'ആരുമില്ലാത്ത സ്ഥലത്ത് പോയി കൂട്ടുകാരിയുമൊത്ത് താമസിച്ചു, രാത്രി കതകിൽ ശക്തമായി ആരോ ഇടിക്കുന്നു...'
വാതിൽക്കൽ ആരോ മുട്ടുന്നപോലെ. കാറ്റിന്റെ വികൃതി ആവാം. ഒരേ താളത്തിൽ മുട്ട് തുടർന്നു. പുറത്താരോ ഉണ്ട്. "വാതിൽ തുറക്കു രാജി ചേച്ചി. നാട്ടുകാരനാണ്. ബാലഗോപാലൻ. മംഗലത്തെ ബാലു."
വാതിൽക്കൽ ആരോ മുട്ടുന്നപോലെ. കാറ്റിന്റെ വികൃതി ആവാം. ഒരേ താളത്തിൽ മുട്ട് തുടർന്നു. പുറത്താരോ ഉണ്ട്. "വാതിൽ തുറക്കു രാജി ചേച്ചി. നാട്ടുകാരനാണ്. ബാലഗോപാലൻ. മംഗലത്തെ ബാലു."
വാതിൽക്കൽ ആരോ മുട്ടുന്നപോലെ. കാറ്റിന്റെ വികൃതി ആവാം. ഒരേ താളത്തിൽ മുട്ട് തുടർന്നു. പുറത്താരോ ഉണ്ട്. "വാതിൽ തുറക്കു രാജി ചേച്ചി. നാട്ടുകാരനാണ്. ബാലഗോപാലൻ. മംഗലത്തെ ബാലു."
ഈ യാത്ര പ്ലാൻ ചെയ്തത് പെട്ടെന്നായിരുന്നു. ഞങ്ങൾ മൂന്നുസുഹൃത്തുക്കൾ ചേർന്നു ഒരു രാത്രിയും പകലും സ്വസ്ഥമായി ഇരുന്നു പഴയ കാലത്തേക്ക് തിരിച്ചുപോയി പുതിയ ഉണർവോടെ തിരിച്ചു കയറാനൊരു പദ്ധതി. കോളജ് അലൂമിനിക്ക് ഒത്തുകൂടിയപ്പോൾ വന്ന ഐഡിയ. ബീനയും മഞ്ജുവും വയനാടാണ് തിരഞ്ഞെടുത്തത്. കോഴിക്കോടുകാരികൾക്ക് എളുപ്പമാണല്ലോ. റിസോർട്ട് ഉടൻ ബുക്ക് ചെയ്തു. എട്ടുമണിക്ക് ബീന ഒറ്റക്കാണ് വന്നത്. മഞ്ജുവിന് നല്ല പനി. യാത്ര മുടക്കേണ്ടെന്നു അവൾക്ക് നിർബന്ധം. "നമുക്ക് പോവാം രാജി. മഞ്ജുവും അതുതന്നെ പറഞ്ഞു." ഡ്രൈവറെ വിളിക്കേണ്ടെന്നു തോന്നി. മാറി മാറി ഓടിച്ചുപോകാം. ഇഷ്ട്ടമുള്ള ഇടത്തു നിർത്താം. പാട്ടുപാടാം, ചൂളം വിളിക്കാം. നൃത്തം ചെയ്യാം. തികഞ്ഞ സ്വാതന്ത്ര്യം അതായിരുന്നു വേണ്ടത്.
പത്തുമണിയോടെ ചുരം കയറാൻ തുടങ്ങി. ചില സ്പോട്ടുകളിൽ നിർത്തി. ഋതുക്കൾ ഭൂമിയെ ക്യാൻവാസാക്കി വരച്ച സുന്ദരമായ ചിത്രങ്ങൾ. ചുവപ്പുതളിരുള്ള മരങ്ങൾ പതുക്കെ കടുംപച്ചയിലേക്കും പിന്നെ ഇളം മഞ്ഞ നിറത്തിലേക്കും അവസാനം തവിട്ടു നിറത്തിലേക്കും മാറി കറുത്തുണങ്ങിയ ഇലകളായി സ്വാഭാവിക മരണം പ്രാപിക്കുന്നു. ബാല്യവും യൗവനവും വാർദ്ധക്യവും തൊട്ടു തലോടിപോകുമ്പോൾ വൃക്ഷങ്ങൾക്കും ഉണ്ടാവാം വികാരങ്ങൾ. വസന്തത്തെ മാത്രം പ്രണയിച്ചുമരിക്കുന്ന ഒരു മരം ചിലപ്പോൾ ഈ കാടിനുള്ളിൽ ഉണ്ടായേക്കാം. ആറു ഋതുക്കളും ഒരുപോലെ ആരാധിക്കുന്ന മരങ്ങളും കാണും. ഉള്ളിലേക്ക് പോകാൻ ചില ഒറ്റയടിപാതകൾ കണ്ടു. നടന്നു നോക്കണമെന്നുണ്ടായിരുന്നു. "ആന ഇറങ്ങുന്ന സ്ഥലമാണ്. സന്ധ്യയാവുന്നതിനു മുൻപ് റിസോർട്ടിലെത്തണം." ബീന പലതവണ വന്നിട്ടുള്ളത് കൊണ്ട് സാഹചര്യങ്ങൾ അറിയാം. തണുത്ത കാറ്റു വീശുന്നുണ്ട്. മഴ പെയ്തേക്കാം. വേഗം കാറെടുത്തു. അഞ്ചുമണിയാവുമ്പോഴേക്ക് റിസോർട്ടിൽ എത്തി. പത്തു മുറികളുള്ള ചെറിയ റിസോർട്ട്. മുറി വൃത്തിയുള്ളത്. മനോഹരമായ പുൽത്തകിടി. ചായകുടിച്ചുകൊണ്ട് പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യനെ നോക്കിയിരുന്നു. കടലിൽ മുങ്ങിപോവുന്ന സൂര്യന്റെ ദുഃഖം നിറഞ്ഞ മുഖമല്ല മലകയറി ഇറങ്ങിപോകുന്ന സൂര്യനുള്ളത്. ഉറപ്പുള്ള കാൽ വെപ്പോടെ നാളെ വരാമെന്നു പറഞ്ഞു പോകുന്ന സുഹൃത്തിന്റെ മുഖമാണ്.
"ഇവിടെ നമ്മൾ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു രാജി. മറ്റു മുറികളിൽ ആൾക്കാരെ കണ്ടില്ല" "ആളുകൾ വരുന്നതേ ഉണ്ടാവുള്ളു. സമയമുണ്ട് ബീന" "ഇന്നലെ അലൂമിനിക്ക് എത്ര പേരെ കണ്ടു. സന്തോഷം കൊണ്ട് ഭക്ഷണം പോലും കഴിച്ചില്ല. എല്ലാവരും ഒരുപാട് മാറിപ്പോയി അല്ലെ രാജി. രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും." "പ്രദീപിനെ മനസ്സിൽ വെച്ചാണ് ഇതു പറയുന്നത്. അല്ലെ ബീന." "അതേ, അഞ്ചു കൊല്ലത്തെ പ്രണയത്തിൽ നിന്നു ഇറങ്ങി പോരുമ്പോൾ അവൻ പറഞ്ഞത് ഇന്നും ഓർമയുണ്ട്. ഇനി നീ ജീവിക്കാൻ തുടങ്ങും. ഞാൻ മരിക്കാനും." "അവൻ മരിക്കാതിരുന്നതാണോ നിന്റെ വിഷമം. കാമുകൻ വൻ ബിസിനസ് മാഗ്നെറ്റ് ആണെന്നതിൽ അഭിമാനിക്ക്" "അതല്ല. എന്നാലും പഴയ കാലത്തിൽ നിന്നു കൊണ്ട് ഒരു നോട്ടം. ഉള്ളൊതുക്കിയ ഒരു പുഞ്ചിരി. അത്രയും മതിയായിരുന്നു" "അങ്ങനെ ഒരു സൗജന്യം നീ അർഹിക്കുന്നുണ്ടോ ദുഷ്ട്ടെ" "അന്നത്തെ സാഹചര്യം അതായിരുന്നു. എല്ലാവരെയും പേടിയും ആയിരുന്നു." "ആ ടോപിക് വിട്ടു കളയൂ." പേരറിയാത്ത പൂക്കളുടെ സുഗന്ധം പേറി വരുന്ന കാറ്റ് ഇപ്പോഴും കുന്നിൻ മുകളിൽ വീശുന്നു. ഇടനാഴികൾ മൃദുസ്വരത്തിൽ എന്തൊക്കെയോ മന്ത്രിക്കുന്നു. വിജനമായ ക്ലാസ്സ് മുറികൾ ദീർഘമായി നിശ്വസിക്കുന്നു. കാലവും ആളുകളും മാറിയിട്ടുണ്ടാവാം. കലാലയങ്ങളുടെ വൈകാരികത ഒരിക്കലും മാറുകയില്ല.
മലമുകളിൽ ഇരുട്ടാവുന്നതിനൊരു പ്രത്യേകതയുണ്ട്. കറുത്ത പുകച്ചുരുളുകൾ ആരോ ഊതിവിടുന്നതുപോലെ പതുക്കെ ഇരുട്ട് കടന്നുവരും. തണുപ്പും മഴയും ഒന്നിച്ചു വരുന്നുണ്ടെന്നു തോന്നി. "രാജി. റൂമിലേക്ക് പോകാം. ഇരുട്ടായി" ആളനക്കം തീരെയില്ല. ബീന പറഞ്ഞതുപോലെ റൂമുകൾ ഒഴിഞ്ഞു കിടക്കുന്നു. "രാജി, ഇവിടെ എന്തോ ഒരു നെഗറ്റീവ് ഫീലിംഗ്. ഗേറ്റിലുള്ള സെക്യൂരിറ്റിയും മാനേജരും മാത്രമേ ഇവിടെ ഉള്ളൂ." "കുഴപ്പമില്ല. വാതിൽ ലോക്ക് ചെയ്താൽ സേഫ് ആണ്" ഭക്ഷണവുമായി സെക്യൂരിറ്റി എത്തി. "ഇവിടെ വേറെ ആരും താമസമില്ലേ? റൂമുകൾ ഒഴിവാണല്ലോ" "അഞ്ചു റൂമുകൾ ഒരു ഫാമിലി ബുക്ക് ചെയ്തിരുന്നു. ഇന്നു രാവിലെ ക്യാൻസൽ ചെയ്തു. വേണ്ടപെട്ട ആരോ മരിച്ചത്രേ" "വാതിലടച്ചു കിടന്നോളിൻ. പുറത്തു ഒച്ച കേട്ടാലോ മുട്ടിയാലോ വാതിൽ തുറക്കരുത്." "പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ പൊലീസിനെ വിളിക്കും." അയാൾ ചിരിച്ചു.. "ജീവനുള്ളവരോട് ഏറ്റുമുട്ടാനല്ലേ പൊലീസിന് പറ്റു. ഇവിടെ കാണുന്നവർ മരിച്ചവരാണ്." ബീന പെട്ടെന്ന് വാതിലടച്ചു. "രാജി ജനലും അടക്കാം. പേടിയാവുന്നു." "പേടിക്കണ്ട കാര്യമില്ല ബീന." "മെന്റലിസ്റ്റ് ആയ നിനക്ക് പേടിയുണ്ടാവില്ല. എനിക്കു തല കറങ്ങുന്നു."
ജനലുകൾ മുറുകെ അടക്കാൻ കഴിയുന്നില്ല. പഴക്കം കൊണ്ട് ദ്രവിച്ചിരിക്കുന്നു. പെട്ടെന്നൊരു നിഴൽ കടന്നുപോയതുപോലെ തോന്നി. ഫോണിന് റേഞ്ച് തീരെയില്ല. ഞങ്ങൾ രണ്ടുപേർ ഈ ഒരു സ്ഥലത്താണെന്നു മഞ്ജുവിനൊഴികെ ആർക്കും അറിയുകയില്ല. പതിയെ പിടിമുറുക്കുന്ന അസ്വസ്ഥത. ഇടത്തു വശത്തുള്ള ജനലിലൂടെ കാണുന്നത് തിരുനെല്ലിയുടെ വിദൂര കാഴ്ച്ചയാണ്. ആത്മാക്കൾ ഉറങ്ങുന്ന സ്ഥലം. "രാജി, പ്രേതങ്ങൾക്ക് ദൂരം പ്രശ്നമില്ല. ഒന്നു രണ്ട് അനുഭവങ്ങൾ നിനക്ക് ഉണ്ടായതല്ലേ, മാത്രമല്ല ആത്മാക്കൾക്ക് ചിലരോട് മാത്രമേ സമ്പർക്കം പുലർത്താൻ കഴിയുള്ളു എന്ന് കേട്ടിട്ടുണ്ട്. അവരുടെ ഫ്രീക്വൻസി ചില വ്യക്തികളോട് മാത്രമേ യോജിക്കുകയുള്ളു." "നീ പറഞ്ഞുകൊണ്ട് വരുന്നത് എന്താണ് ബീന" "ആ ഫ്രീക്വൻസി നിനക്കുണ്ടല്ലോ രാജി. ആർക്കോ എന്തോ പറയാനുണ്ടെങ്കിൽ അവർ ഇവിടെയും വരും." "വരട്ടെ, എനിക്ക് മനുഷ്യരെ ആണ് പേടി. മരിച്ചു കഴിഞ്ഞാൽ എല്ലാവരും മര്യാദക്കാരാവും. ഭൂമിയിലേക്ക് തിരിച്ചു വരാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല. ഇന്ദ്രിയാനുഭൂതികൾ ആസ്വദിക്കാൻ അവർക്കൊരു സ്ഥൂലശരീരം വേണം. ജന്മങ്ങളുടെ ആവർത്തനത്തെ കുറിച്ചും അതെങ്ങനെ സാധിക്കുമെന്നതിനെ കുറിച്ചും അവർക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാവും."
വാതിൽക്കൽ ആരോ മുട്ടുന്നപോലെ. കാറ്റിന്റെ വികൃതി ആവാം. ഒരേ താളത്തിൽ മുട്ട് തുടർന്നു. പുറത്താരോ ഉണ്ട്. "വാതിൽ തുറക്കു രാജി ചേച്ചി. നാട്ടുകാരനാണ്. ബാലഗോപാലൻ. മംഗലത്തെ ബാലു." "രാജി. വേണ്ട അയാളെ നമ്മൾ കണ്ടിട്ടില്ല. മാത്രമല്ല സെക്യൂരിറ്റി പറഞ്ഞത് ഓർമയില്ലേ. തുറക്കേണ്ട" "നമ്മൾ രണ്ടു പേരില്ലേ. തുറന്നു നോക്കാം. ബാലഗോപാലനെ ഓർമയില്ല. ചിലപ്പോൾ കണ്ടാൽ മനസ്സിലാവും." "വേണ്ട. ഒച്ച വെച്ചാൽ ഓടി വരാൻ അടുത്ത റൂമിൽ കൂടി ആരുമില്ല." "കുറച്ചു വെള്ളം വേണം. വാതിൽ തുറക്കു ചേച്ചി" "പേര് വിളിക്കുന്നത് കൊണ്ട് അറിയുന്ന ആൾ തന്നെയാവും. നമുക്ക് നോക്കാം ബീന" "വേണ്ട, ജനലിലൂടെ ബോട്ടിൽ എറിഞ്ഞു കൊടുക്കാം. എൺപതു വയസ്സായ സ്ത്രീയെ പോലും ഉപദ്രവിക്കുന്ന നാടാണ്. റിസ്ക് എടുക്കേണ്ട." വാട്ടർ ബോട്ടിൽ ജനലിൽകൂടി പുറത്തേക്കിട്ടു. പിന്നീട് ശബ്‍ദമൊന്നും കേട്ടില്ല. "ഇന്നു എനിക്ക് ഉറങ്ങാൻ കഴിയില്ല. നമുക്ക് അഞ്ചു മണിക്ക് തന്നെ പുറപ്പെടാം. സിറ്റിയിലെത്തി മനസ്സമാധാനമായി ആൾക്കൂട്ടത്തിൽ ഒരാളായി സന്തോഷിച്ചു നടക്കാം. ഒറ്റപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്ര ഇന്നത്തോടെ നിർത്തി. എനിക്കൊരു സംശയം. വാതിൽ തട്ടിയത് ഒരു മനുഷ്യൻ തന്നെയാണോ? നമ്മൾ ഇവിടെ ആരെയും കണ്ടില്ലല്ലോ."
വാതിലിൽ അതേ താളത്തിലുള്ള മുട്ട് വീണ്ടും. ധൈര്യമൊക്കെ ചോർന്നുപോയി. ബീന ശരിക്കും വിറക്കുന്നുണ്ടായിരുന്നു. "കുറച്ചു വെള്ളം കൂടി വേണം. വാതിൽ തുറക്കു. പേടിക്കണ്ട." ഒരു ബോട്ടിൽ കൂടി എറിഞ്ഞു കൊടുത്തു.. ഉറക്കെ ചിരിച്ചുകൊണ്ട് ആ ശബ്ദം അകന്നുപോയി. ഒറ്റപ്പെട്ട സ്ഥലങ്ങൾ, ഒരുപാട് വലിയ വീടുകൾ, നീണ്ടു നിവർന്നു കിടക്കുന്ന പാതകൾ, പായൽ മൂടിയ കുളങ്ങൾ, പൊന്തക്കാടുകൾ ഇങ്ങനെയുള്ള പലതും എനിക്ക് ഭയമുണ്ടാക്കുന്നതാണ്. ആൾക്കൂട്ടങ്ങളെ സ്നേഹിക്കുന്ന ഞാൻ അതുകൊണ്ടുതന്നെയാണ് കൂട്ടു കുടുംബം പോലെയുള്ള ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നിട്ടും ഇതുപോലുള്ള ഒരു സ്ഥലം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നറിയില്ല. ആരാണെന്നെ ഇങ്ങോട്ടു വരാൻ പ്രേരിപ്പിച്ചത്? ബീന പറഞ്ഞതുപോലെ ആർക്കോ എന്തൊ എന്നോട് പറയാനുണ്ടാവുമോ?
ഇരുന്നു നേരം വെളുപ്പിച്ചു. അഞ്ചുമണിയായി എന്ന് തോന്നുന്നില്ല. തിരി താഴ്ത്തി വെച്ച റാന്തലിന്റെ പ്രകാശം പോലെ നേരിയ വെളിച്ചം മാത്രം. വാതിൽ തുറന്നു നോക്കണമെന്ന് തോന്നി. ആറുമണിയായിട്ടു തുറന്നാൽ മതിയെന്ന് ബീന. കിഴക്കു വശത്തുള്ള ജനൽ തുറന്നു. തുടുത്ത മുഖത്തോടെ സൂര്യൻ മല കയറിവരുന്നു. എന്തൊരു ആശ്വാസം. വെളിച്ചം തന്നെയാണ് ഈശ്വരൻ. ബീന റെഡിയായി. വാതിൽ തുറന്നു. ഒരു മുറിയിലും ആളില്ല. രണ്ടു ബോട്ടിലും കുടിച്ചു തീർത്തപോലെ വരാന്തയിൽ കിടക്കുന്നു. "രാജി, ഞാൻ പറഞ്ഞില്ലേ. വാതിലിൽ മുട്ടിയത് മനുഷ്യനായിരുന്നില്ല. തുറക്കാതിരുന്നത് കൊണ്ട് രക്ഷപെട്ടു." ഇന്നലെ കേട്ട ശബ്ദം മനസ്സിലില്ല. അട്ടഹാസം പോലുള്ള ചിരി മാത്രമേ ഓർമയിലുള്ളു. ബീനയുടെ തോന്നൽ ശരിയാവും. തിരുനെല്ലി ക്ഷേത്രത്തിൽ തൊഴുതിട്ട് മടങ്ങാമെന്ന് കരുതി. അര മണിക്കൂർ ഡ്രൈവ്. ബലി സമർപ്പണത്തിന് വന്ന ആളുകളുടെ തിരക്കായിരുന്നു. ഇന്ന് അമാവാസിയാണ്. തൊഴുതിറങ്ങിയപ്പോഴേക്കും നല്ല പ്രകാശമായി. ബീന പ്രസാദം വാങ്ങാൻ നിന്നു. സമയമെടുക്കും. നല്ല തിരക്കുണ്ട്. അമ്പലത്തിന്റെ പിറകിലുള്ള പടികൾ ഇറങ്ങിയാൽ ബലിയിടുന്ന പാപനാശിനിയിലേക്കുള്ള വഴിയായി. എത്രയോ കൊല്ലങ്ങൾക്കുമുൻപ് അമ്മയുടെയും അച്ഛന്റെയും സമർപ്പണത്തിന് വന്നതാണ്. അന്ന് പാപനാശിനി കുതിച്ചൊഴുകുന്ന പ്രായത്തിലായിരുന്നു.
"രാജി ചേച്ചി, ഞാൻ ബാലു. ഓർമ്മയുണ്ടോ" തൊട്ടു പിറകിൽ ഒരാൾ. കുറെ കാലം മുൻപ് കണ്ടതായിരുന്നെങ്കിലും ഓർമ വന്നു. നാട്ടിൽ അയൽവാസി ആയിരുന്നു. ജാനുവമ്മയുടെ മകൻ. നോർത്തിൽ എവിടെയോ ആണെന്ന് കേട്ടിരുന്നു. തറവാടും സ്ഥലങ്ങളും വിറ്റ് നഗരത്തിൽ ചേക്കേറിയ ശേഷം ആരെപ്പറ്റിയും അന്വേഷിക്കാറില്ല. ഇരുപതു വർഷങ്ങൾ കഴിഞ്ഞു പോയി. പൂ നുള്ളുന്ന ലാഘവത്തോടെ ഓർമകളെ നുള്ളി കളഞ്ഞിരുന്നു. "രാജി ചേച്ചിയെ വന്നപ്പോൾ തന്നെ കണ്ടിരുന്നു. എനിക്ക് അപ്പോൾ കയറിവരാൻ കഴിഞ്ഞില്ല. അതാണ് രാത്രി റിസോർട്ടിൽ വന്നത്. വെള്ളം ചോദിച്ചു വാതിൽ മുട്ടിയ ആൾ" "മനസ്സിലായില്ല. അതാണ് തുറക്കാഞ്ഞത്." "തുറക്കാത്തത് നന്നായി" ബാലു ചിരിച്ചു. നീണ്ട മുടി, നരച്ചു തുടങ്ങിയ താടി. ഇവിടെ കർമ്മം ചെയ്യാൻ വന്നതാവും അല്ലെ! "അതേ, മക്കളുടെ കർമ്മം. ഇരട്ടകളായിരുന്നു. ഒപ്പം വന്നു. ഒപ്പം പോയി. പിന്നെ അവരുടെ അമ്മയുടെയും. മക്കളെ തന്നെ പറഞ്ഞയക്കുന്നത് കഷ്ട്ടമല്ലേ? അപ്പോൾ അവളും കൂടെ പോയി. പിന്നെ ചേച്ചിയോടായതു കൊണ്ട് ഒരു രഹസ്യം പറയാം അവർ തന്നെ പോയതല്ല. ഞാൻ പറഞ്ഞയച്ചതാണ്. ഇന്നലെ ഒരു കാര്യം പറയാനായിരുന്നു കാണാൻ വന്നത്. നമ്മൾ തമ്മിൽ ഋണാനുബന്ധമുണ്ട്. അപ്പോൾ എനിക്കു വേണ്ടി കർമ്മം ചെയ്യാം. നാലു ബലിക്രിയ ചെയ്യണമായിരുന്നു. പക്ഷേ മോക്ഷത്തിനു സമയമായില്ല." ഉറക്കെ ചിരിച്ചുകൊണ്ട് അയാൾ പടികളിറങ്ങി പോയി.
എന്തായിരിക്കും ബാലുവിന് സംഭവിച്ചത്? അയാൾക്ക് എന്തോ കുഴപ്പമുണ്ട്. ഇരുപതു വയസ്സിൽ നിന്നും നാൽപ്പതിലേക്കുള്ള യാത്രക്കിടയിൽ എവിടെവെച്ചോ അയാൾക്കൊരു വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. സ്വയം നഷ്ടമായ ഈ അവസ്ഥ അങ്ങനെ ഉണ്ടായതാവാം. "നമുക്ക് വേഗം പോവാം. ഉച്ചയാവുമ്പോഴേക്ക് മാനന്തവാടി എത്തും. ആറുമണിയോടെ വീട്ടിലും" ബീന തിരക്ക് കൂട്ടി. ബാലുവിനെ കാണേണ്ടായിരുന്നു. ഒരു പിടി സംശയങ്ങൾ വാരിയെറിഞ്ഞു അയാൾ എവിടെക്കാവും പോയത്. "എവിടേക്കെങ്കിലും പോട്ടെ. എന്തായാലും ഇന്നലെ വാതിലിൽ മുട്ടിയത് പ്രേതമല്ലല്ലോ. വെറുതെ പേടിച്ചു ഉറക്കം കളഞ്ഞു. ഭ്രാന്തുണ്ടെങ്കിലും നിന്നെ അയാൾ ഓർക്കുന്നുണ്ടല്ലോ. അത്ഭുതം തന്നെ." "ഞാൻ ഇനിയും അയാളെ കാണുമെന്ന് തോന്നുന്നു. അയാൾ എന്നെ അന്വേഷിച്ചു വരും." "രാജി, അതുവേണ്ട അയാൾ നോർമൽ അല്ല."
ബീനയാണ് കാറെടുത്തത്. ബത്തേരി നിർത്തി ഭക്ഷണം കഴിച്ചു. മഴ പെയ്തു തുടങ്ങിയിരുന്നു. ബാലുവിനെ പറ്റി അറിയാൻ പ്രയാസമില്ല. പക്ഷേ എന്തുകൊണ്ടോ മനസ്സ് വേണ്ടെന്നു പറയുന്നപോലെ. അറിയാതിരിക്കുന്നതാണ് നല്ലതെന്നു പിന്നെയും പിന്നെയും ആരോ ഓർമപ്പെടുത്തുന്നു. അയാൾ നാലു ബലിയെന്നു പറഞ്ഞു. മരിച്ചത് മൂന്നു പേരല്ലേ? ചിലപ്പോൾ തെറ്റി കേട്ടതാവും. ഈ ചുരം ഇറങ്ങി കഴിയുമ്പോൾ അയാളെയും മനസ്സിൽ നിന്നും ഇറക്കിവിടണം. പാപനാശിനി ഓർമ്മകൾ സമർപ്പണം ചെയ്യാൻ കൂടിയുള്ളതാണ്. ബീന ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുന്നു. ഇന്നലത്തെ ഭയം അവൾക്ക് ഇന്നും മാറിയിട്ടില്ല. ഓർമകളെ തൊടാൻ കഴിയാത്തതും, അനുഭവിക്കാൻ കഴിയാത്തതുമാണ് മനുഷ്യരാശിക്ക് ഈശ്വരൻ തന്ന വരപ്രസാദം.