ആ ചെറു പറവകൾ കണ്ണിൽ നിന്ന് മായാതങ്ങനെ നില്‍ക്കുകയാണ്. ഇച്ചാപ്പിയും ഹസീബും... ഒറ്റകൈകൊട്ടു കൊണ്ട് പറവയെ പറത്തി അതിന്റെ ചിറകടികൾക്കിടയിലൂടെ നോക്കി പ്രണയം പറയുന്ന ഇച്ചാപ്പിയും അവന്റെ ചങ്ങായിയും. എന്താൺണ്ടാ ഹസിബേ... ഒന്നുല്ലടാ ഇച്ചാപ്പി... എന്നൊക്കെയുള്ള അവരുടെ വര്‍ത്തമാനം പറയുന്ന രണ്ടു കുട്ടികൾ. കടലോരത്തെ കാറ്റാടികൾക്കും തിരമാലയുമ്മയിലലിയാനെത്തുന്ന കുട്ടികൾക്കും വേണ്ടി ആരോ ആകാശത്തേയ്ക്കു പറത്തിവിട്ട പട്ടങ്ങളെ പോലെ അവരങ്ങനെ പറന്നു നടക്കുകയാണ്. സിനിമ കണ്ടിറങ്ങിയിട്ടും മട്ടാഞ്ചേരിയിലെ കടുംചായങ്ങൾ തേച്ച പഴയ മതിൽക്കെട്ടുകൾക്കിടയിലൂടെ മനസങ്ങനെ നടന്നുപോകുന്നത് ഇവർ കാരണമാണ്. സൈക്കിൾ ചവിട്ടിയും പ്രാവു പറത്തിയും ആകാശത്തേയ്ക്കു നോക്കി അവരുടെ പറക്കൽ കണ്ടും മീനിനെ നോക്കി കൺചിമ്മിയും അവരങ്ങനെ....
സിനിമയിൽ കാണുന്ന ആ പിള്ളേര് തന്നെയാണ് ശരിക്കും ജീവിതത്തിലും അവർ. പ്രാവു പറത്തലും മീൻ വളർത്തലും സൈക്കിളും കളിയും ഇത്താത്തമാരും കൂട്ടുകാരും എല്ലാം അതുപോലെ തന്നെയുണ്ട്. ഫോൺ വിളിച്ചു സംസാരിച്ചു തുടങ്ങി അവസാനിക്കും വരെ അപ്പുറത്തു നിന്ന് സംസാരിക്കുന്നത് ഇച്ചാപ്പിയും ഹസീബുമല്ല എന്ന തോന്നാത്തവിധം യാഥാർഥ്യതയുണ്ട് അവർക്ക്. സൗബിൻ ആക്ഷനും കട്ടും പറയുന്നതിനനുസരിച്ച് അവര്‍ അതേപടി അത് ചെയ്തുവെന്നേയുള്ളൂ. അതുകൊണ്ടു തന്നെയാണ് ആ അഭിനയത്തിന് അപാരമായ നിഷ്കളങ്കത വന്നതും.
നീ ഒന്നും ചെയ്യണ്ട...ഇത്രയും നാൾ ചെയ്തതു തന്നെ ചെയ്താ മതിയെന്ന് പറഞ്ഞ് ഓരോ സീനുകളിലും ഇച്ചാപ്പിയേയും ഹസീബിനേയും പെർഫെക്ടാക്കിയ സൗബിൻ ഇവരെ കണ്ടെത്തിയതും കേട്ടിരുന്നാൽ സുഖം തീരാത്തൊരു കഥപോലുള്ള കാര്യമാണ്.
ഡാ നിക്കടാ...
ഒരു കല്യാണം കഴിഞ്ഞ് വരുന്ന വഴിയ്ക്ക് സിനിമയിൽ കാണുന്ന പോലെ സൈക്കിളിന്റെ മുൻ ചക്രം പൊന്തിച്ച് അഭ്യാസം കാണിക്കുന്നതിനിടയിലാണ് ഇച്ചാപ്പിയായി വേഷമിട്ട അമൽ ഷായെ സൗബിന്റെ കയ്യിൽ കിട്ടുന്നത്. ഡാ നിക്കടാ...എന്നും വിളിച്ചോണ്ട് പുറകെ ഓടിച്ചെല്ലുകയായിരുന്നു. സൈക്കിളിൽ കുരുത്തക്കേട് ഒപ്പിച്ചതിനെ വഴക്കു പറയാൻ വന്നൊരു നാട്ടുകാരൻ എന്നാണ് വിചാരിച്ചത്. അൽപം വിരട്ടുന്ന പോലെ സംസാരിച്ച് അമലിന്റെ വീട്ടിലെ നമ്പറും വാങ്ങി സൗബിൻ പോയി. വീട്ടില്‍ വിളിച്ച് ഇക്കാര്യം പറയുമെന്ന് പേടിച്ചിരിക്കുകയായിരുന്നു. വിചാരിച്ച പോലെ വിളി വന്നു സൈക്കിളില്‍ കാണിച്ച ആ കുസൃതി സിനിമയിലേക്ക് വഴി തുറക്കുകയായിരുന്നു.
സൈക്കിളിലെ വീഴ്ച
സൈക്കിളിലേറിയാണ് ഗോവിന്ദ് പി പൈയും ഹസീബായി സിനിമയിലെത്തിയത്. ഞാൻ ശരിയാക്കിയെടുത്തോളാം എന്നു പറഞ്ഞ് സൗബിൻ കണ്ടുപോകുമ്പോൾ പിന്നീട് സിനിമ കണ്ടിറങ്ങുന്നവർ ഈ അഭിനയത്തിനെന്താ ചന്തം എന്നു പറയുമെന്നൊന്നും ഗോവിന്ദ് ചിന്തിച്ചിരുന്നേയില്ലേ...അമ്മയുടെ കുഞ്ഞ് ചായക്കടയിലേക്ക് സ്ഥിരമായി എത്തിയിരുന്നു സൗബിൻ. അങ്ങനെയൊരു ദിവസമാണ് ഗോവിന്ദിനെ കാണുന്നത്.
കളിച്ചിട്ട് വരണ വഴിക്ക് ഞാൻ സൈക്കിളിൽ നിന്ന് വീഴണതാണ് ഇവര് കാണണേ...ആ വീഴ്ച കണ്ടിഷ്ടപ്പെട്ട് സൗബിക്ക സിനിമേല് എടുത്തേണ്. രണ്ടു ദിവസം കഴിഞ്ഞ് വീട്ടി വന്ന് അമ്മയോടൊക്കെ സംസാരിച്ച് സെറ്റാക്കി...ഞാൻ അപ്പഴും കളിക്കേര്ന്ന്. എന്നോട് വന്ന് ചോദിച്ച്, നെനക്ക് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോന്ന്...ഞാൻ ഒണ്ട് എന്ന് പറഞ്ഞ്. റൂമിൽ കൊണ്ടുപോയി ഇച്ചാപ്പീനെ പരിചയപ്പെടുത്തി....സിനിമയിലേക്കുള്ള വരവിനെ കുറിച്ച് ഗോവിന്ദ് ഇങ്ങനെയാണ് പറഞ്ഞത്. ഏത് സ്കൂളിലാ പഠിക്കുന്നേന്ന് ചോദിച്ചപ്പോൾ വിക്രമാദിത്യനില്‍ കാണിക്കുന്ന സ്കൂളില്ലേ...ടിഡി സ്കൂൾ മട്ടാഞ്ചേരി...അതാണ് എന്റേത് എന്നു പറയുന്ന സിനിമയോട് അത്രയും ഇഷ്ടമുള്ള ഗോവിന്ദിനെ തന്റെ ഹസീബാക്കാൻ പിന്നെയൊന്നും ചിന്തിക്കേണ്ടി വന്നില്ല.
എങ്ങനെയിങ്ങനെ
സിനിമയിലങ്ങനെ ഇത്രമാത്രം ഹൃദയംതൊടും പോലെ അഭിനയിക്കാനായി എന്നു ചോദിച്ചാൽ അമലിനും ഇങ്ങനെ തന്നെയേ പറയാനുള്ളൂ.
പ്ലസ് ടു കൊമേഴ്സിന് പഠിക്കുകയാണ് അമൽ ഷാ. പ്ലസ് വണിൽ പഠിക്കുമ്പോഴായിരുന്നു ഷൂട്ടിങ്. ഗോവിന്ദിനും അങ്ങനെ തന്നെ. കുറേ ക്ലാസുകളൊക്കെ പോയി. പക്ഷേ സിനിമയിലെ കാണുന്ന ടീച്ചറെ പോലെയുള്ള ടീച്ചർമാര് തന്നെയാണു പഠിപ്പിക്കുന്നതും. അതുകൊണ്ട് വലിയ പ്രശ്നമൊന്നുമുണ്ടായില്ല. ഗോവിന്ദിന് ദേവുപ്രിയ മിസിനെയാണ് പ്രിയം. പിന്നെ പ്രാവു വളര്‍ത്തലും പറത്തലും കുത്തി മറിയലും മീനിനെ വായിലാക്കി ഓട്ടവും എല്ലാം പണ്ടേ ചെയ്തുപോരുന്ന കാര്യങ്ങൾ.
പ്രാവിനെ ഇണക്കിയ ചേട്ടൻമാര്
സിക്സറും ഫോറും പറത്തി സച്ചിനും സെവാഗുമൊക്കെയായി മാറുന്ന ചേട്ടന്‍മാരേയും വീറോടെ അവർ പ്രാവു പറത്തി ജയിക്കുന്നതു കണ്ടുമൊക്കെ കണ്ടുതന്നെയാണ് വളർന്നത്. സിനിമയില് കാണുന്ന പോലെ തന്നെയാണ് മട്ടാഞ്ചേരിയെന്ന് ഇരുവരും പറയുന്നു. സിനിമയിലേക്കു വേണ്ടി ഒമ്പതു മാസം കൊണ്ടാണ് പ്രാവിനെ ഇണക്കിയെടുത്തത്. രാജ, വിജിത്ത് എന്നീ രണ്ടാളുകളാണ് പ്രാവു വളർത്തലൊക്കെ പഠിപ്പിച്ചത്.
സിനിമയിലെ പോലെ ജീവിതത്തിലുമെന്ന് ഇരുവരും പറയുന്നു. ജീവിതം അതുപോലെ തന്നെ. ഗോവിന്ദിന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം. ചേട്ടൻ അമ്മയെ ചായക്കടയിലെ പണിയിൽ സഹായിക്കുന്നു. അമ്മ ഒത്തിരി കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. കുരുത്തക്കേട് മാത്രമേ കയ്യിലുള്ളൂ. എവിടെ പോയാലും അവിടെ അലമ്പാക്കുക എന്നാണ് പരിപാടി. സിനിമയിൽ കാണുന്ന പോലെ ഒരു സുറുമി ജീവിതത്തിലില്ല ഇതുവരെ. ഇനി വരോ എന്ന് അറിയില്ല. സ്കൂളില്‍ ഇതിനിടെ ഒരു ചെറിയ അനുമോദന ചടങ്ങിനൊക്കെ പോയി. ഗോവിന്ദ് പറയുന്നു. ഫോർട്ട് കൊച്ചിയിലാണ് രണ്ടാളുടേം വീട്. മുൻ പരിചയമൊന്നുമില്ല. ഒന്നര വര്‍ഷത്തോളമായി പറവയ്ക്കൊപ്പം. അതുകൊണ്ട് ഇപ്പോൾ നല്ല ചങ്ങാതിമാരാണ്.
അടിപൊളി സൂപ്പറ്
സിനിമാഭിനയവും പ്രതികരണവുമൊക്കെ എങ്ങനുണ്ടെന്ന് ചോദിച്ചപ്പോൾ ഒറ്റവാക്കിൽ അമൽഷാ പറഞ്ഞു നിർത്തി. അടിപൊളിയാണ്...
സൂപ്പറാ എന്നൊക്കെ എല്ലാരും പറഞ്ഞേ...അടിപൊളി കമന്റ്. സിനിമയൊന്നും മനസിലേ ഉണ്ടായിരുന്നില്ല. ഇപ്പോൾ കിട്ടിയതുകൊണ്ട് ചെയ്തു. നന്നായി പഠിക്കണം. പടത്തിലൊക്കെയായിട്ട് നിൽക്കണം. അങ്ങനെയാണ് ആഗ്രഹം. ഗോവിന്ദിനെ പോലെ അമൽ ഷായ്ക്കും ഒരു ചേച്ചിയുണ്ട്.
''അഭിനയിച്ച് മുൻപരിചയമൊന്നുമില്ല. പിന്നെ നമ്മളെ ഇക്കാന്റെ ഷൂട്ടൊക്കെ വരുമ്പോൾ പോകാറുണ്ട്....ഇക്ക എന്ന് പറയുമ്പോൾ തെറ്റിദ്ധരിക്കരുത്...ദുല്‍ക്കർ സൽമാനെയാണ് കക്ഷി ഉദ്ദേശിച്ചത്. ഇക്കാന്റെ പടങ്ങളൊന്നും വിടാറില്ല. സിഐഎ വരെയുള്ള എല്ലാ പടങ്ങളും കണ്ടിട്ടുണ്ട്". അമൽ പറയുന്നു.
സിനിമ കാണാൻ ചെന്നിരുന്നപ്പോൾ അമലിന് ചെറിയൊരു ടെൻഷനൊക്കെയുണ്ടായിരുന്നു. പക്ഷേ സൈക്കിളിൽ പറന്നുപോകുന്നതിനും പ്രാവിനെ പറത്തിക്കുന്നതിനുമൊക്കെ തീയറ്റർ നിറഞ്ഞ് കയ്യടിച്ചപ്പോൾ ആ ടെൻഷനും പിന്നെയങ്ങു പാറിപ്പോയി.
ഷൂട്ടിങിനെ കുറിച്ചെന്തു ചോദിച്ചാലും സൗബിക്ക എന്നു പറയാതെ ഒരു വാക്യം പോലും പൂർത്തിയാക്കാറില്ല രണ്ടാളും. ഗോവിന്ദിന് ശരിയ്ക്കും കൊങ്കിണിയേ അറിയുള്ളൂ. ലീഡറാ...നീയാ എന്നു ചോദിക്കുന്ന രംഗവും പിന്നെ കല്യാണ വീട്ടിലെ ആ നിൽപും പറച്ചിലുമെല്ലാം പൂർത്തിയാക്കാൻ എത്ര ടേക്ക് എടുത്തുവെന്ന് ഗോവിന്ദിനു തന്നെയറിയില്ല. സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ കുറേ സീനൊക്കെ ചെയ്തു കാണിച്ചു തന്നു. അങ്ങനെയൊക്കെയാണ് ചെയ്തത്.
''ഒരു അഞ്ചു ടേക്ക് വരെയൊക്കെ ഇക്ക നോക്കും. പിന്നെ തമാശയായിട്ട് വഴക്കു പറയും. നീ അന്ന് ചെയ്തില്ലേ...അതുപോലെ മതി...അങ്ങനെയൊക്കെ പറഞ്ഞ് ശരിയാക്കിക്കും. പറവയെ കൈകൊട്ടി പറത്തി വിടണ സീന് മൂന്നു ദിവസമെടുത്ത്'' ഗോവിന്ദ് പറയുന്നു.
പറവയിലെ ആ കരച്ചിൽ സീനിലേക്ക് ഇരുവർക്കും അധികം ഗ്ലിസറിനൊന്നും നൽകിയില്ല സൗബിൻ. പത്തറുപത് ദിവസമായില്ലേ...ഇനി അങ്ങ് കരഞ്ഞോ...എന്നായിരുന്നു സീനിനെ കുറിച്ചു നൽകിയ ഇൻട്രോ...ചുറ്റുമുള്ളവരെ പോലും കരയിപ്പിച്ച് അസാധ്യ പെർഫക്ഷനോടെ അത് പൂർത്തിയാക്കി.
ഫോർട്ട് കൊച്ചീല് വരുന്ന സിനിമ ഷൂട്ടിങിലൊക്കെ കൗതുകത്തോടെ നോക്കി നടന്നിരുന്ന രണ്ടു കുട്ടികൾ. തീർത്തും സാധാരണ ചുറ്റുപാടി വളർന്ന രണ്ടു കുട്ടികൾ. എനിക്കും കൂടി അഭിനയിക്കാൻ കിട്ടിയിരുന്നെങ്കിലെന്നു ചിന്തിച്ചു നടന്ന രണ്ടുപേര്. അവരെയാണ് സിനിമയിൽ കണ്ടത്. ഔപചാരികതകളൊന്നുമില്ലാതെ അവരെക്കൊണ്ട് ആ വേഷപ്പകർച്ച സംവിധായകൻ ചെയ്യിപ്പിച്ചതു കൊണ്ടാണ് മട്ടാഞ്ചേരിയിലെ കാഴ്ചകൾ പോലെ അതങ് ഹരംപിടിപ്പിച്ചത്. മട്ടാഞ്ചേരിയെന്ന നാട് നെഞ്ചിലൊളിപ്പിച്ച മറ്റൊരു മട്ടാഞ്ചേരിയാണ് ഇച്ചാപ്പിക്കും ഹസീബിനുമൊപ്പം നമ്മൾ കണ്ടതും.
എങ്ങനെയാണ് കഥാപാത്രങ്ങളെ കണ്ടെത്തിയെന്നതിന് ഓരോ സംവിധായകനും പറയാനുണ്ടാകും ഒരു കഥ. ചിലപ്പോൾ ആ കഥ സിനിമയെ പോലെയൊ അല്ലെങ്കിൽ അതിനപ്പുറമേ ഹൃദയത്തോടു ചേരും. സിനിമയിങ്ങനെ കാലം കടന്നുപോകും തോറും പ്രേക്ഷകന്റെ നെഞ്ചകങ്ങളിലേക്ക് പിന്നെയും ചാഞ്ഞിറങ്ങുന്നുവെന്നതിനും ഉത്തരം അതുതന്നെ.
ഉമിനീരു കലങ്ങിയ വെളളം പ്രാവിന്റെ ചുണ്ടിലേക്കു പകർന്നും മീനുകളെ നോക്കി ചിരിച്ചും കല്യാണ വീട്ടിൽ പോയി വയറു നിറയെ ബിരിയാണി തിന്നും ഇച്ചാപ്പിയും ഹസീബും മനസുകളുടെ വെള്ളിത്തിരയിലിനിയെന്നും അങ്ങനെ തന്നെ നിൽക്കും. അത്രമേൽ സത്യസന്ധമാണ് ആ കഥാപാത്രങ്ങൾ...അതുകൊണ്ടു കൂടിയാണ് ദുൽക്കർ സൽമാൻ എന്ന താരമൂല്യം ഏറെയുള്ള നടൻ അഭിനയിച്ചൊരു സിനിമയായിട്ടും അതു കണ്ടിറങ്ങിയവര്‍ പറഞ്ഞത്...
കണ്ണടച്ചാൽ ഇച്ചാപ്പിയും ഹസീബുമാണെന്ന്...അവരെയൊത്തിരി ഇഷ്ടമായെന്ന്....