Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ വില്ലനായി കാണുന്നവരുണ്ടാകാം : ജോണി ആന്റണി

jhony-antony-dileep

ദിലീപിന് ബ്രേക്ക് നൽകിയ ഹിറ്റ് ചിത്രം സിഐഡി മൂസയിലൂടെയാണ് ജോണി ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ കരയറിലെ സൂപ്പർഹിറ്റായ കൊച്ചിരാജാവും ജോണി ആന്റണിയാണ് ഒരുക്കിയത്. ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോണി ആന്റണി മനസ്സുതുറന്നു. 

‘ദിലീപിനെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് കാണുന്നത്. ആരും എപ്പോള്‍ വേണമെങ്കിലും ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്ന് പെടാമല്ലോ, അത് സത്യമാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം നിരപരാധിയാണ്. സഹപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പമാണ്. അദ്ദേഹത്തെ ആശ്വസിപ്പിച്ചിട്ടുണ്ട്.’–ജോണി ആന്റണി പറഞ്ഞു.

‘അദ്ദേഹം അത് ചെയ്തിട്ടില്ലെന്ന് പറഞ്ഞിരുന്നു. എനിക്കറിയാവുന്ന ദിലീപ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. അദ്ദേഹം പറഞ്ഞതാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള കാര്യമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ആ കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടവും വിഷമവുമുണ്ട്. എന്നാല്‍ ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല.’–ജോണി ആന്റണി പറഞ്ഞു.

‘ദിലീപിനെ വില്ലനായി കാണുന്നവരുണ്ടാകാം, എന്നാല്‍ ഞാനടക്കമുള്ളവര്‍ ദിലീപിനെ പഴയ സുഹൃത്തായിട്ടും നടനായുമൊക്കെയാണ് കാണുന്നത്. സിനിമ നന്നായാല്‍ വിജയിക്കും. അദ്ദേഹം നടനായിത്തന്നെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. രാമലീലയ്ക്ക് മികച്ച വിജയമാണ് ലഭിച്ചത്. കമ്മാരസംഭവം വേറെ വിഷയമായിരുന്നു. അതാണ് അതത്ര വിജയമാവാതിരുന്നത്. പ്രൊഫസര്‍ ഡിങ്കന്‍ പുറത്തിറങ്ങാനായി കുറച്ചധികം സമയമെടുക്കും.’–ജോണി ആന്റണി പറഞ്ഞു. 

ദിലീപിന് ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് അത്യാവശ്യമായി വന്നതിനാലാണോ മൂസയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചതെന്ന് ചോദിച്ചപ്പോള്‍ അത് അടുത്തൊന്നും സാധ്യമാവില്ലെന്നും ജോണി ആന്റണി പറഞ്ഞു. ‘ഇപ്പോള്‍ ആലോചിച്ചാല്‍ 2 വര്‍ഷം കഴിഞ്ഞേ ആ പ്രോജക്ട് നടക്കൂ. അത്രയും സ്റ്റഡി ചെയ്‌തേ അത് നടത്താനാവൂ. ഒരുപാട് ആര്‍ടിസ്റ്റുകളെ നഷ്ടമായിട്ടുണ്ട്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ ഇവരിപ്പോഴില്ല. അമ്പിളിച്ചേട്ടന് വയ്യാതായി. പോസ്റ്റ് പ്രൊഡക്‌ഷന്‍ ടീമിനെ നേരത്തെ കൊണ്ടുവന്ന് സ്റ്റോറി ബോര്‍ഡൊക്കെ സെറ്റ് ചെയ്യണം. ഒരുപാട് സമയമെടുക്കും. ദിലീപിന് പ്രശ്‌നമുണ്ടായപ്പോഴല്ല മൂസയുടെ സെക്കന്റ് പാര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ തുടങ്ങിയിരുന്നു.’

‘കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയ താരമാണ് ദിലീപ്. സിഐഡി മൂസയിലൊക്കെ അഭിനയിക്കുന്ന സമയത്തെ ഇമേജ് അതായിരുന്നു. രണ്ടാം ഭാഗം ഇറക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇമേജിനെക്കുറിച്ചൊന്നും ഭയമില്ല. ഇന്നും ഈ സിനിമ കാണുന്നവരുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കുറ്റാരോപിതനെന്ന് അറിയില്ല. കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ബഹിഷ്‌കരിക്കാനും മാത്രമുള്ള ഒരു സംഭവവും ഇവിടെ നടന്നിട്ടുമില്ല.’

താരത്തിന്റെ അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അല്ലാതെ വ്യക്തി ജീവിതത്തിലെ കാര്യത്തിനല്ല. ദിലീപിനെ വെച്ച് പടം ചെയ്യാന്‍ താന്‍ തയാറാണെന്നും പറ്റിയ വിഷയം ലഭിച്ചാല്‍ ഏത് നിമിഷവും അത് സംഭവിക്കുമെന്നും ജോണി പറയുന്നു. ‘അന്നു സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതലൊന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിന്നിട്ടില്ല. ദിലീപിനോട് അങ്ങനെ ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹം അങ്ങനെ ചെയ്തുവെന്ന് വിശ്വസിച്ചത് കൊണ്ടല്ല മറിച്ച് അങ്ങനെ കേട്ടപ്പോഴാണ് ചോദിച്ചത്.’–ജോണി ആന്റണി പറഞ്ഞു.