ബച്ചനും ബാബുരാജും തുടങ്ങി മോഹൻലാലും മമ്മൂട്ടിയും വരെ ഭിത്തിയിൽ ഉണ്ട്. ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും മുതൽ ചൈനീസും കോണ്ടിനെന്റലും വരെ മേശപ്പുറത്തുണ്ട്. സിനിമയെ അടുത്തറിഞ്ഞ് രാപ്പലുകൾ അന്തിയുറങ്ങാനും സിനിമയുടെ മണമുള്ള രുചിയൂറും ഭക്ഷണം കഴിക്കാനും സിദ്ദിഖ് നമ്മളെ ക്ഷണിക്കുകയാണ്. മാ മാ മിയയിലേക്ക്...
2012 ജനുവരി 26–നാണ് സിദ്ദിഖ് മാമാ മിയാ എന്ന പേരിൽ കാക്കനാട്ട് ഒരു ഫുഡ് കോർട്ട് ആരംഭിക്കുന്നത്. കൃത്യം 3 വർഷങ്ങൾക്കു ശേഷം ഫുഡ് കോർട്ടിന് മുകളിൽ ഒരു ബുട്ടിക്ക് ഹോട്ടലും റെസ്റ്റോറന്റും കൂടി പണിതിരിക്കുന്നു അദ്ദേഹം. ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്ത മമ്മൂട്ടി തന്നെ രണ്ടാം ഘട്ടത്തിനും ഹരിശ്രീ കുറിച്ചു. പക്ഷേ അത് വലിയ ആഘോഷമൊന്നും ആക്കിയില്ലെന്നു മാത്രം. അതിന് ഒരു കാരണമുണ്ട്.
‘സിനിമ തീം ആക്കിയ ഒരു ഹോട്ടൽ’. സിദ്ദിഖിന്റെ ആശയം കേട്ടവരാരും അതിനോട് യോജിച്ചില്ല. സിനിമ വേറെ ഹോട്ടൽ വേറെ. രണ്ടും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ല എന്നായിരുന്നു അവരുടെ വാദം. പക്ഷേ അങ്ങനെ വിട്ടു കൊടുക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കി തന്റെ സ്വപ്നത്തിലേക്കുള്ള ഒാരോ ചുവടും അദ്ദേഹം സൂക്ഷിച്ചു വച്ചു.
Siddique on Mamma Mia The Boutique Hotel and His Restaurant Mamma Mia Food Court | Manorama Online
ഒടുവിൽ പദ്ധതി പൂർത്തിയായപ്പോഴും ഒരു പേടി അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾക്കകം ആ പേടി സന്തോഷത്തിനു വഴി മാറി. ആളുകൾ അദ്ദേഹത്തിന്റെ ആശയത്തെ ഏറ്റെടുത്തതു തന്നെ കാരണം. പബ്ലിസിറ്റിയൊന്നുമില്ലാതെ തന്നെ റസ്റ്റോറന്റിലും ഹോട്ടലിലും നല്ല തിരക്ക്.
‘ആളുകൾ വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്. ചിലർ അയ്യോ എനിക്കത് വേണ്ട, ഇതു വേണ്ട എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ എനിക്കെന്തോ പോലെയാണ്. അതേ സമയം യൂണിറ്റിലുള്ള ചിലരൊക്കെ ചോറൊക്കെ നിറച്ച് വിളമ്പി കറിയൊക്കെ ഒഴിച്ച് കുഴച്ച് കഴിക്കുന്നതു കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് എനിക്ക്. ഇൗ സംരംഭത്തെയും ആളുകൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നത് കാണുമ്പോൾ അതേ സന്തോഷമാണ് എനിക്ക് ലഭിക്കുന്നത്. ’ സിദ്ദിഖ് പറയുന്നു.
മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹൻലാലും ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമാണ് മാ മാ മിയാ റെസ്റ്റോറന്റിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുക. ഹോളിവുഡ് സംവിധായകരും നടന്മാരും മുതൽ ബോളിവുഡ് ടോളിവുഡ് അഭിനേതാക്കളും, സംഗീത സംവിധായകരും ഗായകരും ഗാനരചയിതാക്കളും വരെ ചുവരുകൾക്ക് അലങ്കാരമായി നില കൊള്ളുന്നു.
മാമാ മിയാ എന്നത് ഇറ്റാലിയൻ പേരാണ്. ‘എന്റെ അമ്മ’ എന്നാണ് ആ വാക്കിന് അർഥം. ആ പേരിൽ ഒരു സിനിമയുമുണ്ട്. ഫുഡ് കോർട്ട് തുടങ്ങിയപ്പോൾ മകൻ നിർദേശിച്ച ആ പേര് തന്നെയാണ് പുതിയ സംരംഭത്തിനും സിദ്ദിഖ് നൽകിയിരിക്കുന്നത്. മാ മാ മിയാ ബുട്ടിക്ക് ഹോട്ടൽ.
ഇവിടേക്ക് പഴയ പ്രോജക്റ്റർ, കാമറ, മറ്റു ഷൂട്ടിങ് ഉപകരണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖ് ഇപ്പോൾ. ഹോട്ടലിൽ താമസിക്കാനെത്തുന്നവർക്ക് അവർക്കിഷ്ടമുള്ള ക്ലാസിക് സിനിമകൾ അവരവരുടെ റൂമുകളിലെ ടിവിയിൽ കാണിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് അദ്ദേഹം. ഒപ്പം സിനിമാ ഗ്രന്ഥങ്ങളുടെ ഒരു ലൈബ്രറിയും രൂപപ്പെടുത്തിയെടുക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പ്രാരംഭ ഘട്ടമായി ബുക്കുകളും സിനിമകളുമൊക്കെ ശേഖരിക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം.
അന്നും ഇന്നും സിദ്ദിഖിന് സിനിമ തന്നെയാണ് ജീവൻ. അതു കൊണ്ടാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയപ്പോഴും പലരും എതിർത്തിട്ടും സിനിമയെ തന്നെ കൂട്ടു പിടിച്ചതും. അദ്ദേഹത്തിന്റെ പ്രതീക്ഷ തെറ്റിയില്ല. അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ആവില്ലെന്ന് പലരും പറഞ്ഞ കഥാപാത്രത്തെ ധൈര്യപൂർവം ഏറ്റെടുത്ത് തന്മയത്വത്തോടെ അവതരിപ്പിച്ച നടനെപോലെ അദ്ദേഹം മാമാ മിയയുടെ മുന്നിൽ നിൽക്കുകയാണ്. നിങ്ങളോരോരുത്തരെയും സ്വീകരിക്കാൻ.