സംഘടനകളെ ഭയമില്ല, വീട്ടിലെ റേഷനരിയാണ് എന്റെ വിഷയം: വിനായകൻ

വയനാടൻ ചുരത്തില്‍ ചൂളം വിളിച്ചെത്തുന്ന  കാറ്റിനു പോലും പറയാനുള്ളത് ആ കഥയാണ്. നൂറ്റാണ്ടുകൾക്ക് മുൻപു നടന്ന കൊടുംചതിയുടെയും പ്രതികാരത്തിന്റെയും കഥ. ആത്മാവും ശരീരവും ഒരു മരത്തിൽ തളക്കപ്പെട്ട കരിന്തണ്ടന്റെ കഥ. സവർണ മേധാവിത്വവും ബ്രിട്ടീഷ് അധിനിവേശവും ചതിച്ചു കൊന്നവൻ. അവനാണ് കരിന്തണ്ടൻ. വയനാടൻ കാടിന്റെ സംരക്ഷകൻ. കാട്ടുമക്കളുടെ കൺകണ്ട ദൈവം. 'കരിന്തണ്ട' കാരണവർ. 

കരിന്തണ്ടനാകാൻ കച്ചമുറുക്കുകയാണ് മലയാളിയുടെ പ്രിയതാരം വിനായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദിവാസി വിഭാഗത്തിൽ പെട്ട സംവിധായികയായ ലീല ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. വിനായകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാകാൻ സാധ്യതയുള്ള സിനിമ. അങ്ങനെ, ഒട്ടനവധി സവിശേഷതകളുള്ള മലയാള ചിത്രം. ചരിത്രമാകാൻ പോകുന്ന ഒന്ന്... അങ്ങനെ പലതാണ് 'കരിന്തണ്ടൻ'. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും ആകാംക്ഷയും മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് വിനായകൻ. ഒപ്പം വ്യക്തമായ നിലപാടുകളും

മലയാള സിനിമയിലെ കാത്തിരുന്ന കഥാപാത്രം

'വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന കഥാപാത്രമാണ് കരിന്തണ്ടൻ. മലയാള സിനിമയിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും കരിന്തണ്ടൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ചെയ്യണമെന്ന് അത്രയധികം ആഗ്രഹിച്ച ഒരു കഥാപാത്രം. സിനിമയുമായി ബന്ധപ്പെട്ട് തീർച്ചയായും ചെയ്യേണ്ട ഒരു കഥാപാത്രമാണ് കരിന്തണ്ടൻ എന്നാണ് അതിന്റെ പെട്ടന്നുള്ള ഒരു വാക്ക്.

ഞാൻ വെറും നടനാകാൻ വന്നതല്ല, സൂപ്പർ ഹീറോ!

ഞാനൊരു കറുത്ത മനുഷ്യനാണ്. ഒരു കറുത്ത മനുഷ്യന് നായകനാകാൻ എന്തുചെയ്യാമെന്നതാണ് എന്റെ ചിന്ത. ഞാനങ്ങനെ വെറുതെ നടനാകാൻ വേണ്ടി മാത്രം വന്ന ആളല്ല. സൂപ്പർ ഹീറോ ആകാൻ തന്നെ വന്ന വ്യക്തിയാണ്. പതിനഞ്ച് വർഷം മുൻപുള്ള എന്റെ ചിന്തകളാണ് അത്. എനിക്ക് എങ്ങനെ സൂപ്പർ ഹീറോ ആകാം ? അതിനു പറ്റുന്ന ഏതെല്ലാം കഥാപാത്രങ്ങളാണ് കേരളത്തിലുള്ളത് എന്നും ഞാന്‍ അന്വേഷിച്ചു. എന്റെ തൊലിയുടെ നിറവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ പറ്റി അറിയാനുള്ള ശ്രമത്തിനിടെയാണ് 'കരിന്തണ്ടന്‍'  എന്ന കഥാപാത്രത്തെ പറ്റി അറിയുന്നത്. ശരിക്കു പറഞ്ഞാൽ ആറേഴ് വർഷം മുമ്പ് തന്നെ എന്റെ മനസ്സിൽ ആ കഥാപാത്രമുണ്ട്. ഇപ്പോഴാണ് അതിന്റെ കൃത്യമായ ഒരു രൂപരേഖ തയ്യാറായത്. അതുകൊണ്ടാണ് ഇപ്പോൾ അത് അനൗൺസ് ചെയ്തത്.

കരിന്തണ്ടനായി കഠിന പ്രയത്നം

കരിന്തണ്ടനെന്നാൽ അമാനുഷികനായ ഒരാളാണെന്നാണ് ഞാന്‍ കേട്ടറിഞ്ഞിട്ടുള്ളത്. ആനയെ വരെ ഇടിച്ചിടുമായിരുന്നു. അത്രയും ശക്തിയുള്ള ആളാണ് കരിന്തണ്ടൻ. അതുകൊണ്ടുതന്നെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി വർക്ക് ചെയ്യുന്ന സിനിമകളിൽ പോലും ഞാന്‍ എന്റെ ശരീരഘടന അതുപോലെ പാകപ്പെടുത്തി എടുക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. 

പക്ഷെ നാൽപ്പത്തഞ്ചു വയസുള്ള വ്യക്തിയാണ് ഞാൻ. എന്നാല്‍, കരിന്തണ്ടൻ, മുപ്പത്തിയഞ്ച് വയസ് പ്രായമുള്ളപ്പോൾ മൺമറഞ്ഞു പോയ ആളാണ്. അതുകൊണ്ട് എന്റെ ശരീരഘടന അതിലേക്ക് മാറ്റിയെടുക്കുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. അതിനായി ഞാൻ കഠിന പ്രയത്നം തന്നെ നടത്തേണ്ടതുണ്ട്. പിന്നെ ഭാഷ. അത് വയനാട്ടിലെ ആദിവാസി ഭാഷയാണ്. അതു ഞാൻ പഠിച്ചെടുക്കുക തന്നെ വേണം.ഇതൊക്കെയാണെങ്കിലും കാടിന്റെ ഹീറോ ആകുക എന്നത് മാത്രമാണ് എന്റെ മനസ്സിലിപ്പോൾ ഉള്ളത്. എത്രത്തോളം മനോഹരമായി കരിന്തണ്ടൻ ചെയ്യാനാകുമോ അത്രത്തോളം ആ കഥാപാത്രത്തെ മനോഹരമാക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം.

എന്റെ കരിന്തണ്ടൻ നട്ടെല്ലുള്ള ലീലയ്ക്കൊപ്പം

രാജീവ് രവിയാണ് ലീലയെ പറ്റി എന്നോട് പറയുന്നത്. കരിന്തണ്ടൻ എന്നൊരു പ്രോജക്ട് അവർ ചെയ്യാനുദ്ദേശിക്കുന്നതായും അവരുമായി ഒന്ന് സംസാരിക്കാനും രാജീവ് രവി എന്നോട് പറഞ്ഞു. കമ്മട്ടിപ്പാടത്തിന് മുൻപെ ഇങ്ങനൊരു പ്രോജക്ടിനെ പറ്റി  അറിയുകയും ആ പ്രോജക്ട് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. 

ഒരു സാധാരണ ഹീറോ ആകുന്നതിന് പകരം ഒരു സൂപ്പർ ഹീറോ ആകുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ, എന്റെ കഥാപാത്രം എന്നത് രണ്ടാമത്തെ കാര്യമായി മാറി ലീല എന്ന നട്ടെല്ലുള്ള സ്ത്രീയെ പരിചയപ്പെട്ടപ്പോൾ. അത്രയും വലിയൊരു പ്രയത്നമാണ് ഇതുപോലൊരു ചരിത്ര സിനിമ ചെയ്യാനായി അവർ നടത്തിയത്. ഇപ്പോൾ പലരും പറയുന്നതു കേട്ടു കരിന്തണ്ടൻ മറ്റുപലരുടെയും പ്രോജക്ടാണെന്നൊക്കെ. ആർക്കും എന്തുവേണമെങ്കിലും പറയാം. കാരണം മഹാബലി ഒന്നേയുള്ളു എങ്കിലും അദ്ദേഹം എല്ലാവരുടെയുമാണ്. അതുപോലെ കരിന്തണ്ടന്റെ കഥ ഓരോരുത്തർക്കും ഓരോന്നാണ് പക്ഷെ, എന്റെ കരിന്തണ്ടൻ ഇതാണ്. ലീലയ്ക്കൊപ്പമാണ്. അതിൽ ഞാൻ പൂർണമായും ലീലയ്ക്കൊപ്പം നിൽക്കുന്നു. 

സംഘടനകളുമായി യാതൊരു ബന്ധവുമില്ല, ഭയക്കുന്നില്ല

സിനിമാ മേഖലയിലെ ഒരു സംഘടനയുമായും എനിക്ക് യാതൊരു ബന്ധവുമില്ല. അത് 'അമ്മ'യായാലും 'ഡബ്ല്യുസിസി' ആയാലും. ഈ രണ്ട് സംഘടനകളിലും ഒരു രീതിയിലും ഞാൻ ഭാഗമല്ല, അവരോടു അകൽച്ചയുമില്ല. കാരണം ഇന്ന് വരെ ആ സംഘടനയിലെ ഒരു താരങ്ങളും എന്നോടൊപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ല. 'അമ്മ' യുടെ ഭാഗമാകണമെന്ന് ഈ അടുത്തകാലത്ത് ഞാൻ വിചാരിച്ചിരുന്നു. അപ്പോഴാണ് ഈ വിവാദങ്ങളൊക്കെ ഉണ്ടാകുന്നത്. ഇനി ഇതെല്ലാം ഒന്ന് കലങ്ങിത്തെളിയട്ടെ. 'അമ്മ' യെന്ന സംഘടനയെ പൊളിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ, ഒരു ജനാധിപത്യ മര്യാദ വേണം എന്നത് നിർബന്ധമാണ്. 

ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞാൽ ആ പെൺകുട്ടിക്കൊപ്പമാണ് ഞാൻ നിൽക്കുക. അത്രമാത്രമാണ് ഞാൻ പറഞ്ഞത്. അല്ലാതെ സംഘടന തകർക്കാനൊന്നും പറഞ്ഞില്ല. എന്റെ വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം. മറിച്ച് ആരുടെയും സ്വകാര്യതയിൽ ഞാൻ ഇടപെടാറില്ല. ഒരു സംഘടനയുമായും എനിക്ക് യാതൊരു ബന്ധവുമില്ല.