'അമ്മ ചെയ്ത തെറ്റ് കാരണം കുടുംബം തകർന്നു, അച്ഛൻ മരിച്ചു, അനിയത്തി ഇറങ്ങി പോയി...'
ബസ് സ്റ്റാൻഡിലേക്ക് കടന്നതും വിൻഡോയിലൂടെ അയാൾ ഒന്ന് പാളിനോക്കി. പ്രതീക്ഷിച്ച ബസ് നിൽക്കേണ്ടുന്ന സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. ഇറങ്ങി നടന്ന് അടുത്ത് കണ്ട വെള്ളമുണ്ട്ക്കാരനോട് അന്വേഷിച്ചു. “അത് ഇപ്പൊ പോയേ ഉള്ളത്രെ. ഞാനും അത് നോക്കിയ വന്നത്. ഇനിയിപ്പൊ പാട്ടാമ്പീന്ന് മാറികയറണം.”
ബസ് സ്റ്റാൻഡിലേക്ക് കടന്നതും വിൻഡോയിലൂടെ അയാൾ ഒന്ന് പാളിനോക്കി. പ്രതീക്ഷിച്ച ബസ് നിൽക്കേണ്ടുന്ന സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. ഇറങ്ങി നടന്ന് അടുത്ത് കണ്ട വെള്ളമുണ്ട്ക്കാരനോട് അന്വേഷിച്ചു. “അത് ഇപ്പൊ പോയേ ഉള്ളത്രെ. ഞാനും അത് നോക്കിയ വന്നത്. ഇനിയിപ്പൊ പാട്ടാമ്പീന്ന് മാറികയറണം.”
ബസ് സ്റ്റാൻഡിലേക്ക് കടന്നതും വിൻഡോയിലൂടെ അയാൾ ഒന്ന് പാളിനോക്കി. പ്രതീക്ഷിച്ച ബസ് നിൽക്കേണ്ടുന്ന സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. ഇറങ്ങി നടന്ന് അടുത്ത് കണ്ട വെള്ളമുണ്ട്ക്കാരനോട് അന്വേഷിച്ചു. “അത് ഇപ്പൊ പോയേ ഉള്ളത്രെ. ഞാനും അത് നോക്കിയ വന്നത്. ഇനിയിപ്പൊ പാട്ടാമ്പീന്ന് മാറികയറണം.”
സുമുഖ സുന്ദരനായ അഭിമന്യു കറുത്ത് കരിവാളിച്ചുപോയിരിക്കുന്നു. അയാൾ പരിധികൾവിട്ട മനംമടുപ്പോടെ യുദ്ധഭൂമിയിൽ ഗതികിട്ടാപ്രേതം പോലെ അലഞ്ഞു തിരിഞ്ഞ് ഒടുക്കം ഒരു മനസുഖം തേടി മുന്നിൽ കാണായ ചക്രവ്യൂഹത്തിനകത്തേക്ക് പാഞ്ഞു കയറി. കയറിയത് മാത്രമേ അഭിമന്യുവിന് ഓർമ്മയുള്ളൂ. കയറിയ വാതിൽ അടഞ്ഞു. പിന്നെ കിടന്ന് തിരിഞ്ഞു. പുറത്തേക്കുള്ള വാതിൽ കാണാതെ പെനഞ്ഞു. ഇപ്പോൾ മലന്നുകിടന്ന് ചക്രശ്വാസം വലിക്കുന്നു... വലിക്കുന്ന ചക്രശ്വാസം അധികരിച്ചപ്പോൾ, കിടക്കയിൽ ഞെട്ടിയുണർന്ന് അയാൾ കിതച്ചു. കണ്ണുതുറിച്ച് ദീർഘശ്വാസം ഒരെണ്ണം വലിച്ചുവിട്ട്, മുഷ്ടി ചുരുട്ടി കണ്ണുകൾ തിരുമ്പി. തിരുമ്പി തെളിഞ്ഞ കണ്ണിൽ കറുത്ത് കരുവാളിച്ച അഭിമന്യുവിനെ കണ്ടില്ല.. ഒരു മനസുഖം തേടി ഓടി കയറിയ ചക്രവ്യൂഹം കണ്ടില്ല.. ചക്രശ്വാസം മാത്രം നന്നായി വലിച്ചുവിടുന്നുണ്ട് – അഭിമന്യുവല്ല, അയാൾ തന്നെ. അഴിഞ്ഞ ഉടുമുണ്ട് എടുത്തുകുത്തി കിടക്കവിട്ട് എഴുന്നേറ്റപ്പോൾ ഒറക്കുത്തിയ നടുകെട്ടുള്ള കട്ടിൽ ഒന്ന് ഞരങ്ങി. ചുമര് ചേർന്നുള്ള അലമാരയുടെ നെഞ്ചിൽ പതിച്ച നിറം മങ്ങിയ കണ്ണാടിക്ക് മുമ്പിൽ നിന്നപ്പോൾ ആളെ കണ്ടു. സുമുഖസുന്ദരനായിരുന്ന, ഇപ്പോൾ കറുത്ത് കരുവാളിച്ച മുഖം.
ഇന്നലെകളിൽ ചെയ്തിരുന്ന ചിലതെല്ലാം നാളെകളിൽ ആവർത്തിക്കാതെയിരിക്കുക എന്നതാണ് മാറ്റത്തിന്റെ തുടക്കം. അതിനു കഴിയാതെ പോകുന്നതിൽ സ്വയം വെറുപ്പ് തോന്നി. കണ്ണാടിയിൽ കാണുന്ന കറുത്ത മുഖം തച്ചുപൊളിക്കാൻ തോന്നി. ആത്മാദരത്തിന്റെ പളുങ്കുപാത്രം ഹൃദയത്തിനകത്തെ ശരിതെറ്റ്കൾക്കിടയ്ക്കുള്ള ഏതോ പാറകുഴിയിൽ വീണുടയുന്നു. വീണ്ടുമൊന്നു കൂട്ടിച്ചേർക്കാൻ കഴിയാത്ത വിധം ചിതറി തെറിക്കുന്നു. സത്യത്തിൽ ഏതാണ് ശരികൾ ! ഏതാണ് തെറ്റുകൾ ! തളിർത്ത് തുടങ്ങുന്ന തലച്ചോറിനകത്ത് ആരൊക്കെയോ ചേർന്ന് വേർതിരിച്ചുവെച്ച രണ്ട് ഇടങ്ങൾ. ഒന്നോർത്താൽ ഒന്നിലുമില്ല ശരിയും തെറ്റും - എല്ലാം ജീവിതം മാത്രമല്ലേ, വെറും ജീവിതം! പുറത്ത് വെളിച്ചം വന്നു തുടങ്ങുന്നതെയുള്ളു. മുറിയിൽ ഇരുട്ട് തന്നെ. ലൈറ്റ് ഇട്ടില്ല. പുലർവേളകിളികൾ പഴയ തറവാടിന്റെ ചുറ്റിലും, പല ദിക്കും ഇരുന്ന് കലമ്പൽ കൂട്ടുന്ന ശബ്ദം കേൾക്കാം. അയാൾ കിടക്കയിൽ നിന്നും മൊബൈൽഫോൺ തപ്പിയെടുത്തു. കഴിഞ്ഞ രാത്രിയിൽ ഞരമ്പുകളിൽ തീ പടർത്തിയ പോൺ വീഡിയോസിന്റെ അവശിഷ്ടങ്ങൾ ബാക്കികിടക്കുന്ന ഡിസ്പ്ലേയിൽ വെളിച്ചം വരുത്തി സമയം നോക്കി. ആറുമണി തികയാൻ അഞ്ചുമിനുട്ട്.
ആറരയോടെ പ്രഭാതകർമ്മങ്ങൾ തീർത്തു. വഴിക്കിടക്ക് തട്ടിമുട്ടാൻ ആ വീട്ടിൽ മറ്റാരുമില്ല. അയാൾ തനിച്ചാണ്. ഛർദ്ദിൽകറയും ഒരു രാത്രിയുടെ പുളിപ്പും ചവർപ്പും പറ്റിപിടിച്ചു നിൽക്കുന്ന പല്ല് തേച്ച് കഴുകി ശുദ്ധീകരിച്ചിരിക്കുന്നു. കിണറ്റിൽ നിന്നും കോരിയ തണുത്ത വെള്ളം മൂന്നുതവണ തലവഴിയൊഴിച്ച് ദേഹവും ശുദ്ധീകരിച്ചിരിക്കുന്നു. അങ്ങനെ ശുദ്ധീകരിച്ച ഇടങ്ങളിൽ ദൈവീകത സ്വമേധയാ കടന്നുവരുമത്രെ! ‘മനസും അങ്ങനെയൊന്ന് കഴുകിയെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എത്ര നന്നായേനെ’ ഓവ് വഴി ഒഴുകാൻ പ്രയാസപ്പെടുന്ന പതപുതഞ്ഞ കൊഴുത്ത വെള്ളത്തിൽ, വിയർപ്പും ചെളിയും , പേരറിയാത്ത പെണ്ണിന്റെ ചൂടും ചൂരും തേൻനീരും കനത്തു നിൽക്കുന്നത് വെറുപ്പോടെ നോക്കി നിന്നു. ഒടുക്കം ഒരുതവണകൂടെ തണുത്ത വെള്ളം തലവഴിയൊഴിച്ച് കണ്ണുകളടച്ച് ഒരു നെടുവീർപ്പിൽ അയാൾ ശാന്തത തേടി. ‘വീണ്ടുമൊരു ആവർത്തനം ഉണ്ടാകരുതേ.....’ എന്ന പ്രാർഥനയോടെ ഉമ്മറത്തെ കസേരയിൽ ചാരിയിരുന്നു. ഉണ്ടാക്കിയ ഒരു ഗ്ലാസ് കടും കട്ടൻ കുടിച്ചു തീർത്ത്, വീട് പൂട്ടി താക്കോൽ മരതൂണിന് മുകളിൽ തിരുകി ദാസ് ഇറങ്ങി നടന്നു. പ്രഭാതത്തിലെ ഈ യാത്ര, രാത്രി കിടക്കുന്നതിന് മുമ്പുള്ള മദ്യത്തിന്റെ അബോധാവസ്ഥയിൽ അയാൾ തീരുമാനിച്ചിരുന്നു. ചുവന്ന കസവുള്ള വെള്ള മുണ്ടും, ചുവന്ന ഷർട്ടും വേഷം. തോളിൽ ഒരു കറുത്ത ബാഗ്.
വാട്ട്സാപ്പിലെ ചാറ്റുകളും ഗൂഗിൾ ബ്രൗസ് ഹിസ്റ്ററിയും സെർച്ച് ഹിസ്റ്ററിയും എന്നുവേണ്ട കിടുമണികളെല്ലാം തൂത്തുവാരി ചവറ്റുകുട്ടയിൽ തൂക്കിയെറിഞ്ഞ് അമർഷത്തോടെ മൂടിയടച്ചു. മരിക്കാതെതന്നെ, ജീവിച്ചിരിക്കെ സകലമാന മുക്തിക്കായി അയാൾ ഏറെ കൊതിക്കുന്നുണ്ടായിരുന്നു. ബസ് സ്റ്റോപ്പിൽ രണ്ട് പേരുണ്ട്. ഇരുട്ട് മാറി നേരം അൽപം വെളുത്തിരിക്കുന്നു. അവരുടെ മുഖങ്ങൾ കണ്ടു. അറിയുന്നവർ തന്നെ. വെറുതെ ഒന്ന് ചിരിച്ചെന്ന് വരുത്തി. അവർ തിരിച്ചും. ഏഴിന് സ്റ്റാൻഡിൽ നിന്നും ഒരു ബസ് ഉണ്ട്. എത്തേണ്ടിടത്തേക്ക് അത് നേരിട്ട് ചെന്നെത്തുന്നു. അല്ലെങ്കിൽ പട്ടാമ്പിയിൽ നിന്ന് മാറി കയറേണ്ടി വരും. നേരിട്ട് ഉള്ള ബസിന്റെ കാര്യം ആര് പറഞ്ഞു? ആരോ പറഞ്ഞു! താൻ കേട്ടു. സത്യമാണോ എന്ന് നേരിട്ട് അറിയാമല്ലോ. വളവുതിരിഞ്ഞ് ഹെഡ് ലൈറ്റു തെളിച്ച് ബസ് വരുന്നു. നല്ല സമയം. ഇതിൽ ഇപ്പോൾ യാത്ര തുടങ്ങിയാൽ ഏഴിന് മുമ്പേ സ്റ്റാൻഡിൽ എത്തിപ്പെടാം. സ്റ്റോപ്പിനോടടുത്തപ്പോൾ, നേരം വെളുത്തു തുടങ്ങുന്ന നേരത്തെ നിശബ്ദതയെ പിടിച്ചു കുലുക്കികൊണ്ട് ബസ് ഒട്ടും താളമില്ലാതെ അലറി. നടുറോഡിൽ നിന്ന് ഞെട്ടിപിടഞ്ഞുചാടി മരണവെപ്രാളത്തിൽ വടക്കോട്ട് പാഞ്ഞുപോയ ചാവാലി പട്ടി ഇത്രയും നേരം അവിടെ സുഖനിദ്രകൊള്ളുന്നുണ്ടായിരുന്നുവെന്ന് അയാളടക്കം അവിടെയുള്ളവർ ഇപ്പോഴായിരിക്കാം അറിഞ്ഞത്.
ടിക്കറ്റ് വാങ്ങി വിന്റോ സീറ്റിൽ യാത്ര തുടരുമ്പോൾ അടുത്ത് വന്നിരുന്ന പരിചിതൻ ചോദിച്ചു. “എങ്ങോട്ടാ ഇത്ര രാവിലെ?” “തൃശ്ശൂർക്ക്.” കാര്യമേതുമില്ലാതെ വെറുതെ ഒരു നുണ. ‘ഗുരുവായൂരപ്പനെ കാണാൻ, വേണമെന്ന് വിചാരിച്ച് തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിതിരിച്ചിരിക്കുകയാണ് ഈ അതിരാവിലെ’ എന്ന സത്യം അയാൾ എന്തിന് മറച്ചുപിടിച്ച് നുണ പറഞ്ഞു എന്ന് അയാൾക്ക് തന്നെ വ്യക്തമല്ലായിരുന്നു. ‘അല്ലെങ്കിൽ എന്ത് നുണ! എന്ത് സത്യം! മനസിലേക്ക് അടിച്ചു കയറുന്ന കാറ്റിന്റെ താളം മാറിയാൽ ചിലപ്പോൾ നുണ പറഞ്ഞകണക്ക് തൃശ്ശൂർ, അല്ലെങ്കിൽ ഗുരുവായൂർ അല്ലെങ്കിൽ വല്ലിടത്തുമുള്ള ബാറിൽ, ഷാപ്പിൽ, അതുമല്ലെങ്കിൽ വല്ല വേശ്യപെണ്ണിന്റെയും നെഞ്ചത്ത്.’ മറ്റൊരു ഹോൺ ശബ്ദത്തിനൊപ്പം ചിന്തകളുടെ മാറാപ്പിൽ നിന്നും പുറത്ത് വന്നപ്പോഴാണ്, വെറുതെ ആരുമറിയാതെ അമർഷം പല്ല് കടിച്ച് തീർക്കുകയായിരുന്നുവെന്ന് മനസിലായത്. ഒരു തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ നടുറോഡിൽ നിന്നും ജീവൻ വാരിപ്പിടിച്ചു പാഞ്ഞ ആ ചാവാലി പട്ടിയെ ഓർത്തു. മുഴുപട്ടിണിയിൽ വാരിയെല്ലുകൾ പുറത്തുകാണുന്ന, നിറഞ്ഞ ഒറ്റപ്പെടലിൽ മരവിച്ചു കിടന്നിരുന്ന അതിനും ജീവിക്കാൻ മോഹം കാണും. ജീവിക്കാൻ മോഹമില്ലെങ്കിലും മരിക്കാൻ ഭയന്ന് ജീവിക്കുന്നവർ: അങ്ങനെയും ചില മനുഷ്യർ ഈ ഭൂലോകത്ത് ഉണ്ടായിരിക്കാം. അവർ ജീവിതം മരണതുല്ല്യമായി ആഘോഷിക്കുന്നുണ്ടായിരിക്കാം.
തക്ക സമയം. ബസ് സ്റ്റാൻഡിലേക്ക് കടന്നതും വിൻഡോയിലൂടെ അയാൾ ഒന്ന് പാളിനോക്കി. പ്രതീക്ഷിച്ച ബസ് നിൽക്കേണ്ടുന്ന സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. ഇറങ്ങി നടന്ന് അടുത്ത് കണ്ട വെള്ളമുണ്ട്ക്കാരനോട് അന്വേഷിച്ചു. “അത് ഇപ്പൊ പോയേ ഉള്ളത്രെ. ഞാനും അത് നോക്കിയ വന്നത്. ഇനിയിപ്പൊ പാട്ടാമ്പീന്ന് മാറികയറണം.” “ഗുരുവായൂർക്ക....” വെള്ളമുണ്ടോടുകൂടിയ അയാളുടെ വേഷം കണ്ടപ്പോൾ ദാസ് വെറുതെ ഊഹിച്ചു. “ഉം.... അതെ. ആ ബസ് കിട്ടിയിരുന്നെങ്കി അമ്പലനടയില് ചെന്ന് എറങ്ങിയാ മതിയായിരുന്നു. അതെങ്ങനെ നേരത്തും കാലത്തും എറങ്ങാൻ പറഞ്ഞ... നിന്ന് തിരിഞ്ഞ് അങ്ങനെ നിക്കും.” അതും പറഞ്ഞ് അൽപം മാറിയുള്ള ഇരിപ്പിടത്തിലേക്ക് ആ വ്യക്തി നെറ്റിചുളിച്ച് നോക്കി. അപ്പോഴാണ് ദാസ് അവരെ ശ്രദ്ധിച്ചത്. അയാൾ തനിച്ചല്ല, ഭാര്യയും ഇരുപതും പത്തും പ്രായം വരുന്ന രണ്ട് പെൺ മക്കളും ഉണ്ട്. ഭർത്താവിന്റെ നോട്ടം ഒട്ടും പിടിക്കാതെ ഭാര്യ മുഖം കനപ്പിച്ച് തിരിഞ്ഞുകളഞ്ഞു. ചെറിയ പെൺകുട്ടി അതുകണ്ടു ചിരിക്കാൻ തുടങ്ങിയതും മൂത്തവൾ അവളുടെ വായ് പൊത്തി അടക്കിപിടിച്ചു. അന്നേരം അവളുടെ കണ്ണുകൾ ദാസിന്റെ മുഖത്തായിരുന്നു എന്നത് അയാൾ ശ്രദ്ധിച്ചിരിക്കില്ല.
അടുത്ത നിമിഷം വന്ന പട്ടാമ്പി ബസ്സിൽ അവർ കയറിയിരുന്നു. അയാൾ അടുത്ത് വന്നിരുന്നു. മുമ്പിലെ സ്ത്രീകളുടെ സീറ്റിൽ അയാളുടെ ഭാര്യയും ചെറിയ മകളും ഇരുന്നപ്പോൾ തൊട്ട് പുറകിലെ സീറ്റിൽ മൂത്തവൾ തനിച്ചാക്കപ്പെട്ടു. അവൾ മുടിയൊതുക്കുന്നതിനിടയിൽ ഒരുമാത്ര തിരിഞ്ഞുനോക്കി മുഖം തിരിച്ചു. അയാൾ ദാസുമായി സംസാരിച്ചു തുടങ്ങി. യാത്ര ഒരേ ഇടത്തേക്കാണെന്ന് അറിഞ്ഞപ്പോൾ സംസാരത്തിന് ഇരിപ്പുറക്കുന്നു. പത്ത് മിനിറ്റോളം യാത്രികരെ കാത്തിരുന്ന ബസ് ഒരു തരിപ്പോടെ ഇളകി. സംഗീതാത്മകമായി രണ്ടു തവണ ഹോൺ മുഴക്കിയ ശേഷം അത് നീങ്ങി തുടങ്ങി. ആളുകൾ കുറവാണ്. മുന്നിലും പിന്നിലുമായി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. “വീട്ടിൽ ആരൊക്കെ ഉണ്ട്?” “ആരുമില്ല.” മറുപടി പെട്ടന്നായിരുന്നു. അയാൾ തുടർന്ന് കൂടുതലായൊന്നും ചോദിച്ചില്ല. എന്നാൽ തൊടുത്തുവിട്ട ചോദ്യം തലയ്ക്കകത്ത് ഭൂതകാലത്തിലെ ഓർമ്മകളെ അടക്കംചെയ്ത പാതാളകുഴിയിലേക്ക് വാതിൽ തുറന്നു കഴിഞ്ഞിരുന്നു.
ബസ്സ് സ്റ്റാൻഡ് വിട്ട് മെയിൻ റോഡിലേക്ക് കയറാൻ തുടങ്ങി. വലതുവശത്ത് നെടുനീളത്തിൽ കാണപ്പെടുന്ന ഹോട്ടൽ ശിഖ. താഴെ ലോക്കൽ ബാർ. ഗ്ലാസ്ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ച് സ്റ്റെയർകേസ് കയറി ഫസ്റ്റ് ഫ്ലോറിൽ ഇടത് വശത്തേക്ക് തിരിഞ്ഞാൽ എ സി ബാർ. അതിനകത്ത് പതിനൊന്നാം നമ്പർ ടേബിൾ. ടേബിളിൽ നിറം മങ്ങിയ ചതുരംഗകളം തീർത്ത ഷീറ്റിന് മുകളിൽ പരന്ന് കിടക്കുന്ന മൂന്ന് കിങ്ഫിഷർ ബിയർ കുപ്പികൾ, ഒരു പ്ലേറ്റിൽ ബീഫ്ചില്ലിയുടെ അവശിഷ്ടങ്ങൾ. ഉള്ളൊഴിഞ്ഞ ബിയർ കുപ്പികൾ രണ്ടെണ്ണം മാറ്റി വെച്ച്, പകുതിയൊഴിഞ്ഞ കുപ്പിയുടെ കഴുത്തിന് മുറുകെ പിടിച്ച്, രണ്ട് മണിക്കൂറിന്റെ ആലസ്യം കസേരയിൽ നടുനിവർത്തി അഴിച്ചു വിടുമ്പോൾ മുന്നിൽ ഒരു അപരിചിതൻ വന്നിരിക്കുന്നു; മുഖത്ത് കനം പിടിച്ച ഒരു ചിരിയുമായി. അയാൾ കുഴഞ്ഞ നാക്കുമായി ഗതികെട്ട് പരിചയപ്പെടുന്നു. ഇത്തരം പരിചയപ്പെടലുകൾ ഈ പ്രായത്തിനിടക്ക് എത്ര കണ്ടിരിക്കുന്നു! അയാൾ ചോദിക്കുന്നു. ജീവിതത്തിനിടക്ക്, അറിഞ്ഞോ അറിയാതെയോ സായൊത്തമാക്കിയ ആരെയും വിലവെക്കാത്ത മുഖഭാവത്തിൽ ഇരുന്നു.
“എത്രാ പ്രായം....?” “ഇരുപത്തിയേഴ്.” ഓണം കൂടുതലുണ്ടവന്റെ അധികാരവും ദാർഷ്ട്യവും മുഖത്ത് വരുത്തുവാൻ അയാൾ ശ്രമിക്കുന്നു. “അപ്പൊ, എന്റെ മകനാവാനുള്ള പ്രായം കൂടിയില്ല നിനക്ക്.” അടുത്ത ചോദ്യത്തിന് അധികാരം കിട്ടിയെന്ന് ഉറപ്പ് വരുത്താനായി ഉണ്ടാക്കിയെടുത്ത വൃത്തികെട്ട ഒരു ചിരി കുഴിച്ചെടുക്കാൻ അയാൾക്ക് കഴിഞ്ഞിരിക്കുന്നു. ഇരുചെവികൾക്ക് മുകളിലും മറ്റ് പലയിടത്തുമായി മുടിയിഴകൾ വെളുത്തുതുടങ്ങിയിരിക്കുന്നു എന്ന് അപ്പോഴാണ് ദാസ് ശ്രദ്ധിക്കുന്നത്. “വീട്ടിൽ ആരൊക്കെ ഉണ്ട്....?” “ആരുമില്ല” “അപ്പൊ നീ തന്നെ പൊട്ടിമുളച്ചതാണോ...?” ഏകാന്തതയുടെ ചില്ലുപാത്രത്തിന് വിള്ളൽ വീണിരിക്കുന്നു. അൽപമെങ്കിലും ആനന്ദം ഒഴിച്ച് കുടിക്കാൻ കഴിയാതെ അടിവശം ചോരുന്നു. ബിയറിന്റെ കഴുത്തിൽ നിന്നും പിടിവിട്ട കൈ അയാളുടെ കഴുത്തു നോക്കി പാഞ്ഞുചെല്ലാതെ അടക്കി നിർത്തി ചുരുട്ടി പിടിച്ച് മേശയിൽ ആഞ്ഞടിച്ചു. ഇരുന്ന ഇരുപ്പിൽ അയാൾ ഞെട്ടിചാടുന്നത് ഒരു കൈ അകലത്തിൽ ദാസ് കണ്ടു. രണ്ട് പേർ വന്ന് കനത്ത മുഖവുമായി നിൽക്കുന്ന അയാളെ ശാന്തനാക്കി കൂട്ടികൊണ്ട്പോകുന്നു. ഓർമ്മപ്പെടുത്തലായി വന്ന ഒരു രാത്രി സംഭവം അങ്ങനെ അവസാനിക്കുന്നു.
പ്രഭാതം നിറം മങ്ങി കിടക്കുന്നു. ആകാശത്ത് മഴക്കാറ് ഒത്തുകൂടുന്നത് വിൻഡോയിലൂടെ ചാഞ്ഞു നോക്കിയാൽ കാണാം. എവിടെനിന്നോ ഒരു മഴതുള്ളി തെന്നിതെറിച്ചുവന്ന് കണ്ണുകൾക്ക് താഴെ കവിളിൽ വീണുടഞ്ഞു. ഗ്ലാസ്സ് നീക്കി അയാൾ സീറ്റിൽ അൽപം ഇറങ്ങിയിരുന്നു. ചുറ്റിലും ഇരുട്ട് വന്ന് മൂടുന്നു. പുറത്ത് മഴ കനത്തു തുടങ്ങുന്നു. അയാൾ അമ്മയെ കുറിച്ച് ഓർത്തു – ഒട്ടും ആഗ്രഹിക്കാതെ. അമ്മ. ഇണക്കപിണക്കങ്ങളോടെ സ്നേഹാർദ്രമായി ഒഴുകികൊണ്ടിരുന്ന ഒരു കുടുംബത്തിന്റെ തകർച്ച അവരിൽ നിന്നായിരുന്നു. ഒരു നാടൻ ഉൾഗ്രാമത്തിൽ ജനിച്ചുവളർന്ന അവർക്ക് നഗരജീവിതത്തോട് ചിലപ്പോൾ അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നിരിക്കണം. ജോലിസംബന്ധമായി നഗരത്തിലേക്ക് മാറിതാമസിക്കേണ്ടിവന്ന അച്ഛൻ ആ മാറ്റത്തിലേക്ക് അമ്മയേയും രണ്ടു മക്കളേയും കൂടെക്കൂട്ടി.
ഒരു മാസത്തിനുള്ളിൽ തന്നെ അമ്മയ്ക്കുള്ളിലെ ആ അഭിനിവേശം വസ്ത്രങ്ങളിലും മുഖചായങ്ങളിലും പ്രകടമായി തുടങ്ങി. മനുഷ്യസ്നേഹത്തിന്റെ ഭൂപ്രദേശത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഇന്നലെ പൂത്തുവിടർന്നു നിന്ന പൂക്കൾ നാളെ മുറിച്ചുമാറ്റപ്പെട്ടെന്നിരിക്കാം, പകരം മറ്റൊന്ന് തളിർത്ത് പൂത്തുലഞ്ഞെന്നിരിക്കാം. അവിടെ ഋതുഭേതങ്ങൾ പെട്ടെന്ന് സംഭവിക്കാം. പ്രായം തികഞ്ഞ മകനിരിക്കെ, ഋതുമതിയായ മകളിരിക്കെ സുന്ദരിയായ അമ്മ മറ്റൊരു യുവാവിന്റെ കൂടെ ഇറങ്ങി പോകുന്നു. ഒരു ജീവിതത്തിൽ നിന്നും മറ്റൊരു ജീവിതത്തിലേക്ക് ഒരു ഒളിച്ചോട്ടം. ഉള്ളതിനേക്കാളും മികച്ചത് സ്വന്തമാക്കുവാനുള്ള ഒരു അവസരത്തിനായി അവർ കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നി പോകുന്നു. അപ്പോൾ ഇത്രയും കാലം പ്രകടിപ്പിച്ച സ്നേഹത്തെയെല്ലാം എന്ത് വിളിക്കണം – ജന്മസിദ്ധമായി കിട്ടിയ അഭിനേത്രിയുടെ നാട്യവൈഭവമെന്നോ....! അപ്പോൾ നൊന്ത്പ്രസവിച്ച മക്കൾ....! ആ വേദന ശരീരത്തിൽ മാത്രമായി ഒതുങ്ങിപോയോ....!
ഓരോ വ്യക്തിക്കും തന്റേതായ ഇടവും സ്വാതന്ത്ര്യവും ഉണ്ടെന്ന് വശ്വാസിച്ചിരുന്ന അച്ഛൻ വീട്ടിലും പുറത്തും മറ്റൊരാളുമായി അനാവശ്യ കൈകടത്തലുപോലെ മറ്റ് ചോദ്യങ്ങൾക്കൊ വിശദീകരണങ്ങൾക്കൊ തുനിഞ്ഞിരുന്നില്ല. ‘വ്യക്തി സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ഇങ്ങനെ അഴിച്ചു വിടരുത്’ എന്ന് അറിയുന്നവർ പലരും രഹസ്യമായി പറഞ്ഞിരുന്നുവെങ്കിലും, ‘ഞാൻ സ്വാതന്ത്ര്യം കൊടുത്തിട്ട് വേണ്ട അവൾക്ക്, അതും ഒരു മനുഷ്യ ജീവിയാണ്’ എന്ന മറുപടിയിൽ അവയെല്ലാം അവസാനിപ്പിച്ചിരുന്നു. ഒടുക്കം നിറഞ്ഞ വിശ്വാസത്തിന് മേലുള്ള പ്രതിഫലം എല്ലാംകൊണ്ടും ഒരു വൻ തരിച്ചടിയിൽ അവസാനിച്ചു. വഞ്ചനയിൽ കൂട്ട്പ്രതി അനുജനെപോലെ കരുതിയ സ്നേഹിതനുമാണെന്ന് അറിഞ്ഞപ്പോൾ ആ മനുഷ്യൻ തളർന്നുപോയി. ശേഷം ഒരു ഒളിച്ചോട്ടം പോലെ അച്ഛൻ മറ്റൊരു ജീവിതരീതിയിലേക്ക് മനപ്പൂർവം മാറി നടന്നു. മരണത്തിന് തൊട്ട് മുമ്പും അച്ഛന്റെ വിയർപ്പിനും ഉമിനീരിനും ചൂടോടെ തുപ്പിയ ചോരക്കും മദ്യത്തിന്റെ മണമായിരുന്നു. ഒരു പ്രായമെത്തിയപ്പോൾ ചോദിക്കാനും പറയാനും നിൽക്കാതെ തന്നിഷ്ടപ്രകാരം സ്നേഹിക്കുന്നയാളുടെ കൂടെ ഇറങ്ങിപോയ സഹോദരിയോട് വെറുപ്പ് തോന്നിയില്ല. ജീവിതത്തിൽ വന്നുകൂടിയ നിറഞ്ഞ മനംമടുപ്പിൽ നിന്നും അവളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി.
ഇറങ്ങാനുള്ള സ്ഥലം എത്തിയെന്ന് തോളിൽ തട്ടി വിളിച്ചപ്പോൾ അയാൾ ഞെട്ടിപിടഞ്ഞ് കണ്ണുമിഴിച്ചു. നേരിയ മയക്കത്തിൽ ഓർമ്മകളെ പുതിയ വർണ്ണങ്ങളോടെ സ്വപ്നം കാണുകയായിരുന്നു. കുറച്ചു കാലമായി അങ്ങനെയാണ് – സുഖനിദ്രയെ അകലെ കാണിച്ചു തന്ന് ഓർമ്മകളാൽ പണി തീർത്ത ഇരുമ്പ് ചങ്ങലകൊണ്ട് നേരിയ മയക്കത്തിൽ മാത്രം പുലരും വരെ അങ്ങനെ കെട്ടിയിടപ്പെടുന്നു. “സ്ഥലമെത്തി, ഉറങ്ങിയല്ലേ...?” അടുത്തിരുന്ന അയാൾ ചോദിക്കുന്നു. “ഓ.... ചെറുതായി ഒന്ന് മയങ്ങി.” ഗ്ലാസ്സ് നീക്കി വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മഴ തോർന്നിരിക്കുന്നു. അന്തരീക്ഷം നനഞ്ഞിരിക്കുന്നു. സ്റ്റാൻഡിൽ നിന്നും ബസ് മാറികയറി. നേർച്ചകളുടെ നാട്ടിൽ നിന്നും ഗുരുപവനപുരിയിലേക്ക്. യാത്ര തുടരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ദാസ് ബസിറങ്ങിയപ്പോൾ പുറകെ ആ കുടുംബവും ഉണ്ടായിരുന്നു. അവർ മുന്നിൽ പോയികൊള്ളട്ടെ എന്ന് കരുതി ദാസ് അടുത്തുള്ള ഒരു പൂജാസ്റ്റോറിലേക്ക് എന്തോ വാങ്ങിക്കാനെന്നപോലെ കയറി. ‘നടക്കട്ടെ’ എന്ന് ആംഗ്യഭാഷയിൽ കൈ കാണിച്ച് അവർ നടന്നു നീങ്ങി. കടയിൽ വെറുതെ കയറിയതല്ലെന്ന് കടയുടമയെ ബോധ്യപ്പെടുത്താൻ തൂക്കിയിട്ട മുത്തുമാലകളിലും കൈവളകളിലും മറ്റും വെറുതെ ഒന്ന് തിരഞ്ഞെന്ന് വരുത്തി, താൻ ഉദ്ദേശിച്ചത് ഇവിടെ ഇല്ലെന്ന മുഖഭാവത്തിൽ കടയുടമയെ നോക്കി തിരിച്ച് ഇറങ്ങി നടന്നു. ആ കുടുംബം മുന്നിൽ നിന്നും പൂർണ്ണമായും മറഞ്ഞിരിക്കുന്നു. വെറുതെ ഒരു ആശ്വാസം തോന്നി. ആൾക്കൂട്ടത്തിനിടയിലും തനിച്ചു നടക്കാൻ അയാൾ ഏറെ ഇഷ്ടപ്പെടുന്നു. ഒരു കാലം തൊട്ട് ഏകാന്തതയെ അയാൾ സ്നേഹിച്ചു തുടങ്ങിയിരുന്നു. മൊബൈൽ ഫോണും ചെരുപ്പും പേഴ്സും ബാഗിൽ തിരുകി കൗണ്ടറിൽ എൽപ്പിച്ചു ടോക്കൺ വാങ്ങി. (അവയ്ക്കൊന്നും അകത്തേക്ക് പ്രവേശനമില്ല) സകലതും മറ്റൊരിടത്ത് ഏൽപ്പിച്ച് നഗ്നപാദനായി അങ്ങനെ പൂഴിമണ്ണിൽ ചവിട്ടി നടക്കുമ്പോൾ ഉള്ളിലെവിടയോ ഒരു ശാന്തത നിറഞ്ഞാടി. ഉടുത്ത വസ്ത്രവും ഈ ശരീരവുമല്ലാതെ മറ്റൊന്നും ഇനി അവശേഷിക്കുന്നില്ല. അൽപനേരത്തേക്കെങ്കിലും ആ സകലമാന മുക്തിയെ അയാൾ മുറുകെ പിടിച്ചു.
അതിരാവിലെ തന്നെ നല്ല ഭക്തജന തിരക്കുണ്ട്. ഗുരുവായൂരപ്പനെ കണ്ട് തൊഴാനായി ശ്രീ കോവിലിന് മുമ്പിലേക്കുള്ള വരി ഒരുപാട് നീണ്ടുപോയിരിക്കുന്നു. മുമ്പായിരുന്നെങ്കിൽ പുറത്തൊന്ന് ചുറ്റിതിരിഞ്ഞു തിരിച്ചു മടങ്ങിയേനെ. എന്നാൽ നീണ്ടവരിയിൽ അവസാനത്തെ കണ്ണിയായി അയാൾ നിന്നു. തുടർന്നും മൂന്നുനാല് പേർ പുറകിൽ വന്ന്കൂടി നീണ്ട വരിയെ വീണ്ടും നീട്ടികൊണ്ടുപോയി. അപ്പോഴാണ് ദാസ് ശ്രദ്ധിച്ചത് മുന്നിൽ നാല് പേർക്ക് അപ്പുറം ആ കുടുംബം വരിനിൽക്കുന്നു. തന്നെ കണ്ടപ്പോൾ അയാൾ കൈ കൊണ്ട് അങ്ങോട്ട് വന്ന്നിന്നുകൊള്ളാൻ ആംഗ്യം കാണിച്ചു. വേണ്ടെന്ന് പറഞ്ഞ് ദാസ് അവിടെത്തന്നെ നിന്നു. കമ്പി കുത്തിനാട്ടി ചിട്ടപ്പെടുത്തിയ വഴിയിലൂടെ വരി ചുറ്റി ചുറ്റി പോകുന്നു. അകത്ത് പൂജക്കായി നട അടക്കുമ്പോൾ ഇഴഞ്ഞിഴഞ്ഞു പോകുന്ന വരി ഇടയ്ക്കിടയ്ക്ക് അനക്കമില്ലാതെ നിൽക്കുന്നു. അന്നേരം അച്ഛന്റെ പുറകിൽ നിൽക്കുന്ന ആ ഇരുപതു വയസ്സുകാരി പെൺകുട്ടി മുഖം ചരിച്ച് നോക്കുന്നു. അത് ആവർത്തിക്കുന്നു -ആവർത്തനത്തിന്റെ ഏതോ ഒരു നിമിഷത്തിൽ ആ നോട്ടം ദാസിന്റെ കണ്ണിൽപെട്ടു. ആരോടൊക്കയോ ഉള്ള കടുത്ത വെറുപ്പ് ഉള്ളിൽ പതഞ്ഞു പൊങ്ങുന്നു. ‘എന്തെടി... നിനക്ക് ഇനി എന്ത് വേണം. ഒരു നിമിഷത്തെ സുഖത്തിന്നാണെങ്കിൽ വാ... ഇവിടെതന്നെ ഒരു റൂമെടുക്കാം, എല്ലാ ചിലവും ഞാനെടുക്കാം. അതല്ല ദിവ്യപ്രണയമാണെങ്കിൽ വേണ്ട. ഒരുത്തി തന്നുപോയ ഉണങ്ങാത്ത മുറിപ്പാട് നീറിപിടിക്കുന്നുണ്ട് ഇപ്പോഴും ഉള്ളിൽ.’ അയാൾ മനസിൽ എന്തൊക്കയോ പുലമ്പി അരിശം പല്ല്കടിച്ചമർത്തി. ഞരമ്പിൽ രക്തം തിളക്കുന്നു. ചക്രവ്യൂഹം മുറുകുന്നു.. നിയന്ത്രിക്കാൻ കഴിയാതെ നിസ്സഹായനാകുന്നു.
അവൾ ജീവിതത്തിലെ കഴിഞ്ഞുപോയ നാല് വർഷം അത് പൂർണ്ണമായും അവൾക്കുള്ളതായിരിക്കണം എന്ന് കാലം മുമ്പേ വിധിച്ചിട്ടുണ്ടായിരുന്നിരിക്കണം. ആരുമില്ലാത്തവന് അവൾ എല്ലാമായി തീർന്നു. ഏത് വഴി നടന്നാലും ലോകം അവളിൽ ചെന്ന് ചേരുന്നു. എത്ര തീവ്രമാണെങ്കിലും പ്രണയിക്കുന്നവരെല്ലാം ഒന്നുചേരണമെന്നില്ലല്ലൊ! പ്രണയിച്ചിരിക്കെ തന്നെ സ്വമനസാലെ പരസ്പരം വിട്ടുപിരിയേണ്ടിയും വരാം. “വീട്ടുക്കാർ തയ്യാറല്ല. അവരെ വേദനിപ്പിച്ച് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നമുക്ക്..” അവൾ പറഞ്ഞു നിർത്തിയിടത്ത് അവൻ തുടർന്നു. “... പിരിയാം അല്ലെ !” അവൾ കെട്ടിപിടിച്ച് തേങ്ങി കരഞ്ഞപ്പോൾ പിൻകഴുത്തിലേക്ക് കണ്ണുനീർ തുള്ളികൾ ഇറ്റുവീഴുന്നത് അവൻ അറിഞ്ഞു. അന്നേരം ആ കണ്ണുകൾ മാത്രം കാണാൻ കഴിഞ്ഞില്ല – കഴിഞ്ഞിരുന്നുവെങ്കിൽ പെട്ടെന്ന് നിന്നുപോകാൻ മാത്രം ശേഷിയുള്ള ആ കണ്ണുനീരിലൂടെ വഞ്ചനയുടെ നേർത്ത നിഴൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞേനെ. ചിലപ്പോൾ അതും മറച്ചുവെക്കാൻ അവൾ മിടുക്കിയായിരിക്കും.
നഷ്ടപ്രണയത്തിന്റെ ദുഃഖം ആരുമറിയാതെ അഴിച്ചു വിടാൻ മദ്യകുപ്പികളുമായി ഹോട്ടലിൽ ഒരുപകൽ മുറിയെടുക്കുന്നു. ദുഃഖം കരഞ്ഞു തീർക്കുന്നതോടൊപ്പം ജീവിതം ആസ്വദിച്ചും തീർക്കണം. സിഗരറ്റ് വാങ്ങി വന്ന പയ്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അപ്പുറത്ത് ഒരുത്തൻ ഒരു പീസിനേം കൊണ്ട് കയറിയിട്ടുണ്ട്.‘ ചില്ലറ കാശ് പോക്കറ്റിൽ തിരുകി അവനെ മടക്കി വിടുമ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ പ്രണയത്തേക്കാൾ മധുരമുണ്ടത്രേ വ്യഭിചാരത്തിന്..!’ അവിടെ വച്ച് അവളെ കണ്ടു. നേർത്ത പരിഭ്രമത്തോടെ ചുറ്റും നോക്കി മറ്റൊരുത്തന്റെ കൂടെ മുറിയിൽ നിന്നും ഇറങ്ങി പോകുന്ന അവൾ. വിശ്വസിച്ചില്ല. മദ്യത്തിന്റെ വട്ടംതിരിച്ചിലിൽ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ അന്നേരം മുതിർന്നില്ല. ആ വിശ്വാസത്തെ ഉടച്ചുവാർക്കാൻ അടുത്ത ദിവസം പുതിയ കാമുകനെ അവളുടെ മുമ്പിൽ വച്ച് തന്നെ പരിചയപ്പെടേണ്ടി വന്നു. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉയരങ്ങളിൽ കൊണ്ടെത്തിച്ച് ഒട്ടും ദയ കൂടാതെ ചവിട്ടി വീഴ്ത്തുന്നതിൽ ചിലർക്ക് ലഹരി. ആ ലഹരിയിൽ അവർ ആനന്ദം കണ്ടെത്തുന്നു.
വരി നീങ്ങി നീങ്ങി അകത്തേക്ക് പ്രവേശിച്ചിരിക്കുന്നു. ഷർട്ടഴിച്ച് ചുമലിൽ ഇട്ടു. ചുറ്റിലും നാമജപങ്ങൾ മുഴങ്ങുന്നു. ശ്രീകോവിലിന് മുമ്പിലെത്തുമ്പോൾ എന്നത്തേയും പോലെ തൊഴാൻ മറക്കുന്നു, ഭഗവാനെയും മറക്കുന്നു, സ്വയം മറന്ന് അപ്രത്യക്ഷമാകുന്നു. ശൂന്യത നിറഞ്ഞാടുന്നു. പുറത്ത് കടക്കുമ്പോൾ നിറഞ്ഞു നിന്ന ശൂന്യത അരങ്ങൊഴിയുന്നു. എല്ലാം പഴയപടി പ്രത്യക്ഷപ്പെടുന്നു. മനസ് അസ്വസ്ഥത പ്രകടിപ്പിക്കുന്നു. വീണ്ടുമൊരു ആവർത്തനം ഉണ്ടാകരുതേ എന്ന് ഉറപ്പിച്ചിരുന്നതെല്ലാം കൂട്ടത്തോടെ ഓക്കാനിക്കാൻ മനംപുരട്ടുന്നു. ചക്രവ്യൂഹം മുറുകുന്നു... വീണ്ടും ആവർത്തനം.... ആവർത്തനം. നാലു വരികളിൽ മരണത്തെ സൂചിപ്പിക്കുന്ന മുഖചിത്രമുള്ള വാട്സ്ആപ്പ് നമ്പറിലേക്ക് ആദ്യം ഒരു മെസേജ്. തുടർന്ന് ഒരു സിഗരറ്റ്. ശേഷം അടുത്തുള്ള ബാറിലേക്ക്. വയറ്റിൽ തട്ടിയ മദ്യത്തിന്റെ നേർത്ത ലഹരിയിൽ ആ തിരിച്ചു മടക്കം മറ്റൊരു വഴിയിലൂടെ. ദൂരെയെങ്ങോ നിന്ന് ട്രെയിൻ ചൂളം വിളിക്കുന്ന ശബ്ദം. റയിൽവേ സ്റ്റേഷനടുത്തുണ്ട്. അതിനടുത്ത് എവിടെയോ സഹോദരി കുടുംബസമേതം സസുഖം ജീവിച്ചു പോകുന്നു. ഒരു നോക്ക് അവളെ കാണാനായി ഇറങ്ങാൻ തീരുമാനിച്ചിരുന്ന സ്ഥലവും പിന്നിട്ട് മടക്കയാത്ര തുടരുന്നു. അന്തമില്ലാതെ ജീവിതം നാലുകാലിൽ പാഞ്ഞുപോകുന്നു.
ആ യാത്ര ചെന്നെത്തുന്നത് ഒരു ഹോട്ടൽ മുറിയിൽ. നേരത്തെ അയച്ചിട്ട മെസേജിന് മറുപടിയായി വന്ന മൂന്ന് പെൺചിത്രങ്ങളിൽ മൂന്നാമത്തെ മലയാളിതനിമയിൽ കച്ചവടം ഉറപ്പിക്കുന്നു. അവൾ ചിരിച്ചുകൊണ്ട് കിടന്നുതരുന്നു. സോമരസലഹരിയുടെ ഉന്നതങ്ങളിൽ തൂങ്ങിയാടി കിടക്കയിൽ അനുസരണയോടെ കിടക്കുന്ന പേരറിയാത്ത പെണ്ണിന്റെ ചൂടും ചൂരും തേൻനീരും ആർത്തിയോടെ കുടിച്ചു വറ്റിച്ച് ഒടുക്കത്തെ കിതപ്പിൽ എഴുന്നേൽക്കുമ്പോൾ, ആ പരിചയസമ്പന്നതയുള്ള തൊഴിലാളിപെണ്ണ് സുഗന്ധം പൂശിയ തലയിണയിൽ ചാരി അഴിഞ്ഞുപരന്ന മുടിയൊതുക്കിക്കൊണ്ട് അലസമായ ചിരിയോടെ ചോദിച്ചു. “ആരോടാണ് ഇത്ര ദേഷ്യം?” അപ്രതീക്ഷിതമായി വന്ന ചോദ്യത്തിൽ ഒരു മരവിപ്പോടെ അയാൾ നിന്നു. അയാൾക്ക് കരയണമെന്ന് തോന്നി. വേഗം പുറത്തിറങ്ങി നഗരത്തിലെ ഇരുട്ടിലൊളിച്ച് അയാൾ നിശബ്ദമായി നിലവിളിച്ചു.
ലഹരിയുടെ അവസാനത്തെ തുള്ളിയും കുടിച്ചു തീരത്ത് ഒരു സിഗരറ്റ് വലിച്ചു തീർത്ത് നേരിയ ബോധത്തിൽ വീട്ടിലേക്ക് ഇഴഞ്ഞുകയറി കിടക്കയിൽ മലന്നടിച്ചു വീണു. ലോകം തന്നെയും താങ്ങി വട്ടംതിരിയുന്നു. തല ചുറ്റിയപ്പോൾ കുടല് മറിഞ്ഞു. വായിൽ ഉമിനീര് കിനിഞ്ഞു. കമിഴ്ന്നു കിടന്ന് തല പുറത്തിട്ട് കട്ടിൽ കാലിന് ചുവട്ടിൽ കൊഴുത്ത വെള്ളം ശർദ്ദിച്ചു. പുളിരസം കാർക്കിച്ചു തുപ്പി ചിറി തുടച്ച് വീണ്ടും മലന്നു കിടന്നു. ഗതികിട്ടാപ്രേതം പോലെ അലഞ്ഞുതീരുന്ന സ്വന്തം ജീവിതത്തെ കുറിച്ച് ഓർത്ത് കണ്ണുനിറച്ചു. മറഞ്ഞു തുടങ്ങുന്ന ബോധത്തിലും അയാൾ തേങ്ങലോടെ സ്വയം പറഞ്ഞുകൊണ്ടിരുന്നു. ‘ഇനി ആവർത്തിക്കില്ല... ഇനി ആവർത്തിക്കില്ല... ആവർത്തിക്കില്ല... ഇടക്കെപ്പോഴോ ബോധംകെട്ട് ഉറങ്ങി. ചക്രവ്യൂഹത്തിൽ അകപ്പെട്ട് ശ്വാസംമുട്ടി പിടയുന്ന കറുത്ത്കരുവാളിച്ച അഭിമന്യുവിനെ സ്വപ്നം കണ്ട് നാളെയും അയാൾ ഉണരും. ഒരു വിഡ്ഢിയെപോലെ മുക്തിയും തേടി വീണ്ടും അന്വേഷിച്ചിറങ്ങും.