ബിജെപി പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിനിട്ട് ‘ഒടി വെച്ച്’ ഒടിയൻ സിനിമ. ഹർത്താലായിട്ടും കേരളത്തിൽ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാൻസ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വൻ ജനക്കൂട്ടമാണ് സിനിമ കാണാൻ തടിച്ചു കൂടിയത് .
ഇന്നലെ വൈകുന്നേരമാണ് അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപനം ഉണ്ടാകുന്നത്. അപ്പോഴേക്ക് ഒടിയൻ ലോകമെമ്പാടുമുള്ള റിലീസിന് തയ്യാറെടുത്തിരുന്നു. ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാർ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുൻനിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് അണിയറക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ആരാധകരും ആവേശത്തിലായി. അതിന്റെ പ്രതിഫലനമെന്നോണം അർധരാത്രി മുതൽ തീയറ്ററുകളിലേക്ക് ആളെത്തി തുടങ്ങി. പുലർച്ചെ തന്നെ പല തീയറ്ററുകളും ജനക്കൂട്ടം കൊണ്ടു നിറഞ്ഞു. വലിയ ആരാധകപ്രതികരണമാണ് ചിത്രം ആദ്യ മണിക്കൂറിൽ തന്നെ ഉണ്ടാക്കിയത്.
മോഹൻലാൽ നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോനാണ്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യരും പ്രകാശ് രാജുമാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.