ഭർത്താവ് അമിത സ്നേഹം കാട്ടുന്നു, വിവാഹമോചനം വേണമെന്ന് യുവതി; ഒടുവിൽ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്
രജനി തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയർന്നുവന്ന ഒരു ചോദ്യം ദിവ്യക്കു നേരെ എറിഞ്ഞു : "നിനക്കിനി ഇവനെ വേണ്ട എങ്കിൽ, നിന്റെ ഈ രോഹിതിനെ ഞാനെടുത്തോട്ടെ?" ദിവ്യക്കത് കേട്ട് ഒരു കൂസലുമുണ്ടായില്ല. "എങ്ങനെയൊക്കെ എന്നോട് പറഞ്ഞാലും, എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല മാഡം."
രജനി തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയർന്നുവന്ന ഒരു ചോദ്യം ദിവ്യക്കു നേരെ എറിഞ്ഞു : "നിനക്കിനി ഇവനെ വേണ്ട എങ്കിൽ, നിന്റെ ഈ രോഹിതിനെ ഞാനെടുത്തോട്ടെ?" ദിവ്യക്കത് കേട്ട് ഒരു കൂസലുമുണ്ടായില്ല. "എങ്ങനെയൊക്കെ എന്നോട് പറഞ്ഞാലും, എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല മാഡം."
രജനി തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയർന്നുവന്ന ഒരു ചോദ്യം ദിവ്യക്കു നേരെ എറിഞ്ഞു : "നിനക്കിനി ഇവനെ വേണ്ട എങ്കിൽ, നിന്റെ ഈ രോഹിതിനെ ഞാനെടുത്തോട്ടെ?" ദിവ്യക്കത് കേട്ട് ഒരു കൂസലുമുണ്ടായില്ല. "എങ്ങനെയൊക്കെ എന്നോട് പറഞ്ഞാലും, എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല മാഡം."
കുടുംബക്കോടതിയുടെ കൗൺസലിങ്ങിന്റെ ആദ്യ സിറ്റിങ്ങാണ്. ദിവ്യയും രോഹിതും കൗൺസലിങ്ങ് റൂമിന്റെ പുറത്തിട്ടിരുന്ന കസേരകളിൽ അവരുടെ ഊഴത്തിനായി കാത്തിരിക്കുന്നു. മിനിമം മൂന്ന് സിറ്റിങ്ങ് വേണ്ടിവരുമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും, ആദ്യത്തേതിൽത്തന്നെ കാര്യം കഴിഞ്ഞ് കിട്ടിയാൽ മതിയെന്നാണ് ദിവ്യക്ക്. രോഹിതാണെങ്കിൽ, എനിക്കൊന്നും ഇനി കേൾക്കണ്ട എന്ന് പറഞ്ഞ്, തന്റെ നല്ല വാക്കുകൾ എപ്പോഴും തടഞ്ഞു കൊണ്ടിരിക്കുന്ന ദിവ്യയോട്, കുടുംബ കോടതിയിലെ കൗൺസിലറുടെ മുന്നിൽ വച്ചെങ്കിലും, പറയാനുള്ളത് പറയാമല്ലൊ എന്ന ആശ്വാസത്തിലാണ്. എത്രയോ നാളായി അവൾ രോഹിതിന്റെ മനസ്സിനെ കാണാതായിട്ട്! എത്രയോ നാളായി അവൾ അവന്റെ വാക്കുകൾക്ക് കാതോർക്കാതായിട്ട്! ദിവ്യക്കും രോഹിതിനും അരികിലിരുന്ന മറ്റുള്ളവർ, കൗൺസിലർ വരുന്നത് കണ്ട്, പെട്ടെന്ന് എഴുന്നേൽക്കുന്നത് കണ്ടപ്പോൾ, അവരും ഉടൻ എഴുന്നേറ്റുനിന്നു.
ആദ്യം ദിവ്യയേയും രോഹിതിനേയും തന്നെയാണ് കൗൺസലിങ്ങിന് വിളിച്ചത്. അവരുടെ കേസ്ഫയൽ വായിച്ചു കഴിഞ്ഞ്, കൗൺസിലർ രജനി മേനോൻ, തന്റെ കസേരയിൽ ഒരു മിനുട്ടോളം ഒന്ന് ചാരിയിരുന്ന് കണ്ണടച്ചു. എപ്പോഴും സ്വന്തം ദാമ്പത്യ ജീവിതം സൈഡ് ട്രാക്കിലിട്ട് ബാച്ചിലർ ലൈഫിനെ നെഞ്ചോട് ചേർത്ത് ആനന്ദ ജീവിതം നയിച്ചിരുന്ന തന്റെ ഭർത്താവ് കിഷോറിനെ, ഈ രോഹിതിന്റെ മുന്നിൽ കൊണ്ടു നിർത്താൻ പറ്റിയില്ലല്ലോ എന്ന് തോന്നി രജനിക്ക്. തന്റെ കല്യാണആൽബത്തിലും ഇടത്കയ്യിലെ മോതിരവിരലിലെ വെഡ്ഡിങ്ങ് റിങ്ങിലും രാത്രി ഏറെ വൈകി കിടക്കാനെത്തുന്ന അവന്റെ തന്നെ ഓഫീസ് മുറിയെന്നു വിളിക്കുന്ന എക്ട്രാ ബെഡ് റൂമിലും മാത്രം കണ്ടുവന്നിരുന്ന ഒരു ഭർത്താവ്. അതായിരുന്നു കിഷോർ. രുചിയിലുണ്ടാക്കി വിളമ്പുന്ന ഭക്ഷണത്തിലോ, അണിഞ്ഞൊരുങ്ങിയ തന്റെ അഴകിലോ മതിപ്പില്ലാത്ത കിഷോറിന്റെ മനസ്സ് എന്താണെന്നുതന്നെ മനസ്സിലായില്ല രജനിക്ക്. ഒരു വേർപിരിയലിൽ അവസാനിച്ചു എല്ലാം.
അവൾ ദിവ്യയുടെയും രോഹിതിന്റെയും കേസ് ഫയൽ വീണ്ടും തുറന്നു വച്ചു. ദിവ്യയും രോഹിതും കൗൺസലിങ്ങ് റൂമിലേക്ക് കടന്നുവന്നു. രണ്ടു പേരോടും മുന്നിലുള്ള കസേര ചൂണ്ടി, ഇരിക്കാൻ കണ്ണുകളാൽ പറഞ്ഞു രജനി. ദിവ്യയുടെ നേർക്കു തന്നെയായിരുന്നു ആദ്യ നോട്ടവും ചോദ്യവും. "രോഹിതിനെ പിരിയണമെന്ന് നിർബന്ധമാണോ മിസ്സിസ്. ദിവ്യക്ക്?" "അതെ. എനിക്ക് തുടരാനാവില്ല മാഡം." ദിവ്യയുടെ ഉറച്ച ശബ്ദം. "രോഹിതിനോ?" നിരാശയിൽ തളർന്നുമങ്ങിയ രോഹിതിന്റെ കണ്ണുകളെ ശ്രദ്ധിച്ചുകൊണ്ടായിരുന്നു രജനിയുടെ ചോദ്യം. "എനിക്കിവളെ പിരിയാനാവില്ല മാഡം. പക്ഷേ, ഇവൾ പിരിഞ്ഞ് പോകുന്നത് എനിക്ക് തടയാനുമാവില്ല. കാരണം, എനിക്കിവളെ അത്രക്കിഷ്ടാണ് മാഡം. അതുകൊണ്ട്തന്നെ അവളുടെ ആഗ്രഹത്തിന് എതിര് നിന്ന് അവളെ വിഷമിപ്പിക്കാനും എനിക്കാവില്ല."
"എന്താണ് ദിവ്യാ ഇത്! ഇത്രക്കിഷ്ടമുള്ള ഒരാളെയാണോ നീ വേണ്ടെന്നു വയ്ക്കുന്നത്!" "എനിക്കിത്ര ഇഷ്ടം വേണ്ട മേഡം. എനിക്ക് അതിലേറെ, സ്വാതന്ത്ര്യമാണ് വേണ്ടത്!" "അതിന് ഈ ഇഷ്ടത്തിലെവിടെയാണ് അസ്വാതന്ത്ര്യമിരിക്കുന്നത് ദിവ്യാ?" രജനിയുടെ സ്വരത്തിൽ സ്നേഹമുണ്ടായിരുന്നു. പക്ഷേ, അതവൾ തിരിച്ചറിഞ്ഞില്ല. "മാഡത്തിനത് മനസ്സിലാകാഞ്ഞിട്ടാണ്. ദാമ്പത്യ ജീവിതത്തിൽ, സ്നേഹം കൂടുന്നിടത്ത് സ്വാതന്ത്യം കുറയും മേഡം. അകലാൻ തോന്നുന്നത്ര സ്നേഹക്കുറവിലേക്ക് അത് കൊണ്ടുപോവുകയും ചെയ്യും." "എനിക്കിതൊരു പുതിയ അറിവാണ് ദിവ്യാ." "രോഹിത് എന്തു പറയുന്നു?" രജനി രോഹിതിനോട് ചോദിച്ചു. "എനിക്കിവളോട് സ്നേഹം മാത്രമേയുള്ളൂ മേഡം. അത് ഇവളെനിക്ക് തിരിച്ചു തന്നില്ലെങ്കിൽ പോലും എനിക്കിവളെ സ്നേഹിക്കാനേ കഴിയൂ." "നിങ്ങളെന്തിനാണ് പിരിയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നേ ഇല്ല. എനിക്ക് ഇനി നിങ്ങളോട് ഒറ്റക്കൊറ്റക്ക് സംസാരിക്കണം. ദിവ്യ കുറച്ചുനേരം പുറത്തിരിക്കാമോ? ഞാൻ രോഹിതിനോട് ആദ്യം ഒറ്റക്ക് സംസാരിക്കട്ടെ." "ഓക്കെ മാഡം. ഞാൻ പുറത്ത് വെയ്റ്റ് ചെയ്യാം." ദിവ്യ പുറത്തേക്ക് പോയി.
രോഹിത് ഒന്ന് ദീർഘശ്വാസമെടുത്തതു പോലെ തോന്നി രജനിക്ക്. അവൻ പ്രതീക്ഷയോടെ രജനിയുടെ കണ്ണുകളിലേക്ക് നോക്കി. "പറയൂ രോഹിത്. എന്താണ് നിങ്ങൾ തമ്മിലുള്ള യഥാർഥ പ്രശ്നം?" "അവളോടുള്ള അടങ്ങാത്ത പ്രണയം തന്നെ, മേഡം! അത്രക്കും സ്നേഹം. അതു തന്നെയാവും പ്രശ്നം, മേഡം. അവളതൊക്കെ നിഷേധിക്കുമ്പോഴും എനിക്ക് അവളോടുള്ള സ്നേഹത്തിനെ അത് ബാധിക്കുന്നില്ല എന്നത് എന്നെ സ്വയം വിസ്മയിപ്പിക്കുന്നുമുണ്ട്. അവൾ എന്നിൽ നിന്ന് എന്നേക്കുമായി അകലണമെന്ന് ആഗ്രഹിക്കുന്നു എന്ന് പറയുമ്പോഴും, അവളോടുള്ള എന്റെ ഇഷ്ടം കുറയുന്നില്ലല്ലോ. പക്ഷേ, എന്തു ചെയ്യണമെന്നെനിക്കറിയില്ല. എന്നിലെ അളവില്ലാത്ത പ്രണയത്തെ, അതിലൂടെ ഊറി വരുന്ന സ്നേഹത്തെ അണകെട്ടി നിർത്താൻ എനിക്കാവില്ല മാഡം." "രോഹിത്! നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ! ഒരു പെണ്ണ് തപസ്സിരുന്ന് നേടാൻ കൊതിക്കുന്ന പ്രണയ മനസ്സാണ് താങ്കളുടെ! ഇതൊരു കോടതി നടപടിക്കിടയിൽ ഒരു കൗൺസിലർക്കു പറയാമോ എന്നറിയില്ല. എങ്കിലും, ഇത് പറയുന്നതിൽ നിന്നും, എനിക്കെന്റെ മനസ്സിനെ തടയാനാവുന്നില്ല, മിസ്റ്റർ രോഹിത്!"
രോഹിതിന്റെ മുഖം ഒരു വെൺപൂവിന്റെ പ്രഭ പോലെ തെളിഞ്ഞു. ഇവർക്കെങ്കിലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ! കുറേ നാളായി തന്റെ സ്നേഹം കണ്ട ഒരു മുഖം കണ്ടെത്തിയ സന്തോഷമായിരുന്നു രോഹിതിന്. രജനി എന്ന കൗൺസിലറുടെ നേരെ ഈ നിമിഷം ഒന്നു കൈകൂപ്പണമെന്ന് തോന്നിയെങ്കിലും, ഒരു മര്യാദഭയം അവനെ അതിൽ നിന്നും വിലക്കി. മനസ്സിലേക്ക് ഉയർന്നുവന്ന ആകാംക്ഷയിൽ, രജനി അവനോടുള്ള ചോദ്യം തുടർന്നു.. "രോഹിത്, എന്താണവൾ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നു പറയുന്നത്?" "അറിയില്ല മേഡം. ഒരു പക്ഷേ, അവളുടെ എന്താവശ്യവും നിറവേറ്റിക്കൊടുക്കാൻ ഞാൻ എപ്പോഴും അവളുടെ കൂടെ ഉണ്ടാവുന്നത്, ഒരു പിൻതുടരലായി, അതൊരു ശല്യമായി അവൾക്ക് തോന്നുന്നുണ്ടാകാം. പക്ഷേ, അവൾക്ക് വേണ്ടി ഒരു കുഞ്ഞു കാര്യം ചെയ്തു കൊടുക്കുമ്പോഴും എനിക്കുണ്ടാവുന്ന ആനന്ദവും സംതൃപ്തിയും അവൾക്ക് മനസ്സിലാവണമെന്നില്ല, മേഡം. മിക്കപ്പോഴും ഞാൻ തനിയേ ചെയ്തോളാം എന്നവൾ പറഞ്ഞാലും ഞാൻ അത് സമ്മതിക്കാതെ അവൾക്ക് വേണ്ടി അത് ചെയ്യും. അവൾക്കത് ചെയ്യാൻ കഴിവില്ലാത്തത് കൊണ്ട് ഞാൻ ചെയ്ത് കൊടുക്കുന്നതാണെന്ന തോന്നലാവും അവൾക്ക്.
അവൾക്ക് വേണ്ടി ഞാൻ വാങ്ങുന്നതെല്ലാം, അത് വസ്ത്രമായാലും ആഭരണമായാലും അവൾ സ്വീകരിക്കുമെങ്കിലും, അവൾക്കിഷ്ടമുള്ളത് വാങ്ങാനുള്ള സ്വാതന്ത്ര്യം ഞാൻ തടയുകയാണെന്ന തോന്നലും ഒരു പക്ഷേ, അവൾക്കുണ്ടാകുന്നുണ്ടാകാം. എനിക്കൊരു വിധം നന്നായി പാചകം ചെയ്യാനറിയാം, മേഡം. അവൾക്ക് വേണ്ടി എന്തെങ്കിലും പാചകം ചെയ്താലും, അവളത് കഴിക്കും. പക്ഷേ എത്ര രുചിയുണ്ടെങ്കിലും അത് പറയില്ല. ഒരു പക്ഷേ, അവളുണ്ടാക്കുന്നതിന് രുചി പോരാഞ്ഞിട്ട്, ഞാനുണ്ടാക്കുന്നതാണ് എന്ന തോന്നൽ അവൾക്കുണ്ടാകുന്നുണ്ടാകാം. യാത്രകളിൽ, ഓഫീസിലേക്കായാലും മറ്റെവിടേക്കായാലും കാറിൽ ഞാനവളെ കൊണ്ടുപോകുന്നത്, ഒറ്റക്ക് യാത്ര ചെയ്യാൻ തന്റേടമില്ലാത്ത ഒരു പെണ്ണിനെ, അവളുടെ ഭർത്താവ് കൊണ്ടുനടക്കുന്നു എന്ന് മറ്റുള്ളവർ കരുതും എന്നും, അവൾ അഭിമാനക്കുറവായി എടുക്കുന്നുണ്ടാവാം. ഇതുപോലെയുള്ള എന്റെ എല്ലാ സ്നേഹപ്രകടനങ്ങളും അവൾക്ക് ഇഷ്ടപ്പെടാത്ത നിലയിലേക്ക് എത്തിനിൽക്കുകയാണിപ്പോൾ. ഒരു പക്ഷേ, എന്റെ സാന്നിധ്യമില്ലാതെ അവളുടെ എല്ലാ കാര്യങ്ങളും അവൾക്ക്തന്നെ ചെയ്യാൻ കഴിഞ്ഞാൽ, അതൊരു വലിയ സ്വാതന്ത്ര്യമാകും, അത് അവൾക്ക് അഭിമാനമാകും എന്നവൾ കരുതുന്നുണ്ടാകാം, മേഡം. അവളോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ അഭിനിവേശം കൊണ്ടാണ് ഞാൻ അവൾക്ക് വേണ്ടി ഇതൊക്കെ ചെയ്തു പോകുന്നത്!"
"മിസ്റ്റർ രോഹിത്! ഏതു പെണ്ണും കൊതിച്ചു പോകുന്ന ഒരു പ്രണയ മനസ്സാണ് താങ്കളുടേത്! അതൊരു ഭാര്യക്ക് നിരന്തരം കിട്ടിക്കൊണ്ടിരിക്കുക എന്നു പറയുന്നത്, എന്നെപ്പോലും അസൂയാലുവാക്കുന്നുണ്ട്. നിങ്ങളുടെ മുന്നിൽ ഒരു കൗൺസലിങ്ങ് ഒഫീഷ്യലായി ഇരിക്കുമ്പോൾ പോലും, ഇത് പറയാൻ എനിക്ക് ലജ്ജ തോന്നുന്നില്ല. ഞാൻ ദിവ്യയോട് കുറച്ചു നേരം ഇതെക്കുറിച്ച് സംസാരിച്ചു നോക്കട്ടെ. ഒരു പക്ഷേ, തന്റെ ഭർത്താവിനെക്കുറിച്ച് മതിപ്പോടെ മറ്റൊരാൾ പറഞ്ഞാൽ, ചില സ്ത്രീകളുടെ ഹൃദയം തുറക്കുന്നതായി എനിക്ക് അനുഭവമുണ്ട്. ഒരു സ്ത്രീ അങ്ങനെയൊരഭിപ്രായം പറയുമ്പോൾ പ്രത്യേകിച്ചും ഒരു മനസ്സിലാവൽ സംഭവിക്കാം. Let us hope for the best. രോഹിത് കുറച്ചു സമയം പുറത്തിരിക്കൂ. ഞാനിനി ദിവ്യയോട് തനിച്ച് സംസാരിക്കട്ടെ. "ഒരു വലിയ പ്രതീക്ഷയുടെ മുഖപ്രസാദവുമായി രോഹിത് പുറത്തേക്ക് പോയി. ദിവ്യ തിടുക്കത്തിൽ അകത്തേക്ക് വന്നു.
രോഹിതിന്റെ തെളിഞ്ഞ മുഖം കണ്ടതിന്റെ അപ്രിയം അവളുടെ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും രജനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, എത്ര നേരം എന്തെല്ലാം പറഞ്ഞിട്ടും, അവൾക്ക് രോഹിതിന്റെ അമിതമായ സ്നേഹത്തടവിൽ നിന്ന് രക്ഷപ്പെടണം പോലും! അവസാനം, രജനി തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയർന്നുവന്ന ഒരു ചോദ്യം ദിവ്യക്കു നേരെ എറിഞ്ഞു : "നിനക്കിനി ഇവനെ വേണ്ട എങ്കിൽ, നിന്റെ ഈ രോഹിതിനെ ഞാനെടുത്തോട്ടെ?" ദിവ്യക്കത് കേട്ട് ഒരു കൂസലുമുണ്ടായില്ല. "എങ്ങനെയൊക്കെ എന്നോട് പറഞ്ഞാലും, എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല മാഡം." അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു. അധികം വൈകാതെ, ദിവ്യയുടെയും രോഹിതിന്റെയും ഡിവോഴ്സ് കുടുംബക്കോടതിൽ വച്ച് കഴിഞ്ഞു.
പിന്നീടെപ്പോഴോ, തന്റെ സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളാഘോഷിച്ചു കൊണ്ടിരുന്ന ദിവ്യ, ആകസ്മികമായി ഒരു പ്രൈവറ്റ് യൂ ട്യൂബ് ചാനലിൽ ഒരു ന്യൂസ് കണ്ടു: 'കുടുംബക്കോടതിയിലെ വനിതാ കൗൺസിലർ, ഡിവോഴ്സിനു മുൻപുള്ള കൗൺസലിങ്ങിന് വന്ന യുവാവിനെ വിവാഹം കഴിച്ചു!' ആ വാർത്തക്ക് താഴെയുള്ള ഫോട്ടോയിൽ, പ്രണയം തുളുമ്പുന്ന മുഖവുമായി നിൽക്കുന്ന രജനിയെ, പുറകിലൂടെ വലതു കൈകൊണ്ട്, തന്റെ സ്നേഹത്തെ ഒന്നുകൂടി ചേർത്ത് മുറുക്കി, നിറഞ്ഞ ചിരിയോടെ നിൽക്കുന്നു, രോഹിത് എന്ന, ദിവ്യയുടെ പഴയ ഭർത്താവ്!