'വീടുകളിൽ അലക്കി വിരിക്കുന്നിടത്തുനിന്ന് തുണി മോഷ്ടിച്ച് വിൽക്കും', പട്ടിണി കിടന്ന് വലഞ്ഞപ്പോൾ ചെയ്തു പോയത്...
വീട്ടമ്മയും നാരായണിയും ഉച്ചമയക്കത്തിനു പോയ സമയത്ത് കള്ളൻ പ്രത്യക്ഷപ്പെട്ടു. അഴയിൽ നിന്ന് പതിവുപോലെ മൂന്നു തുണികൾ മാത്രമെടുത്ത് പോകാൻ തുടങ്ങിയ കള്ളനെ ആ വീട്ടിലെ ആൺമക്കൾ എല്ലാവരും കൂടി പിടിച്ച് പൊതിരെ തല്ലി.
വീട്ടമ്മയും നാരായണിയും ഉച്ചമയക്കത്തിനു പോയ സമയത്ത് കള്ളൻ പ്രത്യക്ഷപ്പെട്ടു. അഴയിൽ നിന്ന് പതിവുപോലെ മൂന്നു തുണികൾ മാത്രമെടുത്ത് പോകാൻ തുടങ്ങിയ കള്ളനെ ആ വീട്ടിലെ ആൺമക്കൾ എല്ലാവരും കൂടി പിടിച്ച് പൊതിരെ തല്ലി.
വീട്ടമ്മയും നാരായണിയും ഉച്ചമയക്കത്തിനു പോയ സമയത്ത് കള്ളൻ പ്രത്യക്ഷപ്പെട്ടു. അഴയിൽ നിന്ന് പതിവുപോലെ മൂന്നു തുണികൾ മാത്രമെടുത്ത് പോകാൻ തുടങ്ങിയ കള്ളനെ ആ വീട്ടിലെ ആൺമക്കൾ എല്ലാവരും കൂടി പിടിച്ച് പൊതിരെ തല്ലി.
നവരാത്രി ആഘോഷങ്ങൾ ആണ് എല്ലായിടത്തും. കടകളിൽ ഒക്കെ പതിവിലേറെ ബംഗാളികളുടെ തിരക്ക്. ഇന്ന് കേരളം ഉണരുന്നത് തന്നെ റെയ്മണ്ട്ന്റെ പ്ലാസ്റ്റിക് ബാഗുമായി നടന്നുപോകുന്ന ബംഗാളിയെ കണികണ്ടാണെന്ന് തോന്നുന്നു. കച്ചവടക്കാരും അത്യാവശ്യം ഹിന്ദിയും ബംഗളായും ഒക്കെ പഠിച്ചു കഴിഞ്ഞു. അവരുടെ ഉപഭോക്താക്കൾ കൂടുതലും ബംഗാളികൾ ആണല്ലോ. ഇതൊക്കെ കണ്ടപ്പോൾ 35 വർഷം മുമ്പ് നടന്ന ഒരു സംഭവം എന്റെ ഓർമ്മയിലേക്ക് ഓടിവന്നു.
എൺപതുകളുടെ ആദ്യം. വാഷിംഗ് മെഷീൻ അത്ര പ്രചാരത്തിലായിട്ടില്ല. നാരായണി എന്ന ‘ലിവിങ് വാഷിംഗ് മെഷീൻ’ ആ പ്രദേശത്തുള്ള എല്ലാ വീടുകളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വന്ന് കിണറിൽ നിന്ന് വെള്ളം കോരി അലക്കുകല്ലിൽ എട്ടു ദിക്ക് പൊട്ടുമാറ് ശബ്ദത്തിൽ തുണി അടിച്ച് അലക്കി, ഊരി പിഴിഞ്ഞ്, കഞ്ഞിയും നീലവും മുക്കി ഉണക്കി, പാതി ഉണക്കം ആവുമ്പോഴേക്കും കരി പെട്ടിയിൽ ഇസ്തിരിയിട്ടു ഭംഗിയായി അടുക്കി വയ്ക്കും. ഇന്നത്തെ ഏതൊരു അലക്കുയന്ത്രത്തെയും തോൽപ്പിക്കുന്ന അലക്കാണ് നാരായണിയുടെത്.
അങ്ങനെയിരിക്കെയാണ് ആ പ്രദേശത്തുള്ള എല്ലാ വീട്ടുകാരും ഒരു കാര്യം ശ്രദ്ധിച്ചത്. രണ്ടോ മൂന്നോ തുണി, അലക്കി വിരിക്കുന്നടുത്തു നിന്ന് തന്നെ മോഷണം പോകും. നാരായണി വിശ്വസ്തതയും സത്യസന്ധതയും ഉള്ളവൾ ആണ്. നാരായണിയെ സംശയിക്കേണ്ട കാര്യമേ ഇല്ല. ഈ തുണി കള്ളനെ പിടികൂടണമെന്ന് നിശ്ചയിച്ചു. വീട്ടമ്മയും നാരായണിയും ഉച്ചമയക്കത്തിനു പോയ സമയത്ത് കള്ളൻ പ്രത്യക്ഷപ്പെട്ടു. അഴയിൽ നിന്ന് പതിവുപോലെ മൂന്നു തുണികൾ മാത്രമെടുത്ത് പോകാൻ തുടങ്ങിയ കള്ളനെ ആ വീട്ടിലെ ആൺമക്കൾ എല്ലാവരും കൂടി പിടിച്ച് പൊതിരെ തല്ലി. 22 വയസ്സ് വരുന്ന അവനോട് നീ ഏതാ, എവിടെയാ നാട് എന്നൊക്കെ ചോദിക്കുന്നുണ്ടെങ്കിലും ഒന്നിനും മറുപടിയില്ല. അവൻ കുടിച്ച മുലപ്പാല് വരെ പുറത്തേക്ക് വന്നെങ്കിലും മലയാളം മാത്രം വരുന്നില്ല. ഏകദേശം ചാവാറായപ്പോഴാണ് അവൻ പറയുന്നത് "മലയാളം നഹിം, ബംഗാളി ഹും" എന്ന്.
അയ്യോ! അതോടെ എല്ലാവർക്കും സഹതാപം ആയി. മുറി ഹിന്ദിയിലും ബംഗളയിലും കള്ളൻ അവന്റെ കഥ പറഞ്ഞു. കൽക്കത്തയിൽ നിന്ന് കള്ളവണ്ടി കയറി ഇവിടെ എത്തിയതാണ്. ഒരു ആഴ്ചയോളം ജോലി അന്വേഷിച്ച് നടന്നു. ഭാഷ അറിഞ്ഞു കൂടാത്തത് കൊണ്ട് ഒരിടത്തും ജോലി തരപ്പെട്ടില്ല. പിന്നെ പട്ടിണി കിടന്ന് വലഞ്ഞപ്പോഴാണ് സഹായഹസ്തവുമായി ഒരു തുണി കച്ചവടക്കാരൻ എത്തിയത്. ആ മലയാളി ആണ് ബംഗാളിക്ക് ഈ ടെക്നിക് പറഞ്ഞു കൊടുത്തത്. വീടുകളിൽ ഉണങ്ങാൻ ഇടുന്ന രണ്ടോ മൂന്നോ തുണി മോഷ്ടിച്ചു കൊണ്ട് ഈ മലയാളിക്ക് കൈമാറുക. ഒരു തുണിക്ക് 25 രൂപ വെച്ച് ബംഗാളിക്ക് കൊടുക്കും. മോഷണ മുതൽ രാത്രി പത്തുമണി കഴിഞ്ഞ് അവൻ ബസ്റ്റാന്റിലോ റെയിൽവേ ഫുട്പാത്തിലോ ഇരുന്ന് നൂറോ ഇരുനൂറിനോ വിൽക്കും. ബംഗാളിയും മലയാളിയും ഹാപ്പി. ഇതിന് ഭാഷാ പരിജ്ഞാനവും വേണ്ട. അന്നുമുതലാണ് വയറുനിറയെ ഭക്ഷണം കഴിക്കാൻ തുടങ്ങിയതത്രേ. കഥ കേട്ട വീട്ടുകാർ അവന് വയറുനിറയെ ഭക്ഷണം കൊടുത്തു. ഇന്ന് കൊണ്ട് ഈ പണി നീ നിർത്തിയാൽ ഞങ്ങളുടെ കമ്പനിയിൽ നിനക്ക് നല്ലൊരു ജോലി തരാം എന്നും പറഞ്ഞു.
അന്നുമുതൽ ഹൃഷാബ് എന്ന ബംഗാളി യുവാവ് ആ കമ്പനിയുടെ സെക്യൂരിറ്റി പണി ഏറ്റെടുത്തു. താമസവും കമ്പനിയിൽ തന്നെ. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഹൃഷാബ് എല്ലാവരുടെയും കണ്ണിലുണ്ണി ആയി മാറി. കമ്പനിയിലെ സെക്യൂരിറ്റി പണിക്ക് പുറമേ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിച്ചു കൊടുക്കലും അത്യാവശ്യം പറമ്പിലെ പണികളും ഒക്കെ ചെയ്യാൻ തുടങ്ങി. അവന്റെ ജോലിയിലുള്ള ആത്മാർഥത കണ്ട് അവന് ശമ്പളത്തിന് പുറമേ പല ആനുകൂല്യങ്ങളും അനുവദിച്ചു. അവന് കൽക്കത്തയിൽ അച്ഛനും അമ്മയും ഒരു സഹോദരിയും ഉണ്ടെന്നറിഞ്ഞു. നല്ലവരായ ആ വീട്ടുകാർ മാതാപിതാക്കൾക്കും സഹോദരിക്കും നിറയെ സമ്മാനങ്ങൾ വാങ്ങി ആദ്യമായി ട്രെയിനിൽ ടിക്കറ്റ് എടുത്തു അവരെയൊക്കെ കണ്ടു വരാൻ പറഞ്ഞു കൽക്കത്തയ്‌ക്ക് യാത്രയാക്കി. രണ്ടാഴ്ച കഴിഞ്ഞ് തിരികെ എത്താം എന്ന് പറഞ്ഞു പോയ ബംഗാളിയെ പിന്നെ കണ്ടില്ല. ഒന്നര മാസം കഴിഞ്ഞപ്പോൾ അവൻ പ്രത്യക്ഷപ്പെട്ടു. കള്ളവണ്ടി കയറി കേരളത്തിൽ എത്തുന്നതിനു മുമ്പ് തന്നെ അവൻ ഒരു ലട്‌കിയുമായി പ്രണയത്തിലായിരുന്നു. ആകൃത്തി, അതായിരുന്നു അവളുടെ പേര്. അവളുമായുള്ള വിവാഹം കഴിഞ്ഞു. അതാണ് പറഞ്ഞ സമയത്ത് തിരികെ എത്താൻ പറ്റാതായതെന്ന്. “പിന്നെ നീ മാത്രം എന്തിനാണ് ഇങ്ങോട്ട് പോന്നത്, അവിടെത്തന്നെ നിന്നാ പോരായിരുന്നോ?” എന്ന് ചോദിച്ചപ്പോഴാണ് അവന്റെ അടുത്ത ചോദ്യം. ഇവിടത്തെ അമ്മയെ അടുക്കളയിൽ സഹായിക്കാൻ അവളെ ഇങ്ങോട്ടു കൊണ്ടു വന്നോട്ടെയെന്നു അനുവാദം വാങ്ങാൻ വേണ്ടി വന്നതാണ് അത്രേ. വീട്ടുജോലിക്കാരെ കിട്ടാതെ നട്ടം തിരിഞ്ഞിരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു ഓഫർ. വീടിനോട് തൊട്ടു ചേർന്നുള്ള ഔട്ട് ഹൗസ് വൃത്തിയാക്കി രണ്ടുപേരോടും അവിടെ താമസം തുടങ്ങി കൊള്ളാൻ പറഞ്ഞു ആ വീട്ടമ്മ.
ഹൃഷാബ് നാട്ടിൽ പോയി ആകൃത്തിയും ആയി തിരിച്ചുവന്നു. 18 വയസ്സ് മാത്രം പ്രായമുള്ള സൽവാറും കുർത്തിയും അണിഞ്ഞ ആകൃത്തിയെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. യുവമിഥുനങ്ങൾ കലപില എന്ന് ബംഗള ഭാഷയും പറഞ്ഞ് ഔട്ട് ഹൗസിൽ താമസം തുടങ്ങി. ആകൃത്തി വീട്ടുജോലികളും ഹൃഷാബ് കമ്പനി ജോലികളും ചെയ്തു പോന്നു. കുർത്തിയണിഞ്ഞു ആകൃത്തി മുറ്റം തൂക്കുന്നതും രണ്ടുപേരുംകൂടി കൈകോർത്തുപിടിച്ച് ഹിന്ദി സിനിമയ്ക്ക് പോകുന്നതും ഒക്കെ ആ നാട്ടിലെ കൗതുകക്കാഴ്ചയായി. പതിനെട്ടുകാരിയെ വീട്ടുജോലിക്ക് നിർത്തുന്നതിലെ റിസ്കും ഇല്ല. ഹൃഷാബ് പൊന്നുപോലെ ആണ് ആകൃത്തിയെ സംരക്ഷിച്ചു പോന്നത്. അഞ്ചു വർഷം കഴിഞ്ഞപ്പോഴേക്കും അവർ കേരളത്തിൽ 3 സെന്റ് സ്ഥലവും വാങ്ങി ചെറിയ ഒരു വീടും വച്ച് തനി മലയാളികൾ ആയി മാറി. കുട്ടികൾ മലയാളം മീഡിയം പള്ളിക്കൂടത്തിലും ചേർന്നു. തനി മലയാളി കുട്ടികൾ. നവരാത്രി ആഘോഷിക്കാൻ ഇവർ ഇപ്പോഴും ആണ്ടിലൊരിക്കൽ കൽക്കത്തയിൽ പോകും. ഇവർ ബംഗാളിൽ ചെന്ന് പറഞ്ഞിട്ടാണോ എന്തോ കേരളത്തിലേക്ക് ഈ ബംഗാളികളുടെ പ്രവാഹം തുടങ്ങിയത് എന്ന് അറിയില്ല. പ്രവാഹം അനുസ്യൂതം തുടരുന്നു. മലയാളികൾ ഗൾഫിലേക്ക്, ബംഗാളികൾ കേരളത്തിലേക്കും ചേക്കേറി കൊണ്ടിരിക്കുന്നു.