വീടിനു ചുറ്റിലും ആൾക്കൂട്ടം; 'അടുക്കള വാതിലിൽ നിന്നു അകത്തോട്ടു എത്തിനോക്കിയ അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി...'
കുഞ്ഞാപ്പു ഓടിയോടി വീടിനരികിൽ എത്തി. വീടിനു ചുറ്റിലും ഒരു ആൾക്കൂട്ടം അവൻ ഭയന്ന് വിറച്ചു. തന്നെ കാണുന്നില്ലെന്നു പറഞ്ഞു അമ്മ വിളിച്ചു കൂട്ടിയവരാണോ? കുറുമ്പിയമ്മ പിച്ചും പേയും പറഞ്ഞ് അടയ്ക്ക ഇടിക്കുന്നുണ്ട്. അകത്തു അനിയത്തി വാവിട്ടു കരയുന്നുണ്ട്.
കുഞ്ഞാപ്പു ഓടിയോടി വീടിനരികിൽ എത്തി. വീടിനു ചുറ്റിലും ഒരു ആൾക്കൂട്ടം അവൻ ഭയന്ന് വിറച്ചു. തന്നെ കാണുന്നില്ലെന്നു പറഞ്ഞു അമ്മ വിളിച്ചു കൂട്ടിയവരാണോ? കുറുമ്പിയമ്മ പിച്ചും പേയും പറഞ്ഞ് അടയ്ക്ക ഇടിക്കുന്നുണ്ട്. അകത്തു അനിയത്തി വാവിട്ടു കരയുന്നുണ്ട്.
കുഞ്ഞാപ്പു ഓടിയോടി വീടിനരികിൽ എത്തി. വീടിനു ചുറ്റിലും ഒരു ആൾക്കൂട്ടം അവൻ ഭയന്ന് വിറച്ചു. തന്നെ കാണുന്നില്ലെന്നു പറഞ്ഞു അമ്മ വിളിച്ചു കൂട്ടിയവരാണോ? കുറുമ്പിയമ്മ പിച്ചും പേയും പറഞ്ഞ് അടയ്ക്ക ഇടിക്കുന്നുണ്ട്. അകത്തു അനിയത്തി വാവിട്ടു കരയുന്നുണ്ട്.
ചില്ലറ തുട്ടുകൾ തമ്മിൽ ഉരയാതെ കൈയ്യിൽ ചുരുട്ടി പിടിച്ചു നിക്കറിന്റെ കീശയിൽ കുത്തി തിരുകി കുഞ്ഞാപ്പു പതിയെ അടുക്കളയിൽ പ്രവേശിച്ചു. അമ്മ ചീരമ്മു അവന്റെ അനിയത്തിയെ തൊട്ടിലാട്ടി ഉറക്കി ഉറക്കി ഉറങ്ങി പോയി. ശബ്ദമുണ്ടാക്കാതെ അവൻ അടുപ്പിന് അരികത്തിരുന്ന കത്തികളിൽ തുരുമ്പുള്ള ഒന്നെടുത്തു. പുറകു വശത്തെ വാതിൽ മെല്ലെ ചാരി പുറത്തു കടന്നു. കൃഷ്ണമണിയുടെ മഷി തീർന്ന തൊണ്ണൂറുകാരി കുറുമ്പിയമ്മ പുറത്തിരുന്ന് കുഞ്ഞൻ ഉരലിൽ ഇരുമ്പ് ദണ്ഡ് വച്ചു അടക്ക ഇടിച്ചു കൊണ്ടിരുന്നു. തുരുമ്പ് വന്ന പിച്ചാത്തി അവൻ താഴെ കിടന്ന വനജ ടെക്സ്റ്റൈൽസിന്റെ കവറിൽ പൊതിഞ്ഞു. കവറിന്റെ കിലുക്കം കേട്ട് കുറുമ്പിയമ്മ അൽപ്പനേരം ഇടി നിർത്തി. കുഞ്ഞാപ്പു ശ്വാസം അടക്കി പിടിച്ചു നിന്നു. കിളവി ചുറ്റിലും ചെവികൂർപ്പിച്ചു ഇടിച്ചതത്രയും വായിലേക്കിട്ടു വെറ്റില ചെല്ലത്തിൽ നിന്നും ഒരു തളിർ വെറ്റില എടുത്തു മടക്കി ചുരുട്ടി വായിൽ തിരുകി. പതിയെ അടുത്തിരുന്ന ഊന്നുവടിയിൽ പിടിത്തമിട്ടു പത്തി വിടർത്തിയ സര്‍പ്പത്തെപോലെ പാതി വളഞ്ഞ് നിന്നു നീട്ടി തുപ്പി.
കുറുമ്പിയമ്മയുടെ തുപ്പലിനെ ചൊല്ലി അവന്റെ അമ്മയും അച്ഛനും എന്നും വഴക്കാണ്. കുറുമ്പിയമ്മയെ പറഞ്ഞാല്‍ അച്ഛൻ കോകിലന് പ്രാന്ത് കേറും, മുറ്റം നിറയെ മുറുക്കി തുപ്പും. പിന്നെ പാതിരാവ് വരെ അച്ഛന്റെ തുപ്പലും അമ്മയുടെ കരഞ്ഞുകൊണ്ടുള്ള മൂക്ക് പിഴിയലും കേട്ടു കുഞ്ഞാപ്പു അനിയത്തിയെ തൊട്ടിലാട്ടി ഉറക്കം തൂങ്ങിയിരിക്കും. കോകിലന് കുഞ്ഞാപ്പുവിനോട് വെറുപ്പാണ്. ചീരമ്മുവിനോടുള്ള സംശയമാണ് കാരണം. കുഞ്ഞാപ്പു തന്റെ മകനല്ലെന്നാണ് അയാളുടെ വാദം. ചില ദിവസങ്ങളില്‍ ചീരമ്മുവിനെ അതും പറഞ്ഞു തലങ്ങും വിലങ്ങും തല്ലും. അപ്പോൾ കുറുമ്പിയമ്മ കുഞ്ഞൻ ഉരലിൽ താളം പിടിക്കും. കോകിലൻ മൂവന്തിയാവോളം ഷാപ്പിലാവും, ഷാപ്പിന്റെ പുറകിലെ കണ്ടത്തിൽ കൂട്ടുകാര് കളിക്കുമ്പോൾ കുഞ്ഞാപ്പു പേടിച്ചു വീട്ടിലിരിക്കും. പൂരക്കാലം ആയാൽ അങ്ങേരു കുറച്ചു നാളത്തേക്ക് നാട് വിടും. പൂരപ്പറമ്പുകളിൽ മുച്ചീട്ടു കളി ആണ് തൊഴിൽ. അപ്പോഴാണ് കുഞ്ഞാപ്പുവും അമ്മയും ഒന്ന് സന്തോഷിക്കുന്നേ. അമ്മ ഉച്ചമയക്കവും പാറകുളത്തിലെ തുണിയലക്കും ഒക്കെ തുടങ്ങും. കുഞ്ഞാപ്പു ഷാപ്പിന് പുറകിൽ കണ്ടത്തിൽ കൂട്ടുകാരുമൊത്തു കളിച്ചു തിമിർക്കും. കുറുമ്പിയമ്മ അടക്കയും ഇടിച്ച് മകനോട് പറയാനുള്ള വാർത്തകൾക്ക് ചെവികൂർപ്പിച്ചിരിക്കും.
കുറുമ്പിയമ്മ വടിയൂന്നി ശ്വാസം പിടിച്ചു നിന്ന കുഞ്ഞാപ്പുവിന് അടുത്തേക്ക് വന്നു. അവൻ പൊടുന്നനെ ഒരോട്ടം വച്ചു കൊടുത്തു. വനജയുടെ കവറിന്റെ ചിലമ്പലിൽ ചെവികൂർപ്പിച്ചു കുറുമ്പിയമ്മ പ്രാകി കൊണ്ട് പിറുപിറുത്തു നിന്നു. കുഞ്ഞാപ്പുവിന്റെ ഓട്ടം ചെന്ന് നിന്നത് തേവർ കോളനിയിലെ മൂന്നും കൂടിയ വഴിയിലാണ്. അവൻ നിശബ്ദനായി ചെവിയോർത്തു. തെക്കോട്ടിറങ്ങുന്ന വഴിയുടെ ദിക്കിൽ നിന്നും എന്തോ കേൾക്കുന്നുണ്ടെന്ന ധാരണയിൽ അവന്‍ അങ്ങോട്ടു ധൃതിയിൽ ഓട്ടം തുടർന്നു. കല്ലുവെട്ടാൻകുഴിയുടെ അപ്പുറത്തെ നാണു ആശാരിയുടെ വീടിനു മുൻപിൽ നിൽപ്പുണ്ട് കത്തിക്ക് മൂർച്ച കൂട്ടുന്ന അവിനാശികാരൻ ചിന്ന ദൊരയ്. ചുറ്റിലും കുഞ്ഞാപ്പുവിന്റെ കൂട്ടുകാരും. ചിന്ന ദൊരയ് അവർക്കു അത്രയും ആകൃഷ്ടനാണ്. കരിമ്പിൻ തൊണ്ടിന്റെ നിറം ഉള്ള ചിന്ന ദൊരയ് വെള്ള വസ്ത്രം ആണ് ധരിക്കുക. നെറ്റി മുഴുവനും മഞ്ഞ ചന്ദനം പൂശിയിട്ടുണ്ടാവും. വെളുത്ത ഷർട്ടും വേഷ്ടിയും ഉടുത്ത്, ഒറ്റ ചക്രമുള്ള ചവിട്ടു യന്ത്രം തോളിൽ തൂക്കി ദൊരയ് വരുന്ന കണ്ടാൽ പാണൻതോട്ടിലെ പിള്ളേർ പിന്നെ കളിയൊക്കെ നിർത്തി ആളുടെ കൂടെ കൂടും. കുഞ്ഞാപ്പുവിന് രണ്ട് കാര്യങ്ങളാണ് ഇഷ്ടം. ഒന്ന് അങ്ങേര് വിളിച്ചു പറയുന്ന താളം "ചാമ്യേ.. കത്തി, വാക്കത്തി, വെട്ടുകത്തി, അരിവാള്, കൊടുവാൾ, അറക്ക വാള് മൂർച്ച കൂട്ടണമാ ചാമ്യേ.." പിന്നെ കത്തിക്ക് മൂർച്ച കൂട്ടുമ്പോൾ തെറിക്കുന്ന തീപ്പൊരി. അത് ദേഹത്തായാലും ദൊരയ്ക്ക് പൊള്ളത്തില്ല. അവനു അയാളോട് വല്ലാത്ത ആരാധന തോന്നും.
ഒരിക്കൽ കുഞ്ഞാപ്പു ചിന്ന ദൊരയെ വീട്ടിൽ കൂട്ടി കൊണ്ട് പോയി കത്തി മൂർച്ച കൂട്ടാൻ. അന്ന് ചീരമ്മു കാശില്ലെന്നും പറഞ്ഞു തിരികെ വിട്ടു. കൂട്ടുകാർ കുഞ്ഞാപ്പുവിനെ ഒത്തിരി കളിയാക്കി. ഇപ്പൊ ഇതാ താൻ കാശുമായി എത്തിയിരിക്കുന്നു. ഇന്ന് താൻ കൂട്ടുകാരുടെ മുന്നിൽ കുറച്ചു പത്രാസു കാണിക്കും. നാണു ആശാരി തന്റെ ആയുധങ്ങൾ മൊത്തം കൂട്ടി ഇട്ടിട്ടുണ്ട്. ദൊരയ് ഓരോന്നായി എടുത്ത് ചാണചക്രത്തിൽ ഉരച്ചു തീപ്പൊരി തുപ്പിച്ചു. കുഞ്ഞാപ്പു വനജയുടെ കവർ തുറന്നു പിച്ചാത്തി എടുത്ത് തെല്ലഹങ്കാരത്തോടെ കൂട്ടുകാരെ കാണിച്ചു. പിന്നെ കീശയിലെ ചില്ലറ തുട്ടും. വഴിയിൽ പോകുന്നവരെ നോക്കി കുട്ടികൾ ദൊരയുടെ സ്വരത്തിൽ വിളിച്ചു പറഞ്ഞു "ചാമ്യേ... കത്തി, വാക്കത്തി, വെട്ട് കത്തി" ദൊരയ് മുറുക്കി കറ വീണ പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചുകൊണ്ട് താളത്തിൽ കാലുകൊണ്ട് ചക്രം ചവിട്ടി. നേരം ഇരുട്ടി തുടങ്ങിയിട്ടും നാണു ആശാരിയുടെ പണിയായുധങ്ങളുടെ മൂർച്ച കൂട്ടൽ കഴിഞ്ഞില്ല. കുഞ്ഞാപ്പു ആകാംക്ഷയോടെ കാത്തിരുന്നു. കൂട്ടുകാരൻ സെൽവൻ അവന്റെ കൈയ്യിലെ കത്തി വാങ്ങി തലങ്ങും വിലങ്ങും നോക്കി ചോദിച്ചു "ഇത് ഒരുപാട് തുരുമ്പുണ്ട്. കാശ് ഇമ്മിണി വാങ്ങും. നിന്റെ കൈയ്യിൽ എത്രയിണ്ട്?" "എന്റെ കൈയ്യിൽ എല്ലാംകൂടി രണ്ടര റുപ്പിക" "അത് തികയൂന്നു തോന്നുന്നില്ല"
ആകാശത്തു മഴക്കോള് മൂടി ചുറ്റിലും കൂടുതൽ ഇരുട്ട് വീണു തുടങ്ങി. അമ്മ ചീരമ്മു ഇപ്പൊ അനിയത്തിയെയും എടുത്ത് തന്നെ ഉറക്കെ വിളിച്ചു കണ്ടത്തിലും പാറക്കുള കടവിലും അന്വേഷിച്ചു നടപ്പുണ്ടാവും. അവന്റെ ഉള്ളൊന്നു കാളി. കൂട്ടുകാര് പലരും വീടുകളിലേക്ക് പോയി. സെൽവൻ മാത്രം കൂടെ നിന്നു. പക്ഷെ അമ്മയുടെ കൈയ്യിൽ നിന്നു തല്ലു വാങ്ങിയാലും സാരമില്ല താൻ അത്രയും കൊതിച്ചതാണ്. നേരം വൈകുന്ന കണ്ടപ്പോൾ ഒടുക്കം സെൽവൻ കയറി ദൊരയോട് കാര്യം പറഞ്ഞു. രണ്ടരരൂപക്ക് നടക്കില്ലെന്നായി ദൊരയ്. അവസാനം നാണു ആശാരിയുടെ മൊത്തം മൂർച്ചകൂട്ടി കൊടുത്ത് അയാൾ കുഞ്ഞാപ്പുവിനോട് പറഞ്ഞു. "ഇവളോ നേരം ആച്ചില്ലേ, ഒരു ഉദവി പൻറെ, കാശു എനക്ക് കൊടുത്ത് നീങ്കളെ പണ്ണി തൊലെ." രണ്ടര രൂപ വാങ്ങി ദൊരയ് ചവിട്ടു യന്ത്രം അവർക്കു വച്ച് കൊടുത്ത് അരികിൽ കിടന്ന തടി കഷ്ണത്തിൽ ഇരുന്ന് മുറുക്കാൻ പൊതി തുറന്നു. കുഞ്ഞാപ്പുവും സെൽവനും സന്തോഷം കൊണ്ട് അന്തം വിട്ടു നിന്നു. സെൽവൻ പതിയെ ചവിട്ടി ചക്രം കറക്കി. കുഞ്ഞാപ്പു പിച്ചാത്തി പതിയെ കറങ്ങുന്ന ചക്രത്തിൽ മുട്ടിച്ചു. ചുറ്റിലും പ്രകാശം വിതറി തീപ്പൊരികൾ മിന്നാമിനുങ്ങുകളെ പോലെ ചിന്നി ചിതറാൻ തുടങ്ങി. ആ മിന്നലുകൾ കുഞ്ഞാപ്പുവിന്റെ കുഞ്ഞികണ്ണുകളിൽ വെട്ടിത്തിളങ്ങി. കൈയ്യിൽ തട്ടിയ തീപ്പൊരികൾ ഇക്കിളിയിടുന്നതായി തോന്നിയപ്പോൾ അവനു വല്ലാത്ത ആത്മധൈര്യം തോന്നി. പതിയെ പതിയെ പിച്ചാത്തി വെട്ടി തിളങ്ങാൻ തുടങ്ങി.
ചിന്നദൊരയ് എണീറ്റു പിച്ചാത്തി വാങ്ങി ഇരുഭാഗവും നോക്കി, മന്ദഹസിച്ചു കൊണ്ട് കുഞ്ഞാപ്പുവിന്റെ തോളിൽ തട്ടി പറഞ്ഞു. "നല്ല വഴക്കമാ സെഞ്ച് വെച്ചിരിക്കെ, എൻ കൂടെ വാങ്കോ ദിനവും പത്തു രൂപ താരേ വരിയാ.." സന്തോഷവും അഭിമാനവും കൊണ്ട് കുഞ്ഞാപ്പുവിന്റെ തൊണ്ടകുഴിയിൽ ഒരു സുഖകരമായ വേദന വന്നു. കൂട്ടുകാരൊന്നും ഈ കാഴ്ച കാണാഞ്ഞതിൽ അവനു അതിയായ നീരസം തോന്നി. അവൻ വനജയുടെ കവറിൽ പിച്ചാത്തി പൊതിഞ്ഞു വെട്ടു വഴിയിലേക്ക് കയറി. പൊടുന്നനെ ഇടി മുഴക്കി കൊണ്ട് മഴ പെയ്തു. സെൽവനും കുഞ്ഞാപ്പുവും വീട്ടിലേക്കു മഴനനഞ്ഞു കൊണ്ടോടി. കുഞ്ഞാപ്പുവിന്റെ കണ്ണുകളിൽ തീപ്പൊരിയുടെ തിളക്കവും ചെവിയിൽ ദൊരെയുടെ വാക്കുകളും ആയിരുന്നു. ഇടിയും മിന്നലും അറിയാതെ അവൻ ഓടിക്കൊണ്ടിരുന്നു. താന്‍ വലുതായിരിക്കുന്നു. ഒരു ദിവസം പത്തുരൂപ ഉണ്ടാക്കാൻ മാത്രം വലുതായി, അതും തന്റെ ഏറ്റവും പ്രിയപ്പെട്ട തൊഴിൽ ഇനി അമ്മയെയും അനിയത്തിയെയും താൻ നോക്കും.. അവർക്കു വേണ്ടതൊക്കെയും താൻ വാങ്ങി കൊടുക്കും.. ഷാപ്പിന്റെ പുറകിലെ കണ്ടം കഴിഞ്ഞപ്പോ സെല്‍വൻ വേറെ വഴിയോടി.
കുഞ്ഞാപ്പു ഓടിയോടി വീടിനരികിൽ എത്തി. വീടിനു ചുറ്റിലും ഒരു ആൾക്കൂട്ടം അവൻ ഭയന്ന് വിറച്ചു. തന്നെ കാണുന്നില്ലെന്നു പറഞ്ഞു അമ്മ വിളിച്ചു കൂട്ടിയവരാണോ? കുറുമ്പിയമ്മ പിച്ചും പേയും പറഞ്ഞ് അടയ്ക്ക ഇടിക്കുന്നുണ്ട്. അകത്തു അനിയത്തി വാവിട്ടു കരയുന്നുണ്ട്. അവൻ പതിയെ മുറ്റത്തോട്ടു കയറി. മുറ്റത്തു നിറയെ മുറുക്കി തുപ്പിയ പാടുകൾ. ഇത് മുത്തശ്ശി മാത്രം തുപ്പിയതല്ല, അങ്ങേരു വന്നു കാണുമോ? കുഞ്ഞാപ്പു അടിവച്ചു അടിവച്ചു ഉമ്മറപടിയിൽ എത്തി. അകത്തോട്ടു കയറി അകത്തും മുറുക്കി തുപ്പിയിരിക്കുന്നു. അതെ അങ്ങേരു വന്നു കാണും. പക്ഷേ മുറുക്കി തുപ്പിയാൽ ഇത്രയും ചുവക്കുമോ? തൊട്ടിലിൽ ഉണ്ണിയുടെ കരച്ചില്‍ കേട്ടു അവൻ ചെന്ന് പതിയെ ആട്ടി കൊടുത്തു. തൊട്ടിലിന്റെ തുണിയിലും ചുവന്ന തുപ്പൽ. അവന്റെ കണ്ണുകൾ ചുറ്റിലും അമ്മയെ പരതി. കുഞ്ഞാപ്പു അടുക്കള വാതിലിൽ നിന്നു അകത്തോട്ടു എത്തിനോക്കി. അവന് തന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. അവന്റെ കൈകാലുകളെല്ലാം അനങ്ങാൻ പറ്റാത്ത വിധം തരിച്ചിരുന്നു. അടുക്കളയുടെ മൂലയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മ.
അവന്റെ ചെവിയിൽ നിശബ്ദതയുടെ മൂളൽ ഇരച്ചു കയറി.. നാട്ടുകാർ ആരൊക്കെയോ ചേർന്ന് കുഞ്ഞാപ്പുവിനെ പിടിച്ച് പുറത്ത് കൊണ്ടിരുത്തി. ചെവിയുടെ മൂളൽ അൽപ്പം കുറഞ്ഞപ്പോ ആരോ അടക്കം പറയുന്നതവൻ കേട്ടു. "കോകിലൻ ചിരവക്ക് അടിച്ചതാ, ചോര തളം കെട്ടി കിടക്കണ കണ്ടു നമ്പി വൈദ്യൻ അടക്കം പറഞ്ഞു മരിച്ചൂന്ന്" "എന്നിട്ട് അവൻ എങ്ങോട്ടു പോയി." "ചീരമ്മുവിന്റെ കരച്ചിൽ കേട്ടു കൈത്തേരിലെ പെണ്ണുങ്ങള് ഓടി എത്തുമ്പോ അവൻ വീടിന്റെ പിന്നാമ്പുറം വഴി.. പാടത്തൂടെ കിഴക്കൻ മല ഓടിക്കേറണ കണ്ടൂത്രേ." കുഞ്ഞാപ്പു ഇരുന്നിടത്തു നിന്നു എണീറ്റ് ഒരു കൊടുനീളൻ ശ്വാസമെടുത്ത് പുറകിലെ പാടത്തെ ഇരുട്ടിലോട്ട് ഓടിമറഞ്ഞു. കുറുമ്പിയമ്മ ഇടച്ചതത്രയും വായിലേക്കിട്ടു ഉറക്കെ വിളിച്ചു പറഞ്ഞു. "കോകിലാ മോനെ ചീരമ്മു പാവാട അവളെ കൊല്ലല്ലേ ഡാ." കൂടി നിന്ന പെണ്ണുങ്ങൾ സാരി തലപ്പുകൊണ്ടു മുഖം പൊത്തി കരഞ്ഞു കൊണ്ട് നിന്നു..
ഇടിവെട്ടിന്റെ വെളിച്ചത്തിൽ കിഴക്കൻ മല ലക്ഷ്യമിട്ടു കുഞ്ഞാപ്പു നിർത്താതെ ഓടിക്കൊണ്ടിരുന്നു. ഇടം കൈയ്യിൽ വനജ ടെക്സ്റ്റൈൽസിന്റെ കവറിൽ മൂർച്ച കൂട്ടിയ പിച്ചാത്തി മുറുകെ പിടിച്ചു കൊണ്ട്. അവന്റെ കണ്ണിൽ ചിന്നി തെറിക്കുന്ന തീപ്പൊരികളും, കാതിൽ ഉരഞ്ഞു കത്തുന്ന ഇരുമ്പിന്റെ നീറ്റുന്ന അലർച്ചയും മാത്രമാണ്.. കുഞ്ഞാപ്പു ഉള്ളിൽ പറഞ്ഞു. "അതെ താൻ വലുതായി, ഒരുപാട് വലുതായി, കിഴക്കൻ മലയെക്കാൾ വലുതായി."