വിനീത് ശ്രീനിവാസന്റെ എബി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ‘വിമാനം’ സംവിധായകൻ പ്രദീപ് എം നായർ നൽകിയ ഹർജി കോടതി തള്ളി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് വിധി. എബി എന്ന സിനിമ കാണുകയും രണ്ട് ചിത്രങ്ങളുടെ തിരക്കഥയും വായിച്ച ശേഷമായിരുന്നു കോടതിയുടെ വിധി. എബി എന്ന സിനിമയ്ക്ക് എതിർ ഭാഗം ആരോപിച്ച സജി തോമസിന്റെ കഥയുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു.
മലയാളസിനിമയിൽ ആദ്യമായാകും പേർസണലാറ്റി റൈറ്റ്സിന്റെ പേരിൽ നിയമക്കുരുക്ക് ഉണ്ടാകുന്നത്. പറക്കുവാൻ ആഗ്രഹിക്കുകയും അതിന് വേണ്ടി സ്വയം വിമാനം ഉണ്ടാക്കുകയും ചെയ്ത ചെറുപ്പക്കാരന്റെ അദ്ഭുതകഥ സിനിമയാക്കാനുള്ള സംവിധായകരുടെയും നടന്മാരുടെയും മൽസരത്തിന്റെ ക്ലൈമാക്സിനാണ് ഇവിടെ അവസാനമായത്. സംവിധായകൻ പ്രദീപ് എം.നായർ, നടൻ പൃഥ്വിരാജ് തുടങ്ങിയവർ ഒരുഭാഗത്തും നടൻ വിനീത് ശ്രീനിവാസൻ, സംവിധായകൻ ശ്രീകാന്ത് മുരളി, എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം എന്നിവർ മറുഭാഗത്തുമായായിരുന്നു അങ്കം.
വിമാനം എന്ന പേരിൽ പൃഥ്വിരാജ്–പ്രദീപ് ടീം ചിത്രം അനൗൺസ് ചെയ്യുകയും വിനീത് ശ്രീനിവാസൻ–ശ്രീകാന്ത് മുരളി ടീം എബി എന്നൊരു ചിത്രം അനൗൺസ് ചെയ്യുകയും ചെയ്തു. എന്നാൽ കഥയിൽ ചില സമാനതകൾ ഉണ്ടെന്ന് ആരോപിച്ച് പ്രദീപ് എം നായർ ഫെഫ്കയിലും പിന്നീട് കോടതിയിലും പരാതി നൽകിയിരുന്നു.
നിയമതടസ്സങ്ങളെ തുടർന്ന് ഇറോസ് ഇന്റർനാഷ്ണൽ എബിയുടെ നിര്‍മാണത്തിൽ നിന്ന് പിന്മാറുകയും പിന്നീട് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി നിർമാണം ഏറ്റെടുക്കുകയുമായിരുന്നു.
എബിയാണ് ആദ്യം ഷൂട്ടിങ് തുടങ്ങിയത്. പടത്തിന്റെ ഷൂട്ടിങ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് പ്രദീപ് എം നായർ കോടതിയിൽ പരാതി നൽകിയികുന്നു. പിന്നീട് കോടതി ആ ആവശ്യം തളളിക്കളഞ്ഞു. ഇതിനിടെ നിയമപരമായ വെല്ലുവിളികളെ എല്ലാം അതിജീവിച്ചാണ് എബിയുടെ നിർമാണപ്രവർത്തനം അണിയറപ്രവർത്തകർ പൂർത്തിയാക്കിയത്.
പിന്നീട് പടം പൂർത്തിയായി കഴിഞ്ഞപ്പോൾ എബിയുടെ റിലീസ് സ്റ്റെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് വീണ്ടും കോടതിയിൽ പരാതി നൽകി. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ചിത്രം കണ്ടതിന് ശേഷം എറണാകുളം മുൻസിഫ് കോടതി കേസിൽ വിധി പറയുകയായിരുന്നു.