'എടീ... എന്നെ പറ്റിച്ചോളേ..' പുറകിൽ നിന്നും അലറി വിളിച്ചുകൊണ്ട് അയാൾ അവൾക്കു നേരെ പാഞ്ഞടുത്തു
ചാടിയെഴുന്നേറ്റ് കുഞ്ഞിനെ ഉണർത്താതെ വാരി തോളിലിട്ട് ആശുപത്രിയുടെ പടികൾ ഓടിയിറങ്ങുമ്പോൾ അഖിലയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. സ്വന്തം കാര്യം നോക്കാനറിയാത്തവൾ... ഒറ്റയ്ക്ക് ഒന്നും ചെയ്യാനറിയാത്തവൾ.! ആശുപത്രിക്ക് ചുറ്റും ഒന്ന് പ്രദക്ഷിണം വെച്ച് കഴിഞ്ഞപ്പോഴാണ് അഖിലയെ കണ്ടത്.
ചാടിയെഴുന്നേറ്റ് കുഞ്ഞിനെ ഉണർത്താതെ വാരി തോളിലിട്ട് ആശുപത്രിയുടെ പടികൾ ഓടിയിറങ്ങുമ്പോൾ അഖിലയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. സ്വന്തം കാര്യം നോക്കാനറിയാത്തവൾ... ഒറ്റയ്ക്ക് ഒന്നും ചെയ്യാനറിയാത്തവൾ.! ആശുപത്രിക്ക് ചുറ്റും ഒന്ന് പ്രദക്ഷിണം വെച്ച് കഴിഞ്ഞപ്പോഴാണ് അഖിലയെ കണ്ടത്.
ചാടിയെഴുന്നേറ്റ് കുഞ്ഞിനെ ഉണർത്താതെ വാരി തോളിലിട്ട് ആശുപത്രിയുടെ പടികൾ ഓടിയിറങ്ങുമ്പോൾ അഖിലയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. സ്വന്തം കാര്യം നോക്കാനറിയാത്തവൾ... ഒറ്റയ്ക്ക് ഒന്നും ചെയ്യാനറിയാത്തവൾ.! ആശുപത്രിക്ക് ചുറ്റും ഒന്ന് പ്രദക്ഷിണം വെച്ച് കഴിഞ്ഞപ്പോഴാണ് അഖിലയെ കണ്ടത്.
'രക്തം പരിശോധിക്കുന്ന ഇടം' എന്നെഴുതിവെച്ചിരുന്ന ചില്ലുജാലകത്തിനപ്പുറത്ത് പ്രത്യക്ഷമായ പകച്ച മാൻമിഴികൾ ഞാൻ കണ്ടു! അവരുടെ വേഷം കുടിയിലേതാണ്, ഭാര്യയുടെയും ഭർത്താവിന്റെയും കുട്ടിത്തം വിട്ടുമാറിയിട്ടില്ല. ആശുപത്രിയിലൂടെ അന്വേഷിച്ച് നടന്ന്, ലാബ് കണ്ടെത്തി വന്നിരിക്കുകയാണ്. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറാൻ ധൈര്യമില്ലാതെ അവർ നിന്നു. ഗവൺമെന്റ് ആശുപത്രിയാണ്- വഴി കാണിക്കുവാനും സഹായത്തിനുമൊന്നും ആരും വരികയില്ല. ലാബിൽ നിന്നും റിസൾട്ടുമായി മടങ്ങുന്നവരും ചീട്ടുമായി വരുന്നവരും അവർക്ക് മുമ്പിൽ അകത്തുനിന്നും പുറത്തുനിന്നും ചില്ലുവാതിൽ തള്ളി തുറന്നു കൊണ്ടേയിരുന്നു. ധൈര്യം സംഭരിച്ച് ഒടുവിൽ അവളാണ് വാതിൽ തള്ളി തുറക്കാൻ മുതിർന്നത്, പകച്ച മുഖത്തോടെ അവൾക്ക് പുറകിലായി അയാളും അകത്തേക്ക് കയറി. അവളുടെ മെല്ലിച്ച ശരീരത്തിൽ തുളുമ്പി വീഴാനെന്നപോലെ നിറവയർ മുഴച്ച് നിന്നു.
ഞാനിരിക്കുന്ന കസേരയുടെ തൊട്ടടുത്ത കസേരയിൽ സ്വറ്ററിൽ പൊതിഞ്ഞ് കിടത്തി കുഞ്ഞിനെ ഉറക്കിയിരിക്കുകയാണ്. കുഞ്ഞിന്റെ ശ്വാസഗതിയുടെ വേഗം തെല്ല് കൂടിയിട്ടുണ്ടെന്ന് എനിക്ക് തോന്നി. ഫെയ്സ് ബുക്ക് വീഡിയോയിലേക്ക് ഞാൻ വീണ്ടും മുഴുകാൻ തുടങ്ങവേ ഫോണിൽ വിളി വന്നു; അഖിലയാണ്: "സുധീ... ഇവിടെ ഒരു ഭ്രാന്തൻ... എന്നെ ഉപദ്രവിക്കാൻ വരുന്നു...." അവളുടെ സ്വരം കരയുന്നതു പോലെ ആയിരുന്നു. "ഏയ്... എന്തായിത്... പെട്ടെന്ന് വാ സുധീ..." "ഞാനീ മൂന്നാം നിലയിൽ നിന്ന് അവിടേക്ക് വരുമ്പോഴേക്കും... അവിടെ സെക്യൂരിറ്റിയില്ലേ...?" എനിക്ക് ദേഷ്യം വന്നു.. "കൊച്ച് സുഖമായി ഉറങ്ങുകയാണ്... അനങ്ങിയാൽ അവൻ ഉണരും..." "അയ്യോ... ആ ഭ്രാന്തൻ എന്റെ പിന്നാലെ വരികയാ..." "എന്താ അഖിലേ ഇത്...? നീയൊരു എട്ടാം ക്ലാസുകാരിയെ പോലെ പെരുമാറുന്നത്... ഇങ്ങനെ പേടിക്കാതെ... അവിടെ ആളുകളൊന്നും നിൽക്കുന്നില്ലേ...?" "പെട്ടെന്ന് വാ സുധീ..." അഖിലയുടെ ശബ്ദം ഒരു കരച്ചിലായി അവസാനിച്ച് ഫോൺ കട്ടായി.
ചാടിയെഴുന്നേറ്റ് കുഞ്ഞിനെ ഉണർത്താതെ വാരി തോളിലിട്ട് ആശുപത്രിയുടെ പടികൾ ഓടിയിറങ്ങുമ്പോൾ അഖിലയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. സ്വന്തം കാര്യം നോക്കാനറിയാത്തവൾ... ഒറ്റയ്ക്ക് ഒന്നും ചെയ്യാനറിയാത്തവൾ.! ആശുപത്രിക്ക് ചുറ്റും ഒന്ന് പ്രദക്ഷിണം വെച്ച് കഴിഞ്ഞപ്പോഴാണ് അഖിലയെ കണ്ടത്. അവൾ ഓടി അടുത്തേക്ക് വന്നു. ദൂരേക്ക് കൈ ചൂണ്ടിക്കൊണ്ട് അവൾ കിതച്ചു : "അയാളങ്ങോട്ട് പോയി..." വിയർപ്പിൽ കുതിർന്ന അവളുടെ കുറുനിരകൾ കാറ്റിൽ വിറയ്ക്കുന്നുണ്ടായിരുന്നു. "ഞാൻ ഭയന്നുപോയി സുധീ.." "ഇത്രയും ആളുകളുള്ളിടത്ത്... ഈ ആശുപത്രി വളപ്പിനുള്ളിൽ.. നിനക്ക് ഇത്രയും ഭയക്കേണ്ടി വന്നത് ...ശ്ശേ...!" എന്റെ മുഖത്തെ അമർഷം അവൾ കണ്ടു. "സുധി കണ്ടില്ലല്ലോ.. ഒത്തൊരു മനുഷ്യനായിരുന്നു -ആ ഭ്രാന്തൻ.. സെക്യൂരിറ്റിക്കാരൻ പോലും പേടിച്ചു നിൽക്കുകയായിരുന്നു..." "അയാളെന്തൊരു സെക്യൂരിറ്റിക്കാരനാ..." എന്റെ ശബ്ദമുയർന്നു. "കൊച്ചിനെ പിടിച്ചേ.. ഞാനയാളെയൊന്നു കണ്ടിട്ട് വരാം..."
സെക്യൂരിറ്റിക്കാരൻ ഒരു വയസ്സനായിരുന്നു. ഞങ്ങൾ നടന്നുവരുന്നത് കണ്ടപ്പോൾ അയാൾ അടുത്തേക്ക് വന്നു. "ചേച്ചിക്ക് അവനെ പരിചയമുണ്ടെന്നാ ഞാൻ വിചാരിച്ചേ.." നിഷ്കളങ്കതയോടെ സെക്യൂരിറ്റിക്കാരൻ പറഞ്ഞു. "അവനെങ്ങോട്ടാ പോയേ..?" ഞാൻ ചോദിച്ചു. "പുറത്തോട്ട് പോയി.. ഇടയ്ക്കൊക്കെ ഇങ്ങനെ കേറിവരും.. കള്ളോ.. കഞ്ചാവോ എന്താണെന്നാർക്കറിയാം.." വയസ്സൻ പറഞ്ഞു. "അവള് പേടിച്ചുപോയി.." ഞാൻ മുരണ്ടു. "ഓടിച്ചാലും പിന്നേം വരും.." വയസ്സൻ പറഞ്ഞു. "താനൊക്കെ പിന്നെന്തിനാ സെക്യൂരിറ്റിക്കാണെന്നും പറഞ്ഞ് ഇവിടിങ്ങനെ നിൽക്കുന്നേ..?" ഞാൻ ശബ്ദമുയർത്തി. "അത്.. സാറേ.. എനിക്ക് തല്ലു പിടിക്കാനൊന്നും മേല.." സംസാരിക്കാൻ താൽപര്യമില്ലാത്തതുപോലെ വയസ്സൻ തിരിഞ്ഞു നടന്നു. "എന്തെല്ലാം സംഭവങ്ങളാ ഓരോ ദിവസവും നടക്കുന്നത്...? ചെറിയ പെൺകുട്ടിയോ.. രോഗിയോ മറ്റോ ആണെങ്കിൽ..! അവനെപ്പോലുള്ള മനോരോഗികൾ വല്ലതും ചെയ്താൽ... വേണ്ട; ഭയന്നു പോയാൽ തന്നെ. അത്തരം ഷോക്കുകൾ ജീവിതകാലത്ത് മാറുമോ..?" ഞാൻ അയാളോട് വിളിച്ചു ചോദിച്ചു. "ഞാനും മനുഷ്യനല്ലേ.. സാറേ.." വയസ്സൻ തിരിഞ്ഞു നിന്നു.
"ഇങ്ങനെയൊക്കെ കുഴപ്പങ്ങൾ ഉണ്ടായാൽ ഞാൻ ഓഫീസിൽ അറിയിക്കും.. സൂപ്രണ്ട് സാറ് പൊലീസിനെ വിളിക്കും.." ഞാൻ നിശബ്ദനായി നിന്നു. "അവന് പൊലീസിനെയൊന്നും പേടിയില്ല.. പൊലീസുവണ്ടി ഇതിലേ വരുമ്പോൾ അവൻ അതിലേ ഗേറ്റ് ചാടി ഓടും.." എനിക്ക് പിന്നെയും ദേഷ്യം വന്നു. "പൊലീസിനെ വിളി..." ഞാൻ വയസ്സനോട് അജ്ഞാപിച്ചു. "മനുഷ്യന് പേടിക്കാതെ നടക്കാനാവില്ലേ..? ഒരു ആശുപത്രിയിൽ.. അതും പട്ടണത്തിന് നടുവിൽ..!" "വേണ്ട സുധീ..." അഖില പിന്നിൽ നിന്നും ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു: "ഡോക്ടർ ഇപ്പോ വരും.. ഇതിന്റെയൊക്കെ പുറകെ നടക്കാൻ നമുക്ക് സമയമില്ല.." "ആരും പരാതി പറയാതെ.. കണ്ണടച്ച് നടന്നാൽ.. ഇവന്മാരെപ്പോലുള്ളവർക്ക് സ്വാതന്ത്ര്യം കൂടുകയേ ഉള്ളൂ..." ഞാൻ പറഞ്ഞു. "വേണ്ട സുധീ.. കൊച്ചിന്റെ പനി ഓർക്കണ്ടേ.. ഇപ്പോൾ ലാബിൽ റിസൾട്ട് ആയിട്ടുണ്ടാവും.." അത്യാഹിത വിഭാഗത്തിൽ രോഗിയെ ഇറക്കിവന്ന ഒരു ആംബുലൻസിന് കടന്നുപോകാൻ വേണ്ടി, വരി നിൽക്കുന്നവരെ ഒതുക്കി നിർത്തുന്നതിന് സെക്യൂരിറ്റിക്കാരൻ അങ്ങോട്ടേക്കോടി.
അഖിലയോടൊപ്പം ലാബിലേക്ക് തിരികെ നടക്കുമ്പോൾ, തിരക്കോടെ നടക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും ഗർഭിണികളും നഴ്സുമാരും തൂപ്പുകാരും ഡ്രൈവർമാരുമെല്ലാം എന്റെ തലച്ചോറിനുള്ളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കൂട്ടുകയായിരുന്നു.. കുടിയിൽ നിന്നും വന്ന ദമ്പതികൾ ലാബിന്റെ പടിയിറങ്ങി ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്നറിയാതെ നിൽക്കുന്നു. ഡോക്ടറെയും കണ്ട്, ഫാർമസിയിൽ നിന്ന് മരുന്നും വാങ്ങി, പുറത്തുനിന്നും വാങ്ങേണ്ട മരുന്നിനായി റോഡ് മുറിച്ച് കടക്കുമ്പോൾ, വെയിൽ കത്തിക്കാളുന്നുണ്ടായിരുന്നു. മെഡിക്കൽ കോളജിലേക്ക് രോഗിയെ കയറ്റിപ്പോയ ആംബുലൻസിന്റെ കൂവൽ കുഞ്ഞിനെ ഉണർത്താതിരിക്കുവാൻ ഞാൻ കുഞ്ഞിന്റെ ചെവി അടച്ചു പിടിക്കാൻ ശ്രമിച്ചു. റോഡിലെ മറ്റു വാഹനങ്ങളുടെ കലമ്പലിൽ ആ ശ്രമം നിഷ്ഫലമായി. കുഞ്ഞുണർന്നു. കരഞ്ഞു തുടങ്ങി. അഖിലയുടെ തോളിലേക്ക് ഞാൻ കുഞ്ഞിനെ കിടത്തി. മെഡിക്കൽ സ്റ്റോറിലേക്ക് ഞാൻ ചീട്ട് നീട്ടി. കടക്കാരൻ ചീട്ട് വാങ്ങി മരുന്നെടുക്കാനായി തിരിഞ്ഞതും, "എടീ.. എന്നെ പറ്റിച്ചോളേ.." പുറകിൽ നിന്നും അലറി വിളിച്ചുകൊണ്ട് അയാൾ- ആ ഭ്രാന്തൻ! ഞാൻ തിരിഞ്ഞുനോക്കി. നടുങ്ങി നിലവിളിക്കുന്ന അഖില! ഞെട്ടി ഉണർന്ന് കരയുന്ന കുഞ്ഞ്! മരുന്നുകടക്കാരൻ പെട്ടെന്ന് ചാടി പുറത്തിറങ്ങി. "മാറടാ..." കടക്കാരൻ ആക്രോശിച്ചു.
കടക്കാരന്റെ മുഖത്തേക്ക് ആ മനോരോഗി വെട്ടിത്തിരിഞ്ഞ് നോക്കി. തൊട്ടടുത്ത കടകളിൽ നിന്നും ചില വ്യാപാരികൾ കൂടി വന്നു കൂടി. ഭ്രാന്തൻ പേടിച്ചുപോയി- നിലയുറക്കാത്ത ചുവടുകൾ വച്ചുകൊണ്ട് പെട്ടെന്നയാൾ തിരിഞ്ഞോടി.. അൽപ ദൂരം ചെന്ന് തിരിഞ്ഞ് നിന്നു. മുഷിഞ്ഞ കൈലി മടക്കി കുത്തി ഞങ്ങളുടെ നേരെ കൈ ചൂണ്ടി എന്തെല്ലാമോ വിളിച്ചു കൂവി. "ഇവനിപ്പം സ്ഥിരം പ്രശ്നമാണല്ലോ.." വ്യാപാരികളിൽ ഒരാൾ പറഞ്ഞു. "കള്ള് മൂത്തതാണെന്നാ തോന്നുന്നേ..." "നല്ല ഇടി കൊണ്ടാലേ ശരിയാകൂ.." "ആശുപത്രിയിലും വന്നിരുന്നു..." അഖില കടക്കാരനോട് പറഞ്ഞു ."പൊലീസ്സു പിടിക്കാത്തതെന്താണ്..?" അവൾ പരിഭവിച്ചു. "പൊലീസുകാർക്ക് ഇത് തലവേദനയാകും.. ലോക്കപ്പിൽ കൊണ്ടിട്ടാൽ അവിടെ കിടന്നു കാറും.. മുള്ളും.. തൂറും ..! അവര് തന്നെ വേണ്ടേ ഇവന് ഭക്ഷണവും മേടിച്ച് കൊടുക്കാൻ.. പിന്നെ കോടതിയിൽ കൊണ്ടുപോകണം.. മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോണം..., ശല്യമാ.." പൊലീസുകാർക്ക് ഇവനെപ്പോലുള്ളവർ വലിയ ബാധ്യതയാകും..."
മരുന്നും വാങ്ങി ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോഴേക്കും കുഞ്ഞ് വീണ്ടും ഉറക്കം തുടങ്ങിയിരുന്നു. കുഞ്ഞിന്റെ ശ്വാസഗതിയുടെ വേഗം ഇപ്പോൾ തെല്ല് കുറഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഭയന്ന് കരഞ്ഞ് തളർന്നുറങ്ങിയതു കൊണ്ടാവണം ഇടയ്ക്കിടയ്ക്ക് കുഞ്ഞ് ഏങ്ങലടിക്കുന്നുണ്ട്. "സുധി എന്തിനാ പേടിച്ചത്...?" നടത്തത്തിനിടയിൽ അഖില ചോദിച്ചു. "ഞാൻ വിചാരിച്ചത്, അയാളെ രണ്ട് തല്ലുമെന്നാ.." "എനിക്കങ്ങനെ തല്ലി പരിചയമൊന്നുമില്ല.." ഞാൻ പറഞ്ഞു. "ആ മരുന്ന് കടക്കാരൻ ചാടി തല്ലാൻ ചെന്നത് കണ്ടാ അവൻ പേടിച്ചോടിയത്.. ഞാൻ എട്ടാം ക്ലാസ് കുട്ടിയെപ്പോലെ പേടിച്ചു എന്നല്ലേ നേരത്തെ പറഞ്ഞത്.. സുധിയും പേടിച്ചു പോയില്ലേ..?" "എല്ലാവരും കേറി തല്ലുകയും കത്തിയെടുത്ത് കുത്തുകയുമൊക്കെ വേണമെന്നാണോ നീ പറയുന്നത്...?" ഞാൻ അഖിലയുടെ മുഖത്തേക്ക് തുറിച്ച് നോക്കിക്കൊണ്ട് ചോദിച്ചു. അരമണിക്കൂർ കഴിഞ്ഞിട്ടേ ഇനി ഞങ്ങളുടെ വീടിനടുത്തു കൂടിയുള്ള ബസ്സുള്ളൂ. ബസ്റ്റാൻഡിലെ ഇരിപ്പിടത്തിൽ വണ്ടി കാത്തിരിക്കുമ്പോൾ, ഞാൻ ഓർത്തു: സിനിമകളിലെ നായകനെ പോലെ, ആ പ്രാന്തനെ ഞാൻ തലങ്ങും വിലങ്ങും ഇടിക്കണമായിരുന്നു.. എന്റെ ഇടിയുടെ ഊക്കിൽ അയാൾ തെറിച്ചു ചെന്ന് ആശുപത്രിയുടെ ചില്ല് ഭിത്തി പൊടിച്ച് നുറുക്കി വീഴണമായിരുന്നു.. ചോരയൊലിക്കുന്ന അയാളുടെ ശരീരം ലാബിന്റെ പടികളിലൂടെ ഞാൻ വലിച്ചിഴക്കണമായിരുന്നു...
ബസ്സുകളുടെ പേരും കടന്നുപോകുന്ന സ്ഥലനാമങ്ങളും അടുക്ക് മൊഴികളും താളത്തിൽ ഇടയ്ക്കിടെ ഉയർന്ന് കേൾക്കുന്നുണ്ട്. വണ്ടിക്കാരും ഉച്ചത്തിൽ കൂകി വിളിച്ച് ആളെ കയറ്റുന്നുണ്ട്. എന്റെ കണ്ണുകൾ വിദൂരതയിലൊരിടത്ത് ഒരു നിമിഷം തട്ടിനിന്നു. അയാൾ..! ആ മനോരോഗി..! ബസ്റ്റാന്റിന്റെ ഒരു കോണിൽ..! ചുവടുറക്കാതെ അയാൾ നടന്നു വരികയാണ്. ഒരു കൈകൊണ്ട് മുഷിഞ്ഞ കൈലി തുമ്പ് ഉയർത്തി പിടിച്ചിരിക്കുന്നു. മറ്റേ കൈ ചൂണ്ടി അയാൾ അഖിലയോട് അലറിപ്പറഞ്ഞു : "നീ... എന്നെ പറ്റിച്ചിട്ട് പോയി.. എടീ.." എങ്ങനെയാണ് അയാൾ അഖിലയെ പിന്തുടർന്ന് വന്നതെന്ന് അറിയില്ല. അഖില അലറി കരഞ്ഞു.. കുഞ്ഞും ഉണർന്ന് കരഞ്ഞു.. ഞങ്ങൾക്ക് ചുറ്റും അന്നേരത്തേക്കും ഒരാൾക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞിരുന്നു.. ബസ്റ്റാൻഡിലെ ചില ചെറുപ്പക്കാർ ആ ഭ്രാന്തനെ തള്ളി മാറ്റുന്നുണ്ടായിരുന്നു... ഭ്രാന്തനും ചെറുത്തു നിൽക്കുകയാണ്. പെട്ടെന്ന് ഒരു പൊലീസ് ജീപ്പ് ബസ്റ്റാൻഡിലേക്ക് കയറി വരുന്നത് ഞാൻ കണ്ടു. ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി രണ്ട് പൊലീസുകാർ പാഞ്ഞു വന്നു. അവരുടെ കരുത്തുറ്റ കരങ്ങൾ ഭ്രാന്തനെ കയറിപ്പിടിച്ചു. ഭ്രാന്തൻ പൊലീസുകാരെ കുതറിത്തെറിപ്പിച്ചു. ആ മനോരോഗി ഭയമേതുമില്ലാതെ പൊലീസ് വണ്ടിക്ക് നേരെ ഓടിച്ചെന്നു.
"എന്നെ അറസ്റ്റ് ചെയ്യ് സാറേ... എന്നെ അറസ്റ്റ് ചെയ്യ്..." അയാൾ സബ്- ഇൻസ്പെക്ടറോട് പറഞ്ഞു. പൊലീസുകാരൻ ജീപ്പിന്റെ പകുതി താഴ്ത്തിയ ജനലിലൂടെ ഭ്രാന്തനെ നോക്കി ചിരിച്ചു. ഭ്രാന്തൻ കുറച്ചു ദൂരം നടന്നു.. നെഞ്ചുവിരിച്ച് തിരിഞ്ഞ് നിന്നു : "എന്നെ പിടിക്ക് സാറേ...പിടിക്ക്.." അയാൾ വിളിച്ചു പറഞ്ഞു. "പൊയ്ക്കേടാ.. നീ പോ ..." പൊലീസുകാരൻ ജീപ്പിലിരുന്ന് വിരൽചൂണ്ടി കൈവീശി ആജ്ഞാപിച്ചു. ചുവടുറക്കാതെ അയാൾ നടന്നു.. ഭ്രാന്തൻ ബസ്റ്റാൻഡിന്റെ ഒരു കോണിൽ അപ്രത്യക്ഷനായി.. ഞങ്ങൾക്ക് പോകാനുള്ള ബസ്സ് സ്റ്റാൻഡിലേക്ക് കയറി വന്നു.. അഖില എന്നോട് ചേർന്നിരുന്ന് ആശ്വസിക്കുമ്പോൾ, ബസ്സ് പുറപ്പെട്ടിരുന്നു. ഞാൻ പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ പൊലീസ് ജീപ്പ് സ്റ്റാൻഡിൽ നിന്നും മടങ്ങി പോകുന്നത് കണ്ടു. എന്റെ നെറ്റിയിലെ വിയർപ്പ് തുള്ളികളിലേക്ക് ജനലിലൂടെ അടിച്ചു കയറിയ കാറ്റ് തണുപ്പ് പകർന്നു.
'നവജീവൻ' ആശ്രമത്തിന്റെ നീളൻ വരാന്തയിലൂടെ അന്ന് ഞങ്ങൾ നടക്കുമ്പോൾ ഒരു ആർട്ട് ഗാലറിയിലൂടെ നടക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അഖിലയുടെ കൈപിടിച്ച് നടക്കുന്ന കുഞ്ഞിന്റെ ചെരുപ്പിനടിയിലൊളിപ്പിച്ച പീപ്പിയുടെ ശബ്ദം അവന്റെ ഓരോ പദചലനത്തിലും അവിടെ പ്രതിധ്വനിച്ചു. ആശ്രമത്തിന്റെ വിശാലമായ അടുക്കളയുടെ പിറകുവശത്തു നിന്നും പടിക്കെട്ടുകളിറങ്ങി ചെല്ലുമ്പോൾ, നിരനിരയായിരിക്കുന്ന അന്തേവാസികളുടെ അരികിൽ നിന്നും സോജൻ ബ്രദർ ഞങ്ങളെ കണ്ട് അടുത്തേക്ക് വന്നു. സോജൻ ബ്രദർ ഞങ്ങളെ അയാൾക്ക് മുമ്പിലെത്തിച്ചു. "ഇയാളെ മനസ്സിലായോ..?" ഇൻസ്പെക്ടറുടെ ശബ്ദത്തിന് വല്ലാത്തൊരു ഘനമുണ്ടായിരുന്നു. ആശ്രമത്തിലെ അന്തേവാസികളുടെ മുടി വെട്ടുകയും ഷേവ് ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സോജൻ ബ്രദർ, ഞങ്ങൾ ആ മനുഷ്യനെ കാണാൻ വന്നതറിഞ്ഞ് ഓടിയെത്തി ഇൻസ്പെക്ടറുടെ കരം ഗ്രഹിക്കുകയായിരുന്നു. അയാളെ തിരിച്ചറിഞ്ഞ ഞാൻ അത്ഭുതത്തോടെ ഇൻസ്പെക്ടറുടെ മുഖത്തേക്ക് നോക്കി പറഞ്ഞു: "മനസിലായി.. സാർ..., ആ.. ഭ്രാ...! ആ വാക്ക് ഞാൻ മുഴുമിപ്പിച്ചില്ല. കാരണം, അപ്പോൾ എന്റെ മുമ്പിലിരിക്കുന്ന മനുഷ്യന്റെ കണ്ണുകളിൽ ഭ്രാന്തിന്റെ ഒരു ലാഞ്ചന പോലും ഉണ്ടായിരുന്നില്ല.. അയാളുടെ വിളറിയ ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി രൂപപ്പെടുന്നുമുണ്ടായിരുന്നു.
അന്നത്തെ ആശുപത്രിയിലെ രംഗങ്ങളോരോന്നും എന്റെ മനസ്സിൽ പാഞ്ഞോടി.. എന്റെ കൺകോണിലും രണ്ട് നീർമുത്തുകൾ രൂപപ്പെടുന്നുണ്ടായിരുന്നു. അന്ന് "എന്നെ അറസ്റ്റ് ചെയ്യൂ.." എന്നാക്രോശിച്ചെത്തിയ മനോരോഗിക്ക് മുമ്പിൽ പുഞ്ചിരിയോടെ നിന്ന 'സബ്- ഇൻസ്പെക്ടർ' എന്നെ ഒരുപാട് നിരാശപ്പെടുത്തിയിരുന്നു.. എനിക്ക് അസഹ്യത തോന്നിയിരുന്നു.. അമർഷവും ! ഇന്ന്.. ഈ മനുഷ്യന്റെ മുഖത്തു വിരിയുന്ന ചെറുപുഞ്ചിരിയാകട്ടെ എന്റെ ഹൃദയത്തിന്റെ ഏതോ ആഴങ്ങളിലേക്ക് ആശ്വാസമായി ഇറങ്ങിച്ചെല്ലുകയാണ്... "ഇനിയും വരണം.." ഞങ്ങൾ മടങ്ങുമ്പോൾ കൈ വീശിക്കൊണ്ട് സോജൻ ബ്രദർ പറഞ്ഞു.