‘‘സർ, നിങ്ങൾ യെസ് പറഞ്ഞാൽ ഈ സിനിമ നടക്കും. നിങ്ങൾ അഭിനയിക്കില്ല എന്നുറച്ചുപറഞ്ഞാൽ ഈ സിനിമ ഞങ്ങൾ ഉപേക്ഷിക്കും.’’കാർത്തിക് നരേൻ എന്ന പയ്യൻ അപേക്ഷാസ്വരത്തിൽ മുന്നിൽ നിന്നപ്പോൾ റഹ്മാൻ ആശയക്കുഴപ്പത്തിലായി. ഇരുപത്തൊന്നു വയസ്സുമാത്രമുള്ള യുവസംവിധായകൻ! ആദ്യ സിനിമ. കൂടെയുള്ളതും സമപ്രായക്കാർ. അഭിനയിക്കാമെന്നേറ്റാലും സിനിമ പൂർത്തിയാകുമെന്ന് ഒരുറപ്പുമില്ല.
പക്ഷേ, സിനിമയോടുള്ള ആ പയ്യന്റെ അഭിനിവേശം കണ്ടപ്പോൾ റഹ്മാൻ ‘യെസ്’ എന്നു തന്നെ പറഞ്ഞു. ആ ‘യെസ്’ ആണിപ്പോൾ തമിഴ്നാട്ടിലെ തിയറ്ററുകളിൽ അറുപതുദിവസം പിന്നിട്ടിട്ടും സൂപ്പർഹിറ്റായി ഓടുന്ന ധ്രുവങ്ങൾ പതിനാറ് (ഡി16) എന്ന ചിത്രം. തമിഴ് സിനിമാലോകത്തിന്റെ മുഴുവൻ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ‘ഡി16’ തമിഴിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിലും സ്ഥാനംപിടിച്ചുകഴിഞ്ഞു.സിനിമ കണ്ടശേഷം, റഹ്മാനെ കെട്ടിപ്പിടിച്ച് ആദ്യകാല നടൻ മോഹൻ പറഞ്ഞു: ‘ഇത് നിങ്ങളുടെ സിഗ്നേച്ചർ ചിത്രമാണ്. മറ്റെല്ലാ ചിത്രവും പ്രേക്ഷകർ മറന്നാലും ധ്രുവങ്ങൾ പതിനാറിലെ ദീപകിനെ അവർ എന്നും ഓർക്കും.’’
സംവിധായകൻ@21
ധ്രുവങ്ങൾ പതിനാറിനെക്കുറിച്ച് എത്രപറഞ്ഞാലും റഹ്മാനു മതിയാകുന്നില്ല. ചിത്രത്തിലെ തന്റെ അഭിനയത്തിന് കിട്ടിയ അഭിനന്ദനങ്ങളെക്കാൾ കാർത്തിക് നരേൻ എന്ന പയ്യന്റെ കഴിവിനെക്കുറിച്ചാണു പറയുന്നതെല്ലാം.
‘‘ഒരു തമിഴ് ചിത്രത്തിന്റെ സെറ്റിൽ വന്നാണ് കാർത്തിക് ഡി16ന്റെ കഥ ആദ്യമെന്നോടു പറയുന്നത്. ക്രൈം ത്രില്ലറാണ്, പൊലീസ് ഓഫിസറുടെ വേഷമാണ് എന്നൊക്കെ കേട്ടപ്പോളെ എന്റെ താൽപര്യം പോയി. കാരണം, അത്രയേറെ പൊലീസ് വേഷം ഞാൻ ചെയ്തുകഴിഞ്ഞു. ആ സെറ്റിലും ഞാൻ പൊലീസ് വേഷത്തിലായിരുന്നു. താൽപര്യമില്ലാതെ ഞാൻ കഥ കേട്ടു. അതു മനസ്സിലാക്കിയിട്ടാവാം കഥ പറഞ്ഞുപോയ ശേഷവും കാർത്തിക് എന്നെ വിടാതെ പിടികൂടി.
പിന്നീടു വന്നപ്പോൾ കാർത്തിക്കിന്റെ കൂടെ സംഗീത സംവിധായകൻ ജെയ്ക്സ് ബിനോയി, ക്യാമറാമാൻ സുജിത് സാരംഗ്, എഡിറ്റർ ശ്രീജിത്ത് സാരംഗ് എന്നിവരൊക്കെയുണ്ട്. ഞാൻ ഓരോ സംശയം ചോദിക്കുമ്പോൾ അവരെല്ലാം ഒരേസ്വരത്തിൽ വ്യക്തതയോടെ ഉത്തരം പറയും. അത്രയ്ക്കു സ്ക്രിപ്റ്റ് പഠിച്ചിട്ടാണ് ആ ചെറുപ്പക്കാർ വന്നത്.
കഥ പറയുന്നതിൽ കാർത്തികിന് അസാമാന്യ കഴിവുണ്ടായിരുന്നു. ആ മിടുക്ക് സിനിമയൊരുക്കുന്നതിലും ഉണ്ടാകുമെന്ന് എനിക്കു തോന്നി. ഞാൻ പിന്മാറിയാൽ ഈ ചിത്രം ഉപേക്ഷിക്കുമെന്നു കൂടി സംവിധായകൻ പറഞ്ഞതോടെ ആ കൂട്ടായ്മയിൽ അംഗമാകാൻ ഞാൻ തീരുമാനിച്ചു. മകന്റെ സിനിമാസ്വപ്നങ്ങൾക്കു പൂർണപിന്തുണയേകി, ചിത്രത്തിന്റെ നിർമാണം കാർത്തികിന്റെ അച്ഛനും ഏറ്റെടുത്തു.
സിനിമയെ തോളിലേറ്റി
പ്രിവ്യൂ കണ്ടതോടെയാണു ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ഈ സിനിമയിൽ അറിയപ്പെടുന്ന താരമായിട്ട് ഞാൻ മാത്രമേയുള്ളൂ. മറ്റെല്ലാം പുതുമുഖങ്ങളാണ്. എന്നെ ആശ്രയിച്ചാണ് സിനിമയുടെ ഭാവി !
പേടിച്ചതുപോലെ തന്നെ, കൊച്ചു സംവിധായകന്റെ ഈ കൊച്ചു ചിത്രം വിതരണത്തിനെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. പാട്ടില്ല, സംഘട്ടനമില്ല, പുതുമുഖങ്ങളാണ് തുടങ്ങിയ ന്യായങ്ങൾ നിരത്തി വിതരണക്കാർ അകന്നുനിന്നു. ഇത്രയും നല്ലൊരു ചിത്രം ആരും കാണാതെ പോകുന്നത് ശരിയല്ലെന്ന് എനിക്കു തോന്നി. ഞാൻ താൽപര്യമെടുത്ത് പ്രമുഖ താരങ്ങളെയും സംവിധായകരെയും സിനിമ കാണിച്ചു. അവരുടെ അഭിപ്രായം ക്യാമറയിൽ പകർത്തി. അതെല്ലാം കാർത്തിക്കും സംഘവും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അതായിരുന്നു സിനിമയുടെ പരസ്യം. ഇവരൊക്കെ സിനിമയെക്കുറിച്ചു നല്ലതു പറഞ്ഞതോടെ വിതരണത്തിന് ആളെത്തി.
Dhuruvangal Pathinaaru - D16 | Official Trailer w/eng subs | Rahman | Karthick Naren | Dec 29, 2016
ഡിസംബർ 29ന് ചിത്രം റിലീസ് ചെയ്തു. വളരെ കുറച്ചു തിയറ്ററുകളിൽ. പക്ഷേ, ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ പടം സൂപ്പർഹിറ്റായി. തൊട്ടടുത്ത ദിവസം നൂറ്റമ്പതോളം തിയറ്ററുകൾ കൂടി ചിത്രമെടുത്തു. ചെന്നൈ നഗരത്തിൽ മാത്രമല്ല, തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽപോലും ചിത്രം സൂപ്പർഹിറ്റായി. അതിനിടെ വിജയ്, ജയംരവി, സൂര്യ എന്നിവരുടെയൊക്കെ ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസായി. പക്ഷേ, അതൊന്നും കലക്ഷനെ ബാധിച്ചില്ല.
മികച്ച രണ്ടു വേഷങ്ങൾ
അടുത്തിടെ എനിക്കു ലഭിച്ച ഏറ്റവും നല്ല രണ്ടു ചിത്രങ്ങളാണ് തമിഴിൽ ഡി16 ഉം മലയാളത്തിൽ മറുപടിയും. ഡി16ന്റെ വിജയം നേടിയില്ലെങ്കിലും വി.എം.വിനു സംവിധാനം ചെയ്ത ‘മറുപടി’യിലെ എബി എന്ന കഥാപാത്രവും എനിക്കേറെ പ്രിയപ്പെട്ടതാണ്. ചിത്രം തമിഴിലേക്കു റീമേക്ക് ചെയ്യാനുള്ള ശ്രമത്തിലാണിപ്പോൾ. മലയാളത്തിൽ വർഷത്തിലൊരു ചിത്രമെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. അതു നല്ലൊരു വേഷമായിരിക്കണം എന്നതു മാത്രമാണു നിർബന്ധം.
വീണ്ടെടുത്ത താരപദവി
തമിഴിൽ അൻപതിലേറെ സിനിമകളിൽ നായകവേഷം ചെയ്ത എന്നെ കെ.എസ്. രവികുമാറാണ് ആദ്യമായി വില്ലനാക്കുന്നത്. മാധവൻ നായകനായ ‘എതിരി’യിൽ. ആ ചിത്രം ഹിറ്റായതോടെ വില്ലൻവേഷം മാത്രം എത്താൻ തുടങ്ങി. അതോടെ ഞാൻ അൽപകാലം മാറിനിന്നു. എന്നിട്ടും കാര്യമൊന്നുമുണ്ടായില്ല. തുടർന്നാണ് അജിത്ത് നായകനായ ബില്ലയിലും സൂര്യയുടെ സിങ്കത്തിലുമൊക്കെ വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ പക്ഷേ, നായകൻ എന്നോ വില്ലൻ എന്നോ നോക്കാറില്ല. കഥ ഇഷ്ടപ്പെട്ടാൽ അഭിനയിക്കും.
‘ഹൗ ഓൾഡ് ആർ യു’വിന്റെ തമിഴ്പതിപ്പായ ‘36 വയതിനിലെ’യിൽ ജ്യോതികയുടെ നായകനായതോടെയാണു വീണ്ടും വില്ലൻ ട്രാക്ക് വിടുന്നത്. ആ ചിത്രത്തിന്റെ സൂപ്പർഹിറ്റ് വിജയത്തിനു പിന്നാലെ ഇപ്പോൾ ‘ഡി16’ വന്നു. ഈ രണ്ടു വിജയങ്ങൾ തന്ന കരുത്തിലാണ് ഇനി മുന്നോട്ട്.