റോൾ ഏതുമായിക്കൊള്ളട്ടെ. അത് വിശ്വസിച്ച് ഏൽപിക്കാൻ പറ്റിയ അപൂർവം നടന്മാരിൽ ഒരാളാണ് സിദ്ദിഖ്. സഹനടനായി വന്ന് ഹാസ്യതാരമായി നമ്മെ കയ്യിലെടുത്ത് വില്ലനായി പേടിപ്പിച്ച അദ്ദേഹം തന്റെ കരിയറിനെക്കുറിച്ചും സിനിമകളെക്കുറിച്ചും സംസാരിക്കുന്നു.
എങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറന്നത് ?
മിമിക്രിയാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. കളമശേരി പോളിടെക്നിക്കിൽ പഠിക്കുന്ന സമയത്ത് ഗീവറുഗീസ് സാർ എന്ന അധ്യാപകനുണ്ടായിരുന്നു. വീടുകളിലേക്ക് വാട്ടർ കണക്ഷനുപയോഗിക്കുന്ന പൈപ്പുകളും, റോഡുകളിലൂടെ വെള്ളം കൊണ്ടുപോകുന്ന പൈപ്പുകളൊക്കെ എന്തുകൊണ്ടാണ് റൗണ്ട് ഷേപ്പ്, അത് സ്ക്വയർ ഷേപ്പിലോ, ട്രയാങ്കിൾ ഷേപ്പിലോ, റെക്ടാങ്കിൾ ഷേപ്പിലോ ആയിക്കൂടെ ? എന്നൊരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു. സാർ ക്ഷമിക്കണം, ഞാനല്ല പൈപ്പുണ്ടാക്കുന്നത്. പൈപ്പ് ഉണ്ടാക്കുന്ന ആളോട് ചോദിച്ചാലേ മനസിലാകുകയുള്ളൂ. എനിക്ക് ഇതിനെപ്പറ്റി അറിയില്ല എന്നു ഞാൻ മറുപടി പറഞ്ഞു. കുട്ടികളെല്ലാം ചിരിച്ചു. അദ്ദേഹത്തിന് ദേഷ്യം ഒന്നും തോന്നിയില്ല. ചിരിച്ചുകൊണ്ട് പറഞ്ഞു. തമാശയും കളിയും ചിരിയുമൊക്കെ സ്റ്റേജിൽ മതി. ക്ലാസിൽ വേണ്ട ഇറങ്ങിപ്പൊയ്ക്കോള്ളാൻ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ ക്ലാസിൽ ഇരുത്തിയിട്ടില്ല. അദ്ദേഹം ക്ലാസിൽ വന്ന് അറ്റൻന്റസ് എടുത്ത് കഴിഞ്ഞാൽ ക്ലാസിന് പുറത്ത് പൊയ്ക്കൊള്ളാൻ പറയും.
Siddique | Exclusive Interview I Me Myself | Manorama Online
പോളിടെക്നിക് പാസായി. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല. ഒരിക്കൽ തമ്പികണ്ണന്താനവും അസോസിയേറ്റ് ഡയറക്ടറായിരുന്ന കമലും വീട്ടിൽ അന്വേഷിച്ചു വന്നു. ഗീവറുഗീസ് സാർ സിനിമയുമായി ബന്ധമുള്ള കോരച്ചേട്ടനോട് എന്നെപ്പറ്റി പറഞ്ഞു. കോരച്ചേട്ടൻ തമ്പികണ്ണന്താനത്തിനോട് പറയുകയും പോളിടെക്നിക്കിൽ പോയി വിലാസം അന്വേഷിച്ച് വീട്ടിൽ വന്ന് വിളിക്കുകയാണ് ചെയ്തത്. സിനിമയുമായി യാതൊരു ബന്ധമോ പാരമ്പര്യമോ ഇല്ലാത്ത, സിനിമയുമായി ബന്ധപ്പെട്ട ഒരാളെയും പരിചയമില്ലാത്ത എന്റെ വീട്ടിലേക്ക് സിനിമയിലേക്ക് ക്ഷണിക്കാൻ ആളു വന്നു. ക്ലാസിൽ നിന്ന് ഇറക്കിവിട്ട, എന്നെ ഇഷ്ടപ്പെടുകയും, എന്നിലെ കലാകാരനെ കണ്ടെത്തിയ ആ അധ്യാപകനാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. അതിന് കാരണം മിമിക്രിതന്നെയാണ്. സ്റ്റേജിൽ ഞാൻ കാണിക്കുന്ന മിമിക്രി അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. സാറിനോട് പിന്നീട് ചോദിച്ചപ്പോൾ സാർ പറഞ്ഞു സാധാരണ സ്റ്റേജ് പരിപാടികൾ നടക്കുമ്പോൾ ഓഡിറ്റോറിയത്തിലൊന്നും വരാറില്ലായിരുന്നു. ഒരിക്കൽ സ്റ്റേജിൽ പരിപാടി നടക്കുമ്പോൾ കുട്ടികൾ ഭയങ്കരമായിട്ട് ചിരിക്കുന്നത് കണ്ടു. ഓഡിറ്റോറിയത്തിന്റെ പുറത്തുനിന്ന് താനവതരിപ്പിക്കുന്ന മിമിക്രി മുഴുവൻ കേട്ടു. അങ്ങനെയാണ് എനിക്കൊരു ഇഷ്ടം തോന്നിയത്. ഇത് മനസിൽ വച്ചുകൊണ്ടാണ് അവരോട് പറഞ്ഞത്.
Raavanaprabhu | Mohanlal And Sidhique Fighting In Public Road
ഹാസ്യം വിട്ട് വില്ലനാവാൻ കാരണം ?
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നു മാത്രമേ ഉള്ളൂ. അത് വില്ലനാണോ അല്ലയോ, ചിരിപ്പിക്കേണ്ട കഥാപാത്രമാണോ ഇതൊക്കെ കഥാപാത്രത്തിന്റെ അവതരണത്തിൽ വന്നുചേരുന്നതാണ്. ആദ്യം ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം ഹ്യൂമറിന്റെ സ്വഭാവമുണ്ടായിരുന്നു. റാംജിറാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ആ സമയത്താണ് സിനിമയിലേക്ക് വരുന്നത്. അന്നൊക്കെ ഹ്യൂമറിന് പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു. സിനിമയിലെ സുഹൃത്തുക്കളായിരുന്നു, മുകേഷ്, ജഗദീഷ്, മണിയൻപിള്ളരാജു. 27 വയസുള്ളപ്പോഴായിരുന്നു സിനിമയിലേക്കുള്ള വരവ്. നായർസാബ് എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് ഇവരുമായി കൂട്ടായതും, തമാശകൾ പറയാനും സാധിച്ചത്. അസുരവംശം സിനിമയിലാണ് സീരിയസായിട്ടുള്ള കഥാപാത്രം കിട്ടിയത്. ലേലം സിനിമയിൽ ഇമോഷണൽ സീനുകൾ അഭിനയിച്ചു. വിജി തമ്പിയുടെ സത്യമേവ ജയതേ എന്ന സിനിമയിൽ വില്ലൻ ഇമേജിൽ അഭിനയിച്ചു. കണ്ണകിയിൽ വ്യത്യസ്ത വേഷത്തിലഭിനയിച്ചു.
രഞ്ജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് ?
വിറ്റ്നസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് രഞ്ജിത്തിനെ കാണുന്നതും പരിചയപ്പെടുന്നതും വിറ്റ്നസിന്റെ തിരക്കഥ കലൂർ ഡെന്നീസാണെങ്കിലും തമാശരംഗങ്ങൾ രഞ്ജിത്തും അലക്സ് കടവിലും ഞാനും കൂടിയാണ് ഉണ്ടാക്കിയത്. അതുകഴിഞ്ഞ് രഞ്ജിത്തിന്റെ കാലാൾപ്പട എന്ന സിനിമയിൽ ജയറാമിനോടൊപ്പവും, റഹ്മാനോടൊപ്പവും വളരെ പ്രാധാന്യമുള്ള വേഷം തന്ന് സിനിമയിലേക്ക് കൊണ്ടുവന്നു. തുടർന്ന് പെരുവണ്ണാപുരത്തെവിശേഷങ്ങൾ ഉൾപ്പടെയുള്ള സിനിമകളിൽ നല്ല വേഷങ്ങൾ തന്നിട്ടുണ്ട് രഞ്ജിത്ത്.
No 20 Madras Mail
ഭാര്യയുടെ മരണത്തിനുശേഷം സിനിമയിൽ കുറച്ചുകാലം വിട്ടുമാറിനിന്നപ്പോൾ, വീണ്ടും സിനിമയിലേക്ക് വന്നേ പറ്റൂ എന്ന് പറഞ്ഞ് ‘ നിർബന്ധിച്ചതും രഞ്ജിത് തന്നെ. രഞ്ജിത്തിനോടൊപ്പം ‘നന്ദനം’ എന്ന സിനിമ നിർമ്മിച്ചു. രഞ്ജിത്തുമായി ദൃഢമായ സുഹൃത്ബന്ധം കാത്തുസൂക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ പടത്തിൽ അഭിനയിച്ചില്ലെങ്കിൽ പോലും ആ സിനിമയോടൊപ്പം ഞാനും ഉണ്ടാകും. ‘ സ്പിരിറ്റ്’ സിനിമയുടെ കഥ പറയുന്നതും, കേൾക്കുന്നതും ഒന്നിച്ചിരുന്നാണ്. ആ സിനിമയിലെ ഒരു സീൻ കണ്ടപ്പോൾ അത് ഒഴിവാക്കിയാൽ നന്നായിരിക്കും എന്നു പറഞ്ഞപ്പോൾ ഒരു മടിയുംകൂടാതെ രഞ്ജിത് അത് കട്ടുചെയ്തു. കാസ്റ്റിങ്ങിനേക്കുറിച്ച് പറയുമ്പോഴും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സിനിമയിൽ ഉയർച്ചയുണ്ടാക്കി തന്നിട്ടുള്ള ഒരുപാട് കഥാപാത്രങ്ങൾ രഞ്ജിത്തിന്റേതാണ്. രാവണപ്രഭുവിൽ മോഹൻലാലിനോടൊപ്പം നിന്ന് സംസാരിക്കുകയും , അതുപോലെ ലാലിനെ നേരിടുകയും ചെയ്യുന്ന റോൾ തന്നതും രഞ്ജിത്താണ്. സിനിമയിൽ കരിയർഗ്രാഫ് വളർന്നതിൽ രഞ്ജിത്തിന് വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്.
അഭിനയത്തിൽ ആരാണ് ഗുരുക്കന്മാർ ?
തമ്പി കണ്ണന്താനത്തിന്റെ ‘ആ നേരം അൽപദൂര’ത്തിന് ശേഷം ന്യൂഡൽഹി, ഭൂമിയിലെ രാജാക്കന്മാർ എന്നീ സിനിമകളിൽ അഭിനയിച്ചപ്പോൾ ഞാൻ കരുതി അഭിനയം ഈസിയായ കാര്യമാണെന്നാണ്. പിന്നീട് അഭിനയിച്ച സീനുകൾ ഡബ്ബിങ് തിയറ്ററുകളിലെ സ്ക്രീനിൽ കാണ്ടപ്പോൾ അഭിനയിക്കാൻ അറിയില്ല എന്ന തോന്നലുണ്ടായി. ആ തോന്നലിൽ നിന്നും കറക്ട് ചെയ്യാനുള്ള ശ്രമമായി. ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുമ്പോൾ പോലും റിലാക്സ് ആയി അഭിനയിക്കാൻ പറ്റാതെയായി. അഭിനയിക്കുമ്പോൾ പറയുന്ന സംഭാഷണങ്ങൾ ഡബ്ബിംഗ് തിയറ്ററിൽ വച്ച് പറയുമ്പോൾ ഡബ്ബ് ചെയ്യാൻ പറ്റുന്നില്ല. ഒരുപാട് ഫാസ്റ്റായി പറഞ്ഞിരിക്കുന്നു ഇങ്ങനെയുള്ള കുഴപ്പങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങി. ‘പ്രാദേശിക വാർത്തകൾ’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആദ്യ സീനിൽ പെർഫോം ചെയ്തു കഴിഞ്ഞപ്പോഴാണ് മനസിലായത് ഉദ്ദേശിക്കുന്ന രീതിയിൽ അഭിനയം വന്നുതുടങ്ങി എന്ന്. ഒരു കെട്ടഴിഞ്ഞ അവസ്ഥയിലായി.
ക്യാമറ ഉണ്ടെന്നോ, സംവിധായകൻ ഉണ്ടെന്നോ, ജനങ്ങൾ നോക്കിനിൽക്കുന്നുണ്ടെന്നോ എന്നൊക്കെയുള്ളത് ബാധിക്കാതെയായി. അന്നു വൈകുന്നേരം കമൽ റൂമിൽ വിളിച്ചിട്ടു ‘ താൻ ഇങ്ങനെ പെർഫോം ചെയ്യുമെന്ന് വിചാരിച്ചില്ല.’ എന്നു പറഞ്ഞു. പിന്നെ പിന്നെയാണ് മനസിലായത് ഇതൊന്നുമല്ല അഭിനയം ഇതിനുമപ്പുറത്താണ് അഭിനയം എന്ന്. തിലകൻ ചേട്ടനാണ് ആദ്യം ചൂണ്ടിക്കാണിച്ചത്. ഒരു കഥാപാത്രമായി അഭിനയിക്കുമ്പോൾ ആ കഥാപാത്രത്തിന് ഒരു പാട് ചരിത്രമുണ്ടാകും അയാൾക്കെത്ര വയസായി, അയാളുടെ ജീവിത പശ്ചാത്തലം എന്താണ്... ഇതൊന്നും സിനിമ കാണുന്ന പ്രേക്ഷകർ ആലോചിക്കണമെന്നില്ല. നമ്മൾ ആ കഥാപാത്രത്തെക്കുറിച്ച് പഠിച്ചിട്ട് ആ കഥാപാത്രത്തിന് ഒരു രൂപം കൊടുക്കണം. നമുക്ക് കിട്ടുന്നത് ഒരു സ്കെൽട്ടൻ മാത്രമാണ്. അതിന് മജ്ജയും മാംസവും, രക്തവും വച്ചുപിടിപ്പിച്ച് അതിന് ജീവൻ കൊടുത്ത് പെർഫോം ചെയ്യിക്കേണ്ടത് നമ്മളാണ്. എന്തെങ്കിലും തെറ്റുവന്നാൽ സംവിധായകൻ ചൂണ്ടിക്കാണിച്ചിരിക്കും. ആ കഥാപാത്രത്തെ രൂപപ്പെടുത്തി എടുക്കേണ്ട ബാധ്യത നമുക്കുണ്ട്. ആദ്യത്തെ സ്പാർക്ക് തരുന്നത് തിലകൻ ചേട്ടനാണ്. പിന്നീട് ഓരോരുത്തരും ഓരോ കാര്യങ്ങൾ പറഞ്ഞുതരാൻ തുടങ്ങി. കൊടിയേറ്റം ഗോപിസാർ പറഞ്ഞത് അഭിനയിക്കുമ്പോൾ ഈ കഥാപാത്രം ഇങ്ങനെതന്നെയാണോ പെരുമാറേണ്ടത്, വേറെന്തെങ്കിലും രീതിയിലായിരിക്കുമോ എന്ന് ആരും പറഞ്ഞുതരാനില്ല. നമ്മൾ തന്നെ അതിനു തീരുമാനമുണ്ടാക്കി ആ കഥാപാത്രത്തെ മാറ്റിയും മറിച്ചും ആലോചിച്ചിട്ടുവേണം ഒരു കഥാപാത്രത്തെ പെർഫോം ചെയ്യാൻ. പിന്നീട് ആ കഥാപാത്രവുമായുള്ള പൊരുത്തം കാത്തു സൂക്ഷിക്കേണ്ടതാണ്. തമാശപറയുന്ന ആളല്ല ഗൗരവക്കാരനാണെങ്കിൽ തമാശസീനിൽ അഭിനയിക്കുമ്പോൾ പോലും ആ ഗൗരവം നമ്മുടെ മുഖത്തുനിന്ന് വിടാതെ വേണം തമാശ പറയാൻ. അല്ലെങ്കിൽ ഒരു പൊരുത്തവും ഉണ്ടാകില്ല. ഒരു സമയത്ത് സീരിയസായും പെട്ടെന്ന് കോമാളിയാകുന്നുവെന്ന് പറയുമ്പോൾ ആ കഥാപാത്രത്തിന്റെ സ്വാഭാവം വിട്ടുപോകും. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സീനിയറായ നടന്മാർ പറഞ്ഞ് പഠിപ്പിച്ചതാണ്.
Best Of Siddique Comedy
സിനിമയിൽ കാലം കഴിഞ്ഞു പോയി എന്ന് തോന്നിയിട്ടുണ്ടോ ?
ഭാര്യയുടെ മരണം കഴിഞ്ഞ് കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും കുട്ടികളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്ത സമയത്ത് മക്കളുടെ കൂടെ പോയി സിനിമകാണുകയും, സിനിമയെപ്പറ്റി അറിയാൻ ശ്രമിക്കുകയും അഭിനയിക്കാത്ത സിനിമയുടെ ചർച്ചയിൽ വിജിതമ്പിയും രഞ്ജിത്തും വിളിക്കുമ്പോൾ അവരുടെ ഒപ്പം ഉണ്ടാവുകയും ചെയ്തു. ആ സമയത്ത് സിനിമയിൽ എന്റെ കാലം കഴിഞ്ഞുപോയി എന്ന് തോന്നിയില്ല. ‘സിനിമയിൽ എന്റെ കാലം കഴിഞ്ഞുപോയന്ന് തോന്നണമെങ്കിൽ എന്റെ കാലം കഴിയണം’ സിനിമ തന്നെയാണ് പാഷനും, സ്വപ്നവും, എന്റർടൈയ്ന്റ്മെന്റും, ഹോബിയും, തൊഴിലുമെല്ലാം. സിനിമ വിട്ട് മറ്റൊരു കാര്യം ചിന്തിക്കാൻ സാധിക്കില്ല
സിദ്ധിഖ് എന്നു മുതലാണ് വിഗ് ഉപയോഗിച്ചു തുടങ്ങിയത് ?
വിഗ് ഉപയോഗിക്കാൻ തുടങ്ങിയത് ആദ്യം ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലാണ്. മദ്രാസിൽ പോയ സമയത്ത് വിഗ് മേക്കറെ കണ്ട് ചെറിയ പാച്ച് ചെയ്ത് കൊണ്ടുവന്ന് മേക്കപ്പ്മാനിന്റെ അടുത്ത് ചെന്ന് തലയിൽ പിൻചെയ്ത് വച്ചിട്ട് സിദ്ദിഖ് ലാലിന്റെ അടുത്ത് ചെന്നു. സിദ്ദിഖും ലാലും ‘നോ’ എന്നു പറയാൻ തയാറായിരിക്കുകയായിരുന്നു. കാരണം ആ സിനിമയിലെ ഒരു സംഭാഷണത്തിൽ മുകേഷ് പറയുന്നുണ്ട് ‘ ഇവന്റെ പെട്ടത്തലയിൽ ഉദിക്കുന്ന ബുദ്ധി കേട്ട് നമ്മൾ എടുത്തു ചാടണ്ട’ എന്ന്. എനിക്ക് ആ പെട്ടത്തലയുള്ളതുകൊണ്ടാണ് അങ്ങനെ എഴുതിവച്ചിരിക്കുന്നത്. അപ്പോൾ ഫാസിൽ അവിടേക്ക് വന്നപ്പോൾ പറഞ്ഞു: ‘ഇത് ഭംഗിയായിട്ടുണ്ടല്ലോ സിദ്ദിഖിന് നന്നായിട്ട് ചേരുന്നുണ്ടല്ലോ, നന്നായിരിക്കുന്നു’ എന്നു പറഞ്ഞു. അങ്ങനെയാണ് വിഗ് ഉപയോഗിക്കാൻ തുടങ്ങിയത്.
പിന്നീട് ഒരിക്കലും വിഗ്ഗിനുവേണ്ടി മേക്കപ്പ്മാനെ ആശ്രയിച്ചിട്ടില്ല. ഈ രൂപം വച്ച് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾക്ക് പരിധിയില്ലേ ? പ്രകടമായ മാറ്റങ്ങളുണ്ടാകാൻ ചമയക്കൂട്ടുകൾ ഒരു നടനെ സംബന്ധിച്ച് സഹായിക്കുമെന്ന് വിശ്വസിക്കുന്നു. ആളുകൾക്ക് മടുപ്പുവരാതെ പലപല രീതിയിൽ പ്രസ്ന്റ് ചെയ്യാൻ ശ്രമിക്കുന്നത്. എന്റെ ഉപ്പയെ ഞാൻ കാണുമ്പോൾ കഷണ്ടിയായിട്ടാണ്. കഷണ്ടിയൊരു കുറവായിട്ട് കാണുന്നില്ല. മധുസാറും മമ്മൂക്കയും കാണുമ്പോൾ പറയും വിഗ് വച്ച് ഭംഗിയായി നടന്നുകൂടേ, പ്രായം കുറഞ്ഞതായി തോന്നും എന്നൊക്കെ.പക്ഷേ ആ കുറവിനെ അംഗീകരിച്ചുകൊണ്ടുതന്നെ വളരെ സന്തോഷമായിട്ട് അതൊരു കുറവാണെന്ന തോന്നലില്ലാതെയാണ് പ്രേക്ഷകരുടെ മുന്നിൽവരുന്നത്.
മമ്മൂക്കയുമൊത്തുള്ള മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ?
അഭിനയം തുടങ്ങിയത് മമ്മൂക്കയോടൊപ്പമാണ്. മമ്മൂക്കയുടെ ആ നേരം അൽപദൂരമെന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് സിനിമയിലേക്ക് വരുന്നത്. ആ സിനിമയിൽ അഭിനയിക്കാൻ മദ്രാസിലെ ഒരു ഹോട്ടലിൽ നിൽക്കുമ്പോൾ മമ്മൂക്ക ഒരു ടൊയോട്ടകാറിൽ വന്നിറങ്ങിയത്. വന്നയുടനെ തമ്പികണ്ണന്താനത്തിനോട് ചോദിച്ചു ‘ഇവനാണോ സിദ്ദിഖ്’ എന്ന്. കാഴ്ചയിൽ തന്നെ ‘ ഇവൻ’ എന്നുപറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ടുപോകുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. ആദ്യം കണ്ടപ്പോൾ തന്നെ അദ്ദേഹം അക്സെപ്റ്റ് ചെയ്തു.
Kavadiyattam Malayalam Movie Comedy Scene Jagathy
ഇന്നും മമ്മൂക്കയെ എപ്പോൾ വേണമെങ്കിലും വിളിക്കാനും എന്തു കാര്യങ്ങൾ തുറന്നുപറയാനുമുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. മമ്മൂക്കയുടെ കൂടെ ഇരിക്കുന്ന സമയത്തും സിനിമയെപ്പറ്റിയുള്ള ചർച്ചയാകും കൂടുതലും. പ്രഗത്ഭരായ നടന്മാരെക്കുറിച്ചും, മമ്മൂക്ക ചെയ്ത മറ്റു കഥാപാത്രങ്ങളെക്കുറിച്ചും ഉള്ള ചർച്ചകളാവും ഉണ്ടാകുക. വടക്കൻവീരഗാഥ എന്ന സിനിമയിലെ കഥ ‘കാർണിവൽ’ സിനിമയുടെ സെറ്റിൽവച്ച് പറയുകയുണ്ടായി. ഇമോഷണൽ സീനിലെ കഥപറയുമ്പോൾ മമ്മൂക്കയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുമായിരുന്നു. പിന്നെ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചായിരിക്കും സംസാരിക്കുക രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിശ്വസിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും. അതിന്റെ തർക്കങ്ങളുണ്ടാകും. തർക്കങ്ങൾക്കിടയിലും പറയുന്നകാര്യങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കും. പറയുന്നകാര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ആളാണ് മമ്മൂക്ക. സീനിയറായിട്ടുള്ള മമ്മൂക്കയോടൊക്കെ സംസാരിക്കാൻ കഴിയുന്നത് സന്തോഷവും അഭിമാനവും തോന്നുന്ന കാര്യമാണ്.
ദുൽക്കറിനൊപ്പമുള്ള അഭിനയം ?
ദുൽഖർ സിനിമയിലേക്കു വരുന്നതിന് ടെൻഷൻ ഉൾക്കൊണ്ടിരുന്ന രണ്ടുപേരാണ് ഞങ്ങൾ. ഉസ്താദ് ഹോട്ടൽ എന്ന സിനിമയാണ് അടുത്തതായി ദുൽഖറിന്റേത്. അതിൽ ഞാനുമായി കെട്ടിപ്പിടിച്ച് കരയുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനിൽ നെഞ്ചോട് ചേർന്നുനിന്ന് കരയുമ്പോൾ ഇത്രയധികം ഇൻവോൾവഡായി അഭിനയിക്കാൻ ദുൽഖറിനു കഴിയുന്നുണ്ടല്ലോ എന്നു ചിന്തിച്ചു. ആ സീനെടുത്തുകഴിഞ്ഞപ്പോൾ ക്യാമറാമാൻ പറഞ്ഞു അതിൽ മിസ്റ്റേക്ക് ഉണ്ട് വീണ്ടും ആ സീൻ ഷൂട്ടുചെയ്യണം എന്നു പറഞ്ഞു. അപ്പോൾ പറഞ്ഞു. ‘ആ ഷോട്ട് ഒന്നുകൂടി ഞാൻ അഭിനയിക്കില്ല. ദുൽഖർ അഭിനയിക്കുമായിരിക്കും. പുതുതായി വരുന്ന ആളെ ടോർച്ചർ ചെയ്യരുത് . നല്ല ഇമോഷണലായി അഭിനയിച്ചതാണ്, ഒന്നുകൂടി റീപ്രൊഡ്യൂസ് ചെയ്യാൻ ദുൽഖറിന് പറ്റിയെന്ന് വരില്ല. ചെയ്യിക്കരുത്’ എന്നു പറഞ്ഞു. ആ ഷോട്ട് രണ്ടാമതെടുത്തില്ല.
രാത്രിയിൽ മമ്മൂക്ക വിളിച്ചിട്ടു പറഞ്ഞു നീ എന്തിനാണ് ക്യാമറാമാനുമായി വഴക്കുണ്ടാക്കിയത്? അപ്പൊൾ ഞാൻ പറഞ്ഞു. വഴക്കുണ്ടാക്കിയതല്ല മമ്മൂക്ക. നന്നായിട്ട് പെർഫോം ചെയ്തിട്ട് വീണ്ടും റീപ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ലെങ്കിലോ എന്ന ടെൻഷൻ കൊണ്ടാണ് പറഞ്ഞത്. അപ്പോൾ മമ്മൂക്ക പറഞ്ഞു. നമ്മുടെ മക്കളായതുകൊണ്ട് തോന്നിയതാണ്. അവർ ചെയ്യും അങ്ങനെയൊക്കെ ചെയ്തുപഠിക്കട്ടെ.
പത്തേമാരി എന്ന പടത്തിൽ മമ്മൂക്കയുടെ മകനായിട്ട് അഭിനയിച്ചത് എന്റെ മകനാണ്. പത്തേമാരിയിൽ അവൻ അഭിനയിക്കാൻ കാരണം മമ്മൂക്കയാണ്. ആ സിനിമയുടെ ഓഡിയോ റിലീസിൽ മകൻ സംസാരിച്ചത് എന്റെ വാപ്പച്ചിയും അഭിനയം തുടങ്ങിയത് മമ്മൂക്കയോടൊപ്പമാണ്. ഞാനും അഭിനയം തുടങ്ങിയത് മമ്മൂക്കയുടെകൂടെയാണ് അതൊരു നിമിത്തമായിട്ടു വന്നു. മമ്മൂക്കയുമായിട്ട് നല്ലൊരു ഹൃദയബന്ധമുണ്ട്. പലകാര്യങ്ങളിലും വളരെ അടുപ്പവും, സ്നേഹവും ബഹുമാനവുമൊക്കെ ഉള്ള ആളാണ്.
മോഹൻലാലിനെക്കുറിച്ച് സിദ്ധിഖിന് പറയാനുള്ളത് ?
‘ഭൂമിയിലെ രാജാക്കന്മാർ’ എന്ന സിനിമയിൽ ആണ് മോഹൻലാലിനോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചെറിയ റോളായിരുന്നു. ‘രാജാവിന്റെ മകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സൂപ്പർസ്റ്റാർ എന്ന പദവിയിൽ നിൽക്കുന്ന സമയത്താണ് തമ്പികണ്ണന്താനത്തിന്റെ ‘ഭൂമിയിലെ രാജാക്കന്മാരി’ൽ ഹീറോ ആയി വരുന്നത്. കുറച്ചു ദിവസങ്ങൾക്കു ശേഷം ലാൽ ലൊക്കേഷനിൽ വന്നപ്പോൾ തമ്പികണ്ണന്താനം എന്നെ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ മോഹൻലാൽ ഇങ്ങോട്ട് പറഞ്ഞു സിദ്ദിഖ് അല്ലേ. എനിക്കറിയാം. അടുത്തുവിളിച്ച് വിശേഷങ്ങളൊക്കെ ചോദിച്ചറിയുകയും ചെയ്തു. അന്ന് ലാലുമായുള്ള കോമ്പിനേഷൻ സീനുണ്ടായിരുന്നു. പുറകിൽ നിന്ന് അറ്റാക്ക് ചെയ്യുന്ന ഒരു സീനായിരുന്നു. ലാലിന്റെ ശരീരത്തിൽ കൈകൊള്ളുമെന്ന പേടിയുണ്ടായിരുന്നു. അതൊന്നും കുഴപ്പമില്ല എന്ന് ലാൽ പറഞ്ഞു. ലാലിനെക്കാൾ വലിയ നടനാണ് കൂടെ അഭിനയിക്കുന്ന ആൾ എന്ന രീതിയിലാണ് ട്രീറ്റ് ചെയ്യുന്നത്. ലാലിനെ അതിഥിയായി വിളിച്ചാലും, ഒന്നിച്ചിരുന്ന് സംസാരിച്ചാലും, ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ ലാലിനേക്കാൾ വലിയൊരാളോട് സംസാരിക്കുന്നതുപോലെയാണ് പെരുമാറുന്നത്. എപ്പോഴും ‘അണ്ണാ’ എന്നേ വിളിക്കൂ മോഹൻലാൽ.
മമ്മൂക്കയും ലാലും തമ്മിലുള്ള വ്യത്യാസം തോന്നിയിട്ടുള്ളത് മമ്മൂക്ക ദേഷ്യം വരുമ്പോൾ ‘സിദ്ദിഖ്’ എന്നു വിളിക്കുന്നത്. ലാൽ ‘സിദ്ദീ..ഖ്’ എന്നു വിളിക്കുന്നത് വളരെ സ്നേഹത്തോടുകൂടിയാണ്. മോഹൻലാൽ എന്തു കാര്യവും വളരെ സില്ലിയായിട്ടാണ് എടുക്കുന്നത്. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്നുള്ള മനോഭാവമാണ്. ദേഷ്യപ്പെടുകയോ, ഓവറായി സന്തോഷിക്കുകയോ ഇല്ല. അഭിനയിച്ച ഒരു പടം സൂപ്പർഹിറ്റാകുമ്പോൾ ലാലിനൊട്ടും എക്സൈറ്റ്മെന്റ് തോന്നുകയില്ല. കാരണം ലാൽ പറയും ആദ്യമായിട്ടല്ലല്ലോ സൂപ്പർഹിറ്റാകുന്നത് ഇതിനു മുമ്പും ആയിട്ടില്ലേ ഇനിയും സൂപ്പർഹിറ്റാകണ്ടേ. നമ്മുടെ മിടുക്കൊന്നുമല്ലല്ലോ എത്രയോ പേർ ശ്രമിച്ചിട്ടാണ് ഒരു പടം സൂപ്പർഹിറ്റാകുന്നത്. പടം ഒട്ടും വിജയിച്ചില്ലെങ്കിൽ പോലും ലാൽ ഒരു പരിധിവിട്ട് വിഷമിക്കാറുമില്ല. ആ സിനിമയുടെ വിധി അതാണ്. അങ്ങനെ എന്തുകാര്യവും വേറൊരു തലത്തിൽ കാണുവാൻ കഴിവുള്ള ആളും, മെച്യൂരിറ്റി കാത്തുസൂക്ഷിക്കുന്ന ആളുമാണ് ലാൽ.
സിദ്ധിഖ് ജീവിതത്തിൽ വെറുക്കുന്നത് എന്താണ് ?
ഒരുപാട് ആളുകൾ ‘ഞാൻ, ഞാൻ’ എന്ന് സെൽഫ്മാർക്കറ്റിങ് ചെയ്യുന്നു. ആത്മപ്രശംസ വല്ലാതെ മുഷിപ്പിക്കുന്നു. ‘അദ്ദേഹത്തെ സിനിമയിൽ കൊണ്ടുവന്നത് ഞാനാണ്’ എന്നു പറയുന്നതിന് പകരം കൊണ്ടുവന്ന ആള് പറയുകയാണെങ്കിൽ അതു കേൾക്കാൻ രസമുണ്ട്. പൃഥ്വിരാജ് നന്ദനം എന്ന സിനിമയിലൂടെയാണ് സിനിമയിൽ വന്നത്. പൃഥ്വിരാജിനെ സിനിമയിൽ കൊണ്ടുവന്നത് ഞാനാണ് എന്ന് പറയാത്ത ഒരാൾ മാത്രമേയുള്ളൂ സംവിധായകൻ രഞ്ജിത്. ഒരുപാട്പേർ ‘ഞാൻ’ അവകാശപ്പെടുമ്പോൾ തമാശയായി തോന്നാറുണ്ട്. ആത്മപ്രശംസ ആളുകൾ നടത്തുന്നതുകാണുമ്പോൾ വിമർശിക്കാറുണ്ട്. അതല്ല അതിന്റെ നല്ല രീതി അത് മറ്റൊരാൾ പറഞ്ഞുകേൾക്കുമ്പോഴാണ് സന്തോഷം.
നിങ്ങൾ എന്റെ അടുത്തുവന്നു സിനിമ കണ്ടു സിനിമയിൽ സിദ്ദിഖ് നന്നായിരുന്നു എന്നു പറയുമ്പോൾ താങ്ക് യൂ വളരെ സന്തോഷം എന്നു പറയും. അല്ലാതെ ‘എങ്ങനെയുണ്ട് എന്റെ അഭിനയം, ഇവിടെ വേറാരെങ്കിലും ഇങ്ങനെ പെർഫോം ചെയ്യുമോ’ എന്നു ഞാൻ ചോദിച്ചാൽ ഞാൻ മോശക്കാരനാകും. അഭിനന്ദിച്ച ആൾക്ക് പോലും അഭിനന്ദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും. അങ്ങനത്തെ ആളുകളുടെ പ്രസ്താവനകൾ കാണുമ്പോൾ എതിർപ്പ് രേഖപ്പെടുത്താറുണ്ട്.
Kalabhavan Mani,Siddique,Tiny Tom comedy
നന്ദനം നിർമിക്കാനുണ്ടായ സാഹചര്യം ?
‘രാവണപ്രഭു’ എന്ന സിനിമയുടെ വമ്പൻ വിജയത്തിനുശേഷം മോഹൻലാലിനെവച്ച് ആന്റിഹീറോ പ്രസന്റ് ചെയ്യുന്ന സിനിമ ചെയ്യണമെന്ന് പറഞ്ഞ് അന്നത്തെ പ്രശസ്തരായ നിർമാതാക്കൾ രഞ്ജിത്തിനെ സമീപിച്ചിരുന്നു. അവർക്കുവേണ്ടിയുള്ള കഥ രൂപപ്പെടുത്തുന്ന തിരക്കിലായിരുന്നു രഞ്ജിത്ത്. വീണ്ടും രഞ്ജിത്തുമായി കണ്ടുമുട്ടിയപ്പോൾ ഒരു കഥയുണ്ട് കേട്ടുനോക്കൂ എന്നു പറഞ്ഞു. കഥ പറഞ്ഞു. അപ്പോൾ രഞ്ജിത്ത് പറഞ്ഞു കഥ നല്ലതാണോ ചീത്തയാണോ എന്നറിയാൻ സിദ്ദിഖിന്റെ മുഖം നോക്കിയാൽ മതി. ഒരു പ്രൊഡ്യൂസറുമായി ഈ കഥ സംസാരിച്ചു. പ്രൊഡ്യൂസർക്ക് ഇഷ്ടപ്പെട്ടില്ല. ആരും ഇല്ലെങ്കിൽ നമുക്കു തന്നെ പ്രൊഡ്യൂസ് ചെയ്യാം എന്നു പറഞ്ഞു അങ്ങനെ ആ സിനിമയുടെ നിർമാതാക്കളായി.
കഥാപാത്രങ്ങളെ തിരഞ്ഞപ്പോൾ മല്ലികചേച്ചിയെ വിളിച്ചു മോനോട് രഞ്ജിത്തിനെ കാണാൻ പറഞ്ഞു. പൃഥ്വിരാജ് പോയി രഞ്ജിത്തിനെ കാണുന്നു. ബെല്ലടികേട്ട് രഞ്ജിത് വാതിൽ തുറന്നപ്പോൾ പറഞ്ഞത്. ‘ചേട്ടാ ഞാൻ മല്ലിക സുകുമാരന്റെ മകനാണ്’ ആ പറച്ചിലിൽ തന്നെ പൃഥ്വിയാണ് നായകനെന്ന് തീരുമാനിക്കുകയായിരുന്നു. രഞ്ജിത്ത് പറഞ്ഞു ഓകെയാണ് നൂറു മാർക്കാണ്. ഒരു തടസങ്ങളുമില്ലാതെ ആ സിനിമ പൂർത്തീകരിക്കാൻ സാധിച്ചു. എന്നാൽ റിലീസിങ്ങിനുമാത്രം 8-9 മാസത്തെ കാലതാമസം വന്നു. ആ സിനിമയിലെ ഒരു നിർമാണ പങ്കാളിയായി എന്നതിലും ഉപരി, ഒരു സിനിമയാക്കാൻ ശ്രമിച്ചു എന്നു മാത്രം..
സിനിമയിലെ പുതുതലമുറയെക്കുറിച്ച് ?
പുതിയ തലമുറയിലെ കുട്ടികളുടെ അഭിനയം കാണുമ്പോൾ പേടിയാണ് തോന്നുന്നത്. ആളുകൾ എന്നെ കളിയാക്കുമോ എന്ന്. ഇങ്ങനെയൊന്നുമല്ല അഭിനയിക്കേണ്ടത് ഇപ്പോഴത്തെ പിള്ളേർ അഭിനയിക്കുന്നതുപോലെ അഭിനയിക്കണം എന്നു പറയുമോ എന്ന്. അവർ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമ ചെയ്യാൻ ശ്രമിക്കുന്നു. വളരെ പ്രശംസിക്കപ്പെടേണ്ട കാര്യമാണ്. ഞാൻ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്. മമ്മൂക്കയുടെ കൂടെയോ, സുകുവേട്ടന്റെ കൂടെയോ അഭിനയിച്ചതുപോലെയല്ല ദുൽഖറിന്റെ കൂടെയും പൃഥ്വിരാജിന്റെകൂടെയും അഭിനയിക്കേണ്ടത്. തലമുറകൾ മാറിവരുംതോറും അവരുടെ കൂടെയെല്ലാം പലരീതിയിലുള്ള വേഷങ്ങൾ ചെയ്യുമ്പോൾ അവരിൽ നിന്നെല്ലാം ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് .
വില്ലത്തരമാണോ ഹാസ്യമാണോ സിദ്ധിഖിനിഷ്ടം ?
നടനെ സംബന്ധിച്ചിടത്തോളും വില്ലനാക്കുന്നതും, സ്വഭാവനടനായിക്കാണുന്നതും, നായകനാകുന്നതും, ഹാസ്യതാരമാകുന്നതുമൊക്കെ പ്രേക്ഷകനാണ്. നടനെപ്പോഴും പെർഫോം ചെയ്യുന്നത് മാത്രമേയുള്ളൂ. ഹ്യൂമർ ചെയ്യുന്ന ആക്ടർക്ക് ഹ്യൂമർ മടുത്തു എന്ന് ഒരിക്കലും തോന്നില്ല. പുതിയ ഹ്യൂമർ എന്തു ചെയ്യാം എന്നാണ് ആലോചിക്കുന്നത്. നടനെന്ന നിലയിൽ ആലോചിക്കുന്നത്, ഇതുവരെ ചെയ്തിട്ടില്ലാത്ത ക്യാരക്ടർ എന്താണ് അടുത്തത് ചെയ്യാൻ പറ്റുക. വില്ലനാണോ , സ്വഭാവനടനാണോ, ഹാസ്യനടനാണോ അതൊക്കെ പ്രേക്ഷകർ തീരുമാനിക്കുന്നതാണ്. നടനെ സംബന്ധിച്ചിടത്തോളം നടൻ മാത്രം. പ്രേക്ഷകർ എല്ലാ പടത്തിലും ഒരുപോലത്തെ ക്യാരക്ടർ ആണല്ലോ എന്നു പറയുന്നതാണ് മൈനസായി ഞാൻ കാണുന്നത്. ഒരു സിനിമയിൽ പല കഥാപാത്രങ്ങളുണ്ട്. കിട്ടുന്ന കഥാപാത്രം എങ്ങനെ വ്യത്യസ്തമാക്കാം എന്നുമാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു റോളും മടുപ്പ് ഉളവാക്കുന്നതല്ല. പല പല റോളുകൾ ചെയ്യാനാണ് എല്ലാ നടന്മാരും ആഗ്രഹിക്കുന്നത്.ഒരിക്കലും ഒരു നടനും ഒരു റോളും മടുക്കുകയില്ല.