'വൻ തുകയ്ക്ക് വീട് സ്വന്തമാക്കി, അമളി പറ്റിയ വിവരം പിന്നീടാണ് മനസ്സിലായത്...'
മഴക്കാലം വന്നെത്തിയതോടെ പാടം നിറഞ്ഞ് വീട്ടുമുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങി. അപ്പോൾ മാത്രമാണ് അത്രയും കുറഞ്ഞ വിലക്ക് വീട് കിട്ടിയതിന്റെയും, "എൻക്ലേവി" ലെ ഭൂരിഭാഗം വീടുകളും വിറ്റു പോകാതെയും ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതിന്റെയും രഹസ്യം, മേനോനും കുടുംബത്തിനും മനസ്സിലായത്.
മഴക്കാലം വന്നെത്തിയതോടെ പാടം നിറഞ്ഞ് വീട്ടുമുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങി. അപ്പോൾ മാത്രമാണ് അത്രയും കുറഞ്ഞ വിലക്ക് വീട് കിട്ടിയതിന്റെയും, "എൻക്ലേവി" ലെ ഭൂരിഭാഗം വീടുകളും വിറ്റു പോകാതെയും ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതിന്റെയും രഹസ്യം, മേനോനും കുടുംബത്തിനും മനസ്സിലായത്.
മഴക്കാലം വന്നെത്തിയതോടെ പാടം നിറഞ്ഞ് വീട്ടുമുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങി. അപ്പോൾ മാത്രമാണ് അത്രയും കുറഞ്ഞ വിലക്ക് വീട് കിട്ടിയതിന്റെയും, "എൻക്ലേവി" ലെ ഭൂരിഭാഗം വീടുകളും വിറ്റു പോകാതെയും ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതിന്റെയും രഹസ്യം, മേനോനും കുടുംബത്തിനും മനസ്സിലായത്.
മുകുന്ദൻ മേനോൻ... കുലീനത നിഴലിക്കുന്ന മുഖം, പുരുഷ സൗന്ദര്യത്തിന്റെ ലക്ഷണമൊെത്ത ചെറു കഷണ്ടി.. പൊതുവേ കാഴ്ചയിൽ സുന്ദരൻ, ആരോഗദൃഢഗാത്രൻ.. പാലിയം തറവാടിന്റെ ഏതോ ഒരു ശാഖയുടെ ഇളമുറക്കാരൻ.. യൂസി കോളജിലെ ഡിഗ്രി പഠനത്തിനിടെ പ്രീയൂണിവേഴ്സിറ്റിക്ക് വന്നു ചേർന്ന പറവൂർക്കാരി ഗീതാവാരസ്യാരുടെ പാട്ടിലും, നൃത്തത്തിലും, കണ്ണുകളിലെ തിളക്കത്തിലും മയങ്ങിപ്പോയ "മുകുന്നേട്ടൻ.." ക്യാംപസിനകത്തും, പറവൂർ ആലുവ ട്രാൻസ്പോർട്ട് സ്റ്റുഡൻസ് ഓൺലി ബസ്സിലുമായി അരങ്ങേറി, നാട്ടുപാട്ടായിത്തീർന്ന അക്കാലത്തെ പ്രസിദ്ധമായ ആ രാഗകഥ, മേനോന്റെ ഇരുപത്തിനാലാം വയസ്സിൽ.. PWD യിൽ ക്ലാർക്കായി ഒരു ജോലി തരപ്പെട്ടതോടെ, സ്നേഹിതർ മാത്രം സാക്ഷികളായ, ഒരു രജിസ്റ്റർ കല്യാണത്തിൽ കലാശിക്കുകയായിരുന്നു. ഒരു കീഴ്ജീവനക്കാരനായി തുടക്കം കുറിച്ച മേനോൻ സ്ഥിരപരിശ്രമം കൊണ്ടാണ് ഓവർസീയറായത്. തെറ്റായ കാര്യങ്ങൾക്കു കൂട്ടുനിൽക്കാനോ അന്യായമായി എന്തെങ്കിലും സമ്പാദിക്കാനോ മേനോൻ തയാറായിരുന്നില്ല. അതുകൊണ്ടു തന്നെ കൂടെ ജോലിക്ക് ചേർന്നവരിൽ ഭൂരിഭാഗം പേർക്കും ഉദ്യോഗക്കയറ്റം ലഭിച്ചിട്ടും, റിട്ടയർമെന്റിന് രണ്ടു വർഷം ബാക്കിയുള്ളപ്പോൾ മാത്രമാണ് മേനോന് ഒരു വിധത്തിൽ അസിസ്റ്റന്റ് എൻജിനീയർ പദവി വരെയെങ്കിലും എത്താൻ കഴിഞ്ഞത്.
മേനോന് രണ്ട് ആൺകുട്ടികൾ. പ്രൊഫഷണൽ കോളജുകളിൽ ചേർക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്നതു കൊണ്ട് ഒരാളെ ബി.കോമിനും രണ്ടാമനെ പോളിടെക്കിനും ചേർത്തു പഠിപ്പിച്ചു. വാരസ്യാർക്ക് ജോലി ഗൃഹഭരണം മാത്രമായിരുന്നതു കൊണ്ടും കുട്ടികളുടെ വിദ്യാഭ്യാസച്ചിലവുകൾ വർഷം തോറും വർധിച്ചു വന്നിരുന്നതു കൊണ്ടും ഒരു കൊച്ചു വീട് സ്വന്തമാക്കണം എന്ന മേനോന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം സാക്ഷാത്ക്കരിക്കാൻ ജോലിയിൽ നിന്ന് പിരിയുംവരെ കാത്തിരിക്കേണ്ടിവന്നു എന്നതാണ് ദു:ഖകരമായ സത്യം. സഹപ്രവർത്തകരിൽ ഭൂരിഭാഗവും വില കൂടിയ കാറുകൾ വാങ്ങിയിട്ടും, ഒരു അറുപഴഞ്ചൻ സ്കൂട്ടർ കൊണ്ട് സർവീസ് കാലം അവസാനിക്കും വരെ കഴിച്ചു കൂട്ടിയ അയാൾ സഹപ്രവർത്തകരുടെ ഇടയിലെ ഒരത്ഭുതം തന്നെയായിരുന്നു. സഹപ്രവർത്തകരെല്ലാം തന്നെ ലോണെടുത്തും എടുക്കാതെയും... ബഹുനില ഭവനങ്ങൾ പണിതിട്ടും മേനോൻ അതിന് ഒരുമ്പെട്ടില്ല.. അതിനുള്ള ധൈര്യമുണ്ടായില്ല എന്നതായിരുന്നിരിക്കാം മേനോന്റെ കാര്യത്തിൽ കൂടുതൽ ശരി.
ഏകദേശം അമ്പത്തിനാലാം വയസ്സിൽ... റിട്ടയർമെന്റിന് രണ്ടു വർഷം ബാക്കിയുള്ളപ്പോൾ മാത്രമാണ് മേനോന് സ്വന്തം ജില്ലയായ എറണാകുളത്തേക്ക്... അസിസ്റ്റന്റ് എൻജിനീയർ പദവിയിലേക്കുള്ള പ്രമോഷനോടെ ട്രാൻസ്ഫർ കിട്ടിയത്. കാക്കനാട്ട് സിവിൽ സ്റ്റേഷനിലുള്ള എക്സിക്യൂട്ടിവ് എൻജിനീയേഴ്സ് ഓഫീസിലേക്കായിരുന്നു നിയമനം. "അസിസ്റ്റന്റ് എൻജിനീയർ" എന്ന പദവി ലഭിച്ചപ്പോഴെങ്കിലും, വീട്ടുകാർക്ക് പഴയതിനേക്കാൾ കുറച്ചു കൂടി മെച്ചപ്പെട്ട ഒരു താമസ സൗകര്യം ഒരുക്കി കൊടുക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹവും സ്വപ്നമായി തന്നെ അവശേഷിച്ചു. ഓഫീസിൽ പോകാനും, കുട്ടികളുടെ യാത്രാസൗകര്യത്തിനുമായി ഓഫീസിനടുത്ത്... കുറഞ്ഞ വാടകയുള്ള.. ഒരു വീടിനു വേണ്ടിയുള്ള തകൃതിയായ അന്വേഷണമായിരുന്നു ആദ്യ ദിവസങ്ങളിൽ. ഫലം കാണാതെ വന്നപ്പോൾ.... "കുറച്ചു കൂടി അകലെയായാലും തെറ്റില്ല.. നമുക്ക് സ്കൂട്ടറുണ്ടല്ലോ" എന്ന വാരസ്യാരുടെ സ്വാന്ത്വനവചനങ്ങളിൽ മേനോൻ ആശ്വാസം കണ്ടെത്തുകയായിരുന്നു, അങ്ങനെ പൂക്കാട്ടുപടിയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ കുന്നിൽ ചെരുവിൽ, ഒരു മുസ്ലീം കുടുംബത്തിന്റെ ഒഴിഞ്ഞു കിടന്നിരുന്ന ഒരു പഴയ ഓടിട്ട വീട് മൂവായിരം രൂപ മാസവാടകയും മൂന്നു മാസത്തെ അഡ്വാൻസും പറഞ്ഞുറപ്പിച്ചു. വരാന്തയും രണ്ടു കിടപ്പുമുറികളും അടുക്കളയും ഉള്ള ആ ചെറിയ വീട്ടിൽ മേനോന്റെ കുടുംബം പഴയതു പോലെ "ഉള്ളത് കൊണ്ട് ഓണം" എന്ന പോലെ ജീവിതം തുടരാൻ നിർബന്ധിതരായി.
തറക്കാട്ട് ദേവസി അച്ചായൻ... "ടി. ദേവസി" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രമുഖനായിരുന്നു പ്രദേശത്തെ പ്രധാന ഗവൺമെന്റ് കോൺട്രാക്ടർ. ജില്ലയിലെ ഭൂരിഭാഗം ഗവൺമെന്റ് വർക്കുകളും അച്ചായന്റെ പേരിലായിരുന്നു. നേരിൽ കാണുന്നവർ ആദരവോടെ ദേവസ്യാച്ചനെന്നും അല്ലാത്തപ്പോൾ അദ്ദേഹത്തിന്റെ വീട്ടുപേരിന്റെ ആദ്യ രണ്ടക്ഷരങ്ങൾ വട്ടപ്പേരാക്കിയും അറിയപ്പെട്ടിരുന്ന അദ്ദേഹം ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്ന ഒരു പരോപകാരി എന്ന നിലയിലാണ് ഡിപ്പാർട്ടുമന്റിൽ പൊതുവേ അറിയപ്പെട്ടിരുന്നത്. ഓഫീസിലെ സ്ഥിരം സന്ദർശകനും, ചായക്കാരൻ പയ്യൻ മുതൽ ചീഫ് എൻജിനീയർ വരെ എല്ലാവർക്കും പരിചിതനും "വേണ്ടപ്പെട്ടവനു" മായിരുന്നു ദേവസ്യാച്ചൻ. സർക്കാർ ഓഫീസുകളിൽ പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പിൽ "വേണ്ടെപ്പെട്ടവൻ" എന്നു പറഞ്ഞാൽ.. അതെ.. മനസ്സിലായല്ലോ.. അതു തന്നെ.
അച്ചായന്റെ ഫയലുകളിൽ ഭൂരിഭാഗവും മുകുന്ദൻ മേനോന്റെ മേശയിലൂടെ വേണം മുകളിലേക്ക് പോകാൻ. എല്ലാ ആഴ്ചകളിലും മേശപ്പുറത്തെത്തുന്ന നിരവധിയായ വർക്കുകളുടെ പാർട്ട് പേയ്മെന്റുകൾ, ഫൈനൽ ബില്ലുകൾ എന്നിവ പരിശോധിച്ച് മുകളിലേക്ക് റിപ്പോർട്ട് നൽകുന്ന ജോലിയായിരുന്നു മേനോന്. പൂർത്തിയായ വർക്കുകളുടെ ഏണസ്റ്റ്മണി ഡപ്പോസിറ്റുകൾ, സെകൂരിറ്റി ഡപ്പോസിറ്റുകൾ, ബാങ്ക് ഗാരൻഡി മാർജിൻ മണി മുതലായവ റിലീസ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതും മേനോന്റെ സെക്‌ഷനിൽ തന്നെയായിരുന്നതുകൊണ്ട് ദേവസ്യാച്ചൻ വളരെ ബഹുമാനത്തോടെ മാത്രമെ മേനോനുമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യാറുണ്ടായിരുന്നുള്ളൂ. 'മേനോൻ സാർ' എന്നു പോലും ദേവസ്യാച്ചൻ തികച്ചു വിളിക്കാറില്ല. പല തവണ "ധനസഹായം" നൽകാൻ ശ്രമിച്ചിട്ടും ഏൽക്കാതെ വന്നപ്പോൾ വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും മറ്റു സമ്മാനങ്ങളുമായും അച്ചായൻ സമീപിച്ചു നോക്കി. മേനോനെ സന്തോഷിപ്പിക്കാൻ ആവുംവിധത്തിലെല്ലാം അച്ചായൻ ശ്രമിച്ചു നോക്കിയെങ്കിലും അദ്ദേഹം അതെല്ലാം നിരസിക്കുകയായിരുന്നു. അച്ചായന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അതുപോലെ ഒരനുഭവം.
സത്യസന്ധരായ പല ഉദ്യോഗസ്ഥരെയും അച്ചായന് പരിചയമുണ്ടായിരുന്നെങ്കിലും അവരിൽ ഭൂരിഭാഗം പേരും നിർഗുണരും, നിസ്സാരമായി ചെയ്യാൻ കഴിയുന്ന ഉപകാരങ്ങൾ പോലും ചെയ്യാൻ മടിക്കുന്നവരുമായിരുന്നു. പക്ഷേ മുകുന്ദൻ മേനോൻ തികച്ചും വ്യത്യസ്തനായിരുന്നു. അച്ചായന്റെ മാത്രമല്ല, തന്റെ മേശപ്പുറത്തെത്തുന്ന ഫയലുകൾ... അത് ആരുടെതായാലും ഒട്ടും തന്നെ താമസിപ്പിക്കാതെ പരിശോധിച്ച് മുകളിലേക്ക് എത്തിക്കുവാനും, അത്യാവശ്യഘട്ടങ്ങളിൽ ലേറ്റായി രാത്രിയിൽ ഇരുന്നു പോലും ഫയലുകൾ തീർത്ത് ഫണ്ട് റിലീസ് ചെയ്യിക്കുവാനും മേനോൻ തയാറായിരുന്നു. മേനോന്റെ സമയോചിതമായ ഇടപെടൽ മൂലം ലക്ഷക്കണക്കിനു രൂപ ലാഭിക്കാൻ ദേവസ്യാച്ചായന് സാധിച്ചു. ബാങ്ക് പലിശ ഇനത്തിൽ കിട്ടിയ ലാഭം വേറെയും. സന്ദർഭം കിട്ടുമ്പോഴെല്ലാം അച്ചായൻ ഓഫീസിലുള്ളവരോട് മേനോനെ കണ്ട് പഠിക്കുവാൻ പറയാറുമുണ്ട്. മേനോൻ ഉള്ളപ്പോൾ, പ്രത്യേകിച്ചും മേനോനെയും കാണുമ്പോഴെല്ലാം നന്ദി പറയാനും "മേനോന്റെ ഈ ഉപകാരം ഞാൻ ജീവിതത്തിലൊരിക്കലും മറക്കില്ലെ" ന്നു പറയാനും അച്ചായൻ മടിക്കാറില്ല.
മാസങ്ങൾ കടന്നുപോയി. വരാനുള്ളത് വഴിയിൽ തങ്ങാറില്ലല്ലോ. മേനോൻ റിട്ടയർ ചെയ്യാൻ ആറുമാസത്തോളം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. മേനോൻ താമസിച്ചിരുന്ന ആ വാടക വീടും പുരയിടവും പണ്ടെങ്ങോ ഏതോ ബാങ്കിന് പണയപ്പെടുത്തിയിരുന്നതും നാളുകൾക്ക് മുൻപേ തന്നെ, കോടതി വഴി ജപ്തി നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നതുമായിരുന്നു. പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ താമസക്കാരെ ഒഴിപ്പിച്ച് വീട് ബാങ്കിന് കൈമാറണം എന്ന കോടതിയിൽ നിന്നും കിട്ടിയ ഉത്തരവുമായി വീട്ടുടമസ്ഥൻ എത്തിയപ്പോഴാണ് മേനോൻ യഥാർഥത്തിൽ ഞെട്ടിയത്. ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പറ്റിയ ഒരു വാടക വീട് കണ്ടുപിടിക്കുകയും കുടുംബത്തെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യുന്നതെങ്ങിനെ എന്നോർത്ത് മേനോൻ വിഷണ്ണനായിരിക്കുന്ന സമയത്താണ് ഒരു ദൈവദൂതൻ എന്ന കണക്കെ ദേവസ്യാച്ചായൻ രക്ഷകനായി പ്രത്യക്ഷപ്പെട്ടത്. "വിവരങ്ങളെല്ലാം ഞാൻ അറിഞ്ഞു മേനോനെ... കഷ്ടമായിപ്പോയി"
"അച്ചായാ, ലീസ് എഗ്രിമെന്റ് പ്രകാരം വീട് ഒഴിപ്പിക്കുന്നതിന് മൂന്നു മാസത്തെയെങ്കിലും മുൻകൂർ നോട്ടീസ് അയാൾ നൽകേണ്ടേ? ഇതിപ്പോൾ കോടതി വിധിയാണത്രേ. രണ്ടാഴ്ചക്കുള്ളിൽ ഒഴിഞ്ഞു കൊടുക്കണമെന്ന്.. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല" മേനോൻ വികാരാധീനനായി. "ഇതിലിപ്പോ, വേണമെങ്കിൽ ആ എഗ്രിമെന്റ് കാണിച്ച് കോടതിയിൽ നിന്നും ഒരു സ്റ്റേ വാങ്ങാൻ യാതൊരു പ്രയാസവുമില്ല" അച്ചായൻ തുടർന്നു. "പക്ഷേ മൂന്നു മാസം നീട്ടിക്കിട്ടിയതു കൊണ്ട് മാത്രം മേനോന്റെ പ്രശ്നം തീരുന്നില്ലല്ലോ.. അടുത്ത മാർച്ചിൽ മേനോന്റെ റിട്ടയർമെന്റും വരികയാണല്ലോ." "കോടതിയിൽ പോകാനൊന്നും ഞാനില്ല അച്ചായാ. ഇപ്പോ ഉള്ളതിലും വലിയ തലവേദനയാവും അത്." "മേനോൻ വിഷമിക്കാതിരിക്കൂ. നമ്മളൊന്നും ഇതുവരെ ആരെയും വഞ്ചിച്ചോ ഉപദ്രവിച്ചോ ജീവിച്ചിട്ടില്ല. അതുകൊണ്ട് ദൈവം നമ്മുടെ കൂടെയുണ്ട്. എല്ലാം നല്ലതിനാണെന്ന് കരുതി സമാധാനിക്കുക. മേനോൻ ധൈര്യമായിരിക്ക്... നമുക്ക് പരിഹാരമുണ്ടാക്കാം."
കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അച്ചായൻ പറഞ്ഞു. "കങ്ങരപ്പടിയിൽ ഒരു ഹൗസിങ്ങ് കോളനിയിൽ കഴിഞ്ഞ വർഷം ഞാൻ എന്റെ മകളുടെ പേരിൽ വാങ്ങിയ ഒരു വീടുണ്ട്. വാടകക്ക് കൊടുക്കേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് വെറുതെ പൂട്ടിയിട്ടിരിക്കയാണ്. രണ്ടു ദിവസത്തിനകം അത് അടിച്ചു തുടച്ച് വൃത്തിയാക്കാനുള്ള ഏർപ്പാട് ഞാൻ ചെയ്യാം. തൽക്കാലത്തേക്ക് മേനോൻ അവിടേക്ക് താമസം മാറ്റുക. ബാക്കിയുള്ള കാര്യങ്ങൾ നമുക്ക് പിന്നീട് ആലോചിക്കാം." "അച്ചായാ.. പക്ഷേ അതിന്റെ വാടക.. അത്രയൊക്കെ.. എനിക്ക്...." മേനോൻ പറഞ്ഞു തീരും മുമ്പേ അച്ചായൻ പൂരിപ്പിച്ചു. "വാടകക്ക് വേണ്ടിയല്ല മേനോനേ... മനുഷ്യർ അന്യോന്യം അറിഞ്ഞു സഹായിക്കേണ്ടത് വിഷമഘട്ടങ്ങളിലാണ്. വെറുതെ അടച്ചിട്ടിരിക്കുന്ന വീടാണ്. ഇനി വാടക തന്നേ തീരുവെന്ന് മേനോന് നിർബന്ധമുണ്ടെങ്കിൽ എത്രയെന്ന് മേനോൻ തന്നെ തീരുമാനിച്ചാൽ മതി. തൽക്കാലം സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് തുടങ്ങുക. പായ്ക്കിങ്ങ് കഴിയുമ്പോൾ അറിയിച്ചാൽ ഞാൻ എന്റെ ട്രക്കും പണിക്കാരെയും അയക്കാം." മല പോലെ വന്ന പ്രശ്നം ഇത്രയും നിസ്സാരമായി തീർത്തു കൊടുത്ത അച്ചായന്റെ ആ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞിട്ടും മേനോനും കുടുംബത്തിനും മതിവന്നില്ല. "അച്ചായന്റെ നല്ല മനസ്സ്... അദ്ദേഹം ഇത്ര നല്ലവനാണെന്ന് ഞാൻ അറിഞ്ഞതേയില്ല...." മേനോന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വന്നില്ല. "ഇതാണ് യഥാർഥ മനുഷ്യ സ്നേഹം... മനമുരുകി പ്രാർഥിക്കുന്നവർക്ക് താങ്ങും തണലുമായി നല്ല മനുഷ്യർ ദൈവദൂതൻമാരെപ്പോലെ വന്നെത്തും എന്നു കേട്ടിട്ടില്ലേ" വാരസ്യാരും വാചാലയായി..
പൂക്കാട്ടുപടി റോഡിൽ കങ്ങരപ്പടി കഴിഞ്ഞ് വലത്തു വശത്ത് ദൂരെയായി നിർമ്മിച്ചിട്ടുള്ള മനോഹരമായ ഒരു ഹൗസിങ്ങ് കോളനിയിലായിരുന്നു ആ വീട്. നിര നിരയായി ഒരേ രീതിയിൽ ഭംഗിയായി പണികഴിപ്പിച്ചിട്ടുള്ള വീടുകളിലൊന്ന്. കോമ്പൗണ്ടിനു ചുറ്റും മതിൽക്കെട്ടും വലിയ പ്രവേശനകവാടവും അതിനു മുകളിൽ സ്വർണ്ണലിപികളിൽ എഴുതിയിരുന്ന "ഗോൾഡൻ എൻക്ലേവ്" എന്ന നെയിംബോർഡും ചുറ്റുമുള്ള നെൽവയലുകളിൽ നിന്നുള്ള ശുദ്ധവായുവും വെളിച്ചവുമെല്ലാം ആ ഹൗസിങ്ങ് കോളനിയെ ആകർഷകമാക്കിയിരുന്നു. വീതിയേറിയ റോഡുകളും വീടുകൾക്കെല്ലാം പ്രത്യേകമായി ചുറ്റുമതിലുകളും നിർമ്മിച്ചിട്ടുള്ള സുന്ദരമായ ഒരു ഹൗസിങ്ങ് കോളനി. മൂന്നു കിടപ്പുമുറികളും മറ്റെല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഇടത്തരം വീട്. നിർമ്മാണം കഴിഞ്ഞിട്ട് അധികം നാളുകൾ കഴിയാത്ത ആ കോളനിയിലെ പല വീടുകളിലും താമസം തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഭൂരിഭാഗം ഉടമസ്ഥരും വിദേശങ്ങളിൽ ജോലി ചെയ്യുന്നവരാണെന്നാണ് അച്ചായനിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഒരാഴ്ചക്കുള്ളിൽത്തന്നെ അച്ചായന്റെ പുതിയ വീട്ടിലേക്ക് മേനോനും കുടുംബവും താമസം മാറ്റി. താമസം തുടങ്ങിയ ശേഷം മുറ്റത്തുണ്ടായിരുന്ന ചെറിയ പൂന്തോട്ടം അമ്മയും മക്കളും കൂടി കൂടുതൽ ആകർഷകമാക്കി. ഓഫീസിലേക്ക് പോകാൻ സ്കൂട്ടറിൽ പത്തേ പത്തു മിനിട്ട് യാത്ര മാത്രം. സന്തോഷമായി എല്ലാവർക്കും.
ഇത്രയേറെ ഭംഗിയുള്ളതും, ആവശ്യത്തിന് കാറ്റും വെളിച്ചവുമുള്ളതുമായ ഒരു വീട് അന്നുവരെ അവർക്ക് താമസിക്കാൻ കിട്ടിയിരുന്നില്ല. അങ്ങ് ദൂരെ മെയിൻ റോഡ് വരെ പച്ചപുതച്ച നെൽപ്പാടം. അതിലൂടെയെത്തുന്ന ഇളം കാറ്റിന്റെ കുളിർമ.. മേനോനും കുടുംബത്തിനും വീടും പരിസരവും വളരെ ഇഷ്ടമായി. വാരസ്യാർക്ക് പ്രത്യേകിച്ചും. അതുപോലെ എല്ലാം തികഞ്ഞ ഒരു വീടും സ്ഥലവും സ്വന്തമായി കിട്ടിയിരുന്നെങ്കിലോ എന്നു വരെ ആഗ്രഹിച്ച നാളുകൾ.. മനുഷ്യൻ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ പോലും മനസ്സിന്റെ തീവ്രമായ ആഗ്രഹം കൊണ്ട് സഫലമാകുമെന്ന ഒരു സത്യമുണ്ട്. മേനോന്റെ കാര്യത്തിൽ അത് യാഥാർഥ്യമായി കലാശിക്കുകയായിരുന്നു. മേനോന്റെ റിട്ടയർമെന്റിന് മാസങ്ങൾ മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ. എല്ലാ വർഷത്തെയും പോലെ ക്രിസ്തുമസിന്റെ തലേന്ന് വൈകിട്ട് കേക്കും വൈനുമായി അച്ചായൻ മേനോന്റെ വീട്ടിലെത്തി. "സർവീസിലിരിക്കുമ്പോൾ ഉള്ള മേനോന്റെ അവസാനത്തെ ക്രിസ്തുമസ് ആണിത്. നമുക്കിത് നന്നായി ആഘോഷിക്കണം..."മോസ്റ്റ് മെമ്മറബിൾ" ആക്കണം.
വന്നു കയറിയപ്പോഴേ തന്നെ അച്ചായൻ ഒരു ഫെസ്റ്റിവെൽ മൂഡിലായിരുന്നു. മനസ്സിനിണങ്ങിയ വീട് താമസിക്കാൻ കിട്ടിയതിന്റെ സന്തോഷത്തിൽ മേനോനും കുടുംബവും അച്ചായനെ സൽക്കരിച്ചു. കുശലപ്രശ്നങ്ങൾ നീണ്ടു. വീട്ടുവാടകയെക്കുറിച്ചുള്ള ചർച്ചയും ഒരു തീരുമാനത്തിലായി. "വാടക തന്നേ തീരൂ എന്നുണ്ടെങ്കിൽ തൽക്കാലം മേനോൻ പഴയ വീടിന് കൊടുത്തു കൊണ്ടിരുന്ന വാടക തന്നെ തന്നോളൂ." അച്ചായൻ തുടർന്നു. "ഇനി ഒരു കാര്യം കൂടി പറയട്ടെ. തെറ്റില്ലാത്ത ഒരു വില കിട്ടിയാൽ ഈ വീട് വിറ്റ് ടൗണിൽ ഒരു ഫ്ലാറ്റ് വാങ്ങാനാണ് മകൾക്ക് താൽപര്യം" "മേനോന് മറ്റൊരു നല്ല വീട് കിട്ടും വരെ ഇവിടെ താമസിക്കാം കേട്ടോ. മേനോന്റെ പരിചയത്തിലുള്ള ആർക്കെങ്കിലും വീട് വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ നമുക്ക് വിലയിൽ കുറച്ച് അഡ്ജസ്റ്റ് ചെയ്ത് കൊടുക്കാം. മേനോന് ന്യായമായ ഒരു കമ്മീഷൻ വാങ്ങിത്തരികയും ചെയ്യാം." "ഞാൻ മറ്റൊന്ന് കൂടി ആലോചിക്കുകയായിരുന്നു.. മേനോൻ എത്ര നാൾ ഈ വാടക വീടുകളിൽ കഴിയും? റിട്ടയർമെന്റാണെങ്കിൽ അടുത്തു വരുന്നു. ഒരു വീട് മേനോനും സ്വന്തമായി വേണ്ടേ? മേനോന് താൽപ്പര്യമുണ്ടെങ്കിൽ അവൾ വാങ്ങിയ വിലക്കു തന്നെ തരാനുള്ള ഏർപ്പാട് ഞാൻ ചെയ്യാം.. ഈ വാടക പ്രശ്നം ഒഴിവാക്കുകയുമാവാം. നമ്മൾ "വേണ്ടപ്പെട്ടവർ" തമ്മിലുള്ള ഇടപാടായതുകൊണ്ട് ഇടനിലക്കാർക്കുള്ള കമ്മീഷനും ഒഴിവാക്കാമല്ലോ."
"താൽപര്യക്കുറവില്ല അച്ചായാ... പക്ഷേ വാങ്ങിയ വില എന്നു പറയുമ്പോൾ.. എനിക്ക് താങ്ങാവുന്ന ഒരു വില..." മേനോൻ പറഞ്ഞു തീരും മുമ്പേ അച്ചായൻ പൂരിപ്പിച്ചു. "നാൽപത്തിയഞ്ച്... രണ്ടു വർഷം മുമ്പ് നാൽപ്പത്തിയഞ്ചിനാണിത് വാങ്ങിയത്." "നാൽപത്തിയഞ്ച് ലക്ഷം എന്നു പറയുമ്പോ.. അത്രയും തുക പെട്ടെന്ന് എടുക്കാൻ എന്റെ കൈയ്യിൽ ഉണ്ടാവില്ലല്ലോ അച്ചായാ". ഏതായാലും ഞാൻ ഗീതയുമായി ഒന്ന് ആലോചിക്കട്ടെ. റിട്ടയർമെന്റ് ബെനിഫിറ്റ്സ് കിട്ടാൻ മാർച്ച് കഴിഞ്ഞ് ഏപ്രിൽ അവസാനമാവും. അത്രയും സമയം കിട്ടിയാൽ ഒരു പക്ഷേ..." "പെട്ടെന്ന് വേണമെന്ന് ആരു പറഞ്ഞു? മേനോന് താൽപര്യമുണ്ടെങ്കിൽ, ആലോചിച്ച് അറിയിച്ചാൽ മതി. പണത്തിന്റെ കാര്യത്തിനൊക്കെ നമുക്ക് സമാധാനമുണ്ടാക്കാം. തൽക്കാലം മേനോന് പറ്റുന്ന ഒരു തുക തന്ന് കരാറെഴുതുക. ഏപ്രിൽ മാസത്തിൽ, മേനോൻ പറഞ്ഞതുപോലെ, റിട്ടയർമെന്റ് തുക കിട്ടുമ്പോൾ.. അല്ല നമ്മൾ "വേണ്ടപ്പെട്ടവർ" തമ്മിലാവുമ്പോ, ഇനി അൽപം താമസിച്ചാലും കുഴപ്പമില്ല.. ബാക്കി തുകയും തന്ന് തീറ് നടത്തിയാൽ മതിയല്ലോ. പ്രശ്നം തീർന്നില്ലേ?" "നാൽപ്പത്തിയഞ്ചും പിന്നെ രജിസ്ട്രേഷനും മറ്റു ചിലവുകളും കൂടി അമ്പതു ലക്ഷത്തിൽ താഴെയേ വരൂ..." ഇത്രയും കുറഞ്ഞ തുകക്ക് മനസ്സിനിണങ്ങിയ ആ വീട് മറ്റാർക്കും വിട്ടു കൊടുക്കാൻ മേനോനും കുടുംബത്തിനും മനസ്സു വന്നില്ല.
ബാങ്കിൽ ആകെ സമ്പാദ്യമായി കിടന്നിരുന്ന പത്തു ലക്ഷത്തോളം രൂപയും വാരസ്യാരുടെ ആഭരണങ്ങൾ വിറ്റ്കിട്ടിയ പതിനഞ്ച് ലക്ഷവും കൂടി ഇരുപത്തിയഞ്ചു ലക്ഷം രൂപ സ്വരൂപിച്ചു. റിട്ടയർമെന്റ് ആനുകൂല്യങ്ങളും, പെൻഷൻ കമ്മ്യൂട്ടേഷൻ തുകയും ഉൾപ്പടെ ഏകദേശം ഇരുപത്തിയഞ്ചു ലക്ഷം കൂടി എങ്ങനെയെങ്കിലും സംഘടിപ്പിക്കാമെന്ന ധൈര്യത്തിൽ നാലു മാസത്തെ കരാറിൽ ഒപ്പുവെച്ചു. മേനോന്റെ റിട്ടയർമെന്റ് പാർട്ടി കാക്കനാട്ടുള്ളള സബർബൻ ക്ലബ്ബിൽ വച്ചായിരുന്നു. സബർബൻ ക്ലബ്ബിൽ ദേവസ്യാച്ചായൻ മെമ്പറാണ്. സഹപ്രവർത്തകർ നടത്തിയ അത്താഴ വിരുന്നിൽ അച്ചായനെ പ്രത്യേകമായി അവർ ക്ഷണിച്ചിരുന്നു. മേനോന്റെ കുടുംബാംഗങ്ങളും ഒത്തുചേർന്ന ആ മീറ്റിംഗിൽ വച്ച് ദേവസ്യാച്ചായൻ മേനോനെ വാനോളം പുകഴ്ത്തി ഒരു ആശംസാ പ്രസംഗം നടത്തി. പ്രസംഗത്തിന്റെ അവസാനത്തിൽ ദേവസ്യാച്ചായൻ മേനോനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. അവസാനമായി ഗദ്ഗദകണ്ഠനായി അദ്ദേഹം കൂട്ടിച്ചേർത്തു. "മേനോൻ സാറിനെ എന്റെ ജീവനുള്ളിടത്തോളം കാലം ഞാൻ മറക്കില്ല" ആത്മാർഥത തുളുമ്പുന്ന ആ വാക്കുകൾ കേട്ടപ്പോൾ മേനോന്റെയും വാരസ്യാരുടെയും മനസ്സും കണ്ണുകളും നിറഞ്ഞു.
നാലു മാസം കാലാവധി വച്ചിരുന്നെങ്കിലും, വിചാരിച്ചതിലും മുമ്പേ തന്നെ പണത്തിന്റെ കാര്യങ്ങൾ ശരിയാവുകയും വസ്തു മേനോന്റെ പേരിൽ രജിസ്റ്റർ ചെയ്ത് വാങ്ങുകയും ചെയ്തു. അങ്ങനെ അച്ചായന്റെ വാടക വീട്ടിൽ താമസിച്ചു തുടങ്ങിയ മേനോൻ ആറു മാസങ്ങൾക്കുള്ളിൽത്തന്നെ ആ വീടിന്റെ ഉടമയായിത്തീർന്നു. വീട്ടിൽ നേരത്തെ തന്നെ പ്രവേശിച്ചു താമസം തുടങ്ങിയതാണെങ്കിലും "ഗൃഹ പ്രവേശം" വീണ്ടും നടത്തണമെന്ന വാരസ്യാരുടെ അഭിമതം കണക്കിലെടുത്ത് പറവൂരിൽ നിന്നും തിരുമേനിയെ വരുത്തി ചടങ്ങുകൾ പൂർത്തിയാക്കി. സഹപ്രവർത്തകരെയും ബന്ധുക്കളെയും വിളിച്ച് പതിനെട്ടുകൂട്ടം കറികളും പ്രഥമനും രണ്ടു തരം പായസവും വച്ച് സദ്യ നടത്തി. വന്നുകണ്ടവർക്കെല്ലാം വീടും പരിസരവും നന്നായി ബോധിക്കുകയും ചെയ്തു. ഗൃഹപ്രവേശനത്തിനു സമ്മാനമായി കിട്ടിയ നിരവധി സ്റ്റീൽ പാത്രങ്ങൾ, ക്ലോക്കുകൾ, ടൈം പീസുകൾ, ഇസ്തിരിപ്പെട്ടികൾ എന്നിവയെല്ലാം നിരത്തിവച്ച് അവയുടെ നടുവിലിരുന്ന് വാരസ്യാർ പുളകംകൊണ്ടു. മേനോന്റെ കുടുംബത്തിന് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും നാളുകളായിരുന്നു അവ.
മാസങ്ങൾ കടന്നുപോയി. മഴക്കാലം വന്നെത്തിയതോടെ പാടം നിറഞ്ഞ് വീട്ടുമുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങി. അപ്പോൾ മാത്രമാണ് അത്രയും കുറഞ്ഞ വിലക്ക് വീട് കിട്ടിയതിന്റെയും, "എൻക്ലേവി" ലെ ഭൂരിഭാഗം വീടുകളും വിറ്റു പോകാതെയും ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതിന്റെയും രഹസ്യം, മേനോനും കുടുംബത്തിനും മനസ്സിലായത്. ശക്തമായ മഴക്ക് പിന്നാലെ മുറ്റത്തേക്ക് ഒഴുകിയെത്തിയ പായൽ നിറഞ്ഞ ചെളിവെള്ളത്തിലൂടെ മഞ്ഞത്തവളകളും, അവയുടെ പിറകെ നീർക്കോലികളും വന്നെത്തി. വീടിന്റെ തറക്ക് കുറച്ച് ഉയരമുണ്ടായിരുന്നതിനാൽ വീടിനകത്ത് വെള്ളം കയറുന്നില്ലല്ലോ എന്ന ആശ്വാസത്തോടെ മേനോനും കുടുംബവും ഒരു വിധത്തിൽ തള്ളിനീക്കുകയായിരുന്നു.. തുടർന്ന് വന്ന കർക്കടക മാസം... ഇടതടവില്ലാതെ ആർത്തലച്ചു പെയ്ത പേമാരിയിൽ കേരളമാകെ വിറങ്ങലിച്ചു നിന്നു. ആഴ്ചകളോളം ശമനമില്ലാതെ തുടർന്ന പെരുമഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം നിറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം വരും വർഷങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഒഴിവാക്കേണ്ടതിനായി വൃഷ്ടിപ്രദേശങ്ങളിൽ പെയ്തിറങ്ങിയ ജലമെല്ലാം അണക്കെട്ടുകളിൽത്തന്നെ സൂക്ഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി തുടർന്ന പേമാരി മൂലം അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു തുടങ്ങി. അവസാനം സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം തന്നെ ഒരുമിച്ച് തുറന്നു വിടാതെ നിർവാഹമില്ലെന്ന നിലയിലെത്തി. അങ്ങനെയാണ് ജന ജീവിതം ദുസ്സഹമാവുമെന്നറിഞ്ഞിട്ടും, ആസന്നമായിരുന്ന ആ ഭീകര ദുരന്തം ഒഴിവാക്കാനായി പെരുമഴക്കാലത്തു തന്നെ അണക്കെട്ടുകളെല്ലാം ഒരുമിച്ച് തുറന്നു വിടാൻ തീരുമാനമായത്.
നിറുത്താതെ പെയ്യുന്ന മഴയുടെ കൂടെ അണക്കെട്ടുകളിൽ നിന്നുള്ള നീരൊഴുക്കും കൂടിയായപ്പോൾ പ്രളയം എറണാകുളം ജില്ലയെ അക്ഷരാർഥത്തിൽ വിഴുങ്ങി. പെരിയാറിന്റെയും കൈവഴികളുടെയും കരകളിലുള്ള ഭൂരിഭാഗം വീടുകളും മേൽക്കൂര കാണാത്ത രീതിയിൽ വെള്ളത്തിനടിയിലായി. ജനങ്ങൾ വീടും വീട്ടുസാമഗ്രികളും ഉപേക്ഷിച്ച് ഉയർന്ന പ്രദേശങ്ങളിലെ ക്യാമ്പുകളിലും സ്കൂൾ കെട്ടിടങ്ങളിലും അഭയം തേടി. ഗോൾഡൻ എൻക്ലേവ് ഹൗസിങ് കോളനിയിലും പരിസര പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു. അതിശക്തമായ വെള്ളപ്പാച്ചിലിൽ കോളനിയുടെ ചുറ്റുമതിലാണ് ആദ്യം തകർന്നു വീണത്. പിന്നാലെ വീടിനകത്തേക്ക് വെള്ളം ഇരച്ചു കയറി വരുന്നത് കണ്ടതോടെ മേനോനും കുടുംബവും വസ്തുവിന്റെ ആധാരങ്ങളും മറ്റു അവശ്യം വേണ്ട സാധനങ്ങളും എടുത്ത്, നെഞ്ചറ്റം വെള്ളത്തിലൂടെ നടന്ന് മെയിൻ റോഡിലെത്തുകയായിരുന്നു. വെള്ളപ്പാച്ചിലിൽ തകർന്നടിഞ്ഞ റോഡിലൂടെ ഒരു വിധത്തിൽ നടന്ന് കങ്ങരപ്പടിയിലെത്തി. റോഡിനിരുവശങ്ങളിൽ മാത്രമല്ല, പറ്റാവുന്ന എല്ലാ ഇടങ്ങളിലും കാറുകളും മറ്റു വാഹനങ്ങളും കൊണ്ടു നിറഞ്ഞിരുന്നു. പഴം പച്ചക്കറിക്കട, ബേക്കറി, പലവ്യഞ്ജനക്കട, ഹോട്ടൽ, എന്നു വേണ്ട, എല്ലാ കടകളിലും ജനങ്ങൾ തിങ്ങിക്കൂടി കിട്ടാവുന്ന ഭക്ഷണസാധനങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു. തിരക്കിനിടയിലൂടെ തിക്കിക്കയറി, കടയിൽ ആകെ ബാക്കിയുണ്ടായിരുന്ന ബ്രഡ്ഡും, ജാമും സംഘടിപ്പിച്ചു. രാത്രി എവിടെ കഴിച്ചുകൂട്ടും? അതായിരുന്നു അപ്പോഴത്തെ വേവലാതി. ബേക്കറി ഉടമയോട് ദുരിതാശ്വാസ ക്യാമ്പിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തൊട്ടടുത്ത കുന്നിൽ ചെരുവിലുള്ള ഗവൺമെന്റ് എൽപി സ്കൂളിലാണ് ക്യാമ്പ്. കയറ്റം കയറി സ്കൂൾ മുറ്റത്തേക്കെത്തി... വരാന്തയിൽ ബെഞ്ചും ഡസ്ക്കുമിട്ട്, ക്യാമ്പിലേക്ക് എത്തുന്നവരുടെ പേരും വിവരങ്ങളും എഴുതിയെടുക്കാനായി പഞ്ചായത്ത് അധികൃതരും ഖദർധാരികളും കാത്തിരിക്കുന്നുണ്ടായിരുന്നു. രാത്രി കിടക്കാനും വിശ്രമിക്കാനുമായി ക്ലാസ് മുറികൾ തുറന്നിട്ടിരുന്നു. ഇടതടവില്ലാതെ തുടർന്ന മഴയും കാറ്റടിയും കൊണ്ട് നനഞ്ഞ ക്ലാസ് മുറിയിലെ ബഞ്ചുകളും ഡസ്ക്കുകളും കൂട്ടിയിട്ട് രാത്രി കഴിച്ചുകൂട്ടി. ഉറക്കം വന്നതേയില്ല. പ്രഭാത കൃത്യങ്ങൾക്കായി ഗ്രൗണ്ടിന്റെ മൂലയിൽ ഓല കൊണ്ട് മറച്ച ഷെഡിന് മുന്നിൽ നീണ്ട നിര.. "മുകുന്നേട്ടാ, എന്നാലും അയാൾ നമ്മളോടിത്..." മറുപടി പ്രതീക്ഷിച്ചില്ല. അയാൾ ഒന്നും പറഞ്ഞതുമില്ല.. ചുറ്റിലുമുള്ള താഴ്ന്ന പ്രദേശങ്ങളാകെ നിറഞ്ഞ് ഒഴുകുന്ന മലവെള്ളത്തിന്റെ ഭീകരമായ കാഴ്ചക്കിടയിൽ.... അങ്ങകലെ പാടത്തിനു നടുവിൽ നാട്ടിയ കോലം പോലെ അവശേഷിച്ച.. ആ വലിയ പ്രവേശനകവാടവും അതിനു മുകളിൽ സ്വർണ്ണലിപികളിൽ എഴുതിച്ചേർത്ത "ഗോൾഡൻ എൻക്ലേവ്" എന്ന നെയിംബോർഡും അവർ വ്യക്തമായി കണ്ടു.. അപ്പോഴും.. പ്രളയത്തിന്റെ അതിശക്തമായ കുത്തൊഴുക്കിൽ വേരോടെ പിഴുതെറിയപ്പെട്ട ഒരു വൻവൃക്ഷം മലവെള്ളപ്പാച്ചിലിലൂടെ ഒഴുകി അകലേക്ക് മറയുന്ന കാഴ്ച നിർവികാരനായി നോക്കി നിൽക്കുകയായിരുന്നു അയാൾ...