അച്ഛൻ മരിച്ചതോടെ ആകെ തകർന്നു; പഠിക്കാൻ പറഞ്ഞാൽ പൊട്ടിത്തെറിക്കും, പുസ്തകം വലിച്ചെറിയും, സ്കൂളിൽ പോകില്ല
അച്ഛൻ ഇല്ലാതായപ്പോൾ ചെറിയ മകനാണ് ഏറെ പതറിപ്പോയത്. സ്കൂളിൽ പോകുന്നത് അവനിപ്പോൾ ഇഷ്ടമെ അല്ല. പുസ്തകം മുന്നിൽ കാണരുത്. പഠിക്കാൻ പറഞ്ഞാൽ ഭ്രാന്തമായി അവൻ പൊട്ടിത്തെറിക്കും.
അച്ഛൻ ഇല്ലാതായപ്പോൾ ചെറിയ മകനാണ് ഏറെ പതറിപ്പോയത്. സ്കൂളിൽ പോകുന്നത് അവനിപ്പോൾ ഇഷ്ടമെ അല്ല. പുസ്തകം മുന്നിൽ കാണരുത്. പഠിക്കാൻ പറഞ്ഞാൽ ഭ്രാന്തമായി അവൻ പൊട്ടിത്തെറിക്കും.
അച്ഛൻ ഇല്ലാതായപ്പോൾ ചെറിയ മകനാണ് ഏറെ പതറിപ്പോയത്. സ്കൂളിൽ പോകുന്നത് അവനിപ്പോൾ ഇഷ്ടമെ അല്ല. പുസ്തകം മുന്നിൽ കാണരുത്. പഠിക്കാൻ പറഞ്ഞാൽ ഭ്രാന്തമായി അവൻ പൊട്ടിത്തെറിക്കും.
അമ്മ തന്റെ സ്കൂളിലേക്ക് അന്നാദ്യമായി മകനെ ഒപ്പം കൂട്ടി. പലപ്പോഴും അവനെ വിളിക്കാറുള്ളതാണ്. മകൻ ഒഴിഞ്ഞു മാറും. തന്റെ സ്കൂൾ എന്നല്ല, ഒരു സ്കൂളിലും അവന് പോകണ്ട. നഗരത്തിലെ പേരുകേട്ട പബ്ലിക് സ്കൂളിൽ കുട്ടികൾ രണ്ടു പേരും പഠിക്കുന്നു. കിന്റർ ഗാർഡൻ മുതൽ അവിടെയാണ് ചേർത്തത്. അഡ്മിഷൻ കിട്ടാൻ എന്തു പാടായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ അച്ഛൻ. സർക്കാർ സ്കൂളിലെ അധ്യാപികയായ അമ്മ. എന്നിട്ടും അവർ പറഞ്ഞത്രയും ഡൊണേഷൻ. മൂത്തവൻ ഇപ്പോൾ പതിനൊന്നിലേക്ക് ജയിച്ചു. ഇളയവൻ ആറിലേക്കും. കുട്ടികളിൽ ഒരാളെയെങ്കിലും അമ്മയുടെ സ്കൂളിൽ പഠിപ്പിക്കണമെന്ന് അവരുടെ അച്ഛൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. താനാണ് അന്നു വിലക്കിയത്. "സർക്കാര് സ്കൂൾ.! അത് വേണ്ട. പുതിയ കാലത്ത് വലിയ സ്വപ്നങ്ങൾക്ക് പബ്ലിക് സ്കൂൾ തന്നെവേണം.."
മക്കൾ വളരുന്നത് കാണാൻ അദ്ദേഹം കാത്തു നിന്നില്ല. അർബുദം തിരിച്ചറിഞ്ഞതിന് ശേഷം ആറുമാസം കൂടി ഈ ഭൂമിയിൽ ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. ആരും ഒരിക്കലും മരിക്കുന്നില്ല. അങ്ങനെ കരുതുന്നവരോടൊപ്പം ജീവിക്കുന്നതായിരുന്നു സ്വർഗ്ഗം. അദ്ദേഹം നല്ല സ്വപ്നങ്ങളെ കണ്ടിരുന്നുള്ളു. ആരെയും നല്ലത് എന്നു മാത്രമേ പറയൂ. ശരിയാണ്. എല്ലാവരിലും നന്മ കാണുന്ന ഒരാൾ മരിക്കുന്നില്ല. സ്നേഹത്തിന് വിടയില്ലല്ലോ.! അച്ഛൻ ഇല്ലാതായപ്പോൾ ചെറിയ മകനാണ് ഏറെ പതറിപ്പോയത്. സ്കൂളിൽ പോകുന്നത് അവനിപ്പോൾ ഇഷ്ടമെ അല്ല. പുസ്തകം മുന്നിൽ കാണരുത്. പഠിക്കാൻ പറഞ്ഞാൽ ഭ്രാന്തമായി അവൻ പൊട്ടിത്തെറിക്കും. ചേട്ടൻ വന്ന് അടുത്തിരുന്നാൽ എന്തെങ്കിലും കേൾക്കും. അവർ തമ്മിൽ എവിടെയോ ഒരു ബന്ധം ശേഷിക്കുന്നു. അല്ലാത് ആരെയും അവന് കേൾക്കണ്ട.
"വരുൺ, ക്ലാസ്സിന് പുറത്തു നിൽക്കാതെ അകത്തേക്ക് വരൂ." അമ്മ മകന്റെ കൈപിടിച്ചു. "ഗുഡ്മോർണിങ്ങ് ടീച്ചർ" കുട്ടികൾ ഒരുപോലെ എണീറ്റ് അവരുടെ ആദരവ് അറിയിച്ചു. മകനെ കൊണ്ടുവരുന്ന കാര്യം ടീച്ചർ ഇടയ്ക്കിടെ ക്ലാസ്സിൽ പറയാറുണ്ടായിരുന്നു. കുട്ടികളും അവനെ കാത്തിരിക്കുകയായിരുന്നു. ഇതും ആറാം ക്ലാസ്സ്. എല്ലാവരും മകന്റെ പ്രായക്കാർ. തന്റെ അരികിലേക്ക് ഒഴിഞ്ഞു കിടന്ന ഒരു കസേര നീക്കിയിട്ട് മകനെ അവിടെയിരുത്തി. "വരുൺ." ടീച്ചർ എല്ലാവർക്കുമായി ക്ലാസ്സിൽ മകനെ പരിചയപ്പെടുത്തി. അവൻ ആർക്കും മുഖം കൊടുക്കാതെ, പിണക്കം നടിച്ച് എവിടെയോ നോക്കിയിരുന്നു. "ഇനി മുതൽ ഇവരാണ് നിന്റെ കൂട്ടുകാർ. നമുക്ക് ഇവിടെ പഠിക്കണം. അമ്മയുടെ സ്കൂളിൽ.. അച്ഛനും അതായിരുന്നെല്ലോ ഇഷ്ടം." അമ്മയുടെ ശബ്ദമിടറി. "അച്ഛ.. ൻ.." അവന്റെ വിതുമ്പുന്ന ചുണ്ടുകളിൽ വാക്കുകൾ മുറിഞ്ഞു. അവൻ അവനോടായി എന്തൊക്കെയോ പറയുന്നു. "ഇന്നത്തെ ക്ലാസ്സ് തുടങ്ങാം. എല്ലാവരും പുസ്തകം തുറക്കെ. വരുൺ.." കൈയ്യിൽ പുസ്തകവും പുതിയൊരു ചോക്കുമായി ടീച്ചർ ബോർഡിനരികിലേക്ക് നടന്നു. "വേണ്ടാ.. എനിക്ക് പഠിക്കണ്ട." ഉറച്ച ശബ്ദത്തോടെ അവൻ കസേര വിട്ട് എണീറ്റു. ടീച്ചർ ഒരു ഞെട്ടലോട് അവനെ കണ്ടു. അവന്റെ ഭാവം മാറുന്നത്..
"അവിടെ ഇരിക്ക്." ടീച്ചറുടെ ശബ്ദമുയർന്നു. അമ്മയുടെ പുതിയൊരു മുഖം. അവൻ ഭയന്നു. എങ്കിലും അവൻ തോറ്റുകൊടുക്കുവാൻ തയാറല്ല. കൈയ്യിലിരുന്ന പുസ്തകമെടുത്ത് അവൻ ദൂരേക്ക് വലിച്ചെറിഞ്ഞു. കസേര എടുത്ത് നിലത്തേക്ക് ആഞ്ഞു മറിച്ചിട്ടു. അതിന്റെ ശബ്ദം അവിടെയാകെ മുഴങ്ങി. ക്ലാസ്സിലെ മറ്റു കുട്ടികൾ ഭയം നിറഞ്ഞ കണ്ണുകളോട് പരസ്പരം നോക്കി. തന്റെ നിയന്ത്രണം വിടുകയാണ്. എല്ലാ ക്ഷമയും അവസാനിക്കുന്നു. ആദ്യമാദ്യം സ്നേഹത്തോട് മാത്രമെ അവനോടു സംസാരിച്ചിരുന്നുള്ളു. അവൻ വയലന്റ് ആയാൽ പിന്നെ നിൽക്കില്ല. പിടി തരാതെ കുതറും. കണ്ണിൽ കാണുന്നതെന്തും എടുത്തെറിയും. അപ്പോൾ ഞാൻ അറിയാതെ എന്റെ കൈകൾ അവനു നേരെ ഉയരും. പഠിക്കാൻ പറയുമ്പോൾ ആണ് ഇതെല്ലാം. അടി കൊടുക്കാനാണ് അവനരികിലേക്ക് ആദ്യം എത്തിയത്. എന്നാലും അതുവേണ്ട. കാര്യങ്ങൾ കൂടുതൽ വഷളാകും. താൻ വീണ്ടും തോറ്റു പോകുകയാണ്. ഭൂമിയിലൂടെ ആദ്യമായി നടക്കുന്ന ഒരാൾ.. കാലുകൾ നിലത്ത് ഉറയ്ക്കാതെ, ടീച്ചർ കസേരയിലേക്ക് ചാഞ്ഞു. കൈയ്യിലിരുന്ന പുസ്തകത്തിൽ മുഖം മറച്ചു. അന്നാദ്യമായി ടീച്ചർ കരയുന്നത് കുട്ടികൾ കേട്ടു!
"വരുൺ, മോനെ.." ക്ലാസിന്റെ വാതിൽപുറത്ത് ആരോ അവന്റെ പേരു വിളിച്ചു. കൈയ്യിൽ ഒരു പന്തുമായി സ്കൂളിലെ കണക്ക് അധ്യാപിക അവന്റെ അരികിലേക്ക് വന്നു. "മോൻ പഠിക്കണ്ട. നമുക്ക് കളിക്കാം. വരൂ.." ടീച്ചർ അവന്റെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങി. പുറത്ത് മരച്ചുവട്ടിൽ അവർ പന്തു തട്ടി. അവൻ എല്ലാം മറന്നു. "മാഡം" അവന്റെ മുഖത്ത് എവിടെയോ വിറയാർന്ന ഒരു പുഞ്ചിരി മിന്നി.. "മോൻ എന്നെ ആന്റി എന്നു വിളിച്ചാൽ മതി. അല്ലെങ്കിൽ അമ്മ.!" ടീച്ചർ അവന്റെ മുടിയിഴകളിൽ തലോടി. "അമ്മ.." അവന്റെ ചുണ്ടുകളിൽ നിന്ന് ശബ്ദം വഴുതി. പന്ത് ഉരുണ്ടുപോയ ഇടങ്ങളിലേക്ക്, അതിന്റെ പിന്നാലെ അവർ ഒരുമിച്ച് ഓടുകയാണ്. "കുട്ടികളുടെ കാൽപ്പാദങ്ങളിൽ നിന്നാണ് ഭൂമി വളരുന്നത്." ടീച്ചർ വരുണിനെ അഭിമാനത്തോടെ നോക്കി മനസ്സിൽ പറഞ്ഞു. സ്കൂളിന്റെ മൈതാനം ആകെ അവൻ നടന്നു കണ്ടു. കളിസ്ഥലത്തിനു ചുറ്റും നിറയെ പൂത്തു നിൽക്കുന്ന ചെടികൾ. അതിൽ ഓരോ പൂവിലും തൊട്ട് അവൻ നടന്നു. അവിടെയാകെ ഉയർന്നും താണും പറക്കുന്ന ശലഭങ്ങൾ. ആകാശത്തിലും പൂക്കളുടെ നൃത്തം! കുട്ടികളുടെ കാൽച്ചുവട്ടിൽ ഭൂമി മാത്രമല്ല, അവരുടെ കണ്ണുകളിൽ ആകാശവും ഉണ്ടെന്ന് ടീച്ചർക്ക് അറിയാമായിരുന്നു. അവൻ സ്കൂളിനെ ഇഷ്ടത്തോട് നോക്കി. ആദ്യമായി കണ്ടതുപോലെ..
ഈ സമയം സ്കൂളിലെ പ്രധാന അധ്യാപകൻ തന്റെ സഹപ്രവർത്തകർക്ക് ഓഫിസിൽ ഇരുന്ന് ക്ലാസ്സ് എടുക്കുകയായിരുന്നു. "പഴയ കാലമായിരുന്നെങ്കിൽ വടിയെടുത്ത് അനുസരണ പഠിപ്പിക്കാമായിരുന്നു. ഇപ്പോൾ അതും പറ്റില്ല. ബാലാവകാശം.!" ഓരോ കാര്യം പറയുമ്പോഴും തന്റെ തൊട്ടു മുന്നിൽ ഇരിക്കുന്ന ആളിന്റെ നേരെ മിഴിയൂന്നി തറപ്പിച്ചു നോക്കും. പറയുന്നതിന്റെ ഗൗരവം എല്ലാവരെയും ബോധ്യപ്പെടുത്താൻ. ഒരു ചെറിയ മൗനത്തിന് ശേഷം അദ്ദേഹം വീണ്ടും തുടർന്നു - "നമ്മൾ തോൽക്കുകയാണ്. കുട്ടികൾ ആണ് അവസാന വാക്ക്. എന്നാൽ കുട്ടികൾ ആകാതെ അവർ വളർന്നു വന്നാൽ മനുഷ്യൻ തന്നെ ഇവിടെ തോറ്റുപോകും.. പാവം ടീച്ചർ. അകാലത്തിൽ ഭർത്താവിന്റെ വേർപാട്. രണ്ടു കുട്ടികൾ. ഓരോ നിമിഷവും ജീവിതം അവർക്ക് യുദ്ധമാണ്. അവരുടെ മുന്നിലെ നിസ്സഹായതയുടെ പേരാണ് ഈ ലോകം! നമുക്ക് മാത്രമായി എന്തു ചെയ്യാൻ കഴിയും. നമ്മൾ ജീവിക്കുന്ന സംവിധാനത്തിന്റെ പരിമിതിയും, മനുഷ്യനിൽ നിന്ന് അകന്നു പോകുന്ന ലോകവും.." ട്രേയിൽ നിരത്തിവച്ച കപ്പിൽ ആവി പറക്കുന്ന ചായയുമായി പ്യൂൺ ഓഫീസിലേക്ക് കയറി വന്നു. അതു കണ്ട് എല്ലാവരും ദീർഘനിശ്വാസത്തോട് ഒന്നിളകി നിവർന്നിരുന്നു. അന്ന് നേരത്തെ സ്കൂൾ വിടുന്നതായി അറിയിച്ചുകൊണ്ട് ഉച്ചത്തിൽ ബെൽ മുഴങ്ങി. വീട്ടിലേക്ക് പോകാനായി കുട്ടികൾ ധൃതിപ്പെട്ട് പുറത്തേക്ക് ഇറങ്ങിയോടി. "ടീച്ചർ.. എനിക്ക് വീട്ടിൽ പോകണ്ട. എനിക്ക് പഠിക്കണം.!" അവൻ ടീച്ചറിന്റെ കൈപിടിച്ച് ക്ലാസ്സിലേക്ക് ഓടി..