ശരത്കുമാർ എന്നു പറഞ്ഞാൽ ചിലപ്പോൾ ഈ നടനെ തിരിച്ചറിഞ്ഞുവെന്ന് വരില്ല, പക്ഷെ അപ്പാനി രവി എന്നുപറഞ്ഞാൽ കേരളക്കരയാകെ തിരിച്ചറിയും. മോഹൻലാൽ പോലും അപ്പാനി രവി എന്നുവിളിക്കുന്ന അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത്ത് പുതിയ സിനിമാവിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.
ശരത്കുമാർ എന്നുള്ള പേര് പരിചയക്കാര്‍ വരെ മറന്നോ?
എല്ലാവരും എന്നെയിപ്പോൾ അപ്പാനി രവി എന്നാണ് വിളിക്കുന്നത്. എനിക്കും ആ വിളിയാണ് ഇഷ്ടം. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ലല്ലോ അത്. സിനിമയിൽ വരുന്നതിനുമുമ്പ് ഞാൻ തീയറ്റർ ആർട്ടിസ്റ്റായിരുന്നു, നടനായിരുന്നു. ഒരു കലാകാരനെ സംബന്ധിച്ച് അയാൾ ചെയ്യുന്ന കലാസൃഷ്ടിയുടെ പേരിൽ അറിയപ്പെടുന്നത് സന്തോഷമാണ്. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് ഒരു നടനെ സംബന്ധിച്ച് ഓസ്കാർ കിട്ടുന്നതിന് തുല്യമാണ്. വെളിപാടിന്റെ പുസ്തകത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ ലാലേട്ടനും അപ്പാനി രവി എന്നാണ് വിളിച്ചത്. ഒരുപാട് സന്തോഷം തോന്നി. എന്റെ അമ്മവരെ അപ്പാനിയെന്നാണ് വിളിക്കുന്നത്. ആ പേരുവിളിക്കുന്നതാണ് എനിക്കും ഇഷ്ടം.
മോഹൻലാലിനൊപ്പമുള്ള വെളിപാടിന്റെ പുസ്തകത്തെക്കുറിച്ച്?
ഞാൻ ലാലേട്ടന്റെ കടുത്ത ആരാധകനാണ്. ജീവിതത്തിൽ എന്നെങ്കിലും കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയോടൊപ്പം മുഴുനീള വേഷം ചെയ്തത് സ്വപ്നം പോലെ തോന്നുന്നു. അദ്ദേഹം സെറ്റിൽ എത്തിയ ആദ്യ ദിവസം ഞാൻ അവിടെ ഇല്ലായിരുന്നു. ലാൽജോസ് സാറിനോട് ലാലേട്ടന് അപ്പാനി രവി അല്ലേ കൂടെ അഭിനയിക്കുന്നത്, അവൻ എവിടെ എന്ന് തിരക്കിയെന്ന് സാർ പറഞ്ഞു. അതൊക്കെ കേട്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ തലേദിവസം ഭയങ്കര ടെൻഷനായിരുന്നു. അദ്ദേഹത്തിനെ കാണുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം കുളിച്ചു. അത് എന്തിനാണെന്ന് എനിക്കറിയില്ല. നരസിംഹത്തിലെ "നിങ്ങളെയും ഗുരുവായൂരപ്പനെയുമൊക്കെ കൂടുതൽ തവണ എന്തിനാ കാണുന്നത്, ആദ്യം കാണുമ്പോൾ തന്നെ മനസിലങ്ങ് കയറുകയല്ലേ?" എന്ന ഡയലോഗാണ് എനിക്ക് ഓർമ്മവന്നത്. അത്തരം ഒരു പ്രത്യേക ആരാധനയാണ് ലാലേട്ടനോട്. ഭാഗ്യത്തിന് അദ്ദേഹത്തിനോടൊപ്പമുള്ള ഡയലോഗ് ആദ്യ ഷോട്ടിൽ തന്നെ ശരിയായി.
മോഹൻലാൽ എന്ന താരത്തെയാണോ വ്യക്തിയെയാണോ ഇഷ്ടം?
മോഹൻലാൽ എന്ന വ്യക്തിയെ പരിചയപ്പെട്ടപ്പോൾ താരത്തോടുള്ള ഇഷ്ടം കൂടി. മറ്റുള്ളവർക്കാണ് അദ്ദേഹം താരം. അദ്ദേഹത്തിന് സ്വയം താൻ ഒരു താരമാണെന്ന ഭാവമേയില്ല, വളരെ സാധാരണക്കാരനായിട്ടാണ് എല്ലാവരോടും ഇടപെടുന്നത്. ഒരുപാട് പുതുമുഖങ്ങളുള്ള ചിത്രമാണ് വെളിപാടിന്റെ പുസ്തകം. സെറ്റിൽ ഞങ്ങളിലൊരാളായിട്ടാണ് ലാലേട്ടൻ പെരുമാറിയത്. ഞങ്ങളോടൊപ്പം ചേർന്ന തമാശപറയാനും രസിക്കാനുമൊക്കെ അദ്ദേഹവും കൂടുമായിരുന്നു. കൂടെ നിൽക്കുന്നവരെ വളരെയധികം സപ്പോർട്ട് ചെയ്യും, അവരെക്കൂടെ ഫ്രെയിമിൽ ഉൾപ്പെടുത്തികൊണ്ട് അഭിനയിക്കാനാണ് അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുന്നത്.
എനിക്ക് അത്ഭുതം തോന്നിപ്പോയി ഇത്ര തിരക്കുള്ള സൂപ്പർതാരമായ ആൾക്ക് എങ്ങനെയാണ് ഇത്രമാത്രം കൂൾ ആയിട്ടിരിക്കാൻ സാധിക്കുന്നതെന്ന്. ചിരിച്ച മുഖത്തോടെയല്ലാതെ ലാലേട്ടനെ സെറ്റിൽ കണ്ടിട്ടേയില്ല. ഇപ്പോൾ എന്ത് ടെൻഷൻ വന്നാലും ഞാൻ ലാലേട്ടനെയാണ് ഓർക്കുന്നത്. ആ മുഖം ഓർക്കുമ്പോൾ തന്നെ എല്ലാ ടെൻഷനും പമ്പകടക്കും.
അങ്കമാലി ഡയറീസിലെ അഭിനയത്തെക്കുറിച്ച് മോഹൻലാലിന്റെ കമന്റ്?
എന്നെ കണ്ടയുടൻ അപ്പാനി ഇങ്ങ് അടുത്തുവരൂ എന്നു പറഞ്ഞാണ് വിളിച്ചത്. തോളിൽതട്ടി സിനിമ കണ്ടു, നന്നായിരുന്നു എന്നു പറഞ്ഞു.
അപ്പാനി രവിയുടെ ഡാൻസും ഹിറ്റാണല്ലോ?
ഞാൻ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല, കൂട്ടുകാരുടെയൊക്കെ കൂടി തമാശയ്ക്ക് കളിക്കാറുണ്ട്. ഇതിപ്പോൾ സിനിമയ്ക്ക് വേണ്ടി നമ്മൾ എന്തും ചെയ്യുമല്ലോ? അടുത്ത സിനിമ പോക്കിരി സൈമണിലും ഒരു ഡാൻസ് നമ്പരുണ്ട്. സണ്ണിവെയ്നും സൈജു കുറുപ്പുമൊക്കെയുള്ള രസകരമായ സിനിമയാണ്. വിജയ്‌യുടെ കടുത്ത ആരാധകനായ കഥാപാത്രമാണ് പോക്കിരി സൈമണിലേത്. ജീവിതത്തിൽ ഞാൻ വിക്രം ആരാധകൻ കൂടിയാണ്. എന്നെങ്കിലും ഒരിക്കൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്.
ലാൽജോസും മോഹൻലാലും ഒത്തുചേർന്ന സിനിമയാണ് വെളിപാടിന്റെ പുസ്തകം. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും?
ലാൽജോസ് സാറിന്റെ ക്ലാസ്മേറ്റ്സ് സിനിമ ഏറെ ഇഷ്ടമാണ്, അന്ന് മനസിൽ ആഗ്രഹിച്ചിരുന്നു അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന്. ലാൽജോസിന്റെ സംവിധാനത്തിൽ മോഹൻലാലിന്റെ സിനിമ ആരാധകർ ഏറെ നാളായി കാത്തിരുന്നതാണ്. ഇതിൽ ഒരു ഭാഗമാകാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമാണ്. ഒപ്പം അഭിനയിച്ചവരും നല്ല പിന്തുണയായിരുന്നു. ജൂഡ് ആന്റണി എനിക്ക് സ്വന്തം ചേട്ടനെപോലെയാണ്. ജൂഡ് സംവിധായകൻ കൂടിയായതുകൊണ്ട് അദ്ദേഹത്തിന്റെ നിർദേശങ്ങൾ പലപ്പോഴും അഭിനയം നന്നാക്കാൻ സഹായിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസിൽ ഒപ്പം അഭിനയിച്ച പെൺകുട്ടിയാണ് അന്ന രാജൻ (ലിച്ചി). അവൾ എന്റെ നല്ല കൂട്ടുകാരി കൂടിയാണ്.
നിമിത്തത്തിൽ ഏറെ വിശ്വസിക്കുന്നയാളാണ് ഞാൻ. എന്റെ ജീവിതത്തിൽ ഇതുവരെ നടന്നിട്ടുള്ളതെല്ലാം ഒരു നിമിത്തത്തിന്റെ ഭാഗമാണ്. ചെയ്യുന്ന പ്രവർത്തി സത്യസന്ധമാണെങ്കിൽ ഫലം സംഭവിക്കുക തന്നെ ചെയ്യുമെന്നാണ് എന്റെ വിശ്വാസം. വെളിപാടിന്റെ പുസ്തകത്തിലെ ഫ്രാൻക്ലിൻ എന്ന കഥാപാത്രവും അങ്കമാലി ഡയറീസിലെ അപ്പാനി രവിയുമെല്ലാം നിമിത്തം പോലെ വന്നുചേരുകയായിരുന്നു.
ഇതിനിടയ്ക്ക് വിവാഹവും ലളിതമായി തന്നെ കഴിഞ്ഞല്ലോ?
പ്രണയിച്ച പെൺകുട്ടിയെ തന്നെയാണ് വിവാഹം കഴിച്ചത്. രേഷ്മ എന്നാണ് ഭാര്യയുടെ പേര്. കോളജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ്. നല്ല നർത്തകിയാണ് രേഷ്മ. നമ്മൾ അക്ഷരമെഴുതി പഠിക്കാൻ തുടങ്ങിയ പ്രായത്തിൽ താളം ചവുട്ടിയാണ് അവൾ പഠിച്ചത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ആർഭാടങ്ങളോട് താൽപര്യമില്ലാത്തവരാണ് ഞങ്ങൾ രണ്ടുപേരും അതുകൊണ്ട് വളരെ ലളിതമായി ചടങ്ങുകളിൽ വിവാഹം ഒതുക്കിയത്. രേഷ്മയോടൊപ്പമുള്ള ആദ്യത്തെ ഓണം എന്ന സന്തോഷവുമുണ്ട്. ഓണം വീട്ടിൽ ആഘോഷിക്കണമെന്നാണ് ആഗ്രഹം.
ഏതുതരം റോളുകളോടാണ് താൽപര്യം?
ഒറ്റസീൻ മാത്രമുള്ള ചെറിയ വേഷമാണെങ്കിലും എന്തെങ്കിലും പെർഫോം ചെയ്യാൻ സാധിക്കണം. അത്തരം വേഷങ്ങളോടാണ് താൽപര്യം. ഏതുതരം കഥാപാത്രമായാലും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കണമെന്ന ആഗ്രഹമുണ്ട്. ഭാഗ്യമുണ്ടെങ്കിൽ നായകനുമായേക്കാം.
ഏതൊക്കെയാണ് വരാനിരിക്കുന്ന മറ്റുസിനിമകൾ?
പോക്കിരിസൈമൺ, അമല, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ സിനിമകളുടെ ഷൂട്ടിങ്ങും ഡബ്ബിങും പൂർത്തിയായി. ഒടിയൻ, കായംകുളം കൊച്ചുണ്ണി, സച്ചിൻ എന്നീ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട് പിന്നെ പേരിടാത്ത കുറച്ചു ചിത്രങ്ങളിലും കമിറ്റ് ചെയ്തിട്ടുണ്ട്.