന്നെ ആകെ കുഴപ്പിച്ചു. എന്തു പറ്റി... ഞാന്‍ ചോദിച്ചു.
അവളുടെ മുഖത്ത് തല്‍സമയം വന്നു പോയിക്കൊണ്ടിരിക്കുന്ന വികാര വ്യതിയാനം ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. അവള്‍ അൽപം എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. ബസ്സിലെ അത്രയും കണ്ണുകള്‍ എന്നെ ഉറ്റു നോക്കുകയാണ് ആ നിമിഷം എനിക്ക് തോന്നി. പക്ഷേ അല്ലായിരുന്നു അവര്‍ അവരുടെതായ ലോകത്തായിരുന്നു. ചിലര്‍ ഹെഡ്‌സെറ്റ് ചെവിയില്‍ കുത്തിയിട്ടുണ്ട്. ചിലർ സിനിമാ സീരിയല്‍ കാണുന്നു. ചിലര്‍ വായനയുടെ ലോകത്തും. പക്ഷേ എന്റെ അടുത്ത് നിന്ന് സീറ്റ് വേണ്ടെന്ന് വെച്ച് പോയ ആ താടിക്കാരന്‍ ഞങ്ങളെ ഒരു രൂക്ഷമായ നോട്ടം നോക്കുന്നുണ്ടായിരുന്നു. ബസ്സിലെ യാത്രക്കാരുടെ മേല്‍ ഞാന്‍ കണ്ണോടിച്ചു വന്നപ്പോഴേക്കും അവള്‍ പറഞ്ഞു തുടങ്ങിയിരുന്നു. ഞാന്‍ അയാളുടെ പക്കല്‍ ഇരുന്നതിന് തിരക്കിട്ട് കിട്ടിയ സീറ്റ് വേണ്ടെന്നുവച്ച് എണീറ്റ് നില്‍ക്കുന്ന ആളെ നീ കണ്ടില്ലേ. ഞങ്ങളെ രണ്ടുപേരുടെയും കണ്ണുകള്‍ ആ സമയം അയാളെ നോക്കി. അതിന് കാരണം ഞാനാണ് അവള്‍ സങ്കടം മറച്ച് പിടിച്ചു പറയുന്നത് പോലെ എനിക്ക് തോന്നി.
എന്റെ ഉള്ളിലെ സംശയം തെറ്റായിരുന്നില്ല. അതെ ഇവള്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന സത്യാവസ്ഥ ഞാന്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. പക്ഷേ ഞാന്‍ പടച്ചോന്‍ സൃഷ്ടിച്ച പടച്ചോന്റെ വികൃതിയാണ്. അവള്‍ എന്തോ ആശ്വാസം തേടാന്‍ ശ്രമിക്കുന്ന പോലെ എനിക്ക് തോന്നി. ഞങ്ങളെപ്പോലെ ഒരു സമൂഹം ഇന്ന് സമൂഹത്തിന്റെ കണ്ണുകളില്‍ പെടാതെ ഓടിമറയുന്നു. അവള്‍ പറഞ്ഞു തുടങ്ങി. ഇടയ്ക്കെപ്പഴോ ഞാന്‍ കയറി ചോദിച്ചു പേരെന്താണ്.. ഇജാസ്. അവളുടെ കണ്ണുകള്‍ എന്തിനെയോ തേടുന്ന പോലെ എനിക്ക് തോന്നി. അതെ ഞാനൊരു അര്‍ദ്ധനാരിയാണ്. കുട്ടിക്കാലത്ത് ഒരു ഒന്‍പതു വയസ്സ് മുതല്‍ക്കേ എനിക്കറിയാമായിരുന്നു. എന്റെ ഉള്ളിലെ മാറ്റങ്ങള്‍ ഞാന്‍ പേടിയോടെ അതിനെ നോക്കി കണ്ടു. എന്റെ ഉള്ളിലെ സ്‌ത്രൈണത മറക്കാന്‍ ഞാന്‍ കഴിവതും ശ്രമിച്ചുകൊണ്ടിരുന്നു. ഞാനെന്റെ സുഹൃത്തുക്കളുമായി കളിക്കാന്‍ പോലും പോകാറില്ലായിരുന്നു. ഒരു ദിവസം എന്റെ ക്ലാസില്‍ പഠിക്കുന്ന സുഹൃത്തുക്കള്‍ എന്റെ വീട്ടിലേക്ക് വന്നു. അമ്മയോട് അൽപം സല്ലപിച്ചു. ഇവനെയും കൊണ്ട് ഞങ്ങള്‍ കളിക്കാന്‍ പോയിക്കോട്ടെ എന്ന് ചോദിച്ചു. ഉമ്മയുടെ മുഖം സന്തോഷം കൊണ്ട് വെളുത്തു തുടുത്തു. എത്രയെന്ന് വെച്ചാ ഞാന്‍ പറയാ.. എവിടേയും പോകൂല ഇവിടെ തന്നെ കുത്തിയിരിക്കും.
എന്റെ വീട്ടിലുള്ള കുത്തിയിരിപ്പ് അത്രത്തോളം അലോസരമാണെന്ന് അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അമ്മയുടെ കോപം കനപ്പിക്കേണ്ട എന്ന് കരുതി അവരോടൊപ്പം ഞാന്‍ കളിക്കാന്‍ പോയി. ബാറ്റ് അടിച്ചു പോയിന്റ് എടുക്കാന്‍ ഓടുന്ന എന്നെ കണ്ട് അവര്‍ വായ്‌പൊത്തിയും അല്ലാതെയും ചിരിച്ചുരുണ്ടു. നീ എന്താ കരുതിയത് നിന്റെ കളിയിലുള്ള മികവ് കണ്ട് നിന്നെ കളിക്കാന്‍ കൂട്ടിയതാണെന്നോ ഈ കുണുങ്ങിയുള്ള നടത്തം കണ്ട് ഒന്നു മനസ്സറിഞ്ഞു ചിരിക്കാന്‍ ആടാ പൊട്ടാ. അപമാനിതനായി ഒന്ന് വാവിട്ട് കരയാനാകാതെ ഞാന്‍ മുഖമടക്കി പിടിച്ചു. ഞാന്‍ തന്നെ അത്ഭുതപ്പെട്ടു. എന്തേ കരയുന്നില്ല. അവളുടെ മുഖം കറുത്തിരുണ്ടിരുന്നു. അവള്‍ തന്റെ ബാഗില്‍കരുതിയ കര്‍ച്ചീഫ് പുറത്തെടുത്തു. അവള്‍ പറഞ്ഞു തുടങ്ങി. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ക്ലാസിലെ കുട്ടികള്‍ എന്നെ കല്ലെടുത്തെറിഞ്ഞിട്ടുണ്ട്. പിന്നീട് രണ്ട് ദിവസം ഞാന്‍ സ്‌കൂള്‍ പോയില്ല. ഇതും പറഞ്ഞ് അവള്‍ കര്‍ച്ചീഫ് മടക്കി പൊട്ടിപ്പൊട്ടി കരഞ്ഞു. ഞാന്‍ നിസ്സഹായനായിരുന്നു. ബസ്സിലെ അത്രയും ആളുകള്‍ ആ നിമിഷം എന്നെ തന്നെ നോക്കുകയായിരുന്നു. തനിക്ക് അവളെ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കണം എന്നുണ്ടായിരുന്നു.അതിനായി ഞാന്‍ പരതി കൊണ്ടിരുന്നു.
എന്തോ കിട്ടിയ പോലെ ഞാന്‍ വാക്കുകള്‍ ചലിപ്പിക്കുമ്പോഴേക്കും അവള്‍ വീണ്ടും പറഞ്ഞു തുടങ്ങിയിരുന്നു. ഞാന്‍ വീട്ടില്‍ വരാന്‍ കാത്തിരിപ്പാണ് എന്റെ ഇളയ ജേഷ്ഠന്‍. ഞാന്‍ കാരണം അവന് അവന്റെ ഫ്രണ്ട്‌സിന്റെ ഇടയില്‍ പരിഗണന കുറവായിരുന്നു, എപ്പോഴും പരിഹാസമായിരുന്നു. അതിന്റെ പേരില്‍ എനിക്ക് മിക്കപ്പോഴും തല്ല് കിട്ടാറുണ്ട്. ഒരു ദിവസം പതിവുപോലെ അന്നും അവന്‍ എന്നെ പൊതിരെ തല്ലി. അവശനായി ഉറങ്ങിക്കിടക്കുന്ന എന്നെ ഉമ്മ തട്ടി വിളിച്ചു. ഞാന്‍ ഉറക്കമുണര്‍ന്നു. ഞാന്‍ ക്ലോക്കിലേക്ക് നോക്കി. സമയം രാത്രി ഒന്നര കഴിഞ്ഞിരുന്നു. ഉമ്മ എന്റെ അടുത്ത് വന്നിരുന്നു. എന്റെ കൈകള്‍ മെല്ലെ തലോടി നിങ്ങള്‍ മൂന്നുപേരും എന്റെ വയറ്റില്‍ പിറന്നവരാണ്. നിന്നെ തല്ലിക്കൊല്ലുന്നത് കാണാന്‍ ഇനി എനിക്ക് വയ്യ. ഇനി നീ എവിടെയേലും പൊക്കോ. നേരത്തെ തന്നെ തയാറാക്കി വെച്ച ബാഗ് എന്റെ മുമ്പിലേക്ക് നീട്ടി. ഞാന്‍ 14 വയസ്സുകാരന്‍ ആണെന്ന് അമ്മ മറന്നുപോയോ. അറിയില്ല. അമ്മയുടെ നിര്‍ബന്ധം കാരണം ഞാന്‍ കാലുകള്‍ പുറത്തോട്ട് വച്ചു. ഞാന്‍ തിരിഞ്ഞ് അമ്മയെ ഒന്ന് നോക്കി അമ്മ അപ്പോഴേക്കും വാതില്‍ അടച്ചിരുന്നു. എന്നോടുള്ള ദേഷ്യം കൊണ്ടാണോ അതോ ഞാന്‍ പോകുന്നത് അമ്മയ്ക്ക് നോക്കിനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണോ എനിക്ക് ഇതിന് ഇപ്പോഴും ഉത്തരമില്ല.
അറിയാതെ എപ്പോഴോ എന്നെ പോലും വകവെക്കാതെ എന്റെ കണ്ണുകള്‍ ഒഴുകി തുടങ്ങിയിരുന്നു. ഞാന്‍ കരയുന്നത് കണ്ടിട്ടാവണം അവളുടെ സങ്കടം പരിഗണിക്കപ്പെടുന്നു എന്ന് തോന്നിയിട്ടാവണം അവളുടെ മുഖത്ത് പ്രശാന്തം ഇല്ലാത്ത ഒരു തരം ചിരി പടര്‍ന്നു. പതിനാലാം വയസ്സില്‍ സമൂഹമധ്യേ കല്ലെറിയപ്പെടുന്ന അവസ്ഥ. രാത്രി ഇവിടെ നിന്ന് പൊയ്‌ക്കോളൂ എന്ന് പറയുന്ന അമ്മയുടെ മനോഭാവം എന്തായിരിക്കും. അന്നെന്തു ധൈര്യത്തിലാണ് ഒന്നര കഴിഞ്ഞിട്ട് തൃശ്ശൂരിലെ പ്രാന്ത പ്രദേശങ്ങളിലൂടെ ആ 14 വയസ്സുകാരന്‍ ഒറ്റയ്ക്ക് നടന്നത്. അവളുടെ ഓരോ വാക്കുകളും എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. പുറത്ത് അപ്പോഴും നല്ല മഴ പെയ്യുന്നുണ്ട്. ഞാനാ മഴയെ നോക്കി നില്‍ക്കുന്ന പോലെ കുലീനമായി അഭിനയിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് ഫോണില്‍ ആരോ ബെല്ലടിച്ചു അവള്‍ ഫോണ്‍ എടുത്തു കാജലാണെന്ന് മറുപടി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ എത്താം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. കാജലോ എന്റെ മനസ്സില്‍ സംശയം ഉണര്‍ന്നു. ഞാന്‍ ഈ വേഷത്തില്‍ ഇരിക്കുമ്പോള്‍ എന്റെ പേര് കാജല്‍ അവള്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു. കാജല്‍ പിന്നെ എത്ര ചെവി കൊടുത്തിട്ടും ഞാനത് കേട്ടില്ല. അവള്‍ സീറ്റില്‍ ചാരി ഇരുന്ന് നെടുവീര്‍പ്പിട്ടു. പെട്ടെന്ന് എന്തോ ചിന്തിച്ചത് എന്നോണം ഇസ്ലാമിലെന്താ ഞങ്ങളെ അംഗീകരിക്കാത്തത് എന്ന ചോദ്യം ഇടിത്തീ പോലെ എന്റെ മനസ്സില്‍ കൊണ്ടു.
അന്നാദ്യമായി നിയാസ് ഉസ്താദ് എനിക്കു തന്ന ലേഖനം ഉപകാരമായെന്ന് തോന്നി. ലേഖനത്തിലെ ഓരോ വരികളും ഞാന്‍ പരതി കൊണ്ടിരുന്നു അവരെക്കുറിച്ച് 'തെളിച്ചം' മാഗസിനിൽ വന്ന ഒരു ലേഖനമായിരുന്നു അത്. അവരുടെ ജീവിതത്തെക്കുറിച്ചും സമൂഹത്തില്‍ നിന്ന് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ ചര്‍ച്ചകളെ കുറിച്ചും അവസാനം ഷഫീക്കിന്റെ ഒരു കഥയോട് കൂടി ആ ലേഖനം നിര്‍ത്തുന്നു. അവളുടെ ചോദ്യത്തിന് ഉത്തരം എന്നോണം ഞാന്‍ ആദ്യം ശ്രമിച്ചത് ഇസ്ലാമില്‍ ഉള്ള പരിഗണനയെ കുറിച്ച് പറയാനായിരുന്നു എങ്കിലും നാവില്‍ നിന്ന് പുറത്തുവന്നത് പൂക്കാമരങ്ങള്‍ക്ക് വെള്ളം നല്‍കുന്ന പ്രാണനായകനെ കാണാം എന്ന കഥ വെച്ചായിരുന്നു. ഞാന്‍ കഥ പറഞ്ഞു തുടങ്ങി. അന്ന് ആദ്യമായി ഞങ്ങള്‍ സ്‌നേഹാര്‍ദമായ ആലിംഗനം ലഭിക്കും വെറുപ്പില്ലാതെ റസൂല്‍ സാബില്‍ നിന്ന് അന്ന് ആദ്യമായി വെള്ളം വാങ്ങി കുടിക്കും ഞാന്‍ പറഞ്ഞു നിര്‍ത്തി. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. എന്തോ ഞാന്‍ അധികം വാചാലനായി എനിക്ക് തോന്നി. ഏയ്.. അവള്‍ എന്റെ കൈയ്യില്‍ തൊട്ടു വിളിച്ചു. നോക്കൂ എന്റെ കണ്ണിലേക്കു നോക്കു. ഞാന്‍ മെല്ലെ അവളുടെ കണ്ണിലേക്ക് നോക്കി അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്റെ റസൂല്‍ സാബിന് എന്നെ ഇത്രത്തോളം ഇഷ്ടമായിരുന്നു. എനിക്ക് അവളുടെ കൈയ്യില്‍ നന്നായൊന്ന് മുറുക്കി സമാധാനിപ്പിക്കണം എന്ന് തോന്നി പക്ഷേ എന്തോ ഞാന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി. അവള്‍ക്ക് അല്‍പം കൂടി ഇസ്ലാമിന്റെ സൗന്ദര്യം ഞാന്‍ പകര്‍ന്നു നല്‍കി.
ഞാന്‍ വീണ്ടും വാചാലനായി തുടങ്ങിയിരുന്നു. അന്ന് ഞാന്‍ നജാത്തില്‍ പഠിക്കുന്നതിന് മനസ്സറിഞ്ഞ് അഭിമാനപുളകിതനായി. വീണ്ടും ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. എന്തൊക്കെയോ എന്തൊക്കെയോ.. ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്താന്‍ ആയിരുന്നു. അവര്‍ വേദനയോടെ എന്നെ ഒന്ന് നോക്കി അവള്‍ പറയാതെ വെച്ച ഉള്ളിലെ സങ്കടങ്ങള്‍ പറഞ്ഞു തീര്‍ത്തിരുന്നു. എന്തോ അവളുടെ സങ്കടം കേള്‍ക്കാന്‍ ആരും തന്നെ തയ്യാറായില്ലെന്നിരിക്കണം എനിക്കൊരു മഴ പെയ്തു തീര്‍ന്ന പോലെ തോന്നി. ആ മഴയില്‍ ഞാന്‍ തനിയെ. ബസ്സില്‍ നിന്ന് ഞാനാണ് ആദ്യം ഇറങ്ങിയത് അവളെന്നോട് നമ്പര്‍ തരട്ടെ എന്ന് ചോദിച്ചു വേണ്ട നമ്മള്‍ പരിചിതരായ അപരിചിതരായിരിക്കട്ടെ എന്നും പറഞ്ഞ് ഞാന്‍ കുറ്റ്യാടി ബസ്സിലെ ബാക്ക് സൈഡ് സീറ്റില്‍ ഇരുന്നു. യാത്രക്കാര്‍ ഓരോന്നായി കയറുന്നു. ഞാന്‍ വീണ്ടും പുറത്തേക്ക് നോക്കി. അവള്‍ അവിടെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ബസ് മെല്ലെ സ്റ്റാര്‍ട്ട് ആയി കോഴിക്കോട് സ്റ്റാന്‍ഡ് കഴിഞ്ഞ് ചീറി പാഞ്ഞു. ഞാന്‍ പോകുന്ന വരേക്കും അവള്‍ എന്നെ നോക്കിയിട്ടുണ്ടാവണം. അന്നു മുഴുവന്‍ എന്റെ ചിന്ത അവളെ കുറിച്ചായിരുന്നു. ആ മുഖം എന്റെ മനസ്സിൽ നിന്ന് മാഞ്ഞതേയില്ല. ഞാൻ നെടുവീര്‍പ്പിട്ടു.. ദൈവത്തിന്റെ വികൃതി...