കൂട്ടുകാരനെ കാണാനില്ല എന്ന് അറിഞ്ഞിട്ടും കാര്യമാക്കിയില്ല; 'ശ്രദ്ധിച്ചിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നു...'
നിത്യവുമുള്ള എന്റെ സന്ദർശനവും ഞങ്ങളുടെ നീണ്ട് പോകുന്ന സംഭാഷണങ്ങളും രാജേന്ദ്രന്റെ അമ്മയിൽ ചില സംശയങ്ങൾ സൃഷ്ടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല. “മോനേ, അവൻ മോനോട് പണം വല്ലതും കടം വാങ്ങിയിട്ടുണ്ടോ?”
നിത്യവുമുള്ള എന്റെ സന്ദർശനവും ഞങ്ങളുടെ നീണ്ട് പോകുന്ന സംഭാഷണങ്ങളും രാജേന്ദ്രന്റെ അമ്മയിൽ ചില സംശയങ്ങൾ സൃഷ്ടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല. “മോനേ, അവൻ മോനോട് പണം വല്ലതും കടം വാങ്ങിയിട്ടുണ്ടോ?”
നിത്യവുമുള്ള എന്റെ സന്ദർശനവും ഞങ്ങളുടെ നീണ്ട് പോകുന്ന സംഭാഷണങ്ങളും രാജേന്ദ്രന്റെ അമ്മയിൽ ചില സംശയങ്ങൾ സൃഷ്ടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല. “മോനേ, അവൻ മോനോട് പണം വല്ലതും കടം വാങ്ങിയിട്ടുണ്ടോ?”
പറഞ്ഞത് പുരുഷനായത് കൊണ്ട് ഞാനത് അത്ര കാര്യമായിട്ട് എടുത്തതേയില്ല. ആവശ്യം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പുരുഷന്റെ നാവിൽ നിന്ന് ആദ്യം വരുന്നത് അസത്യമായ കാര്യങ്ങളാവും. അത് സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്ന കാലം മുതൽക്കേ എനിക്ക് ബോധ്യമുള്ളതാണ്. പലപ്പോഴും നിർദോഷങ്ങളായ അസത്യങ്ങൾ പുരുഷൻ പറയുക, തികഞ്ഞ സ്വാഭാവികതയോടെ ആയിരിക്കും. വർണ്ണാന്ധത എന്ന പോലെ പുരുഷൻ ജനിച്ചത് തന്നെ സത്യവും അസത്യവും തമ്മിൽ വേർതിരിച്ച് അറിയുവാനുള്ള കഴിവ് ഇല്ലാതെയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. “എന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ. ഞാൻ രാജേന്ദ്രനെ കണ്ടിട്ട് രണ്ട് ദിവസമായി” എന്ന് പുരുഷൻ പറഞ്ഞപ്പോൾ പതിവ് പോലെയുള്ള വെറുമൊരു അസത്യമൊഴി എന്ന് മാത്രമാണ് ഞാൻ ധരിച്ചതും.
പതിവ് പോലെയുള്ള എന്റെ സായാഹ്ന നടത്തം വായനശാലയിൽ നിന്ന് ചെന്നെത്തിയത് രാജേന്ദ്രന്റെ വീട്ടിലായിരുന്നു. അതാണ് പതിവ്. വായിച്ച പുസ്തകങ്ങളെ കുറിച്ചും കണ്ട സിനിമകളെ കുറിച്ചും മാത്രമല്ല, ഭൂമിക്ക് കീഴിലും മുകളിലുമുള്ള സകല വിഷയങ്ങളെ കുറിച്ചും അവിടെ ഇരുന്ന് ഞങ്ങൾ സംസാരിക്കും. എനിക്ക് അതൊരു രക്ഷപ്പെടൽ കൂടിയായിരുന്നു. രാജേന്ദ്രൻ സ്ഥലത്ത് ഇല്ലാത്ത ദിവസങ്ങളിലെ സായാഹ്നങ്ങൾക്ക് ഒരു ദിവസത്തിന്റെ തന്നെ ദൈർഘ്യമാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്. അത്തരം ദിവസങ്ങളിൽ വലിച്ച് വിട്ട ഒരു റബ്ബർ നാട കണക്കേ വായനശാലയിലേക്കും തിരികെ വീട്ടിലേക്കും മടങ്ങുകയാണ് എന്റെ പതിവ്. നിഴലുകൾ നീളാവുന്നത്രയും നീണ്ട് ഇരുളായ് മാറുവാൻ തുടങ്ങുമ്പോഴാണ് പലപ്പോഴും രാജേന്ദ്രനോടൊപ്പം അവിടെ നിന്ന് ഇറങ്ങി ഉമ്മാംകുന്നിലേക്ക് നടക്കുക. അന്ന് പതിവിലും അൽപം നേരത്തേ അവനോടൊപ്പം മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വീടിന് മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന വലിയ മൂവാണ്ടൻ മാവിലേക്ക് നോക്കി രാജേന്ദ്രൻ അൽപനേരം നിന്നു. “ഇവനെ ഒന്ന് വലിച്ച് കെട്ടണം. ഇല്ലെങ്കിൽ അപകടമാണ്. പുരുഷനോട് നാളെ രാവിലെ വരുവാൻ പറഞ്ഞിട്ടുണ്ട്. കുറച്ച് കയറ് വാങ്ങണം.”
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജേന്ദ്രന്റെ വീട്ടിലേക്കുള്ള സായാഹ്ന സന്ദർശനങ്ങൾക്ക്, ഞാൻ ഒന്നോ രണ്ടോ ദിവസങ്ങളുടെ ഇടവേളകൾ ഉണ്ടാക്കുവാൻ ശ്രമിക്കുകയായിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. നിത്യവുമുള്ള എന്റെ സന്ദർശനവും ഞങ്ങളുടെ നീണ്ട് പോകുന്ന സംഭാഷണങ്ങളും രാജേന്ദ്രന്റെ അമ്മയിൽ ചില സംശയങ്ങൾ സൃഷ്ടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല. “മോനേ, അവൻ മോനോട് പണം വല്ലതും കടം വാങ്ങിയിട്ടുണ്ടോ?” ഒരു ദിവസം അവർ എന്നോട് ചോദിച്ചത് കേട്ടപ്പോൾ ഞാൻ വല്ലാതെ ചെറുതായി പോകുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. രാജേന്ദ്രനും എനിക്കുമിടയിലുള്ള സ്നേഹബന്ധത്തിന് ഒരു വിലക്ക് നിലവിൽ വന്നതായി എനിക്ക് തോന്നി. രാജേന്ദ്രൻ എന്നോട് കടം വാങ്ങിയ പണം തിരികെ കിട്ടുവാനായിട്ടാണ് നിത്യവും ഞാൻ അവിടെ എത്തുന്നതെന്ന് ആ അമ്മ ധരിച്ചിരിക്കുന്നു.
ഞാൻ വിദ്യാഭ്യാസം ഒക്കെ ഒരു വിധം കഴിഞ്ഞ് തൊഴിലന്വേഷണം ഊർജ്ജിതമായി നടത്തുന്ന കാലം. രാജേന്ദ്രൻ സഹകരണ ബാങ്കിൽ ജോലി തരപ്പെടുത്തിയിട്ട് രണ്ടാഴ്ച ആവുന്നതേ ഉള്ളൂ. ആപ്പാഞ്ചിറ വഴി നടന്ന് ഉമ്മാംകുന്നിലേക്കുള്ള കയറ്റം തുടങ്ങുന്നിടത്ത് ചെറിയൊരു കടയുണ്ട്. അത്യാവശ്യം നിത്യോപയോഗ സാമഗ്രികളും കർഷകർക്ക് വേണ്ട ഉപകരണങ്ങളും മറ്റും വിൽക്കുന്ന ആ കട ഒരു വീടിന്റെ ചായ്പാണ്. അവിടുന്ന് കയറും വാങ്ങിയാണ് ഞങ്ങളുടെ നടത്തം. “കയർ ഇത് പോരാതെ വരുമല്ലോ, കുറച്ച് കൂടി വണ്ണമുള്ള കയർ അല്ലേ നല്ലത്” എന്നൊക്കെയുള്ള എന്റെ ബാലിശമായ സംശയങ്ങളോട് രാജേന്ദ്രൻ പ്രതികരിച്ചില്ല. കേട്ടതായ് പോലും ഭാവിച്ചില്ല. ഉമ്മാംകുന്ന് ഇറങ്ങി തീരുന്നത്, ഓളമടിക്കുന്ന പച്ച കടൽ പോലെ ചക്രവാളം വരെ പരന്ന് കിടക്കുന്ന നെൽപാടങ്ങളിലേക്കാണ്. സൂര്യൻ നെൽപാടത്തിന് അപ്പുറത്തേക്ക് താണുപോയിരുന്നത് പല ദിവസങ്ങളിലും ഞങ്ങൾ ആ പാടവരമ്പത്ത് സംസാരിച്ചിരിക്കവേ ആയിരുന്നു. ആ ചെരുവിലുള്ള ഹൈദ്രോസിന്റെ ചായക്കടയിൽ നിന്നും ഓരോ ചായയും പതിവുള്ളത് തന്നെ. തുറന്ന് വെച്ച കടയുടെ ഒന്ന് മുതൽ പന്ത്രണ്ട് വരെ നമ്പരിട്ട നിരപ്പലകകൾ ചുവരിൽ ചാരി വെച്ചിരിക്കുന്നു. അതിനരികിലായി ചെറിയൊരു പരസ്യ പലകയിൽ ചോക്ക് കൊണ്ട് എഴുതിയിരിക്കുന്നു “സർവ്വീസ് സഹകരണ ബാങ്ക്- ക്ലിപ്തം 108. കുടിശ്ശിക നിവാരണ യജ്ഞം. ഒറ്റത്തവണ തീർപ്പാക്കൽ”. ഹൈദ്രോസിന്റെ കടയിലേക്ക് കയറും മുമ്പ് രാജേന്ദ്രൻ ആ പരസ്യ പലകയിലേക്ക് നോക്കി ഒരു നിമിഷം നിന്നു. “ഒറ്റത്തവണ തീർപ്പാക്കൽ” രാജേന്ദ്രൻ ആരോടെന്നില്ലാതെ അത് പറഞ്ഞപ്പോൾ ചെറുതായൊന്ന് ചിരിച്ചിട്ട് എന്നെ നോക്കി .
“ആ കയർ താഴേക്ക് എടുത്ത് ഇട് രാജേന്ദ്രാ. ങ്ങളെന്താപ്പാ പയ്യിനെ വാങ്ങിയാ?” കാലിളകിയ മരമേശക്ക് മുകളിൽ വെച്ച കയറിന്റെ ചുരുൾ കണ്ട് ഹൈദ്രോസ് പറഞ്ഞത് രാജേന്ദ്രൻ കേട്ടതായി തോന്നിയില്ല. അത് ഒന്നുകൂടി തന്നോട് ചേർത്ത് വെച്ചു. ഹൈദ്രോസിന്റെ ചായ കുടിച്ച് കടയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും മിന്നാമിനുങ്ങുകൾ ആ മൺപാതയോരത്ത് പറന്ന് തുടങ്ങുകയും തെരുവ് വിളക്കുകൾ മങ്ങി തെളിയുകയും ചെയ്ത് കഴിഞ്ഞിരുന്നു. ഉമ്മാംകുന്ന് ഇറങ്ങി, കയ്യാല തുടങ്ങുന്ന ഭാഗത്തുള്ള വലിയ ഇലഞ്ഞി മരച്ചോട്ടിൽ എത്തിയപ്പോൾ രാജേന്ദ്രൻ വലത്തേക്കും ഞാൻ ഇടത് ഭാഗത്തേക്കും തിരിഞ്ഞു. കയ്യാലയിലൂടെ ഓടി ഇറങ്ങിയ കുറുക്കനെ എറിയുവാനായി കല്ല് തിരയുമ്പോൾ, മങ്ങിയ തെരുവ് വിളക്കിന്റെ ഇരുള് കലർന്ന വെട്ടത്തിലൂടെ നടന്നകലുന്ന രാജേന്ദ്രൻ ഇരുട്ടായ് മാറുന്നത് ഞാൻ കണ്ടു. കല്ല് കയ്യിൽ പിടിച്ച് നടന്ന് വീട് എത്താറായപ്പോഴാണ് പുരുഷനെ കണ്ടത്. “രാജേന്ദ്രൻ കയറ് വാങ്ങി പോയിട്ടുണ്ട്. നിന്നോട് രാവിലെ ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ടല്ലോ അല്ലേ?” എന്ന് ഞാൻ പറഞ്ഞപ്പോഴാണ് രണ്ട് ദിവസമായി രാജേന്ദ്രനെ കണ്ടിട്ടെന്ന് പുരുഷൻ പറഞ്ഞത്. അത് കാര്യമാക്കാതെ ഞാൻ പുരുഷനേയും ഇരുളിനേയും വിട്ട് വീട്ടിലേക്കുള്ള പടവുകൾ കയറി. കീശയിൽ നിന്ന് കത്തെടുത്ത് മേശവിരിക്കടിയിൽ ഭദ്രമായി വെച്ച്, കുപ്പായം ഊരി അയയിൽ തൂക്കി, വിളമ്പി വെച്ച ഭക്ഷണവും അമ്മയും കാത്തിരിക്കുന്ന മേശക്കരികിലേക്ക് ഞാൻ നടന്നു.
മറ്റ് മനുഷ്യരെ സ്നേഹിക്കുവാനോ വെറുക്കുവാനോ മാത്രമേ നമുക്ക് കഴയൂ. മനസ്സിലാക്കുവാൻ നമുക്ക് ആവില്ല. തുറക്കാനാവാത്ത പൂട്ടുകളിട്ട് ബന്ധിച്ച മനസ്സും പേറിയാണ് ഓരോ മനുഷ്യനും സൗഹൃദങ്ങൾ പങ്ക് വെക്കുന്നതും സ്നേഹിക്കുന്നതും. നിത്യവും ഭക്ഷണം വിളമ്പി എന്നെ കാത്തിരിക്കാറുള്ള അമ്മയെ ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ? തികച്ചും അപ്രതീക്ഷിതമായി ഒരു ദിവസം അച്ഛൻ പെട്ടന്ന് അങ്ങ് മടങ്ങിയപ്പോൾ എന്താവും ആ മനസ്സിലുണ്ടായിട്ടുള്ള ആഘാതങ്ങൾ? ആർക്കറിയാം ആ വിഹ്വലതകൾ എത്ര വലുതായിരുന്നെന്ന്. ഹൈദ്രോസിന്റെ മകൾ നജ്മയെ ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ? ഒരിക്കലുമില്ല. എങ്കിലും, കഴിഞ്ഞ ഒരു മാസത്തോളമായി ആ തട്ടമിട്ട സുന്ദരിക്ക് ഞാനെഴുതിയ രണ്ട് വാചകങ്ങളുള്ള ഒരു കത്ത് എന്റെ കീശയിൽ ഭദ്രമായി ഇരിപ്പുണ്ട്. രാത്രിയിൽ വീട്ടിൽ മടങ്ങിയെത്തുമ്പോൾ നിത്യവും അത് മേശവിരിക്കടിയിൽ സൂക്ഷിച്ച് വെക്കും. നാളിത് വരെ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. ഒരായിരം വിശേഷങ്ങൾ ഞങ്ങൾ കണ്ണുകൾ കൊണ്ട് പറഞ്ഞു. അത് തീവ്രമായി പ്രണയിക്കുന്നവർക്ക് മാത്രം സ്വായത്തമായിട്ടുള്ള ഒരു അത്ഭുത സിദ്ധിയാണ്. ഒരിക്കൽ സംസാരിച്ച് കഴിഞ്ഞാൽ പ്രണയത്തിന്റെ മാധുര്യം കുറഞ്ഞ് പോകുമോ എന്ന് നജ്മയും ഞാനും കരുതിയിരുന്നോ എന്നറിയില്ല.
മറ്റ് മനസ്സുകളെ മനസ്സിലാക്കുവാൻ നമുക്ക് കഴിയാത്തത് ഒരു അനുഗ്രഹം തന്നെയാണെന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. മനസ്സ് തിരിച്ചറിഞ്ഞാൽ, ആരറിഞ്ഞു ഇന്ന് നാം സ്നേഹിക്കുന്നവരെ വെറുക്കേണ്ടതായും, വെറുക്കുന്നവരെ സ്നേഹിക്കേണ്ടതായും വരില്ലെന്ന്. അരികിലിരിക്കുമ്പോഴും, മനുഷ്യ മനസ്സുകൾ വിദൂര ഗ്രഹങ്ങളിലെന്നപോലെ ഒറ്റപ്പെട്ട് തന്നെയാണ് നിലനിൽക്കുന്നത്. ചിരിക്കുന്ന ഒരു മനുഷ്യനെ കാണുമ്പോൾ അയാൾ സന്തോഷവാനായിരിക്കും എന്ന് ധരിക്കുന്നത് നേരാവണമെന്നില്ലല്ലോ. കൊടും പകയോ താങ്ങാനാവാത്ത ദുരന്തങ്ങളോ ആ ചിരിയുടെ പിന്നാമ്പുറത്ത് മറഞ്ഞിരിപ്പില്ലെന്ന് ആരറിഞ്ഞു.
പുലർച്ചേ അമ്മയുടെ ഇടറിയ ശബ്ദത്തിലുള്ള വിളി കേട്ടാണ് ഞാൻ ഉണർന്നത്. അപ്പോഴും ഇരുള് വിട്ട് പോയിരുന്നില്ല. അപ്പോഴേക്കും മുരുകൻ പത്രത്തോടൊപ്പം പത്രത്തിലില്ലാത്ത ഒരു വാർത്തയും നാടാകെ വിതരണം ചെയ്ത് കഴിഞ്ഞിരുന്നു. ഞാൻ കട്ടിലിൽ തന്നെ ഇരുന്നു. “ഞാൻ അത്രടം പോവുകയാണ്. നിന്റെ ചായ മൂടി വെച്ചിട്ടുണ്ട്. നീ ഇപ്പോ വരുന്നില്ലേ?” അമ്മ മുറിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. മറുപടിയായി ഒന്ന് നീട്ടി മൂളുവാൻ മാത്രമേ എനിക്കായുള്ളു. ഏറെ നേരം കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ മൂടി വെച്ച ചായ ഗ്ലാസ്സിലൂടെ വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
നടന്ന് ഇലഞ്ഞി മരച്ചോട്ടിൽ എത്തിയപ്പോൾ കാലുകൾ രാജേന്ദ്രന്റെ വീട്ടിലേക്കല്ല, ഉമ്മാംകുന്നിലേക്കാണ് എന്നെ തിരിച്ച് വിട്ടത്. പോകണമെന്ന് തോന്നിയില്ല. പോയില്ല. കുന്ന് കയറിയിറങ്ങി ഹൈദ്രോസിന്റെ അടച്ചിട്ട കടയുടെ മുന്നിലെത്തി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള നിരപ്പലകകൾ ക്രമമായി ചേർത്ത് വെച്ച് കമ്പി കോർത്ത് ബന്ധിച്ച കടയുടെ ഒരു ഭാഗത്ത് വെച്ചിരുന്ന സഹകരണ ബാങ്കിന്റെ പരസ്യ പലകയിൽ ഹൈദ്രോസിന്റെ ഒരു അറിയിപ്പ് തൂങ്ങുന്നുണ്ടായിരുന്നു. “ഇന്ന് കട മുടക്കം”. അതിന് കീഴിൽ സഹകരണ ബാങ്കിന്റെ ഒരു വരി മാത്രം തെളിഞ്ഞ് നിന്നു. “ഒറ്റത്തവണ തീർപ്പാക്കൽ”. ഞാൻ തിരികെ ഉമ്മാംകുന്ന് കയറി ഇലഞ്ഞി മരച്ചോട്ടിലെത്തി ആപ്പാഞ്ചിറ വഴി നടന്നു. വീണ്ടും, വീണ്ടും ഉമ്മാംകുന്ന് കയറിയിറങ്ങി. ഞാൻ നിറുത്താതെ നടക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങണമെന്ന് തോന്നിയില്ല. അവസാനമായി ഒന്ന് കാണണമെന്ന് തോന്നിയില്ല. കണ്ടുമില്ല.
വീണ്ടും ഉമ്മാംകുന്നിറങ്ങി ഞാൻ പച്ച കടൽ പരപ്പിന് അരികിലെത്തി. തിരയടങ്ങിയ പച്ച കടൽ ശാന്തമായ് മാനം നോക്കി കിടന്നു. ഞാൻ പാടവരമ്പിന് അരികിലുള്ള വലിയ പൂവരശ്ശിൽ ചാരിയിരുന്നു. കീശയിൽ നിന്ന് നജ്മക്കുള്ള കത്ത് ഞാൻ പുറത്തെടുത്തു. വിയർപ്പിൽ കുതിർന്ന് വായിക്കാനാവാത്ത വിധം അത് നീല മഷി പടർന്ന് നനഞ്ഞിരുന്നു. പൂവരശ്ശിന്റെ വേരുകൾക്കിടയിൽ ഞാനത് തിരുകി വെച്ചു. തിരയടങ്ങിയ പച്ച കടലിന്റെ അതിരിലേക്ക് സൂര്യൻ പകൽ വെട്ടവുമായി ആണ്ട് പോയി. അപ്പോൾ മിന്നാമിനുങ്ങുകളും കുറുക്കൻമാരും പതിവ് പോലെ കാടിറങ്ങുവാനുള്ള ഒരുക്കത്തിലായിരുന്നു.