'മഴ എന്ന വാക്കിന് സ്നേഹം എന്നുകൂടി അർഥമുണ്ടെന്നാണ് അവൾ പറയാറ്...'
ജോയലിനോട് ഇരിക്കാൻ പറഞ്ഞ് കന്യാസ്ത്രീ അകത്തേക്കുപോയി. ഇരുട്ടുനിറഞ്ഞ ഇടനാഴികളിലേക്ക് കണ്ണുപായിച്ച് ജോയൽ കസേരമേലിരുന്നു. “ഇവിടെ ഞങ്ങൾ രണ്ടുപേരേയുള്ളു.”, ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ കാതറിൻ മുന്നിൽ. ചാരനിറത്തിലുള്ള ഹാബിറ്റാണ് വേഷം. കറുത്ത ശിരോവസ്ത്രവും പുഞ്ചിരിയൂറുന്ന മുഖവും.
ജോയലിനോട് ഇരിക്കാൻ പറഞ്ഞ് കന്യാസ്ത്രീ അകത്തേക്കുപോയി. ഇരുട്ടുനിറഞ്ഞ ഇടനാഴികളിലേക്ക് കണ്ണുപായിച്ച് ജോയൽ കസേരമേലിരുന്നു. “ഇവിടെ ഞങ്ങൾ രണ്ടുപേരേയുള്ളു.”, ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ കാതറിൻ മുന്നിൽ. ചാരനിറത്തിലുള്ള ഹാബിറ്റാണ് വേഷം. കറുത്ത ശിരോവസ്ത്രവും പുഞ്ചിരിയൂറുന്ന മുഖവും.
ജോയലിനോട് ഇരിക്കാൻ പറഞ്ഞ് കന്യാസ്ത്രീ അകത്തേക്കുപോയി. ഇരുട്ടുനിറഞ്ഞ ഇടനാഴികളിലേക്ക് കണ്ണുപായിച്ച് ജോയൽ കസേരമേലിരുന്നു. “ഇവിടെ ഞങ്ങൾ രണ്ടുപേരേയുള്ളു.”, ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ കാതറിൻ മുന്നിൽ. ചാരനിറത്തിലുള്ള ഹാബിറ്റാണ് വേഷം. കറുത്ത ശിരോവസ്ത്രവും പുഞ്ചിരിയൂറുന്ന മുഖവും.
പൊടിപടലങ്ങൾക്കിടയിൽ തിളങ്ങിനിൽക്കുന്ന സ്ഫടികക്കഷണങ്ങളാണ് ഇന്നലെകളെന്ന് ജാലകത്തിനപ്പുറത്തെ വിശാലമായ ഇലപ്പച്ചനോക്കി ജോയൽ സ്വയം പറഞ്ഞു. ഇതുവരെ കണ്ടതും ഇനി കാണാനിരിക്കുന്നതുമായ കാഴ്ചകളെക്കുറിച്ച് അങ്ങനെയേ കരുതാനാകുമായിരുന്നുള്ളുവെന്ന് ചിന്തിച്ചതും ‘ഇറങ്ങിവാ ജോ സമയമായി’ എന്ന് അമ്മച്ചി താഴെനിന്ന് വീണ്ടും വിളിച്ചുപറഞ്ഞു. പിന്നെ നിന്നില്ല. ഗോവണിപ്പടികളിറങ്ങി താഴോട്ടു ചെന്നു. അപ്പോഴേക്കും ഇറങ്ങാൻ തയാറായി വല്യമ്മച്ചിയും അമ്മച്ചിയും മുറ്റത്ത് നിൽക്കുകയായിരുന്നു. വെളുപ്പാൻകാലത്ത് തകർത്തുപെയ്ത മഴയുടെ ആരവങ്ങൾ പൂർണ്ണമായും ഒഴിഞ്ഞിരിക്കുന്നുവെന്ന് കാർ പുറത്തെക്കെടുത്തപ്പോഴേ ജോയലിന് മനസ്സിലായി. സത്യത്തിൽ വല്ലാത്ത രൗദ്രഭാവമായിരുന്നു മഴയ്ക്ക്. ഏറെനേരം ജനാലയിലൂടെ അത് നോക്കിനിൽക്കവേ ആരെയും കൂസാത്തമട്ടിലാണ് മഴ ഭൂമിയെ കുളിപ്പിച്ചതെന്ന് ജോയലിനു തോന്നി. എന്തുകൊണ്ടെന്നറിയില്ല എലേനയുടെ മുഖമായിരുന്നു ജോയലിന്റെ മനസ്സിലപ്പോൾ. ഒരുപക്ഷേ അതുതന്നെയായിരിക്കണം കാരണം; ഈ നാടിനെക്കുറിച്ച് പറയുമ്പോഴൊക്കെ മഴയുമായാണ് അവളതിനെ ബന്ധിപ്പിക്കാറ്. മഴ എന്ന വാക്കിന് സ്നേഹം എന്നുകൂടി അർഥമുണ്ടെന്നാണ് അവൾ പറയാറ്.
ആയാസപ്പെട്ട് വല്യമ്മച്ചിയും പിന്നാലെ ചടുലതയോടെ അമ്മച്ചിയും കാറിലേക്ക് കയറി. പിന്നീടങ്ങോട്ട് വഴിനീളെ അവരിരുവരും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. മണ്ണും പെണ്ണും മനുഷ്യരുമെല്ലാം നിറഞ്ഞുനിന്നിരുന്ന സംസാരം… കേട്ട കഥകളെയും കഥാപാത്രങ്ങളിൽ പലതിനെയും മനസ്സിലായില്ലെങ്കിലും അവരുടെ വാക്കുകൾക്ക് ചെവികൊടുത്ത് ബന്ധങ്ങളിലെ അകലം കുറയ്ക്കാൻ മനസ്സുകൊണ്ട് ശ്രമിച്ച് ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കുന്ന മട്ടിൽ ജോയലിരുന്നു. ചാച്ചന്റെ ആണ്ടുകുർബാന കഴിഞ്ഞശേഷം പോകാനിരിക്കുന്ന യാത്ര ഉള്ളിൽ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. തന്നെ പ്രതീക്ഷിച്ചിരിക്കുന്ന കാതറിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞപ്പോഴെല്ലാം വരാനിരിക്കുന്ന കൂടിക്കാഴ്ചയുടേതായ ഉദ്വേഗം ജോയലിനെ ശല്യപ്പെടുത്തി. പള്ളിത്താഴെ മരങ്ങൾ തിങ്ങിനിറഞ്ഞ മൂലയിലായി കാർ നിർത്തി പുറത്തിറങ്ങുമ്പോഴേക്കും പള്ളിയ്ക്കകത്തുനിന്ന് അച്ചന്റെ സ്വരം ജോയലിന്റെ ചെവികളിൽ മുഴങ്ങിക്കേട്ടു. പടികൾ കയറിച്ചെന്ന് ഏറ്റവും പിറകിലായി ജോയൽ നിന്നു. വളരെക്കുറച്ചുപേരേ പള്ളിയ്ക്കകത്തുള്ളു. ഏറ്റം മുമ്പിലായി വല്യമ്മച്ചിയും അമ്മച്ചിയും. ഒന്നുരണ്ട് നിരകൾക്കിപ്പുറം ചാൾസും ജൊവാനയും. പിന്നെ മുടക്കമില്ലാതെ പള്ളിയിൽ വരുന്ന വിരലിലെണ്ണാവുന്നയത്ര ആൾക്കാർ...
ഒരു കാഴ്ചക്കാരനെപ്പോലെ ജോയൽ കുർബാന തീരുന്നതുവരെ നിന്നു. അതിനുശേഷം ഒപ്പീസിനായി സെമിത്തേരി ലക്ഷ്യമാക്കി നടക്കുന്നവർക്കൊപ്പം ജോയലും കൂടി. നിരയായിക്കിടക്കുന്ന കല്ലറകളിൽനിന്ന് നിലവിളികൾ കാതുകളിൽ പതിയുമ്പോലെ ജോയലിന് തോന്നി. ശുദ്ധീകരണസ്ഥലത്തു കിടക്കുന്ന അനേകായിരം ആത്മാക്കളുടെ നിലവിളികൾ. അവയ്ക്കിടയിലേക്ക് കൈക്കൊള്ളണമേ ഹൃദയംഗമമാം’ എന്ന പാട്ട് വന്നുവീണു. അതിനുപിന്നാലെ ഉന്നതനൃപനാം മിശിഹാനാഥാ എന്നു തുടങ്ങുന്ന പാട്ട്. പഴയ ചില ഓർമ്മകളിലേക്ക് ജോയലിന്റെ മനസ്സ് പറന്നുപോയതും കാലിലൂടെ ഒരു തരിപ്പ് ശരീരത്തിലേക്ക് കയറി. കുഞ്ഞുനാളിലേ മരണത്തോടുള്ള ഭയം ജോയലിനൊപ്പമുണ്ടായിരുന്നു. മരിച്ചുപോയ പലരെയും രാത്രികളിൽ ജോയൽ സ്വപ്നം കാണാറുണ്ടായിരുന്നു. കൗമാരനാളുകളിൽ പള്ളിമൈതാനത്തെ വൈകുന്നേരക്കളികളിൽ സെമിത്തേരിയുടെനേർക്ക് അറിയാതെ ചെവിയോർക്കുമായിരുന്നു. പള്ളിമുറിയിൽ കാരംസ് കളിച്ചിരിക്കുമ്പോൾ ഇവിടെ നിരന്നുനിൽക്കുന്ന കുരിശുകളിലേക്ക് ജാലകപ്പാളിയിലൂടെ നോട്ടം പാളിവീഴാറുണ്ടായിരുന്നു. കുടുംബക്കല്ലറയിൽ ആദ്യം അടക്കിയത് ജോയലിന്റെ വല്യപ്പച്ചനെയായിരുന്നു. പിന്നീട് ചാച്ചൻ. ചാൾസിന്റെയും കാതറിന്റെയും വീട്ടുകാരുമായി പണ്ടൊക്കെ വലിയ ശത്രുതയായിരുന്നു. ചാൾസ് ജൊവാനയെ കെട്ടിയതോടെയാണ് വീട്ടുകാർ തമ്മിലുള്ള അകലം പൂർണ്ണമായും ഇല്ലാതായത്.
“ഉടൻ തിരിച്ചുപോക്കുണ്ടോ ജോ?”, സെമിത്തേരിയുടെ ഗേറ്റിലേക്ക് ചാഞ്ഞുനിൽക്കുന്ന പൂത്ത വാകമരത്തെ നോക്കി നിൽക്കുകയായിരുന്ന ജോയൽ അച്ചന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് തലയുയർത്തി. ഉവ്വെന്ന അർഥത്തിൽ തലയാട്ടിയശേഷം വീണ്ടും പൂക്കളുടെ നേർക്ക് കണ്ണുവെട്ടിച്ചു. ഇലപ്പടർപ്പിനിടയിലൂടെ തലനീട്ടുന്ന സൂര്യരശ്മികൾ. ജോയലിന്റെ മുഖത്തുവീണു. മറ്റുള്ളവർ ഓരോരുത്തരായി നടന്നകലുന്നത് കണ്ടിട്ടും ജോയൽ അവിടെത്തന്നെ നിന്നു. ഉറപ്പിച്ചുവച്ച കല്യാണം താനായിട്ട് തട്ടിത്തെറിപ്പിച്ചത് മരണംവരെ ചാച്ചന് പൊറുക്കാൻ കഴിഞ്ഞിരുന്നില്ല. ചാച്ചന്റെ കണ്ണിൽ എലേന ഒരു മദാമ്മപ്പെണ്ണ് മാത്രമായിരുന്നു. സംസ്കാരംകൊണ്ട് ഒരിക്കലും ഒത്തുചേരില്ലാത്ത പുറംനാട്ടുകാരി. അത്രയുമോർത്തതും ജോയലിന്റെ നോട്ടം കൊച്ചുമലക്കാരുടെ കുടുംബക്കല്ലറമേൽ പതിഞ്ഞു. മൂന്നാലു ചുവടുകളേയുള്ളു അങ്ങോട്ടേക്കെങ്കിലും കുടുംബങ്ങൾ തമ്മിലുള്ള വൈരം ഏറെ കടുത്തതായിരുന്നു. എല്ലാക്കാര്യത്തിലുമുണ്ടായിരുന്നു തമ്മിൽ മൽസരം. അതുകൊണ്ടുതന്നെ ജോയലും ചാൾസും ചെറുപ്പത്തിലേ ശത്രുക്കളായി. ക്ഷേത്രോത്സവത്തിനും പള്ളിപ്പെരുന്നാളിനുമെല്ലാം ഒരു തമ്മിൽത്തല്ല് പതിവായിരുന്നു. അന്നും ജൊവാന ചാൾസിനൊപ്പമായിരുന്നു. കാതറിന്റെ പിന്തുണയാകട്ടെ ജോയലിനും. മത്സരത്തിൽ ആരു ജയിച്ചെന്നു ചോദിച്ചാൽ ഇന്നും കൃത്യമായ ഉത്തരമില്ല. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിനിടെ ജൊവാന ചാൾസിന്റെയും കാതറിൻ കർത്താവിന്റെയും മണവാട്ടിയായി. അതോടെ മൽസരം തികച്ചും അപ്രസക്തമായി.
ചില മൽസരങ്ങൾ ആരെയും ജയിപ്പിക്കില്ലെന്ന് പറയുന്നതെത്ര ശരിയാണെന്ന് ജോയൽ ചിന്തിച്ചതും ചാൾസ് പള്ളിമുറ്റത്തുനിന്ന് കൈവീശിക്കാണിച്ചു. അതിനുപിന്നാലെ അവരുടെ കാർ ഗേറ്റുകടന്നുപോയി. പള്ളിമുറ്റത്തെ സിമന്റുബഞ്ചിലിരുന്ന് വല്യമ്മച്ചി കിതയ്ക്കുന്നത് കണ്ടുകൊണ്ടാണ് ജോയൽ അങ്ങോട്ടേക്കു വന്നത്. “നമുക്കും പോയേക്കാം. നിനക്കെങ്ങാണ്ടൊക്കെ പോകേണ്ടതല്ലേ..?” വല്യമ്മച്ചിയുടെ ചോദ്യംകേട്ട് ജോയൽ തലയാട്ടി. കാറിൽ കയറിയിരുന്നതും പെട്ടെന്നോർത്തതുപോലെ അമ്മച്ചി പറഞ്ഞു: “വല്യപ്പച്ചനായിട്ട് തുടങ്ങിവച്ചതിനോടെല്ലാം ചാച്ചനൊരുതരം ആവേശമായിരുന്നു…” അമ്മച്ചി പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ജോയലിന് തോന്നിയ നിമിഷംതന്നെ കുടുംബചരിത്രത്തിന്റെ താളുകൾ തട്ടിയിളക്കി വല്യമ്മച്ചി ഓരോന്ന് പറയാൻ തുടങ്ങി. കാടുപിടിച്ചുകിടന്ന ഇന്നാട്ടിലേക്ക് പതിറ്റാണ്ടുകൾക്കുമുമ്പ് വല്യപ്പച്ചൻ വന്നതും മൃഗങ്ങളോടും മൃഗതുല്യരായ ചില മനുഷ്യരോടും പോരാടിയതും പൊടിപ്പും തൊങ്ങലുംവച്ച് എത്രയോവട്ടം വല്യമ്മച്ചിയിൽനിന്നുതന്നെ കേട്ടിരിക്കുന്നു. ആദ്യകാലത്ത് ചേമ്പും ചേനയും കപ്പയും കാച്ചിലുമെല്ലാം കൃഷി ചെയ്ത വല്യപ്പച്ചൻ പതിയെപ്പതിയെ ബിസിനസ്സിലേക്കിറങ്ങിയതോടെയാണ് കൊച്ചുമലക്കാരുമായി കൊമ്പുകോർക്കാനാരംഭിച്ചത്...
വല്യമ്മച്ചി പറഞ്ഞുനിർത്തിയേടത്തുനിന്ന് അമ്മച്ചി തുടങ്ങി. ചാച്ചന്റെ കാലത്തെപ്പറ്റിയായിരുന്നു അമ്മച്ചിയുടെ സംസാരം. ചാച്ചനാണ് ആദ്യം അവിടെ റബർകൃഷി തുടങ്ങിയത്. പിന്നെ പുഴയോരത്ത് നിറയെ തെങ്ങും കമുകും വച്ചുപിടിപ്പിച്ചു. അതിനുശേഷമാണ് ടൗണിലായി നാലഞ്ചു കെട്ടിടസമുച്ചയങ്ങൾ പണിയിപ്പിച്ചത്. ചാച്ചൻ തുടങ്ങിവച്ച റിയൽ എസ്റ്റേറ്റ് കമ്പനിയും സൂപ്പർമാർക്കറ്റുമെല്ലാം ഇപ്പോഴും നടക്കുന്നുണ്ട്. ബാക്കിയുള്ളതെല്ലാം വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ചാൾസും ജൊവാനയും സഹായത്തിനുള്ളതുകൊണ്ട് കാര്യങ്ങളെല്ലാം അമ്മച്ചി നന്നായി നോക്കിനടത്തുന്നുണ്ട്. പ്രധാന നിരത്തിൽനിന്ന് കാർ തിരിഞ്ഞുകയറിയതും അവരുടെ വർത്തമാനത്തിൽനിന്ന് ജോയലിന്റെ ശ്രദ്ധമാറി. അവിടെ ഇടതുവശത്തായാണ് കൊച്ചുമലക്കാരുടെ വീട്. റോഡിലേക്ക് തലയുയർത്തി നിൽക്കുന്ന കൊട്ടാരം. അവിടെ ഇപ്പോഴുള്ളത് മൂന്നാത്മാക്കൾമാത്രം. ചാൾസും അമ്മയുമുള്ള ലോകത്തേക്കായിരുന്നു ജൊവാന കയറിച്ചെന്നത്. അതിനും ഏറെനാൾമുമ്പേ കാതറിൻ കോൺവെന്റിൽ ചേർന്നിരുന്നു. സത്യത്തിൽ സാമ്രാജ്യങ്ങൾ പിടിച്ചടക്കാനുള്ള ഓട്ടത്തിൽ രണ്ടു കുടുംബങ്ങൾക്കും ആളും പണമടക്കമുള്ള വിഭവങ്ങൾ നഷ്ടമായി. ഇപ്പോഴാരും അതേക്കുറിച്ചൊന്നും പറയാറില്ലെന്നുമാത്രം.!
പറഞ്ഞുവന്നതിന്റെ തുടർച്ചയെന്നോണം വല്യമ്മച്ചി ചോദിച്ചു: “ഇവിടെയാണേലും നിനക്ക് പാടിക്കൂടേ ജോ?”, അതിന് ജോയലിന്റെ മറുപടിയുണ്ടായില്ല. മുറിഞ്ഞുപോയ ഓർമ്മകളെ കൂട്ടിയിണക്കാൻ ബദ്ധശ്രദ്ധനായിട്ടെന്നപോലെയായിരുന്നു ജോയലിന്റെ ഇരിപ്പ്. അതൊന്നും വകവയ്ക്കാത്തമട്ടിൽ വല്യമ്മച്ചി തുടർന്നു: “അച്ചനോട് പറഞ്ഞാ പള്ളിക്കൊയറിത്തന്നെ പാടിത്തൊടങ്ങാമല്ലോ…?”, അതുകേട്ട് അമ്മച്ചി ഉറക്കെ ചിരിച്ചു: “അതിന് അവൻ പാടുന്നത് ഇതുവല്ലോമാണോ…!” അല്ലെങ്കിലും ഇതൊക്കെ എങ്ങനെ പറഞ്ഞുമനസ്സിലാക്കാനാണ്..? മൗനമവലംബിക്കുന്നതുതന്നെ ഭേദം. എന്നിട്ടും വല്യമ്മച്ചി വിടുന്ന മട്ടില്ല. “നീയിപ്പോൾ അവിടത്തുകാരനായിപ്പോയില്ലേ…”, ഒരുതരം നിരാശ ആ ശബ്ദത്തിലുണ്ടായിരുന്നു. വല്യമ്മച്ചി പണ്ടും അങ്ങനെത്തന്നെയായിരുന്നു, ജോയലിനെ പുറത്തുവിടുന്നതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. ആഗ്രഹം വീട്ടിലവതരിപ്പിച്ചപ്പോൾ സത്യത്തിൽ ജോയലിനും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ ചാച്ചൻ അതിനോട് യോജിക്കുകയും പിന്നീട് അതിനുവേണ്ട കാര്യങ്ങളെല്ലാം മുന്നിൽനിന്ന് ചെയ്യുകയും ചെയ്തു. നാട്ടിൽനിന്നാൽ ഗുണംപിടിക്കത്തില്ലെന്നോ ബിസിനസ്സ് തനിക്ക് വഴങ്ങില്ലെന്നോ ഒക്കെ ചാച്ചൻ കരുതിക്കാണണം. ഇറ്റലി തെരഞ്ഞെടുത്തത് ജോയലായിരുന്നു. ആർട്ട്സും മ്യൂസിക്കുമായിരുന്നു പഠനവിഷയങ്ങൾ. പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റേജ് പ്രോഗ്രാമുകളിൽ പാടിത്തുടങ്ങിയതും. പഠനം പൂർത്തിയായപ്പോഴേക്കും അക്കാദമിയിൽ ജോലിയും കിട്ടിയിരുന്നു. അവിടത്തെ രീതിയിൽ പറഞ്ഞാൽ വലിയൊരു ബഹുമതിതന്നെ...
പൊടുന്നനെ ജോയലിന്റെ മനസ്സിലേക്ക് പൊടുന്നനെ മിലാൻ ഓഡിറ്റോറിയവും ലാ സ്കാലാ ഒപറാ ഹൗസും ഓടിക്കയറിവന്നു. “എന്നതാ കൊച്ചേ നീയീ ആലോചിക്കുന്നത്..?”, വല്യമ്മച്ചി ചോദിച്ചപ്പോഴേക്കും ഗേറ്റുകടന്ന് കാർ വീട്ടുമുറ്റത്തേക്ക് കയറി. “ഒന്നുമില്ല”, അതു പറഞ്ഞ് ജോയൽ മുറ്റത്തിന്റെ ഓരം ചേർത്ത് കാർ നിർത്തി. വല്യമ്മച്ചിയും അമ്മച്ചിയും തമ്മിലോരോന്ന് പറഞ്ഞുകൊണ്ട് വീട്ടിനകത്തേക്ക് കയറിപ്പോയി. വിശാലമായ പറമ്പിലേക്ക് കണ്ണയച്ച് കുറച്ചുനേരം ജോയൽ മുറ്റത്തുതന്നെ നിന്നു. പ്രകൃതിയോട് സംസാരിച്ചിങ്ങനെ നിൽക്കുന്നത് പണ്ടും ജോയലിനിഷ്ടമുള്ള കാര്യമായിരുന്നു. അന്നുമിന്നും മുന്നിലെ കാഴ്ചകൾക്ക് മാറ്റങ്ങളൊന്നുമില്ല. അച്ചടക്കത്തോടെ വരിയായി നില്‍ക്കുന്ന റബര്‍മരങ്ങള്‍. ദൂരെ പച്ചപ്പവസാനിക്കുന്നിടത്ത് കുന്തിപ്പുഴയാണ്; സൈലന്റ് വാലിയുടെ പുത്രി..! പറമ്പിന് അതിരിട്ടൊഴുകുന്ന പുഴ മിക്കവാറും ശാന്തസ്വഭാവക്കാരിയായിരുന്നു. നീരുറവപ്രദേശങ്ങളില്‍ മഴ പെയ്യുന്ന ദിവസങ്ങളിൽമാത്രം പുഴ രൗദ്രഭാവമാർജ്ജിക്കും. അന്നേരം പുഴയുടെ അലർച്ച കേൾക്കാം. കുത്തിയൊലിച്ചുവരുന്ന കലക്കവെള്ളം ലോകത്തോട് എന്തൊക്കെയോ വിളിച്ചുപറയും. ഇറ്റലിയിൽ അങ്ങനെയല്ല, തളിരിലക്കാലത്തിന്‍റെ പ്രണയിനിയായിട്ടാണ് മഴയെത്തുക. അതുപോലെ മിതോഷ്ണവും അതിശൈത്യവും സമയം തെറ്റിയ്ക്കാത്ത അതിഥികളെപ്പോലെ വന്നുപോയ്ക്കൊണ്ടിരിക്കും. എങ്കിലും മഴയുടെ ആരവത്തിന് ഒരേ താളമാണ് അവിടെയും.
ആ ശബ്ദം കാതുകളെ കീഴടക്കുമ്പോൾ ഇടയ്ക്കെങ്കിലും ജോയൽ ഓർക്കാറുണ്ട്, വർഷങ്ങൾക്കുമുമ്പൊരു മഴക്കാലത്ത് ചാച്ചൻ തന്റെ കല്യാണമുറപ്പിച്ചതും അതേത്തുടർന്ന് ചാച്ചനുമായി തെറ്റിയതും. അതിൽ ചാച്ചന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് പറയാനാവില്ല. അന്നതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. ചാൾസ് ജൊവാനയെ വീട്ടിൽനിന്ന് വിളിച്ചിറക്കി മറ്റൊരു നാട്ടിൽ താമസമാരംഭിച്ചതായിരുന്നു അതിലൊന്ന്. പിന്നെ എലേനയുമായുള്ള അടുപ്പത്തെക്കുറിച്ച് ജോയൽ ചാച്ചനോട് തുറന്നുപറഞ്ഞതും. ഇറ്റലിയെക്കുറിച്ച് കാതറിനോട് ഒരിക്കൽ മാത്രമേ പറയാൻ പറ്റിയിരുന്നുള്ളു. രണ്ടാം തവണ അവധിക്ക് വരുമ്പോഴേക്കും കാതറിൻ കോൺവെന്റിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. പിന്നീട് മിലാനില്‍ തിരക്ക് കൂടിയതിനനുസരിച്ച് ജോയലിന്റെ നാട്ടിലേക്കുള്ള വരവിന്റെ എണ്ണം കുറഞ്ഞു. അവിടെ ആദ്യമായി ജോയലിനെ വിസ്മയിപ്പിച്ചത് ഡ്യുമൊ കത്തീഡ്രലായിരുന്നു. പിന്നെ ദാവിഞ്ചിയുടെ അന്ത്യഅത്താഴത്തിന്റെ ചിത്രം. പതിയെപ്പതിയെ കൊൺസെർട്ടുകൾ ജോയലിന്റെ ജീവിതത്തിന്‍റെ ഭാഗമായി. പിന്നതൊരു തൊഴിലും ജീവിതമാര്‍ഗ്ഗവുമായി. അത്തരമൊരു സംഗീതനിശയിൽവച്ചായിരുന്നു എലേനയെ ആദ്യമായി കണ്ടുമുട്ടിയതും. സംഗീതത്തിന്‍റെ മാസ്മരികത കത്തിനിന്ന ആ രാത്രിയിൽ കൈയ്യിൽ ബിയറുമായി നൃത്തം വച്ചുകൊണ്ട് എലേന പറഞ്ഞത് ജോയൽ ഇനിയും മറന്നിട്ടില്ല: “നിന്റെ വരികളിലും ഈണങ്ങളിലും ഒരുതരം ഭ്രാന്തുണ്ട്. നീയറിയാതെ മറ്റുള്ളവരിലേക്ക് പടരുന്ന ഭ്രാന്ത്.!”. ആ വാക്കുകൾ അന്നുരാത്രി ജോയലിന്റെ ഹൃദയത്തിൽ തറച്ചു. അതിനുശേഷമായിരുന്നു എലേന നിർമ്മിച്ച ജീവൻ തുടിക്കുന്ന സ്കെച്ചുകളെ ജോയൽ പ്രണയിച്ചുതുടങ്ങിയത്...
ഓരോന്നാലോചിച്ച് കുറച്ചുദൂരം നടന്നുചെന്നപ്പോഴേക്കും വല്യമ്മച്ചിയുടെ വിളികേട്ടു. തിരികെവന്ന് ഭക്ഷണം കഴിച്ചശേഷം ഏറെ വൈകാതെ ജോയൽ യാത്രതിരിച്ചു. കാറിൽ തനിച്ചായിരുന്നു യാത്ര. നഗരാതിർത്തിവരെയുള്ള വഴി കാണാപ്പാഠമായിരുന്നു. നല്ല വീതിയുള്ള ഹൈവേ. പ്രധാനപാതയിൽനിന്ന് കോൺവെന്റിരിക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ ഗൂഗിളിന്റെ സഹായം വേണ്ടിവരുമെന്നുറപ്പായിരുന്നു. കന്യാസ്ത്രീയായതിനുശേഷം ഒരിക്കൽപോലും കാതറിനെ കണ്ടിട്ടില്ല. എങ്കിലും ഭൗതികമായ അകലം മനസ്സിന്റെ അടുപ്പത്തെ ഒരിക്കലും ബാധിച്ചിരുന്നില്ല. അമ്മച്ചിയും ജൊവാനയുംവഴി വിവരങ്ങളെല്ലാം കൃത്യമായറിയുന്നുണ്ടായിരുന്നു. കോളജിൽ നിയമപഠനം തുടങ്ങിയശേഷമാണ് അവൾ മഠത്തിൽ ചേരാനുള്ള തീരുമാനമെടുത്തത്. സത്യത്തിൽ അതൊരുതരം വാശിയായിരുന്നു.. മതത്തിന്റെയും നിയമസംഹിതകളുടേയും ചട്ടക്കൂടിനുള്ളിലേക്ക് സ്വയമേയുള്ള ഒരെറിഞ്ഞുകൊടുക്കൽ. വീട്ടുകാരുടെ ഉപദേശങ്ങൾക്കും വിലാപങ്ങൾക്കും ചെവി കൊടുക്കാതെ എല്ലാമുപേക്ഷിച്ചായിരുന്നു അവൾ പോയത്. ഓർമ്മകൾ തിക്കിത്തിരക്കിക്കൊണ്ടിരിക്കവേ കാർ നഗരാതിർത്തി പിന്നിട്ടു. പിന്നീടങ്ങോട്ടുള്ള വഴി ശരിക്ക് നിശ്ചയമുണ്ടായിരുന്നില്ല. ഗൂഗിൾ മാപ്പ് ഓണാക്കിയതും സ്ത്രീശബ്ദം വഴി പറഞ്ഞുതുടങ്ങി. രണ്ടുമൂന്നുതവണ വഴിതെറ്റിയതുകൊണ്ടായിരിക്കണം പ്രതീക്ഷിച്ചതിലുമേറെ ദൂരമുള്ളതുപോലെ തോന്നിയത്. എങ്കിലും ഇടയ്ക്കിടെയുയരുന്ന സ്ത്രീശബ്ദം ജോയലിനെ സംബന്ധിച്ചിടത്തോളം വലിയൊരാശ്വാസമായിരുന്നു.
വീതിയുള്ള കവാടത്തിലൂടെ കാർ കോൺവെന്റിനകത്തേക്കു കയറി. വിശാലമായ മുറ്റം. കോൺവെന്റിന്റെ പേരെഴുതിയതിനു താഴെ ആടുകളെ തെളിച്ചുകൊണ്ടുപോകുന്ന ഇടയന്റെ വലിയ രൂപം കൈനീട്ടി നിൽക്കുന്നു. വെള്ളയുടുപ്പും കറുത്ത ശിരോവസ്ത്രവുമിട്ട ഒരു കന്യാസ്ത്രീ ചെടിനനച്ചുകൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു. കാർ കണ്ടിട്ടാകണം തന്റെ ജോലി നിർത്തിവച്ച് അവർ അടുത്തേക്കുവന്നു. ആരെയാണ് കാണേണ്ടതെന്ന് അന്വേഷിക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. ജോയലിനോട് ഇരിക്കാൻ പറഞ്ഞ് കന്യാസ്ത്രീ അകത്തേക്കുപോയി. ഇരുട്ടുനിറഞ്ഞ ഇടനാഴികളിലേക്ക് കണ്ണുപായിച്ച് ജോയൽ കസേരമേലിരുന്നു. “ഇവിടെ ഞങ്ങൾ രണ്ടുപേരേയുള്ളു.”, ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ കാതറിൻ മുന്നിൽ. ചാരനിറത്തിലുള്ള ഹാബിറ്റാണ് വേഷം. കറുത്ത ശിരോവസ്ത്രവും പുഞ്ചിരിയൂറുന്ന മുഖവും. വർഷങ്ങളുടെ വിടവുകൾ മുഖത്തിനോ പുഞ്ചിരിക്കോ ഒട്ടും പോറലേൽപ്പിച്ചിട്ടില്ല. “നിനക്ക് ഒരു മാറ്റവുമില്ലല്ലോ ജോ.”, കാതറിൻ ജോയലിനെ തറപ്പിച്ചു നോക്കി: “നീയും അങ്ങനെത്തന്നെ.”, ജോയൽ ചിരിക്കാൻ ശ്രമിച്ചു. സംസാരിച്ചുതുടങ്ങിയപ്പോൾ എല്ലാം പഴയതുപോലെത്തന്നെയെന്ന് ജോയലിനു തോന്നി. മനസ്സുകൾ തമ്മിൽ ഒട്ടും അകലമില്ല. തിരഞ്ഞെടുത്ത വഴിയിൽ താൻ തികച്ചും സന്തുഷ്ടയാണെന്ന് കാതറിന്റെ വാക്കുകൾ ധ്വനിപ്പിച്ചു. “അതും ഞങ്ങളുടേതുതന്നെ...“, മതിലിനപ്പുറം നിശ്ശബ്ദമായിക്കിടക്കുന്ന സ്‌കൂൾകെട്ടിടങ്ങളുടെനേർക്ക് ചായ കുടിച്ചുകൊണ്ട് അവൾ വിരൽചൂണ്ടി. ഒന്നു മൂളുന്നതിനിടെ മനുഷ്യർക്ക് അത്തരം നിശ്ശബ്ദത ഒരിക്കലും സാധ്യമല്ലല്ലൊയെന്ന് ജോയൽ തന്നോടുതന്നെ പറഞ്ഞു.
സംസാരിച്ചിരുന്ന സമയമത്രയും ഭൂതകാലവും വർത്തമാനവും അവർക്കിടയിൽ ഇടകലർന്നുനിന്നു. ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചില സംഭവങ്ങളും, കുടുംബക്കാരും അല്ലാത്തവരുമായ ഏതാനും വ്യക്തികളും കാതറിന്റെ വാക്കുകളിലൂടെ അവിടേക്കുവന്നു. എന്നാൽ ജോയൽ മുഖ്യമായും പറഞ്ഞത് തന്റെ ജോലിത്തിരക്കുകളെക്കുറിച്ചായിരുന്നു. പിന്നീടുള്ള അവരുടെ യാത്ര ഒരുമിച്ചായിരുന്നു. എങ്ങോട്ടേക്കെന്ന് ഇരുവർക്കും കൃത്യമായ ധാരണയുണ്ടായിരുന്നെങ്കിലും അവിടേക്കുള്ള വഴി ജോയലിന് ഒട്ടും നിശ്ചയമുണ്ടായിരുന്നില്ല. തനിക്കറിയാമെങ്കിലും ഒരുറപ്പിനെന്നോണം ഗൂഗിൾമാപ്പുനോക്കി കാതറിൻ വഴി പറഞ്ഞുകൊണ്ടിരുന്നു. വേഗത കുറച്ചായിരുന്നു ജോയൽ കാറോടിച്ചുകൊണ്ടിരുന്നത്. സംസാരവിഷയം അപ്പോഴേക്കും ജോയലിന്റെ സംഗീതജീവിതത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. ഇടയ്ക്കുവച്ച് എലേന അവർക്കിടയിലേക്ക് കടന്നുവന്നു. തിരക്കുപിടിച്ച സംഗീതജീവിതത്തിലേക്ക് അവളെങ്ങനെയാണ് കടന്നുവന്നതെന്ന് ജോയൽ വിശദീകരിച്ചു. അതു കഴിഞ്ഞതും അവളുടെ പെയിന്റിംഗുകളുടെ വശ്യതയെക്കുറിച്ചായി വിവരണം. ജോയൽ പറഞ്ഞുകൊണ്ടിരിക്കവേ ഇടയ്ക്കുകയറി കാതറിൻ ചോദിച്ചു: “നിങ്ങൾ ഒരുമിച്ചാണല്ലേ താമസം.?” താൻ പറഞ്ഞുവന്നത് നിർത്തി ജോയൽ അവൾക്കുനേരെ നോക്കി. പിന്നെ അതെയെന്ന അർഥത്തിൽ തലയാട്ടി. ഒറ്റ നിമിഷംകൊണ്ട് കാതറിനൊരു നാടൻ പെൺകുട്ടിയായി മാറിയെന്ന് ജോയലിനു തോന്നി. ചോദ്യത്തിനുശേഷം എന്തോ കണ്ടെത്താനുള്ള വ്യഗ്രതയിലെന്നോണം കാതറിൻ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു.
നഗരപ്രാന്തത്തിലെ പ്രധാന റോഡിലൂടെയായിരുന്നു കാറോടിക്കൊണ്ടിരുന്നത്. പൊടുന്നനെ കാതറിൻ കാർ നിർത്താനാവശ്യപ്പെട്ടു. പ്രധാന റോഡിലേക്ക് വന്നുചേരുന്ന സാമാന്യം വീതിയുള്ളൊരു റോഡ് അവിടെയുണ്ട്. അങ്ങോട്ടേക്ക് കൈചൂണ്ടിക്കൊണ്ട് കാതറിൻ പറഞ്ഞു: “ആ വഴിയേയാണ് പോകേണ്ടത്.” അഞ്ജലി ഭവൻ എന്നെഴുതിയ ബോർഡിൽ ദിശ കാണിച്ചുകൊണ്ടുള്ള വലിയൊരു അസ്ത്രചിഹ്നവുമുണ്ട്. ചുറ്റുമൊന്ന് കണ്ണോടിച്ച് ഏറെ ശ്രദ്ധയോടെ ജോയൽ കാർ തിരിച്ചു. “നീ മൂലമാണ് അഞ്ജലിയെ പരിചയപ്പെടാനിടയായത്. ഇപ്പോൾ ഇവിടേക്കുള്ളയീ വരവിന് കാരണവും നീതന്നെ.”, പറഞ്ഞുവന്നതിനോട് കൂട്ടിച്ചേർക്കുന്നതുപോലെ കാതറിൻ പറഞ്ഞു: “നിനക്കറിയുമോ, മുടങ്ങാതെ നീ തരുന്ന സംഭാവന ഇവർക്ക് വലിയൊരാശ്വാസമാണ്..” കുറച്ചുനേരത്തേക്ക് അവർക്കിടയിൽ നിശബ്ദത തളംകെട്ടി. എന്തോ ഓർത്തിരുന്നശേഷം മൗനത്തെ കീറിമുറിക്കുംപോലെ കാതറിൻ തുടർന്നു: “അഞ്ജലിയുടെ മരണം അവളുടെ മാതാപിതാക്കളെ വല്ലാതെ തളർത്തിക്കളഞ്ഞു. ഒരുപക്ഷെ നമുക്കൂഹിക്കാൻ കഴിയുന്നതിലുമപ്പുറം… എല്ലാറ്റിനും ദൈവത്തിന് കൃത്യമായ പ്ലാനുണ്ടല്ലോ. അഞ്ജലി മരിച്ചില്ലായിരുന്നെങ്കിൽ ഇവിടെയിങ്ങനെയൊരു തണലുണ്ടാകുമായിരുന്നില്ലല്ലോ...” ഒന്നും പറയാനില്ലാത്തതുപോലെ ജോയൽ അതെല്ലാം നിശ്ശബ്ദനായി കേട്ടിരുന്നു.
“കോളജിൽ പഠിച്ചിരുന്ന കാലംതൊട്ടേ അവൾക്ക് നിന്നെ ഇഷ്ടമായിരുന്നു.. പിന്നെന്തേ നീയവളെ വേണ്ടെന്നു വച്ചത്..?”, അങ്ങനെയൊരു ചോദ്യം ആ നേരത്ത് ജോയൽ കാതറിനിൽനിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുറപ്പായിരുന്നു. അതുകൊണ്ടുതന്നെ ജോയലിന് ഉത്തരമൊന്നും പറയാൻ കഴിഞ്ഞില്ല. ഭാവഭേദമില്ലാതെ ഡ്രൈവിങ്ങിൽമാത്രം ശ്രദ്ധിക്കുന്ന മട്ടിലാണ് അവന്റെയിരിപ്പ്. അതു കണ്ടപ്പോൾ കാതറിന് വല്ലാത്ത സങ്കോചം തോന്നി. എന്തൊക്കെ പുകിലുകളായിരുന്നു അവൻമൂലം തന്റെ ജീവിതത്തിലുണ്ടായത്. ഇവന്റെ കല്യാണമുറപ്പിച്ചതുകൊണ്ടാണ് താൻ കോൺവെന്റിൽ ചേർന്നതെന്നുവരെ ചില ബന്ധുക്കൾ പറഞ്ഞുനടന്നു. അതിലെ ശരിയും തെറ്റും ചികഞ്ഞുനോക്കാൻ മെനക്കെടാറില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഓർമ്മകളെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ തനിക്കിതുവരെ കഴിഞ്ഞിട്ടില്ലല്ലോയെന്ന് ഒരു നെടുവീർപ്പോടെ കാതറിനോർത്തു. “നീയെന്താ ആലോചിക്കുന്നത്..? “, ചിന്തയിൽ മുഴുകിയിരിക്കുന്ന കാതറിനുനേർക്ക് ജോയൽ തലവെട്ടിച്ചു. “ഇല്ല, ഒന്നുമില്ല…”, ഒന്നു ചിരിച്ചെന്നു വരുത്തി കാതറിനെന്തോ ചോദിക്കാനാഞ്ഞപ്പോഴേക്കും പഴമയുടെ മുഖംപേറിനിൽക്കുന്ന ഒരു കോമ്പൗണ്ടിലേക്ക് കാർ കയറി. നേരത്തേ കണ്ടതിലും വലിയ അക്ഷരങ്ങളിൽ ഗേറ്റിൽ അഞ്ജലിഭവൻ എന്നെഴുതിയിരിക്കുന്നു. ആ അക്ഷരങ്ങളിൽ കണ്ണുതറച്ചതും ജോയലിന്റെ മുഖത്ത് എന്തെന്നില്ലാത്ത വിഭ്രമം നിറഞ്ഞു. കോമ്പൗണ്ടിനകത്ത് വലിയ മരങ്ങൾ നിറഞ്ഞുനിൽക്കുന്നു. ഇടവിട്ടിടവിട്ട് തെങ്ങുകൾ. അവയ്ക്കിടയിൽ ത്രികോണാകൃതിയിൽ ചേർന്നുകിടക്കുന്ന മൂന്നു കെട്ടിടങ്ങൾ. മുറ്റത്തുകൂടെ സായാഹ്നവുമായി സല്ലപിച്ചുനടക്കുന്ന പ്രായംചെന്ന കുറെ മനുഷ്യരെ ജോയൽ കണ്ടു. കാർ നിർത്തിയതും പ്രായമായ രണ്ടുപേർ അവർക്കരികിലേക്ക് നടന്നുവന്നു.
“അഞ്ജലിയുടെ അച്ഛനുമമ്മയും…”, ഒന്നുനിറുത്തി വീണ്ടും ശബ്ദംതാഴ്ത്തി കാതറിൻ തുടർന്നു: “നിങ്ങളൊരുമിച്ച് കോളജിൽ പഠിച്ചിരുന്ന കാര്യമൊന്നും ഇപ്പോൾ പറയേണ്ട...” അതുകേട്ടതും ജോയലിന്റെ ചുണ്ടുകൾ വരണ്ടു. മുഖത്തെ പരിഭ്രമം ഒന്നുകൂടി വർധിച്ചു. “വരൂ, സ്വാഗതം.!”, അമ്മയുമച്ഛനും ഇരുവരുടെയും നേർക്ക് കൈകൂപ്പി. “ഇതാണ് ഞാൻ പറയാറുള്ള ജോയൽ....”, കാതറിൻ അവരോടായി പറഞ്ഞു. “അറിയാം. ഇറ്റലിയിലുള്ള ആളല്ലേ..”, അമ്മയുടെ മുഖത്ത് മന്ദഹാസം വിരിഞ്ഞു. ആ പുഞ്ചിരിക്കുമപ്പുറത്ത് ദുഃഖത്തിന്റെ നിഴൽ പരന്നുകിടക്കുന്നുണ്ടെന്ന് ജോയലിന് തോന്നി. “അകത്തേക്കിരിക്കാം.“, അച്ഛൻ കെട്ടിടത്തിനകത്തേക്ക് കൈനീട്ടി ക്ഷണിച്ചു. പൂമുഖത്ത് ഫ്രെയിം ചെയ്തുവച്ചിരിക്കുന്ന അഞ്ജലിയുടെ വലിയൊരു ഫോട്ടോ. കോളജിൽ പഠിക്കുന്ന കാലത്തിനും മുമ്പുള്ളതാണതെന്ന് ജോയലിന് തോന്നി. “നിങ്ങളെപ്പോലുള്ള നല്ല മനസ്സുകളാണ് ഞങ്ങളുടെ ജീവിതത്തിലെ പ്രചോദനം….”, അതു പറയുമ്പോൾ അച്ഛന്റെ വാക്കുകളിടറിയിരുന്നു. “മകളാണ്, അവളുടെ ഓർമ്മയ്ക്കായുള്ളതാണ് ഈ സ്ഥാപനം.”, ജോയൽ ചുമരിലെ ഫോട്ടോയിലേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോൾ 'അമ്മ പറഞ്ഞു. “അറിയാം…”, ജോയൽ പറഞ്ഞപ്പോഴേക്കും കാതറിൻ ഇടയിൽക്കയറി: “അതേക്കുറിച്ചെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്.” ഏതാനും നിമിഷത്തേക്ക് അവർക്കിടയിൽ നിശ്ശബ്ദത തളംകെട്ടി. “വേറിട്ട പ്രതീക്ഷകളോടെയാണ് മഹാനഗരത്തിലേക്ക് അവളെ പഠിക്കാനയച്ചത്. പരീക്ഷകൾക്കൊക്കെ നല്ല മാർക്കുമുണ്ടായിരുന്നു. പക്ഷേ…”, അവിടംകൊണ്ട് അമ്മയുടെ വാക്കുകൾ മുറിഞ്ഞു.
അവർക്കു മുമ്പിലേക്ക് ആരോ ചായ കൊണ്ടുവച്ചതോടെ തുന്നിക്കെട്ടാനാകാത്തവിധം സംസാരവിഷയം മാറിപ്പോയി. തൊട്ടടുത്ത നിമിഷം പുറത്തുനിന്ന് സന്ധ്യാമണി മുഴങ്ങി. അതോടെ കെട്ടിടങ്ങൾക്ക് പുറത്തുണ്ടായിരുന്ന വയോധികരെല്ലാം കൂടണയുന്നത് ജനലിലൂടെ ജോയൽ കണ്ടു. “വരൂ, നമുക്കൊന്ന് നടന്നിട്ടുവരാം…”, അച്ഛന്റെ വാക്കുകൾക്കു പിന്നാലെ അമ്മയും ജോയലും കാതറിനും പുറത്തേക്കിറങ്ങി. മൂന്ന് കെട്ടിടങ്ങളും ചുറ്റിനടന്നു വന്നപ്പോഴേക്കും ഇരുട്ടിന് കനംവച്ചിരുന്നു. അന്തേവാസികളിൽ ചിലരുമായി വിശേഷങ്ങൾ പങ്കിട്ടതെല്ലാം ജോയലിനെ സംബന്ധിച്ചിടത്തോളം പുതിയൊരനുഭവമായിരുന്നു. ‘ഇതൊരു വേറിട്ട ലോകമാണെന്ന് തിരിച്ചുള്ള യാത്രക്കിടെ ജോയൽ പറയുകയും ചെയ്തു. അപ്പോഴും ചോദ്യഭാരം പേറുന്ന മുഖത്തോടെയായിരുന്നു കാതറിന്റെ ഇരിപ്പ്. “എന്തുപറ്റി…?”, ജോയൽ ആശങ്കയോടെ കാതറിനെ നോക്കി. “എന്റെ ചോദ്യത്തിന് നീയിനിയും ഉത്തരം തന്നില്ല.. ആരെയുമറിയിക്കാതെ മഹാനഗരത്തിന്റെ തണലിൽ മൂന്നു വർഷത്തോളം നീയും അഞ്ജലിയും ഒരുമിച്ചുകഴിഞ്ഞു. എന്നിട്ടുമെന്തേ നീയവളെ ജീവിതത്തിൽ കൂടെക്കൂട്ടിയില്ല..?”, ഒരു നിമിഷത്തെ ഇടവേളക്കുശേഷം കാതറിൻ കൂട്ടിച്ചേർത്തു: “നിന്നെ വേർപിരിഞ്ഞശേഷം അവൾക്ക് മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമായില്ലെന്നതാണ് സത്യം…” കാതറിന്റെ വാക്കുകൾ കുറ്റപ്പെടുത്തലിനെ ഗർഭം ധരിച്ചിരുന്നു. ഡ്രൈവിങ്ങിന്റെ വേഗം കുറച്ച് തലചെരിച്ച് ജോയൽ കാതറിനെ നോക്കി: “നീ പറഞ്ഞതിൽ ചില ശരികളുണ്ട്. മൂന്നുവർഷം ഞങ്ങളൊരുമിച്ചായിരുന്നു. ക്ലാസ്സിലെ മറ്റു പലരെയുംപോലെ ഞങ്ങളും ഒരുമിച്ച് ജീവിച്ചു. ലിവിങ് ടുഗതർ. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള കരാർ…” മുഖത്തെ നടുക്കം മറയ്ക്കാൻ പാടുപെട്ട് കാതറിൻ വെളിയിലേക്ക് നോക്കിയിരുന്നു. അപ്പോഴേക്കും കാർ നഗരപാതയിലേക്ക് കയറി. അവിടെ നാലുപാടും കൺതുറന്ന അനേകം കാഴ്ചവട്ടങ്ങളിൽപ്പെട്ട് മുന്നിലെ ഇരുട്ട് പൂർണ്ണമായും അലിഞ്ഞില്ലാതായി.