ദുൽഖറിനു വേണ്ടി മമ്മൂട്ടി ശുപാർശ ചെയ്തിട്ടില്ല, നിന്റെ കാര്യത്തിലും അങ്ങനെ

മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകൻ നിരഞ്ജ്, അച്ഛന്റെ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുമ്പ് ‘ബ്ലാക്ക് ബട്ടർഫ്ലൈസ്’ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തിരുന്നു. ഇപ്പോൾ ‘ബോബി’ എന്ന സിനിമയിലെ നായക വേഷത്തിലാണ് രണ്ടാം വരവ്. മലയാള സിനിമയിൽ 42 വർഷം പൂർത്തിയാക്കിയ അച്ഛനും രണ്ടു സിനിമയുടെ പരിചയം മാത്രമുള്ള മകനും സംസാരിക്കുന്നു:

''എന്റെ സിനിമയുടെ സെറ്റിൽ സൂപ്പർതാരത്തിനു നൽകുന്ന അതേ ഭക്ഷണം തന്നെയായിരിക്കും സിനിമയിൽ അഭിനയിക്കുന്ന ആനയുടെ പാപ്പാനും കൊടുക്കുക.''

രാജു: നിരഞ്ജിന്റെ ജ്യേഷ്ഠൻ സച്ചിൻ നാണംകുണുങ്ങിയും അഭിനയമെന്നു കേട്ടാൽ ഒഴിഞ്ഞു മാറുന്നവനുമാണ്. നിനക്ക് അഭിനയത്തോട് താല്പര്യം തോന്നിയത് എന്നു മുതലാണ്?

നിരഞ്ജ്: അച്ഛന്റെ പടങ്ങൾ ഞാൻ കാണുമായിരുന്നു. ജ്യേഷ്ഠനാണ് എന്റെ ഉള്ളിൽ സിനിമാ ഭ്രമം വളർത്തിയത്. ഏഴിലും എട്ടിലും പഠിക്കുന്ന കാലത്ത് എല്ലാ ഭാഷയിലുമുള്ള സിനിമകളുടെ സിഡി കണ്ടു തുടങ്ങി. അതു ക്രമേണ സിനിമയിൽ അഭിനയിക്കണമെന്ന മോഹമായി വളർന്നു.

രാജു: ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ നിരാശ തോന്നിയോ?

നിരഞ്ജ്: എല്ലാ സിനിമയും നമ്മൾ ആഗ്രഹിക്കുന്ന പോലെ വിജയിക്കണം എന്നില്ലല്ലോ? തിരിച്ചു വരണമെന്നും പ്രേക്ഷകരുടെ അംഗീകാരം നേടണമെന്നും മോഹിച്ചിരുന്നു. ബികോമിനു പഠിക്കുമ്പോഴായിരുന്നു ‘ബ്ലാക്ക് ബട്ടർഫ്ലൈസി’ൽ അഭിനയിച്ചത്. തുടർന്ന് ഇംഗ്ലണ്ടിൽ പോയി മാർക്കറ്റിങ് മാനേജ്മെന്റ് പഠിച്ചു. അതു കഴിഞ്ഞപ്പോൾ അച്ഛൻ നിർദേശിച്ച സിനിമയിൽ അഭിനയിച്ചു.

രാജു: എന്റെ മകന്റെ ആദ്യ പടം പരാജയപ്പെട്ട കാര്യം ഫഹദ് ഫാസിലിനോട് പറഞ്ഞപ്പോൾ ഫഹദ് ആശ്വസിപ്പിച്ചു. തന്റെ ആദ്യ സിനിമയും  പരാജയം ആയിരുന്നുവെന്നും തുടർന്ന് അമേരിക്കയിൽ പോയി പഠിച്ച ശേഷമാണ് ശക്തമായി തിരിച്ചു വന്നതെന്നും ഫഹദ് പറഞ്ഞു. അതേപോലെ നിരഞ്ജ് ഇംഗ്ലണ്ടിൽ പഠനത്തിനു ശേഷം മടങ്ങിയെത്തി അഭിനയിച്ച സിനിമയാണ് ‘ബോബി’.

നിരഞ്ജ്: കഥാപാത്രമായി മാറുന്ന കാര്യത്തിൽ എനിക്ക് ഹോളിവുഡ് താരം ഡാനിയേൽ ഡേ ല്യൂവിസിനെ പോലെ ആകാനാണ് ആഗ്രഹം. മലയാളത്തിൽ സീനിയർ നടന്മാരിൽ മമ്മൂട്ടി, മോഹൻലാൽ, പുതിയ താരങ്ങളിൽ പ‌ൃഥ്വിരാജ്, ഫഹദ് എന്നിവർ പ്രചോദനമാണ്. അച്ഛൻ ഒരിക്കലും എനിക്ക് അഭിനയം പഠിപ്പിച്ചു തന്നിട്ടില്ല. സ്വാഭാവികമായി പെരുമാറണമെന്നേ പറയാറുള്ളൂ. സിനിമയിൽ അച്ചടക്കം പാലിക്കണമെന്ന് അച്ഛൻ ഉപദേശിക്കും. ഷൂട്ടിങ് ദിവസങ്ങളിൽ രാവിലെ അഞ്ചിന് എഴുന്നേറ്റ് ആറരയ്ക്കു വണ്ടിയിൽ കയറുന്നതാണ് എന്റെ രീതി.

രാജു: എനിക്കു കിട്ടാത്ത അംഗീകാരങ്ങൾ നിനക്കു ലഭിക്കണമെന്ന ചിന്തയുണ്ടോ. 42 വർഷം സിനിമയിൽ അഭിനയിച്ചിട്ടും ഒരു അവാർഡ് പോലും ലഭിക്കാത്തയാളാണ് ഞാൻ. അവാർഡ് ഉണ്ടെന്നു പറഞ്ഞു ഗൾഫിലേക്ക് ‌വിളിച്ചു കൊണ്ടുപോയി സമയമായപ്പോൾ അവാർഡ് നിഷേധിച്ച അനുഭവവും ഉണ്ട്. പക്ഷേ, ഈ കൈ കൊണ്ട് ഒരുപാട് പേർക്ക് അവാർഡ് കൊടുക്കാൻ ഭാഗ്യമുണ്ടായി. 10 സിനിമ നിർമിച്ചു. ഒരുപാടു പേർക്ക്  പ്രതിഫലം നൽകി. എന്നാൽ ഞാൻ അഭിനയിക്കാൻ ചെല്ലുന്ന സിനിമയിൽ കാശു ചോദിക്കുമ്പോൾ നിർമാതാവ് കരയും. 

നിർമാണച്ചെലവ് കൂടുതലാണെന്നും രാജുവിനു പകുതി കാശേ തരാൻ നിവൃത്തിയുള്ളൂവെന്നുമാണ് ആ കരച്ചിലിന്റെ അർഥം. പണത്തിന്റെ പേരിൽ ആരോടും വഴക്കുണ്ടാക്കാൻ പോയിട്ടില്ല. മകൻ അച്ഛനെക്കാൾ വലിയ നടനാവുകയും ഇതാ നിരഞ്ജിന്റെ അച്ഛൻ മണിയൻപിള്ള രാജു പോകുന്നു എന്ന് ജനം പറയുകയും ചെയ്യുന്നതാണ് എന്റെ  സന്തോഷം.

വനിത മാസികയ്ക്ക് വേണ്ടി എടുത്ത ചിത്രത്തിൽ നിന്നും. ഫോട്ടോഗ്രാഫർ– സരിൻ രാംദാസ്.

നിരഞ്ജ്: നായക നടനായി മുൻനിരയിലെത്തണമെന്ന് മോഹമുണ്ട്. അച്ഛനു ലഭിക്കാത്ത അവാർഡുകൾ നേടണമെന്നും ആഗ്രഹമുണ്ട്. തമിഴിലെ അജിത്തിനെയും വിജയിനെയും പോലെ വിനയത്തോടെ പെരുമാറാനാണ് ശ്രമം. മോഹൻലാൽ എന്ന നടന്റെ വളർച്ചയുടെ പടവുകൾ അച്ഛൻ വിശദീകരിച്ചു തന്നിട്ടുണ്ട്. പണത്തിനു പിന്നാലെ പോകരുതെന്നും നല്ല വേഷങ്ങളിലേ അഭിനയിക്കാവൂ എന്നും പഠിപ്പിച്ചിട്ടുണ്ട്.

രാജു: ഇവനു പേരിട്ടതു തിക്കുറിശ്ശിയാണ്. പ്രേംനസീറിനും ബഹദൂറിനും പ്രിയദർശനും പേരിട്ടത് അദ്ദേഹമായിരുന്നുവല്ലോ. ഇവൻ ഭാവിയിൽ വലിയ നടനായി മാറുമെന്നും അന്നു താൻ ഉണ്ടാവില്ലെന്നും തിക്കുറിശി പ്രവചിച്ചിട്ടുണ്ട്. രണ്ടു പേജുള്ള ഡയലോഗ് കൊടുത്താൽ ഒറ്റ നോട്ടത്തിനു കാണാതെ പറയാൻ ഇവനു കഴിയും. എനിക്ക് ഇപ്പോഴും അതിനു സാധിക്കില്ല. ‘ബ്ലാക്ക് ബട്ടർ ഫ്ലൈസി’ൽ നീ അഭിനയിച്ചപ്പോൾ ജഗദീഷ് എന്നെ വിളിച്ചിരുന്നു. ഒരു ഗാരന്റിയുമില്ലാത്ത തൊഴിലാണ് സിനിമ. നന്നായി പഠിപ്പിച്ച ശേഷമേ മോനെ സിനിമയിൽ അഭിനിയിപ്പിക്കാവൂ എന്ന് ഉപദേശിച്ചു. അതനുസരിച്ച് ഇവനെ   വിദേശത്തു വിട്ടു പഠിപ്പിച്ചു. ഇപ്പോൾ അവസരം വന്നതിനാൽ അഭിനയിച്ചുവെന്നു മാത്രം.

നിരഞ്ജ്: എന്നെക്കുറിച്ച് അച്ഛനുള്ള പ്രതീക്ഷ എന്താണ്?

രാജു: കാണാൻ വലിയ കുഴപ്പമില്ല.‘ബോബി’ കണ്ടപ്പോൾ നീ അഭിനയിക്കുകയാണെന്നു തോന്നിയില്ല. പക്ഷേ ഇനിയും കഠിനാധ്വാനം ചെയ്യണം. ഒന്നോ രണ്ടോ പടം ഒരു വർഷം ചെയ്താൽ മതി. അത് ശ്രദ്ധിക്കപ്പെടണം. സിനിമാ യൂണിറ്റിൽ 150 പേരുണ്ടെങ്കിൽ 150 സ്വഭാവമായിരിക്കും. ആരോടും വഴക്കിനു പോകരുത്. ആവശ്യമില്ലാത്ത കമന്റ് പറയരുത്. എക്കാലത്തും നിന്നെ പിന്തുണയ്ക്കാൻ അച്ഛൻ ഉണ്ടാവില്ല. സ്വയം വളരാനുള്ള കരുത്ത് നേടണം. സിനിമയിലെത്തിയ കാലത്ത് ഭക്ഷണത്തിനു പോലും ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്.

നിരഞ്ജ്: ഇനി എന്നെ വച്ച് അച്ഛൻ സിനിമ നിർമിക്കുമോ?

രാജു: നിനക്കു വേണ്ടി ഞാൻ സിനിമ എടുക്കുകയില്ല. ഞാൻ എടുക്കുന്ന സിനിമയിൽ നിനക്കു യോജിക്കുന്ന വേഷമുണ്ടെങ്കിൽ അഭിനയിപ്പിക്കും. ദുൽഖറിനു വേണ്ടി മമ്മൂട്ടി ആരോടും ശുപാർശ ചെയ്തതായി എനിക്കറിയില്ല. ദുൽക്കർ സ്വയം കഷ്ടപ്പെട്ട് വളരുകയായിരുന്നു. അതുപോലെ നീയും നന്നായി കഷ്ടപ്പെട്ട് സ്വയം വളരണം.

നിരഞ്ജ്: അച്ഛൻ നിർമിക്കുന്ന സിനിമയുടെ സെറ്റിൽ നല്ല ഭക്ഷണമാണ് വിളമ്പുന്നതെന്നും ഒരിക്കൽ അവിടെ പോയി ഭക്ഷണം കഴിക്കണമെന്നും അജു വർഗീസ് പറയുകയുണ്ടായി.

രാജു: ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും വിവേചനം നിലനിന്നിരുന്ന 1975ൽ ആണ് ഞാൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്. 200 രൂപയാണ് അന്നു ശമ്പളം. ഊണിനു വെറും ചോറു മാത്രമേ ഇലയിലുള്ളൂ എന്നു പരാതിപ്പെട്ടപ്പോൾ നസീറും ബഹദൂറും കഴിച്ച പാത്രത്തിൽ ബാക്കിയുണ്ടെങ്കിൽ കൊടുക്കാൻ യൂണിറ്റ് മേധാവികൾ ആജ്ഞാപിച്ച അനുഭവം എനിക്കുണ്ട്. എന്റെ സിനിമയുടെ സെറ്റിൽ സൂപ്പർതാരത്തിനു നൽകുന്ന അതേ ഭക്ഷണം തന്നെയായിരിക്കും സിനിമയിൽ അഭിനയിക്കുന്ന ആനയുടെ പാപ്പാനും കൊടുക്കുക.