എനിക്കിഷ്ടം ബിജുവിന്റെ സത്യസന്ധത; സംയുക്ത

രക്ഷാധികാരി ബൈജു ഒപ്പ് എന്നാണ് ബിജു മേനോന്റെ പുതിയ ചിത്രത്തിന്റെ പേര്. ആരെയും പിണക്കാതെ തന്റേതായ വഴിയിൽ വിജയവുമായി മുന്നേറുന്ന നടനു സ്വന്തമായി പ്രേക്ഷകരുണ്ട്. ചിരിയുടെ വഴിയിലേക്കുള്ള കൂടുമാറ്റമാണു ബിജുവിനെ ഇഷ്ടതാരമാക്കിയത്. സിനിമയിലെ പ്രവണതകളെക്കുറിച്ച്, പതിനഞ്ചു വർഷമെത്തിയ വിവാഹജീവിതത്തെക്കുറിച്ച്, സംയുക്തയെക്കുറിച്ച്, ഒപ്പം വിഷമം തോന്നിയ വിവാദങ്ങളെക്കുറിച്ച്....

∙ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലെ ബൈജുവിൽ എത്രമാത്രം ബിജുമേനോൻ എന്ന നടന്റെ ഒപ്പുണ്ട്...?

നൂറു ശതമാനം എന്നു പറയാനാണു ഞാൻ ആഗ്രഹിക്കുന്നത്. രഞ്ജൻ പ്രമോദ് അടുത്ത സുഹൃത്താണ്. മൂന്നു ദിവസമെടുത്താണു സംവിധായകൻ കഥ പറഞ്ഞത്. ഗ്രാമം എനിക്കിഷ്ടമാണ്. ഗ്രാമീണവേഷവും കഥ കേൾക്കുമ്പോൾതന്നെ നമുക്കു നഷ്ടമായതെന്നതോ തിരികെ കിട്ടുന്ന അനുഭവമായിരുന്നു. കുടുംബത്തിലെ നല്ല ബന്ധങ്ങൾ, ആത്മാർഥമായ സ്നേഹം, സൗഹൃദം അങ്ങനെ പലതും. ബൈജു എന്ന കഥാപാത്രത്തെ എനിക്കറിയാം. തൃശൂരിലുള്ള എന്റെ സുഹൃത്ത് സുരേഷ് ആണു ബൈജു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കൂട്ടത്തിൽ എപ്പോഴും ഉത്സാഹിയായ ആൾ. എന്തിനും മുന്നിലുണ്ടാകും. കുട്ടികളെയും വയസ്സായവരെയുമൊക്കെ ഒരുപോലെ സ്നേഹിച്ച് ജോളിയായി മുന്നോട്ടുപോകുന്ന ഒരാൾ. അത്രയധികം ഇഷ്ടപ്പെട്ടാണു ഞാൻ ഈ ചിത്രം ചെയ്തത്. ഇതിൽ ക്രിക്കറ്റ് കളിയൊക്കെയുണ്ടല്ലോ. അച്ഛന്റെ ജോലിയുടെ ഭാഗമായി പൊലീസ് ക്യാംപിലായിരുന്നല്ലോ പണ്ട് ഞങ്ങളുടെ ജീവിതം. അവിടെവച്ചുള്ള ക്രിക്കറ്റ് ഓർമകളുടെ മടങ്ങിവരവും സിനിമ നൽകിയ സന്തോഷമാണ്. ഒരു സിനിമ ചെയ്ത് അടുത്ത സിനിമയിലേക്കു പോവുകയാണല്ലോ പതിവ്. പക്ഷേ രക്ഷാധികാരി ബൈജു ഇപ്പോഴും എനിക്കൊപ്പമുള്ളതായി തോന്നുന്നുണ്ട്.

∙ നായകനാകുമ്പോൾ ഉത്തരവാദിത്തം വലുതാണ് സിനിമയുടെ വിജയം കൂടുതൽ നിർണായകവും മറ്റൊരു നായകനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷം ചെയ്യുന്നതുപോലെയല്ലല്ലോ അത്...?

തീർച്ചയായും അല്ല. ആ ഉത്തരവാദിത്തമാണ് ഇപ്പോൾ എന്നെ മുന്നോട്ടു നയിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടം അപ്പോൾ ബാധ്യതയായി തോന്നാം. പക്ഷേ അവർക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യാനുള്ള പ്രചോദനം കൂടിയാണത്. അവരുടെ പ്രതീക്ഷ നിലനിർത്തേണ്ടതുണ്ട്. ഒരിക്കലും താഴോട്ടു പോകരുത്. മറിച്ചു സംഭവിച്ചാൽ സിനിമയുടെ പരാജയം മാത്രമല്ല. എന്നിലുള്ള വിശ്വാസം കൂടിയാണു നഷ്ടപ്പെടുക. ആ ചിന്ത നായകനായി സിനിമ ചെയ്യുമ്പോൾ എപ്പോഴുമുണ്ടാകും. അതിന്റെ തുടർച്ചതന്നെയാണു രക്ഷാധികാരി ബൈജു.

∙ രണ്ടുവർഷം മുൻപുവരെ സമാന്തര സിനിമകളിൽ സജീവസാന്നിധ്യമായിരുന്നു ബിജുമേനോൻ. പക്ഷേ ഇപ്പോൾ അങ്ങനെ കാണുന്നില്ല. കഴിഞ്ഞ വർഷം ഏഴു സിനിമകളിൽ അഭിനയിച്ച് മുന്നിലെത്തിയപ്പോഴും അതിൽ ഒന്നുമാത്രമായിരുന്നു പരീക്ഷണ ചിത്രം...?

അതു മനഃപൂർവമാണെന്നു തോന്നുന്നില്ല. അത്തരം സിനിമകളൊക്കെയും ഞാൻ ഇഷ്ടപ്പെട്ടു ചെയ്തവ തന്നെയാണ്. നല്ല കഥകൾ വരണം നല്ല കഥാപാത്രങ്ങൾ വരണം, ബജറ്റ് അപ്പോൾ ഒരു വിഷയമാവില്ല. ചിലപ്പോൾ ബജറ്റുമില്ല, കഥയുമില്ല എന്ന സാഹചര്യം വരുമ്പോൾ നമുക്കു മാറി നിൽക്കേണ്ടി വരും. അങ്ങനെ കഷ്ടപ്പെട്ട് ആസ്വദിച്ചു ചെയ്ത പരീക്ഷണ ചിത്രങ്ങൾ ചെറിയ അനക്കംപോലും സൃഷ്ടിക്കാതെ കടന്നുപോകുന്നതു ചിലപ്പോൾ വിഷമിപ്പിക്കുകയും ചെയ്യും.

∙ ലീലയ്ക്ക് എന്താണു സംഭവിച്ചത്?

അങ്ങനെയൊരു ചോദ്യം എന്നോടു ചോദിക്കുന്നത് ആദ്യമായിട്ടാണ്. എന്താണു ലീലയ്ക്കു സംഭവിച്ചതെന്നു നമ്മളെല്ലാവരും കണ്ടതാണ്. വളരെ ആത്മാർഥമായി ആ സിനിമയെ സമീപിച്ചവരാണു സംവിധായകൻ രഞ്ജിത്തും ഞാനുമൊക്കെ. കഥാകൃത്ത് ഉണ്ണി ആറിന്റെ കഥയോട് സിനിമ നീതിപുലർത്തി എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തും എന്നൊന്നും ചിന്തിക്കാതെ എടുത്ത സിനിമയായിരുന്നു. എങ്കിലും പ്രേക്ഷകർ അവഗണിക്കില്ല എന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചപ്പോൾ ഒരുപാടു വേദനിച്ചു എന്നതു സത്യമാണ്.

∙ സമീപകാലത്തു ബിജുമേനോൻ അഭിനയിച്ച സിനിമകൾ പരിശോധിച്ചാൽ വെള്ളിമൂങ്ങയായാലും സ്വർണക്കടുവയായാലും മരുഭൂമിയിലെ ആനയായാലും അതിലെ കഥാപാത്രങ്ങൾക്ക് ഒരു പ്രതിനായക സ്വഭാവമുണ്ട്. എന്നിട്ടും താങ്കൾക്കു കയ്യടിയാണു കിട്ടുന്നത്. അതിന്റെ രഹസ്യമെന്താണ്?

ശരിയാണ് നായക കഥാപാത്രമാകുമ്പോഴും അതിലൊരു വില്ലൻ സ്വഭാവം ഇടയ്ക്കു കടന്നുവരാറുണ്ട്. പക്ഷേ അതു നെഗറ്റീവായിട്ടല്ല പ്രേക്ഷകർ കാണുന്നത്. അതൊരു കുസൃതിയായിട്ടാണ്. എന്നെ ഇഷ്ടപ്പെടുന്നവർ അതിലൊരു നന്മ പ്രതീക്ഷിച്ചുതന്നെയാണു സിനിമ കാണുന്നത്. അതിൽ രഹസ്യമില്ല. എന്തോ ഒരു മാജിക് ഉണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഇടയ്ക്കു ഞാൻ സംയുക്തയോട് ഇക്കാര്യം ചോദിക്കാറുണ്ട്. അവൾക്കും ഇതിന്റെ ഉത്തരം വ്യക്തമായി കിട്ടിയിട്ടില്ല. (വെള്ളിമൂങ്ങയിലെ മാമച്ചനെ ഓർമപ്പെടുത്തി കുസൃതിയോടെ ചിരിക്കുന്നു)

∙ ജീവിതത്തിലും അങ്ങനെതന്നെയാണോ ശത്രുക്കളില്ല എന്ന് ഉറപ്പിച്ചു പറയാനാകുമോ...?

ജീവിതത്തിലും എല്ലാവരാലും സ്നേഹിക്കപ്പെടാനാണു നമ്മളെല്ലാം ആഗ്രഹിക്കുന്നത്. ശത്രുക്കളുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകുമോ? നമ്മളറിയാത്തവർ നമ്മളറിയാത്ത കാര്യങ്ങളിൽ‌ നമ്മളോട് ശത്രുത പുലർത്തുന്നുണ്ടാകാം. കഥ കേട്ടശേഷം ചിലപ്പോൾ അത് ഇഷ്ടപ്പെട്ടില്ലെന്നു തുറന്നു പറയേണ്ടി വരാം. തന്റേതായ രീതിയിലാകും അതു പറയുന്നത്. എങ്കിലും  അയാൾക്കത് ഉൾക്കൊള്ളാനാകണമെന്നില്ല. ചിലപ്പോഴതു ശത്രുത വരുത്തിവച്ചേക്കാം.

∙ എത്ര ഒഴിഞ്ഞുമാറിയാലും വിവാദങ്ങൾ ചിലപ്പോൾ കൂടെവരും...?

തീർച്ചയായും ചില വിവാദങ്ങളിലേക്കു നമ്മുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കും. സോഷ്യൽ മീഡിയകളിലൊക്കെ കാണുമ്പോഴാണു നമ്മൾ ഇതിന്റെ ഗൗരവം അറിയുന്നത്. സമീപകാലത്ത് ഒരു വിഷയത്തിൽ എന്നെയും ഞാനുമായി അടുത്തുബന്ധമുള്ളവരെയും പതിവായി പരാമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. യാതൊരു അടിസ്ഥാനവുമില്ലാതെ എന്തൊക്കെയോ പറയുകയാണ്. സത്യത്തിൽ അതു സങ്കടകരമാണ്. ആരാണ് അതിനു പിന്നിൽ, ആർക്കാണു ഞങ്ങളോട് ഇത്രയധികം ശത്രുത എന്നൊന്നും ചിന്തിച്ചിട്ടില്ല. വിവാദത്തിൽ വല്ലാതെ വിഷമം തോന്നി. ഉള്ളിലെ വിഷമം പ്രകടിപ്പിച്ചിട്ടില്ല. ആരോടും പറഞ്ഞതുമില്ല., ആരെയും ഭയപ്പെടുന്നില്ല. അതുവഴി ഞാൻ മറ്റൊരാൾക്കു വിഷമമുണ്ടാക്കരുതെന്നു കരുതിയാണ് എല്ലാം ഉള്ളിലൊതുക്കിയത്. ആ വിഷമത്തെക്കുറിച്ചു തുറന്നുപറയുന്നതു തന്നെ ആദ്യമായിട്ടാണ്.

∙ ഇത്തരം സന്ദർഭങ്ങളിൽ താരങ്ങൾ സോഷ്യൽ മീഡിയകളെ ആശ്രയിക്കാറുണ്ട് പ്രതികരിക്കാൻ...?

സോഷ്യൽ മീഡിയകളിൽ വരുന്നതൊക്കെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ അതിൽ എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തണമെന്നു തോന്നിയിട്ടില്ല. എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ട്. അതു സുഹൃത്തുക്കളോടു തുറന്നു പറയാറുമുണ്ട്. പ്രതികരിക്കണമെന്നു തോന്നുമ്പോൾ ഉള്ളിലൊതുക്കും മനഃപൂർവം വേണ്ടെന്നു വയ്ക്കുന്നതാണ്.

∙ അതു സ്വഭാവത്തിന്റെ ഭാഗമാണോ?

അതേ എന്നുറപ്പിച്ചു പറയാം. അച്ഛനും അമ്മയും വളർത്തിയതിന്റെ ഗുണവുമാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ അതിനു കാരണവുമാണ്. തുറന്നു പറയാറുണ്ട് എന്തും. അതു പക്ഷേ എല്ലാവരും കേൾക്കെ വേണമെന്നില്ലല്ലോ..

∙ സിനിമാലോകത്തുതന്നെ പലവിധ വാർത്തകൾ വരുന്ന കാലമാണ്. ബിജുവും സംയുക്തയും മലയാളിയുടെ ഇഷ്ടം ഒട്ടും. കുറയാതെയാണ് വിവാഹത്തിന്റെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നത്

രക്ഷാധികാരി ബൈജുവിൽ പന്തു കയ്യിലൊതുങ്ങാതെ വരുമ്പോൾ ചില്ലയിൽ തട്ടി ഡയറക്ഷൻ മാറിയതുകൊണ്ടാണെന്നു ന്യായം പറയുന്നുണ്ട് എന്റെ കഥാപാത്രം. ജീവിതത്തിൽ അങ്ങനെ ഒരിക്കലും പറയേണ്ടിവന്നിട്ടില്ല. പരസ്പരം പഴിചാരുന്നതിൽ കഴമ്പില്ല. സംയുക്തയാണ് എന്നെ മുന്നോട്ടുള്ള യാത്രയുടെ പ്രധാന ഇന്ധനം. അവൾക്കു സിനിമ അറിയാം. അതുകൊണ്ടു തന്നെ മറ്റു പ്രശ്നങ്ങളില്ല. ഞാൻ സിനിമയോളമോ അതിൽക്കൂടുതലോ കുടുംബത്തെയും പരിഗണിക്കാൻ ശ്രമിക്കാറുണ്ട്. വീട്ടിലെ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു സംയുക്ത ടെൻഷനടിപ്പിക്കാറില്ല. ആരോഗ്യം, ഭക്ഷണം, വ്യായാമം എന്നി കാര്യങ്ങളിൽ എന്റെ ഡോക്ടർ കൂടിയാണ് അവൾ. എല്ലാ കാര്യങ്ങളും നന്നായി കാണാൻ ആഗ്രഹിക്കുന്ന മനസുണ്ട് അവൾക്ക്. അതാവാം എല്ലാം ഭംഗിയായി കൊണ്ടുപോകുന്നത്. ദൈവത്തിന്റെ അനുഗ്രഹവും അതുകൊണ്ടാവാം.

∙ മകൻ ദക്ഷ് ധാർമിക് അച്ഛന്റെ ആരാധകനാണോ?

ആരാധകനായിരുന്നില്ല. വെള്ളിമൂങ്ങയും മരുഭൂമിയിലെ ആനയുമൊക്കെ വന്നശേഷം കടുത്ത ആരാധനയാണ്.അതുകണ്ട് അവൻ ചിരിക്കുന്നതു കാണുമ്പോൾ നമുക്കും സന്തോഷം. തൃശൂർ ഹരിശ്രീ വിദ്യാനികേതനിലാണു പഠനം. ഇനി ആറാം ക്ലാസിൽ

∙ കൊച്ചിയിലേക്ക് കൂടുമാറണമെന്ന് തോന്നിയിട്ടില്ലേ...?

ഒരിക്കലുമില്ല. കാരണങ്ങൾ പലതാണ്. ഏറ്റവും കൂടുതൽ അറിയാവുന്ന സ്വന്തം നാടാണു തൃശൂർ. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ കൂടുതലും അവിടെയാണ്. പിന്നെ എല്ലാത്തിനുമുപരി ശുദ്ധവായുവും ശുദ്ധജലവും.

∙ 2010നുശേഷം മറ്റുഭാഷകളിൽ സിനിമ ചെയ്യുന്നില്ല തിരക്കുമാത്രമാണോ കാരണം...?

തിരക്കുതന്നെയാണു പ്രധാന കാരണം. എന്തെങ്കിലും ചെയ്യാനുണ്ടാകണം. ഏതു ഭാഷയിലായാലും ദൈവം സഹായിച്ച് ഇവിടെ അങ്ങനെ ചെയ്യാനുള്ള കുറച്ചു സിനിമകൾ എപ്പോഴും കിട്ടുന്നുണ്ട്. അതിൽ സന്തോഷവുമുണ്ട്. വരുമാനം മാത്രം നോക്കി മറ്റുഭാഷകളിൽ സിനിമ ചെയ്യാൻ ഒട്ടും താൽപര്യമില്ല. 

∙ അനുരാഗകരിക്കിൻവെള്ളത്തിൽ അച്ഛൻ‌ വേഷമാണ് ചെയ്തത്. പ്രായമൊന്നും പ്രശ്നമല്ല...?

പ്രായമൊന്നും നോക്കാറില്ല. പ്രേക്ഷകർക്കു നമ്മളെ അറിയാമല്ലോ. ആ ചിത്രത്തിൽ അച്ഛൻ വേഷം ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്നു.

എനിക്കിഷ്ടം സത്യസന്ധത; സംയുക്ത

പതിനഞ്ചു വർഷമായി ബിജുവിന്റെ ജീവിതത്തിൽ സംയുക്ത വർമ എത്തിയിട്ട്. ബിജു മേനോൻ എന്ന നടനെ എങ്ങനെയാണു വിലയിരുത്തുന്നത്?

ഞാൻ വളരെ ക്രിട്ടിക്കലായി ബിജുവിന്റെ സിനിമകളെ കാണാൻ ശ്രമിക്കാറുണ്ട്. തെറ്റു ചൂണ്ടിക്കാട്ടാറുമുണ്ട്. അദ്ദേഹത്തിലെ നടന് അടുത്ത കാലത്തു വലിയ വളർച്ച സംഭവിച്ചിട്ടുണ്ട് എന്നു വിശ്വസിക്കുന്നയാളാണു ഞാൻ. അത് ഒരു സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലല്ല. കഥാപാത്രത്തെ തുടക്കം മുതൽ ഒടുക്കംവരെ പിഴവൊന്നും കൂടാതെ കൊണ്ടുപോകാൻ നല്ല നടനേ കഴിയൂ. അക്കാര്യത്തിൽ അദ്ദേഹം വിജയിക്കുന്നുണ്ട് എന്നാണ് അഭിപ്രായം. സിനിമയോടും ജീവിതത്തോടും അദ്ദേഹം സത്യസന്ധത പുലർത്തുന്നുണ്ട്. അതാണു ഞാൻ ഇഷ്ടപ്പെടുന്നത്

 

ബിജുവിനും സംയുക്തയ്ക്കുമിടിയിലെ കെമിസ്ട്രിയുടെ രഹസ്യം...?

ആ രഹസ്യം എനിക്കും ബിജുവിനും മാത്രമറിയാവുന്ന ഒന്നല്ല. സ്നേഹവും പരസ്പര വിശ്വാസവുമുള്ള ഏതൊരു ഭാര്യയ്ക്കും ഭർത്താവിനും അറിയാവുന്ന കാര്യം തന്നെയാണ് പിന്നെ ഞങ്ങൾ പരസ്പരം പ്രകോപിപ്പിക്കാറില്ല. 2002 നവംബർ 21ന് ആയിരുന്നു വിവാഹം. തീയതി മറന്നു പോയതിന്റെ പേരിൽ പരിഭവിക്കാനോ പ്രതികരിക്കാനോ മൽസരിക്കാറില്ല. അങ്ങനെ മനസിലാക്കി മുന്നോട്ടുപോകുന്നതിലെ സുഖം ഞാൻ ആസ്വദിക്കുന്നു. സിനിമയെക്കുറിച്ച് എന്നെക്കാൾ എത്രയോ ബിജുവിന് അറിയാം. അക്കാര്യത്തിൽ അഭിപ്രായപ്രകടനത്തിനപ്പുറത്ത് ഉപദേശങ്ങളുടെ ആവശ്യമില്ല. എല്ലാക്കാര്യത്തിലും ഈ യോജിപ്പ് ഞങ്ങൾക്കിടയിലുണ്ട് എന്നുതന്നെയാണു തോന്നിയിട്ടുള്ളത്.

∙ ബിജുമേനോന്റെ ഏതുതരം കഥാപാത്രങ്ങളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്

അങ്ങനെ ചോദിച്ചാൽ ഇപ്പോൾ ചെയ്യുന്ന ചിത്രങ്ങൾ നന്നായി ആസ്വദിക്കുന്നു എന്നു വേണമെങ്കിൽ പറയാം. ചിരിക്കാനിഷ്ടപ്പെടുന്നതുകൊണ്ട് അത്തരം വേഷങ്ങളോടു താൽപര്യവുമുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണു ഞാനും ബിജുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നെ, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാൽ ഈ സിനിമകളൊക്കെയും എനിക്കു കൂടുതൽ പ്രിയപ്പെട്ടതാണ്. ആ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ഇപ്പോഴും ഇഷ്ടത്തോടെയാണു കാണുന്നത്.

കൂടുതൽ വാർത്തകൾക്ക്– http://www.manoramaonline.com/eweekly