Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം മുടക്കാൻ വന്ന ‘ചേച്ചി’യോട് ജ്യോതികൃഷ്ണയുടെ മറുപടി

jyothikrishna-fb

നടി ജ്യോതികൃഷ്ണയ്ക്ക് നേരെ വീണ്ടും സൈബർ ആക്രമണം. വ്യാജഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്റെ കുടുംബം തകർക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണെന്ന് നടി ആരോപിക്കുന്നു. ഈ മാസമായിരുന്നു ജ്യോതികൃഷ്ണയുടെ വിവാഹം.

ശ്രീഭദ്ര എന്ന വ്യാജമെന്ന് തോന്നുന്ന അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുപിടിച്ച് തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മോശപ്പെട്ട മേസ്സേജുകള്‍ അയക്കുകയാണ് ചെയ്യുന്നതെന്ന് ജ്യോതികൃഷ്ണ പറയുന്നു. ‘തന്നെയും ഭര്‍ത്താവിനെയും ബ്ലോക്ക് ചെയ്താണ് മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. കല്ല്യാണം കഴിഞ്ഞശേഷം ഇങ്ങനെ ചെയ്യുന്നത് വേറെ അസുഖമാണ്. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതെന്തായാലും നടക്കില്ല. വിവാഹം കഴിച്ച ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശക്തി ഭര്‍ത്താവിന്റെ പിന്തുണയാണ്.’–ജ്യോതികൃഷ്ണ പറഞ്ഞു.

ജ്യോതികൃഷ്ണയുടെ വാക്കുകൾ–

‘ഞാന്‍ ജ്യോതികൃഷ്ണ. കഴിഞ്ഞയാഴ്ചയായിരുന്നു എന്റെ വിവാഹം നടന്നത്. കുറേപേര്‍ അറിഞ്ഞിട്ടുണ്ട്. കുറേപേര്‍ അറിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബര്‍ 19നായിരുന്നു വിവാഹം. എല്ലാം നന്നായി വന്നു. ഞാനിപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ ദുബായില്‍ വന്നിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു വിഡിയോ ഇടുന്നത് എന്നുവച്ചാല്‍, പണ്ട്, ഒന്നര വര്‍ഷം മുന്‍പ് ഇതുപോലെ എന്റെ ഒരു ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്തിട്ട് ഒരാള്‍, ആരാണെന്ന് അറിയില്ല, വാട്‌സ് ആപ്പ് വഴിയെല്ലാം അയച്ചുകൊടുക്കുന്നുണ്ടായിരുന്നു. 

Jyothikrishna

ആ സമയത്ത് എനിക്ക് കിട്ടിയപ്പോള്‍ ആളുകളിലേയ്ക്ക് എങ്ങനെയാ എത്തിക്കുക എന്നെനിക്ക് അറിയില്ല. ഫെയ്‌സ്ബുക്ക് പേജിലാണ് ഞാനൊരു പോസ്റ്റിട്ടത്. എനിക്ക് നല്ല പിന്തുണയാണ് അന്ന് കിട്ടിയിരുന്നത്. അങ്ങനെയൊരു പിന്തുണ പിന്നെ എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് എന്തായിരുന്നു സത്യം എന്ന് എല്ലാവരും അറിഞ്ഞിരുന്നു. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞ് സുഖമായി ഇരിക്കുകയാണ്. ഇപ്പോള്‍ എന്റെയും എന്റെ ഭര്‍ത്താവിന്റെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവച്ചിട്ട് ശ്രീഭദ്ര എന്നു പറഞ്ഞിട്ടുള്ള വ്യാജ ഐ.ഡി ഉണ്ടാക്കി എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഓരോരുത്തരെയും അന്വേഷിച്ച് കണ്ടുപിടിച്ച് എന്നെ കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശമായ രീതിയില്‍ മെസ്സേജുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ തുടങ്ങിയ മോശപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. എന്തായാലും കല്ല്യാണം കഴിഞ്ഞു. കല്ല്യാണം കഴിയുന്നതിന് മുന്‍പായിരുന്നെങ്കില്‍ എന്തെങ്കിലും കാര്യമുണ്ടാകുമായിരുന്നു. 

ഇത്രയൊക്കെയായിട്ടും അത് അയച്ചുകൊടുക്കുക എന്നു പറഞ്ഞാല്‍ അസുഖം വേറെയാണ്. പ്രതികരിക്കാന്‍ ഏറ്റവും നല്ല മാധ്യമം ഫെയ്‌സ്ബുക്ക് ആണല്ലോ. അതുകൊണ്ടാണ് ഇപ്പോള്‍ ഇതില്‍ വന്നത്. എന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതുകൊണ്ട് ഈ അക്കൗണ്ടിലേയ്ക്ക് എനിക്ക് മെസ്സേജ് അയക്കാന്‍ പറ്റില്ല. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എനിക്ക് അറിയില്ല. നിങ്ങളുടെ ഉദ്ദേശം എന്താണെങ്കിലും അത് വെറുതെയായിപ്പോയി. കാരണം എന്റെ ഭര്‍ത്താവാണെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരാണെങ്കിലും നിങ്ങള്‍ മെസ്സേജ് അയച്ച ആരാണെങ്കിലും എനിക്ക് നല്ല പിന്തുണയാണ് നല്‍കിയത്. പോവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത്. നല്ല തെറിയാണ് പറഞ്ഞിട്ടുള്ളത്. പോയി ചാവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത്. 

jyothi-krishna-engagement

ചേട്ടാ,ചേച്ചി ഈ പണിയൊക്കെ നിര്‍ത്തിയിട്ട് വല്ല ജോലിയൊക്കെ ചെയ്തിട്ട്, മക്കളൊക്കെ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടിയിട്ടോ കുടുംബത്തിനുവേണ്ടിയിട്ടോ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് ജീവിക്കാന്‍ നോക്ക്. ഒരു കാര്യവുമില്ലാതെ നല്ല രീതിയില്‍ ജീവിക്കാന്‍ പോവുന്ന, നല്ല രീതിയില്‍ ജീവിച്ചുപോരുന്ന ആളുകളുടെ കുടുംബത്തില്‍ കയറിയിട്ട് എന്തു കാര്യത്തിനാണ് ഇത് ഉണ്ടാക്കുന്നത്. ആരാണെന്ന് എനിക്ക് അറിയില്ല, എന്റെ കുടുംബത്തിലുള്ള ആരെങ്കിലുമാണോ എന്നും എനിക്കറിയില്ല.

jyothi-krishna-engagement-3

ആരാണെന്നുണ്ടെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. വെറുതെയായിപ്പോയി. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശക്തി എന്നുവച്ചാല്‍ അവളുടെ ഭര്‍ത്താവ് കൂടെ നില്‍ക്കുക എന്നതാണ്. എനിക്കതുണ്ട്. അതുമതി. അപ്പോ ചേട്ടനാണെങ്കിലും ചേച്ചിയാണെങ്കിലും ഈ പണി നിര്‍ത്തിക്കോ. അതല്ല ഇനിയും തുടരണമെന്നുണ്ടെങ്കില്‍ അത് നടക്കട്ടെ, നന്നായി അങ്ങ് നടക്കട്ടെ. ഇവിടെ കാര്യമായിട്ട് ഒന്നും നടക്കണില്ല. അപ്പോ അത്  പറയണല്ലോ. പിന്നെ എന്നെ എന്നും പിന്തുണച്ചുപോരുന്ന എന്റെ സുഹൃത്തുക്കളെ ഞാന്‍ അറിയിക്കണമല്ലോ. അറിയിക്കണമെന്ന് എനിക്ക് തോന്നി. അതകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. നാളെ എന്റെ സുഹൃത്തുക്കള്‍ക്കാണെങ്കിലും എന്റെ ചുറ്റുമുള്ളവര്‍ക്കാണെങ്കിലും ആര്‍ക്കാണെങ്കിലും വരാവുന്ന ഒരു കാര്യമാണ്. ഇതെന്തായാലും നിര്‍ത്തുന്നത് നല്ലതായിരിക്കും. ഇതൊരു അപേക്ഷയാണ്. നന്ദി.’