സത്യത്തിൽ എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. എന്റെ അവസ്ഥ ഞാൻ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുക. സംശയം അതൊരു മാരകമായ വിഷമാണ്. അതിനുള്ള ഫലപ്രദമായ ചികിത്സ നാളിതു വരെയും കണ്ടെത്തി നൽകാൻ എനിക്ക് കഴിഞ്ഞില്ല. അത് ശരിയാണെന്ന് കഴിഞ്ഞ 10 - 25 വർഷത്തെ ജീവിതം തെളിയിച്ചു

സത്യത്തിൽ എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. എന്റെ അവസ്ഥ ഞാൻ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുക. സംശയം അതൊരു മാരകമായ വിഷമാണ്. അതിനുള്ള ഫലപ്രദമായ ചികിത്സ നാളിതു വരെയും കണ്ടെത്തി നൽകാൻ എനിക്ക് കഴിഞ്ഞില്ല. അത് ശരിയാണെന്ന് കഴിഞ്ഞ 10 - 25 വർഷത്തെ ജീവിതം തെളിയിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യത്തിൽ എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. എന്റെ അവസ്ഥ ഞാൻ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുക. സംശയം അതൊരു മാരകമായ വിഷമാണ്. അതിനുള്ള ഫലപ്രദമായ ചികിത്സ നാളിതു വരെയും കണ്ടെത്തി നൽകാൻ എനിക്ക് കഴിഞ്ഞില്ല. അത് ശരിയാണെന്ന് കഴിഞ്ഞ 10 - 25 വർഷത്തെ ജീവിതം തെളിയിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ഞാൻ അന്നേ പറഞ്ഞില്ലേ പെൻഷൻ വന്നാൽ സ്നേഹ ബന്ധത്തിന്റെ പ്രാധാന്യം കുറയുമെന്ന്.." അത്താഴം കഴിഞ്ഞ് കട്ടിലിന്റെ മറുഭാഗത്തേക്ക് മുഖം തിരിച്ചു കിടക്കുന്ന ഭാര്യയോട് ചോദിച്ചു. ചോദ്യം കേട്ടതായി ഭാര്യയിൽ നിന്ന് ഒരു പ്രതികരണവും ഇല്ല. "ഇനി കേട്ടില്ലെന്ന് നടിക്കുകയാണോ? അല്ല... നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നിന്റെ വാക്ക് കേട്ടാണ് ഞാൻ റിട്ടയർമെന്റ് വാങ്ങി വന്നത്.. ഇനിയും ഒരു അഞ്ചു വർഷം കൂടി സർവീസിൽ തുടരാമായിരുന്നു." ഞാൻ മനസ്സിൽ പറഞ്ഞത് അവൾക്ക് ബോധിച്ചു എന്ന് തോന്നുന്നു. "ഞാൻ ആരെയും പിടിച്ചു വച്ചിട്ടില്ലല്ലോ... ഞാൻ ശല്യം ആണെങ്കിൽ ഒഴിഞ്ഞുമാറി തരാം.. അപ്പോൾ നിങ്ങൾക്ക് അവളുമായി കഴിയാമല്ലോ? എന്തിനും, ഏതിനും, എപ്പോഴും അവൾ... അവൾ.. മടുത്തു എത്രയും പെട്ടെന്ന് ചത്താൽ മതിയായിരുന്നു.." ഞാൻ മനസ്സിൽ പറഞ്ഞത് അവൾ മാനത്ത് കേട്ടു. എന്റെ സംശയം മാറി കിട്ടി. "അങ്ങനെയൊന്നും പറയരുത്.. നമ്മുടെ മൂന്നു മക്കളെയും നല്ല നിലയിൽ കെട്ടിച്ചയച്ച് അവർ സുഖമായി ജീവിക്കുന്നതിന്റെ സന്തോഷത്തിൽ നിന്നോടൊപ്പം ശിഷ്ട ജീവിതം നയിക്കാൻ ഞാനല്ലേ റിട്ടയർമെന്റ് വാങ്ങി വന്നത്..?" "ഹോ.. എന്തൊരു സാഹിത്യം... ആരെ കേൾപ്പിക്കാൻ.. നാട്ടിലെത്തിയപ്പോൾ അവളുമായി സ്വൈരസല്ലാപം നടത്താൻ ഞാനൊരു തടസ്സമാണ് അല്ലേ?"

ചഞ്ചലിന്റെ ശബ്ദം വല്ലാതെ ഉയരുന്നു. കൂടാതെ രാത്രിയിൽ ഒരു ചെറിയ ശബ്ദം പോലും അയൽക്കാരുടെ ചെവിയിലെത്തും. അവൾക്ക് ദേഷ്യം വന്നാൽ ശബ്ദം കൂടും. പിന്നലെ  ബി.പി.യും. പിന്നെ തളർച്ചയായി, വിയർപ്പായി. അത് ഒഴിവാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. അതിനാൽ തന്നെ മിക്കവാറും മൗനമായിരുന്നു എന്റെ മറുമരുന്ന്. "എന്താ മനുഷ്യാ... നിങ്ങളുടെ നാവ് ഇറങ്ങിപ്പോയോ? നിങ്ങൾക്ക് ഇപ്പോ മിണ്ടാട്ടം ഒന്നും ഇല്ലേ?" ദേഷ്യഭാവത്തിലാണ് "മനുഷ്യാ" പ്രയോഗം നടത്താറ്. അതിനാൽ സാഹചര്യം വഷളാക്കാതെ നോക്കണം. "എന്തോന്നടെ... നീ വെറുതെ അരിശം കൊള്ളേണ്ട.. ബിപി കൂടും.. സമാധാനമായി പ്രാർഥിച്ചിട്ട് ഉറങ്ങാൻ നോക്ക്." ഞാൻ വളരെ ശാന്ത സ്വരത്തിലാണ് പറഞ്ഞത്. "ഹോ.. പിന്നെ.. ഓരോന്ന് വരുത്തി വെച്ചിട്ട് ഇപ്പോൾ സാരോപദേശം. മതി.. നിങ്ങളുടെ സാരോപദേശം. 10-25 വർഷം കൊണ്ട് കേൾക്കുന്നതല്ലേ? കേട്ടിടത്തോളം തൃപ്തിയായി. നിങ്ങളുടെ ഈ നാടകം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ? ഞാൻ വേണ്ട വേണ്ട എന്ന് വിചാരിച്ചതുകൊണ്ടാണ് ഇത്രയും നാളും മിണ്ടാതിരുന്നത്.. ഇനി ഒരു തീരുമാനമായിട്ട് മതി മുന്നോട്ടുള്ള യാത്ര. എത്രയെന്ന് വിചാരിച്ചാ ക്ഷമിക്കുന്നത്. ഒരാളെ എന്നും മണ്ടനാക്കാമെന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം. അത് മനസ്സിലാക്കിയാൽ നിങ്ങൾക്ക് കൊള്ളാം."

ADVERTISEMENT

ചഞ്ചൽ കട്ട കലിപ്പിലാണ്. സാഹചര്യം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ കലുഷിതമാണ്. അത് കൈവിട്ടു പോകാതിരിക്കുവാൻ ഞാൻ എന്റെ സ്ഥിരം പല്ലവിയായ മൗനത്തെ മുറുകെ പിടിച്ചു. കുറച്ചുനേരം നമുക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു. "ങ്ഹാ... പോട്ടെടോ.. നീ ഒരു ദിവസം മനസ്സിലാക്കും -സത്യം എന്തായിരുന്നു എന്ന്." നിശബ്ദതയ്ക്ക് വിരാമം കുറിച്ച് ഞാൻ പറഞ്ഞു. "ഓ... നിങ്ങൾക്ക് എന്തു പറഞ്ഞാലും പോട്ടെ.. സാരമില്ല... ഒരിക്കൽ സത്യം നീ അറിയും.. ഈ സ്ഥിരം പല്ലവി അല്ലാതെ നിങ്ങൾക്ക് എന്തെങ്കിലും മറുപടി ഉണ്ടോ? ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സത്യാവസ്ഥ എന്നറിയാനാ? ഞാൻ മരിച്ചിട്ടോ?" പിന്നെയും നിശബ്ദത. പറഞ്ഞു കേട്ടിട്ടുണ്ട് വിവാഹ ജീവിതത്തിൽ ആദ്യ കുറച്ച് മാസങ്ങളിൽ ഭാര്യാഭർത്താക്കന്മാർ കിടക്കുന്നത് 99 പോലെയെന്നും കുറച്ചു മാസം കഴിഞ്ഞാൽ അത് 96 പോലെ ആകുമെന്നും. കുടുംബത്തിലെ ഐക്യത്തിലുണ്ടാകുന്ന ശോഷണത്തെക്കുറിച്ച് ആരുടേയോ വിശേഷണമാണ്. സത്യത്തിൽ എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. എന്റെ അവസ്ഥ ഞാൻ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുക. സംശയം അതൊരു മാരകമായ വിഷമാണ്. അതിനുള്ള ഫലപ്രദമായ ചികിത്സ നാളിതു വരെയും കണ്ടെത്തി നൽകാൻ എനിക്ക് കഴിഞ്ഞില്ല. അത് ശരിയാണെന്ന് കഴിഞ്ഞ 10 - 25 വർഷത്തെ ജീവിതം തെളിയിച്ചു. പിന്നെ യാഥാർഥ്യം പറഞ്ഞാലും അവൾ വിശ്വസിക്കില്ല. അതിനാൽ എന്നിലെ യാഥാർഥ്യം എന്നോടൊപ്പം മണ്ണടിയട്ടെ എന്ന് ഞാനും തീരുമാനിച്ചു.

പാതി മയക്കത്തിൽ കതക് മെല്ലെ തുറക്കുന്ന ശബ്ദം എന്റെ കാതുകളിൽ എത്തി. വാഷ് റൂമിലെ ഫ്ലഷിന്റെ ശബ്ദം വളരെ വ്യക്തമായി കേട്ടു. കുറെ നേരം കഴിഞ്ഞിട്ടും അവൾ തിരിച്ച് കട്ടിലിൽ വന്ന് കിടന്നില്ല എന്നത് എന്നിലെ സംശയം വർധിപ്പിച്ചു. ഇനി ബിപി എങ്ങാനും കൂടി തലകറങ്ങി വീണോ? ഞാനും കട്ടിൽ വിട്ട് എഴുന്നേറ്റു. അപ്പോൾ ഹാളിലെ ടിവി സൗണ്ട് കുറച്ച് പ്രവർത്തിക്കുന്നുണ്ട്. പഴയ ചലച്ചിത്ര ഗാന രംഗമാണ്.

മകളെ... പാതി മലരേ....

മനസ്സിൽ എന്നെയറിയുന്നുവോ...

ADVERTISEMENT

ചമ്പക്കുളം തച്ചൻ എന്ന സിനിമയിലെ പാട്ട് രംഗം അവൾ കണ്ടുകൊണ്ടിരിക്കുന്നു. എന്നിലും ആ വരികൾ അലയടിച്ചു. ഇതല്ലെ സത്യത്തിൽ ഞാനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം.

പിറ്റേന്ന് ഒന്ന് രണ്ട് അത്യാവശ്യ കാര്യങ്ങൾ നടത്തേണ്ടതായിട്ടുള്ളത് കൊണ്ട് രാവിലെ തന്നെ വീട് വിട്ടിറങ്ങി. ഉച്ചയായപ്പോഴേക്കും ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചു. സമയം രണ്ട് മണിയോടായി. നല്ല വിശപ്പുണ്ട്. അൽപം വൈകിയാണെങ്കിലും വീട്ടിലെത്തി ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിച്ചു. വീട്ടിലെ ഭക്ഷണത്തിന്റെ സ്വാദ് കടയിലെ ഭക്ഷണത്തിൽ കിട്ടില്ലല്ലോ. വീട്ടിലേക്ക് എന്തെങ്കിലും സാധനം വാങ്ങാനുണ്ടോ എന്നറിയാൻ മൊബൈൽ ഫോൺ എടുത്തപ്പോഴാണ് വീട്ടിൽ നിന്ന് നാല് മിസ്സ്ഡ് കാൾ കണ്ടത്. തിരികെ വിളിച്ചതും കൽപ്പന പോലെ ശബ്ദം "നിങ്ങൾ എവിടെയാണ്.. ഇപ്പോഴെങ്ങാനും വരുമോ? അതോ ഇനിയും വൈകുമോ?" "ങ്ഹാ... ഞാൻ അങ്ങോട്ട് വരാൻ തുടങ്ങി. ഇനി അധികം വൈകില്ല.. വീട്ടിലേക്ക് എന്തെങ്കിലും സാധനം വാങ്ങണോ?" "ഒരു രണ്ട് കവർ പാലു കൂടി വാങ്ങിക്കോ.. പെട്ടെന്ന് വരണെ... ഇവിടെ 2-3 ആൾക്കാർ വന്നിരിക്കുന്നു.. നിങ്ങളെ കാണാൻ.." "എന്നെ കാണാനോ? ആരാ... എന്താ കാര്യം.. എന്നെ കാണാൻ മാത്രം.. ആരാടെ... നീ തമാശ വിട്ട് കാര്യം പറയു... എന്താ വിശേഷിച്ച്.." "ങ്ഹാ.. അതൊന്നും എനിക്കറിയില്ല. ഒക്കെ വരുമ്പോൾ അറിയാം.. പെട്ടെന്ന് വാ..." മനസ്സിൽ ഒരുപാട് ചിന്തകൾ കടന്ന് പോയി. അവൾ ഇടയ്ക്കിടക്ക് ഇങ്ങനെ ഓരോ തമാശ പറഞ്ഞ് പറ്റിക്കാറുണ്ട്. പക്ഷേ ഇങ്ങനെ തുടർച്ചയായി ഫോൺ ചെയ്യാറില്ല. അതിനർഥം അവൾ പറഞ്ഞതിൽ എന്തെങ്കിലും കാര്യം കാണും. പെട്ടെന്ന് തന്നെ അടുത്ത് കണ്ട ബേക്കറിയിൽ കയറി രണ്ട് കവർ പാലുവാങ്ങി. ഇനി അരമണിക്കൂർ കഴിഞ്ഞേ വീട്ടിനടുത്തേക്കുള്ള ബസ്സ് സർവ്വീസുള്ളു. ഓട്ടോ സ്റ്റാന്റിലെത്തി ആദ്യം കിടന്ന ഓട്ടോയിൽ കയറി.

ഓട്ടോയിൽ നിന്ന് ഇറങ്ങി ഓട്ടോ ചാർജ് കൊടുത്തു വീട്ടിലേക്ക് കയറുന്ന വേളയിൽ വീട്ടുമുറ്റത്ത് രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. അപ്പോൾ അവൾ പറഞ്ഞത് സത്യമായിരുന്നു. ആരോ വിശേഷിച്ച് വന്നിരിക്കുന്നു. "മക്കൾ വന്നോ?" അവർ വരുമെന്ന് ഞാൻ പോകുന്ന സമയത്ത് ഭാര്യയോ അതല്ല മക്കളോ പറഞ്ഞിരുന്നില്ല. എന്തായാലും മുറ്റത്തെ പൈപ്പ് വെള്ളത്തിൽ കാലു കഴുകി ഹാളിലേക്ക് പ്രവേശിച്ചു. ഇതാരാ വന്നിരിക്കുന്നത്.. പഞ്ചായത്ത്  പ്രസിഡന്റും നമ്മുടെ വാർഡ് മെമ്പറുമായ ലിസി മാഡം. മാഡവും മക്കളും കുശലം പറഞ്ഞിരിക്കുകയാണ്. "എന്തൊക്കെയാ മാഡം വിശേഷം.. സുഖാണോ? മാഡം എപ്പോഴെത്തി? അധികനേരമായോ?" "സുഖം. ഇങ്ങനെ പോകുന്നു. പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ല.. ഇത് വഴി പോയപ്പോൾ ഒന്ന് കയറിയിട്ട് പോകാമെന്ന് വിചാരിച്ചു." "ങ്ഹാ.. അത് നന്നായി. വെള്ളം കുടിച്ചായിരുന്നോ? എടീ എല്ലാവർക്കും ഭക്ഷണം എടുക്ക്.. നമുക്ക് ഭക്ഷണം കഴിച്ചിട്ട് ഇരിക്കാം. നല്ല വിശപ്പ്.." "അയ്യോ വേണ്ട... ഭക്ഷണം ഒക്കെ കഴിച്ചു.. ഭക്ഷണം കഴിക്കാനുള്ള സമയമൊക്കെ കഴിഞ്ഞില്ലേ? സാറ് ഭക്ഷണം കഴിച്ചില്ല എന്ന് തോന്നുന്നു. അവിടെ ക്യാമ്പിലും ഇത് തന്നെയാണോ അവസ്ഥ? ഇനി പ്രായമൊക്കെ ഏറി വരുകയാണ്. നേരത്തും കാലത്തും ഭക്ഷണം കഴിയ്ക്കണെ..!" "ഹേയ്.. അങ്ങനെയൊന്നുമില്ല.. നാട്ടിലെത്തിയ സ്ഥിതിക്ക് വീട്ടിലെ ഭക്ഷണം ആകാം എന്ന് കരുതി.. വെളിയിൽ നിന്ന് കഴിച്ചില്ല. എന്നും പട്ടാള ക്യാമ്പിലെ മെസിൽനിന്നുള്ള ഭക്ഷണം കഴിച്ച് കഴിച്ച്.. അതിൽ നിന്ന് ഒരു മാറ്റം ഇനിയെങ്കിലും വേണ്ടേ? അതിനാൽ വെളിയിൽ നിന്ന്  കഴിക്കാതെ വീട്ടിലെത്തി കഴിക്കാമെന്ന് വിചാരിച്ചു."

"ശരിയാ... എന്തൊക്കെയായിരുന്നാലും ഇന്നത്തെ കാലത്ത് ഹോട്ടൽ ഭക്ഷണം ഒഴുവാക്കുന്നതാണ് നല്ലത്.. എത്രയെത്ര വാർത്തകളാണ് ഡെയ്‌ലി കേൾക്കുന്നത്.. അല്ലെ?" "അതെ... അത് ശരിയാ... അതുകൊണ്ട് വീട്ടിലെത്തി ഭക്ഷണം കഴിക്കാമെന്ന് കരുതി.." "എന്നാൽ ചഞ്ചലെ സാറിന് ഭക്ഷണം കൊടുക്കു.. ഭക്ഷണം കഴിച്ചിട്ട് ആകാം.." "അയ്യോ വേണ്ട.. വേണ്ട... മാഡത്തിന് നല്ല തിരക്കായിരിക്കുമല്ലോ.. ഞാൻ പിന്നെ കഴിച്ചോളാം... മാഡം വന്ന കാര്യം പറഞ്ഞോളൂ.." "ചഞ്ചലേ നിങ്ങളും വരു... ഇവിടെ ഇരിക്കു... നമുക്ക് ഒന്ന് വിശദമായി ചർച്ച ചെയ്യാം.." അവരുടെ വാക്കുകൾ എന്റെ മനസ്സിൽ വല്ലാത്ത ഒരു സംശയം ഉടലെടുത്തു. ഞാൻ ചഞ്ചലിന്റേയും, മക്കളുടെയും മരുമകളുടെയും മുഖത്ത് മാറി മാറി നോക്കി. അവർ ആരിലും ഒരു ഭാവ വ്യത്യാസവും കണ്ടില്ല. "അല്ല മാഡം.. എന്താ വിഷയം... പഞ്ചായത്തുമായി ബന്ധപ്പെട്ടതാണോ? അതോ പാർട്ടിപിരിവോ മറ്റോ.. ചർച്ച എന്തിനെ കുറിച്ചാണെന്ന് മനസ്സിലായില്ല." "അയ്യോ സാറേ... അത്.. പഞ്ചായത്തുമായി ബന്ധപ്പെട്ട ഒന്നുമല്ല.. ഇത് നമ്മുടെ.. അല്ല നിങ്ങളുടെ.. ഒരു കുടുംബ വിഷയം സംബന്ധിച്ച് സംസാരിക്കാനാണ് ഞാൻ ഇവിടെ വന്നത്." അപ്പോഴും എനിക്കൊന്നും മനസ്സിലായില്ല. ഒരു കുടുംബ കോടതിയിൽ വാദം കേൾക്കുന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്. കുടുംബ കോടതിയിൽ ഭാര്യയും മക്കളും, മരുമക്കളും.. അടുത്ത വാക്കുകൾക്കായി ഞാൻ ശ്രദ്ധയോടെ  ഇരുന്നു. "സാറ് പെൻഷൻ വന്നിട്ട് അധികനാൾ ആയില്ല എന്നെനിക്കറിയാം... എന്നിരുന്നാലും ഇത്രയൊക്കെ പ്രായമായിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ച് ജീവിത അനുഭവം ഉള്ളതു കൊണ്ടും അതിലുപരി സമൂഹത്തിൽ ഒരു മാന്യമായ സ്ഥാനം നിലനിർത്തുന്നതുമായ ഒരു കുടുംബ പശ്ചാത്തലത്തിൽ എനിക്ക് ഇങ്ങനെ ഒരു ചോദ്യം സാറിനോട് ചോദിക്കുവാൻ അൽപം ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഞാൻ ഒന്ന് ചോദിച്ചോട്ടെ...."

ADVERTISEMENT

ഞാൻ ഒരു നിമിഷം മറ്റേതോ ലോകത്താണെന്ന് തോന്നി. 35 വർഷത്തെ സൈനിക സേവനത്തിൽ ഇതുപോലൊരു ചോദ്യം ചെയ്യൽ രംഗത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നില്ല. മാത്രവുമല്ല അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയിട്ടുമില്ല. ഇതിപ്പോൾ എന്തായിരിക്കും. ഒരു പിടിയും കിട്ടുന്നില്ല. "സാറിന് സാറിന്റെ ഭാര്യയായ ചഞ്ചൽ അല്ലാതെ മറ്റ് ആരോടെങ്കിലും എന്തെങ്കിലും വിധത്തിലുള്ള ബന്ധം... ഐ മീൻ.. പ്രണയമോ മറ്റോ.. ഉണ്ടോ? ചോദിക്കുന്നത് തെറ്റാണെങ്കിലും ഇന്ന് ഈ വീട്ടിലെ സാഹചര്യത്തിന് ഈ ഒരു ചോദ്യം വളരെ പ്രസക്തമാണ്. ഒരു നല്ല കുടുംബം ശിഥിലമാകാതിരിക്കാൻ... അതിന് സാറിന്റെ വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടണം.. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റ് കാണേണ്ട...." ആ സമയത്ത് പെട്ടെന്ന് അങ്ങനെ ഒരു ചോദ്യം സത്യത്തിൽ ഞാൻ ഞാനല്ലാതായി പോയി. അതും മക്കളുടെയും, മരുമക്കളുടെയും മുന്നിൽ. ഇരിക്കുന്നത് ടൈൽസ് ഇട്ട റൂമിലാണെങ്കിലും കാൽപാദത്തിലെ മണ്ണ് ഒലിച്ച് പോകുന്നതായി തോന്നി. "പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ അല്ല... മറിച്ച് കുടുംബത്തിലെ അഭ്യുദയകാംക്ഷിയായ ഒരു സഹോദരിയുടെ ചോദ്യമാണെന്ന് വിചാരിക്കുക..." "ഹേയ് അങ്ങനെയൊന്നും..." ശബ്ദം പുറത്ത് വരുന്നതിൽ ഒരു തടസ്സം. എന്നിരുന്നാലും ധൈര്യം സംഭരിച്ച് ഞാൻ മറുപടി പറഞ്ഞു. നല്ല തമാശ... ഇതായിരുന്നോ നിങ്ങൾ എല്ലാവരുടെയും ഈ ഒരു ഒത്തുചേരലിന്റെ ലക്ഷ്യം.. ആ സമയത്ത് ഭാര്യയുടെ മുഖത്ത് കണ്ട ഭാവം എന്നിൽ വല്ലാതെ ചിരിയും സങ്കടവും ഉണ്ടാക്കി. ഞാനാണ് ഇതൊക്കെ ചെയ്യിച്ചത് എന്ന ഭാവമാണ് അവളുടെ മുഖത്ത്. ചുരുക്കത്തിൽ എന്തോ വിജയിച്ചെന്ന ഭാവം. എന്നാലും ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു. ഞാൻ മനസ്സിൽ പറഞ്ഞു.

"ങ്ഹാ... ഞാൻ വിചാരിച്ചു യാദൃശ്ചികമായി.. നിങ്ങളെല്ലാം ഒത്തുകൂടിയതാണെന്ന്. എന്നാലും ഇതിന് പിന്നിൽ ഇങ്ങനെയൊരു ഉദ്യമം ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. സംശയനിവാരണം അല്ലെങ്കിൽ സത്യം തിരിച്ചറിയുക.. തീർച്ചയായും അത് ഒരു വലിയ അകൽച്ചയെയാണ് ഇല്ലാതാക്കാൻ ഉപകരിക്കുന്നത്.. ഒപ്പം മനസ്സിലെ ഭാരമൊഴിവാക്കലും.. അതുകൊണ്ട് ആ ഒരു സംശയം ഇവിടെ വച്ച് എന്നെന്നേക്കുമായി തീർക്കാം.. അതിന്റെ പേരിൽ ഇനിയെങ്കിലും പഴി കേൾക്കണ്ടല്ലോ." എല്ലാ ജീവിത പ്രതിസന്ധികളെയും ചിരിച്ചുകൊണ്ട് അഭിമുഖീകരിച്ച എനിക്ക് ഇതൊരു വലിയ കാര്യമായി എടുത്തില്ലെങ്കിലും കുറച്ച് നേരം ഒരു ചമ്മൽ തോന്നി. അതുകൊണ്ടുതന്നെ ചെറിയ ഒരു സങ്കോചത്തോടെയാണ് ഞാനെഴുന്നേറ്റ് മുകളിലത്തെ നിലയിലേക്ക്  കയറി പോയത്. "ഒരു മിനിറ്റ് മാഡം. ഞാൻ ഇപ്പോ വരാം.." പഞ്ചായത്ത് പ്രസിഡന്റിന്റേയും, മക്കളുടെയും, മരുമക്കളുടെയും, ഭാര്യയുടെയും മുഖത്ത് ആകാംക്ഷ നിറഞ്ഞത് എനിക്ക് കാണാമായിരുന്നു. മുകളിലോട്ട് പോകുമ്പോൾ മൂത്ത മകൾ ചക്കു എന്നോടൊപ്പം വന്നു. ഒരുപക്ഷേ അവൾക്ക് ഭയപ്പാട് ഉണ്ടായിക്കാണും. ഞാൻ ഇനി ഇപ്പോഴത്തെ മനോവിഷമത്തിൽ വല്ല ആത്മഹത്യയോ മറ്റോ ചെയ്യുകയാണെങ്കിലോ എന്ന്. അതുകൊണ്ടായിരിക്കാം അവൾ എന്നോടൊപ്പം മുകളിലേക്ക് വന്നത്. അതിന് തക്ക കാരണം. ഒന്നും തൽക്കാലം എനിക്കില്ലതാനും. എന്നിരുന്നാലും സംശയവും സാഹചര്യവും അതിനിടം നൽക്കുന്നു. "അയ്യോ മോളെ നീ വരണമെന്നില്ല അച്ഛനിപ്പം വരാം..." "ഇല്ല അച്ഛാ... ഞാനും അച്ഛനോടൊപ്പം വരും... അച്ഛൻ എങ്ങോട്ടാ... എന്തെങ്കിലും എടുത്ത് കൊണ്ട് വരണോ? എന്നോട് പറയു.. ഞാനെടുത്ത് വരാം.." "ആ... അതൊക്കെ പറയാം... എന്നാ പിന്നെ നീയും വാ.."

ഞാൻ മുകളിലത്തെ ബാൽക്കണിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു ഇരുമ്പ് പെട്ടി തുറന്ന് അതിൽ നിന്ന് എന്റെ ഒരു പഴയകാല ഡയറി എടുത്തു. ഇരുമ്പ് പെട്ടി എന്ന് പറഞ്ഞ് തഴയാൻ പറ്റില്ല. സൈനിക ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം സന്തത സഹചാരിയായി കഴിഞ്ഞിരുന്ന ഒരു വസ്തു. ഒരുപാട് കാലം കൂടെ കൊണ്ടു നടന്നത് കൊണ്ട് ഒത്തിരി അനുഭവകഥകൾ പറയാൻ അതിനുമുണ്ട്. കാലപ്പഴക്കം അതിനെ ബാൽക്കണിയിൽ കൊണ്ടെത്തിച്ചു. കുറച്ച് നാൾ കഴിയുമ്പോൾ എന്റെ ഛായാ ചിത്രവും ഒരു പക്ഷേ ചുമരിലോ അല്ലെങ്കിൽ ഷോക്കേസിലോ ഒതുങ്ങും. ഇപ്പോഴത്തെ സാഹചര്യത്തിൽ ചുമർചിത്രമാകാൻ സാധ്യത വളരെ വിരളമാണ്. ഷോക്കേസിലായിരിക്കും അഭയസ്ഥാനം. മകൾ ചക്കു ആ പെട്ടി തുറക്കുന്നത് വല്ലാത്ത ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്റെ പ്രവർത്തികൾ അവൾക്ക് ഒരുപക്ഷേ അത്ഭുതമായി തോന്നിയിട്ടുണ്ടാകാം... "അച്ഛനീ ഡയറി എടുത്ത് എങ്ങോട്ടാണ്.. വായിക്കാൻ പോവുകയാണോ?" അവളുടെ പരിഹാസം നിറഞ്ഞ ഒരു ചോദ്യം എന്നിലും ഒരു ചെറുപുഞ്ചിരി. "ഇല്ല മോളെ.. അമ്മയുടെ സംശയം തീർക്കാനുള്ള ഒറ്റമൂലിയാണ് ഇത്.." അതും പറഞ്ഞു ഒരു ഡയറിയുമായി ഞാനും എന്റെ പുറകെ ചക്കുവും താഴേക്ക് ഇറങ്ങി വന്നു. "മാഡം.. നിങ്ങളുടെ ചോദ്യത്തിനും അതിന് നിമിത്തമായ എന്റെ ഭാര്യയുടെ സംശയത്തിന്റെയും ഉത്തരം ഇതിലുണ്ട്." അപ്പോൾ പ്രസിഡന്റ് മാഡത്തിന്റെ മുഖത്ത് തെളിഞ്ഞുവന്ന ആകാംക്ഷ എനിക്ക്  വായിച്ചെടുക്കാമായിരുന്നു. പ്രേമ ലേഖനമോ? അതോ ഫോട്ടോയോ? അതറിയാനുള്ള വ്യഗ്രതയും നിശബ്ദതയും ആയിരുന്നു അവിടെ ഇരുന്ന എല്ലാ പേർക്കും.

ജിജ്ഞാസയോടെ മാഡം എന്റെ  കൈയ്യിൽ നിന്നും ഡയറി വാങ്ങിച്ചു. ഒന്നാമത്തെ പേജ് മറിച്ചു നോക്കി. പിന്നെ പതിയെ പതിയെ അവർ ഓരോ പേജും വളരെ ജിജ്ഞാസയോടെ മറിച്ച് മൗനമായി വായിച്ചു കൊണ്ടിരുന്നു. ഡയറിയിലെ അവസാന പേജ് വായിച്ചതിനുശേഷം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ഒരു ദീർഘശ്വാസം വിട്ടു. ആ ഒരു നോട്ടം പതിയെ അവിടെ ഇരുന്ന ഓരോരുത്തരുടെയും മുഖത്തേക്കായി. പിന്നെയും കുറച്ചുനേരം മൗനം. "എനിക്ക് വല്ലാത്ത നിരാശ ബോധം തോന്നുന്നു.." വീണ്ടും ഒരു ദീർഘ നിശ്വാസത്തോടെ മാഡം പറഞ്ഞുതുടങ്ങി. "ഒരുപക്ഷേ ജീവിതയാത്രയിൽ വളരെ കുറച്ച് അനുഭവമേ ഉള്ളൂ എന്ന് കരുതിയാൽ മതി.. അങ്ങനെ അല്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒരു സന്ദർഭം ഒഴിവാക്കാമായിരുന്നു. ഒരു പക്ഷേ അത് എന്റെ അനുഭവത്തിന്റെ അഭാവം കൊണ്ടാകാം. അത് എന്തും ആയിക്കോട്ടെ.. നമ്മൾ ഓരോരുത്തരും കേൾക്കാൻ ആഗ്രഹിച്ച, എന്നാൽ സാറ് നാളിതു വരെ പറയാൻ മടിച്ചതുമായ ഒരു സത്യാവസ്ഥയുടെ സംക്ഷിപ്ത രൂപം ഈ ഡയറിയിലെ അവസാന കുറുപ്പിൽ നിന്ന് എനിക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞു. വിരോദമില്ലെങ്കിൽ അത് ഞാൻ തന്നെ വായിച്ചു കേൾപ്പിക്കാം.." സമ്മതം എന്ന രീതിയിൽ എല്ലാപേരും തല കുലുക്കി.

31. 07. 2018 ഇന്ന് എന്റെ സേവന കാലയളവിലെ അവസാനത്തെ ദിവസമാണ്. കഴിഞ്ഞ 35 വർഷമായി ദേശ സേവനത്തിനായ്, അല്ല എന്റെ വയറ്റിപ്പിഴപ്പിനായി, ലഭിച്ച ഒരു ജോലിയിൽ നിന്ന് വിരമിക്കുകയാണ്. ഇനിയും ഒരു അഞ്ച് വർഷം കൂടി സേവനമനുഷ്ഠിക്കുവാൻ അവസരം ഉണ്ടായിട്ടും വീട്ടിലെ ഒഴിച്ചുകൂടാനാകാത്ത ചില സാഹചര്യങ്ങൾ മൂലം സ്വയം വിരമിക്കാൻ തീരുമാനിച്ചു. ഒരുപക്ഷേ അവളും ഞാനും നിലനിർത്തിപ്പോന്ന ഒരു നല്ല ബന്ധത്തിന് അൽപം ഇടിവ് സംഭവിക്കാവുന്ന ഒന്നാണ് ഈ ഒരു തീരുമാനം. കാരണം അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 35 വർഷമായി. സർവീസിൽ കയറുന്നതിന് ഒത്തിരി വർഷങ്ങൾക്കു മുമ്പേ അവളെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഒരുപാട് എന്ന് വച്ചാൽ ആകാശത്തോളം പെരുത്ത ഇഷ്ടം.. പെരിയ.. പെരിയ ആശൈ. ഒരുപാട് മോഹിച്ചു പല അവസരങ്ങളിലും, പ്രത്യേകിച്ച് കോളജ് ജീവിതത്തിൽ, അവൾ കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു. കൂട്ടുകാരെ പോലെ ചെത്തി നടക്കാൻ. അവൾ.. അവൾ.. എന്ന് വിളിച്ച് അവളുടെ ആ മഹനീയ സ്ഥാനത്തെ ചെറുതായി കാണുന്നില്ല. അതിനാൽ അവൾക്ക് തൽക്കാലം "ലക്ഷ്മി" എന്ന് പേരിടാം. സത്യത്തിൽ ലക്ഷ്മി എന്നോടൊപ്പം ആദ്യമായി എത്തിയത് ഒരു മാസത്തിന്റെ അവസാന ദിനമായിരുന്നു. അന്ന് ഒരുപാട് സന്തോഷിച്ചു. കൺകണ്ട ദൈവങ്ങളെയൊക്കെ ആത്മാർഥമായി മനസ്സിൽ ധ്യാനിച്ചു. കാരണം ഏറെ നാളത്തെ പരിശ്രമത്തിന്റെയും കാത്തിരിപ്പിന്റെയും ആഗ്രഹത്തിന്റെയും എന്ന് വേണ്ട ഒരു സ്വപ്നസാക്ഷാൽക്കാരത്തിന്റെയും ദിനമായിരുന്നു. പിന്നീട് ഞാനും ലക്ഷ്മിയും തമ്മിൽ അഭേദ്യമായ ബന്ധം നിലനിർത്തി പോന്നു. പല അവസരങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടായി എങ്കിലും ലക്ഷ്മി എന്റെ ജീവിതത്തിൽ വളരെ വലിയ താങ്ങും തണലുമായി നിലകൊണ്ടു.

ഒരുപക്ഷേ ലക്ഷ്മിയുടെ സാന്നിധ്യം തന്നെയാകും എനിക്ക് ഇങ്ങനെ ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ സാധിച്ചത്. അതിൽ ഞാൻ വളരെ സംതൃപ്തനാണ്.  ലക്ഷ്മിയുടെ അഭാവം ചില മാസങ്ങളിൽ എനിക്ക് നല്ലതുപോലെ അനുഭവപ്പെട്ടു. എന്നിരുന്നാലും ലക്ഷ്മിയെക്കുറിച്ച് എന്റെ ഭാര്യയോടും, എന്റെ ഭാര്യയുടെ ഇടപെടലുകൾ ലക്ഷ്മിയോടും പറഞ്ഞിരുന്നില്ല. കാരണം ലക്ഷ്മിയുടെ സാമീപ്യം എന്റെ ഭാര്യയിൽ എന്തെങ്കിലും തരത്തിൽ നീരസമോ, സംശയമോ ഉണ്ടാകുകയാണെങ്കിൽ അത് വളരെ സങ്കടജനകമായ ഒന്നായിരിക്കും. ഞാൻ ഭാര്യയോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട് നിന്റെ സ്നേഹം എന്നതും ലക്ഷ്മിയെ ആശ്രയിച്ചിരിക്കുമെന്ന്. അത് സത്യമല്ലെങ്കിൽ കൂടിയും ചിലപ്പോഴൊക്കെ അങ്ങനെ തോന്നാറുണ്ട്. ഒരു പക്ഷേ വെറും തോന്നലായിരിക്കാം. സുരക്ഷിതമായ ഒരു ഭാവി ജീവിതത്തിന് ലക്ഷ്മിയെ അവളുടെ സാമീപ്യം അനുസരിച്ച് നിയന്ത്രിച്ചു നിർത്തുവാൻ ഞാൻ എന്റെ ഭാര്യയോടും മക്കളോടും പറയാറുണ്ടായിരുന്നു. ചില മാസങ്ങളിൽ ലക്ഷ്മി നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ അകലങ്ങളിൽ പോയി നിന്ന് ഞങ്ങളെ ചിന്തിപ്പിക്കാറുണ്ടായിരുന്നു. കൂടാതെ പല പ്രവർത്തികളിൽ നിന്നും പിന്നോക്കം വലിച്ചിരുന്നു. പ്രിയ ലക്ഷ്മി നിനക്ക് ഒരായിരം നന്ദി. ലക്ഷ്മി എന്ന് ഞാൻ നിന്നെ വിളിക്കുന്നത് എനിക്ക് എന്നും താങ്ങും തണലുമായ "ശമ്പളം" എന്ന ഒരു ചെറു വാക്കാൽ ഉപമിക്കാൻ കഴിയാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് എന്റെ ജീവിത യാത്രയിൽ ഭാര്യയുടെ സ്ഥാനത്തോളം വില നിനക്കും നൽകി വന്നത്. 

കുട്ടിക്കാലത്ത് ഒരു രൂപ ഉണ്ടായിരുന്നുവെങ്കിൽ എന്ന് വളരെയധികം ആഗ്രഹിച്ച പല അവസ്ഥകളും  ഉണ്ടായിരുന്നു എന്നത് ഇന്നും മറക്കാനാകാത്ത സത്യമാണ്. എനിക്കറിയാം പെൻഷൻ പോയാൽ ലക്ഷ്മി ഇപ്പോൾ നൽകുന്ന സ്നേഹ സഹായത്തിന്റെ അളവ് നേർപകുതിയായി കുറയുമെന്ന്, അതായത് പകുതി ശമ്പളമാണ് പെൻഷൻ തുകയായി കിട്ടുന്നത് എന്ന്. എന്നിരുന്നാലും ലക്ഷ്മിയുടെ സാന്നിധ്യം എന്നോടൊപ്പം ഉണ്ടാകും - എന്റെ മരണം വരെയും, എന്റെ മരണശേഷം ഭാര്യയുടെ മരണം വരെയും നീ കൂട്ടിനുണ്ടാകും എന്ന ചിന്തയാണ് ഒരു പക്ഷേ സ്വയം വിരമിക്കൽ എന്ന തീരുമാനവുമായി ഞാൻ മുന്നോട്ട് പോകുന്നത്. ഒരുപാട് നീട്ടുന്നില്ല... നാളെ മുതൽ ഒരു വിശ്രമജീവിതത്തിലേക്ക് കടക്കുകയാണ്. പ്രത്യേകിച്ച് ജീവിത ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു. കാരണം മക്കളും മരുമക്കളും കൊച്ചുമക്കളും അവരുടെ ജീവിത വഴികളിലാണ്. അവർ സുഖമായി ജീവിക്കുന്നു. ശേഷിക്കുന്നത് ഞാനും എന്റെ ഭാര്യയായ ചഞ്ചലും. അവൾക്ക് ഒറ്റപ്പെട്ട ജീവിതം മടുത്തു എന്നതാണ് തുടർ സേവനത്തിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം തെരഞ്ഞെടുക്കാൻ കാരണമായത്. ഒരുപക്ഷേ നാളെ മുതൽ കഴിഞ്ഞ എത്രയോ വർഷങ്ങളായി അനുവർത്തിച്ചു വന്ന ഈ ഒരു ഡയറിക്കുറിപ്പ് കൃത്യമായി നിലനിർത്തിക്കൊണ്ടുപോകാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ക്ഷമിക്കുക. ജീവിത ശിഷ്ടയാത്രയിൽ ലക്ഷ്മിയുടെ സ്നേഹം ഒരു അർദ്ധലക്ഷ്മി സാമീപ്യമായെങ്കിലും എന്റെ ജീവിതത്തിന് വഴി വിളക്കാകും എന്ന ഉറച്ച വിശ്വാസത്തിൽ ഇന്നീ ഡയറിക്കുറിപ്പ് ഇവിടെ അവസാനിപ്പിക്കുകയാണ്.

സ്നേഹത്തോടെ... അതിലുപരി ഒത്തിരി പ്രതീക്ഷയോടെ...

എന്റെ ലക്ഷമിക്ക് നന്ദി 

നമസ്കാരം.

"ഈ  ഒരു വിഷയത്തിന് ഇങ്ങനെ ഒരു പരിസമാപ്തി തീരെ പ്രതീക്ഷിച്ചില്ല. എന്തായാലും വളരെ സന്തോഷമായി.. അതിലേറെ സമാധാനവും. ഞാൻ ഉദ്ദേശിച്ച രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്ക് ഈയൊരു വിഷയം മാറിയതിൽ എനിക്ക് അതിയായ സന്തോഷം..." കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് വിരാമം കുറിച്ച് മാഡം പറഞ്ഞു. കൂടെ ഒരു നെടുവീർപ്പും. അതിന്റെ മറുപടിയെന്നോണം ഒന്നു പുഞ്ചിരിക്കാനെ എനിക്കായുള്ളു. "ഈ ഒരു വിഷയം അത്ര പ്രാധാന്യമില്ലാത്ത ഒന്നാണെന്നാണ് ഇത്രയും നാൾ ഞാൻ കരുതിയിരുന്നത്. പക്ഷേ അതിന് ഇങ്ങനെ ഒരു സീൻ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അതൊക്കെ പോട്ടെ.. ഭക്ഷണമോ കഴിച്ചില്ല.. ഇനി ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് ആകാം ബാക്കി കാര്യങ്ങൾ.." എന്റെ വാക്കുകൾക്കുള്ള മറുപടി എന്ന രീതിയിൽ മാഡം ഇരുന്ന സോഫയിൽ നിന്ന് എഴുന്നേറ്റു. "അതൊന്നും വേണ്ട... ചായ കുടിയൊക്കെ ഇനി ഒരിക്കലാകാം. എനിക്ക് അൽപം തിരക്കുണ്ട്.. ഒന്ന് - രണ്ട് ഇടത്ത് കൂടി പോകേണ്ടതുണ്ട്.. അത് കൂടി കഴിഞ്ഞിട്ട് വേണം വീട്ടിലെത്താൻ.. ശരി അപ്പൊ എല്ലാം പറഞ്ഞതുപോലെ... വീണ്ടും കാണാം.. നന്ദി.." "മാഡം യഥാർഥത്തിൽ നന്ദി പറയേണ്ടത് ഞാനല്ലേ..." ചഞ്ചൽ മാഡത്തിനോടായി പറഞ്ഞു. "വളരെ തിരക്കുപിടിച്ച സമയത്തും കുറച്ചു സമയം കണ്ടെത്തി ഇവിടെ വന്ന് ഇങ്ങനെ ഒരു പ്രശ്നപരിഹാരം ഉണ്ടാക്കിയതിന്.. വളരെ നന്ദി.. ഈ ഉപകാരം ഒരിക്കലും മറക്കില്ല.." "ഓ.. അത് എന്റെ ഒരു കടപ്പാട് അല്ലേ - പൊതു പ്രവർത്തക അതിലുപരി അയൽവാസി എന്ന നിലയിൽ ഒരു കടമയല്ലേ? അതിന് ഔപചാരിതകൾക്ക് ഇടമില്ല.. അത് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടായി നൽകിയാൽ മതി."

വളരെ സീരിയസ് ആയിരുന്ന ആ ഒരു രംഗത്ത് പെട്ടെന്നൊരു തമാശ കേട്ടപ്പോൾ അത് എല്ലാവരിലും കൂട്ട ചിരിയായി പടർന്നു.. "എന്നാൽ ഞാനിനി വൈകുന്നില്ല." "ശരി മാഡം വളരെ നന്ദി..." ഞങ്ങളെല്ലാം മാഡത്തെ യാത്രയാക്കാൻ മുറ്റത്തിറങ്ങി. അവർ വിളിച്ച് വരുത്തിയിട്ടിരുന്ന ഓട്ടോയിൽ കയറി യാത്രയായി. "അപ്പൊ പിന്നെ ഞങ്ങളും ഇറങ്ങുകയാ..." "അതെന്താ മക്കളെ.. ഇപ്പോ ഇത്ര അത്യാവശ്യപ്പെട്ട് തിരിച്ചു പോകുന്നത്... കുറഞ്ഞ പക്ഷം വൈകുന്നേരം പോയാൽ പോരെ?" "അയ്യോ അച്ഛാ... അത്... മക്കൾ സ്കൂളിൽ നിന്ന് വരാൻ സമയമായി. അവർ വീട്ടിൽ എത്തുന്നതിനു മുന്നേ തിരിച്ചെത്തണം ഇല്ലെങ്കിൽ.. വീട് പൂട്ടിയിട്ടാണ് ഞങ്ങളും വന്നത്.. മാത്രവുമല്ല നല്ല മഴക്കോളും ഉണ്ട്... വലിയ മഴയ്ക്ക് മുന്നേ വീട്ടിലെത്തണം കുട്ടികൾ കുടയും എടുത്തിട്ടില്ല.. ഇപ്പോൾ തന്നെ മഴ ചാറി തുടങ്ങി.." "ആ... അത് ശരിയാ... എന്നാൽ അങ്ങനെ ആയിക്കോട്ടെ..." "എന്നാലും അച്ഛാ... അച്ഛന്റെ ഡയറികുറുപ്പ് കിടു..." വണ്ടിയിൽ കയറുന്നതിനിടയിൽ ഇളയ മരുമകന്റെ വക കോംപ്ലിമെന്റ്. മൂന്നു മക്കളും യാത്ര പറഞ്ഞിറങ്ങി. ഞാൻ അവർക്ക് റ്റാറ്റാ കാട്ടി തിരിഞ്ഞു നോക്കുമ്പോൾ ചഞ്ചലിന്റെ മുഖത്തെ മ്ലാനത കണ്ടു. മക്കൾ പോയത് കൊണ്ടോ? അതോ കുറച്ചുനിമിഷം മുന്നേ ഉണ്ടായ സംശയനിവാരണമോ. എന്തായാലും വളരെ നിർണ്ണിമേഷയാണവൾ.. 

"സാരമില്ലെടോ... ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രം.. ജീവിതത്തിൽ നമ്മൾ എത്രയോ കടമ്പകൾ താണ്ടിയാണ് ഇതുവരെ എത്തിയത്.. ഇന്നത്തെ ഒരു ദിവസവും അതിൽ ഒന്നാണെന്ന് കണക്കാക്കി സമാധാനിക്കുക." "ഹും.. സമാധാനം.. അത് ഇന്നലെ വരെ ഇല്ലായിരുന്നു. ഇന്നു ഈ നിമിഷം മുതൽ മനസ്സിൽ വലിയ സമാധാനമാണ്." "എന്നിരുന്നാലും.. ഒരു കടന്ന കൈ ആയിപ്പോയി... പ്രത്യേകിച്ച് മക്കളെയും, മരുമക്കളെയും, പ്രസിഡന്റിനേയുമൊക്കെ വിളിച്ചു വരുത്തിയത്." "അതിന് നിങ്ങളോട് എത്ര തവണയാണ് ചോദിച്ചത്.. എത്ര ചോദിച്ചിട്ടും അതിന് ശരിയായ ഒരു മറുപടി നിങ്ങൾ തന്നിട്ടുണ്ടോ? എന്തിനും എപ്പോഴും അവൾ.. അവൾ.. ഹോ.. ആ ഒരു വിളി തന്നെ എന്നെ ഭ്രാന്തിയാക്കി.. നിങ്ങൾ ആണുങ്ങൾക്ക് അതിന്റെ സീരിയസ്നസ് മനസ്സിലാകില്ല. അതുകൊണ്ടാണ്.. മനസ്സിന് സ്വസ്ഥത കിട്ടാൻ വേണ്ടിയാണ് ഞാൻ ഈ അറ്റ കൈ പ്രയോഗിച്ചത്. അത്രമാത്രം..." "എടോ.. അതിന് അത്ര വലിയ സീരിയസ് വിഷയമൊന്നും ഇല്ലായിരുന്നു എന്ന് ഞാൻ കരുതി അത്രയേ ഉള്ളു.. ഒരുപക്ഷേ അതായിരിക്കും ഞാൻ ചെയ്ത തെറ്റ്. നിന്റെ സംശയം ഇത്ര വലുതായിരുന്നുവെങ്കിൽ ഞാൻ അതിനൊരു പരിഹാരം മുന്നേ ചെയ്യേണ്ടതായിരുന്നു. അത് സമയത്ത് ചെയ്യാത്തതിന്റെ പേരിൽ ഇങ്ങനെ ഒരു സന്ദർഭം ഇന്നിവിടെ സംജാതമായി.. കുഴപ്പമില്ല." "പക്ഷേ... എനിക്ക് വളരെ സമാധാനമായി.." ആളുടെ ദീർഘശ്വാസം എന്നിലും ഒരു ആശ്വാസതിരികൊളുത്തി .

"ഒരു കാര്യം ചെയ്യ് ഒരു 5 മിനിറ്റ് കൂടി വെയിറ്റ് ചെയ്യുക ഞാനിപ്പോൾ ഭക്ഷണം വിളമ്പാം." "ശരി അങ്ങനെ ആകട്ടെ ഞാനും വെളിയിൽ പോയി വന്ന ഡ്രസ്സ് മാറി ദാ... വരുന്നു." "നീ കഴിച്ചായിരുന്നോ?" ഞാൻ ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോൾ ചഞ്ചലിനോട് ചോദിച്ചു. "അതെ ഞാനും മക്കളോടൊപ്പം കഴിച്ചു.. എത്രയെന്ന് വിചാരിച്ചാ കാത്തിരിക്കുക. നിങ്ങളല്ലേ പറഞ്ഞിട്ടുള്ളത് വിശക്കുമ്പോൾ ഭക്ഷണം കഴിക്കണമെന്നും കാത്തിരിക്കേണ്ട ആവശ്യമില്ല എന്നും. മാത്രവുമല്ല മക്കളെല്ലാം കൂടി നിർബന്ധിച്ചപ്പോൾ ഞാനും അവരോടൊപ്പം ഭക്ഷണം കഴിച്ചു." "അതെ.. അതെ.. ഞാൻ പറഞ്ഞത് അന്നും ഇന്നും വാസ്തവമാണ്.. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക, വിശപ്പിനാണ് ഭക്ഷണം. നമ്മൾ ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുക.. അല്ലാതെ ഭക്ഷണം നമ്മളെ കാത്തിരിക്കരുത്.." "അതുകൊണ്ട് തന്നെയാണ് ഞാൻ ഭക്ഷണം കഴിച്ചതും.. നിങ്ങൾ കഴിച്ചുകൊണ്ടിരിക്കൂ, ഞാൻ ദാ വന്നു." ചഞ്ചൽ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി. എന്തോ കാര്യമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. "കറിയോ ചോറോ വേണമെങ്കിൽ ചോദിക്കണേ.. ഭക്ഷണം കഴിക്കാനുള്ള സമയം കഴിഞ്ഞത് കൊണ്ട് ഞാൻ കുറച്ചു ചോറേ വിളമ്പിയിട്ടുള്ളൂ.." ഇടയ്ക്ക് വന്ന് അവൾ കുറച്ചുകൂടി കറിയും ചോറും ഇട്ടു. "മതി... മതി... വിശപ്പ് കെട്ടു. എന്നിരുന്നാലും ഒരൽപം ഭക്ഷണം കഴിക്കണം എന്നുള്ളത് കൊണ്ട് കഴിച്ചു. അത്ര മാത്രം." "ങ്ഹാ.. ഇനിയും ഭക്ഷണം കഴിക്കാതെ വയറു വലിഞ്ഞ് നടന്നോ.. സമയത്ത് ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരം കൂടുതൽ ക്ഷയിക്കുകയല്ലേയുള്ളൂ.. കഴിക്കൂന്നെ.." ഇട്ട ഭക്ഷണം മുഴുവനായി കഴിച്ച് കൈ കഴുകാൻ എഴുന്നേൽക്കാൻ നേരം കൈയ്യിൽ രണ്ടു ഗ്ലാസുമായി ചഞ്ചൽ അടുത്ത കസേരയിൽ വന്നിരുന്നു.

"ഇന്നെന്താ സ്പെഷ്യൽ.. നിനക്ക് ഏറെ ഇഷ്ടപ്പെട്ട പാൽപ്പായസം... എന്തെങ്കിലും പ്രത്യേകിച്ച്?" രണ്ട് ഗ്ലാസ് പാൽപ്പായസം മേശപ്പുറത്ത് വച്ചു ചഞ്ചൽ പറഞ്ഞു. "ഒന്നുമില്ലെന്നേ... മനസ്സിന് വല്ലാതെ സന്തോഷം തോന്നിയ ഒരു ദിവസം.. മാത്രമല്ല ഏറെ നാളത്തെ ദുഃഖഭാരം മനസ്സിൽ നിന്ന് ഇറക്കിവച്ചതുപോലെ.. ആ സന്തോഷത്തിന് ഒരു അൽപം മധുരം ആകാം എന്ന് കരുതി." "ഹ.. ഹ.. ഹ നല്ല കാര്യം... എന്തായാലും ഒരൽപം മധുരം നുകരാമല്ലെ? സന്തോഷത്തിന് ഇരട്ടിമധുരം." ചഞ്ചലിനെ ചേർത്തുപിടിച്ച് നെറുകയിൽ ഒരു മുത്തം നൽകി. അപ്രതീക്ഷിതമായി നൽകിയ ആ ഒരു മുത്തത്തിന് പ്രത്യുപകാരമായി അവൾ എന്റെ കവിൾ തടത്തിൽ ഒരു ചക്കരയുമ്മ സമ്മാനിച്ചു. കുടിക്കുന്ന പാൽപ്പായസ്സത്തിന് മാധുര്യം വർധിക്കുന്നത് പോലെ. വെളിയിൽ ചാറ്റൽ മഴയുടെ ശക്തിയും കനക്കുന്നുണ്ടായിരുന്നു.

English Summary:

Malayalam Short Story ' Aval ' Written by Kallara Pongan Suresh