ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഘാട്ടിന്റെ പടിക്കെട്ടുകൾ; ഭക്തരും സന്യാസികളും അഘോരികളും നിറഞ്ഞിരിക്കുന്ന വാരാണസി
വർഷങ്ങൾക്ക് മുൻപേ ഏതോ പുകമറയിൽ അലിഞ്ഞില്ലാതായൊരാളിന്റെ രൂപസാദൃശ്യമുള്ളയാളെയാണ് പുണ്യഭൂമിയിലെ ദൃശ്യത്തിൽ കണ്ടതെന്നുള്ള തോന്നലിനു പിന്നാലെയാണ് ഇങ്ങോട്ടേക്കു തിരിച്ചത്. നാൽപതു തികഞ്ഞ വിധവയ്ക്ക് തീർഥാടനമെന്ന് പറഞ്ഞിറങ്ങാൻ തടസമേതുമില്ലല്ലോ.
വർഷങ്ങൾക്ക് മുൻപേ ഏതോ പുകമറയിൽ അലിഞ്ഞില്ലാതായൊരാളിന്റെ രൂപസാദൃശ്യമുള്ളയാളെയാണ് പുണ്യഭൂമിയിലെ ദൃശ്യത്തിൽ കണ്ടതെന്നുള്ള തോന്നലിനു പിന്നാലെയാണ് ഇങ്ങോട്ടേക്കു തിരിച്ചത്. നാൽപതു തികഞ്ഞ വിധവയ്ക്ക് തീർഥാടനമെന്ന് പറഞ്ഞിറങ്ങാൻ തടസമേതുമില്ലല്ലോ.
വർഷങ്ങൾക്ക് മുൻപേ ഏതോ പുകമറയിൽ അലിഞ്ഞില്ലാതായൊരാളിന്റെ രൂപസാദൃശ്യമുള്ളയാളെയാണ് പുണ്യഭൂമിയിലെ ദൃശ്യത്തിൽ കണ്ടതെന്നുള്ള തോന്നലിനു പിന്നാലെയാണ് ഇങ്ങോട്ടേക്കു തിരിച്ചത്. നാൽപതു തികഞ്ഞ വിധവയ്ക്ക് തീർഥാടനമെന്ന് പറഞ്ഞിറങ്ങാൻ തടസമേതുമില്ലല്ലോ.
ഓളപ്പരപ്പുകളിൽ കുങ്കുമവർണത്തിന്റെ തിളക്കം, അസ്തമയച്ചുവപ്പ് പടർന്നിറങ്ങിയ മാനത്തിന്റെ കീഴെ ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഘാട്ടിന്റെ പടിക്കെട്ടുകളൊന്നിലിരിക്കാൻ തുടങ്ങിയിട്ടേറെ നേരമായി. സാരിക്കുമേൽ ധരിച്ച സ്വെറ്ററിനകത്തുകൂടി അതിക്രമിച്ചു കയറാൻ തണുപ്പ് പല പഴുതും തേടുന്നുണ്ട്. സന്ധ്യാപൂജകളാലും മറ്റു കർമങ്ങളാലും ഘാട്ടുകൾ സജീവമാണ്. മോക്ഷപ്രാപ്തി തേടിവരുന്ന അനേകായിരം ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ഗംഗാതീരം. ഭക്തിയെ ജീവിതചര്യയും ജീവിതമാർഗവുമാക്കുന്ന സന്യാസികളും ഭസ്മം വാരിപ്പൂശിയ അൽപവസ്ത്രധാരികളായ അഘോരികളും വാഴുന്നിടം. 'വാരാണസി' ഒരു ലക്ഷ്യമായി ഉള്ളിൽ കയറിക്കൂടിയിട്ടൊത്തിരി നാളായി. ഭ്രാന്തമായചിന്തകൾക്കൊടുവിൽ മനസ്സ് കൈവിട്ടുപോകുമെന്നു തോന്നിയപ്പോൾ തീരുമാനിച്ചതാണീ യാത്ര.
വെളുപ്പിനേ ഈ മണ്ണിൽ വന്നിറങ്ങിയപ്പോൾ അപരിചിതമായ അനവധി കാഴ്ചകളാണ് തന്നെ വരവേറ്റത്. കണ്ണിനു കുളിർമയായ് പുണ്യഗംഗയൊഴുകുന്നു. മർത്ത്യർ കഴുകിക്കളയുന്ന പാപങ്ങൾപേറി ഒഴുകുന്നതിനാലാവാം ഗംഗയിത്രയും മലിനമായത്. 'മണികർണിക ഘാട്ടിന്റെ' ഓരത്ത് പുകച്ചുരുൾ തീർത്ത് കത്തിയമർന്ന മോക്ഷം നേടിയ ഏതോ മൃതദേഹത്തിന്റെ അസ്ഥികലശം ഗംഗയിലൂടെ പൊങ്ങിയൊഴുകുന്നു. സംസ്കാരച്ചടങ്ങുകൾക്കുവേണ്ട സംവിധാനമൊരുക്കുന്നത്, നന്നേ പ്രായം കുറഞ്ഞൊരു യുവാവാണ്. പുകഞ്ഞു കത്തുന്ന മൃതദേഹത്തിന്റെ അരികെയിരുന്നയാൾ തന്റെ ജോലി കാര്യക്ഷമതയോടെ ചെയ്യുന്നുണ്ട്. ദഹിപ്പിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിൽ ഒന്നിൽക്കൂടുതൽ ശവദാഹം നടന്നിരുന്നതായിട്ട് തോന്നി. കളിത്തോഴർക്കൊപ്പം കടലാസു വഞ്ചിയിറക്കിക്കളിക്കുമ്പോൾ വടക്കേലെ തോട്ടിൽ കാണാറുണ്ട്, വാഴപ്പിണ്ടികൾ ഒഴുകി നടക്കുന്നത്. അസ്ഥികലശം ഓളങ്ങളിൽ ഇളകിത്തുടിച്ചു നീങ്ങുന്നത് കാണേ ഇന്നലകളിലേക്ക് ചേക്കേറി പോയിരുന്നു!
ഉച്ചതിരിഞ്ഞപ്പോൾ വന്നിരിക്കുന്നതാണിവിടെ. മുഷിച്ചിലേതുമില്ലാതെ കലുഷിതമല്ലാത്ത മനസ്സോടെ എത്രനേരം വേണമെങ്കിലും ഇവിടെയിങ്ങനെ ചിലവഴിക്കാം. ചുറ്റിലുമുള്ളത് വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്. മന്ത്രധ്വനികൾ ഉയർന്നു കേൾക്കുമ്പോഴും കർപ്പൂരം മണക്കുന്ന കാറ്റുവന്ന് നാസികയെ തൊട്ടുതഴുകുമ്പോഴും സുഖമുള്ളൊരു തണുപ്പുപൊതിയുന്നുണ്ട്. വേറൊരു ലോകത്തെന്നപോൽ ഒഴുകി നടക്കുന്നതായി തോന്നുന്നുണ്ട്! ദിവസങ്ങൾക്ക് മുൻപ് വേണ്ടപ്പെട്ടവരോടൊക്കെ യാത്ര പറഞ്ഞ് ഇനിയൊരു മടക്കമില്ലെന്ന് തീരുമാനിച്ചു പുറപ്പെട്ടുവന്നതാണ്. ഗംഗയിൽ മുങ്ങിനിവർന്നു കഴുകിക്കളയാനും മാത്രം പാപങ്ങൾ താനീ ജന്മത്തിൽ ചെയ്തിട്ടുണ്ടോ...? ഇങ്ങനെയൊരു യാത്ര വേണമെന്ന് തോന്നിത്തുടങ്ങിയത് എന്നുമുതൽക്കാണ്? പാതിയായ് കൂടെക്കൂട്ടിയവന്റെ വേർപാടിന് ശേഷമാണോ, മരണശയ്യയിൽ അയാള് പറഞ്ഞ അവിശ്വസനീയമായ കഥ കേട്ടത് മുതൽക്കോ...? മോക്ഷം കിട്ടാതെ അലയുന്നൊരു ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടിയാവാം.
അപ്രതീക്ഷിതമായി അന്നാ രൂപം കണ്ടത് മുതലാണ് ഈ യാത്ര ഉറപ്പിച്ചത്. വിധവയുടെ ഏകാന്ത ജീവിതം കാഞ്ഞിരക്കുരുപോലെ കൈപ്പേറിയതായിരുന്നു. വിരസമായ ദിനങ്ങൾ തന്നിൽ നിന്ന് കൊഴിഞ്ഞു പോകാനേറെ പണിപ്പെട്ടിരുന്നു. ഏതോ ഒരു സഞ്ചാരിയുടെ, വാരണാസി യാത്രാ ദൃശ്യാവിഷ്ക്കാരം കാണാനിടയായ ദിവസത്തിലേക്കാണ് ഓർമകൾ പാഞ്ഞെത്തിയത്. വാരണാസി കാഴ്ചകൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുകയായിരുന്ന അയാളുടെ ക്യാമറയിൽ അവ്യക്തമായി നിഴൽ പോലൊരു രൂപം മിന്നിമറഞ്ഞു. രണ്ടാമതൊന്ന് കാണാൻ പറ്റാത്തവിധം എങ്ങോട്ടോ അപ്രത്യക്ഷമായിരുന്നു! മറക്കാൻ ശ്രമിക്കുന്ന ഭൂതകാലത്തിലേക്ക് തള്ളിയിടാൻ ക്ഷണനേരം കൊണ്ട് ആ കാഴ്ചയ്ക്ക് കഴിഞ്ഞു. സമ്മിശ്രവികാരങ്ങൾക്ക് അടിമപ്പെടുകയായിരുന്നു. യാന്ത്രികമായിട്ടായിരുന്നു പിന്നീടോരോ കാര്യങ്ങളും ചെയ്തുകൊണ്ടിരുന്നത്.
ബാല്യവും കൗമാരവും ഒരുമിച്ച് നടന്നുതീർത്തവർ. ത്രിമൂർത്തികളെന്ന് കളിയാക്കിപ്പറഞ്ഞവരെ എതിർക്കാൻ നിന്നില്ല, കാരണം തങ്ങൾക്കാ വിളി ഒരുപാട് സന്തോഷം തരുന്നതായിരുന്നു. ഇടവും വലവും ചേർന്ന് അവരുണ്ടെങ്കിൽ ലോകം കീഴടക്കിയ മട്ടായിരുന്നു തനിക്ക്. 'അഭിരാമിയും മുറച്ചെറുക്കൻ സേതുനാഥും അയൽവാസിയായ ദേവദാസും ചേരുന്നൊരു ത്രികോണ ബന്ധം.' പിഴുതെറിയാൻ പറ്റാത്തവണ്ണം വേരുറച്ചൊരു ആത്മബന്ധം, എന്തിനുമേതിനും കൂടെയുണ്ടെന്ന് മനസ്സിലുറപ്പിച്ചിരുന്ന കാലം. ഇടതടവില്ലാതെ ഒഴുകുന്ന നദിപോലെയായിരുന്ന ജീവിതങ്ങൾ എന്നുമുതൽക്കാണ് നുരപതഞ്ഞു ആഴിയിൽ പതിച്ച കുത്തൊഴുക്കുപോലായത്. കളിത്തോഴരിലെ മുറച്ചെക്കനുമായിട്ട് തന്റെ വിവാഹമുറപ്പിച്ചത് അറിഞ്ഞത് തന്നെ, ജാതകപ്പൊരുത്തം നോക്കാൻ ജോത്സ്യൻ വന്നപ്പോഴാണ്. കേട്ട വാർത്ത ഉൾക്കൊള്ളാൻ തന്നെ കുറേ സമയമെടുത്തു! അവരിരുവരേയും കണ്ടു സംസാരിക്കാനുള്ള സാവകാശം പോലും ആരും അനുവദിച്ചില്ല. കാർന്നോമ്മാരുടെ വിലക്കുകൾ എതിർക്കാനുള്ള കെൽപ്പില്ലായിരുന്നു. അവരെയിനി അങ്ങനെയൊന്നും കാണാനും സംസാരിക്കാനും പറ്റില്ലപോലും. അവരെന്നു മുതൽക്കാണെനിക്ക് അന്യരായത്. ഓർമവെച്ചനാള് മുതൽ കാണുന്നതും കേൾക്കുന്നതുമല്ലേ, അവരറിയാത്തതായി തനിക്കൊന്നുമില്ലല്ലോ.
കതിർമണ്ഡപത്തിൽ താലിചാർത്തുന്നവന്റെ തൊട്ടടുത്തു തലകുനിച്ചിരിക്കവേ അതുവരെയില്ലാത്തൊരു അപരിചിതത്വം തോന്നിയിരുന്നു. ദാസിനെ കണ്ടൊന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളു ഈ പ്രതിസന്ധിയെന്ന് തോന്നിയപ്പോൾ, ആൾക്കൂട്ടത്തിൽ അവനെ തിരഞ്ഞ് കണ്ണുകൾ വ്യഥാ സഞ്ചരിച്ചു. ആത്മാർഥതയുള്ള കൂട്ടുകാരൻ തിരക്കുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് താലികെട്ടിയവൻ പറഞ്ഞെങ്കിലും തനിക്കത് അവിശ്വസനീയമായിരുന്നു. തിരക്കുകളും തളർച്ചയും ഉറങ്ങിത്തീർത്തതിന്റെ പിറ്റേന്ന് കേട്ടത്, ദാസ് ദൂരെയെവിടെയോ ജോലിക്കു പോയെന്നാണ്. അവധിക്ക് വന്നാൽ കാണാമെന്ന് പറഞ്ഞെത്രേ! ദിവസങ്ങളോളം കാണാതിരുന്നിട്ടും പോകുമ്പോഴൊന്ന് പറഞ്ഞില്ലല്ലോ എന്നുള്ള പരാതിയും പരിഭവങ്ങളുമൊക്ക സേതുവേട്ടൻ ചേർത്തുപിടിച്ചപ്പോൾ അലിഞ്ഞില്ലാതായിരുന്നോ...? പിന്നീട് പലതവണ തിരക്കിയെങ്കിലും സേതുവേട്ടന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരുന്നു തനിക്ക് കിട്ടിയത്. ഒരവധിക്കും ദാസ് വന്നിരുന്നില്ല. പിന്നെ ദാസിനെ കണ്ടിട്ടേയില്ല. കാലം പല ഭാവങ്ങളിലും രൂപങ്ങളിലും തിരക്കുള്ളയാളേപ്പോൽ സഞ്ചരിക്കവേ, അതിനൊപ്പം നടന്നെത്താൻ തിടുക്കപ്പെടുകയായിരുന്നു. 'അകാലത്തിൽ രോഗശയ്യയിലായ നല്ലപാതിയെ ശുശ്രൂഷിച്ച് കാലം തള്ളിനീക്കുമ്പോൾ, പെട്ടന്നൊരു ദിവസം അയാളൊരുപാട് വാചാലനായി. മാസങ്ങളോളം സംസാരിക്കാതെ ഏതുനേരവും മച്ചിൽ നോക്കി കിടപ്പായിരുന്നയാൾ പെട്ടന്നൊരുനാൾ ഒരുപാട് സംസാരിക്കുന്നതിൽ ആശ്ചര്യം തോന്നിയെങ്കിലും അത് പുറത്തു കാട്ടിയില്ല.'
"ആമി ഞാൻ നിന്നോട് വലിയൊരു തെറ്റ് ചെയ്തിട്ടുണ്ട്, നിന്നോടല്ല നമ്മുടെ ദാസിനോട്.! ബാല്യത്തിലവന്റെ സൗഹൃദമായി ഒതുങ്ങിയിരുന്ന നീ, വളർന്നു വന്നപ്പോൾ അവന്റെ പ്രണയമായിരുന്നു, പ്രാണനായിരുന്നു. അവനത് ആദ്യമറിയിച്ചത് എന്നെയാണ്. സന്തോഷത്തോടെ കൂട്ട് നിന്നിരുന്നു ഞാൻ. അവനിൽ മോഹത്തിന്റെയും പ്രതീക്ഷയുടെയും വിത്ത് പാകിയതും ഞാനാണ്. നീയില്ലാത്തൊരു ജീവിതം അവനില്ലെന്ന് എനിക്കന്നേ മനസ്സിലായിരുന്നു. എന്നിട്ടവസാനം അവനെ ക്രൂരമായി ചതിച്ചും ഭീഷണിപ്പെടുത്തിയും ഞാൻ നിന്നെ നേടിയെടുക്കുകയായിരുന്നു. കണ്മുന്നിൽ ഉണ്ടാവരുതെന്ന് പറഞ്ഞ് ആട്ടിയോടിച്ചതാ ഞാനവനെ. എത്ര ഏറ്റുപറഞ്ഞാലും തീരില്ല ഈ പാപം. ഞാൻ ഒടുങ്ങുമ്പോൾ എന്റെ ചിതയിൽ എരിയാതെ കിടപ്പുണ്ടാകും ഞാൻ അവനോട് ചെയ്ത ദ്രോഹങ്ങൾ. എനിക്കൊരിക്കലും അതിൽ നിന്നൊരു മോക്ഷമുണ്ടാവില്ല." സന്തോഷത്തോടെ കഴിഞ്ഞിരുന്ന കാലത്തിന്റെ നല്ലോർമകൾ എണ്ണിപ്പെറുക്കിപ്പറഞ്ഞു തുടങ്ങിയ ആള് വല്ലാത്തൊരു, തേങ്ങലോടെ ചെയ്തുപോയ മഹാപാപം ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞപ്പോൾ അതുവരെ അയാളോടുണ്ടായിരുന്ന സ്നേഹവും കരുതലുമൊക്കെ കാറ്റിൽ പറന്നുപോയിരുന്നു.! ദിവസങ്ങൾക്കപ്പുറം അയാളുടെ ചിതയെരിയുമ്പോൾ തീപ്പിടിക്കാതെ എഴുന്നുനിൽക്കുന്ന അയാളിലെ പാപങ്ങൾ പേറിയൊരു ജീർണ്ണിച്ച രൂപം തന്നെ തുറിച്ചു നോക്കിയപോലെ തോന്നി. മുറിയിലെ ജനലഴികളിൽ പിടിച്ച് ഒട്ടും സന്താപമില്ലാതെ കത്തിയമർന്ന ചിതയിലേക്ക് ഇമചിമ്മാതെ നോക്കിനിന്നിരുന്നു.
വർഷങ്ങൾക്ക് മുൻപേ ഏതോ പുകമറയിൽ അലിഞ്ഞില്ലാതായൊരാളിന്റെ രൂപസാദൃശ്യമുള്ളയാളെയാണ് പുണ്യഭൂമിയിലെ ദൃശ്യത്തിൽ കണ്ടതെന്നുള്ള തോന്നലിനു പിന്നാലെയാണ് ഇങ്ങോട്ടേക്കു തിരിച്ചത്. നാൽപതു തികഞ്ഞ വിധവയ്ക്ക് തീർഥാടനമെന്ന് പറഞ്ഞിറങ്ങാൻ തടസമേതുമില്ലല്ലോ. ഒരുറപ്പുമില്ലാത്തതാണെന്നറിഞ്ഞിട്ടും തേടിയിറങ്ങിയത് എന്നോ താൻ മറന്നുപോയൊരു തെറ്റിന് മാപ്പിരക്കാനായിരുന്നു. ദാസിനെപ്പറ്റി ഓരോ തവണ ചോദിക്കുമ്പോഴും ഒഴിഞ്ഞു മാറി നടക്കുന്ന സേതുവേട്ടന്റെ ചതിയുടെ കാണാപ്പുറം അറിഞ്ഞില്ലല്ലോ എന്നോർത്തു വേവുന്നുണ്ടായിരുന്നു ഉള്ളം. ആൾക്കൂട്ടത്തിന്റെ ഇടയിൽ തപ്പിത്തടഞ്ഞ കാഴ്ചകളെ വിദൂരതയിൽ തെളിഞ്ഞു കത്തുന്നൊരു ദീപനാളത്തിലേക്ക് വലിച്ചിട്ടു. ലക്ഷക്കണക്കിന് ആൾക്കാർ വന്നുപോകുന്നയീ ഭൂമിയിൽ നിന്നെങ്ങനെ താൻ ദാസിനെ കണ്ടെത്തും. അന്നുകണ്ട ദൃശ്യത്തിൽ ഉണ്ടായത് ദാസ് ആണെന്ന് ഒരുറപ്പുമില്ലാത്ത പക്ഷം. എന്നിട്ടുമൊരു ഉൾവിളിയാൽ പുറപ്പെട്ടു. എന്തോ... മനസ്സങ്ങനെ പറഞ്ഞു. ആരൊക്കെയോ ഇങ്ങോട്ട് വലിച്ചടുപ്പിക്കും പോലെ!
പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള മനോഹരമായ ബോട്ട് യാത്രകൾ ആസ്വദിക്കുകയാണ് ഒരു കൂട്ടർ. ഗംഗയിൽ നിറയെ മൺചിരാതുകൾ വെട്ടം പകർന്നുകൊണ്ട് പൊങ്ങിക്കിടക്കുന്നു, മന്ത്രോച്ചാരണങ്ങളും മണിനാദങ്ങളും കാതിനിമ്പമുള്ളതാകുന്നു. കുന്തിരിക്കത്തിന്റെ ഗന്ധം അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കുന്നു. മന്ത്രങ്ങളുരുവിട്ടുകൊണ്ട് ഗംഗയിൽ മുങ്ങിനിവർന്നു താനിരിക്കുന്ന പടിക്കെട്ടിലൂടെ ഈറനായി നടന്നുകയറിപ്പോയ ഒരുകൂട്ടം സന്യാസിമാരിൽ പരിചയമുള്ള മിഴികൾ കണ്ടുവോ? തോന്നിയതാണോ! ഏറെനേരമായ് ആ ചിന്തകളിൽ കുടുങ്ങിക്കിടന്നതിനാൽ ഓർമയിലെ മുഖം മുന്നിലൂടെ അവതരിച്ചതാണോ. യാഥാർഥ്യത്തിലേക്ക് തിരികെ വന്ന മനസ്സും ശരീരവും കണ്ടകാഴ്ചയ്ക്ക് പിന്നാലെ അലയാൻ തുടങ്ങി. ദീപങ്ങളുടെ സ്വർണനിറം പരന്ന ചുറ്റുപാടും കുറേ തേടി, കൂട്ടമായുള്ള സന്യാസിമാർക്കിടയിൽ ഏന്തിവലിഞ്ഞു നോക്കി. ഇല്ല അങ്ങനൊരാളിനെ കാണാനില്ല. കണ്ണ് തുറന്നുകണ്ടൊരു സ്വപ്നമാവാം. കൂട്ടുവന്ന നിരാശയെ നേർത്തൊരു നെടുവീർപ്പിലൊതുക്കി വീണ്ടും ഘാട്ടിന്റെ പടിക്കെട്ടുകളിൽ വന്നിരുന്നു.
പുലരിയുടെ കുറുനിരകൾ മാടിയൊതുക്കി സൂര്യനവളിൽ സിന്ദൂരം ചാർത്താൻ തുടങ്ങി. ഗംഗയുടെ പവിത്രതയ്ക്കുമേൽ ആരതി നടക്കുന്നു. തനിക്കുമുന്നേ വന്നവരൊഴുക്കിയ ഇലക്കുമ്പിളിൽ ചിലത് മുങ്ങിയും ചിലത് ഇളകിത്തുളുമ്പി ഏറെദൂരെപോയിരിക്കുന്നു. ചിലരുടെ ജീവിതംപോൽ! പൊൻവെട്ടം തീർത്ത പ്രഭയിൽ, കണ്ട പലരിലും പരിചിതമായൊരു മുഖം തേടി. കാഷായവസ്ത്രധാരികൾ, സന്യാസിമാർ, മനുഷ്യമാംസം ഭക്ഷിക്കുന്ന അഘോരികൾ, പല ദേശക്കാർ, ഭാഷക്കാർ എല്ലാവരും മോക്ഷം തേടി വന്നവർ. ഇടുങ്ങിയ ഗല്ലികളിൽക്കൂടിയുള്ളൊരു എളുപ്പവഴിയിലൂടെ പോയാൽ ഹോട്ടൽമുറിയിലെത്താം. പുലർച്ചെയുള്ള ആരതി കാണാനിറങ്ങിയപ്പോൾ ചിലരീവഴി പോകുന്നത് കണ്ടതാണ്. നേരമുച്ചയായിട്ടും ചുറ്റിവരിഞ്ഞ തണുപ്പിനൊട്ടും ശമനമില്ല. അല്‍പനേരത്തെ വിശ്രമമനിവാര്യമെന്ന് തോന്നിയപ്പോൾ അവിടുന്ന് പോന്നതാണ്. മനസ്സിപ്പോഴുമാ തീരത്തും ഓളങ്ങൾ പുണരുന്ന പടിക്കെട്ടുകളിലും കുടുങ്ങിക്കിടപ്പാണ്. ലക്ഷ്യം കാണാതെയീ മണ്ണ് വിടാനൊക്കില്ലെന്ന് തീരുമാനിച്ചു. പഴക്കംചെന്ന പൊട്ടിപ്പൊളിഞ്ഞ റോഡിനിരുവശവും അഴുകിയതും നിറംമങ്ങിയതുമായ കുറേയേറെ കെട്ടിടങ്ങൾ കാണാം. പതിനായിരക്കണക്കിനാളുകൾ വന്നിറങ്ങുന്ന പുണ്യഭൂമിക്കെന്തോ പ്രൗഢി നഷ്ടമായോ. ഗംഗാതീരമിപ്പോൾ ബനാറസ് പട്ടുടുത്ത കന്യയെപ്പോൽ മനോഹരിയായിട്ടുണ്ട്!
കുറച്ചു മാറിയിരുന്ന് മന്ത്രങ്ങളുരുവിടുന്ന പുരോഹിതനിലേക്ക് നോട്ടമെത്തി. പാദങ്ങളെ നിയന്ത്രിക്കാനായില്ല. ഗംഗാസ്നാനം കഴിഞ്ഞു കയറിയതിനാലാവാം സ്വാമിയുടെ ഇടതൂർന്ന മുടിയിൽ നിന്നും താടിരോമങ്ങളിൽ നിന്നും പുണ്യപ്രവാഹമുടലെടുത്തിട്ടുണ്ട്. ജന്മജന്മാന്തരങ്ങളിൽ നിന്നൊരു ആത്മാവിന്റെ ഞെരുക്കം കേൾക്കുന്നു, നൂലറ്റം പൊട്ടിയ പട്ടംപോൽ കനമില്ലാതെങ്ങോട്ടോ ഉയർന്നുപൊങ്ങുന്നു. തേടിയിറങ്ങിയ ജീവനിവിടെ ഒരു നിശ്വാസമകലെയുണ്ട്. വെറുമൊരു തോന്നലല്ലെന്ന് ഉള്ളിൽ നിന്നാരോ ഉറക്കെ അലറുന്നുണ്ട്! "സ്വാമിജീ" അടഞ്ഞമിഴികൾ തുറന്ന വേളയിൽ മുന്നിൽ കണ്ട സ്ത്രീരൂപം അദ്ദേഹത്തിലൊരു ഞെട്ടലുണ്ടാക്കിയോ, ഒന്ന് വിറച്ചിരുന്നോ...? തിരുജടയിൽനിന്നും പ്രവഹിക്കും ഗംഗപോൽ നിയന്ത്രണാതീതമായ വികാര തള്ളിച്ചയിൽ വർഷങ്ങളുടെ ദൈർഘ്യമുള്ള ഏറ്റുപറച്ചിലുകൾ കേട്ടിട്ടും അദ്ദേഹമൊന്നും മൊഴിയാതെ ഭസ്മത്തട്ടിൽ നിന്നും വിരൽത്തുമ്പിലെടുത്ത ഒരു നുള്ളു ഭസ്മം നെറ്റിമേൽ പകർന്നിട്ട് നടന്നു നീങ്ങി! ആരോചെയ്ത പാപം ചുമന്നിനിയും വയ്യെന്നപോൽ ഹൃദയത്തിൽ നിന്നൊരു, നോവുകലർന്ന പേര്, വിറപൂണ്ട അധരങ്ങൾ മൊഴിഞ്ഞു. "ദാസ്" പിൻവിളി കേട്ടൊന്ന് ശങ്കിച്ചുനിന്നിട്ടും എന്തോ ഒരുൾപ്രേരണയാൽ വീണ്ടുമയാൾ നടന്നു നീങ്ങി.
'പൊന്നിൽ കുളിച്ച ഗംഗയേക്കാൾ ആയിരം തിരിയിട്ടു കൊളുത്തിയ വിളക്കുപോൽ തനിക്കിപ്പോൾ പൂർണ്ണശോഭ കൈവന്നിരിക്കുന്നു. അതേ എന്റെ മോക്ഷവും മുക്തിയും ഇവിടെയുണ്ട്. പാപങ്ങളേറ്റു പറയവേ നനുത്തൊരു കാറ്റ് നന്ദി പറഞ്ഞുകൊണ്ട് തഴുകിയകന്നിരുന്നു. ഇതാണ് താൻ തേടിവന്നതും. ഇനിയിവിടെത്തന്നെ ഒടുങ്ങി, 'മണികർണിക ഘാട്ടിന്റെ'ഓരത്തു കർപ്പൂരഗന്ധമായ് പുകഞ്ഞു തീരണം. അഘോരികൾ തന്നെ കാത്തിരിക്കയാവും.'