Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരാളിയുടെ അതിജീവനം; ഒരു തോപ്രാംകുടിക്കാരന്റെയും

saju-thomas-neerali മോഹൻലാലിനൊപ്പം സാജു

തോപ്രാംകുടിയെന്നാല്‍ ഞങ്ങള്‍ പഴയൊരു ജേർണലിസം ക്ലാസിലെ സഹപാഠികള്‍ക്ക് സാജു തോമസാണ്. പിന്നെയാണ് ലൗഡ്‌സ്പീക്കറൊക്കെ വന്ന് തോപ്രാംകുടിയെ പ്രശസ്തമാക്കിയത്. എങ്കിലും തോപ്രാംകുടി എന്നു പറഞ്ഞാല്‍ സാജുവിനെ ഓര്‍മവരും. എന്തായാലും സഹപാഠികളില്‍ ഒരാള്‍കൂടി സിനിമാക്കാരനാകുന്നതിന്റെ ആഹ്ലാദത്തിലാണ് ഞങ്ങള്‍ കുറച്ചുപേര്‍. 

ഇത്ര സൗമ്യനായിട്ടും ജേർണലിസം ക്ലാസിലെ ഏറ്റവും വലിയ നോട്ടപ്പുള്ളിയായിരുന്നു സാജു തോമസ്. കാരണം മറ്റൊന്നുമല്ല, ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയുന്ന ഏഴടിയിലേറെ വരുന്ന പൊക്കക്കാരന്‍. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വളരെ സൗമ്യമായി തലതിരിഞ്ഞ ഉത്തരം മാത്രം നല്‍കി പുഞ്ചിരിക്കുന്ന സാജുവിനെയാണ് ക്ലാസില്‍ നിന്നുള്ള ഓര്‍മ. 

saju-thomas-neerali-4

സിനിമ മാത്രം കണ്ട് മാധ്യമപ്രവർത്തനം പഠിക്കാനെത്തിയ സാജുവിനെ പതിനഞ്ചു വര്‍ഷത്തിനിങ്ങോട്ട് മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ തിരക്കഥാകൃത്തായി കാണുമ്പോള്‍ ഏറെ സന്തോഷം. ഇടയ്ക്കുള്ള കൂടിക്കാഴ്ചകളിലും സിനിമാ സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. നീണ്ടുപോകുന്ന കാലത്തെക്കുറിച്ച് ആശങ്കകളില്ലാതെ 'അതു നടക്കും' എന്ന ആത്മവിശ്വാസം പ്രകടമാക്കും. പിന്നെ പതിവു പുഞ്ചിരിയും. ഇപ്പോഴിതാ അതു നടന്നിരിക്കുന്നു. സാജു തോമസിനൊപ്പം...

ഏറെ കുത്തിക്കുറിച്ചു, ആദ്യ തിരക്കഥ മോഹന്‍ലാല്‍ ചിത്രത്തിന്‌

ചെറുപ്പം മുതലേ സിനിമ മനസിലുണ്ടായിരുന്നതിനാല്‍ എന്തു വിഷയം കിട്ടിയാലും അതിനെ ഒരു സിനിമാക്കഥയാക്കാമോ എന്ന ചിന്തയായിരുന്നു മനസില്‍. ഇഷ്ടമുള്ള വിഷയങ്ങള്‍ കിട്ടിയാല്‍ പകര്‍ത്തിവയ്ക്കും. കരുതിവച്ചിരിക്കുന്ന കഥകള്‍ക്കു തൂവല്‍ പിടിപ്പിക്കാമോ എന്നാണ് ചിന്ത. പിന്നെ എഴുതിക്കൂട്ടിവയ്ക്കും. പക്ഷെ എഴുതുന്ന കഥകളിലെല്ലാം ഏറെ ഇഷ്ടപ്പെട്ടിരുന്ന മോഹന്‍ലാലിനെ നായകനായി കണ്ടിരുന്നു. അതൊരു സ്വപ്‌നമായിരുന്നു. നീരാളി തിരക്കഥയാക്കുമ്പോഴും മനസ്സ് നിറയെ സണ്ണി ജോര്‍ജ് എന്ന കഥാപാത്രം മോഹന്‍ലാലില്‍ നിറഞ്ഞു നിന്നു.

അതിജീവനത്തിന്റെ കഥ

തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ അതിസാഹസികമായി പുറത്തെത്തിച്ചതിന്റെ ത്രില്ലിലാണ് ലോകം. അടുത്തകാലത്ത് ലോകം ഏകമനസോടെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ഉദ്വേഗഭരിതമായ അതിജീവന (സര്‍വൈവല്‍) കഥയാണ് തായ്‌ലന്‍ഡിലേത്. ഈ സന്തോഷ വര്‍ത്തമാനത്തിനിടെയാണ് മലയാള സിനിമ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമ പുറത്തിറക്കുന്നത്. നീരാളി ത്രില്ലിങ്-സര്‍വൈവല്‍ സിനിമയാണ്. ത്രില്ലും ഇമോഷനും റൊമാന്‍സും എല്ലാം ഉള്ള ഒരു സര്‍വൈവല്‍ ചിത്രം.

13 അത്ര നിര്‍ഭാഗ്യമല്ല

 

റിലീസ് തീയതി പ്രഖ്യാപിച്ചതോടെ 13 ഒരു നിര്‍ഭാഗ്യ അക്കമല്ലേ എന്നു ചോദിച്ചവരുണ്ട്. 'ഗുഹയില്‍ അകപ്പെട്ടത് 13 പേര്‍. അപകടമൊന്നും കൂടാതെ അവരെല്ലാം

തിരിച്ചെത്തിയില്ലേ.  അതുകൊണ്ട് 13ല്‍ ഒരു സംശയം വേണ്ടെന്നു സാജു പറയും.

ഹോളിവുഡ് മാതൃകയിലൊരു സാഹസം 

ഓരോ സിനിമയുടേയും തുടക്കം കഥയില്‍നിന്നാണ്‌. ഒരു സര്‍വൈവല്‍ മൂഡിലുള്ള കഥ മനസിലേക്ക് വന്നപ്പോള്‍ സംവിധായകന്‍ അജോയ് വര്‍മയുമായി പങ്കുവച്ചു. അജോയ് ഓകെ പറഞ്ഞതോടെ ആത്മവിശ്വാസം കൂടി. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം മോഹന്‍ലാലിനെ കഥ കേള്‍പ്പിച്ചു. ഞങ്ങളേക്കാള്‍ അത്മവിശ്വാസത്തോടെ അദേഹം ഓക്കെ പറഞ്ഞതോടെ നീരാളി യാഥാര്‍ഥ്യമാകാന്‍ തുടങ്ങി. അല്ലാതെ ഒരിക്കലും ഒരു ഹോളിവുഡ് മാതൃകയില്‍ സര്‍വൈവല്‍ സിനിമ എടുത്തേക്കാം എന്നു കരുതി ഇറങ്ങിയതല്ല. ഇത്തരം സിനിമ എടുക്കുന്നത് വലിയ വെല്ലുവിളിയാണ്. സാധാരണ ഒരു സിനിമയുടെ മൂന്നിരട്ടി സമയവും അധ്വാനവും ഇതിനു വേണം. അതുകൊണ്ടായിരിക്കാം ഇന്ത്യന്‍ സിനിമകളില്‍ ഇത്തരം ചിത്രങ്ങള്‍ കുറവ്‌.

മോഹന്‍ലാലും കേട്ടിട്ടില്ലാത്ത രണ്ടു പേരുകളും

പലര്‍ക്കും അമ്പരപ്പായിരുന്നു. ഒടിയനു പിന്നാലെ മോഹന്‍ലാല്‍ ചെയ്യുന്ന ചിത്രത്തിനു പിന്നില്‍ മലയാളികള്‍ കേട്ടിട്ടു പോലുമില്ലാത്ത രണ്ടു പേരുകള്‍ എന്നത്. അജോയ് വര്‍മയും സാജു തോമസും. ഒരു പതിവ് ഫോര്‍മുല സിനിമയല്ല നീരാളിയെന്നതാണ് മോഹന്‍ലാലിനെ നീരാളിയിലേയ്‌ക്കെത്തിച്ചത്. വളരെ വ്യത്യസ്ഥമായ കഥയും ക്യാരക്ടറുകളും ട്വിസ്റ്റുമെല്ലാം ഉള്ള സിനിമ. 

saju-thomas-neerali-5

തിരക്കഥ കേട്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ ഇക്കാര്യം മനസിലാക്കിയിരുന്നു. സംവിധായകന്‍ അജോയ് വര്‍മയും ഞാനും അദേഹവുമായി കാര്യമായി മുന്‍പരിചയമില്ലാത്ത ആളുകളാണ്. അതുകൊണ്ടുതന്നെ മോഹന്‍ലാല്‍ വളരെ ഈസിയായി ഡേറ്റ് തന്നു എന്നു പറയുന്നത് തെറ്റാണ്. പുതുമയുള്ള ഒരു സിനിമ ചെയ്യാന്‍ അദേഹം പെട്ടെന്ന് ഡേറ്റ് ഡേറ്റ് നല്‍കി എന്നു മാത്രം.

മോഹന്‍ലാലിന്റെ സ്‌നേഹം

നീരാളിയോടുള്ള മോഹന്‍ലാല്‍ എന്ന മഹാനടന്റെ സ്‌നേഹം തുടക്കം മുതലേ ദൃശ്യമായിരുന്നു. സിനിമ പ്രഖ്യാപിക്കുന്നതു മുതല്‍ ടീസറും റിവ്യൂവും വരെ അദ്ദേഹം ഫെയ്സ്ബുക്കിലൂടെ കുറിച്ചു. അവസാന മിനുക്കുപണികളും കഴിഞ്ഞ് സിനിമ അദ്ദേഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതുവരെയുണ്ടായിരുന്ന ആശങ്കകളും പമ്പകടന്നു. സിനിമ നന്നായിരിക്കുന്നു എന്നായിരുന്നു അദ്ദേഹം നല്‍കിയ പ്രതികരണം.

കോപ്പിയടി വാദം

ട്രെയ്‌ലര്‍ പുറത്തു വന്നതോടെ കോപ്പിയടി വാദം ഉയര്‍ന്നു. നീരാളിയുടെ ട്രെയ്‌ലറിന് കനേഡിയന്‍ ചിത്രം റെക്ക്ഡുമായി സാമ്യമുണ്ടത്രെ. തിരക്കുകള്‍ക്കിടെ ഈ ചിത്രം കാണാനായിട്ടില്ല. എന്നാലും ഒന്നു കാണണം. ആരോപണം ഉയര്‍ത്തുന്നവര്‍ രണ്ടുമണിക്കൂര്‍ ചിത്രത്തെ ഒരു ട്രെയ്‌ലര്‍ വച്ച് വിലയിരുത്തുന്നത് എങ്ങനാണെന്നു പിടികിട്ടുന്നില്ല. എന്തായാലും നീരാളി കൂടി കണ്ടിട്ടേ അന്തിമ തീരുമാനം എടുക്കാവു എന്നൊരപേക്ഷയുണ്ട്.

അടുത്ത സുഹൃത്തുക്കളോടു പോലും പറയാത്ത രഹസ്യം

ഷൂട്ടിങ് തുടങ്ങുന്നതിനു മുന്നേ സിനിമയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ശ്രമിച്ചിരുന്നു നീരാളിയുടെ അണിയറപ്രവര്‍ത്തകര്‍. ലൊക്കേഷനില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണവും ഉണ്ടായിരുന്നു. അത് മറ്റൊന്നുംകൊണ്ടല്ല, നീരാളി അത്തരമൊരു സബ്ജക്റ്റ് കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്. ബോളിവുഡ് ക്രൂവിനെ ഉപയോഗിച്ചതിന് രണ്ടു കാരണങ്ങളുണ്ട്. 

saju-thomas-neerali-1

ഒന്നാമതായി നീരാളിയുടെ ഷൂട്ടിങ്ങിന്റെ 90 ശതമാനത്തിലധികം ലൊക്കേഷനും മുംബൈ ആയിരുന്നു. അതാണ് അവിടെനിന്നുള്ളവരുടെ സേവനം തേടാന്‍ കാരണം. മറ്റൊരു കാരണം നീരാളി ഉയര്‍ന്ന സാങ്കേതിക നിലവാരം ആവശ്യപ്പെടുന്ന ഒരു സിനിമയാണ്. പ്രത്യേകിച്ചും വിഷ്വല്‍ ഇഫക്റ്റിന് സിനിമയില്‍ വലിയ പ്രാധാന്യമുള്ളതുകൊണ്ട്. അതും ബോളിവുഡ് ക്രൂവിനെ തിരഞ്ഞെടുക്കാന്‍ കാരണമാണ്. 

വീണ്ടും മോഹന്‍ലാലും നാദിയയും

മോഹന്‍ലാലിന്റെ ഭാര്യയുടെ റോളാണ് നാദിയക്ക് ഈ സിനിമയില്‍. മോഹന്‍ലാല്‍-നാദിയ ജോഡിയെ വീണ്ടും കൊണ്ടുവരണമെന്ന് ഓര്‍ത്ത് മനപ്പൂര്‍വം ഒന്നും ചെയ്തിട്ടില്ല. ഭാര്യയുടെ റോളിലേക്ക് പലരെ പരിഗണിച്ചു. ഒടുവില്‍ എത്തിയത് നാദിയായിലും. ബോധപൂര്‍വമല്ലെങ്കിലും മലയാള സിനിമയിലെ ഒരിഷ്ട ജോഡിയെ വീണ്ടും ഒന്നിപ്പിക്കാനായതില്‍ സന്തോഷമുണ്ട്. 

പത്രക്കാരന്‍ സിനിമാക്കാരനാകുമ്പോള്‍

മാര്‍ട്ടിന്‍ പ്രക്കാട്ടും എബ്രിഡ് ഷൈനും തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത് സജീവുമെല്ലാം മാധ്യമ മേഖലയില്‍നിന്ന് സിനിമയില്‍ വന്ന് സ്വന്തം വിലാസമുണ്ടാക്കിയവരാണ്. അവര്‍ക്കൊപ്പം പേരുകാണുമ്പോള്‍ സന്തോഷമാണ്. പരിചയക്കാരായ മിക്ക മാധ്യമ സുഹൃത്തുക്കളും നല്ല സിനിമകള്‍ മനസില്‍ കാണുന്നവരാണ്. അവരും സിനിമയിലേക്കു വന്ന് വിജയം കൊയ്യുന്നതു കാണണമെന്നാണ് ആഗ്രഹം.