കസേരക്കൈയ്യിൽ അള്ളിപ്പിടിച്ച് അയാൾ എണീറ്റു. അകത്താരുമില്ല. അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്. ചായ്‌പ്പിനോട് ചേർന്ന തറയിൽ ഡേവിസ്സ് ചലനമറ്റു കിടക്കുന്നു. "ഓടിവായോ... ഏലിയാസേ.." അയാൾ തൊണ്ട പൊട്ടുമാറ് കൂകി. ആരു കേൾക്കാൻ.

കസേരക്കൈയ്യിൽ അള്ളിപ്പിടിച്ച് അയാൾ എണീറ്റു. അകത്താരുമില്ല. അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്. ചായ്‌പ്പിനോട് ചേർന്ന തറയിൽ ഡേവിസ്സ് ചലനമറ്റു കിടക്കുന്നു. "ഓടിവായോ... ഏലിയാസേ.." അയാൾ തൊണ്ട പൊട്ടുമാറ് കൂകി. ആരു കേൾക്കാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കസേരക്കൈയ്യിൽ അള്ളിപ്പിടിച്ച് അയാൾ എണീറ്റു. അകത്താരുമില്ല. അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്. ചായ്‌പ്പിനോട് ചേർന്ന തറയിൽ ഡേവിസ്സ് ചലനമറ്റു കിടക്കുന്നു. "ഓടിവായോ... ഏലിയാസേ.." അയാൾ തൊണ്ട പൊട്ടുമാറ് കൂകി. ആരു കേൾക്കാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"അതിനാൽ യഹോവ ജനങ്ങൾക്കിടയിലേക്ക് വിഷസർപ്പങ്ങളെ അയച്ചു. സർപ്പങ്ങൾ ജനങ്ങളെ കടിക്കുകയും അനേകം ഇസ്രായേലുകാർ മരണമടയുകയും ചെയ്തു. ജനങ്ങൾ മോശെയുടെ അടുത്തു വന്നു പറഞ്ഞു. യഹോവയ്ക്കും നിനക്കുമെതിരെ പരാതിപ്പെട്ടപ്പോൾ ഞങ്ങൾ പാപം ചെയ്തുവെന്ന് ഞങ്ങളറിയുന്നു. യഹോവയോടു പ്രാർഥിക്കു. ഈ സർപ്പങ്ങളെ തിരികെ വിളിക്കാൻ അവനോട് പ്രാർഥിക്കു. അതിനാൽ മോശെ ജനങ്ങൾക്കു വേണ്ടി പ്രാർഥിച്ചു. യഹോവ മോശയോട് പറഞ്ഞു. ഓട് കൊണ്ടൊരു സർപ്പത്തെയുണ്ടാക്കി ഒരു തൂണിൽ വയ്ക്കുക. ആരെയെങ്കിലും ഒരു പാമ്പ് കടിച്ചാൽ അയാൾ തൂണിന്മേലുള്ള ഓട്ടുപാമ്പിനെ നോക്കുക. അപ്പോൾ അയാൾ മരിക്കുകയില്ല. അതിനാൽ മോശെ യഹോവയെ അനുസരിച്ചു. ഓട് കൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി അവൻ ഒരു തൂണിന്മേൽ വച്ചു. അനന്തരം ആരെയെങ്കിലും പാമ്പ് കടിച്ചാൽ അയാൾ വന്ന് തൂണിന്മേലുള്ള ഓട്ടുപാമ്പിനെ നോക്കുകയും ജീവിക്കുകയും ചെയ്തു... ആമേൻ." 

കട്ടിലിൽ ചാരിക്കിടന്ന് വൃദ്ധൻ ചെവിയോർത്തു. ദേഹം മുഴുവൻ പാമ്പിഴയുന്നെന്ന് തോന്നി അയാൾക്ക്. കൈകാലിലെ ചൊറികളിൽ വീണ്ടും വീണ്ടും മാന്തി. വ്രണങ്ങൾ നീരൊലിച്ചു. പൊട്ടിയൊലിക്കുമ്പോഴേല്ലാം ദേഹമാസകലം പാമ്പിൻ ചൂര് മണത്തു. ജനലിലൂടെ അയാൾ ഇരുട്ടിലേക്ക് നോക്കി. നിലാവിന്റെ ഒരു കണിക പോലുമില്ല. പ്രാർഥന കഴിഞ്ഞപ്പോഴേക്കും കതകിൽ ആരോ മുട്ടിയ പോലെ. സിസിലി കുരിശു വരച്ച് ബൈബിൾ അടച്ചു. ഏലിയാസ് മുറ്റത്തു നിന്നയാളോട് എന്തോ സംസാരിച്ച് അകത്തേക്ക് കയറി. "അപ്പാപ്പനെ അന്വേഷിച്ചാണ്." "ആർക്കാണ്..?" സിസിലി ഉള്ളൊന്ന് കാളി ചോദിച്ചു. "താഴേലെ തൊമ്മീടെ മോൻ. സാബു." "എന്റെ കർത്താവേ.! എന്നാ എനവാ മനുഷ്യാ?" "അതറികേല. നല്ല ജാതിയേതാണ്ടാ." "എന്നിട്ട് നിങ്ങളെന്നാ പറഞ്ഞു?" "എന്നാ പറയാൻ. ആസ്പത്രീൽ കൊണ്ട് പോട്ടെ. പഴയ കാലോന്നല്ല. കടിവായ്ക്ക് മേലെ കെട്ടാൻ പോലും പാടില്ലാന്നാ ഇന്നാള് ഡോക്ടറ് പറഞ്ഞെ. അതിനിടെലാ അപ്പാപ്പന്റെ മന്ത്രോം മരുന്നും." "അടുത്ത ആഴ്ച വീമാനം കേറണ്ട ചെക്കനാ. എന്റെ ഗീവർഗീസ് പുണ്യാളാ.. കാത്തോളണേ." സിസിലി മച്ചിലോട്ട് നോക്കി കൈകൂപ്പി. 

ADVERTISEMENT

"ദൂതലക്ഷണം... നന്നല്ല. അമാവാസീം.. ഈ രാത്രി താണ്ടില്ല!!" മുറിക്കുള്ളിൽ നിന്നും അപ്പാപ്പന്റെ ഘനശബ്ദം മുഴങ്ങി. വലിവിന്റെ ഇടവേളകളിൽ അയാൾ പഴയ ആമോൻ വൈദ്യരാവും. വിഷവിദ്യയും വിഷവൈദ്യവും ഉരുവിടും. ക്ലിഷ്ട മന്ത്രങ്ങൾ ജപിക്കും. "എന്റെ കുടുംബത്തിലും ഉണ്ടായിരുന്നു വെഷ ചികിത്സര്. അന്റോണിയോസച്ചന്റെ കൂട്ടര്. കല്ല് ചികിത്സാ ചെയ്യുന്ന നല്ലൊന്നാന്തരം നസ്രാണികള്. അല്ലാതെ നിങ്ങള്ടെ അപ്പാപ്പനെ പോലല്ല. അതെങ്ങനാ കണ്ട തീയന്റേന്ന് പഠിച്ചതല്ലേ. ഇതും ഇതിനപ്പുറോം കേൾക്കണ്ടി വരും." സത്യക്രിസ്ത്യാനിയായ സിസിലി ചവിട്ടിപ്പറിച്ച് അടുക്കളെലോട്ട് പോകും. ആമോൻ വൈദ്യർ ഓർമ്മയുടെയും ഓർമ്മപ്പിശകിന്റെയും ഓളങ്ങളിൽ മുങ്ങിത്തപ്പും.. ഒരു കാലത്ത് പാമ്പിൻ ഗരളത്തെ അടക്കിവാണ ആ പേര്.. കേളു... തണ്ടാശ്ശേരിയിൽ കേളു വൈദ്യർ. മൊട്ടത്തലയും നെറ്റിയിൽ നീണ്ട ഭസ്മക്കുറിയുമായി കറുത്ത് കുറിയ മനുഷ്യരൂപം അമാവാസി നിലാവ് പോലെ ഇന്നും ഓർമ്മയിലുണ്ട്. 

മാപ്പിളലഹളയുടെ കാലത്ത് പട്ടിണിയും പരിവട്ടവുമായി നാടുവിട്ട് വന്നു കേറിയത് ഇന്നാട്ടിലെ തീയക്കുടിലിൽ. കേളു വൈദ്യർ ദയാലുവായിരുന്നു. ജാതിയും മതവും നോക്കാതെ ഒരു പിഞ്ഞാണം കഞ്ഞിയൊഴിച്ചു മുന്നിലേക്ക് വച്ചു. "കഞ്ഞി തികയില്ല. എന്നാലും ഇത് നിങ്ങള് കുടിച്ചോ." പഴപ്ലാവില കൊണ്ട് ആർത്തിയോടെ കഞ്ഞികോരി വായിലേക്കൊഴിക്കുമ്പോൾ അകത്തൊരു കരിവള പൊട്ടിച്ചിരിച്ചു. വള്ളിക്കുട്ടി. കേളുവിന്റെ ഒറ്റപ്പുത്രി. എണ്ണക്കറുപ്പിനും ഇത്ര അഴകുണ്ടോയെന്ന് ആമോൻ അത്ഭുതപ്പെട്ടു. വള്ളിക്കുട്ടിയല്ലാതെ കേളുവിന്‌ സ്വന്തമെന്ന് പറയാൻ ഈ ഭൂവിലാരുമില്ലെന്ന് അയാൾ ഇടയ്ക്കിടെ പറയുമായിരുന്നു. അങ്ങാടിയിൽ പോകാനും പറിമരുന്ന് പറിക്കാനും മരുന്ന് ഇടിക്കാനും പൊടിക്കാനുമെല്ലാം ആമോൻ വൈദ്യരുടെ കൂടെക്കൂടി. മാസങ്ങൾ കടന്നു പോയത് വിഷവേഗപരിസർപ്പണം പോലെയായിരുന്നു. 

ആമോൻ കേളുവിന്റെ ഇഷ്ടശിഷ്യനായി. സർപ്പഭേദവും വിഷലക്ഷണങ്ങളും ചികിത്സയും മന്ത്രങ്ങളും എല്ലാം അയാൾ ഗുരുവിൽ നിന്നും ഹൃദിസ്ഥമാക്കി. ജ്യോൽസ്നികയും ഹരമേഘലയും ലക്ഷണാമൃതവും കാശ്യപവും സമയം കിട്ടുമ്പോളെല്ലാം ആമോൻ ഉരുവിട്ടുകൊണ്ടിരുന്നു. നസ്യവും തീക്ഷണാഞ്ജനവും പ്രതിവിഷവും കേളു വിഷബാധിതനിൽ പ്രയോഗിക്കുന്നത് നോക്കിക്കണ്ടു. ഏഴാം വിഷവേഗചികിത്സയിലെ കാകപദം മാത്രം കേളു ആരിലും പ്രയോഗിച്ചു കണ്ടില്ല. ഓലകളിൽ മാത്രം എഴുതപ്പെട്ടു കിടന്ന അവസാന രക്ഷാമാർഗത്തെപ്പറ്റി ആമോൻ ഒരിക്കൽ ചോദിക്കയുണ്ടായി. മുറുക്കിച്ചുവന്ന വായ് ഏറെ നേരം നിശബ്ദമായി. തൊണ്ടയിൽ കെട്ടിക്കിടന്ന ദണ്ണം നെഞ്ചിലേക്കിറക്കി പിന്നീട് മൊഴിഞ്ഞു. "ആദ്യവും അവസാനവുമായി അത് ഒരാളിലെ ഞാൻ പ്രയോഗിച്ചിട്ടുള്ളു. പക്ഷേ ഫലണ്ടായില്ല. അത് ഫലിക്കില്ല ആമോനെ..." വർഷങ്ങൾക്ക് ശേഷം കേളു ഭാര്യയെ ഓർത്തു വ്യാസനിച്ചു. അവളുടെ നീലിച്ച് ചലനമറ്റ ശരീരം തന്റെ എക്കാലത്തെയും തോൽവിയായി അയാളിൽ വിറങ്ങലിച്ചു. വെള്ളപുതച്ച അവളുടെ കൂട്ടിക്കെട്ടിയ കാൽവിരലുകൾക്കരികെ മുലകുടി മാറാത്ത പൊടിക്കുഞ്ഞിനേയും മാറോടു ചേർത്തു തേങ്ങിയ നിമിഷങ്ങൾ സ്മരണകളിൽ പുകഞ്ഞു നീറി. തള്ളയില്ലാത്ത കുഞ്ഞിനെ വയസൊന്ന് മുതൽ താഴത്തും തലയിലും വെക്കാതെ കേളു സ്നേഹിച്ചു.

വിടർന്ന കൺകളും തുടുത്ത ചുണ്ടുകളും എന്നു വേണ്ട.. ആകാരവടിവുകൾ അളന്നു തിട്ടപ്പെടുത്തിയ ദേവസൃഷ്ടി എന്നാണ് വള്ളിയെ കാണുമ്പോൾ ആമോന് തോന്നാറ്. കാലം കഴിയും തോറും അവളുടെ കറുപ്പും മാദകത്വവും ഏറി വന്നു. അമ്മയുടെ ചുഴലി അതേപടി മകൾക്കും കിട്ടിയ വേദന മാത്രം കേളുവിനെ അലട്ടി. ദിനവും മുടങ്ങാതെ മരുന്ന് കൊടുത്തും പുറംലോകം കാണിക്കാതെയും കേളു മകളെ വളർത്തി. ധനു കഴിഞ്ഞ് ഏഴിന്റെയന്ന് വള്ളി വയസ്സറിയിച്ചു. അതിനിടെ ആമോൻ വള്ളിയുടെ ഹൃദയത്തിൽ പറിച്ചു മാറ്റാനാവാത്ത വണ്ണം വേര് പിടിച്ചിരുന്നു. പ്രണയം കരിവളകളായും ചാന്തും കൊലുസ്സും കൈതപ്പൂക്കളായും പൊട്ടിവിരിഞ്ഞു. അത് വേലിക്കലും കുളപ്പടവിലും നറു ഗന്ധം പടർത്തി. പ്രേമസൗരഭ്യം കേളുവിന്റെ നാസാരന്ദ്രങ്ങളിൽ എത്താൻ അധികം കാലമെടുത്തില്ല. ആമോനെ മകന് തുല്യം സ്നേഹിച്ച കേളുവിന്‌ ഇക്കാര്യത്തിൽ മാത്രം എന്തോ സന്ധിചേരാനായില്ല. അതിന്റെ കാരണം കേളു വെളിപ്പെടുത്തിയതുമില്ല. "ആമോനെ നിന്നെ എനിക്കിഷ്ടമാണ്. പക്ഷേ.. ഇത്... ഇതു മാത്രം വേണ്ട." പിടികിട്ടാത്ത വിഷപ്പല്ലുപോലെ ഗുരുമുഖത്തു നിന്നും ആ വാക്കുകൾ ആമോനിൽ തറഞ്ഞു കേറി. രാവും പകലും നോവിച്ചു. കേളു ഉത്തരം കിട്ടാത്ത സമസ്യയാവുന്നു. ശങ്കാവിഷം പോലെ.

ADVERTISEMENT

"അപ്പാപ്പാ.. എന്നാ ആലോചിക്കുന്നെ.?" ആമോൻ വൈദ്യർ സംജ്ഞ തിരികെക്കിട്ടിയ പോലെ ഇന്നിലേക്ക് കൈകാൽ പിടഞ്ഞെണീറ്റു. "ആരാടാ.. ജോമോനാന്നോ?" "അല്ലപ്പാപ്പാ.. ഡേവിസാ. ജോമോന്റെ ഓർമ്മദിവസല്ലേ ഇന്ന്. ഒന്ന് വന്നേച്ചു പോവാന്ന് കരുതി." "ആഹ്....." ആമോൻ വൈദ്യർ മൺമറഞ്ഞ പേരക്കുട്ടികളെ ഓർത്തു.. ജോമോൻ.. സക്കറിയ.. മാർത്ത. ജോമോന് ആക്‌സിഡന്റ് ആയിരുന്നു. കൂപ്പിൽ നിന്നും ലോറിയുമായി വരുമ്പോൾ ചുരമിടിഞ്ഞു. രണ്ടാം നാളാണ് ബോഡി കിട്ടിയത്. സക്കറിയ റബ്ബറിനടിക്കുന്ന മരുന്നെടുത്തു കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കടം കേറി കെടപ്പാടം പോകുംന്നായപ്പോൾ അപ്പനമ്മമാരെപ്പോലുമവൻ ഓർത്തില്ല. പിന്നെയുള്ളത് മാർത്ത. ക്യാൻസറാണെന്ന് അറിയാൻ വൈകിപ്പോയെങ്കിലും തിരുവനന്തപുരത്തു കൊണ്ട് പോയി കുറേ ചികിത്സിച്ചു അവള്ടപ്പൻ വറീത്. നുള്ളിപ്പെറുക്കി വിറ്റിട്ടും കണ്ണടച്ചില്ല ഭ്രാന്തൻ രോഗം. പത്തൊമ്പതാം വയസ്സിൽ അവളെയും കൊണ്ടു പോയി. ഇനിയുള്ളത് ഡേവിസ്സും ഏലിയാസ്സും. ഡേവിസ്സ് ഒരു കരപറ്റിയിട്ടില്ല. രാഷ്ട്രീയം കളിച്ചു നടപ്പാണ്. ഏലിയാസ്സിനുള്ളത് കവലേലെ ഒരു പെട്ടിക്കടയാണ്. അതും വരുമാനം കഷ്ടിയാണ്. 

"ചില മന്ത്രങ്ങൾ പ്രയോഗിക്കാൻ പാടില്ല. കുലം മുടിയും. മൂന്നാം തലമുറ അനുഭവിക്കും." കേളു പറഞ്ഞതോർക്കുന്നു. ആമോൻ അത് കേട്ടില്ല. മന്ത്രത്തിന് ഫലസിദ്ധി കൂടുതലായിരുന്നു. പ്രതിവിധിയായി ശിവപൂജ ചെയ്തില്ല, ബാലചികിത്സ ചെയ്തില്ല... ഫലമോ കുലം മുടിഞ്ഞു തീരാറായി. രണ്ടു മക്കളും മൂന്നു പേരക്കുട്ടികളും മരിച്ചു. മൂന്നാമത്തെ മകൻ മെന്റൽ അസൈലത്തിലാണ്. ഏലിയാസിന്റെ അപ്പൻ. ഇനി അവനേ ഉള്ളൂ... ഇന്ന് ഈസ്റ്ററാണ്. വെളുപ്പിന് കുർബാന കൂടണം. ഏലിയാസ് കാപ്പി പാതി കുടിച്ചിറങ്ങി. പിന്നാലെ സിസിലിയും. റബ്ബർക്കാട്ടിൽ പുലി ഇറങ്ങിയത് ഒരാഴ്ച മുന്നേയാണ്. അന്ന് മുതലേ സിസിലി അവനെ തനിച്ചു വിടാറില്ലെവിടെയും. അവനൂടെ പോയാൽ അവൾക്കാരാ. വന്നു കേറിയവരിൽ മച്ചിയെന്ന ചീത്തപ്പേര് സാമ്പാദിച്ചത് ഇവൾ മാത്രമാണ്. "എടാ.. അപ്പാപ്പനെ നോക്കിക്കോണം. മിറ്റം വരെ വരാറുണ്ട് ഇക്കൊല്ലം ഇറങ്ങിയവൻ." ഏലിയാസ് സഹോദരനെ ശട്ടം കെട്ടി. "ഡേവിസ്സേ... നീ ഇന്നലെ പോയില്ലാരുന്നോടാ?" "ഇല്ലപ്പാപ്പാ. ഒരു ചെറിയ പാർട്ടി പ്രശ്നം. കുറച്ചു നാള് ഒന്ന് മാറി നിൽക്കാനാ എല്ലാരും പറയുന്നേ. ഇവിടാകുമ്പോ..." "ആഹ്...." 

വൈദ്ര് കൂനിക്കൂടി ഉമ്മറത്തെ ചാരു കസേരയിൽ വന്നിരുന്നു. പുലരുന്നേ ഉള്ളൂ. ഈയിടെയായി ഉറക്കം കഷ്ടിയാണ്. മൂത്രമൊഴിക്കാൻ പലവട്ടം എണീക്കണം. പിന്നെ ഉറക്കം വരികേല. വാതം കോപിച്ച് തൂങ്ങിയ കൺപോളകളിൽ ഭൂതകാലം പാവക്കൂത്ത് നടത്തും. മറവിയുടെ മറയിട്ട് ഓർമ്മയുടെ തിരി കൊളുത്തിയുള്ള ഇന്നലെയുടെ നിഴലാട്ടം. അവിടെ കേളുവുണ്ട്... വള്ളിയുണ്ട്.... പാമ്പും പഴുതാരയും ഊറാമ്പുലികളുമുണ്ട്... അന്ന്... കാട്ടിൽ നരിച്ചേമ്പ് പരതി നിൽക്കുമ്പോളാണ് കേളു വിളിച്ചത്. "ആമോനെ... അക്കരെ വരെ ഒന്ന് പോണം. കുഞ്ഞാമന്റെ കൂടെ. പട്ടിവിഷാണ്. അങ്കോലം കൊടുത്തോളൂ. വഴി കുഞ്ഞാമനറിയാ. രണ്ടീസം അവിടത്തന്നെ വേണം നീയ്." ഗുരുവാക്കിന് മറുവാക്കില്ല. പക്ഷേ രണ്ടീസം വള്ളിക്കുട്ടിയെക്കാണാതിരിക്കലാണ് കടുപ്പം. പുഴ കടക്കുമ്പോൾ പൂപ്പരുത്തിക്ക് പിന്നാലെ അവൾ കണ്ണുനിറഞ്ഞു നിൽക്കുന്നത് കണ്ടു. വേഗം വരും പെണ്ണേ. എന്നു പറഞ്ഞ് തെരു തെരെ ചുംബിക്കണമെന്ന് തോന്നി. തൊടാതെ ഒരു കൈയ്യകലത്തായിരുന്നു അവളെന്നും. ഗുരുഭക്തി മകളിലേക്കും നീണ്ടുപോയിരുന്നു. കണങ്കാൽ തൊട്ടഴിഞ്ഞ മുടിയിൽ ഒരു പ്രത്യേക ചൈതന്യമാണവൾക്ക്. "പറംകുളം ദേവി തീയ്യക്കുടിലിലാണോ കുടിയിരിക്കൽ?" എന്ന് ചോദിക്കേണ്ട താമസം കാക്കപ്പുള്ളിക്കവിളുകളിൽ എണ്ണ കിനിയും. തിളങ്ങും. ആമോൻ മനോരഥങ്ങളിൽ മുഴുകി. കടത്ത് നീങ്ങി. അക്കരെക്കടവിൽ ആളിറങ്ങി. നാളെ പറംകുളംവേല കൊടിയേറ്റമാണ്. ഉത്സവം തീരും മുന്നിങ്ങെത്തണം. വള്ളിയെ കരിവളകൾ കൊണ്ട് മൂടണം. അയാൾ കണക്കു കൂട്ടി. 

"അപ്പാപ്പാ.... ഞാനൊന്ന് മുള്ളിയേച്ചും വരാം. ഇവിടിരുന്നോണം. തട്ടിത്തടഞ്ഞു വീണേക്കരുത്.." ഡേവിസ്സാണ്. അവനെന്തറിയാം. ഞാൻ താണ്ടിയ വഴികൾ.! അതെല്ലാം ഇവർക്ക് കെട്ടു കഥകളാണ്. കണ്ണു കൊണ്ട് കണ്ടാലും ഇത്തലമുറ പറയും കള്ളമെന്ന്.. പൊളിയെന്ന്.. കുഞ്ഞാമനോട് യാത്ര പറഞ്ഞ് തോണി കേറി. തിരികെ വരുമ്പോൾ നാട് പഴയ പടിയായിരുന്നില്ല. മനുഷ്യരും. കൊടുങ്കാറ്റു പോലെ വാർത്തകൾ എന്നെ വന്നുലച്ചു പോയി. പറംകുളം വലിയ തമ്പുരാൻ നാടു നീങ്ങി. അല്ല. കൊല്ലപ്പെട്ടു. വിഷം കൊടുത്തു കൊന്നു. കൊന്നയാളെ വെട്ടിത്തുണ്ടമാക്കി പാണപ്പുഴയിൽ ഒഴുക്കി തറവാട്ടുകാര്. പാണപ്പുഴ ചുവന്നു കലങ്ങി. മീനുകൾ ചത്തു പൊങ്ങി. ഒഴുക്കു തടയപ്പെട്ട ഭാഗത്ത്‌ കരിവളയിട്ട കൈത്തണ്ട കണ്ടു. മീൻ കൊത്തിയ കണ്ണുമായി പായൽ പോലെ കറുത്ത മുടി പരത്തി വള്ളിക്കുട്ടിയുടെ തല കുഞ്ഞോളങ്ങളിൽ ഇളകി. ആമോന്റെ തലയ്ക്കകത്ത് ഒരായിരം പാമ്പുകൾ ഇഴഞ്ഞു. സത്യവും മിഥ്യയും പുൽകിയ തരിപ്പിൽ നിന്നും അയാൾ മോചിതനായില്ല. ഒന്നുറക്കെ ക്കരയണമെന്ന് തോന്നി. കഴിയുന്നില്ല. നാവു ദർഭപ്പുല്ലിൽ കൊണ്ട് മുറിഞ്ഞിരിക്കുന്നോ? രണ്ടായ് പിളർന്നുവോ? ആർക്കറിയാം! "ആമോനെ... ഇവിടെ നിക്കണ്ട. ഓടി രക്ഷപ്പെട്ടോ. ഭ്രാന്തു പിടിച്ച് നടക്കാ തമ്പ്രാക്കന്മാര്." കൂട്ടത്തിലാരോ പറഞ്ഞു. 

ADVERTISEMENT

കാടു കേറി. അന്ന് രാത്രി തന്നെ. എന്തിന് താൻ ഒളിക്കണം? എന്തു തെറ്റു ചെയ്തു? വൈദ്യരെവിടെ? വള്ളിക്കെന്താണു പറ്റിയത്? ചോദ്യങ്ങൾ കരിങ്കാടിനെപ്പോലയാളെ ചുറ്റിവരിഞ്ഞു. ദൂരെ നരിമടയ്ക്കുള്ളിൽ ഒരു തീനാളം കണ്ടു. സംശയിച്ചാണു കേറിയത്. കേളു ! ഓടി രക്ഷപ്പെടും മുന്നേ ആമോൻ അയാളിലേക്ക് ചാടി വീണു. "എനിക്ക് സത്യം അറിയണം. എനിക്ക് സത്യം അറിയണം.!!" വൈദ്യർ ശ്വാസം കിട്ടാൻ പിടഞ്ഞു. "തമ്പ്രാനെങ്ങനെ മരിച്ചു? വള്ളി.. അവൾക്കെന്ത് പറ്റി? ശവം വീണ പുഴയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരിക്കുന്നു. ഈ ചതിയിൽ എന്താണ് നിങ്ങളുടെ പങ്ക്???" കഴുത്തു പിടിച്ച് പാറമേൽ ചേർത്തു ഞെരിച്ചപ്പോൾ കേളു വേദന കൊണ്ട് പുളഞ്ഞു. ചോര കക്കി. നിണമുതിർത്ത നാവിൽ നിന്നും വാക്കുകൾ മുറിഞ്ഞു വീണു. "പ...പക.. തീയന്റെ പക." ആമോൻ കൈ മെല്ലെ അയച്ചു. വാ നിറഞ്ഞ ചോര തുപ്പിക്കളഞ്ഞ് താഴേക്കല്ലിൽ അയാൾ കുന്തിച്ചിരുന്നു. "അടിയാളന്റെ പക. ചൂഷണം ചെയ്യപ്പെട്ടവന്റെ പക.!! ആമോനെ..അടിച്ചമർത്തപ്പെട്ടവനേ പകയുടെ കനലറിയൂ.. പറങ്കിപ്പടയെ പ്പേടിച്ച്, കലാപം പേടിച്ച് ഒളിച്ചോടിപ്പോന്നവനല്ലേ നീ.? ഇതും ഒരു സമരമുറയാണ്. " 

ആമോൻ നടുങ്ങി. കേളു ഭൂതം കെട്ടിയ തെയ്യം പോലുറഞ്ഞു തുടങ്ങി.. അവിടെ ഒരു പഴങ്കഥയാടുന്നു. കൊട്ടിക്കേറുന്നു. തിരശീലയിൽ പതിനാറുകാരൻ കേളുവും ഭാര്യ പാറുവും. അക്കാലം. തമ്പ്രാന്റെ മേടകളിൽ രാത്രികാലം മാത്രം അടിയാത്തിമാർക്ക് അയിത്തമില്ലാതിരുന്ന നെറികെട്ട കാലം! അങ്ങിനെയിരിക്കെ 

പുറംനാട്ടുകാർ കടൽ കടന്നെത്തി. അധികാരം രക്ഷിക്കാൻ തമ്പുരാൻ പറങ്കികൾക്ക് ഏലത്തിനും കുരുമുളകിനും മീതെ പുലയപ്പെണ്ണിനേയും തീയ്യക്ടാങ്ങളെയും കാഴ്ച വെച്ചു. തടയാൻ ആണൊരുത്തനും കഴിഞ്ഞില്ല. എതിർത്തവർ അടുത്ത പുലർ വെട്ടം കണ്ടില്ല. അന്നവർ പാറുവിനെയും കൊണ്ടു പോയി. കേളു തമ്പ്രാന്റെ കാല് പിടിച്ചു കെഞ്ചി. തീയ്യൻ തൊട്ടശുദ്ധമാക്കിയതിനു മൊട്ടയടിച്ചു പുള്ളികുത്തി വാഴുന്നോർ. "എന്റേതല്ലാത്ത കുഞ്ഞിനെ അവൾ ഗർഭം ചുമന്നപ്പോൾ മുതൽ ഞാൻ കണക്കു കൂട്ടിയതാണ്. കടുകളവിൽ വളരെ കുഞ്ഞിലേ തന്നെ വള്ളിക്ക് ഞാൻ ചുഴലി മരുന്നെന്ന് പറഞ്ഞ് ദിനവും കൊടുത്തിരുന്നത്.. അത് വിഷമായിരുന്നു! അവൾ പോലുമറിയാതെ വിഷമാത്ര കൂട്ടിക്കൂട്ടി തമ്പുരാന് വേണ്ടി പതിനഞ്ചാണ്ടു കൊണ്ട് ഞാനുണ്ടാക്കിയ ആയുധമാണ് വള്ളി!! വിഷകന്യ!! വിഷകാന്യോപയോഗാദ്വാ ക്ഷണാജ്ജഹ്യാദസൂന്നര: !! "

വിഷസഞ്ചാരത്തിന്റെ അവസാന വേഗം പോൽ ആമോൻ സ്തംഭിച്ചു നിന്നു. ഇപ്പോൾ എല്ലാം വ്യക്തമാകുന്നുണ്ട്. ചികിത്സയ്ക്കെന്നു പറഞ്ഞ് തന്നെ ഒഴിവാക്കിയതും പറംകുളം വേലയ്ക്ക് ആദ്യമായ് വള്ളിയെ കൊണ്ടു പോയതും തമ്പ്രാൻ കണ്ട് മോഹിച്ചതും മകളെ രണ്ടു പൊൻപണത്തിന് വിറ്റതും വള്ളിയെ ഭോഗിക്കവേ വലിയമ്പ്രാൻ വെഷം കേറി മരിച്ചതും എല്ലാം... ലോകത്തിൽ വച്ചേറ്റവും മുന്തിയ വിഷസർപ്പം മനുഷ്യനാണ്. അതിൽ ഒന്ന് ഇന്നെന്റെ മുന്നിൽ നിൽക്കുന്നു. പ്രതികാരമെന്ന മഹാവിഷം കേറി.. നീലിച്ച്... സീൽക്കരിച്ച്.. ഫണം വിടർത്തി.. ആമോൻ തലയ്ക്കു കൈതാങ്ങിത്തളർന്നിരുന്നു. "പക്ഷേ... വള്ളി... അവളെന്തു പിഴച്ചു? പാപിയാണ് നിങ്ങൾ. കൊടും പാപി." ആമോൻ പൊട്ടിക്കരഞ്ഞു. "ആമോനെ...വിഷമെന്തെന്ന് അതേറ്റവനല്ലേ അറിയൂ. അപമാനിക്കപ്പെട്ടവനേ മാനത്തിന്റ വിലയറിയൂ.. " കേളു ശാന്തനായി. ഇടം കാലിലെ കടിപ്പാടുമായി പാറമേൽ ചാരിയിരുന്നു. വിധിയെഴുതി ഇരുട്ടിലേക്കിഴഞ്ഞു പോയതിനെ അയാൾ തിരിച്ചു കടിച്ചില്ല. മന്ത്രമോതിത്തിരികെ വിളിച്ചില്ല. "അയ്യോ. ഇതു കെട്ടൂ." മുണ്ടിൻ കോന്തല കീറി ആമോൻ വൈദ്യർക്കു നീട്ടി. "വേണ്ട. ഇതാണ് ദൈവനിശ്ചയം." ശ്യാവവർണ്ണമായ്, പല്ലു കടിച്ച്, വെട്ടിയ തടി കണക്കെ കേളു ശ്വാസം നിലച്ചു വീണു. രോമകൂപങ്ങളിൽ നിന്നും രക്തം പൊടിഞ്ഞു. വിഷഭയത്താൽ ജീവൻ എവിടെപ്പോയാവും ഒളിച്ചിരിക്കുന്നുണ്ടാവുക.? 

മരവിച്ച കാട്ടിൽ ആദ്യവെട്ടം വീണു. വൈദ്യരെ.. നിങ്ങൾ നല്ലതോ ചീത്തയോ. തുലാസിലിട്ട് തിട്ടപ്പെടുത്തും മുന്നേ ആമോൻ മട വിട്ടിറങ്ങി. കാടിറങ്ങണം. കിഴക്കൻ മലകേറണം. മനസ്സിലതേ അപ്പോൾ ചിന്തയുണ്ടായുള്ളൂ. കിഴക്കൻ മല അയാളെ സ്വീകരിച്ചു. ഇരുകൈയും നീട്ടി. പക്ഷേ, പാടില്ലാത്ത മന്ത്രങ്ങളും കൊത്തിയ പാമ്പിനെ മന്ത്രമോതി ക്ഷണിച്ചു വരുത്തലും എന്നു വേണ്ട സകല ക്ലിഷ്ടകർമ്മങ്ങളും പുതുവൈദ്യർ ചെയ്തു പോന്നു. ആമോൻ വൈദ്യർ പേരെടുത്തു. എങ്കിലും അനിഷ്ടങ്ങൾ മഴക്കെടുതിതീർത്ത് ജീവിതത്തിലുടനീളം ഒലിച്ചിറങ്ങി. തൊണ്ട വരളുന്നുണ്ട്. ഇച്ചിരി വെള്ളം വേണം. വൃദ്ധൻ ചാരു കസേരയിൽ ഇരുന്നു കൊണ്ട് അകത്തേക്ക് നീട്ടി വിളിച്ചു. 

"ഡേവിസ്സേ....." ശബ്ദത്തിന് ഇടർച്ചയുണ്ടായിരുന്നു. ആരും വിളികേട്ടില്ല. "ഡേവിസ്സെന്തിയെടാ..??" ഇല്ല. ആരുമില്ല. കസേരക്കൈയ്യിൽ അള്ളിപ്പിടിച്ച് അയാൾ എണീറ്റു. അകത്താരുമില്ല. അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്. ചായ്‌പ്പിനോട് ചേർന്ന തറയിൽ ഡേവിസ്സ് ചലനമറ്റു കിടക്കുന്നു. "ഓടിവായോ... ഏലിയാസേ.." അയാൾ തൊണ്ട പൊട്ടുമാറ് കൂകി. ആരു കേൾക്കാൻ. ദ്രവിച്ച വീടിനെ വിഴുങ്ങിയ റബ്ബറിൻ കാടിന്റെ ഇരുട്ടിൽ ആ ശബ്ദം മുറിഞ്ഞു പോയ്‌. വൃദ്ധൻ വീണു കിടക്കുന്ന ശരീരത്തെ ആകനെ നോക്കി. കൈത്തണ്ടയിൽ കടിപ്പാടുണ്ട്. അത് വീങ്ങിക്കറുത്തിട്ടുമുണ്ട്. സ്‌കന്ദപ്രിഷ്ഠ ഭാഗങ്ങൾ വളഞ്ഞു കഴുത്തയഞ്ഞുമിരിക്കുന്നു. ഏഴാം വിഷ വേഗം. അവസാന ധാതുപ്രവേശം. ആമോൻ ഞെട്ടി. തല പെരുക്കുന്നു. കേളു വൈദ്യർ ചെവിക്കായയോളം ചെറുതായ് കർണപുടത്തിൽ കേറിയിരുന്നു ശ്ലോകം ചൊല്ലി!! "അവപീടസ്തു സപ്തമേ." മരുന്നരച്ചു നീരെടുത്തു. നസ്യം ചെയ്തു. അനക്കമില്ല. ഇനിയെന്ത്? 

"മൂർദ്ധനി കാകപദം കൃത്വാ സാസൃഗ്വാ പിശിതം ക്ഷിപേത്." ആമോൻ വിറയലോടെ ഓർത്തു. കാകപദം! ചെയ്തിട്ടുണ്ട്. പലവട്ടം. പക്ഷേ ഫലിച്ചിട്ടില്ല ഇത് വരെ. അതിന് ചോരയിറ്റുന്ന മാംസം വേണം. മൂർദ്ധാവ് കീറണം. "ആരെങ്കിലും ഓടി വരണേ.." വൃദ്ധൻ വീണ്ടും കരഞ്ഞു. ഏലിയാസ്സ് വരാൻ ഉച്ചയാവും. സിസിലിയും. ആമോൻ എന്തോ ആലോചിച്ചു നിന്നു. അടുക്കളയിൽ നിന്നും ഇറച്ചിവെട്ടുന്ന മൂർച്ച കൂടിയ പിച്ചാത്തി കൈയിലെടുത്തു. ഡേവിസിന്നരികെ നിലത്തിരുന്നു. അവന് ശ്വാസമില്ല. ഹൃദയമിടിപ്പില്ല. അയാൾ മുകളിലേക്ക് നോക്കി കണ്ണുകളടച്ചു. "കർത്താവേ.!!" ശബ്ദം പതറി. പിച്ചാത്തിമുന കൊണ്ട് ഡേവിസ്സിന്റെ നെറുക കാക്കക്കാലിന്നടയാളത്തിൽ കീറി. ചോര കണ്ടു. പിച്ചാത്തിമൂർച്ച അടുത്തതായി രക്തമിറ്റുന്ന ജന്തുമാംസത്തെ തേടി. സ്വന്തം തുടയിൽ നിന്നും മാംസമറുത്തെടുക്കുമ്പോൾ അയാൾ അലറി. രണ്ടായ് കീറപ്പെട്ട ജരാസന്ദനെപ്പോലെ. തുട മുറിഞ്ഞ ദുര്യോധനനെപ്പോലെ. രക്തമിറ്റുന്ന മനുഷ്യമാംസം! അതു കാകപദഛേദത്തിൽ വച്ചു. മോഹാലസ്യപ്പെട്ടു. 

ദൂരെ പള്ളിമണി മുഴങ്ങി. ക്രൂശിതനായ ദൈവപുത്രൻ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കപ്പെട്ടിരിക്കുന്നു. അവൻ ജനങ്ങളോടായ് പറഞ്ഞു. "ഇതെന്റെ തിരുശരീരമാവുന്നു. ഇതെന്റെ രക്തവും." കുർബാനയ്ക്ക് പള്ളിമുറ്റം വരെ ആള് നിറഞ്ഞു. ഓസ്തിയും വീഞ്ഞും കഴിച്ച് ഏലിയാസ് കുരിശു വരച്ചു. ഒപ്പം സിസിലിയുമുണ്ട്. താഴെ റബ്ബർക്കാട് തിന്ന വീട്ടിൽ ചോര തളം കെട്ടി. ജനിമൃതികൾ കണ്ടു മടുത്ത തണുപ്പ് രക്തത്തെ ഖനീഭവിപ്പിച്ചു. വർഷങ്ങളുടെ ഉണർവെന്നപോൽ കൈകാലെടുത്തെറിഞ്ഞു ഡേവിസ്സ് ശ്വാസം വലിച്ചു. പ്രാണനിറങ്ങിപ്പോയ അപ്പാപ്പന്റെ ചുളിഞ്ഞ ശരീരം അടുത്തു കിടപ്പുണ്ടായിരുന്നു. തണുത്ത്.. വിറങ്ങലിച്ച്...

English Summary:

Malayalam Short Story ' Kakapadam ' Written by Dr. Swarna Jithin